Slider

മോർച്ചറിയുടെ കാവൽക്കാർ

0

മോർച്ചറിയുടെ കാവൽക്കാർ
---------------------
മാർച്ച്‌ 24..രാവിലെ.
...ഇത് ഇന്ന് രണ്ടാമത്തെ ബോഡി ആണ്...
കടയിൽ നിന്ന് സോഡാ സർബത്ത് കുടിച്ചുകൊണ്ടിരുന്ന ബെന്നി എന്നോട് പറഞ്ഞു.
ഹോസ്പിറ്റലിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മോർച്ചറിയുടെ നേരെ എതിർ ഭാഗത്താണ് എന്റെ കട.
ബെന്നിയുടെ വാക്കുകൾ എന്നിൽ ഒരു കനലായി എരിഞ്ഞിറങ്ങി..
രാവിലെ മുതൽ മനസ്സ് അസ്വസ്ഥമാണ്.
ഓരോ ബോഡി വരുമ്പോഴും ഓടിപ്പിടച്ച് എത്തിനോക്കാൻ മനസ്സ് വെമ്പുന്നു..
വയറ്റിൽ തീ പിടിപ്പിക്കുന്ന ഒരു ആകാംഷ ..
ബെന്നി സോഡയും കുടിച്ച് തന്റെ ബുക്ക് സ്റ്റാളിലേക്കു പോയി.
... ആത്മഹത്യയാണ്.. ചെറിയോൾക്കു പതിനേഴു വയസ്സേ ഉള്ളത്രെ.. എന്താ പറയാ...
ഒരാൾ പിറുപിറുത്തുകൊണ്ട് നടന്നു പോയി.
പുറത്ത് അടക്കം പറഞ്ഞ് ആൾക്കാർ കൂടിനിൽക്കുന്നു . എത്രയോ വർഷങ്ങളായി കട നടത്താൻ തുടങ്ങിയിട്ട്..
മുന്നിലുള്ള മോർച്ചറിയിൽ വരുന്ന ജീവനില്ലാത്ത ശരീരങ്ങളുടെ പുറകിലുള്ള കഥകളിൽ ഇതേവരെ താല്പര്യം തോന്നിയിട്ടില്ല..
നേരെ മറിച്ചു് അവിടെ കൂടിനിൽക്കുന്നവരെ കടയിലേക്ക് വരുത്താൻ താൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു .
പക്ഷെ ഇന്ന് മനസ്സ് മോർച്ചറിയെ വലയം ചെയ്ത് നിൽക്കുന്നു.
അവിടെ വരുന്ന ശരീരങ്ങളോരോന്നും വെപ്രാളത്തോടെ ചെന്ന് നോക്കാനുള്ള ത്വര നിയന്ത്രിക്കാൻ പറ്റാതായിരിക്കുന്നു.
ഓരോ ബോഡി വരുമ്പോഴും അത് ആ മൂന്നാമനാണെന്നൊരു തോന്നൽ.
എല്ലാം തുടങ്ങിയത് മൂന്ന് മാസങ്ങൾക്കു മുൻപാണ്
.....................................................
മൂന്ന് മാസങ്ങൾക്കു മുൻപ്..
ഡിസംബർ 25
മഞ്ഞു പെയ്യുന്ന ഒരു ക്രിസ്മസ് പുലരി..
അന്നാണ് ബെന്നിയുടെ പതിനേഴു വയസ്സുകാരി മകൾ സാന്ദ്രക്കൊച്ച് ഹെയർപിൻ വളവിനടുത്തുള്ള റബ്ബർക്കാട്ടിൽ ക്രൂരമായ മാനഭംഗശ്രമത്തിനിടയിൽ കൊല്ലപ്പെട്ടത് .
നല്ല ബുദ്ധിശാലി കൊച്ച്
ഒന്നാം വർഷം ഡിഗ്രിക്ക് പഠിക്കുകയായിരുന്നു.
എന്റെ അയൽവാസിയാണ് ബെന്നിയുടെ കുടുംബം..
ഭാര്യ റോസ. ഒരു മകൾ സാന്ദ്ര.
കാലങ്ങളായുള്ള സൗഹൃദം.
ബെന്നിയും ഞാനും സമപ്രായക്കാരായിരുന്നു
ആരോരുമില്ലാത്ത എനിക്ക് എല്ലാമായിരുന്നു അവർ.
സാന്ദ്രക്ക് അഞ്ച് വയസ്സുള്ളപ്പോളാണ് അവർ പീരുമേട്ടിലെ സ്ഥലവും വിറ്റ് എന്റെ നാട്ടിലേക്ക് കുടിയേറിയത്.
സാന്ദ്രക്കൊച്ചിനെ കാണുമ്പോൾ എനിക്ക് ചെറുപ്പത്തിൽ മരിച്ചു പോയ സന്ധ്യയെ ഓർമ്മവരും.
എന്റെ കുഞ്ഞനിയത്തി.
അതേ മുഖച്ഛായയായിരുന്നു സന്ധ്യക്ക്‌.
കട തുറക്കാനായി സൈക്കിളിൽ വരുകയായിരുന്ന ഞാൻ പൊന്തക്കാട്ടിൽ നിന്നും നാട്ടുകാരൻ കുര്യച്ചൻ ഇറങ്ങി വരുന്നത് കണ്ടിരുന്നു.
മഞ്ഞുപോലെ മുഖത്ത് പാണ്ടുള്ള മനുഷ്യൻ.
റബ്ബർക്കാട് ഡിസംബർ മാസത്തിലെ പുലർകാലമഞ്ഞിൽ മൂടിക്കിടക്കുകയായിരുന്നു.
കിടു കിടാ വിറയ്ക്കുന്ന തണുപ്പ്.
എന്റെ പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു .
ഒന്ന് ടൌൺ വരെ പോകണം അതാ രാവിലേ ഇറങ്ങിയത് എന്നും പറഞ്ഞ് കൈകൾ കൂട്ടിത്തിരുമ്മി അയാൾ സൈഡിൽ പാർക്ക്‌ ചെയ്തിരുന്ന ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് മുന്നിൽ കോടമഞ്ഞിൽ കുളിച്ചുനിന്ന റോഡിനപ്പുറത്തേക്കു ഓടിച്ചു പോയി.
അയാളുടെ മുഖത്തെ അസാധാരണമായ ഒരു ഭാവം ശ്രദ്ധിച്ചെങ്കിലും മൂത്രമൊഴിക്കാൻ നിർത്തിയതായിരിക്കും എന്നാണ് ഞാൻ ചിന്തിച്ചത്. കുറച്ച് മുന്നോട്ടെത്തിയപ്പോൾ സൈക്കിളിന്റെ മിററിലൂടെ കണ്ടു.
രണ്ട് പേർ കൂടി ആ കാട്ടിൽ നിന്നും ഇറങ്ങി വരുന്നത്.
ഒരാൾ നാട്ടുകാരൻ സുകുമാരൻ
മറ്റേ മുഖം എനിക്ക് തെളിഞ്ഞില്ല.
തലമൂടിക്കൊണ്ടുള്ള ജാക്കറ്റ് ധരിച്ചിട്ടുണ്ടായിരുന്നു.
എന്റെ തിരക്കിൽ ഞാൻ ആ സംഭവം മറന്നു.
അന്ന് ബെന്നിയെ കടയിലേക്ക് കണ്ടില്ല.
കുറച്ച് കഴിഞ്ഞപ്പോൾ വീടിനടുത്തുള്ള വേലുവാണ് വിളിച്ചു പറഞ്ഞത്.
സാന്ദ്രക്കൊച്ചു പോയി എന്ന്..
ബോഡി കിടന്നിരുന്ന സ്ഥലം പറഞ്ഞപ്പോൾ ഞാനെന്തോ കുര്യച്ചനെയും അയാളുടെ പാണ്ടു പിടിച്ച മുഖവും ഓർത്തു.
സുകുമാരനും മൂന്നാമനും എന്റെ മനസ്സിലേക്കോടിയെത്തി.
ജീവിതത്തിലാദ്യമായി അന്ന് മോർച്ചറിയിലോട്ടു നോക്കി ഞാൻ കരഞ്ഞു.
എന്റെ സാന്ദ്രക്കൊച്ചവിടെ ചവിട്ടി മെതിച്ച ഒരു ജമന്തിപ്പൂ പോലെ കിടക്കുന്നത് എനിക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല..
കുര്യച്ചനും സുകുമാരനും നാട്ടിലെ പണച്ചാക്കുകളാണ്.. അവരുടെ പിടിപാട് കാരണം അന്വേഷണം എങ്ങുമെത്തിയില്ല.
കേസ് ഒതുക്കി തീർത്തു.
ബെന്നി തളർന്നു പോയിരുന്നു.
സാമ്പത്തികബലവും ബന്ധുബലവും ഇല്ലാത്തവൻ.
പാവപ്പെട്ടവന് ഈ രാജ്യത്തു നീതി കിട്ടുമോ ?
പോയത് പോയി ഇനി ഓടാൻ വയ്യ എന്ന് റോസയും അവനോടു പറഞ്ഞു.
മാനസികമായി അത്രക്ക് തകർന്നിരുന്നു അവർ.
അതിന് ശേഷം അവന്റെ കണ്ണുകളിൽ ലോകത്തോടുള്ള പ്രധിഷേധം ഒരു കനലായി എരിഞ്ഞു കിടന്നിരുന്ന പോലെ എനിക്ക് തോന്നി.
പക്ഷേ ദൈവം ഉണ്ട് എന്നെനിക്ക് ഒരു മാസത്തിനകം ബോധ്യമായി.
കൃത്യം ഒരുമാസം
................................................
ജനുവരി 25
കട തുറക്കാൻ അന്ന് കുറച്ച് ലേറ്റ് ആയി.
രണ്ട് ദിവസമായി ശരീരത്തിന് സുഖമില്ലായിരുന്നു.
തലവേദന.. മേല് കടച്ചിൽ..
പ്രായമായി എന്നെനിക്ക് തോന്നി
ഒരു കോട്ടുവായിട്ടു കൊണ്ട് കട തുറന്നപ്പോൾ മോർച്ചറിക്കു മുൻപിൽ പതിവില്ലാത്ത വിധം ആൾക്കൂട്ടം.
അസാധാരണമാം വണ്ണം ഞാൻ അങ്ങോട്ടേക്ക് ആകർഷിക്കപ്പെട്ടു.
സാന്ദ്രക്കൊച്ചിന്റെ മരണശേഷം ഞാനെങ്ങനെയായിത്തീർന്നു എന്നാണ് സത്യം.
പലപ്പോഴും ശവശരീരങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്ന ഫോർമലിന്റെ ഗന്ധം എനിക്ക് ചുറ്റും തങ്ങിനിൽക്കുന്ന പോലെ തോന്നിയിരുന്നു.
മോർച്ചറിക്കു പുറത്ത് ഒരു പോലീസ് ജീപ്പുണ്ടായിരുന്നു.
..ആരാ മരിച്ചത് ?
എന്താ സംഭവം..
ഞാൻ ചോദിച്ചു. ആരും മിണ്ടിയില്ല
മോർച്ചറിയിലോട്ടെടുക്കുമ്പോൾ മൃതദേഹത്തിന്റെ മുഖം മറച്ച തുണി നീങ്ങി..
ഒരുനിമിഷം ഞാൻ കണ്ടു.
വെള്ളപ്പാണ്ടുള്ള ആ മുഖം.
ഒരിക്കലും മറക്കില്ല ഞാനാ നിമിഷം.
നീതി നടപ്പായിരിക്കുന്നു.
ഞാൻ ഒരു മൂളിപ്പാട്ടോടെ എന്റെ കടയിലേക്ക് നടന്നു.
ഈ കാര്യം ബെന്നിയെ അറിയിക്കണമെന്നുണ്ടായിരുന്നു.
പക്ഷേ വീണ്ടും ആ പഴയ നീറുന്ന ഓർമകളിലേക്ക് അവനെ കൊണ്ടുപോകേണ്ട എന്ന് കരുതി ഞാൻ മൗനം പാലിച്ചു.
അവൻ പുസ്തകക്കടയിൽ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു .
..ഒരു സോഡാ തരൂ ചേട്ടാ ..
ഒരു ശബ്ദം കേട്ട് ഞാൻ പുറത്തേക്ക് നോക്കി.
കറുത്ത ജാക്കറ്റ് ഇട്ട ഒരു സുമുഖനായ ചെറുപ്പക്കാരൻ തന്റെ ബുള്ളറ്റ് പാർക്ക്‌ ചെയ്ത് കടയിലേക്ക് വന്നു.
നല്ല ഉയരം. ആരോഗ്യമുള്ള ശരീരം
വിരിഞ്ഞ നെഞ്ച്..
അയാൾ മുഖത്ത് നിന്നും സൺഗ്ലാസ് എടുത്ത് മാറ്റി.
അയാളുടെ പൂച്ചക്കണ്ണുകൾക്കു സൂര്യപ്രകാശത്തിൽ പച്ചനിറം .
എത്ര വർഷമായി ഇവിടെ.. ?
തണുത്ത സോഡാ വാങ്ങിക്കുടിച്ചതിന് ശേഷം അയാൾ ചോദിച്ചു.
എത്ര വർഷമായിട്ടുണ്ടാകും ?
ഞാൻ നിമിഷനേരം കൊണ്ട് മനക്കണക്ക് നടത്തി.
അച്ഛൻ അകാലത്തിൽ മരിച്ചപ്പോൾ പഠിത്തം നിർത്തി കടയിൽ കയറിയതാണ് .
അതിനും മുന്നേ അമ്മയും പോയി.
അനിയത്തി സന്ധ്യ പോയത് അവസാനം..
അസുഖം ബാധിച്ചായിരുന്നു മരണം.
പിന്നെയാണ് ഈ ഒറ്റപ്പെട്ട ജീവിതം തുടങ്ങിയത്
ഇരുപത് വർഷത്തിന് മേലെ ആയിട്ടുണ്ടാകും.
ഓഹ്..
അയാൾ തല കുലുക്കിക്കൊണ്ട് ഒരു സിഗററ്റെടുത്ത്‌ കത്തിച്ച് മോർച്ചറിക്കു നേരെ കണ്ണുകൾ പായിച്ചു.
ആരാ മരിച്ചത്.. ?
അയാൾ ആരോടെന്നില്ലാതെ ചോദിച്ചു.
നാട്ടുകാരനാണ്.. കുര്യച്ചൻ..
ഞാൻ പറഞ്ഞു.
ഒന്ന് രണ്ട് കസ്റ്റമറെ വിട്ട് തിരിച്ചു വരുമ്പോഴേക്കും അയാളുടെ ബുള്ളറ്റ് വിദൂരതയിൽ മറഞ്ഞിരുന്നു.
മഞ്ഞിന്റെ ആവരണത്തിനപ്പുറം മറഞ്ഞിരിക്കുന്നൊരാൾ. !
എനിക്കങ്ങനെയാണ് അയാളെപ്പറ്റി തോന്നിയത്
മോർച്ചറിക്കു മുൻപിൽ പോലീസ് വാഹനങ്ങൾ നിറഞ്ഞിരുന്നു.
അവർ പതിവ് നടപടിക്രമങ്ങളിലേക്കു നീങ്ങി.
തിരക്കൊഴിഞ്ഞ ഞാൻ പകുതി വായിച്ച് തീർത്ത അഗതാ ക്രിസ്റ്റിയുടെ
ക്രൈം നോവൽ ' death in the clouds ' മലയാളപരിഭാഷ എടുത്ത് വായിക്കാൻ തുടങ്ങി.
ബെന്നിയുടെ കടയിൽ നിന്നും വാങ്ങിയതാണ്.
പറയാൻ മറന്നു ... എനിക്ക് സസ്പെൻസ് ത്രില്ലറുകൾ വളരെ ഇഷ്ടമാണ്.. !
...............................................
ഒരു മാസം കഴിഞ്ഞ്
ഫെബ്രുവരി 26
നഗരത്തെ നടുക്കി വീണ്ടുമൊരു കൊലപാതകം..
ഇത്തവണ ബോഡി കിട്ടിയത് സിനിമാ തീയേറ്ററിന് പുറകിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ.
ബെന്നി മോർച്ചറിയിലേക്ക് നോക്കി കൂടി നിന്നവരോട് പറഞ്ഞു.
മരിച്ചത് നാട്ടുകാരൻ സുകുമാരൻ.
തലക്കടിയേറ്റിട്ടാണ് മരണം..
സെക്കന്റ്‌ ഷോ കാണാൻ പോയിട്ട് തിരിച്ചുവന്നില്ലെന്നു സുകുമാരന്റെ ഭാര്യ കരഞ്ഞു കൊണ്ട് പറയുന്നത് റോസ കേട്ടിരുന്നു.
ബെന്നിയുടെ മുഖം ഒരു മൃതദേഹത്തിന്റേതു പോലെ നിർവികാരമായിരുന്നു.
മോർച്ചറിക്കു മുന്നിൽ കാക്കിപ്പട
കാക്കക്കൂട്ടങ്ങളെ പോലെ എനിക്ക് തോന്നി.
കുറച്ചകലെ മതിലും ചാരി സിഗെരെറ്റ് പുകച്ചുകൊണ്ടു നിൽക്കുന്ന പൂച്ചക്കണ്ണനെ ഞാൻ കണ്ടു.
ബുള്ളറ്റ് അടുത്തുതന്നെ ഉണ്ടായിരുന്നു.
മോർച്ചറിയിൽ നോക്കി ചിന്താമഗ്‌നനായി നിൽക്കുകയായിരുന്നു അയാൾ.
എന്റെ മനസ്സിൽ ചിന്തകൾ കുമിഞ്ഞു കൂടാൻ തുടങ്ങി.
മരിച്ചത് രണ്ടും സാന്ദ്രക്കൊച്ചിന്റെ മരണത്തിൽ പങ്കുണ്ടെന്നു കരുതുന്നവർ.
മൂന്നാമൻ ഇപ്പോഴും മൂടൽ മഞ്ഞിന് അപ്പുറത്താണ്..
.. ആരാണയാൾ. ?
ബെന്നിയുടെ മുഖത്തെ മരവിപ്പിന്റെ അർത്ഥമെന്താണ് .. ?
വായിച്ച ക്രൈം നോവലുകൾ എന്റെ മനസ്സിൽ ഒരു സ്വഭാവം രൂപപ്പെടുത്തി എടുത്തിരുന്നു.
അഗത ക്രിസ്റ്റിയുടെ നോവലുകളും ഷെർലക്ക് ഹോംസ് കഥകളും എന്നെ ഒരു അപസർപ്പക നോവലിസ്റ്റിന്റേതിന് തുല്യമാക്കിയിരുന്നു.
നടന്ന സംഭവങ്ങൾ വെച്ച് ഞാനൊരു കഥ മനസ്സിൽ മെനഞ്ഞു
എന്റേതായ ഒരു കഥ..
മകളുടെ മരണത്തിനു പ്രതികാരം ചെയ്യുന്ന ഒരു നായകനായിരുന്നു ബെന്നി ആ കഥയിൽ.
മരണം നടക്കുന്നത് എല്ലാ മാസവും സാന്ദ്ര മരിച്ച തീയതിയിലോ അല്ലെങ്കിൽ അതിന് മുൻപോ പിൻപോ.
അപ്പോൾ അടുത്ത മാസം ഇതേ സമയം ഒന്ന് കൂടി..
പക്ഷേ ആരായിരിക്കും ആ മൂന്നാമൻ.. ?
പൂച്ചക്കണ്ണുള്ള ആ ചെറുപ്പക്കാരൻ ആരാണ്..?
മഫ്തിയിലുള്ള ഓഫീസറാണോ അയാൾ..
ചിന്തകൾക്ക് ചൂടു പിടിക്കുന്നു എന്ന് തോന്നിയപ്പോൾ ഞാൻ കയ്യിലിരുന്ന ബുക്ക് താഴെ വെച്ച് എഴുന്നേറ്റു.
.................................................
മാർച്ച്‌ 24
കഴിഞ്ഞ മാസങ്ങളിലെ സംഭവപരമ്പരകളുടെ അന്ത്യം വരുന്ന മൂന്ന് ദിവസങ്ങളിൽ ഉണ്ടാകുമെന്ന് എന്റെ മനസ്സ് പറയുന്നു.
ഓരോ ബോഡി വരുമ്പോഴും ഓടിച്ചെന്ന് നോക്കിയെങ്കിലും പ്രത്യേകമായി ഒന്നും സംഭവിക്കാതെ അന്നത്തെ പകൽ കൊഴിഞ്ഞു വീണു.
ഇരുട്ട് പരന്നു .
പകലിന്റെ അന്ത്യത്തിന് ശേഷമുള്ള ആ പേടിപ്പിക്കുന്ന നിശബ്ദത എന്നെ വലയം ചെയ്യാൻ തുടങ്ങി.
ഇരുട്ടിന്റെ പശ്ചാത്തലത്തിൽ മോർച്ചറി ഒരു പ്രേതം പോലെ വായും പൊളിച്ച് എന്റെ മുന്നിൽ നിൽക്കുന്നു.
കടയും അടച്ച് ബെന്നി ഒരു സ്വപ്നാടകനെപ്പോലെ പോകുന്നത് ഞാൻ നോക്കി നിന്നു.
വരുന്ന രണ്ട് ദിവസം രാത്രി ബെന്നിയെ പിന്തുടരാൻ എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.
അന്ന് രാത്രി ബെന്നിയുടെ വീട് നോക്കിക്കൊണ്ട് ഞാൻ ഇരുന്നു..
എപ്പോളോ ഉറങ്ങിപ്പോയ ഞാൻ കാലിൽ മഞ്ഞിന്റെ തണുപ്പനുഭവപ്പെട്ടപ്പോൾ ഞെട്ടി എഴുന്നേറ്റു.
നേരം പുലർച്ചെ ആയിരുന്നു
......................................................
മാർച്ച്‌ 25.
അന്നത്തെ പകൽ പ്രത്യേകിച്ചൊന്നും കൂടാതെ കടന്ന് പോയി.
മൂന്നാമന്റെ മൃതശരീരവും പ്രതീക്ഷിച്ചു ഞാനിരിക്കുമ്പോൾ അന്തരീക്ഷത്തിൽ ഫോർമലിന്റെ മണം തങ്ങിനിന്നിരുന്നു.
ബെന്നി കടയിൽ തന്നെ ഉണ്ടായിരുന്നു.
...................................................
അന്ന് രാത്രി..
എന്റെ വീടിന്റെ ഇറയത്തു മുറ്റത്തെ കുറ്റിമുല്ലചെടിയുടെ അരികിൽ ഞാനിരുന്നു.
ബെന്നിയുടെ വീട്ടിൽ തുറന്നിട്ട ജനാലയിൽ കൂടി അരണ്ട വെളിച്ചം കാണാം.
ആ വീട്ടിൽ സാന്ദ്രകൊച്ചിന്റെ മരണശേഷം ശ്മശാനമൂകതയാണ് എപ്പോഴും.
സമയം പന്ത്രണ്ട് മണിയോടടുത്തിട്ടുണ്ടാകും.
ബെന്നി മെല്ലെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.
ഒരു സിഗെരെറ്റ് വലിച്ച് കൊണ്ട് അയാൾ പുറത്ത് കൂടെ ഉലാത്താൻ തുടങ്ങി.
ചന്ദ്രന്റെ നേർത്ത നിലാവെട്ടം താഴെ അവ്യക്തമായ ചിത്രങ്ങൾ വരക്കുന്നുണ്ട്.
പുറത്ത് ഒരു ബുള്ളറ്റിന്റെ ശബ്ദം.
അതിന്റെ ഹെഡ്‍ലൈറ്റിൽ നിന്നുള്ള പ്രകാശം മുഖത്തേക്കടിച്ചപ്പോൾ ഞാൻ പതുങ്ങി.
നിർത്താതെ അത് എന്റെ വീടിനുമുൻപിലെ വളവു തിരിഞ്ഞു താഴോട്ട് പോയി..
ശബ്ദം അങ്ങ് ദൂരെ അലിഞ്ഞില്ലാതാകുന്നത് ഞാൻ അറിഞ്ഞു.
അത് ശ്രദ്ധിച്ച ബെന്നി നടത്തം നിറുത്തി കയ്യിലെ പകുതിയായ സിഗെരെറ്റ് വലിച്ചെറിഞ്ഞു അകത്തേക്ക് കയറി..
കുറച്ച് കഴിഞ്ഞപ്പോൾ അകത്തെ വെളിച്ചം കെട്ടു.
എന്റെ കണ്ണുകൾക്ക്‌ കനം വെച്ചു തുടങ്ങിയിരിക്കുന്നു.
കൺപോളകൾ അടഞ്ഞു പോകുന്നു.
ചിന്തകൾ മാറ്റി വെച്ച് ഞാൻ അകത്തേക്ക് കയറി.
കാറ്റിന് തണുപ്പ് കൂടി വരുന്നുണ്ടായിരുന്നു
കരിയിലകളിൽ മഞ്ഞു പൊഴിയുന്ന നേർത്ത ശബ്ദം മാത്രം.
എപ്പോളാണ് ഉറങ്ങിയതെന്നറിയില്ല..
മരിച്ചുകിടക്കുന്ന രണ്ട് പെൺകുട്ടികളുടെ മൃതശരീരം സ്വപ്നം കണ്ട് ഞെട്ടിയുണർന്നപ്പോൾ നേരം പുലർന്നിരുന്നു..
സാന്ദ്രക്കൊച്ചിന്റെയും എന്റെ അനുജത്തി സന്ധ്യയുടെയും മുഖമായിരുന്നു അവർക്ക്.
തണുപ്പിലും വിയർത്തൊഴുകുകയായിരുന്നു ഞാൻ.
..............................................
പിറ്റേന്ന്
മാർച്ച്‌ 26
ഞാൻ അതിരാവിലെ കുളിച്ചൊരുങ്ങി .
ടൗണിലേക്ക് പോകണം.
മനസ്സിന് ബലക്കുറവ് അനുഭവപ്പെടുന്ന പോലെ തോന്നിയിട്ട് കുറച്ച് കാലമായി.
മനസ്സിൽ മൂടിവച്ച എന്റനുജത്തിയുടെ വേദനിപ്പിക്കുന്ന ഓർമ്മകൾ സാന്ദ്രയുടെ മരണശേഷം എന്നെ അലട്ടാൻ തുടങ്ങിയിരുന്നു.
ദുഃസ്വപ്നങ്ങൾ ഒരു പതിവായിരിക്കുന്നു.
പണ്ടെന്നെ ചൂഴ്ന്നു നിന്ന വിഷാദരോഗത്തിലേക്ക് എടുത്തെറിയപ്പെടുമോ എന്ന ഭയം എന്നെ ആ തീരുമാനത്തിലെത്തിച്ചു.
ഒരു മാനസികരോഗവിദഗ്ധനെ കാണുക.
നാട്ടിൽ നിന്നുള്ള ആദ്യത്തെ ബസ് പിടിക്കണം.
പുറത്തേക്കിറങ്ങുമ്പോൾ ബെന്നിയുടെ വീടിനു നേർക്ക് ഞാൻ നോക്കി.
മഞ്ഞു പുതച്ച് നിശബ്ദമായി ഉറങ്ങുകയാണ് അവന്റെ വീട്..
................................................
തിരിച്ച് കടയിലെത്തിയപ്പോൾ 12 മണിയായിരുന്നു.
മോർച്ചറിയുടെ മുന്നിൽ ആൾക്കൂട്ടം.
ഞാൻ ബെന്നിയുടെ കടയിലേക്ക് നോക്കി.
കട അടഞ്ഞു കിടക്കുന്നു.
കീശയിലെ ഫോൺ എടുത്തു നോക്കി.
ചാർജ് തീർന്ന് അതെപ്പോഴോ ഓഫായിരിക്കുന്നു.
എന്റെ മനസ്സിൽ സംശയങ്ങൾ ഉയരാൻ തുടങ്ങി..
ആകാംഷ അടക്കാനാകാതെ ഞാൻ മോർച്ചറിക്കു മുന്നിലേക്ക്‌ ഓടിച്ചെന്നു..
ആംബുലൻസിനു പുറകെ ഒരു പോലീസ് ജീപ്പുമുണ്ട്.
ആംബുലൻസിനകത്തു വെള്ളത്തുണി പുതച്ച രണ്ട് ശരീരങ്ങൾ.
പുറത്തേക്കെടുത്തപ്പോൾ ഹൃദയം നിന്നുപോയതുപോലെ എനിക്ക് തോന്നി.
ബെന്നിയുടെയും റോസയുടെയും ജീവനറ്റ ശരീരങ്ങൾ എന്റെ മുന്നിലൂടെ മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നത് ഒരു പ്രതിമ പോലെ നിശ്ചലമായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.
.. കാലം പോയ പോക്കേ.. എന്തൊക്കെ കേൾക്കണം.. എന്നാലും ഇവൻ ഇത്തരക്കാരനാണെന്നു ചിന്തിച്ചില്ല...
കൂടിനിന്നവരിൽ ആരോ പറയുന്നത് കേട്ട് എനിക്ക് സ്ഥലകാലബോധമുണ്ടായി.
അയാളോട് എന്തോ ചോദിക്കാനാഞ്ഞ ഞാൻ കണ്ടു.
കുറച്ച് ദൂരെ ബുള്ളറ്റും ചാരിനിൽക്കുന്ന പൂച്ചക്കണ്ണനെ..
ഞാൻ അങ്ങോട്ടേക്ക് നടന്നു.. അവന് എന്നോട് കൂടുതൽ പറയാൻ കഴിയും എന്നെന്റെ മനസ്സ് പറഞ്ഞു.
അടുത്തെത്തുമ്പോഴേക്കും അവൻ ബുള്ളറ്റിൽ കയറിക്കഴിഞ്ഞിരുന്നു.
സ്റ്റാർട്ടാക്കി അവൻ മുന്നോട്ട് പോകുന്നത് നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.
കുറച്ച് ദൂരേക്ക് പോയി അവൻ വണ്ടി നിർത്തി തിരിഞ്ഞുനോക്കുന്നതു ഞാൻ കണ്ടു.
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൻ തിരിച്ചു് ചലനമറ്റു നിന്ന എന്റടുക്കലേക്ക് വന്നു.
ബ്രേക്ക് ചവിട്ടിയപ്പോൾ നിലത്തുനിന്നും വരണ്ട പൊടിമണ്ണ് പറന്നുപൊങ്ങി.
സൺഗ്ലാസിലൂടെ പൂച്ചക്കണ്ണ് തിളങ്ങുന്നുണ്ടായിരുന്നു
..എനിക്ക് ചെയ്യേണ്ടിവന്നില്ല.. അതിന് മുൻപേ അവർ തന്നെ അത് ചെയ്തു.
...മകൾക്കു വന്ന ദുർഗതിക്ക് കാരണക്കാർ ഞങ്ങൾ മാത്രമെന്നും അതിൽ മനം നൊന്ത് ജീവിതം അവസാനിപ്പിക്കുകയാണെന്നും എഴുതിവെച്ച് അവർ കഴിഞ്ഞ രാത്രി ആത്മഹത്യ ചെയ്തു...
ശബ്ദം താഴ്ത്തി എന്നോട് അത് പറയുമ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.
എനിക്ക് തലക്കേറ്റ അടിപോലെയായിരുന്നു ആ വാർത്തകൾ..
വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങൾ..
..നിങ്ങൾ ആരാണ്.. ?
അത്ര ചോദിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.
ഞാൻ സാന്ദ്രയുടെ ക്ലാസ്സ്മേറ്റായിരുന്ന ജാൻസിയുടെ ബ്രദർ ..
സാന്ദ്രയും ഞാനും ഇഷ്ടത്തിലായിരുന്നു.
പണത്തിനു വേണ്ടി പെൺകുട്ടികളെ പണക്കാർക്ക് കാഴ്ചവെക്കുന്നവരുടെ ഗണത്തിൽപ്പെടുന്നതായിരുന്നു നിങ്ങളുടെ അയൽക്കാർ.
സാന്ദ്ര അവരുടെ മകളല്ലായിരുന്നു.
ബെന്നി ഭർത്താവ് ഉപേക്ഷിച്ച റോസയെ കെട്ടുകയായിരുന്നു.
അപ്പോൾ അവളുടെ കൂടെയുണ്ടായിരുന്ന അകന്ന ബന്ധത്തിൽപ്പെട്ട ആരോരുമില്ലാത്ത ഒരു പാവം കുട്ടി.
സാന്ദ്ര എല്ലാം ജാൻസിയോട് തുറന്നു പറഞ്ഞിരുന്നു.
പിതാവിനെപ്പോലെ കരുതിയ ആൾ മോശം കാര്യം ചെയ്യാൻ നിർബന്ധിച്ചപ്പോൾ അവൾ തകർന്നു പോയി.
റോസ പോലും അയാളെ പിന്തുണക്കുകയാണ് ചെയ്തത്.
അവൾ എതിർത്തിരുന്നു.. ശക്തിയായി..
... പക്ഷേ ഞാൻ വൈകിപ്പോയി.
എനിക്കവളെ രക്ഷിക്കാൻ കഴിഞ്ഞില്ല.
സൺഗ്ലാസ്സെടുത്ത്‌ അവൻ കണ്ണ് തുടച്ചു.
അപ്പോൾ കുര്യച്ചനെയും സുകുമാരനെയും.... ?
എന്റെ ചോദ്യത്തിന് അവൻ ഉത്തരം തന്നില്ല..
ദുരൂഹതകൾ ഒളിപ്പിച്ച ചാരക്കണ്ണുകൾ കൊണ്ട് എന്നെ നോക്കി അവൻ പുച്ഛത്തോടെ പറഞ്ഞു
.. ചുറ്റും നടക്കുന്നത് കാണാനും പ്രതികരിക്കാനും പറ്റണം.. അല്ലെങ്കിൽപ്പിന്നെ കണ്ണുണ്ടായിട്ടെന്തു കാര്യം.. ?
അതും പറഞ്ഞ് അവൻ ബുള്ളറ്റോടിച്ചു എരിയുന്ന വെയിലിനുള്ളിലേക്കു പോയി.
ആ ചോദ്യം ഞാനുൾപ്പെടുന്ന സമൂഹത്തിനു നേരെയായിരുന്നു.
ഞാനടുത്തുണ്ടായിരുന്നു.. പക്ഷേ സാന്ദ്രയുടെ വീട്ടിൽ സംഭവിച്ചതൊന്നും ഞാൻ കണ്ടില്ല..
എന്റെ കാര്യം മാത്രമായിരുന്നു ഞാൻ ശ്രദ്ധിച്ചത്
തിരിഞ്ഞു നടക്കുമ്പോൾ മോർച്ചറിക്കു മുന്നിലെ ആൾക്കൂട്ടം പിരിഞ്ഞു പോയിത്തുടങ്ങിയിരുന്നു .
ആ മൂന്നാമൻ ബെന്നി ആയിരുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കുന്നു.
വിശ്വസിക്കാൻ പറ്റാത്ത പൊള്ളുന്ന സത്യം.
എന്റെ തിയറികളൊക്കെ തെറ്റായിരുന്നു.
അല്ലെങ്കിൽ ഇന്നത്തെക്കാലത്തു ചിന്തകൾക്കും അപ്പുറമാണ് കാര്യങ്ങളൊക്കെ..
ഗണിച്ചു പറയാൻ പറ്റില്ല..
എന്റെ മേശപ്പുറത്തു വായിച്ച് പകുതിയാക്കിയ ആ പുസ്തകം ഇരിപ്പുണ്ടായിരുന്നു..........
അഗത ക്രിസ്റ്റിയുടെ 'മേഘങ്ങളിലെ കൊലപാതകം'....
ഞാനതെടുത്തു വായന തുടർന്നു.
മനസ്സിൽ കുത്തിവരയുന്ന വേദന ഉള്ളപ്പോൾ എപ്പോളുമുള്ള മരുന്ന് വായന തന്നെയല്ലേ...
ബെന്നിയുടെ പുസ്തകക്കട എന്റെ മുന്നിൽ അടഞ്ഞുകിടന്നുണ്ടായിരുന്നു.
മോർച്ചറിക്കകത്തെ തണുത്ത മേശമേൽ അവനും റോസയും തങ്ങൾ ചെയ്ത കൊടിയ കുറ്റത്തിന് സ്വയം തിരഞ്ഞെടുത്ത ശിക്ഷയിൽ വിറങ്ങലിച്ചു കിടന്നു.
ശ്രീ..
09/02/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo