ആശുപത്രിയിലെ നീണ്ട ഇടനാഴിയിലൂടെ ഞാൻ നടന്നത് മുന്നോട്ടാണെങ്കിലും മനസ്സ് എട്ടുവർഷം പിന്നോട്ടായിരുന്നു.അച്ഛൻെറ മരണം കണ്ട് തളർന്ന ഒരു മകളുടെ നിലവിളിയും മകൻെറ സങ്കടവും പഴയതു പലതും ഓർമ്മിപ്പിക്കുന്ന കാഴ്ചകളായി എനിക്ക്....എൻൊപ്പം നടന്ന് ആശുപത്രിയിൽ കയറിയ അച്ഛൻെറ ജീവനറ്റ ശരീരം മുന്നിലുടെ കടന്നു പോയപ്പോ കുറച്ചു നിമിഷത്തേക്ക് എൻെറ ലോകം തന്നെ നിലച്ചുപോയി..കുറച്ചു രൂപയും നാണയത്തുട്ടുകളും ചെരുപ്പും എന്നെ ഏല്പിച്ച് അകത്തേയ്ക്ക് കയറിയ അച്ഛൻ..ഇനിയില്ലെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാതിരുന്നൊരു മകൾ...
എൻെറ കണ്ണനെ അഡ്മിറ്റു ചെയ്തിരുന്ന ഹോസ്പിറ്റലിലെ ചിൽഡ്രൻസ് വാർഡിനു തൊട്ടു മുന്നിലുള്ള കാർഡിയാക് എെസിയുവിനു മുന്നിലൂടെ ഓരോ തവണയും നടന്നു പോകുമ്പോൾ ഞാനോർക്കാറുണ്ട്..അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് അച്ഛൻെറ ആയുസ്സിനുവേണ്ടി ഞാൻ പ്രാർത്ഥിച്ച സമയത്തെകുറിച്ച്....എൻെറ സൗഭാഗ്യം കൈപ്പിടിയിലൂടെ ചോർന്നുപോയ ആ ദിവസത്തെ കുറിച്ച്...ചില ഓർമ്മകൾ അങ്ങനെയാണല്ലോ....ഹൃദയത്തിൽ ഒരിയ്ക്കലും ഉണങ്ങാത്ത മുറിവു സമ്മാനിച്ച്,രക്തം കിനിയുന്ന നോവായി...നമ്മുടെ മരണം വരെ നമ്മളെ നീറ്റിക്കൊണ്ടിരിക്കും....ആ നീറ്റലിൽ വർഷങ്ങൾ കഴിഞ്ഞാലും ഉരുകാൻ വിധിയ്ക്കപ്പെട്ട് ജീവിക്കും...
അച്ഛൻെറ മരണം നടന്ന് എട്ടൊൻപത് മാസം കഴിഞ്ഞ സമയത്ത് ഒരിയ്ക്കൽ അനുജനും കുടുംബവും പിന്നെ ഇളയ അനുജനുമൊപ്പം ഞങ്ങൾ വേളിയിൽ പോയി.അനുജൻമാരും നാത്തൂനും തീരത്തെ മണലിലിരുന്നു സംസാരിയ്ക്കവേ..കുട്ടികൾ നാലു പേരെയും (അനുജൻെറ മകനും മകളും എൻെറ രണ്ട് ആൺമക്കളും) കൂട്ടി ഞാനും ഏട്ടനും വെള്ളത്തിനടുത്തേക്കു പോയി...ആറുമാസക്കാരി ഭദ്രയെയുമെടുത്ത് മൂത്തമകൻ കണ്ണൻെറ കൈയ്യിലും പിടിച്ചാണ് ഞാൻ നിന്നത്.ഞങ്ങളുടെ രണ്ടാമത്തെ മകനെയുമെടുത്ത് ഒരു കൈയ്യിൽ അനുജൻെറ മകനെയും പിടിച്ചാണ് ഏട്ടൻെറ നിൽപ്പ്...അധികം ദൂരത്തല്ലാതിരുന്നതിനാൽ വല്യ കുഴപ്പമൊന്നുമുണ്ടാകുമെന്നു കരുതിയില്ല...അപ്രതീക്ഷിതമായി വന്നൊരു വലിയ തിരയിൽപെട്ട് കണ്ണൻെറ ബാലൻസുതെറ്റി വെള്ളത്തിൽ വീണു...അവനെ പിടിക്കാനാഞ്ഞ ഞാനും കുഞ്ഞും...മൂന്നുപേരും വെള്ളത്തിനടിയിൽ...എൻെറ രണ്ടു കൈയ്യിലും കുട്ടികളുടെ പിടിത്തമുണ്ട്...തിരമാലയുടെ തിരികെയുള്ള ഒഴുക്കിൽ വെള്ളത്തിനടിയിൽ കിടന്ന് ഒന്നു തിരിഞ്ഞുപോയപ്പോൾ കണ്ണൻെറ ഉടുപ്പിലെ പിടിവിട്ടുപോയി...
കടൽ എന്നുമൊരു ഹരമായിരുന്നെങ്കിലും അന്നാദ്യമായ് ഭയന്നു....എൻെറ കുട്ടികൾ...ആ അവസ്ഥയിലും കൈയിട്ട് വെള്ളത്തിൽ പരതിയപ്പോൾ കണ്ണൻെറ ടീഷർട്ടിൻറ അറ്റത്തുള്ള തൊപ്പിയിൽ പിടുത്തം കിട്ടി.ഏട്ടനും കുട്ടികളെ വിട്ട് തിരയിൽ നിന്നും അനങ്ങാൻ പറ്റാത്ത അവസ്ഥ....കുറച്ചു നിമിഷത്തേക്കെങ്കിലും ഞാൻ മരണത്തെ അറിഞ്ഞു..
ഇതിൽ ഏതു കുഞ്ഞെൻെറ കൈവിട്ടു പോയിരുന്നെങ്കിലും ഞാനെന്ന അമ്മയുടെ മരണം അന്നവിടെ നടക്കുമായിരുന്നു...
പെട്ടെന്ന് ഇതുകണ്ട് ഓടിയെത്തിയ ഒരു ചേച്ചിയ്ക്ക് (ചേച്ചിയോ അനുജത്തിയോ എന്നറിയില്ല) എൻെറ മുടിയിൽ പിടിത്തം കിട്ടി....അവർ ഞങ്ങളെ വലിച്ച് കരയിലിട്ടപ്പോഴേക്കും ബാക്കിയുള്ളവർ ഓടിയെത്തി....അപ്പോഴും എൻെറ ഇടംകൈയ്യിൽ നെഞ്ചോടു പറ്റിച്ചേർന്നിരിപ്പുണ്ട് ഭദ്രക്കുട്ടി....വലതുകൈയ്യിൽ കണ്ണൻെറ ഉടുപ്പിലെ പിടിയുണ്ട്.... ഏട്ടനും അനിയൻമാരും അവരോടു നന്ദി പറഞ്ഞെങ്കിലും നടക്കുന്നത് സത്യമോ മിഥ്യയോ എന്നറിയാത്ത അവസ്ഥയിലായിരുന്നതിനാൽ..ഒരു നന്ദി പോലും അവരോടു പറയാൻ കഴിഞ്ഞിരുന്നില്ല..
പേടിയ്ക്കണ്ടെന്നു പറഞ്ഞ് ഏട്ടൻ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും,ഓർമ്മയിൽ വെള്ളംമാത്രമായിരുന്നു....പ്രാണൻപറിഞ്ഞുപോയൊരു നിലവിളി അപ്പോഴും തൊണ്ടയിൽ കുരുങ്ങി കിടന്നു.
ആരെന്നറിയില്ലെങ്കിലും ആപത്തു സമയത്ത് ഓടിയെത്തിയ ആ നല്ല സഹോദരിയോട് പറയാതെപോയ നന്ദി ഇന്നും ബാക്കി നിൽക്കുന്നു....ഒരു ജന്മത്തിലും വീട്ടാനാകാത്ത ഇങ്ങനെ ചില കടപ്പാടുകളുമുണ്ട്......ഇപ്പോഴും എൻെറ പ്രാർത്ഥനകളിൽ മുഖംപോലും എനിയ്ക്കോർമ്മയില്ലാത്ത അവർക്കും കുടുംബത്തിനും സ്ഥാനമുണ്ട്..അന്നവർക്ക് മുടിയിലെങ്കിലും പിടിയ്ക്കുവാൻ സാധിച്ചിരുന്നില്ലെങ്കിൽ ഇന്ന് എൻെറാപ്പം പൂമ്പാറ്റയെപ്പോലെ നടക്കുന്ന ഭദ്രക്കുട്ടിയും എല്ലാവരേയും ഒരുപാടു സ്നേഹിക്കുന്ന കണ്ണനും പിന്നെയീ ഞാനും ഉണ്ടാകുമായിരുന്നോയെന്നു തന്നെ സംശയമാണ്.
അന്ന്...ഒരിയ്ക്കൽ കൈവിട്ടുപോയ കണ്ണൻെറ ഉടുപ്പിൽ രണ്ടാമതു പിടിയ്ക്കാൻ കഴിഞ്ഞതും ആറു മാസമായ കുഞ്ഞിനു മൂക്കിൽ വെള്ളമൊന്നും കയറി മറ്റാപത്തൊന്നും വരാതിരുന്നതും,ഇന്നും ഞങ്ങൾക്കൊപ്പമുണ്ടെന്നു ഞാൻ വിശ്വാസിക്കുന്ന എൻറച്ഛൻെറ ആത്മാവു ഒപ്പമുണ്ടായതുകൊണ്ടാവാം...കൈവിട്ടുപോയെന്നു തോന്നിയ നിമിഷം വീണ്ടും കൈപ്പിടിയിൽ കിട്ടിയത്.....ഇന്നും മാലചാർത്താതെ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോയ്ക്കുമുന്നിൽ നിന്നും ഞാൻ പ്രാർത്ഥിക്കാറുണ്ട് ഒപ്പമുണ്ടാകണേന്ന്...ആപത്തുകൾ നേരിടാനുള്ള ശക്തി നൽകണേന്ന്.....(ഒരുപാടു സ്നേഹവും ധൈര്യവും പകർന്നു നൽകി അമ്മയും ഏട്ടനും ഒപ്പമുണ്ടെങ്കിലും) അച്ഛനാണെൻെറ ഏറ്റവും വലിയ ശക്തി അന്നും ഇന്നും എപ്പോഴും..
ആകാശത്തിലെ വെൺമേഘക്കൂട്ടങ്ങൾക്കിടയിൽ പുഞ്ചിരിക്കുന്ന ശാന്തമായൊരു മുഖമുണ്ടാവും എന്നെങ്കിലും മകളെത്തുന്നതും കാത്ത് നൽകാൻ ബാക്കിയുണ്ടായിരുന്ന സ്നേഹവുമായി....അനുഭവിച്ചു തീരാത്ത ആ സ്നേഹത്തിനായി ഒരിയ്ക്കലവിടെത്തുന്നതിനെകുറിച്ചോർക്കാറുണ്ട് ഈ മകളും.......
സരിത സുനിൽ.

Ente achanum ithu pole ayirunnengil....
ReplyDelete