നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പൊട്ടിക്കാളി

പൊട്ടിക്കാളി
...................................................
"ജയേട്ടനിന്നലെ ആ പാർട്ടിക്കാരനോടു പറയുന്നതു ഞാൻ കേട്ടൂട്ടോ..അപ്പൊ നിങ്ങളാ അല്ലെ ആ പണ്ടാരം അവിടെ കൊണ്ടു വെക്കാൻ കാരണം...അല്ല നിങ്ങക്കു വേറേ പണിയൊന്നൂല്ലേ
മനുഷ്യാ വെറുതെ ആളെ പേടിപ്പിക്കാനായിട്ട് ഓരോന്ന് ചെയ്തു വെക്ക്വാണോ..ഇനീപ്പോ ഞാനെങ്ങനെയാ വിദ്യയുടെ വീട്ടിൽ പോണേ.
എനിക്കാണേൽ കിങ്ങിണി വാവയെ കാണാണ്ടിരിക്കാനും പറ്റുന്നില്ല.ഇനി ഞാനെങ്ങനെ അതുവഴി പോകും?പിന്നെ ഇന്നലെ രാത്രി ഞാനത് പറയാതിരുന്നെ എന്താന്നറിയോ..രാത്രി പ്രേതത്തെ സ്വപ്നം കണ്ട് പേടിക്കേണ്ടാ കരുതിയാ.."

"ഓ ,രാവിലെ തന്നെ തുടങ്ങിയോ പ്രഭാതഭേരി. പിന്നേ നീ അതിലെ പോകുമ്പോൾ നിന്റെ സൗന്ദര്യം കാണാനല്ലേ അതിലെ പ്രേതങ്ങളൊക്കെ നോക്കി നിൽക്കുന്നേ..
നിന്നോട് ഞാനെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടെടീ
മരിച്ചവരെയല്ല ജീവനുള്ള ശരീരങ്ങളെയാ ഭയക്കേണ്ടതെന്ന്..
ബാലേട്ടനോട് പറഞ്ഞതൊക്കെ നീ ഒളിച്ചു നിന്നു കേട്ടിരുന്നല്ലേ..കാന്താരീ..നിന്നെയിന്നു ഞാൻ"
ജയന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു..
പണ്ടാരം എന്നതുകൊണ്ട് മീര ഉദ്ദേശിച്ചത് വീടിനടുത്തുള്ള ക്ലബ്ബിലേക്ക് താൻ സംഭാവന ചെയ്ത, ശവശരീരങ്ങൾ സൂക്ഷിക്കാനുള്ള ഫ്രീസറിനെക്കുറിച്ചാണ്.
നാട്ടിലെ പൊതുകാര്യ പ്രസക്തനായ അച്ഛന്റെ ഓർമ്മയ്ക്ക് എന്തെങ്കിലും ചെയ്യണമെന്ന് കഴിഞ്ഞമാസം ബാലേട്ടൻ പറഞ്ഞപ്പൊ തന്റെ മനസ്സിൽ തോന്നിയ ആശയമായിരുന്നത്.ഇപ്പോ ടൗണിലെ ആശുപത്രിയിലേ ആ സൗകര്യമുള്ളൂ.
ഇന്നലെയായിരുന്നു അതിന്റെ ജോലിയെല്ലാം തീർന്നത്.അതിനെപ്പറ്റി പാർട്ടിക്കാരനായ ബാലേട്ടനോട് സംസാരിച്ചതാണ് മീര കേട്ടത്.
വല്ലാത്ത പേടിക്കാരിയാണവൾ.ഇരുട്ടിനേയും പ്രേതങ്ങളെയും ഭയക്കുന്ന, മരണവീട്ടിൽ പോകാനിഷ്ടമില്ലാത്ത ,വേദനകൾ കണ്ടു സഹിക്കാൻ പറ്റാത്ത പാവം പെണ്ണ്...തന്റെ സ്വന്തം പൊട്ടിക്കാളി.
ഇതിനിടെ ഒരുദിവസം അടുത്ത ഒരു ബന്ധു മരിച്ചപ്പൊ വരുന്നില്ലാന്നു പറഞ്ഞിട്ടും നിർബ്ബന്ധിച്ചു താനവളെയും കൂടെ കൂട്ടി.അടുത്ത ബന്ധുക്കൾ മരിച്ചാൽ പോകാതിരിക്കാനാവുമോ.അന്നവിടെ എത്തിയപ്പോ തന്നെ തലകറങ്ങി വീണവൾ.അന്നു തിരിച്ചു വരുമ്പോൾ താനവളെ ഒരുപാടു കളിയാക്കി.അപ്പോഴവൾ കെറുവിച്ചു കൊണ്ടു പറഞ്ഞു."ദേ ജയേട്ടാ ഞാനുണ്ടല്ലോ പേടിച്ചിട്ടല്ലാട്ടോ തല കറങ്ങ്യേ എനിക്കാ ചന്ദനത്തിരിയുടെ മണം സഹിക്കാൻ പറ്റാഞ്ഞിട്ടാ.ഇനി എല്ലാരോടും പറഞ്ഞെന്നെ തമാശയാക്കിയാലുണ്ടല്ലോ".
"എടീ പോത്തേ ജീവിതായാലെന്തൊക്കെ സഹിക്കണം.നീ ഇങ്ങനെയായാ ശരിയാവില്ല കേട്ടോ.മനസ്സിനിത്തിരി ധൈര്യം കൊടുക്കെടി പൊട്ടിക്കാളീ".

"ഹലോ എന്റെ പേര് പൊട്ടിക്കാളീന്നല്ല.എന്റച്ഛനെനിക്ക് നല്ലൊരു പേരിട്ടിട്ടുണ്ട് കേട്ടോ.മീര,കൃഷ്ണ ഭക്തയായ മീര..അതാ ഞാൻ.
മോനെന്നെ ആ പേര്
വിളിച്ചാ മതീട്ടാ.എപ്പൊ നോക്കിയാലും പൊട്ടിക്കാളി.ഞാനത്ര പൊട്ടിയൊന്നുമല്ല എനിക്ക് നല്ല ബുദ്ധിയാ".
"എടീ ഈ പേര് ഞാൻ കണ്ടുപിടിച്ചതൊന്നുമല്ലല്ലോ നിന്റെ കനേഡിയൻ ആങ്ങള മഹേഷ് നമ്മുടെ കല്ല്യാണത്തിന്റന്ന് പുന്നാരപെങ്ങളെ യാത്രയാക്കുമ്പൊ വിളിച്ചതല്ലേ 'പൊട്ടിക്കാളീ കരയല്ലേടീ' ന്ന്.
അത് ഞാൻ നിന്നെ വിളിക്കുന്നൂന്നല്ലേ ഉള്ളൂ അതിലെന്താണിത്ര തെറ്റ്?"
"മഹേഷേട്ടൻ വിളിച്ചോട്ടേ നിങ്ങള് വിളിച്ചാലുണ്ടല്ലോ."
വിളിക്കും ഇനീം ആയിരം വട്ടം വിളിക്കും.പൊട്ടിക്കാളി ഒന്ന്,പൊട്ടിക്കാളി രണ്ട്,പൊട്ടിക്കാളി മൂന്ന്...പറഞ്ഞു തീരും മുന്നേ രണ്ട് ഉണ്ടക്കണ്ണുകൾ നിറഞ്ഞു വരുന്നതു കണ്ടു.
"ജയേട്ടാ ഞാൻ ശരിക്കും പൊട്ടിയാണോ?"
അതേല്ലോ അതുകൊണ്ടല്ലേ ഈ പൊട്ടിക്കാളിയെ ഒത്തിരിയിഷ്ടത്തോടെ ഞാൻ കെട്ടിയേന്നു പറഞ്ഞവളെ ചേർത്തു പിടിച്ചപ്പോ ആ കണ്ണുകളിലൊരു സ്നേഹത്തിരയിളക്കമായിരുന്നു.പെണ്ണിന്റെ സ്നേഹവും പ്രണയവുമൊക്കെ അവളുടെ മിഴികളിലൂടെ വായിക്കാമെന്ന് ആരോ പറഞ്ഞതോർത്തു.

രക്തം കണ്ടാൽ തല കറങ്ങുന്ന ഇവളെങ്ങിനെ ഒരു കുഞ്ഞിനെ പ്രസവിക്കുമെന്ന് അമ്മ ഇടയ്ക്കിടെ പറയാറുണ്ട്.അതമ്മയുടെ ഒരോർമ്മപ്പെടുത്തലാണ് ..കല്യാണം കഴിഞ്ഞ് ഒന്നര വർഷമായിട്ടും വിശേഷമൊന്നുമായില്ലല്ലോ എന്ന ഓർമ്മപ്പെടുത്തൽ.അമ്മയുടെ കൂട്ടുകാരികളെല്ലാം അമ്മൂമ്മമാരായപ്പോ മൂത്തമകനായ തന്റെ കുഞ്ഞിനെ തോലോലിക്കാനുള്ള മോഹം ഇടയ്ക്കിതുപോലെ ആത്മഗതങ്ങളായ് പുറത്തു വരും.അനിയൻ മെഡിസിനു പഠിക്കയാണ്.അവൻ കെട്ടാൻ തന്നെ ഇനിയും കുറെ വർഷങ്ങളെടുക്കും.
ഒരുദിവസം ക്ഷമകെട്ട് അമ്മ തുറന്നു ചോദിക്കുക തന്നെ ചെയ്തു."അല്ല പിള്ളേരെ നിങ്ങളുടെ ഭാവമെന്താ.നിങ്ങളിനിയും ഒന്നും ചിന്തിക്കുന്നില്ലേ.കുഞ്ഞുങ്ങളെ ഓർഡർ ചെയ്ത് പണിയിക്കുന്നതൊന്നുമല്ലാട്ടോ.എല്ലാറ്റിനും ദൈവം തീരുമാനിച്ച ഒരു സമയമുണ്ട് അതിന് യോഗംന്ന് പറയും .ഇന്നലെ മീരയുടെ അമ്മ വിളിച്ചപ്പോ പറഞ്ഞല്ലോ ഈ വരുന്ന മീനമാസത്തിന് മുന്നെ ആ ഭാഗ്യം ഉണ്ടായില്ലേപ്പിന്നെ കുഞ്ഞുണ്ടാവാനുള്ള യോഗമുണ്ടാകില്ലെന്ന്."
അമ്മ അവസാനത്തെ ആയുധം പ്രയോഗിക്കുകയാണ്.മീര നാണത്തോടെ എണീറ്റ് അകത്തേക്കു പോയി.
ഇനി ഉത്തരം പറയേണ്ട ബാദ്ധ്യത തനിക്കാണ്.
"അമ്മേ എന്റെ പൊട്ടിക്കാളിക്കിത്തിരി കുട്ടിക്കളി മാറീട്ടു ചിന്തിക്കാം..എനിക്ക് രണ്ടു കുഞ്ഞുങ്ങളെ നോക്കാൻ വയ്യ".
" എടാ ഒരു പെൺകുട്ടി അമ്മയാകുമ്പോഴേ അവളുടെ കുട്ടിക്കളിയൊക്കെ മാറൂ..നീയെന്റെ മോളെ കുറ്റം പറയേണ്ടാട്ടോ.അവളെന്റെ പൊന്നുമോളാ."
ഇനിയിവിടെ നിന്നാൽ മരുമകൾ മാഹാത്മ്യം കേൾക്കേണ്ടി വരും.
കാൽമുട്ടുവേദനയ്ക്ക് മരുന്നു പുരട്ടിക്കൊടുത്തും,
മുടിചീകിക്കെട്ടിക്കൊടുത്തും അവൾ വാങ്ങുന്ന ഫെയ്സ്ക്രീമും ലോഷനുകളും അമ്മയിൽ പരീക്ഷിച്ചും അമ്മയെ കയ്യിലെടുത്തു കഴിഞ്ഞിരുന്നവൾ.അടുത്ത വീട്ടിലെ ലീലാന്റിക്ക് എന്നും അദ്ഭുതവും അസൂയയുമായിരുന്നു അമ്മയ്ക്ക് മീരയെപ്പോലൊരു മരുമോളെ കിട്ടിയതിൽ.അവരുടെ മകന്റെ ഭാര്യ അമ്മയെന്ന് വിളിക്കാറു പോലുമില്ലത്രെ.ലീലാന്റി വന്നു പോയ ഉടനെ അമ്മ ഉപ്പും മുളകും കൂട്ടിയുഴിഞ്ഞടുപ്പിലിടും അവരുടെ സ്നേഹത്തീന് കണ്ണ് തട്ടുമോന്നുള്ള ഭയമാണ് പോലും.തന്റെ പൊട്ടിക്കാളിയുടെ ഏറ്റവും വല്യ സുഹൃത്ത് അമ്മ തന്നെ..അമ്മയോട് പറയാത്ത ഒരു രഹസ്യവും അവൾക്കില്ല.അച്ഛന്റെ മരണശേഷം അമ്മ ആദ്യമായി ചിരിച്ചു കണ്ടത് അവളീ വീട്ടിൽ വന്നതിനുശേഷമാണ്.തന്റെ പുണ്യമാണവൾ.
ഓഫീസിലോരോന്നോർത്തിരിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.പ്രതീക്ഷിച്ച പോലെ അതവളായിരുന്നു.ദിവസത്തിലൊരു മൂന്നാലു തവണ ഓരോ കാരണമുണ്ടാക്കി അവൾ വിളിക്കുന്നത് വെറുതെ തന്നോട് സംസാരിച്ചിരിക്കാനാണെന്ന് അറിയാമെങ്കിലും ഇടയ്ക്ക് വഴക്കു പറയാറുണ്ട്.അപ്പൊ അവൾ പറയുന്ന ന്യായം നിങ്ങൾക്കവിടെ പറമ്പു കിളക്കുന്ന പണിയൊന്നുമല്ലല്ലോ ആ കറങ്ങുന്ന കസേരേലിരുന്ന് കുറെ ഫോൺ ചെയ്യുന്ന പണിയല്ലേന്നാണ്.
ഫോൺ എടുത്ത് ചെവീല് വച്ചപ്പോഴേക്കും ഒറ്റശ്വാസത്തിൽ മഴപ്പെയ്ത്തു പോലെ അവൾ പറയാൻ തുടങ്ങി.
"ജയേട്ടാ ഞാനൊന്നു വിദ്യയുടെ കൂടെ ടൗൺ വരെ പോയ്ക്കോട്ടെ?
വിദ്യ അടുത്ത വീട്ടിലെ കുട്ടിയാണ്.മീരയുടെ അടുത്ത കൂട്ടുകാരി.അവളുടെ മകൾ കിങ്ങിണിയുടെ പിറന്നാൾ വരാൻ പോകുകയാണെന്നും കുഞ്ഞിന് ഒരു പാദസരം ഗിഫ്റ്റായി കൊടുക്കണമെന്നും തലേന്നവൾ പറഞ്ഞതോർത്തു.
ആ കുഞ്ഞിനെ ഒരുപാടിഷ്ടമാണവൾക്ക്.അമ്മ ഉച്ചമയക്കത്തിലാകുമ്പോൾ അവൾക്ക് വിദ്യയുടെ വീട്ടിലേക്കൊരു വിസിറ്റുണ്ട്.ക്ലബ്ബിലുള്ള ഫ്രീസറും അവിടെ വരാൻ പോകുന്ന ശവശരീരങ്ങളും സ്വതവേ പേടിക്കാരിയായ തന്റെ സവാരിക്കൊരു തടസ്സമാകുമെന്നവൾ ഭയന്നിരുന്നു.
"പിന്നേ പോകുന്നതൊക്കെ കൊള്ളാം.രണ്ടും കൂടി കറങ്ങിത്തിരിഞ്ഞ് ഒരുപാടു ലേറ്റാകരുത്.
അതുപോലെ ഇനി ഈ ഡിസൈൻ മതിയോന്നൊക്കെ ചോദിച്ച് വാട്സാപ്പിൽ പിക്ചറയച്ചെന്നെ ബുദ്ധിമുട്ടിക്കരുത്.ഇന്നൊരുപാട് ജോലിത്തിരക്കുള്ള ദിവസാ".
"ഇല്ലാട്ടോ പ്രോമിസ്".വന്നിട്ടു കാണാമേ.
അവൾ ഫോൺ വെച്ചു..
തനിക്കൊരു പ്രധാനപ്പെട്ട മീറ്റിംഗിനിടയിലാണൊരു കാൾ വന്നത്.
ശ്ശൊ !
അവളായിരിക്കും തന്റെ അഭിപ്രായമറിയാതെ ഒരു സേഫ്റ്റി പിൻ പോലും വാങ്ങില്ല ഈ പെണ്ണ്.എന്നാണോ ഇവളിനി ഒറ്റയ്ക്കൊരു കാര്യം ചെയ്യാൻ പഠിക്കുന്നത്.
തിരക്കിനിടയിൽ വിളിക്കരുതെന്ന് എത്ര പറഞ്ഞാലുമതിന് മനസ്സിലാകുകയുമില്ല.
ഇത്തിരി ദേഷ്യത്തോടെയാണ് ഫോണെടുത്തത്.
മറുതലയ്ക്കൽ നിന്നും ശബ്ദം കേൾക്കും മുന്നെ
എന്താടീ നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേന്ന് പറഞ്ഞു തീരും മുന്നെ കേട്ടതൊരു പുരുഷ ശബ്ദമാണ്.
ഹലോ മിസ്റ്റർ ജയൻ ,ഇത് ഇന്ദിരാ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നുമാണ്.നിങ്ങളുടെ ഭാര്യയ്ക്കൊരാക്സിഡന്റ് പറ്റി.എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്കെത്തുക.പകുതി ബോധത്തിലെന്തൊക്കെയോ കേട്ടു.
പിന്നെയൊന്നും ചോദിക്കാൻ കഴിഞ്ഞില്ല.നാവ് കുഴയുന്ന പോലെ.
ഓഫീസ് ഡ്രൈവർ കണ്ണേട്ടന്റെ കൂടെ അവിടെയെത്തുമ്പോ മനസ്സു നിറയെ പ്രാർത്ഥനയായിരുന്നു.അവൾക്കൊന്നും വരുത്തല്ലേന്ന്.പക്ഷേ താൻ വൈകിപ്പോയിരുന്നു.ഹോസ്പിറ്റലിലെ മോർച്ചറിയിൽ തിരിച്ചു വരാത്തൊരുറക്കത്തിലേക്കു പോയിരുന്നവൾ.
വിദ്യക്ക് നിസ്സാര പരിക്കുകളേ ഉള്ളൂവെന്നാരോ പറയുന്നത് കേട്ടു.പോസ്റ്റ്മോർട്ടം കഴിഞ്ഞ് പുറത്തേക്ക് വന്ന ഡോക്ടർ വേറൊരു വിവരവും പറഞ്ഞു.മീര ഗർഭിണിയായിരുന്നെന്ന്.
നാട്ടിലെ പുതിയ ഫ്രീസറിലെ ആദ്യത്തെ അതിഥി അതവളായിരുന്നു.കാനഡയിലുള്ള സഹോദരനെ കാത്തു കിടക്കുകയാണവൾ.
എന്റെ മീര അവിടെ ഒറ്റയ്ക്കാണ്.അവൾക്ക് പേടിയാകും.എനിക്ക് പോകണം അവളുടെ അടുത്ത്.എന്തോ ഒരു ശക്തിയിൽ ഒച്ചയിട്ടു കൊണ്ട് വീടിനു പുറത്തേക്കോടിയ തന്നെ ആരൊക്കെയോ ചേർന്ന് ബലമായി പിടിച്ചു വെച്ചു.
ഇല്ല അവളെവിടെയും പോയിട്ടില്ല.തന്റെ ചെവിക്കടുത്ത് വന്ന് രഹസ്യം പറയുന്നതവൾ തന്നെയാണ്."ജയേട്ടാ ഇനീം എന്നെ പൊട്ടിക്കാളീ വിളിക്കേണ്ടാട്ടോ.നോക്ക്യേ ഞാനിപ്പോ ഫ്രീസറിലൊറ്റയ്ക്കല്ലേ.എനിക്കിപ്പോ നല്ല ധൈര്യാ.ഇനിയെന്നെ പൊട്ടിക്കാളീ വിളിച്ചാലുണ്ടല്ലോ."
വിളിക്കും ..ഇനീം വിളിക്കും... ആയിരം പ്രാവശ്യം വിളിക്കും ..
പൊട്ടിക്കാളി ഒന്ന്..പൊട്ടിക്കാളി രണ്ട്..പൊട്ടിക്കാളി മൂന്ന്...
ജയൻ പിന്നെയും പിന്നെയും എണ്ണിക്കൊണ്ടേയിരുന്നു....

Maya

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot