Slider

അനുരാഗത്തിന്റെ രാഗങ്ങള്‍ കഥ

0
അനുരാഗത്തിന്റെ രാഗങ്ങള്‍
കഥ
''അനുരാഗം, രാഗം, രാഗിണി .. ഏതാവും ആദ്യം ഉണ്ടായത് ?'' അവന്‍ ചോദിച്ചു. തലേന്ന് അവര്‍ ഒന്നിച്ചിരുന്നു കണ്ട ടെെറ്റാനിക്കിലെ സംഗീതത്തിന്റെ മാസ്മരലഹരി അവനെ വിട്ടു പോയിരുന്നില്ല.. ''A lot can happen over a cup of coffee ''എന്ന വാക്യത്തിന്റെ മാന്ത്രികതയില്‍ ,അപ്പോള്‍ വറുത്തുപൊടിച്ച കാപ്പിയുടെ സ്വാദു പങ്കിട്ടുകൊണ്ടിരിക്കുകയായിരുന്നു അവര്‍.
''എനിക്കറിയാം '' ഒരനുരാഗഗാനം പോലെ അവള്‍ മൊഴിഞ്ഞു.''ആദ്യം നീയും ഞാനുമുണ്ടായി. കപ്പല്‍ത്തുഞ്ചത്ത് കാറ്റിനെയും കടലിനെയും പുണരാന്‍ കെെപരത്തിക്കൊണ്ടു നാം നിന്നപ്പോള്‍ പിന്നണിയിലാരാ പാടിയത് ?ഞാനല്ല, നീയല്ല. ആകാശവും കടലുമൊന്നിക്കുന്നിടത്ത് അതങ്ങനെ അലയടിക്കുകയായിരുന്നു. അനുരാഗ രാഗത്തില്‍.
''''കോര്‍ത്ത കെെകള്‍ അഴിഞ്ഞകലുമ്പോള്‍ ആ ഗാനവും ഇല്ലാതാവും അല്ലേ ? കപ്പല്‍ എപ്പോഴും മുങ്ങാം അല്ലേ ?''
അവന്റെ സ്വരത്തിലെ വിഷാദം കേട്ടറിയാന്‍ അവള്‍ക്കു വിഷമമുണ്ടായില്ല. അനിവാര്യമായ വേര്‍പാട് എന്നെങ്കിലും സംഭവിച്ചെ തീരു.'' A lot can happen'''അത്രമാത്രം വായിച്ചു നിര്‍ത്തിയാല്‍ അനുരാഗത്തിന്റെ രാഗം മറ്റൊന്നാവും. അവള്‍ക്കും അവനും അതറിയാം.
'' ഏറ്റവും ഹൃദ്യമായ അനുരാഗഗാനം വേര്‍പാടിന്റെ നോവില്‍നിന്നല്ലെ ഈണമാവുന്നത്? വിരഹം ,അതാണ് അനുരാഗത്തെ അനശ്വരമാക്കുന്നത്.''
'' ഒരു മോതിരമായോ ഒരു പതക്കമായോ നിലവറയിലെ കാല്‍പ്പെട്ടിയില്‍ നമ്മളതു സൂക്ഷിക്കുന്നു. ഏകാന്തത അലട്ടുന്ന നാള്‍കളിലൊരിക്കല്‍ അതെടുത്തു ഉള്ളം കയ്യില്‍ വെച്ച് വീര്‍പ്പിടുമ്പോള്‍ വീണ്ടും ആ അനുരാഗഗാനം അന്നു കേട്ട അതേ രാഗത്തില്‍ അതേ ശബ്ദത്തില്‍ കേള്‍ക്കാം. അതാണ് അനുരാഗം. അനശ്വരമായ രാഗം'' . തന്റെ വിരലിലെ മോതിരം ഊരി അവന്റെ മോതിരവിരലില്‍ ഇടുവിച്ചുകൊണ്ടു പറഞ്ഞു.
അവള്‍ക്കെന്താണ് കൊടുക്കേണ്ടത് എന്നറിയാതെ അവന്‍ പരുങ്ങി. ''നീ എനിക്ക് ഒന്നും തരേണ്ട.'' അവന്റെ വ്യഥ വായിച്ചറിഞ്ഞ അവള്‍ പറഞ്ഞു.'' ദാ, നോക്ക് !''
ആദ്യനാളുകളിലൊരിക്കല്‍ അവന്‍ സമ്മാനിച്ച മയില്‍പ്പീലിയും ഓടക്കുഴലും ചേര്‍ത്തുവെച്ച വെള്ളിപ്പതക്കം മെെലാഞ്ചി ചുവപ്പുള്ള ഉള്ളംകയ്യില്‍ അവനെ നോക്കി ചിരിച്ചു.
അവര്‍ പതുക്കെ സ്റ്റേഷനിലേയ്ക്കു നടന്നു.വണ്ടിയിളകിയപ്പോള്‍ ജനാലയ്ക്കരികിലിരുന്ന അവന്‍ തൂവാല വീശിക്കാട്ടി. വണ്ടിയുടെ വേഗതയ്ക്കൊപ്പം എല്ലാ ജനാലകളിലും തൂവാലകളുടെ നിര നീണ്ടു നീണ്ടുപോകുന്നത് അവള്‍ വിസ്മയത്തോടെ നോക്കിനിന്നു. കടലും ആകാശവും കൂട്ടിമുട്ടുന്ന ചുവപ്പിലേയ്ക്ക് അതു നീണ്ടു നീണ്ടു പോയി. അനുരാഗം പോലെ നേര്‍ത്ത വിഷാദം അവളുടെ കണ്ണു നനയിച്ചു.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo