Slider

പരോപകാരി..

0

പരോപകാരി..
ഇന്നു ഡ്യൂട്ടി ഓൺ റോഡ് സെയിലാണ്.സെയിലിന്റെ പത്തു ശതമാനം എനിക്കു കമ്മീഷൻ കിട്ടും.ചുവപ്പും വെള്ളയും ഇടവിട്ടുള്ള വലിയ കുടയുടെയടിയിൽ മേശയും അതിന്റെ മേലെ കുറേ പുതിയ സിം കാർഡുകളും പിന്നെ കുറച്ചു ഹെഡ്‍ഫോണുകളും പിന്നെ മൊബൈൽ കവറുകളും സെറ്റ് ചെയ്തു തന്നിട്ട് മധു വാനും കൊണ്ട് പോയി.
രാവിലെ നല്ല രീതിയിൽ തന്നെ കച്ചോടം നടന്നു. ഇനിയിപ്പോൾ ഉച്ചക്ക് ഒന്നും നടന്നില്ലേലും കുഴപ്പമില്ല. വെയിലിനു ചൂട് കൂടി വരുന്നു.ചുവന്ന തൊപ്പിയെടുത്തു തലയിൽ വച്ചു.കുടയുടെ അടിയിലേക്ക് ഒന്നുകൂടെ നീങ്ങിയിരുന്നു. രസ്ന വാങ്ങുമ്പോൾ ഫ്രീ കിട്ടിയ ടോയ് ഫാൻ അമ്മ ബാഗിൽ ഇട്ടതു ഓർത്തു.അതു ഒരുകയ്യിലെടുത്തു ഓൺ ആക്കി, കാറ്റു കിട്ടുന്നുണ്ട് എന്ന് സങ്കല്പിച്ചു മറ്റേ കയ്യിൽ കർച്ചീഫെടുത്തു മുഖത്തിലെയും കഴുത്തിലെയും വിയർപ്പു തുടച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഞാൻ വെറുതെയിരിന്നു.
റോഡിന്റെ മറുവശത്തു ഒരു മരത്തിന്റെയടിയിൽ ഒരു ഭിക്ഷക്കാരൻ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. മുഷിഞ്ഞു ചളിപിടിച്ച വസ്ത്രം അങ്ങിങ്ങായി കീറിയിട്ടുണ്ട്. പാവം, കയ്യിലും കാലിലും ഒക്കെ പഴുത്ത വ്രണങ്ങൾ.അതെല്ലാം തുണി കൊണ്ട് കെട്ടിവച്ചിരിക്കുന്നു.ഈച്ചകൾ അയാളുടെ മേലെ വന്നിരിക്കുന്നു. ഇടയ്ക്കിടക്ക് അയാൾ അവറ്റകളെ ആട്ടുന്നുണ്ട്. അയാൾ തൻ്റെ സഞ്ചിയിൽ നിന്നും ഒരു സ്റ്റീൽ പാത്രമെടുത്തു വെള്ളം കുടിച്ചു. അയാളെ വച്ചു നോക്കുമ്പോൾ ഞാനൊക്കെ എത്ര പുണ്യം ചെയ്തവളാ.ഞാൻ നെടുവീർപ്പിട്ടു.
വിശന്നു തുടങ്ങി.അമ്മ പൊതിച്ചോറാക്കി തന്നിട്ടുണ്ട്. ബാഗിൽ നിന്നും വെള്ളം കുപ്പിയെടുത്തു കുറച്ചു മാറി നിന്നു മുഖവും കയ്യും കഴുകി. വീണ്ടും കസേരയിൽ വന്നിരുന്നു. പൊതിച്ചോറ് കയ്യിലെടുത്തപ്പോൾ ആ പാവം ഭിക്ഷക്കാരനെയോർത്തു.എന്നിലെ പരോപകാരി എന്നോട് പറഞ്ഞു,ഒരു നേരം ആഹാരം കഴിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ലല്ലോ.ശരി തന്നെ, ഈ ചോറ് ആ പാവത്തിന് കൊടുത്തേക്കാം.
ഞാൻ റോഡ് മുറിച്ച് കടന്നു, അയാളുടെയടുത്തെത്തി.വല്ലാത്തൊരു ദുർഗന്ധം. ഞാൻ ആ പൊതിച്ചോറ് അയാളുടെ മുൻപിൽ വച്ചു കൊടുത്തു. അയാൾ എന്നെ നോക്കി ചിരിച്ചു. കറ പിടിച്ച പല്ലുകൾ. അയാൾക്കു ചുറ്റുമുള്ള ഈച്ചകളിൽ ഒന്നുരണ്ടെണ്ണം എന്റെ മേലെ വന്നിരിക്കാൻ തുടങ്ങി. ഞാൻ ഒന്നും മിണ്ടാതെ വേഗം തിരിച്ചു എന്റെ കസേരയിൽ വന്നിരുന്നു. ഞാൻ കൊടുത്ത ചോറ് അയാളുണ്ണുന്നതും നോക്കി ഞാൻ വിശന്നു പണ്ടാരമടങ്ങിയങ്ങനെയിരുന്നു. ഇന്നെന്തായിരുന്നു അമ്മ വച്ചിരുന്നത് ചോറിനു,അമ്മ രാവിലെ പറഞ്ഞത് ഞാൻ ഓർത്തെടുത്തു.മോരുകൂട്ടാനും, പച്ചപ്പയറുപ്പേരിയും, മുട്ടപ്പവും, പിന്നെ പുളിച്ചമ്മന്തിയും.
.യ്യോ,വയറിൽ കാറ്റു നിറയുന്നു.കുറച്ചങ്ങോട്ട്‌ പോയാൽ കടകൾ ഉണ്ട്. പക്ഷെ ഇതൊക്കെ ഇങ്ങനെ ഇവടെയിട്ടിട്ടു പോവാനും വയ്യ.ബാഗിൽ തപ്പി നോക്കി, കുറച്ചു ദിവസം മുൻപ് തൊണ്ട വേദന വന്നപ്പോൾ വാങ്ങിയ വിക്സ് മുട്ടായി ഇരിക്കുന്നു.അതെങ്കിൽ അത്.പരോപകാരിയായ ഞാൻ വിക്സ് വായിലിട്ടു നുണഞ്ഞു കൊണ്ടിരുന്നു.
വൈകീട്ട് ആറുമണിയായപ്പോൾ മധു വാനുമായി വന്നു. എല്ലാം ഒതുക്കി, വാനിൽ വച്ചു, നാളെ കാണാമെന്നു പറഞ്ഞിട്ട് അവൻ പോയി.
ഞാൻ അപ്പുറത്തേക്ക് നോക്കി.ആ ഭിക്ഷക്കാരൻ അവിടെത്തന്നെയിരിക്കുന്നുണ്ട്. ഇന്നത്തെ കമ്മീഷൻ മുന്നൂറു രൂപയുടെ അടുത്ത് കിട്ടും. സാധാരണ ഓൺ റോഡ് സെയിൽ കഴിഞ്ഞു പോകുമ്പോൾ കമ്മീഷൻ കാശുകൊണ്ട് അമ്മയ്ക്കും തനിക്കും ബിരിയാണി പാർസൽ വാങ്ങി പോവാറാണ് പതിവ്. എന്നിലെ പരോപകാരി വീണ്ടും എന്നോട് പറഞ്ഞു, ഇന്നത്തെ കാശു അയാൾക്കു കൊടുക്ക്‌. പിന്നെ മറ്റൊന്നും ആലോചിക്കാതെ വീണ്ടും ഞാൻ അയാളുടെ അടുത്തെത്തി. അയാളുടെ മുൻപിൽ വച്ചിട്ടുള്ള പാത്രത്തിൽ ഞാൻ നൂറിന്റെ മൂന്നു നോട്ടുകൾ വച്ചു. അഴുകിയ കഞ്ഞി വെള്ളത്തിന്റേതു പോലുള്ള അസഹനീയമായ ദുർഗന്ധം.എനിക്ക് ഛർദിക്കാൻ വരുന്ന പോലെ തോന്നി.അയാൾ എന്നെ നോക്കി വലിയ ഒരു ചിരി പാസ്സാക്കി. ഞാൻ വേഗം ബാഗും പിടിച്ച് നടന്നു.. എന്നെ കണ്ടാൽ ഒരു വിശാലമായ മനസ്സിന്റെ ഉടമയാണെന്ന് തോന്നുന്നില്ലേ എന്ന ഒരു ഭാവം
എന്റെ മുഖത്ത് തെളിഞ്ഞു കണ്ടെങ്കിൽ അതു തികച്ചും സ്വാഭാവികം അല്ലേ!
അടുത്ത് കണ്ട ബേക്കറിയിൽ കയറി ഒരു കട്ലറ്റും സ്പ്രൈറ്റുമടിച്ചു. വയറിലെ വായു വായിലൂടെ പുറത്തേക്കു കുറച്ചു തള്ളിയപ്പോൾ ഒരു ആശ്വാസം..
നടന്നു നടന്നു കനാലിലെ കുഞ്ഞൻ പാലമെത്തി. വെറുതെ താഴേക്ക്‌ ഒന്ന് നോക്കി. അയ്യോടാ, അതാ നിൽക്കുന്നു ആ ഭിക്ഷക്കാരൻ.കയ്യിലെ സഞ്ചിയിൽ നിന്നും എന്തോ എടുത്തിട്ട് അയാൾ ചുറ്റും നോക്കുന്നു.ഞാൻ പെട്ടന്ന് പുറകിലേക്ക് മാറി.വീണ്ടും തലയെത്തിച്ചു നോക്കി. അയാൾ കയ്യിലെ സാധനം (അതൊരു ചെറിയ കത്തി പോലെ എന്തോ ഒന്നാണ്) കൊണ്ട് കാലുകളിലെ കെട്ടുകൾ കീറി മാറ്റി.അതിനു ശേഷം കൈകളിലെയും.ദൈവമേ, അയാളുടെ കൈകളും കാലുകളും എന്നേക്കാൾ ആരോഗ്യത്തോടെ ഒരു കുഴപ്പവുമില്ലാതെയിരിക്കുന്നു. അയാൾ കീറിയെടുത്ത തുണികൾ പൊന്തയിലേക്കെറിഞ്ഞു. സഞ്ചിയിൽ നിന്നും ഒരു ഷർട്ടും മുണ്ടുമെടുത്തു, ഇട്ടിരിക്കുന്ന മുഷിഞ്ഞു കീറിയത് മാറി.കനാലിൽ നിന്നും വെള്ളമെടുത്തു കൈകാലുകളും മുഖവും കഴുകി,ഉഷാറായി.
ഞാൻ പതുക്കെ നടന്നു.എന്നിലെ പരോപകാരി എന്നോട് പറഞ്ഞു, അയാളുടെ ഗതികേട് കൊണ്ടാവും അയാൾ ഈ വേഷം കെട്ടുന്നത്.. പക്ഷെ അതു കേൾക്കാൻ എന്നിലെ കഠിനാദ്ധ്വാനി തയ്യാറായില്ല.വല്ല പണിയുമെടുത്തു ജീവിച്ചൂടെ അയാൾക്ക്‌.ഒരു ദിവസം മുഴുവനും വെയില് കൊണ്ട് ഉണ്ടാക്കിയ കാശാണ് താൻ അയാൾക്കു കൊടുത്തേ.പോരാത്തതിന് ഉച്ചക്ക് പട്ടിണിയും കിടന്നു.
പോകുന്ന വഴി,ഒരു ഫുൾ തന്തൂരി ചിക്കൻ പാർസൽ വാങ്ങി, ഞാൻ വീട്ടിലെത്തി. അമ്മയോട് വിശേഷങ്ങൾ പറയുന്നതിനിടക്ക് കോഴിക്കാൽ കടിച്ചു പറിച്ചു ഞാൻ അയാളോടുള്ള ദേഷ്യം തീർക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.എന്നിലെ പരോപകാരി ആ സമയം എവിടെയോ ഒളിച്ചിരുന്നു.

Aisha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo