
''ഭൂമികന്യയെ വേള്‍ക്കാന്‍ വന്ന മോഹമേ ......'' (ഒ.എന്‍ വി. ,വളപ്പൊട്ടുകള്‍)
പത്നിയുടെ സ്ഥാനത്ത് കാഞ്ചനസീതയെ കൂട്ടിയിരുത്തി രാജാക്കന്മാര്‍ക്കു വിധിച്ച അശ്വമേധയാഗം യജിച്ചുകൊണ്ടിരിക്കേ രാമന്റെ മനസ്സും ഒരു യാഗാശ്വത്തെ പോലെ പായുകയിയിരുന്നു. പുറകോട്ട്, പുറകോട്ട്. ഭൂമികന്യയെ വേള്‍ക്കാന്‍ മോഹിച്ച് ഭൂമിയില്‍ പിറന്ന തന്റെ പ്രണയത്തിന്റെ പ്രയാണകഥകളിലേയ്ക്ക്. യജ്ഞശാലയില്‍ വേദമന്ത്രംകൊണ്ട് നിശ്ശബ്ദമാക്കപ്പെട്ട തന്റെ കാമനകളിലേയ്ക്ക്.ഏകാകിയുടെ മൗഢ്യത്തിലേയ്ക്ക്.
ഉപദേശങ്ങള്‍ക്കു കാതുകൂര്‍പ്പിക്കുന്ന ലക്ഷ്മണനെവിടെ ? നിത്യസേവകനായ ചിരഞ്ജീവി ഹനുമാനെവിടെ ?
ദുഃഖം പങ്കു വെയ്ക്കുവാന്‍ അരികിലാരുമില്ലാത്ത രാജാവെന്ന തന്റെ പരിവേഷത്തോട് രാമന് പുച്ഛം തോന്നി. ഒരിക്കലും ഒന്നിനോടും തോല്‍ക്കാത്ത തന്റെ വെെഷ്ണവവംശപ്രതാപം ഭൂമിയിലെ ഒരു പെണ്ണിന്റെ മുന്‍പില്‍ തോറ്റുപോയി. അപ്രാപ്യരെന്ന് അഹങ്കരിക്കുന്ന അപ്സരസ്സുകളും ദേവകന്യകമാരും പോലും കാമിക്കുന്ന തന്റെ വിഷ്ണുശക്തിക്ക് ഭൂമിയുടെ കന്യകയെ വീണ്ണിലേയ്ക്ക് കെെപിടിച്ച് കൊണ്ടു പോവാനായില്ല.. തന്നില്‍ നിന്ന് പിടഞ്ഞോടിയ അവള്‍ ഭൂമിയുടെ കെെകളില്‍ അഭയം തേടി. ഭൂമീദേവി ,അവളുടെ അമ്മ, അവളെ മടിത്തട്ടില്‍ ഒളിപ്പിക്കുന്നത് തനിക്ക് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നു.
ദേവനെ പോലും മായാവലയത്തില്‍ കുടുക്കി വലയ്ക്കുന്നു മനുഷ്യസ്ത്രീ. കയ്യിലെത്തിയെന്നു കരുതുമ്പോള്‍ അവള്‍ വഴുതിപ്പോവുന്നു. പിന്നെയും കോതിപ്പിക്കാന്‍ അടുത്തെത്തുന്നു, പിന്നെയും അകലുന്നു. ഭൂലോകത്ത് പ്രണയം ഒരു നോവാണ്. എത്തിപ്പിടിക്കാന്‍ വേട്ടയാടുമ്പോള്‍ പിടഞ്ഞോടുന്ന കാഞ്ചനമൃഗം. നിരാശയുടെ പാരമ്യത്തില്‍ ചെയ്യുന്നതെന്തെന്നറിയാതെ ഒരു വേട്ടമൃഗത്തെ പോലെ പ്രണയാകുലര്‍ തേടിയയതിനെ എയ്തുവീഴ്ത്തുന്നു.പിന്നെ പശ്ചാത്തപിക്കുന്നു.
ദേവനാണെങ്കിലും ഭൂമിയില്‍ പിറന്നതോടെ താനും പ്രണയിനിയെതേടുന്ന ഒരു പാവം മനുഷ്യനായി പരിണമിക്കുകയായിരുന്നു. നശ്വരനായ മനുഷ്യന്‍ ; നശ്വരമായ പ്രണയം.അതാണ് ഭൂമിയിലെ ന്യായം.ദേവനു പോലും അതിനെ അതിജീവിക്കാനാവില്ല.
എല്ലാം വളരെ നിസ്സാരമായിട്ടാണ് ആദ്യം തോന്നിയത്. മഹാദേവന്റെ ചാപമെടുത്തു കുലയ്ക്കുക,ഒടിയുന്ന വില്ലിന്റെ ഇടിവെട്ടു പോലുള്ള ശബ്ദംകൊണ്ട് ഭൂമിവാണ രാജാക്കന്മാരെ ഞെട്ടിച്ച് കന്യകയെ അയോദ്ധ്യയിലേയ്ക്ക് കൊണ്ടു പോവുക, തടയാന്‍ വരുന്ന പരശുവേന്തിയ ഭൂമിയുടെ പുത്രനെ നിഷ്പ്രഭനാക്കുക,...ദേവോചിതമായ ശക്തിപ്രഭാവം കൊണ്ട് അതെല്ലാം അനായാസം ചെയ്തുതീര്‍ത്തപ്പോള്‍ എന്തൊരഭിമാനമായിരുന്നു! ഏവരും കാമിക്കുന്ന ഭൂമികന്യയെ താന്‍ വേട്ടിരിക്കുന്നു. ഇനി അവള്‍ തന്റെ, തന്റെ മാത്രം.
പക്ഷേ, അച്ഛന്‍ മൃഗയാവേളയില്‍ തലകുനിച്ചേറ്റ ശാപം മധുവിധു നാളുകളെ ഇരുട്ടിലാക്കി. അതാണ് ഭൂമിയിലെ ന്യായം. അച്ഛന്റെ സമ്പത്തും രാജ്യവും മാത്രമല്ല അദ്ദേഹത്തിന്റെ ഋണബാദ്ധ്യതയും പുത്രന്‍ ഏറ്റെടുക്കണം. ഭൂമിയിലെ കന്യകയെ വേള്‍ക്കുന്നവര്‍ ഭൂമിയുടെ മക്കളായി അച്ഛനമ്മമാരുടെ ആഗ്രഹത്തിനു വഴങ്ങി ജീവിക്കണം . അവര്‍ക്കുവേണ്ടി കാമിനിയെപോലും ഉപേക്ഷിക്കണം.
കാട്ടിലേയ്ക്കു പുറപ്പെട്ട തന്റെകൂടെ അവളും പുറപ്പെട്ടത് ഒരാശ്വാസമായി. പട്ടുമെത്തയും രാജകീയ സുഖങ്ങളുമില്ലെങ്കിലും അവള്‍ കൂടെയുണ്ടല്ലോ . ഭൂമിയിലെ ഗൃഹസ്ഥന്മാരെല്ലാവരും അങ്ങനെയാണ് ജീവിക്കുന്നത്. കല്ലും മുള്ളും നിറഞ്ഞ പാതകള്‍,ചുറ്റും ചോരക്കണ്ണുകളുള്ള ഹിംസ്രജന്തുക്കള്‍, മിന്നാമിനുങ്ങുമാത്രം വെളിച്ചം മിന്നിക്കുന്ന ഘോരാന്ധകാരം , കാട്ടുകായ്ക്കളും കാട്ടുതേനും ഭക്ഷണം. ഒന്നും വകവെയ്ക്കാതെ അന്യോന്യം താങ്ങായി തണലായി ഇണങ്ങിയും പിണങ്ങിയും പിരിയാതെ അവര്‍ ജീവിക്കുന്നു. ഭൂമിപുത്രിയെ വേട്ട തനിക്കും ആ മാര്‍ഗ്ഗം തന്നെയാണ് വിധിച്ചിരുന്നത്. അവരോടൊപ്പം ,കാട്ടുപഴങ്ങളും കാട്ടുതേനും കാട്ടുപൂക്കള്‍കൊണ്ടു തീര്‍ത്ത മെത്തയുംകോണ്ട് മധുവിധു താനും ആഘോഷമാക്കി.
മനുഷ്യ പ്രകൃതം മനസ്സിലാക്കുന്നതിലുള്ള വീഴ്ച അവിടെയും തന്നെ പിന്‍തുടര്‍ന്നു.ഒരുവന് ഒരുവള്‍ സ്വന്തം , ഒരുത്തിക്കൊരുവന്‍ സ്വന്തം എന്ന ഭൂമിയിലെ ആചാരവിശേഷത്തിന്റെ കെണിയില്‍ താനും വീണുപോയി. സ്വകാര്യസ്വത്തു തട്ടിയെടുക്കാന്‍ തക്കം പാര്‍ത്തു നടക്കുന്നവരുടെ കണ്ണുകള്‍ കാട്ടില്‍ തന്റെ മധുവിധുവിന് വിഘാതമായി.
രാജകുമാരിയായ ശൂര്‍പ്പണഖയ്ക്ക് രാമനെ വേണം, രാവണചക്രവര്‍ത്തിക്ക് സീതയെ വേണം. ഭൂമിയിലെ കന്യകമാര്‍ അങ്ങനെ എല്ലാവരേയും മായയില്‍ ഭ്രമിപ്പിച്ചു.
കാഞ്ചനമയമായ മായാമാനില്‍ ഭ്രമിച്ച അവളുടെ മോഹം സാധിപ്പിക്കാന്‍ ദൂരേയ്ക്ക് ദൂരേയ്ക്ക് വേട്ടയാടി അകലവെ , ദെെവസിദ്ധമായ തന്റെ ദിവ്യദൃഷ്ടി വരാന്‍ പോകുന്ന വിപത്തു കാണുന്നതില്‍ പരാജയപ്പെട്ടു.മായാമോഹം തന്നെയും ഒരു മനുഷ്യനാക്കി മാറ്റിക്കഴിഞ്ഞിരുന്നു.
ഒരു മായ പോലെ മാന്‍പേടയും തന്റെ മാനിനിയും മറഞ്ഞുപോയി.
ഒരു മായ പോലെ മാന്‍പേടയും തന്റെ മാനിനിയും മറഞ്ഞുപോയി.
തന്റെ വനരോദനം കേട്ട പക്ഷികളും വാനരന്മാരും അവരുടെ വനവിജ്ഞാനത്തിലൂടെ സമുദ്രത്തിന്റെ ദിശയിലേക്കു പറന്നും ചാടിയും സീത പോയ ആകാശമാര്‍ഗ്ഗം കാണിച്ചുതന്നതു നന്നായി . തന്റെ ദിവ്യദൃഷ്ടിക്കു കാണാനാവാത്തത് ഹനുമാനും സമ്പാതിയും കാട്ടിത്തന്നതുകൊണ്ടാണ് ലങ്കയിലെത്താനും രാവണനെ വെല്ലുവിളിക്കാനും തനിക്കായത്.
എത്രയറുത്തിട്ടാലും വീണ്ടും മുളച്ചു പൊന്തുന്ന കാമ-മോഹങ്ങള്‍കൊണ്ട് ജൃംഭിച്ച ശിരസ്സുകളുള്ളവരാണ് ഭൂമിവാഴുന്ന മനുഷ്യന്‍. സുന്ദരമായതും സമ്പന്നമായതുമായ എല്ലാം തന്റെ സ്വകാര്യസ്വത്താക്കണമെന്ന ദുരെ അവരെ വിട്ടുപോവില്ല. ദുരയുടെ ബീജം രക്തത്തില്‍ പേറുന്നവരാണവര്‍.ഓരോ തുള്ളി ചോരയില്‍ നീന്നും ഒരായിരം പേരുയരും. ഒരു തലയറുത്താല്‍ പത്തുതല പൊന്തിവരും.
അതെല്ലാം അതിജീവിച്ച് അവളെ വീണ്ടെടുത്തപ്പോള്‍ താന്‍ സന്തോഷിച്ചു. ഭൂമികന്യക ഇനി തന്റേതു മാത്രം, എന്ന സംതൃപ്തി പക്ഷേ നെെമിഷികമായിരുന്നു. താനൊഴികെ ആരും സന്തുഷ്ടരാവുന്നത് കാണാനിഷ്ടമില്ലാത്ത പ്രജകള്‍ അവളെ പറ്റി അപവാദങ്ങള്‍ പറഞ്ഞു രസിച്ചു.രാജാവിന്റെ സത്പേരിനു കളങ്കമേല്‍പ്പിക്കുന്ന ദുഷ്പ്രവാദങ്ങള്‍ രാജ്യമാകെ പടര്‍ന്നു പരന്നു.
ഏതാണ് ശരി ? അച്ഛനേല്‍പ്പിച്ച ദൗത്യമോ , താനേറെനാള്‍ മോഹിച്ച പത്നീസൗഖ്യമോ ? ഏറ്റെടുത്ത ദൗത്യം നിറവേറ്റാന്‍ വ്യക്തിപരമായ കാമനകളെ ത്യജിക്കണമെന്ന പുരോഹിതരുടെ സ്മൃതിപാഠങ്ങള്‍ പിന്‍തുടരാന്‍ താന്‍ വെെമനസ്യത്തോടെ നിര്‍ബന്ധിതനായി. രാജാവിന് ഭാര്യമാര്‍ രണ്ട് എന്നാണ്
ന്യായം. ഒന്നാമത് ഏഴാഴി ചൂഴുമൂഴി. രണ്ടാമത് വില്ലുമുറിച്ചു വേട്ടവള്‍. ആദ്യത്തേത് ധര്‍മ്മപത്നി, രണ്ടാമത്തേത് കാമിനി. ധര്‍മ്മത്തിനുവേണ്ടി കാമം ത്യജിക്കണം, അതാണ് ഭൂമിയിലെ ന്യായം.
ന്യായം. ഒന്നാമത് ഏഴാഴി ചൂഴുമൂഴി. രണ്ടാമത് വില്ലുമുറിച്ചു വേട്ടവള്‍. ആദ്യത്തേത് ധര്‍മ്മപത്നി, രണ്ടാമത്തേത് കാമിനി. ധര്‍മ്മത്തിനുവേണ്ടി കാമം ത്യജിക്കണം, അതാണ് ഭൂമിയിലെ ന്യായം.
പിന്നീടുണ്ടായത് ഭ്രാന്തമായ ഓട്ടവും പാച്ചിലുകളുമായിരുന്നു. തന്റെ വീരകഥകള്‍ പാടിനടന്ന സൂതന്മാരിലൂടെ കേട്ടറിഞ്ഞ ദിശാസൂചനകള്‍ ഗണിച്ചും യാഗാശ്വത്തെ പിന്‍തുടര്‍ന്നും വാല്മീകിയുടെ ആശ്രമത്തിലെത്തിയിട്ടും ഫലമുണ്ടായില്ല.പ്രണയാകുലയും ചിന്താവിഷടയുമായ അവള്‍ക്ക് തിരികെ വരാനുള്ള തന്റെ യാചന അസഹ്യമായ അപമാനമായിരുന്നു. '' ''അമ്മേ, അമ്മേ !'' എന്നു വിളിച്ചുകേണ അവളെ ഭൂമീദേവി അവളുടെ നാഞ്ചിലേറ്റി മറയുന്നത് നിസ്സഹായനായി തനിക്ക് നോക്കിനില്‍ക്കേണ്ടിവന്നു.
ദേവനു താങ്ങാവുന്നതല്ല ഭൂമിയിലെ ന്യായങ്ങള്‍. ദേവസ്ത്രീകള്‍ക്കില്ലാത്ത ആത്മാഭിമാനമുള്ളവരാണ് ഭൂമിയിലെ സ്ത്രീകള്‍. അവരോടുള്ള പ്രണയം ദുരന്തമാണ്.ആ ദുരന്തത്തെയും വിധിയെന്നു കല്‍പ്പിച്ച് പ്രണയിക്കുന്നവരാണ് മനുഷ്യര്‍. തനിക്കു വിധിച്ചതും അതുതന്നെയാണ്. ഈ പെണ്ണ് എന്റെയാവണമെന്നാശിക്കുന്ന പ്രണയത്തിന്റെ അനിവാര്യമായ പരിണാമഗുപ്തിയാണത്.
അച്ഛന്റെ ശപഥം സാര്‍ത്ഥകമാക്കുവാന്‍ കാട്ടിലലയുകയും ,അച്ഛന്റെ പെെതൃകമായി കെെവന്ന രാജ്യഭാരം നിറവേറ്റാന്‍ പത്നിയെ ഉപേക്ഷിക്കുകയും ചെയ്ത മര്യാദപുരുഷോത്തമനാണ് താനെന്ന് യജ്ഞശാലയില്‍ സൂതന്മാര്‍ പാടുന്നു. അതു കേട്ടിരിക്കാന്‍ ഇനിയാവില്ല. താന്‍ കൊതിച്ച പെണ്ണിനെ താന്‍ തന്നെ ഹനിച്ചതിന്റെ നോവ് സൂതന്മാര്‍ക്കറിയില്ല. അതു വിധിയെന്നാശ്വസിക്കാന്‍ സ്വയം വിധാതാവായ തനിക്കാവില്ല.
ഇനി വയ്യ. യജ്ഞാന്ത്യത്തിലെ അവഭൃതസ്നാനത്തോടൊപ്പം ഞാനെന്റെ വേഷഭൂഷാദികളും ദേഹവും സമര്‍പ്പിക്കുകയാണ്.
പ്രിയപ്പെട്ട സരയൂ, നിന്റെ ആഴങ്ങളിലേയ്ക്ക് എന്നെ നീ സ്വീകരിച്ചാലും !
പ്രിയപ്പെട്ട സരയൂ, നിന്റെ ആഴങ്ങളിലേയ്ക്ക് എന്നെ നീ സ്വീകരിച്ചാലും !
BY Rajan Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക