Slider

കാക്കിയും കാമുകനും

കാക്കിയും കാമുകനും
കാര്യം ഞാനൊരു പോലീസുകാരനാണേലും ലോലഹൃദയനാണ് .പ്രത്യേകിച്ച് ചില കേസുകൾ മുന്നിൽ വരുമ്പോൾ അതിലോലനായി പോകാറുണ്ട് .അത്തരമൊന്നാണിപ്പോൾഒരു ചെറുപ്പക്കാരന്റെ രൂപത്തിൽ എന്റെ മുന്നിൽ .
"ഭാര്യ പോയി "
തെറ്റിദ്ധരിക്കണ്ട .മരിച്ചു പോയതല്ല .കാമുകന്റെ കൂടെ പോയി .അതും കോളേജിൽ പഠിച്ചപ്പോളുണ്ടായിരുന്ന പഴയ കാമുകന്റെ കൂടെ .
പഴയ പ്രണയങ്ങളൊക്കെ കല്യാണം കഴിഞ്ഞു വർഷങ്ങൾ കഴിയുമ്പോൾ ഫ്ലൈറ്റിൽ കയറി വരിക ! എന്നിട്ടു വല്ലോന്റേം ഭാര്യയെ ,അവന്റ
പൂർവ്വകാമുകിയെ കൊണ്ട് പോയേക്കുക .എന്നാലിത് ആദ്യമേ ചെയ്തു കൂടെ ? നരകം!
അയാളുടെ സങ്കടം കേട്ടപ്പോളാ ഞാനെന്റെ ഭാര്യയെ കുറിച്ചോർത്തത്.
ക്രമസമാധാനപരിപാലനം കാരണം രണ്ടു ദിവസമായി വീട്ടിൽ കേറിയിട്ട്. എന്റെ സമാധാനത്തിന്റെ കാര്യമേകദേശം തീരുമാനമായി .
ചെറുപ്പക്കാരനെ ഒരു വിധം സമാധാനിപ്പിച്ചു വിട്ടു .ഭാര്യ സ്വന്തം വീട്ടിൽ പോകുന്നു എന്ന് പറഞ്ഞു പോയതാണത്രേ .പിന്നെ കണ്ടിട്ടില്ല .പാവം !
എന്റെ ഭാര്യക്കുമുണ്ടായിരുന്നു കോളേജിൽ പഠിച്ചപ്പോളോരു പ്രണയം .നമ്മൾ പ്രേമിക്കാൻ പോയിട്ടില്ലാത്ത കൊണ്ട് ഇതിന്റെ സുഖവും സുഖക്കേടും നമുക്കറിയില്ലപ്പാ !
അവളെ ഒന്ന് വിളിച്ചേക്കാം .
"നിങ്ങൾ വിളിക്കുന്ന നമ്പർ പരിധിക്കു പുറത്താണ് .
ഇതെപ്പോ പരിധിക്കു പുറത്തായി? വീണ്ടും വിളിച്ചു.
ദൈവമേ ലവളും......
വീട്ടിലെത്തിയതെങ്ങനെ എന്ന് പോലും അറിഞ്ഞൂടാ .വീട് പൂട്ടിക്കിടക്കുന്നു.ഇവൾ ഇതെങ്ങോട്ടു പോയി .
"നീതു അവളുടെ വീട്ടിൽ പോയി .ഇതാ ചാവി " അയല്പക്കത്തെ കല്യാണിച്ചേച്ചി ചാവി കൊണ്ട് തന്നു .
ദൈവമേ ലവളും പോയോ ? ഇതിപ്പോ ഫാഷൻ ആണോ ? കല്യാണം കഴിയുക ,കുറെ വർഷങ്ങൾ കഴിയുമ്പോൾ കുഞ്ഞുങ്ങൾ ഉണ്ടെങ്കിലുമില്ലെങ്കിലും പൂർവ കാമുകനോ തൽക്കാല ഉടമ്പടി പ്രകാരമുള്ള കാമുകനോ എവന്റെയെങ്കിലും കൂടെ പോയേക്കുക .കുറച്ചു നാൾ കഴിയുമ്പോൾ ഒരു ഉളുപ്പുമില്ലാതെ കരഞ്ഞോണ്ട് കേറി വരിക .ആണുങ്ങൾ പാവങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചോളും .
എടീ ഞാൻ കിഴങ്ങനല്ല.നീ പോയാൽ ആ വഴി പൊക്കോണം .എന്റെ മൂന്നു പിള്ളേരെ കൂടെ കൊണ്ടുപൊക്കോണം. ഒറ്റയ്ക്ക് പോയാൽ നിന്നെ ഞാൻ... പൂർവ കാമുക ചെറ്റേ ...ഞാൻ മനസ്സിൽ പറഞ്ഞു
അവളുടെ വീട്ടിലെത്തിയപ്പോൾ അവൾ ദേ ഇരുന്നു ഊഞ്ഞാലാടുന്നു,ഇവിടെ ബാക്കിയുള്ളവന്റെ നെഞ്ചിൽ തീ കോരിയിട്ടിട്ട് അവളുട ഊഞ്ഞാലാട്ടം .
"നീ പോയില്ലേ ?" അറിയാതെ ചോദിച്ചു പോയതാണ്
" എങ്ങോട്ട് ?"അവൾ കയ്യിലിരുന്ന മാങ്ങാ തിന്നു കൊണ്ട് എന്നോട്
"അല്ല എങ്ങോട്ടെങ്കിലും .."
"ദേ മനുഷ്യ ! നിങ്ങൾ കുടുംബത്തിൽ കേറിയിട്ടു എത്ര ദിവസമായി ?"
അവൾ ഭദ്രകാളിയായി .
"രണ്ടല്ലേ ?" ഞാൻ എന്റെ രണ്ടു വിരൽ ഉയർത്തിക്കാട്ടി
" ഉറപ്പില്ലല്ലേ? ഭർത്താവാണത്രേ ഭർത്താവ്‌ ! നാട്ടുകാർക്കോ ഉപകാരമില്ല.
എനിക്കെങ്കിലും ?"
"നിനക്കുപകാരമില്ലാഞ്ഞിട്ടാണോടി പിള്ളാര് മൂന്നെണ്ണം? .എന്നെകൊണ്ട് പറയിക്കല്ലേ "
"അയ്യടാ പോലീസ് ഭാഷ വന്നലോ? ഈ പിള്ളാര് പഠിക്കുന്ന ക്ലാസ് ഏതൊക്കെ ?അതൊന്നു കൃത്യമായിട്ട് പറഞ്ഞെ ?"
"ദൈവമേ ..ബ്രഹ്മാസ്ത്രം ആണല്ലോ ...!ഏറ്റവും ഇളയവൻ നഴ്സറിയിൽ ആണെന്ന് അറിയാം. പക്ഷെ ഞാൻ ഉരുളും മണ്ണ് പുരളാതെ ഉരുളും.
"നീയിങ്ങനെ എന്നെ സംശയിക്കല്ലേ ?പെട്ടെന്ന് ചോദിച്ചാൽ കൺഫ്യൂഷൻ ആയിപ്പോകും മൂന്ന് പേരൊക്കെയാകുമ്പോൾ തെറ്റി പോകുമെടി സോറി "
ഞാൻ അവളുടകയ്യിലിരുന്ന മാങ്ങാ കൊണ്ടുള്ള ഏറു തടുത്തു ഒഴിഞ്ഞു. പോലീസ് ആയതിന്റെ ഗുണം.
"നിന്റെ ഫോൺ എന്താ സ്വിച്ച് ഓഫ് ?" അറിയണമല്ലോ
"ഓ വെറുതെ .." അവൾക്കൊരു കള്ളത്തരം ഉണ്ടോ ?
"പറയടി" ഞാൻ പുഞ്ചിരിച്ചു.
"പണ്ട് കോളേജിൽ പഠിച്ചപ്പോൾ, ഉണ്ടായിരുന്ന ഒരു പ്രേമത്തെ കുറിച്ച് ഞാൻ പറഞ്ഞിട്ടില്ലേ ?അവൻ എവിടുന്നോ നമ്പർ കണ്ടു പിടിച്ചു വിളി തുടങ്ങി കാണാൻ പറ്റുമോ ? എന്നൊക്കെയാ ചോദ്യം
എന്റെ നെഞ്ചിൽ ഒരിടി വെട്ടി .ലവന്റ പതിനാറടിയന്തിരം ഞാൻ തന്നെ നടത്തേണ്ടി വരുമല്ലോ കർത്താവെ ! പക്ഷെ അവൾ അതറിയണ്ട. പോലീസുകാരന്റെ ഭാര്യയോടാ കളി !തീക്കട്ടയിലെ ഉറുമ്പേ... നിന്നെ ഞാൻ...
"" അതിനു നീയെന്തിനാ കൊച്ചെ ഓഫ് ചെയ്തേ .?കാണാമെന്നു പറ .ഞാനും വരാം"
അവളെന്റെ ജീവനല്ലേ.. പാവം അവളെന്തു വേണം!
" അയ്യോ എന്തിനാ തല്ലാനോ?" അവൾ കണ്ണു മിഴിക്കുന്നു
" ശ്ശേ ഞാൻ അങ്ങനെ ചെയ്യോ ? നിന്നെ കൊണ്ട് പോക്കൊന്നു പറയാനാ " ഞാൻ ഉറക്കെ ചിരിച്ചു.
"എടാ കള്ളപ്പൊലീസെ നിന്നെ ഞാൻ "
അവളെന്റെ പിന്നാലെ. ഞാൻ ഓടി
" എടീ ഇങ്ങനെ കിടന്നോടല്ലേ "അവളുടെ 'അമ്മ .വന്നപ്പോൾ ഞങ്ങൾ ബ്രേക്ക്‌ ഇട്ടു.
" അവൾക്കു വയറ്റിലുണ്ട് ..ഇങ്ങനെ കിടന്ന് ഓടാതെ. "
"ഇത് നിർത്താറായില്ലേ ?""
വീട്ടിലേക്കു തിരികെ പോകുമ്പോൾ അവർ പിറുപിറുത്തത് ഞാൻ കേട്ടില്ല എന്ന് നടിച്ചു .കർത്താവു തരുന്നത് നമ്മൾ രണ്ടു കയ്യും നീട്ടി വാങ്ങും .അല്ല പിന്നെ !
ഞാൻ അവളെ നോക്കി .
അവളുട മുഖത്ത് കഴിഞ്ഞ മൂന്ന് തവണയും കണ്ട നാണം ഫീൽ റിപ്പീറ്റഡ് .
"സത്യമാണോ ?"
"ഉം "
"എന്നാൽ വേഗം അവനെ വിളിച്ചോ നിന്റ കാമുകനെ ..ഇപ്പോളാണേൽ ഓഫർ ഉണ്ട്.ഒരു പാക്കേജ്. ഒരു കുട്ടി ഫ്രീ ."
"പോടാ പട്ടി"
അവളെങ്ങനെ പച്ചക്കു വിളിച്ചു കളയുമെന്ന് കർത്താവാണേ ഞാൻ ഓർത്തില്ല .കൂടുതൽ ഉപമകളും ഉൽപ്രേക്ഷകളും വരാതിരിക്കാൻ ഞാൻ അവളുട വാ പൊത്തിക്കളഞ്ഞു .ഒന്നുമില്ലെങ്കിലും ഞാൻ ഒരു പോലീസ് അല്ലെ ?

Ammu
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo