Slider

പ്ലിങ് കഥകൾ

0
പ്ലിങ് കഥകൾ.. 1
മോട്ടോർ
..............
ഇലക്ട്രിക്കൽ എൻജിനിയറിംങ് ഡിപ്ലോമക്കാരൻ വരന്റെ വാക്കുകൾ നവവധുവായ ഐ.റ്റി ക്കാരി വാ തുറന്നു കേട്ടിരുന്നു: "ഇതിനകത്ത് ഒരു കോയിലുണ്ട്, അത് കരിഞ്ഞതു കൊണ്ടാണ് ഈ മോട്ടാർ വർക്ക് ചെയ്യാത്തത്. കുറച്ച് ചിലവുണ്ട് മോളേ "
അപ്പോഴാണ് പുറത്തു പോയിരുന്ന അമ്മായി അച്ഛൻ വിളിച്ചത്: "മോളേ ആ വെള്ളത്തിന്റെ മോട്ടോറിന്റെ സ്വിച്ച് ചിലപ്പൊ വർക്ക് ചെയ്യില്ല, ലൂസാ. ഒന്നു അമർത്തിയിട്ടാൽ മതി."
വധു സ്വിച്ച് അമർത്തിയിട്ടിട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആളെ കാണാനില്ല.
" ഏട്ടാ, മോട്ടോർ ഓണായി.. "
" ഞാൻ കുളിക്കാൻ കേറീ... " ഒരശരീരി..
**************************************
പ്ലിങ് കഥകൾ.. 2
മൂന്നു കിലോ
.....................
വീട് മാറൽ നടക്കുന്നതിനാൽ പഴയ മാരുതി 800 ൽ സാധനങ്ങൾ കുത്തി കയറ്റി, രണ്ടു പെൺമക്കളേയും കൊണ്ട് പോകുകയായിരുന്ന അച്ഛൻ, മകളുടെ തണ്ണി മത്തൻ കൊതിയോർത്ത് വഴിയോര കച്ചവടക്കാരന്റെ മുന്നിൽ ബ്രേക്ക് ആഞ്ഞു ചവിട്ടി.
കാറിൽ വന്നിറങ്ങുന്ന കസ്റ്റമറെ വിനയകുനയനായി വരവേറ്റ കച്ചവടക്കാരൻ പറഞ്ഞു, "ഒരു കിലോയ്ക്ക് അഞ്ചു രൂപ സാർ."
മാസാവസാനമാണ്. പോക്കറ്റിലേക്കൂളി നോക്കി ആകെയുള്ള പതിനഞ്ചു രൂപ കണ്ട് അച്ഛൻ സധൈര്യം പറഞ്ഞു: "മൂന്നു കിലോ".
വിനയം പുച്ഛത്തിലേക്ക് വഴിമാറി അയാൾ: ''അഞ്ചു കിലോ കുറഞ്ഞു കൊടുക്കില്ല."
കാറിലേക്ക് തിരിഞ്ഞു നോക്കി മുഖത്തൊരു ഭാവഭേദവുമില്ലാതെ അച്ഛൻ: "ഓ, അഞ്ചു കിലോ വയ്ക്കാൻ കാറിൽ സ്ഥലമില്ല. പോയിട്ടു വരാം."
**************************************
പ്ലിങ് കഥകൾ.. 3
ഡൈനിങ് ടേബിൾ
..............................
ആഡംബര ജീവിതത്തിൽ പുതിയ ഡൈനിങ് ടേബിൾ കൂട്ടി ചേർത്ത സന്തോഷത്തിൽ കുടുംബം ആദ്യമായി മേശയ്ക്കു ചുറ്റുമിരുന്നു ചായ കുടിക്കുകയായിരുന്നു. വളരെ ഗൗരവത്തോടെ അച്ഛൻ ഉപദേശിച്ചു: "ചായ കുടിക്കുന്നതൊക്കെ കൊള്ളാം. ഇതിൽ വല്ലതും വീണാൽ കറ പോകില്ല, പറഞ്ഞേക്കാം."
അപ്പോൾ തന്നെ അച്ഛന്റെ കൈ തട്ടി ചായ മേശയിൽ വീണു. ഗൗരവം ഒട്ടും ചോരാതെ താഴെ കിടന്ന തുണിയെടുത്ത് തുടച്ചു കൊണ്ട് അച്ഛൻ: "അഥവാ വീണാൽ അപ്പോൾ തന്നെ ഇങ്ങനെ തുടച്ചു കളയണം."
**************************************
പ്ലിങ് കഥകൾ.. 4
ഫ്ലവർ വേസ്
....................
"ചേട്ടാ, ഫ്ലവർ വേസ്, വെറും 200 രൂപയേ ഉള്ളൂ." സെയിൽസ്മാൻ ഓഫീസിന്റെ മുൻവശത്ത് വന്ന് തൊള്ള തുറന്നപ്പോൾ മുതലാളി എങ്ങനെയും ഒഴിവാക്കാൻ (ആകെയുള്ള തൊഴിലാളിയും): "പിന്നേ 200, 30 രൂപ ആണേൽ നോക്കാം."
"ശരി സാർ, 30 എങ്കിൽ 30. "
അകത്ത് ചെന്ന് മുതലാളി ചങ്ക് ബ്രോ യെ പതുക്കെ ഫോണിൽ വിളിച്ചു: "എടാ അഭിമാനത്തിന്റെ പ്രശ്നാ. ഒരു 30 രൂപ കൊണ്ട് നീ ഉടനെ ഓഫീസ് വരെ വരണം."
**************************************
പ്ലിങ് കഥകൾ.. 5
പ്ലംബിങ്
.............
"എത്ര ദിവസമായി പറയുന്നു ആ പ്ലംബറെ വിളിക്കാൻ. " അമ്മ പരാതിപെട്ടു.
വെള്ളം തുള്ളി തുള്ളിയിടുന്ന പൈപ്പ് നോക്കി അച്ഛൻ അമ്മയോട് : "നിന്റെ എൻജിനിയർ മോളെ വിളിച്ചേ."
"വാഷർ മാറ്റിയിടാനറിയാമോ എൻജിനിയറിന്."
ഇല്ല എന്ന് തലയാട്ടിയ മകളോട്, "വാ, അച്ഛൻ പഠിപ്പിച്ചു തരാം."
ഒന്നേ പിടിച്ചുള്ളൂ പൈപ്പ് പൊട്ടി കൂടെ പോന്നു.
" എടീ ആ പ്ലംബറിന്റെ നമ്പർ എടുത്തേ."
**************************************
ഇന്ദു പ്രവീൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo