Slider

ഒരു മയിൽപ്പീലി സ്പർശം

1


അസ്തമയ സൂര്യനോടൊപ്പം എൻ്റെ വേദനകളും മാഞ്ഞെങ്കിൽ, കടലിലെ തിരമാലകൾ ആർത്തലച്ചു കരയിലേക്കടുത്തുകൊണ്ടിരിക്കുന്നു. പക്ഷെ അവയൊന്നും എൻ്റെ മനസിലെ തിരമാലകളോടൊപ്പമെത്തില്ല.
ആരുടെയൊക്കെയോ കാൽപാടുകൾ പതിഞ്ഞ മണൽ തരികൾ.. അവയൊക്കെ ഓടി വന്ന് മായ്ച്ചു കളയുന്ന തിരമാലകൾ..
അവയിൽ നിന്നും വേറിട്ട കാൽപാടുകൾ, ഇതുവരെ തിരമാല അതിനെ സ്പർശിച്ചിട്ടില്ല..
ജീവിതത്തിൽ വിജയിച്ചവൻ്റെ കാൽ പാടുകളാവാം അത്.
ഞാൻ ജീവിതത്തിൽ പകുതിക്ക് വച്ച് തന്നെ പരാജയപ്പെട്ടിരിക്കുന്നു. തലയോട്ടിൽ സൂചികൾ കുത്തിക്കേറുന്ന വേദന..
,എന്നെ ഈ തിരമാലകൾ പുൽകിയെങ്കിൽ., എനിക്കൊപ്പമേ എൻ്റെ വേദനകളും അവസാനിക്കൂ...
മെല്ലെ ഓരോ കാലടിയും തിരമാലകളോട് ചേർത്തു മുന്നോട്ട് നടന്നു.
"അണ്ണാ .. അഴകാര്ക്ക് ലെ.. വേണമാ.. ആ ചോദ്യം എൻ്റെ കാലുകളെ തടഞ്ഞു. ആ ചോദ്യം ഒരു നിമിഷം എൻ്റെ വേദനകൾ മായ്ച്ച പോലെ.,
ഒരു കൂട്ടം മയിൽപീലി തണ്ടുകളുമായ് പുഞ്ചിരിയോടെ നിൽക്കുന്ന അവനെ അൽപം ദേഷ്യത്തോടെ നിരുത്സാഹപ്പെടുത്തുന്ന വിധം ഞാൻ നോക്കി.. എൻ്റെ നോട്ടത്തിൽ തന്നെ ഞാനതിൽ നിന്ന് ഒന്നു പോലും വാങ്ങില്ലായെന്നവന് തോന്നിക്കാണണം. എന്നിട്ടുംഅവൻ്റെ മുഖത്തെ പുഞ്ചിരി മാഞ്ഞിട്ടില്ല.
"എന്ന കടലമ്മാവെ പാക്കിറത്‌ക്ക് ആസയാ.. ഇങ്കെ ഇര്ന്ത് പേസ് അമ്മാ എല്ലാ കേട്ട് മറുപടി സൊല്ലും."
ഞാനവനെ ഒന്നു നോക്കി..
"നീങ്ക റൊമ്പ സങ്കടത്തിലാ.. എന്നാ അമ്മ അടിച്ചാങ്കളാ."
അവന് ഈ കുഞ്ഞു ജീവിതത്തിൽ ഏറ്റവും സങ്കടം തോന്നീട്ടുള്ളത് അമ്മയുടെ തല്ലു കൊള്ളുമ്പോഴാവാം. അവൻ്റെ ചോദ്യം എൻ്റെ മുഖത്ത് കുഞ്ഞു പുഞ്ചിരി വരുത്തിച്ചു.
പക്ഷെ അവനൊരു മറുപടി കൊടുക്കാൻ അപ്പൊഴും എൻ്റെ മനസ് പാകപ്പെട്ടില്ലായ്രുന്നു.
"നീങ്ക റൊമ്പ സീരിയസ്., എന്ന സിരിക്കവേ ഇല്ലിയാ "
ഇതേ ചോദ്യം എന്നോട് പലരും ചോദിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ചിരിക്കാൻ അവകാശമില്ലാത്തവനാണ് ഞാൻ, കുഞ്ഞിലെ അച്ഛനും അമ്മയും ഒറ്റയ്ക്കാക്കി പോയപ്പോൾ ജീവിതത്തിൽ തോറ്റു പോയവനാണ് ഞാൻ..നീലിമ അവളെൻ്റെ ജീവിതത്തിലെത്തിയപ്പോഴാണ് ചിരി എന്താണെന്നും സന്തോഷമെന്താണെന്നും അറിഞ്ഞത്.
പക്ഷെ എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ തന്നെ അവൾ പരാജയപ്പെട്ടിരിക്കുന്നു.
"എന്ന യോസിക്കിരീങ്കെ.. എന്ന സിരിപ്പ് വരവെയില്ല യാ ഉങ്ക മൊഹത്തില്.. എന്ന മാതിരി സന്തോഷമാ ഇരിക്ക്ങ്കെ.. ഇന്ത മയിൽപീലി പോലെ സിരിച്ച് കിട്ടെ ഇരി .യേൻ അമ്മാ മൊഖത്തില് എപ്പവും സിരിപ്പ് താൻ "
അവൻ്റെ സംസാരം, ചിരി, കണ്ണുകൾ ഒക്കെത്തിനും ഒരു പ്രത്യേകതകളുണ്ട്. ആകർഷണമുണ്ട്,
"ഉങ്കള്ക്ക് കൊളന്ത ഇരിക്കാ"
അവന് ഒരായിരം ചോദ്യങ്ങളുണ്ട്.. എൻ്റെ പക്കൽ ഒന്നിനും മറുപടിയില്ല
നീലിമ ഒരു കുഞ്ഞിന് വേണ്ടി അഗ്രഹം പ്രകടിപ്പിച്ച് തുടങ്ങിയിരിക്കുന്നു.പല കാരണങ്ങൾ പറഞ്ഞ് അവളെ അകറ്റി നിർത്താൻ തുടങ്ങിയിട്ട് മാസങ്ങളായി.
രോഗവിവരം അറിഞ്ഞതു മുതൽ അവളിൽ നിന്നും ഒരകലം പാലിക്കുന്നുണ്ട് ഞാൻ., അതെന്തിനാണെന്ന് എനിക്കു പോലുമറിയില്ല.തലയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാൻസർ എന്ന മഹാമാരി എന്നെ കൊണ്ട് ചെയ്യിപ്പിക്കുന്നതാവും.
ആയുർരേഖയ്ക്ക് ചുവപ്പു വര വീണിരിക്കുന്നു. ഇനി ഒന്നിനും ആഗ്രഹിക്കാൻ പാടില്ല.
ഒരു സങ്കടം മാത്രം തൻ്റെ നല്ല പാതിയെ ഉപേക്ഷിക്കണമല്ലോ,ഇനിയൊരു കുഞ്ഞിനെ കൂടി... വേണ്ട
"എന്ന കൊളന്ത ഇരിക്കാ ഇല്ല യാ.. യേൻ യോസിക്കിറേ.."
ഇല്ല..
"എന്ന പുടിക്കലയാ..."
അതിനു മറുപടിയായ് അവനു ഞാനൊരു പുഞ്ചിരി നൽകി..
തലയ്ക്കുള്ളിൽ വല്ലാത്ത വേദന. എൻ്റെ മുഖഭാവം കണ്ടിട്ടാകണം അവൻ്റെ അടുത്ത ചോദ്യം.
"എന്ന ഉങ്കള്ക്ക് ഉടമ്പ് സരിയില്ലയാ.. "
ഇല്ല കുട്ടി, ജീവിതത്തിൻ്റെ അവസാന നിമിഷങ്ങൾ എണ്ണിക്കൊണ്ടിരിക്കുന്നു ആയുസിൻ്റെ കണക്കു പുസ്തകത്തിൽ ഇനി അധികം നാളുകളില്ല..
"എന്ന സാർ അന്തമാതിരി പേച്ച്.എന്ന ഉങ്കള്ക്ക് മരണം ന്നാ ഭയമാ... "
ഭയം അല്ല മരണത്തെ ഭയമില്ലെനിക്ക് ജനിച്ചാൽ ഒരു നാൾ മരണമുണ്ട്. അത് സത്യമാണ്. പക്ഷെ ജീവിതം ഏറെ മോഹിക്കുന്നു ഞാനിപ്പൊ..ൻ്റെ നീലിമയെ തനിച്ചാക്കി..
" ഏൻ പേസാമെ ഇര്ക്ക്...
മരണത്തെ ഭയക്കക്കൂടാത് യേൻ അമ്മ എങ്കിട്ടേ സൊല്ലിയിര്ക്ക് .. സിരിച്ച് കിട്ടേ ഇരി.. അത് താ അഴക്..
ഉങ്ക പൊണ്ടാട്ടി റൊമ്പ പാവം. അവങ്കള കണ്ണ് നനയ്ക്കക്കൂടാത് .. ഉങ്കള്ക്ക് ഒന്നും ഇല്ലിയേ..നീങ്ക റൊമ്പ നാൾ അവങ്കകൂടെ സേർന്ത് വാഴും.. ഉങ്കള്ക്ക് ആഴകാന കൊളന്ത പുറക്കും..
മരണത്തെ പറ്റി യോസിക്കവേ വേണ്ട.. നീങ്കളെ കടവുള്ക്ക് പുടിക്കവേ ഇല്ലൈ. അതിനാലെ ഉന്ന കൂപ്പിടവേ മാട്ടെ.
എന്ന ഇപ്പ സിരി വര്താ.. "
ഒരു ജ്ഞാനിയെ പോലെ എൻ്റെ ജീവിതത്തിൻ്റെ ഭാവി അവനെന്നെ കേൾപ്പിച്ചു. പുഞ്ചിരിച്ച മുഖത്തോടെ അവനൊരു മയിൽപ്പീലി തണ്ട് എൻ്റെ മുഖത്തോട് ചേർത്ത് വച്ചു. അപ്പോൾ അവൻ്റെ മുഖത്ത് ഒരു സൂര്യ തേജസുണ്ടായിരുന്നു.ആ തലോടൽ ഞാനൊരു പാട് നേരം ആസ്വദിച്ചു..
തലയിലെ സൂചി കുത്തുന്ന വേദന മെല്ലെ വിട്ടൊഴിഞ്ഞ പോലെ. കണ്ണ് തുറക്കാനെ കഴിയുന്നില്ല. പക്ഷെ അകക്കണ്ണിൽ ഞാൻ കാണുന്നുണ്ടായിരുന്നു.. ഒരു കാൽപാടിനു ചുറ്റും നൃത്തം വയ്ക്കുന്ന മയിൽ പീലികളെ.. ഒരു സ്പർശം കൊണ്ട് വേദനകളകറ്റുന്ന മയൂരത്തെ.
ഒരു മയിൽ പീലി തണ്ടുകൊണ്ട് മായാജാലം കാട്ടി അവനെങ്ങോ പോയി..
"അച്ഛാ... ഇവിടെ വച്ചാണോ ആ കുട്ടിയെ കണ്ടെ... നിറയെ മയിൽ പീലികളുണ്ടായിരുന്നോ കയ്യിൽ.. "
അതെ മോളെ, അച്ഛന് ധൈര്യം പകർന്ന് വേദനകളിൽ നിന്നും, മരണത്തിൽ നിന്നും ചിരിച്ചു കരകയറാൻ പഠിപ്പിച്ച മയൂരം ... അവൻ ഇവിടെ തന്നുണ്ടാവും..
തലയിലെ കീറി മുറിച്ച പാട് അയാൾ മെല്ലെ തടവി...പെട്ടന്ന് തെക്കു നിന്നും വീശിയ കാറ്റിനൊപ്പം ആയിരം മയിൽ പീലികൾ പാറി വന്ന് അയാളുടെ മുറിപ്പാടിനെ തഴുകി... ഒപ്പം തിരകൾ സ്പർശിക്കാത്ത ഒരു കാൽപാട് മണൽത്തരികളെ പുൽകി...
ജിഷ രതീഷ്
5/2/18
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo