Slider

മൌനനൊമ്പരം

1
മൌനനൊമ്പരം
********
''നാണീ, നീ ഈ ചോറുണ്ണ്, ഇല്ലെങ്കിൽ അമ്മയ്ക്ക് വിഷമമാവും, നിനക്കറിയാലോ "
അമ്മയെ എന്നാ ഇനി കാണാൻ പറ്റുക, അമ്മയുടെ "നാണീ" എന്നുള്ള വിളി ഒരിക്കൽ കൂടി എന്നാണ് കേള്‍ക്കാനാവുക എന്നൊക്കെ ആലോചിച്ച് വിഷമിച്ച് കിടക്കുമ്പോളാണ് ചന്ദ്രേട്ടൻ എന്റെ കിണ്ണത്തിൽ ചോറും മോരും കൂട്ടി കൊണ്ട് തന്നത്.
പത്തു കൊല്ലം മുൻപ് ചന്ദ്രേട്ടന്റെ അച്ഛൻ രാവിലെ നടക്കാൻ പോയപ്പോൾ വഴിയിൽ വണ്ടിയിടിച്ച് ചത്തുകിടക്കുന്ന എന്റെ അമ്മയെ മണത്തു കൊണ്ട് ഇരുന്ന് കരയുന്ന എന്നെ എടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നത്.
വീട്ടിൽ കൊണ്ടുവന്ന ഉടനെ എന്നെ കിണറ്റിന്‍ കരയിൽ കൊണ്ടു പോയി കുളിപ്പിച്ചു. എന്റെ ശരീരത്തിൽ ചിതറി വീണിരുന്ന അമ്മയുടെ രക്തം മുഴുവനും കഴുകിക്കളഞ്ഞ് ഒരു തുണി എടു‍‌‍‌ത്ത് തുടച്ച് ഉണക്കി വീട്ടിലേക്ക് കയറുന്ന പടിയുടെ തിണ്ണയിൽ ഇരിക്കുമ്പോളാണ് കുറച്ച് പ്രായം ചെന്ന ഒരു സ്ത്രീ അങ്ങോട്ട് കയറി വന്നത്. നല്ല വെളുത്ത വസ്ത്രം ധരിച്ച് നരകയറിയ മുടിയിൽ തുളസിക്കതിരും നെറ്റിയിൽ പ്രസാദവും ഒക്കെ ആയി ഒരു സ്ത്രീ.
"തങ്കം, ഈ പട്ടി കുട്ടിയേ കണ്ടോ , വഴീന്ന് കിട്ടീതാ.. ഇതിന്റെ തള്ളേനേ ഏതോ വണ്ടി തട്ടി ചത്തു. അവിടെ കിടന്ന് കരയണ കണ്ടപ്പോൾ സങ്കടം തോന്നി. നിനക്കൊരു കൂട്ടാവൂലോന്ന് കരുതി ഇങ്ങോട്ട് പോന്നൂ..''
"ന്താ, നിങ്ങക്ക് പ്രാന്തായോ, ഇതിനെ തീറ്റിപ്പോറ്റാൻ ഒക്കെ നമുക്ക് പറ്റ്വോ... നമ്മടെ സാമ്പാറും അവിയലും ഒന്നും ഇതിന് പറ്റില്ല. മൽസ്യോം മാംസോം ഒക്കെ ആരാ ഇതിന് വാങ്ങി കൊടുക്കാ...''
" ന്റെ തങ്കം, നിന്റെ മക്കളെ നീയെന്താ മാംസം കൊടുത്താ വളർത്തീത്? അതുപോലേന്ന്യ ഇതും, നീയ്യ് പച്ചക്കറി കൊടുത്ത് വളർത്തിക്കോ. അത് ശീലാവും"
"നിക്ക് പട്ടീനേം പൂച്ചേനേം ഒക്കെ പണ്ടേ അറപ്പാന്ന് നിങ്ങക്കറിയാലോ, പിന്നേന്തിനാ വെറുതെ.. "
"അതൊക്കെ രണ്ടൂസം കഴിയുമ്പോ മാറും . ഞാൻ എന്നുണ്ടാവില്ല്യല്ലോ, നിനക്ക് വർത്തമാനം പറയാനും സ്നേഹിക്കാനും ഒക്കെ ആരെങ്കിലും വേണ്ടേ.''
"പിന്നെ, നിങ്ങളിങ്ങനെ മരിക്കാൻ തയ്യറായിട്ടിരിക്ക്യല്ലേ, എന്താ, ഞാൻ മരിച്ചൂടെ ആദ്യം? "
"അങ്ങന്യാണെങ്കിൽ എനിക്ക് വർത്താനം പറയാനൊരാളായീലോ" അച്ഛൻ ചിരിച്ചു കൊണ്ട് പറയുന്ന കേട്ടപ്പോ അമ്മയും ചിരിച്ചു പോയി.
"ആരാ ആദ്യം മരിക്കേണ്ടേന്നൊക്കെ പിന്നീട് തീരുമാനിക്കാം, ഇപ്പോ നീ പോയി ആ കവിടിക്കിണ്ണത്തിൽ കുറച്ച് പാല് കൊണ്ട് വാ "
അമ്മ അകത്ത് പോയി ഒരു വെള്ളക്കിണ്ണത്തിൽ പാൽ കൊണ്ട് വന്നു തന്നു. ഒറ്റ ശ്വാസത്തിൽ ഞാൻ അതു മുഴുവൻ നക്കിക്കുടിച്ചു. ഞാൻ കുടിക്കുന്നതും നോക്കി അച്ഛനും അമ്മയും ഇരിക്കുന്നുണ്ടായിരുന്നു.
" ഇത് ആൺപട്ട്യാണോ പെണ്ണോ?"
''ഇത് പെണ്ണാ..."
"ന്നാ നമുക്ക് ഇതിനെ നാണീന്ന് വിളിക്കാം ല്ലേ "
"അത് വേണോ തങ്കം, അത് നമ്മുടെ മോളടെ പേരല്ലേ ആയിരുന്നേ, അവൾടെ പേരെങ്ങിന്യാ പട്ടിക്കിടാ ?."
"അവള് ഒരു വയസ്സുള്ളപ്പോൾ പോയതല്ലേ. അവൾക്കത്രേ ആയുസ്സുണ്ടായുള്ളൂ. നിങ്ങളല്ലെ പറഞ്ഞേ മക്കളുടെ പോലെ ആണെന്ന് പിന്നെന്താ ..."
"ആയിക്കോട്ടെ, എനിക്ക് വിരോധം ഒന്നൂല്ല്യ"
അങ്ങിനെ അന്നു മുതൽ ഞാൻ നാണി ആയി.
രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അച്ഛന്റെ പിറന്നാളിന് മൂന്ന് മക്കളും അവരുടെ കുഞ്ഞു മക്കളും ഒക്കെ വന്നു.
ചന്ദ്രേട്ടൻ, ശാന്തേച്ചി പിന്നെ ശിവേട്ടൻ. ചന്ദ്രേട്ടനും ശാന്തേച്ചിക്കും രണ്ട് ആൺ മക്കൾ വീതം ശിവേട്ടന് ഒരു പെങ്കുട്ടി. ആ ദിവസങ്ങളൊന്നും ആരും എന്നെ നിലത്തിരുത്താറില്ല, ആരെങ്കിലും ഒക്കെ എന്നെ മടിയിൽ പിടിച്ചിരുത്തി കൊഞ്ചിക്കും.
പിറന്നാളും തിരക്കും ഒക്കെ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ എല്ലാവരും തിരിച്ചു പോയി.
അച്ഛന്റെയും അമ്മയുടെ കട്ടിലിന്റെ താഴെ ഒരു പഴയ കിടക്ക അച്ഛൻ എനിക്ക് ഉണ്ടാക്കിത്തന്നിട്ടുണ്ടായിരുന്നു. രാത്രി ഉറക്കത്തിന് ശക്തി കുറവാണ്. ഇരുട്ടായാലും ഞങ്ങൾക്ക് പകൽ പോലെ കാണാം.
പെട്ടെന്നാണ് ഉറങ്ങിക്കിടക്കുന്ന അച്ഛൻ ശ്വാസം വലിക്കുമ്പോൾ എന്തൊക്കെയോ ശബ്ദം കേട്ടത്. ഞാൻ നോക്കുമ്പോൾ ഉറങ്ങി കിടക്കുന്ന അച്ഛന്റെ ശരീരത്തിൽ നിന്നും പുക പോലെ എന്തോ ഉയർന്നു പോകുന്ന കണ്ടു. ഞാൻ ചാടിയെഴുന്നേറ്റ് കുരക്കാൻ തുടങ്ങി. എന്റെ കുര കേട്ട് അമ്മയും എഴുന്നേറ്റു.
"എന്തൊരു കുരയാണിത് " അമ്മയെന്നെ ശകാരിച്ചു. ഞാൻ കട്ടിലിൽ ചാടിക്കയറി അച്ഛന്റെ അടുത്ത് നിന്ന് ഉറക്കെ കുരച്ചു. അച്ഛൻ എഴുന്നേൽക്കാത്തത് കണ്ടപ്പോൾ അമ്മ അച്ഛനെ വിളിച്ചു പറഞ്ഞു
''ദേ, നിങ്ങളൊന്നു പോയി നോക്കൂ, നാണി കുറേ നേരായി കുരക്കുന്നു, വല്ല പാമ്പോ മറ്റോ ആണോ ആവോ? ''
അച്ഛന് അനക്കമൊന്നും കണ്ടില്ല. അമ്മ വീണ്ടും വീണ്ടും കുലുക്കി വിളിച്ചു, പിന്നെ അലർച്ചയായി. ബഹളം കേട്ട് പുറത്തെ വരാന്തയിൽ ഉറങ്ങിക്കിടന്നിരുന്ന അമ്മാമൻ ഓടി വന്ന് അച്ഛനെ ഉണർത്താൻ ശ്രമിച്ചു. അപ്പോഴേക്കും നിലവിളി കേട്ട് അയൽപക്കക്കാരും മറ്റും എത്തിയിരുന്നു. ആരോ പോയി ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു, മരണം ഉറപ്പിച്ച് ഡോക്ടർ തിരിച്ചു പോയി.
ഇന്നലെ വരെ കളിയും ചിരിയും നിറഞ്ഞ വീട് ഒറ്റനിമിഷംകൊണ്ട് മരണവീടായി മാറി. ചേട്ടന്മാരും ചേച്ചിയും ഒക്കെ വന്നു. അച്ഛന്റെ ചലനമറ്റ ശരീരം ചിതയിലേക്ക് എടുക്കുമ്പോൾ അന്ന് രാത്രി കണ്ട പുക രൂപം കുറച്ച് ഉയരത്തിൽ കാണാമായിരുന്നു. അതു കണ്ട് കുരച്ച എന്നെ ആരോ എടുത്ത് അമ്മയുടെ അടുത്താക്കി, ഞാൻ വല്ലാതെ ബഹളം ഉണ്ടാക്കുന്നു എന്ന് പറഞ്ഞ്. അമ്മ എന്നെ എടുത്തു മടിയിൽ വച്ച് തലോടിക്കൊണ്ടിരുന്നു.
ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് മക്കൾ തിരിച്ചു പോകുന്നതിന് തലേ ദിവസം തിരക്കിട്ട ചർച്ചകൾ ആയിരുന്നു. അമ്മയേ കൊണ്ടു പോകുന്നതിനെ പറ്റി. അമ്മയെ മക്കൾ മാറി മാറി നോക്കാം എന്ന തീരുമാനത്തിൽ എത്തിയപ്പോൾ അമ്മ എന്നെയും കൈയ്യിലെടുത്ത് അവിടേക്ക് ചെന്ന് പറഞ്ഞു.
"നിങ്ങടെ അച്ഛൻ ഇത് മുൻപേ കണ്ടിരുന്നു. ഒരു മാസം മുമ്പ് ഈ നാണിയെ എന്റെ കൈയ്യിൽ ഏൽപ്പിച്ചപ്പോൾ അച്ഛൻ പറഞ്ഞിരുന്നു അദ്ദേഹം പോയാലും കൂടെ എന്നും നാണി കാണും എന്ന്. ഞാൻ എങ്ങോട്ടും വരുന്നില്ല. എന്നെയോർത്ത് നിങ്ങൾ വിഷമിക്കുകയും അരുത്, പിന്നെ തൊട്ടന്നെ ജാനു ഒക്കെ ഉണ്ടല്ലോ." അതൊരു തീരുമാനമായിരുന്നു.
അമ്മ എന്നെ എല്ലാം പരിശീലിപ്പിച്ചു, കക്കൂസിൽ പോയി മൂത്രം ഒഴിക്കാനും അപ്പിയിടാനും ഒക്കെ, ആരെ കണ്ടാൽ കുരക്കണം, അങ്ങിനെ എല്ലാം. ഞാൻ എന്തു മനസ്സിൽ വിചാരിച്ചാലും അമ്മക്ക് മനസ്സിലാവും. അമ്മയുടെ നിഴലായി ഞാൻ എപ്പോഴും ഉണ്ടാകും. അമ്മ എങ്ങോട്ട് പോകുമ്പോഴും കൂടെ എന്നെയും കൊണ്ടു പോകും, പക്ഷേ ഞാൻ വേറേ എവിടെ പോയാലും അവിടെ വീട്ടിനകത്ത് പോവില്ല. എവിടെ പോയാലും അമ്മയുടെ ശ്രദ്ധ മുഴുവൻ എന്റെ മേൽ ആവും. സമയത്തിന് എനിക്ക് ഭക്ഷണം തരാൻ അമ്മ പ്രത്യേകം ശ്രദ്ധിക്കും.
വീട്ടിലുള്ളപ്പോൾ അമ്മ എന്നോട് വർത്തമാനം പറയും, ഞാൻ എല്ലാം കേട്ടിരിക്കും. ഉച്ചക്ക് ഊണ് കഴിഞ്ഞ് അമ്മ തളത്തിൽ കിടക്കാറുണ്ട്. അപ്പോൾ ഞാനും അമ്മയോട് തൊട്ട് കിടക്കും. ഞാൻ അമ്മയുടെ കൈ എന്റെ മൂക്ക് കൊണ്ട് ഉയർത്തി എന്റെ തലയിൽ വെയ്ക്കാറുണ്ട്. അപ്പോൾ അമ്മ എന്റെ തലയിൽ തലോടും. പിന്നെ അങ്ങിനെ അവിടെ കിടന്ന് കുറച്ചു നേരം ഉറങ്ങും
ഞാൻ അടുക്കളയുടെ വാതിൽക്കൽ ഇരുന്നാൽ അമ്മക്ക് മനസ്സിലാവും എനിക്ക് വിശക്കുന്നുണ്ടെന്ന്.
എന്റെ കഴുത്തിൽ ഒരിക്കലും ബെൽറ്റ് ഇട്ടിട്ടില്ല. ഒരിക്കൽ അച്ഛൻ ഇതിനെപ്പറ്റി പറഞ്ഞപ്പോൾ അമ്മ ചോദിച്ചു നമ്മുടെ നാണിമോൾക്ക് ആയിരുന്നുവെങ്കിൽ നിങ്ങൾ കഴുത്തിൽ ബെൽറ്റ് ഇടുമോ എന്ന്. ഞാൻ അമ്മയുടെ കൈയ്യെത്തും ദൂരത്ത് എപ്പോഴും കാണും. കട്ടിലിൽ കയറാൻ പാടില്ലാ, ആരെയും കടിക്കാൻ പാടില്ലാ കുട്ടികളെ പേടിപ്പിക്കാൻ പാടില്ല, വരുന്ന വിരുന്നുകാരെ ശല്യം ചെയ്യരുത് എന്ന കുറെ നിബന്ധനകളും ഉണ്ട്.
പക്ഷേ പരിചയമില്ലാത്ത ആര് വന്നാലും അമ്മ വരാതെ അവരെ മുറ്റത്ത് കയറാൻ സമ്മതിക്കാറില്ല. ഒരു ദിവസം ഒരു പാമ്പ് ഇഴഞ്ഞ് മുറ്റത്തേക്ക് വന്നു അത് ജനാലയിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഞാൻ അതിനെ വാലിൽ പിടിച്ച് താഴെ ഇട്ടു. അതെന്നെ കടിക്കാൻ വന്നു. വീണ്ടും ജനാലയിലേക്ക് ഇഴഞ്ഞപ്പോൾ ഞാൻ വീണ്ടും അതിനെ പിടിച്ച് താഴെ ഇട്ടു. അങ്ങിനെ കുറേ നേരം മൽപിടുത്തം നടത്തി അവസാനം അതിനെ കൊന്നു. പക്ഷേ എന്റെ നഖത്തിൽ കൊത്ത് കൊണ്ടു, അവിടെ പഴുത്തു .
ആരൊ പറഞ്ഞു അതൊരു വിഷമുള്ള പാമ്പ് ആയിരുന്നു എന്ന്. പിന്നെ കുറേ ദിവസം അമ്മ എന്നെയും കൊണ്ട് ഡോക്ടറുടെ അടുത്ത് പോകും, എല്ലാം ഭേദമാക്കി. അതിനുശേഷം അമ്മ ആരെയോ വിളിച്ച് വരാന്തയിൽ ചില്ലുകൾ വച്ച് അടച്ചു. മുറ്റം മുഴുവൻ ഇഷ്ടിക വിരിച്ചു പാമ്പ് വരാതിരിക്കാൻ. ജനാലകളുടെ ഉള്ളിൽ നെറ്റ് ഇട്ട് ഉറപ്പിച്ചു.
ഞാനും അമ്മയും കൂടി ജീവിക്കാൻ തുടങ്ങിയിട്ട് പത്ത് വർഷം ആയി. വിശേഷങ്ങൾക്കൊക്കെ മക്കൾ എല്ലാവരും വരും. അമ്മയ്ക്ക് പ്രായം കൂടിയപ്പോൾ നടക്കാൻ വയ്യാതായി. ഇത്തവണ ചന്ദ്രേട്ടൻ വന്നപ്പോൾ പുറത്തെ വാതിലിന്റെ താക്കോൽ മാറ്റി, ഒരു താക്കോൽ അടുത്ത വീട്ടിലെ ജാനു ചേച്ചിക്ക് കൊടുത്തു. ചന്ദ്രേട്ടന് എന്നെ വളരെ ഇഷ്ടമാണ്.
ഒരിക്കൽ പോലും അമ്മയെ വിട്ട് നിന്നിട്ടില്ല. എവിടെ പോയാലും വൈകുന്നേരം ആവുമ്പോഴെക്കും തിരിച്ചു വരും. പുറത്ത് പോകുമ്പോൾ അയലോക്കത്തെ ജാനു ചേച്ചിയോട് വിളിച്ചു പറയും "നാണി ഒറ്റക്കേ ഉള്ളൂ, ഒന്ന് നോക്കണംന്ന്." അപ്പോൾ ഉച്ചയ്ക്ക് ജാനുചേച്ചി വന്ന് ചോറ് തരും
മിനിയാന്നു രാത്രി വരെ അമ്മയ്ക്ക് ഒരു അസുഖവും ഉണ്ടായിരുന്നില്ല. അന്ന് രാത്രി എനിക്ക് ചോറ് തന്ന് അമ്മയും കഴിച്ചു കഴിഞ്ഞപ്പോൾ അമ്മക്ക് മക്കളെ കാണണം എന്ന് മോഹം. ഉടനെ ഫോൺ എടുത്ത് എല്ലാവരേയും വിളിച്ചു പറഞ്ഞു എന്നെയും കൂടി അവരുടെ ഒക്കെ വീട്ടിൽ വരുന്നുണ്ടെന്ന്. ഒരു കാറ് വിളിച്ച് വന്നാൽ മതിയെന്ന് ചന്ദ്രേട്ടൻ പറഞ്ഞു.
അന്ന് രാത്രി ഉറങ്ങാൻ കിടന്ന് കുറച്ച് കഴിഞ്ഞപ്പോൾ അമ്മ കക്കൂസിൽ പോയി. എന്തോ വീഴുന്ന ശബ്ദം കേട്ട് ഞാൻ ചാരിയിട്ട വാതിൽ ചവിട്ടി തുറന്നപ്പോൾ കണ്ടത് നിലത്ത് കിടക്കുന്ന അമ്മയെയാണ്. ഓടിച്ചെന്ന് തുറന്നു കിടക്കുന്ന പുറത്തെ മുറിയുടെ ജനാലയിലൂടെ ജാനു ചേച്ചിയുടെ വീടിനെ നോക്കി നിറുത്താതെ കുരച്ചു. എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലാക്കിയ ജാനുച്ചേച്ചിയും മകനും മുൻവാതിലിന്റെ താക്കോലുമായി ഓടി വന്നു വീടു തുറന്നു. ഞാൻ അകത്തെ മുറിയുടെ കക്കൂസിന്റെ വാതിൽക്കൽ നിന്ന് കുരച്ചു. അവർ ഓടി വന്ന് അമ്മയെ എടുത്ത് അവരുടെ കാറിൽ ആസ്പത്രിയിൽ കൊണ്ട് പോയി. പിന്നെ എന്താണ് ഉണ്ടായതെന്ന് അറിയില്ല. അമ്മയെ കാത്ത് പടിക്കൽ നോക്കി ഇങ്ങിനെ കിടക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം ആയി.
" ന്റെ നാണീ, നീ തിന്നില്ലേ, അമ്മക്ക് നിന്നെ കാണണത്രേ. വേഗം കഴിക്ക്. ഞാൻ കൊണ്ടു പോവാം "
അമ്മയെ കാണാം എന്ന് കേട്ടതും ഞാൻ തയ്യാറായി. പാത്രത്തിലെ ചോറ് മുഴുവൻ ഒറ്റയടിക്ക് അകത്താക്കി. ഞാൻ പോകാൻ തയ്യാറായി.
ചന്ദ്രേട്ടൻ വന്ന് എന്നോട് കാറിൽ കയറാൻ പറഞ്ഞു. ഞാൻ ഇന്നുവരെ കാണാത്ത കാഴ്ചകൾ കണ്ട് യാത്രയായി. പക്ഷേ എനിക്ക് എല്ലായിടത്തും അമ്മയുടെ മുഖം മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ.
കാറ് വലിയൊരു ആശുപത്രിയുടെ മുന്നിൽ നിറുത്തി. ചന്ദ്രേട്ടൻ എന്നോട് ഇറങ്ങാൻ പറഞ്ഞു. ചന്ദ്രേട്ടന്റെ കൂടെ പിറകെ ഞാനും നടന്നു. വാതിൽക്കൽ നിൽക്കുന്നവർ എന്നേ അകത്തേക്ക് പോകാൻ സമ്മതിച്ചില്ല. അകത്തേക്ക് പട്ടിയെ കയറ്റാൻ പറ്റില്ല എന്ന് പറഞ്ഞു. ചന്ദ്രേട്ടൻ കുറെ അഭ്യർത്ഥിച്ചു പിന്നെ അവർ പറഞ്ഞു കഴുത്തിൽ ഒരു ബെൽറ്റ് കെട്ടിയാൽ അകത്ത് കൊണ്ടു പോവാൻ അനുവദിക്കാം എന്ന്.
ചന്ദ്രേട്ടൻ എന്നെ വീണ്ടും കാറിൽ കയറ്റി ഒരു കടയിൽ പോയി ബെൽറ്റ് വാങ്ങി തിരിച്ച് ആശുപത്രി എത്തിയപ്പോൾ അത്‌ കഴുത്തിൽ ഇട്ടു. ചന്ദ്രേട്ടൻ എന്നെ ചേർത്തുപ്പിടിച്ചു പറഞ്ഞു "അമ്മയ്ക്ക് നിന്നെ കാണണം അതിന് ഇതല്ലാതെ വഴിയില്ല." ചന്ദ്രേട്ടന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഞാൻ ചന്ദ്രേട്ടന്റെ കൂടെ അകത്തേക്ക് നടന്നു കൂടെ ഒരാളും. അമ്മയെ കാണാനുള്ള ധൃതിയിൽ കഴുത്തിൽ കെട്ടിയ ബെൽറ്റ് ഒരു പ്രശ്നമായി തോന്നിയില്ല.
ഒരു മുറിയുടെ അടുത്തെത്തിയപ്പോൾ ചന്ദ്രേട്ടൻ എന്റെ കഴുത്തിലെ ബെൽറ്റ് അഴിച്ചു. മുറിക്ക് അകത്തേക്ക് കൊണ്ട് പോയി.
അവിടെ ചേച്ചിയും. ശിവേട്ടനും കുട്ടികളും ഒക്കെ ഉണ്ടായിരുന്നു. കട്ടിലിനു മുകളിൽ അമ്മ കിടക്കുന്നുണ്ടായിരുന്നു. ഞാൻ താഴെ നിന്ന് വാലാട്ടി പതുക്കെ തേങ്ങാൻ തുടങ്ങി. ചന്ദ്രേട്ടൻ അമ്മയോട് "ദേ നാണി വന്നേനൂന്ന് " പറഞ്ഞപ്പോൾ അമ്മയുടെ കൈകൾ മെല്ലെ എന്നെ പരതാൻ തുടങ്ങി. ചന്ദ്രേട്ടൻ ഒരു കസേരയിട്ട് എന്നെ ഉയർത്തി അതിൽ നിറുത്തി അമ്മയെ കാണിച്ചു തന്നു. അമ്മ പതിയെ എന്റെ തലയിൽ തലോടി. ഞാൻ എന്റെ തല അമ്മയുടെ ശരീരത്തോട് ചേർത്ത് വച്ചു. തലോടിക്കൊണ്ടിരുന്ന കൈകൾ പരക്കെ നിശ്ചലമായി. തലയുയർത്തി നോക്കിയപ്പോൾ പണ്ട് അച്ഛന്റെ ശരീരത്തിൽ നിന്നും ഇറങ്ങിപ്പോയതു പോലെ ഒരു പുക പോലെ എന്തോ ഉയർന്ന് പോകുന്ന കണ്ടു. എന്റെ ഉള്ളിൽ നിന്നും ഒരു മുരളൽ ഉയർന്നു.
അങ്ങിനെ അമ്മയും പോയി. തിരിച്ചു വീട്ടിൽ വന്നു. അമ്മയുടെ ശരീരം തളത്തിൽ നിലത്ത് കിടത്തിയപ്പോൾ ഞാനും കൂടെ കിടന്നു. എന്നും ചെയ്യുന്ന പോലെ അമ്മയുടെ കൈകൾ എന്റെ മൂക്കു കൊണ്ടുയർത്തി തലയിൽ വെക്കാൻ നോക്കി, പക്ഷേ അമ്മയുടെ കൈ തണുത്ത് മരം പോലെ ആയിരുന്നു. ഇത് കണ്ട എല്ലാവരും കരയാൻ തുടങ്ങി. ചന്ദ്രേട്ടൻ വന്ന് എന്നെപ്പിടിച്ച് കൂടെ ഇരുത്തി. കുറച്ച് കഴിഞ്ഞ് എല്ലാവരും കൂടി അമ്മയെ എടുത്ത് തെക്ക് ഭാഗത്ത് അച്ഛനെ കത്തിച്ച പോലെ കത്തിച്ചു. ഞാൻ എല്ലാം കണ്ട് കിടന്നു.
എല്ലാ കർമ്മങ്ങളും കഴിഞ്ഞ് പോകുമ്പോൾ എന്നെ കൂടെ കൊണ്ടു പോകാം എന്ന് ചന്ദ്രേട്ടൻ പറഞ്ഞു. പക്ഷേ എനിക്കവിടം വിട്ടു പോകാൻ ആയില്ല. ഞാൻ അമ്മയെ കത്തിച്ച സ്ഥലത്തേക്ക് ഓടി പോയി അവിടെ കിടന്നു. അപ്പോൾ ഒരു പുക പോലെ മുകളിൽ അമ്മയും അച്ഛനും ഉണ്ടായിരുന്നു എന്ന് തോന്നി.
എന്റെ മനസ്സറിഞ്ഞ പോലെ ജാനുച്ചേച്ചി ചന്ദ്രേട്ടനോട് പറഞ്ഞു. "അവൾക്ക് ഇവിടം വിട്ടു വരാൻ പറ്റില്ല ചന്ദ്രാ. അവൾ ഇവിടെ ഇരുന്നോട്ടെ, ഞാൻ നോക്കിക്കോളാം"
അതുപോലെ ഒരു പുകയായി എത്രയും വേഗം അമ്മയുടെയും അച്ഛന്റെയും അടുത്തെത്താൻ മോഹിച്ച് ഒരു വലിയ ശ്വാസം വലിച്ച് വിട്ട് ഞാൻ മുകളിലേക്ക് നോക്കി കിടന്നു, അമ്മയുടെ "നാണീ" എന്നുള്ള വിളിയും കാത്ത്.
ഗിരി ബി. വാരിയർ
08 ഫെബ്രുവരി 2018
1
( Hide )
  1. "Nallezhuth" il vayicha nalla kadhakalil onnanith.

    Karayichu kalanjallo Giriyetta....
    All the best....

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo