സിന്ദൂരരേഖ
🔴
🔴
🔴
🔴
‘ദേ… അന്നേ.. നീയെന്തുവിചാരിച്ചാലും കുഴപ്പമില്ല. നിന്നോട് കുറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അത് എന്റെ വീട്ടുകാർക്ക് വിളിക്കാനുള്ള പേരാണെന്നു. നിനക്കു എന്നെ ലേഖേന്നു വിളിച്ചാൽ പോരെ… ഇന്ദുന്നു വിളിച്ചാൽ ഞാനിനി വിളികേൾക്കാത്തി ല്ല പറഞ്ഞേക്കാം. ‘
ഒന്നും മിണ്ടാതെ ഓരോ ഗോഷ്ടി കാണിച്ചു നില്കുവാണ് അന്ന.
‘എടി പെണ്ണേ.. എനിക്ക് ദേഷ്യം വരുമേ.. എന്നും ഇത് എന്റെ വായിന്നു കേൾക്കേണ്ട വല്ല കാര്യവുമുണ്ടോ…’
അന്ന അവൾക്ക് നേരെ തിരിഞ്ഞു.
‘എന്റെ ലെഖൂസെ നിന്റെ ഈ ദേഷ്യവും മുൻശുണ്ഠിയും കാണാനല്ലേ ഞാൻ വെറുതെ നിന്നെ ഇന്ദുന്നു വിളിക്കുന്നെ. ഇത്രേം വര്ഷമായിട്ടു നിനക്കറിയില്ലേ എന്നെ.. ഇന്ദു എന്നു നിന്റെ വീട്ടുകാർക്കും പിന്നെ ലേഖ എന്നു ഞങ്ങളെപ്പോലെയുള്ള പീറ കൂട്ടുക്കാർക്കും. നടക്കട്ടെ. പേരു വിളിക്കുന്നതിൽ പ്രമോഷൻ കിട്ടിയ ഒരാളല്ലേയുള്ളൂ ഈ ഭൂമി മലയാളത്തിൽ. ‘
അന്ന കളിയാക്കി ചിരിച്ചു. ആ ചിരിയിൽ നാണത്തിൽ കലർന്ന ഒരു ചിരിയുമായി ഇന്ദുലേഖയും പങ്കുചേർന്നു. അവർ രണ്ടുപേരും എന്ജിനീറിങ്ങിന് ഇത് മൂന്നാം വർഷം. കോളേജിന്റെ തന്നെ ഹോസ്റ്റലിൽ താമസം.ആരു കോളേജിൽ ഇന്ദുലേഖയെ ഇന്ദുന്നു വിളിച്ചാലും കണ്ണുരുട്ടി അവരെ ഒന്നു നോക്കും. പിന്നെ അന്ന പിടിച്ചു വലിച്ചു കൊണ്ടു വരാറാ പതിവ്.
കോളേജിൽ ഇന്ദുവിന്റെ പുറകെ കുറെ പൂവാലന്മാർ ഉണ്ട്. അവരെ പറഞ്ഞിട്ട് കാര്യമില്ല.. അവൾ ഒരു സുന്ദരിക്കുട്ട്യാണ്. എല്ലാരും അവളോട് കളിയാക്കി ചോദിക്കുന്ന ചോദ്യമാണ് ‘ചന്ദു മേനോന്റെ ഇന്ദുലേഖയാണോ’ന്നു. അപ്പൊ തന്നെ മറുപടി വരും. ‘അല്ല സേതുവേട്ടന്റെ ഇന്ദുലേഖയാണെന്നു’.
അഭിലാഷ് പക്ഷെ അവളുടെ കാര്യത്തിൽ അല്പം സീരിയസ് ആണ്. അവൻ അവരെക്കാളും ഒരു വർഷം സീനിയർ ആണ്. അവളെ ഇന്ദുന്നു വിളിക്കാനുള്ള പ്രമോഷന് വേണ്ടി കുറെ കാലമായി കാത്തിരിക്കുന്നു. അന്നക്കും ഉണ്ട് ഒരു പ്രേമം. അതു പക്ഷെ കല്യാണം വരെ എത്തി നിൽക്കുന്നു. അവരുടെ സീനിയർ ആയിരുന്ന മാനുവൽ എന്ന മനു. അവൻ ഇടക്കിടെ അന്നയെ കോളേജിൽ ഡ്രോപ്പ് ചെയ്യാറുണ്ട്.
**************
**************
അങ്ങനെ മൂന്നാം വർഷവും കടന്നു. ഇനി രണ്ടു സെമസ്റ്റർ ബാക്കി. അഭിലാഷിന്റെ പഠിത്തം കഴിഞ്ഞു. ജോലി കിട്ടുന്നുടനെ വീട്ടിൽ ചോദിക്കാൻ വരും എന്ന് പറഞ്ഞു അവൻ പോയി. ലീവിന് എല്ലാവരും നാട്ടിലേക്ക് പുറപ്പെട്ടു.
അന്ന ലേഖക്കു മുന്നറിയിപ്പ് നൽകി.
‘എടീ.. അഭിലാഷ് സീരിയസ് ആണെന്ന തോന്നുന്നെ നീ നിന്റെ സേതുവേട്ടനോട് ചോദിക്കു എന്താ ചെയ്യേണ്ടതെന്ന്. ‘
ലേഖയെ കാത്തു ബസ് സ്റ്റാൻഡിൽ സേതു ഉണ്ടായിരുന്നു. ബാഗ് എടുത്ത ഡിക്കിയിൽ വച്ചിട്ടു ഇന്ദു സേതുവിന്റെ കൂടെ മുൻ സീറ്റിൽ ഇരുന്നു.
‘പിന്നെ എന്തുണ്ട് ഇന്ദൂട്ടി വിശേഷം. പഠിത്തം ഒക്കെ എങ്ങനെ പോന്നു. നന്നായി പഠിക്കുന്നുണ്ടോ. അതോ എന്നെ പറയിപ്പിക്കുമോ. ‘
അനക്കമൊന്നും ഇല്ലാത്തതുകൊണ്ട് സേതു തല ചരിച്ചു നോക്കി. അവൾ എന്തോ ആലോചനയിലാണ്. വീട്ടിൽ ചെന്നിട്ട് ചോദിക്കാം.
കുളിച്ചു ഫ്രഷ് ആയി അടുക്കളയിൽ ചെന്നപ്പോഴേക്കും സേതു ചോറും കറികളും വിളമ്പി വച്ചിരുന്നു. രണ്ടു പേരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. ഇന്ദു മൗനിയായി തന്നെ ഇരുന്നു.
വൈകിട്ട് കാറ്റും കൊണ്ട് തൂണു ചാരിയിരുന്ന ഇന്ദുവിന്റെ അടുത്തേക്ക് സേതു വന്നു. അവൾടെ അടുത്തിരുന്നു. മുടിയിൽ തലോടി.
‘ശരി.. എന്നാൽ ഇന്ദൂട്ടിക്കു പറയാൻ മടിയാണെങ്കിൽ ലേഖ മോളുപറ.. എന്താ കാര്യം.’
അവൾ അവന്റെ മടിയിലേക്കു തല ചായ്ച്ചു.
അവൾ അവന്റെ മടിയിലേക്കു തല ചായ്ച്ചു.
‘സേതുവേട്ടാ.. ഞാൻ പറഞ്ഞിട്ടില്ലേ. എന്റെ പുറകെ നടക്കുന്ന സീനിയർ അഭിലാഷിന്റെ കാര്യം. ‘
‘അതേ.. അങ്ങനെ കുറെ പേര് പുറകെ നടക്കും. എന്റെ സുന്ദരിക്കുട്ടിയല്ലേ.’
‘പോ.. ഞാൻ പറയില്ല’
‘പിണങ്ങല്ലേ. പറയൂ..’
‘അവന്റെ പഠിപ്പു തീർന്നു. അവൻ അല്പം സീരിയസ് ആണെന്ന് തോന്നുന്നു..
വീട്ടിൽ വന്നു ചോദിക്കുമെന്നാ പറയുന്നേ.’
വീട്ടിൽ വന്നു ചോദിക്കുമെന്നാ പറയുന്നേ.’
‘അത്ര സീരിയസ് ആണോ. എന്നാ നമുക്ക് നോക്കിയാലോ. ‘
‘ദേ.. സ്നേഹിച്ചു കൂടെ കൂടിയതാണെന്നു നോക്കില്ല ഞാൻ. കൊന്നുകളയും. തമാശയല്ല ഏട്ടാ. എത്ര നാൾ.. ഞാൻ എത്ര പറഞ്ഞതാ എന്റെ നിറുകയിൽ ഇത്തിരി കുങ്കുമം ഇട്ടു തരാൻ. എനിക്ക് പിന്നെ ആരോടും മറുപടി പറയണ്ടല്ലോ. സിന്ദൂരം കണ്ടാൽ ആരും അടുക്കില്ലല്ലോ.സേതുവേട്ടന്റെ ഇന്ദുലേഖയാണെന്നു പറയുമ്പോൾ എല്ലാരും കരുതുന്നത് ഇയാളെന്റെ അങ്ങളായാണെന്നാ. എനിക്ക് ലോകത്തോട് മുഴുവൻ വിളിച്ചു പറയണം. എന്റെ കെട്ടിയോനാണെന്നു.’
‘ഇതിന്റെ ഒക്കെ ഉത്തരം എന്റെ മോൾക്കറിയാം.വാ.. വന്നു കിടക്ക്.പിന്നെ അഭിലാഷ് പ്രശ്നത്തിന് പരിഹാരം ഞാൻ കണ്ടോളാം. .’
അവർ മുറിയിലേക്ക് പോയി. മുറിയിലെ അരണ്ട വെളിച്ചത്തിൽ സേതു ഇന്ദുവിനെ നെഞ്ചോട് ചേർത്ത് നിറുകയിൽ തലോടിക്കൊണ്ടിരുന്നു.
‘സേതുവേട്ടാ.. ‘
സേതു മൂളി.
‘അല്ല സേതുവേട്ടാ പ്രേമിച്ചു നടന്നപ്പോൾ സേതുവേട്ടന്റെ ആരും കാണാതെ എനിക്ക് എത്ര ചുംബനങ്ങൾ തന്നിട്ടുണ്ട്. ഇപ്പൊ ഒറ്റക്കണേലും സേതുവേട്ടൻ എനിക്ക് എന്താ ഒരു ഉമ്മ പോലും തരാത്തെ.. ‘
‘നിനക്കു ഉമ്മ തരുന്നില്ലെന്നാരാ പറഞ്ഞേ.’
അവൻ കുനിഞ്ഞ് അവളുടെ നിറുകയിൽ ചുംബിച്ചു .
‘ഉത്തരം അറിയാമെങ്കിലും ചോദിച്ചോണ്ടിരിക്കണം കേട്ടോ.. കാന്താരി.. ഞാൻ പോവ കിടക്കാൻ’
‘നിക്ക്.. ഞാൻ ഉറങ്ങീട്ടു പോയാൽ മതി സേതുവേട്ടാ.’
രാവിലെ ഇന്ദു നേരത്തെ ഉണർന്നു. ചായയും പലഹാരവും ഉണ്ടാക്കി. സേതുവിനെ വിളിച്ചുണർത്തി. രണ്ടുപേരും കഴിപ്പു കഴിഞ്ഞു സേതു തന്റെ ടാക്സിയുമായി ഓട്ടം പോയി. ഉച്ചയ്ക്കും ഉണ്ണാൻ വന്നു. വീണ്ടും വൈകിട്ട് വരെ ഇന്ദു ഒറ്റക്ക്. രാത്രി രണ്ടു മുറിയിൽ ഉറക്കം. ഇതായിരുന്നു ഇന്ദു ലീവിന് വരുമ്പോൾ അവരുടെ ദിനചര്യ. അല്ലെങ്കിൽ സേതു മിക്കവാറും പുറത്തൂന്നാകും കഴിപ്പ്.
ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഇന്ദു വീണ്ടും കോളേജിലേക്ക് പോയി.
************
************
‘അഭിലാഷ് ഒരു കാര്യം പറയാനുണ്ടായിരുന്നു. ഒന്നു വരുമോ? ‘
അഭിലാഷ് തിരിഞ്ഞു നോക്കി. അന്നയെ കൊണ്ട് വിട്ടിട്ട് മനു അഭിലാഷിനടുത്തെത്തി. ഒരു പ്രൊഫസറെ കാണാൻ വന്നതായിരുന്നു അഭിലാഷ്. കൂട്ടത്തിൽ ഇന്ദുലേഖയെയും കാണാം എന്ന് അവൻ കരുതി.
‘വിരോധമില്ലെങ്കിൽ നമുക്ക് ആ മരത്തണലിൽ ഒന്നിരുന്നാലോ.’
‘അതിനെന്താ മനുവേട്ടാ. വാ’
മനു എങ്ങനെ തുടങ്ങണം എന്നറിയാതെ ഇരുന്നു.
‘എന്താ ഒന്നും മിണ്ടാത്തത്. എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്. ഇന്ദുലേഖയെ പറ്റിയാണോ? എനിക്കും പ്രേമിച്ച നടക്കാനൊന്നും താൽപര്യമില്ല. ജോലി കിട്ടിയാലുടനെ അവളുടെ വീട്ടിൽ പോകും ഞാൻ.’
‘അതു വേണ്ടാന്നു പറയാനാ ഞാൻ വന്നത്.’
‘അതെന്താ’ അഭിലാഷ് നെറ്റി ചുളിച്ചു.
‘അവളെപ്പറ്റി നിനക്കൊന്നും അറിയില്ല. നിനക്കെന്നല്ല ആർക്കും. ഈ കോളേജിൽ എനിക്കും അന്നക്കും മാത്രമേ എല്ലാം അറിയൂ.
മലപ്പുറത്തെ ഒരു പുരാതന തറവാട്ടിലാണ് അവൾ ജനിച്ചു വളർന്നത്. അവളുടെ അമ്മ അവളുടെ ചെറുപ്പത്തിലേ മരിച്ചു. അവൾ ഒരൊറ്റ മോളായിരുന്നു. അച്ഛൻ വളരെ കർക്കശക്കാരനായിരുന്നു. അവൾക് പത്തു വയസ്സുള്ളപ്പോൾ അച്ഛൻ വേറെ വിവാഹം കഴിച്ചു. രണ്ടാനമ്മ അവളെ ഒരുപാട് ദ്രോഹിക്കുമായിരുന്നു. മാത്രമല്ല അച്ഛനോട് നുണക്കഥകൾ പറഞ്ഞു കൊടുത്തു തല്ലു കൊള്ളിക്കുകയും പതിവായിരുന്നു. പലപ്പോഴും നല്ല ആഹാരം പോലും അവൾക് നിഷേധിക്കപ്പെട്ടു.
ഇതിനെല്ലാം അവൾക്ക് ഏക ആശ്വാസം തൊട്ടടുത്ത വീട്ടിലേ ഒരു അച്ഛനും അമ്മയും മകളും മകനുമായിരുന്നു. സ്കൂളിൽ ലേഖയുടെ കൂട്ടുകാരിയായിരുന്നു അന്ന. എൻറെ അന്ന തന്നെ. പിന്നെ അവളുടെ ആങ്ങള എബിയും വീട്ടുകാരും ലേഖയെ നല്ലതുപോലെ സഹായിക്കുമായിരുന്നു. പഠിക്കാൻ അന്നേ മിടുക്കിയായിരുന്നു ലേഖ.
എബിയുടെ കൂട്ടുകാരനായിരുന്നു സേതു. അവനു അച്ഛനും അമ്മയും ഇല്ലായിരുന്നു. ഏതോ ബന്ധുക്കളുടെ വീട്ടിൽ നിന്നാണ് പഠിക്കുന്നത്. അവന്റെയും അവസ്‌ഥ ലേഖയുടേതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല. രണ്ടുപേർക്കും അന്നയുടെ വീടായിരുന്നു ഒരാശ്വാസം. എല്ലാ സാഹചര്യങ്ങളും ഒരുപോലെയായതുകൊണ്ടാണോ എന്തോ അവർ തമ്മിൽ പിരിയാനാകാത്ത വിധം അടുത്തു.
വീട്ടിൽ അറിഞ്ഞു പ്രശ്നമുണ്ടായി. അവസരം നോക്കിയിരുന്ന രണ്ടാനമ്മ അവളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. അവളുടെ തുണികളും സർട്ടിഫിക്കറ്റും കൂട്ടിയിട്ട് കത്തിക്കാൻ ഒരുങ്ങിയപ്പോൾ അവൾ ഓടി ചെന്നു എല്ലാം വാരിയെടുത്തു മാറോടടക്കി.
മറ്റൊരു മാർഗവുമില്ലാതെ അവൾ അന്നയുടെ വീട്ടിൽ അഭയം തേടി. അന്നയുടെ പപ്പയ്ക്കു ട്രാൻസ്ഫർ ആയപ്പോൾ അവളെ കൊണ്ടുപോകാൻ ഒരു മാർഗവുമില്ലാതായി. കാരണം അവർക്ക് സ്വന്തം നാട്ടിലേക്കായിരുന്നു സ്ഥലം മാറ്റം. പഴയ ചിന്താഗതിക്കാരായ കുടുംബക്കാർ ഒരിക്കലും അനുവദിക്കില്ല കൂടെ ഒരു അനാഥക്കുട്ടിയെ കൂട്ടാൻ.
സേതു അപ്പോൾ ഡിഗ്രി കഴിഞ്ഞു നിൽക്കുകയായിരുന്നു. ഇന്ദു പ്ലസ് ടുവും. ബന്ധുവീട്ടിലേക്കു അവളെ കൂട്ടിക്കൊണ്ടു ചെല്ലാൻ പറ്റില്ലായിരുന്നു. കൂട്ടുകാരുടെ സഹായത്തോടെ അവർക്ക് ഒരു വീട് കിട്ടി. അവനു ഡ്രൈവിംഗ് വശമുള്ളതുകൊണ്ട് ഒരു ടാക്സി ഡ്രൈവറായി ജോലി കിട്ടാൻ താമസമുണ്ടായില്ല. രജിസ്റ്റർ വിവാഹം നടത്താൻ നിര്ബന്ധിച്ചിട്ടും അവൻ കൂട്ടാക്കിയില്ല. അവനാരുമില്ലെങ്കിലും ലേഖക്കു അച്ഛനുണ്ടല്ലോ അദ്ദേഹത്തിന്റെ സമ്മതത്തോടുകൂടിയെ കല്യാണം കഴിക്കൂ അതും നല്ല നിലയിൽ എത്തിയിട്ടു മാത്രം എന്ന വാശിയിലാണ് അവൻ. അതിനിടെ അന്നയുടെ പപ്പയുടെ സഹായത്തോടെ ലോൺ എടുത്ത് അവളെ അന്നയോടൊപ്പം എന്ജിനീറിങ്ങിന് ചേർത്തു.
അവൻ രാപ്പകൽ ടാക്സി ഓടിച്ചു നിത്യചിലവ് കഴിയുന്നു. ഇതിനിടക്ക് ഉറക്കമിളച്ച് ബാങ്ക് ടെസ്റ്റിനും പഠിക്കുന്നു. അടുത്താഴ്ച്ച അവന്റെ എക്സാം ആണ്.
ഒന്നിച്ചു താമസിച്ചിട്ടും സ്നേഹിക്കുന്ന പെണ്ണിന്റെ വിരൽ തുമ്പിൽ പോലും മറ്റൊരു രീതിയിൽ തൊടാത്ത അവനെ പോലെ ഒരാളെ വിട്ടു മനസ്സു മുഴുവൻ നന്മ മാത്രമുള്ള ലേഖയെ പോലെയൊരു കുട്ടിക്ക് മറ്റൊരാളെ സ്നേഹിക്കാൻ പറ്റുമോ ? താൻ തന്നെ ആലോചിച്ചു നോക്കൂ.
ഇപ്പോൾ തന്നെ സേതു പറഞ്ഞിട്ടാണ് ഞാൻ ഇതൊക്കെ പറയാൻ തന്റെ അടുത്തു വന്നത്. ’
മനു തലചരിച്ച് അഭിലാഷിനെ നോക്കി. നിറഞ്ഞ കണ്ണുകൾ മറയ്ക്കാൻ പാടുപെടുകയായിരുന്നു അവൻ.
‘അത്.. മനുവേട്ടാ.. എനിക്കിതൊന്നും അറിയില്ലായിരുന്നല്ലോ.’
*************
*************
അഭിലാഷ് നേരെ പോയത് ഇന്ദുലേഖയുടെ അടുത്തേക്കായിരുന്നു. അന്നയുമുണ്ടായിരുന്നു കൂടെ. അവനെ കണ്ട് അന്നയുടെ കൈപിടിച്ച് പോകാൻ തുടങ്ങിയപ്പോൾ അഭിലാഷ് അവളെ വിളിച്ചു.
‘ലേഖേ… ശല്യപ്പെടുത്താനല്ല.. ഒരു കാര്യം പറഞ്ഞിട്ട് പൊക്കോളാം.’
ഇന്ദു നിന്നു.
‘എന്നോട് ക്ഷമിക്കണം. എനിക്കൊന്നും അറിയില്ലായിരുന്നു. ഞാൻ ഇനി തന്റെ പുറകെ നടക്കില്ല. ജീവിതകാലം മുഴുവൻ എനിക്ക് തന്നെ ലേഖ എന്നു വിളിക്കാനുള്ള അവകാശം മതി. എന്നും ഞാൻ നല്ല ഒരു ഫ്രണ്ട് ആയിരിക്കും. വിവാഹത്തിന് എന്നെയും വിളിക്കണം. നമ്പർ ഞാൻ മനുവേട്ടന്റെ കയ്യിൽ കൊടുത്തേക്കാം.. ‘
ഇന്ദു ഒന്നും മനസ്സിലാകാതെ മിഴിച്ചു നിന്നു.
*************
*************
സേതുവിന് ബാങ്ക് ടെസ്റ്റ് എഴുതി കിട്ടി. ക്യാമ്പസ് ഇന്റർവ്യൂവിൽ ഇന്ദുവിനും സെലക്ഷൻ ആയി. സേതുവിന് ജോലി കിട്ടിയ മൈസൂർക്കു തന്നെ അവളും അപ്പ്‌ളൈ ചെയ്തു. സേതുവിന് പ്രൊബേഷൻ പീരിയഡ് ആയതുകൊണ്ട് ലീവ് ഇല്ലായിരുന്നു. അതുകൊണ്ട് ഇന്ദു അവധി ദിനങ്ങൾ അന്നയുടെ വീട്ടിൽ ആഘോഷിച്ചു.
രണ്ടു പേർക്കും ജോലിയായതിനു ശേഷം അവർ ആ പഴയ തറവാറ്റുമുറ്റത്തു വീണ്ടും കാലെടുത്തു വച്ചു. തറവാട്ടിൽ ശോഷിപ്പിന്റെ ശേഷിപ്പുകളാണ് കാണാൻ കഴിഞ്ഞത്. അകത്തെ മുറിയിൽ നിന്നും നിർത്താതെയുള്ള ചുമ കേട്ടു. അവർ അങ്ങോട്ടു ചെന്നു. മനുഷ്യക്കോലം മാത്രമുള്ള ഒരു രൂപം അവർ കണ്ടു.
‘അച്ഛൻ’
‘ഇന്ദൂട്ടി…. മോള് വന്നോ.. എനിക്കറിയാമായിരുന്നു എന്റെ മോള് വരുമെന്ന്. മോളോട് ചെയ്ത തെറ്റുകൾക്കൊക്കെയുള്ള ശിക്ഷ അച്ഛന് കിട്ടി. പാതിയിലേറെ സ്വത്തു കൈക്കലാക്കി അവള് പോയി. അയൽപക്കക്കാർ ഉള്ളതുകൊണ്ട് ഞാൻ ഒരു നേരം കഞ്ഞി കുടിക്കുന്നു. മോളോട് ക്ഷമ ചോദിക്കാതെ പോയാൽ അച്ഛന്റെ ആത്മാവിനു മുക്തി കിട്ടില്ല. മോള് ഈ അച്ഛനോട് ക്ഷമിക്കണം.അച്ഛ്ന്റെ പേരക്കുട്ടികളെ കൊണ്ടുവന്നില്ലേ. അവരെ കൂടെ കണ്ടിട്ട് അച്ഛന് കണ്ണടക്കാമായിരുന്നു’
‘അച്ഛൻ എന്തൊക്കെയാ ഈ പറയണേ. അച്ഛന്റെ ഇന്ദൂട്ടി വിവാഹം കഴിച്ചിട്ടില്ല. വിവാഹം കഴിക്കുവാണെങ്കിൽ അത് അച്ഛന്റെ അനുഗ്രഹത്തോടെ ആകണമെന്ന് അച്ഛന്റെ മരുമകന് നിർബന്ധമായിരുന്നു. പിന്നെ അച്ഛന്റെ മോളെ ഇദ്ദേഹം ഒരു എൻജിനിയർ ആക്കി.
എന്റെ അച്ഛൻ അച്ഛന്റെ പേരക്കുട്ടികളുടെയും അവരുടെ മക്കളുടെയും വിവാഹം കണ്ടിട്ടേ കണ്ണടക്കൂ.. അച്ഛൻ തന്നെ വേണം ഞങ്ങളുടെ വിവാഹത്തിന് മുഹൂർത്തം കുറിപ്പിക്കാൻ. അടുത്ത മാസം ഞങ്ങൾക്ക് മൈസൂർ ജോയിൻ ചെയ്യേണ്ടതാ. എന്നിട്ട് നമുക്ക് ഒന്നിച്ചു പോകണം മൈസൂർക്ക്. എനിക്ക് അച്ഛന്റെ സ്നേഹം ആവോളം അനുഭവിക്കണം.’
*************
*************
ഏറ്റവും അടുത്ത മുഹൂർത്തത്തിൽ അവരുടെ വിവാഹം നടന്നു. അഭിലാഷും വന്നിരുന്നു.
തറവാട്ടിൽ ആയിരുന്നു അവരുടെ ആദ്യരാവ്. കുളിച്ചു വന്ന ഇന്ദുവിന്റെ സീമന്തരേഖയിൽസേതു കുങ്കുമം ചാർത്തി. കാതോരം അവൻ വിളിച്ചു.
‘ഇന്ദൂട്ടി…’
അവൾ മൂളി.
‘ഇന്ന് മോൾടെ പരാതിയൊക്കെ ഏട്ടൻ തീർത്തു തരാട്ടോ..’
അവൾ നാണത്താൽ ചുവന്ന മുഖം പൊത്തി അവന്റെ മാറിൽ ചാഞ്ഞു.
**********
ദീപാ ഷാജൻ
**********
ദീപാ ഷാജൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക