Slider

** ആള്‍ട്ടോയും കെട്ട്യോളും**

0
** ആള്‍ട്ടോയും കെട്ട്യോളും**
"നെക്സൺ അല്ലെങ്കിൽ ബലെനോ. .ഞാൻ നിങ്ങളോട് ബെൻസും റേഞ്ച് റോവറും ഒന്നും
പറയുന്നില്ലല്ലോ ?! " ഭാര്യ കാലത്തു തന്നെ ഏറ്റുമുട്ടാൻ ഒരുങ്ങി വന്നിരിക്കുകയാണ്.
" ഈ ആൾട്ടോ പത്തു കൊല്ലമായില്ലേ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്.. ഒന്ന് മാറ്റിക്കൂടെ. കുടുംബക്കാരൊക്കെ അതിനിടയിൽ എത്ര പ്രാവശ്യം വണ്ടി മാറ്റി."
അവൾ പറഞ്ഞതൊക്കെ സത്യമാണ്...ഞാൻ എന്റെ ആൾട്ടോ കാറിനെ നോക്കി. നിറഞ്ഞു തുളുമ്പാൻ പോകുന്ന അതിന്റെ രണ്ടു കണ്ണുകൾ എന്നോട് എന്താണ് പറയുന്നത് ? - അല്പം നിറം മങ്ങുമ്പോഴേക്ക്, പുത്തൻ പത്രാസുകാരിയെ കാണുമ്പോഴേക്ക് എന്നെ മറക്കും അല്ലെ ?
അവളുടെ പാർശ്വങ്ങളിൽ ഞാൻ സ്നേഹത്തോടെ വിരലോടിച്ചു. എന്റെ മനസ്സിൽ കഴിഞ്ഞ പത്തു വർഷങ്ങൾ ഒരു വെള്ളിത്തിരയിലെന്നപോലെ മിന്നി മറഞ്ഞു. ഷോറൂമിൽ പോയി ഞാൻ തന്നെയാണ് അവളെ കൂട്ടികൊണ്ടു വന്നത്.
ഭാര്യ മുഖം വീർപ്പിച്ചു പിറകിലെ സീറ്റിൽ ഇരിക്കുന്നുണ്ട്. ഹോണ്ട സിറ്റി അല്ലെങ്കിൽ സ്വിഫ്റ്റ് വാങ്ങിക്കാനായിരുന്നു അവൾ പറഞ്ഞത്. . ഒരു ചുരിദാർ എടുക്കണമെങ്കിൽ "നിങ്ങള്ക്ക് ഇഷ്ടമുള്ളത് എടുത്തോ - അത് എനിക്കും ഇഷ്ടപ്പെടും" എന്ന് എന്നോട് പറയാറുള്ള അവൾക്ക് ഈ വണ്ടിയുടെ കാര്യത്തിൽ എന്താണ് ഇത്ര വാശിയെന്നു ആദ്യം പിടികിട്ടിയില്ല . പിന്നെയാണ് കുടുംബ സദസ്സുകളിൽ ഇതൊക്കെ ചർച്ച ചെയ്യപ്പെടുന്ന കാര്യം മനസ്സിലായത്.
ഇപ്രാവശ്യം അവൾ വിടാൻ ഭാവമില്ല.
ഇങ്ങനെ പറഞ്ഞാലോ?
- നമ്മുടെ നാട്ടിൽ പത്തു ശതമാനത്തിന് താഴെ പേർക്കേ നാല് ചക്ര വാഹനം ഉള്ളൂ.
- നമ്മുടെ നാട്ടിൽ പകുതി വീടുകൾക്കും കക്കൂസ് ഇല്ല,
നമ്മുടെ നാട്ടിൽ പകുതി വീടുകളിലും ഇപ്പോഴും വിറക് അടുപ്പാണ് ഉപയോഗിക്കുന്നത്
അല്ലെങ്കിൽ ഇങ്ങനെ ആയാലോ ?
"പെട്രോൾ എന്ന പ്രണയ ഇന്ധനം കുടിക്കാന്‍ കിട്ടാതെ അവസാനം അവൾക്ക് പെട്രോൾ സ്റ്റേഷന്റെ മച്ചിൽ കെട്ടിത്തൂങ്ങി ചാവേണ്ടി വരുമെടീ .."
വേണ്ട..വീട് അല്പം വലിപ്പം കൂട്ടണം എന്ന് പറഞ്ഞപ്പോഴും ഇങ്ങിനെയുള്ള കാനേഷുകുമാരി കണക്ക് തന്നെയാണ് പറഞ്ഞത് . പെൺ ബുദ്ധിയാണ് വേണ്ടാത്ത എല്ലാ കാര്യങ്ങളും അക്ഷരം പ്രതി ഉറക്കത്തിൽ പോലും ഓർത്തു വെക്കും.
എ.ടി. എം കാർഡും ബാങ്ക് സ്റ്റേറ്റ്മെന്റും അവൾക്കങ് കൊടുത്താലോ ..ഒരു സ്‌കൂട്ടി വാങ്ങാൻ പോലും വകയുണ്ടാവില്ലെന്നു അവൾ തന്നെ കാണട്ടെ. അതും ചിലപ്പോൾ ഏശില്ല. പിൻ ബുദ്ധി പറഞ്ഞേക്കും - നിങ്ങൾക്ക് ഞാൻ അറിയാതെ വേറെ ബാങ്കിലും അക്കൗണ്ട് ഉണ്ടാവും.. എന്നോട് കളി വേണ്ട എന്ന്.
ആൻ ഐഡിയ ക്യാൻ സേവ് യുവർ വാലറ്റ് !
അവളുടെ കൈ പിടിച്ചു ബലമായി ആൾട്ടോയിൽ കയറ്റി ഇരുത്തി. എന്നിട്ട് മെല്ലെ ചോദിച്ചു:
"നോക്ക്...കഴിഞ്ഞ ജനുവരിയിൽ ഈ കാറിൽ നാം വയനാട്ടിലേക്ക് പോകാൻ നെടുംപൊയിൽ ചുരം കയറുമ്പോൾ കിനിഞ്ഞിറങ്ങിയ മഴയും മഞ്ഞും നമ്മളിലൊരു മാദക ഗന്ധം നിറച്ചപ്പോൾ… സ്റ്റിയറിങ്ങിൽ നിന്ന് കൈ വിട്ടു ഞാൻ നിന്നെ…"
" ഒന്ന് മിണ്ടാതിരി...നിങ്ങൾക്ക് ഇപ്പൊ അങ്ങിനെ കവിത വരേണ്ട….അന്ന് സ്റ്റിയറിങ്ങിൽ നിന്ന് കൈ വിട്ട്... പേടിച്ചു വിറച്ചുപോയിരുന്നു.നാണമില്ലാലോ പിള്ളേരുണ്ടെന്ന വിചാരം പോലുമില്ലാതെ.. ..."
അവൾ കള്ള കണ്ണാലെ ഒരു നോട്ടം നോക്കി. കോപം രണ്ട് സെൽഷ്യസ് കുറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടു.
" എന്നാൽ അതുപോട്ടെ...നീ ഓർക്കുന്നുണ്ടോ... അന്നൊരു ദിവസം പുലരാൻ കാലത്ത് മോന് ശ്വാസം മുട്ട് മൂർച്ഛിച്ചു ഞാനും നീയും പേടിച്ചു അവനെയും കൊണ്ട് ഈ വണ്ടിയിൽ സിഗ്നൽ പോലും നോക്കാതെ ഹോസ്പിറ്റലിലേക്ക് ഓടിയത് ... ?"
"അത് ഞാൻ എങ്ങിനെ മറക്കാനാ...അന്നെന്റെ മോൻ...." അവളുടെ തൊണ്ട ഇടറി. സെൽഷ്യസ് പിടഞ്ഞൊന്നു വീണ്ടും താഴ്ന്നു....
"പിന്നെ..എടീ മണ്ടൂസെ..നീ ഡ്രൈവിങ്ങിന്റെ ബാലപാഠം പഠിച്ചത് ഈ കാറിൽ നിന്നാണ് അതറിയോ ?"
"ഉം...എന്നിട്ട് തെറ്റിയപ്പോൾ .എത്ര തവണയാ ചെവി പിടിച്ചു നുള്ളിയത്...ഇപ്പോഴും വേദനിക്കുന്നു." മേഘാവൃതമെങ്കിലും ഇളം ചൂടുള്ള പകൽ പോലെയായി ഇപ്പോൾ കാലാവസ്ഥ.
"ഈ കാർ കാണുമ്പോൾ ആ മധുരമുള്ള ഓർമ്മകൾ എന്റെ മനസ്സിലേക്ക് വരും"(ചുമ്മാ...പ്രാന്താണോ അതും ഓർത്തിരിക്കാൻ ! )
" ആ... അത് മറന്നു... അപ്പുറത്തെ സബീനക്ക് പെട്ടെന്ന് കഠിനമായ പ്രസവ വേദന വന്നപ്പോൾ ഞാനും ഈ ആൾട്ടോയും മാത്രമല്ലെ ഉണ്ടായുള്ളൂ കുതിച്ചോടാൻ... അന്നെന്റെ മനസ്സിൽ നിഗൂഢമായ ഒരാഗ്രഹം കൂടി ഉണ്ടായിരുന്നു "
"ങേ ... എന്ത് ?"
"നീ ഒച്ച വെക്കേണ്ട...മറ്റൊന്നുമല്ല... നമ്മുടെ ഈ കാറിൽ ഒരു സുഖ പ്രസവം..അങ്ങിനെ ഒരു പത്ര വാർത്ത..."
ഭാര്യ പൊട്ടിച്ചിരിച്ചു
ഞാൻ കാറിൽ നിന്ന് എഴുന്നേറ്റു പുറത്തിറങ്ങി.. കൂടെ അവളും.
"എടീ...നിന്റെ മുഖമൊക്കെ ഒന്ന് നിറം മങ്ങിയത് പോലെ ...മുടിയിലൊക്കെ ഒന്ന് രണ്ടു നര കാണുന്നുണ്ടല്ലോ . നിന്നെക്കാൾ പ്രായമുള്ള ലൈല പണ്ട് കണ്ടപോലെ തന്നെ ഉണ്ട്. "
"പോ ..എന്നാൽ ലൈലയുടെ അടുത്ത്‌"
"ഡീ...ഞാൻ അങ്ങിനെ ഉദ്ദേശിച്ചു പറഞ്ഞതല്ല ..രൂപത്തിലല്ല കാര്യം, സ്നേഹത്തിലാണ് എന്നാണ്...നിന്നെ എനിക്കറിയില്ലേ.. പിന്നെ.. ഈ ആൾട്ടോ കാണുമ്പോൾ എപ്പോഴും നിന്നെയാ ഞാൻ ഓർക്കുക ...പെയിന്റ് ഒക്കെ കുറച്ചു ഇളകിയെങ്കിലും, ഞരക്കവും മൂളലുമൊക്കെ ഉണ്ടെങ്കിലും ഡ്രൈവ് ചെയ്യാൻ തുടങ്ങുമ്പോൾ ഇവൾ എത്ര കരുതലോടെയാണ് എന്നെ കൊണ്ട് പോകുന്നത്.... അതല്ലേ ഞാൻ അവളെ സോപ്പ് തേച്ചു കുളിപ്പിക്കുമ്പോൾ പോലും വേദനിപ്പിക്കാതെ , ഇക്കിളിപ്പെടുത്താതെ ..."
"ശ്ശൊ. ഇത് പ്രാന്ത് തന്നെ..വായടക്ക്. ആരെങ്കിലും കേട്ടാൽ വിചാരിക്കുന്നത് വേറെയായിരിക്കും."
"നമുക്ക് ഇവൾ മതി അല്ലേ .. പാവം. ഇവൾ നിന്നെപ്പോലെ തന്നെയാ ....."
ഞാൻ ഭാര്യയെ ഒന്ന് അണച്ചുപിടിച്ചു.... .
"..വിട്.. വിട്.. ..മതിയെങ്കിൽ മതി...എന്നാല്‍ ഒരു കാര്യം "
"പറയൂ .......ഞാൻ റെഡിയല്ലേ "
"നാളെ രാവിലെ വയനാടേക്ക് പുറപ്പെടണം..."
" ഹ..ഹ..ഞാൻ അങ്ങോട്ട് പറയാൻ പോകുകയാ മഞ്ഞും മഴയും.. നാളെത്തന്നെ...അല്ല പിന്നെ... "
ഞാൻ എ.ടി. എം കാർഡ് ഭദ്രമായി പേഴ്സിൽ വെച്ച് ആൾട്ടോയെ നോക്കി ഒന്ന് കണ്ണിറുക്കി . ..അവളുടെ ഉണ്ടക്കണ്ണുകളിൽ കുസൃതിച്ചിരി വിടർന്നു. അവൾ എന്തോ പറയുന്നുണ്ട് :
"കുന്തം വെച്ചു കുഴിക്കേണ്ടിടത്തു സൂചി വെച്ചു കാര്യം നേടി.... മിടുക്കൻ ! "
(ഹാരിസ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo