അഡ്വക്കേറ്റ് അയ്യർ മുന്നിലിരിക്കുന്ന തന്റെ കക്ഷികളോടായി ഒരിക്കൽക്കൂടി പതിവ് ചോദ്യം ആവർത്തിച്ചു.
"എല്ലാം തീരുമാനിച്ചുറപ്പിച്ചു തന്നെയാണോ നിങ്ങൾ വന്നിരിക്കുന്നത് ?"
"അതേ സർ , ഇനിയും വയ്യ സംശയരോഗിയായ ഇയാളുടെ കൂടെ ജീവിക്കാൻ. എനിക്ക് ഡിവോഴ്സ് വാങ്ങിത്തരണം സർ."
"എനിക്കും ഡിവോഴ്സ് കിട്ടിയാൽ മതി സർ , ഭർത്താവിനെ വഞ്ചിച്ചു മറ്റുള്ളവരുടെ കൂടെ കൊഞ്ചിക്കുഴയുന്ന ഇവളുടെ കൂടെ എനിക്കും ജീവിക്കണ്ട...."
"വളരെ വിഷമമുണ്ട് കുട്ടികളേ , നാട്ടിൽ അറിയപ്പെടുന്നൊരു മാഷിന്റെ മകളാണ് ഹേമ. വിനയൻ മാഷിന്റെ സുഹൃത്തിന്റെ മകനും. രണ്ട് പേരും കുഞ്ഞുനാൾ മുതൽക്കേ പരസ്പരം അറിയുന്നവർ , ഉയർന്ന വിദ്യാഭ്യാസമുള്ളവർ , എല്ലാത്തിലുമുപരി സ്നേഹിച്ചു വിവാഹം കഴിച്ചവർ. എന്നിട്ടും വിവാഹം കഴിഞ്ഞ് കഷ്ട്ടി രണ്ട് വർഷത്തിന് മുന്നേ പിരിയുകയെന്നു വച്ചാൽ...."
"ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ലെങ്കിലും എനിക്കും മാഷിനോട് തീർത്താൽ തീരാത്ത പല കടപ്പാടുകളുമുണ്ട്. പിന്നെ നിന്റെ പ്രായത്തിലുള്ള ഒരു മകൾ എനിക്കുമില്ലേ? അവളുടെ സ്ഥാനത്ത് തന്നെ കണ്ടുകൊണ്ട് ചോദിക്കുകയാണ് മോളേ , ഒന്നുകൂടി ആലോചിച്ചിട്ട് പോരേ ഇങ്ങനെയൊരു തീരുമാനം?"
"ഇല്ല സർ , എനിക്കിനിയൊന്നും ആലോചിക്കാനില്ല. ക്ഷമിക്കാവുന്നിടത്തോളം ഞാൻ ക്ഷമിച്ചു. പരസ്പരവിശ്വസമാണ് ഒരു ദാമ്പത്യബന്ധത്തിന്റെ അടിത്തറയെന്ന് സാറിനോട് പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ. അത് നഷ്ടപ്പെട്ടാൽ പിന്നെ ആ ബന്ധം തുടരുന്നതിൽ അർത്ഥമില്ല. പിരിയുന്നത് തന്നെയാണ് നല്ലത്."
അയ്യർ അല്പനേരം ആലോചനയിൽ മുഴുകി...
"ശരി നിങ്ങളുടെ തീരുമാനം ഉറച്ചതാണെങ്കിൽ ഞാനെതിരു നിൽക്കുന്നില്ല , പക്ഷേ അതിന് മുൻപ് ഇങ്ങനെയൊരു തീരുമാനം എടുക്കാനുണ്ടായ സാഹചര്യം എന്താണെന്ന് രണ്ടു പേരും എന്നോട് പറയണം. എങ്കിൽ മാത്രമേ വ്യക്തമായി എനിക്കത് കോടതിയെ ബോധ്യപ്പെടുത്താൻ സാധിക്കുകയുള്ളു. ഒരു കാര്യം ചെയ്യൂ , ഓരോരുത്തരായി കാര്യങ്ങൾ പറയൂ. ആദ്യം ഹേമക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കട്ടെ. ഹേമക്ക് പറയാനുള്ളത് കേട്ടിട്ട് വിനയന്റെ ഭാഗം കേൾക്കാം എന്താ ?"
ശരിയെന്ന അർത്ഥത്തിൽ വിനയൻ തലയാട്ടി. അയ്യർ വിനയനെ അടുത്തുള്ള തന്റെ പേഴ്സണൽ കാബിനിലേക്കിരുത്തി...
"ഇനി പറയൂ എന്തൊക്കെയാണ് ഹേമ വിനയനെ വെറുക്കാനുള്ള കാരണങ്ങൾ.."
"വെറുപ്പോ ? എനിക്ക് വിനയേട്ടനെ ഒരിക്കലും വെറുക്കാൻ കഴിയില്ല സർ. അത്രക്ക് സ്നേഹിച്ചിട്ടുണ്ട് ഞാൻ അദ്ദേഹത്തെ."
"എന്നിട്ടാണോ ഡിവോഴ്സ് ആവശ്യപ്പെട്ട് ഹേമ ഇപ്പോഴെന്റെ മുന്നിലിരിക്കുന്നത് ?"
"ഞാനൊരു തെറ്റും ചെയ്തിട്ടില്ല സർ , ഈ ഡിവോഴ്സ് പോലും വിനയേട്ടന്റെ വാശി ഒന്നുകൊണ്ട് മാത്രമാണ്. സ്കൂൾതലം മുതലേ ചെറുതായി കഥകളും കവിതകളുമൊക്കെ ഒരു ഡയറികുറിപ്പ് പോലെ എഴുതുന്ന ശീലം എനിക്കുണ്ടായിരുന്നു. അത് വിനയേട്ടനും അറിയുന്ന കാര്യമാണ്. സ്നേഹിച്ചു നടന്നിരുന്ന സമയത്ത് എന്റെ കഥകളെയും കവിതകളെയും ഒരുപാട് പ്രോത്സാഹിപ്പിച്ചിരുന്നതും വിനയേട്ടനാണ്. ഏഴെട്ടു മാസം മുൻപാണ് ഇതിനൊക്കെ വേണ്ടീട്ട് മാത്രം സാഹിത്യഗ്രൂപ്പുകളൊക്കെ ഉണ്ടെന്ന് പോലും ഞാനറിയുന്നത്. അനുവാദം ചോദിച്ചപ്പോൾ എന്നെയതിൽ അംഗമാക്കിയതും ഏട്ടൻ തന്നെയായിരുന്നു. ആദ്യമൊക്കെ നിറഞ്ഞ പ്രോത്സാഹനവും തന്നിരുന്നു. പിന്നെന്നു മുതലാണ് വിനയേട്ടൻ എന്നെ സംശയിച്ചു തുടങ്ങിയതെന്ന് എനിക്കറിയില്ല സർ."
"ശരി എന്ന് മുതലാണ് വിനയന് ഹേമയെ സംശയമുണ്ടെന്ന് തോന്നിത്തുടങ്ങിയത് ?"
"ഗ്രൂപ്പുകളിൽ ആക്റ്റീവ് ആയിത്തുടങ്ങിയപ്പോൾ മുതൽ ഒരുപാട് സുഹൃത്തുക്കളേയും ലഭിച്ചിരുന്നു. പലപ്പോഴും അവരിൽ പലരും വിളിക്കാറും അഭിനന്ദിക്കാറുമൊക്കെയുണ്ടായിരുന്നു. അതിലൊരാളായിരുന്നു അനൂപ്. വളരെ നല്ലൊരു സുഹൃത്ത് എന്നതിനപ്പുറം നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. അത് വിനയേട്ടന് നന്നായി അറിയുകയും ചെയ്യാം. ഒരു ദിവസം ഫോണിൽ സംസാരിക്കുന്ന സമയത്താണ് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് ആദ്യമായി ഒരു കാൾ വന്നത്. അറ്റൻഡ് ചെയ്ത് സംസാരിച്ചെങ്കിലും മറുഭാഗത്ത് നിന്നും വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ല. പല ദിവസങ്ങളിലും ഇതാവർത്തിച്ചപ്പോൾ ആ നമ്പർ ഞാൻ ബ്ലോക്ക് ചെയ്തു. പക്ഷെ പിറ്റേന്ന് മുതൽ മറ്റൊരു നമ്പറിൽ നിന്ന് അതാവർത്തിക്കാൻ തുടങ്ങിയപ്പോൾ വിനയേട്ടനോട് ഞാനത് സൂചിപ്പിച്ചതുമാണ്. പക്ഷെ റോങ് നമ്പർ വല്ലതുമാകും എന്നുപറഞ്ഞു ഒഴിയികയാണ് അദ്ദേഹം ചെയ്തത്. പിന്നെപ്പിന്നെ ഞാനുമത് ശ്രദ്ധിക്കാതെയായി. ഒരു ദിവസം അനൂപിനോട് സംസാരിക്കുമ്പോഴാണ് ഇതേ നമ്പറുകളിൽ നിന്ന് അവനും മിസ്സ്ഡ്കാൾ വരാറുണ്ടെന്നു ഞാനറിഞ്ഞത്. പിന്നെയാണ് ഞങ്ങളിതിനെപ്പറ്റി വിശദമായി അന്വേഷിച്ചു തുടങ്ങിയതും. എന്നെ വിളിക്കുന്ന അതേ സമയം തന്നെയാണ് അനൂപിനും കാൾ ചെല്ലാറുള്ളത്. ഫോൺ ബിസിയല്ലെങ്കിൽ ഒരിക്കൽ റിങ് ചെയ്തു കട്ട് ആകുമെന്നുമാണ് അനൂപ് പറഞ്ഞിട്ടുള്ളത്."
"ഓഹ് അപ്പൊ ഹേമ സംസാരിക്കുന്നത് അനൂപിനോടാണോന്നു അറിയാനുള്ള ഒരു ശ്രമം ആയിരുന്നല്ലേ ആ ഫോൺകോൾ ?"
"അതേ സർ ,ഞങ്ങളിത് സീരിയസ് ആയി കണ്ടു തുടങ്ങിയപ്പോൾ മുതൽ ആരാണ് ഇതിന് പിന്നിലെന്നറിയാനുള്ള ശ്രമമായിരുന്നു. കസ്റ്റമർകെയർ എക്സിക്ക്യൂട്ടീവായ ഒരു സുഹൃത്തിന്റെ സഹായത്തോടെ സിം എടുത്തിരിക്കുന്ന ആളിനെ കണ്ടെത്തിയപ്പോഴാണ് സർ ശരിക്കും ഞാൻ വേദനിക്കേണ്ടി വന്നത്. രണ്ട് സിമ്മുകളും വിനയേട്ടന്റെ പേരിലുള്ളതായിരുന്നു. അതു ചോദ്യം ചെയ്തത് മുതലായിരുന്നു സർ ഞങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകളുടെ തുടക്കം."
"അനൂപ് എന്റെ കാമുകൻ ആണെന്നുള്ള രീതിയിലായിരുന്നു പിന്നീട് വിനയേട്ടന്റെ പെരുമാറ്റം. അതെന്നെ മാനസികമായി തളർത്തി. ഏതു സാഹചര്യത്തിലും കൂടെ നിൽക്കേണ്ട ഭർത്താവ് തന്നെ സംശയത്തോടെ നോക്കിത്തുടങ്ങിയാൽ ഏത് പെണ്ണിനാണ് സർ അത് സഹിക്കാൻ കഴിയുന്നത്. അതുമല്ല എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ അനൂപ് എന്നെ വിളിക്കാറുള്ളൂ. ഒരു നല്ല സുഹൃത്തെന്നതിനപ്പുറം ഒരു വാക്കുകൊണ്ട് പോലും ഇന്നുവരെ എന്നോട് മോശമായി പെരുമാറിയിട്ടുമില്ല."
"അനൂപ് അല്ലെങ്കിൽപ്പിന്നെ വിനയൻ വിളിക്കുന്ന സമയത്തൊക്കെ ഹേമ ആരോടാണ് സംസാരിച്ചിരുന്നത്?"
"ഏട്ടൻ കൂടി ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ ഒരു ഏകാന്തതയാണ് സർ , ഒരു കുഞ്ഞില്ലാത്തതിന്റെ ദുഃഖം വേറേ , പലപ്പോഴും ഓരോന്നോർത്തു സങ്കടം തോന്നുമ്പോൾ അമ്മയെ വിളിച്ചു ഒരുപാട് നേരം സംസാരിക്കാറുണ്ട്. മറ്റൊരിടത്തേക്ക് പറഞ്ഞയച്ചാലും ഒരു പെണ്ണിന് അവളുടെ അമ്മ തരുന്ന ധൈര്യവും ആശ്വാസവും മറ്റൊരിടത്തും നിന്നും കിട്ടില്ലല്ലോ സർ. അച്ഛൻ മരിച്ചതിൽ പിന്നെ ദിവസവുമുള്ള എന്റെ ഫോൺകോളുകൾ മാത്രമാണ് അമ്മക്കും ഒരാശ്വാസം..."
"എന്നിട്ടെന്തുകൊണ്ട് ഹേമ സത്യമെന്താണെന്നു വിനയനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചില്ല?"
"ഒന്നുരണ്ടു വട്ടം ഏട്ടനെ സത്യമെന്താണെന്ന് പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു സർ , പക്ഷെ അദ്ദേഹമത് വിശ്വസിച്ചില്ല മാത്രമല്ല മകളുടെ ഇഷ്ടത്തിന് അമ്മയും കൂട്ട് നിൽക്കുകയാണെന്ന് വരെ ഒരിക്കൽ പറയുകയുണ്ടായി. അതോടെ ഞാനും മാനസ്സികമായി എട്ടനിൽ നിന്ന് അകന്നു തുടങ്ങുകയായിരുന്നു. ഇത്രമാത്രം ഞാൻ ഏട്ടനെ സ്നേഹിച്ചിട്ടും എന്നെ സംശയത്തോടെ മാത്രം നോക്കുന്ന ഒരാളിനോട് ഞാനെന്തിന് ഇതൊക്കെ ബോധ്യപ്പെടുത്തണം എന്ന് ഞാനും ചിന്തിച്ചു തുടങ്ങി. ദിവസങ്ങൾ കഴിയുംതോറും കുറ്റപ്പെടുത്തലുകളും പഴിചാരലുകളും മാത്രമായി ഒതുങ്ങി ഞങ്ങളുടെ ജീവിതം. ഇതിനെച്ചൊല്ലി വഴക്കിടാത്ത ഒരു ദിവസം പോലും ഞങ്ങളുടെ ജീവിതത്തിൽ ഇല്ലെന്നായി.
"വിനയേട്ടനില്ലെതെ എത്രനാൾ ജീവിക്കാൻ കഴിയുമെന്നെനിക്കറിയില്ല സർ. അത്രമാത്രം ഞാനദ്ദേഹത്തെ സ്നേഹിക്കുന്നുണ്ട് , പക്ഷെ ഒരു സംശയത്തിന്റെ പേരിൽ ഏട്ടന്റെ ജീവിതം കൂടി ഇങ്ങനെ നശിക്കുന്നത് കാണുമ്പോൾ......
അതുകൊണ്ട് മാത്രമാണ് നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും ഡിവോഴ്സ് എന്നൊരു തീരുമാനമാനത്തിലേക്ക് ഞാനെത്തിയത്."
അതുകൊണ്ട് മാത്രമാണ് നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും ഡിവോഴ്സ് എന്നൊരു തീരുമാനമാനത്തിലേക്ക് ഞാനെത്തിയത്."
മമമ് അപ്പോൾ അതാണ് കാര്യം , അയ്യർ അല്പനേരം ആലോചനയിൽ മുഴുകി. ശരി ഡിവോഴ്സ് ഞാൻ വാങ്ങിത്തരാം പക്ഷെ അതത്ര നിസ്സാരമായ കാര്യമല്ല ഇതൊന്നും അതിന് തക്കതായ കാരണങ്ങളുമല്ല. കോടതിക്ക് വേണ്ടത് ശക്തമായ കാരണങ്ങളും തെളിവുകളുമാണ്. ഒരു കാര്യം ചെയ്യൂ ഞാൻ പറയുന്നത് അതേപോലെ ഹേമ കോടതിയിൽ പറയണം. ശ്രദ്ധിച്ചു കേട്ടോളൂ...."
പരസ്പരം സ്നേഹിച്ചു വിവാഹം കഴിച്ചതാണെങ്കിലും വിവാഹത്തിന് ശേഷമാണ് വിനയന്റെ ശരിക്കുള്ള സ്വഭാവം തനിക്ക് മനസ്സിലായിത്തുടങ്ങിയത്. സംശയരോഗിയായ വിനയൻ മനപ്പൂർവം തന്നെ ദ്രോഹിക്കണമെന്ന ലക്ഷ്യവുമായി മിക്കവാറും രാത്രികളിൽ മദ്യപിച്ചെത്തുകയും അതി ക്രൂരമായി തന്നെ ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. എന്നെക്കൂടാതെ മറ്റു സ്ത്രീകളുമായും അടുപ്പം സൂക്ഷിച്ചിരുന്ന വിനയൻ പലപ്പോഴും കിടപ്പറയിൽ പോലും ഒരു അഭിസാരികയോടെന്ന പോലെയാണ് എന്നോട്...........
"ഛീ നിർത്തണം സർ...."
"താങ്കൾ ഇത്രക്ക് തരം താഴ്ന്നവനാണെന്നു ഞാൻ കരുതിയില്ല. വിനയേട്ടനെക്കുറിച്ചു എന്തറിഞ്ഞിട്ടാണ് നിങ്ങൾക്ക് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത്. എന്റെ അച്ഛന്റെ സുഹൃത്തെന്ന നിലയിൽ ഈ നിമിഷം വരെ നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു , ബഹുമാനിച്ചിരുന്നു. ഇനിയെന്റെ വിനയേട്ടനെപ്പറ്റി ഒരക്ഷരം മോശമായി പറഞ്ഞാൽ..... ഇവിടെ നിങ്ങളല്ലാതെ നല്ല അഡ്വക്കേറ്റസ് വേറെയുമുണ്ട് സർ. അവരുടെ സഹായത്തോടെ ഡിവോഴ്സ് കിട്ടുമൊന്ന് ഞാനൊന്നു നോക്കട്ടെ...."
അയ്യർ ഒരു ചെറുപുഞ്ചിരിയോടെ മെല്ലെ എഴുനേറ്റു..
"ശരി വേറേ നല്ല അഡ്വക്കേറ്റ്സിനെ പരിചയമുണ്ടെങ്കിൽ ഹേമ അവരുടെ സഹായം തേടിക്കൊള്ളു പക്ഷെ ഒന്നു മാത്രം ഞാൻ ചോദിച്ചോട്ടെ , ഇത്രയും സ്നേഹം ഹേമക്ക് വിനയനോടുണ്ടെങ്കിൽ പിന്നെന്തിന് നിങ്ങൾ തമ്മിൽ പിരിയണം. പരസ്പരം മനസ്സിലാക്കിയ സ്ഥിതിക്ക് ഒന്നിച്ചു ജീവിച്ചുകൂടേ , ഇനി അതല്ല പിരിഞ്ഞേ തീരു എന്നാണെങ്കിലും ഞാൻ എതിരു നിൽക്കുന്നില്ല. പക്ഷെ അതിനു മുൻപ് നിങ്ങൾ രണ്ടുപേരോടുമായി എനിക്കൊരു കാര്യം കൂടി പറയാനുണ്ട്."
ഒന്നും മനസ്സിലാവാതെ മിഴിച്ചു നിന്ന ഹേമയെ അയ്യർ നിർബന്ധിച്ചു വിനയൻ ഇരിക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. മാസങ്ങളായി തന്നെ അറപ്പോടെയും ദേഷ്യത്തോടെയും മാത്രം നോക്കുന്ന വിനയനെ പ്രതീക്ഷിച്ച ഹേമക്ക് അവിടെ കാണാൻ കഴിഞ്ഞത് നിറഞ്ഞ കണ്ണുകളോടെ തന്റെ നേരെ നടന്നടുക്കുന്ന വിനയന്റെ മറ്റൊരു മുഖമായിരുന്നു. ഹേമയുടെ അനുവാദത്തിന് കാത്തു നിൽക്കാതെ നിറകണ്ണുകളോടെ വിനയൻ അവളെ നെഞ്ചോടു ചേർത്തു. ഒന്നും മനസ്സിലാവാതെ അമ്പരന്നു നിന്ന ഹേമയെ അയ്യർ ഒരു മകളുടെ വാത്സല്യത്തോടെ മെല്ലെ തലോടികൊണ്ട് അടുത്തുള്ള സ്ക്രീനിലേക്ക് വിരൽ ചൂണ്ടി. അപ്പോഴാണ് തങ്ങൾ സംസാരിച്ചതെല്ലാം വിനയനും കാണുകയും കേൾക്കുകയും ചെയ്യൂന്നുണ്ടായിരുന്നു എന്നവൾക്ക് മനസ്സിലായത്...
അയ്യർ അവരെ തന്റെ ക്യാബിനിലേക്കിരുത്തി..
"ഞാൻ പറയുന്നത് നിങ്ങൾ രണ്ട് പേരും ശ്രദ്ധിച്ചു കേൾക്കണം, പല തരത്തിലുള്ള പൊരുത്തക്കേടുകളുമായി ഒരുപാട് പേർ എന്റെ മുന്നിൽ വന്നിട്ടുണ്ട്. അവരുടെയൊക്കെ അനുഭവങ്ങളിൽ നിന്നും ജീവിതങ്ങളിൽ നിന്നും നമ്മളൊക്കെ പഠിച്ചിരിക്കേണ്ട ഒരുപാട് പാഠങ്ങളുമുണ്ട്. ഹേമയിന്ന് വിനയന്റെ കാമുകിയല്ല ഭാര്യയാണ് , ഭർത്താവിന്റെ ഇഷ്ടങ്ങളെ ഒരുപടി മുന്നിൽ മാനിക്കുന്നവളായിരിക്കണം ഒരു നല്ല ഭാര്യ , പലരും ഇതിനോട് യോജിക്കില്ലെങ്കിലും അങ്ങനെയുള്ള കുടുംബങ്ങൾ മാത്രമേ ഇന്നും സ്നേഹത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് പോകുന്നുള്ളൂ എന്നുള്ളതാണ് സത്യം. എന്നു കരുതി സ്വന്തം ഇഷ്ടങ്ങളെയെല്ലാം ത്യജിക്കണം എന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം. ഓരോ കുടുംബത്തിലും ഭർത്താവിന്റെ കാര്യത്തിൽ ഭാര്യയും മറിച്ചു ഭാര്യയുടെ കാര്യത്തിൽ ഭർത്താവും രഹസ്യമായെങ്കിലും മനസ്സിൽ സൂക്ഷിക്കുന്ന ഒരു സ്വാർത്ഥതയുണ്ട്. തന്നെയാവണം അവൾ അല്ലെങ്കിൽ അവൻ ഏറ്റവും കൂടുതൽ സ്നേഹിക്കേണ്ടത് എന്നുള്ളൊരു സ്വാർത്ഥത. ഹേമയുടെ കഥകൾ വായിക്കുന്ന വായനക്കാരോട് ആണെങ്കിലും സ്വയം ചിന്തിച്ചു നോക്കാൻ പറയു ,ആണായാലും പെണ്ണായാലും തന്റെ പാതി ഏറ്റവും കൂടുതൽ സ്നേഹിക്കേണ്ടത് തന്നെത്തന്നെയാവണം എന്നായിരിക്കും ആത്മാർഥത മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരു പങ്കാളിയുടേയും മനസ്സിലെ പ്രാർത്ഥന. ഒരുപക്ഷേ മറ്റു സുഹൃത്തുക്കൾ വന്നപ്പോൾ വിനയനോടുള്ള ഹേമയുടെ സ്നേഹത്തിന് കുറവുണ്ടായാലോന്ന് ചിലപ്പോൾ വിനയൻ ഭയന്നിട്ടുണ്ടാവാം. പക്ഷെ അത് തുറന്നു ചോദിക്കാനോ ഹേമയെ മനസ്സിലാക്കാനോ വിനയനും കഴിഞ്ഞില്ല."
" കൂടുമ്പോൾ ഇമ്പമുള്ളത് " എന്നതാണ് കുടുംബം. അവിടം നിങ്ങളുടെ മാത്രം ലോകമാണ്. പരസ്പരം അറിയേണ്ടതും മനസ്സിലാക്കേണ്ടതും നിങ്ങൾ തമ്മിലാണ്. ദാമ്പത്യത്തിനപ്പുറം നിങ്ങൾ ഓരോരുത്തരും പരസ്പരം നല്ല സുഹൃത്തുക്കൾ കൂടി ആയിരിക്കണം. എങ്കിൽ മാത്രമേ തന്റെ പാതിയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാനും കുറവുകൾ തിരിച്ചറിയാനും ഇരുവർക്കും കഴിയു. ഇവിടെ അങ്ങനെയല്ലാത്തത് കൊണ്ടാണ് വിനയനെ പറഞ്ഞു മനസ്സിലാക്കാൻ ഹേമയ്ക്കും ഹേമയുടെ മനസ്സ് തിരിച്ചറിയാൻ വിനയനും കഴിയാതെ പോയത്. ശക്തി കൊണ്ടും കുത്തുവാക്കുകൾ കൊണ്ടും തന്റെ പാതിയെ തോല്പിക്കുമ്പോഴല്ല അവളുടെ അല്ലെങ്കിൽ അവന്റെ കുറവുകൾ മനസ്സിലാക്കി ജയിപ്പിച്ചു മുന്നിൽ നിർത്തുമ്പോഴാണ് ഒരോ ദാമ്പത്യവും വിജയിക്കുന്നത്, അവിടെയാണ് നിങ്ങൾ ഓരോരുത്തരും വിജയിക്കുന്നത്. അതിന് ആദ്യം വേണ്ടത് പരസ്പരമുള്ള സ്നേഹവും വിശ്വസവുമാണ്. പുറമേ പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും ഉള്ളിന്റെയുള്ളിൽ പരസ്പരം സ്നേഹിക്കുന്നവരാണ് നിങ്ങൾ. അതുകൊണ്ടാണ് വിനയനെപ്പറ്റി വളരെ മോശമായിപ്പറഞ്ഞപ്പോൾ ഹേമയ്ക്ക് സഹിക്കാൻ കഴിയാത്തതും കാര്യങ്ങളുടെ സത്യാവസ്ഥ ഉൾക്കൊള്ളാൻ വിനയനും കഴിഞ്ഞത്. പക്ഷെ നിങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ ഞാനും ഇങ്ങനൊരു നാടകവും വേണ്ടി വന്നു. ഇനിയൊരിക്കലും അതിനിട വരുത്തരുത്. സ്നേഹിക്കുക , മനസ്സ് നിറഞ്ഞ ആത്മാർത്ഥതയോടെ പരസ്പര വിശ്വസത്തോടെ ജീവിക്കുക. നിങ്ങളുടെ ജീവിതത്തിൽ ഇനിയൊരിക്കലും പൊരുത്തക്കേടുകൾ ഉണ്ടാകാതിരിക്കാൻ ഈശ്വരന്റെ അനുഗ്രഹം എന്നും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കട്ടെ...."
അയ്യറുടെ അനുഗ്രഹം വാങ്ങി യാത്ര പറഞ്ഞിറങ്ങുമ്പോൾ അവരുടെ മനസ്സുകളും ഒരുമിച്ചൊരു യാത്ര പോവുകയായിരുന്നു. തങ്ങളുടെ പഴയ കാലത്തിലൂടെ , അവളുടെ ഇഷ്ടങ്ങളെല്ലാം തന്റെയും തന്റെയിഷ്ടങ്ങളെല്ലാം അവളുടേതുമായിരുന്ന അവരുടെ മധുരമുള്ള പ്രണയകാലത്തിലൂടെ.......
എങ്കിലും കഥയിവിടെ അവസാനിക്കുന്നില്ല...
അവരുടെ ജീവിതത്തിലെ മറ്റൊരു സായാഹ്നം...
അവരുടെ ജീവിതത്തിലെ മറ്റൊരു സായാഹ്നം...
വിനയൻ തന്റെ ഫോണിൽ ഹേമയുടെ നമ്പർ ഡയൽ ചെയ്തു.
" താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇപ്പോൾ ബിസിയാണ് " മുഖത്തൊരു ചെറു പുഞ്ചിരിയോടെ വിനയൻ ഫോൺ പോക്കറ്റിലേക്കിട്ട് അടുത്തുള്ള ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു. നടക്കുന്നതിനിടയിലും പലതരം ചിന്തകൾ ഒരു കടല് പോലെ അയാളുടെ മനസ്സിൽ തിരയടിച്ചുകൊണ്ടേയിരുന്നു. മെല്ലെ മെല്ലെ അയാളുടെ മുഖത്തുള്ള ചെറുപുഞ്ചിരി മാഞ്ഞു തുടങ്ങിയിരുന്നു. അയാൾ തന്റെ പേഴ്‌സിൽ നിന്നു മറ്റൊരു സിംകാർഡ് പുറത്തെടുത്തു ഫോണിന്റെ പിൻഭാഗം ശ്രദ്ധയോടെ തുറന്നു.............
"പ്രിയപ്പെട്ട വായനക്കാരെ ഇവിടം മുതൽ നിങ്ങൾക്ക് ചിന്തിച്ചു തുടങ്ങാം. ഇതല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള കാരണങ്ങൾ കൊണ്ട് മാറിചിന്തിക്കുന്ന ഒരുപാട് വിനയന്മാർ നമുക്ക് ചുറ്റുമുണ്ട്. നിങ്ങൾ ഓരോരുത്തരും വിനയന്റെ സ്ഥാനത്ത് നിൽക്കുക. ഇനിയുള്ള വിനയന്റെ പ്രവർത്തികൾ എങ്ങനെയായിരിക്കണം എന്നുള്ളത് ചിന്തിച്ചു തുടങ്ങേണ്ടത് നിങ്ങൾ ഓരോരുത്തരുമാണ്......."

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക