Slider

കോട്ടക്കൽ സെന്റ് തെരേസാസ് കോളേജിലേക്ക് ഒരു ബ്ലും... ഭാഗം 1

0
കോട്ടക്കൽ സെന്റ് തെരേസാസ് കോളേജിലേക്ക് ഒരു ബ്ലും...
ഭാഗം 1
കോളേജിലെ എന്റെ ആദ്യ ദിനം
********************************************
പത്താംക്ലാസ്സ് പരീക്ഷയിൽ ഡിസ്റ്റിംഗ്ഷനും ഹൈ ഫസ്റ്റ് ക്ലാസ്സും സ്കൂൾ ടോപ്പറും ആയ അഞ്ചു പെൺപുലികളുടെ വിഹാര കേന്ദ്രത്തിലേക്കാണ് ഞാൻ... 'സെക്കന്റ്‌ ക്ലാസ്സ്‌ അത്ര ചെറിയ ക്ലാസ്സല്ല വിജയാ' എന്നും പറഞ്ഞ് കൂളായി കാലെടുത്ത് കുത്തിയത്. എസ് എസ് എൽ സി ബുക്കിലെ എന്റെ മാർക്ക് അപ്പനും അമ്മക്കും നാട്ടിൽ ഇച്ചിരി ബ്ലാക്ക്‌ മാർക്ക് ആയെന്നുള്ളത് പകൽ പോലെ സത്യം.എങ്കിലും പത്താം ക്ലാസ്സ്‌ മുതൽ പിന്നീടങ്ങോട്ട് എംകോം വരെ സെക്കന്റ്‌ ക്ലാസ്സ് എന്ന പ്രതിഭാസത്തിന് ഒരു പണത്തൂക്കം കുറവോ കൂടുതലോ ഞാൻ വരുത്തിയിട്ടില്ല എന്നുള്ളത് എന്റെ ഐക്യൂ നില ഞാൻ ഭദ്രമായി കാത്തു സൂക്ഷിച്ചു എന്നതിനുള്ള ഐ എസ് ഒ സർട്ടിഫിക്കറ്റായി വേണം നിങ്ങൾ കരുതാൻ.
.
എനിക്ക് വേണ്ടി എന്തു ചെയ്താലും അത് ധന നഷ്ടമോ സമയ നഷ്ടമോ മാന നഷ്ടമോ ആയി തീരും എന്നു നൂറു ശതമാനം ഉറപ്പുള്ളതിനാൽ വീട്ടുകാർ എന്നെ അധികം ഡെക്കറേഷൻ ഒന്നും ചെയ്യാതെ 3 കിലോമീറ്റര് അകലെയുള്ള കോട്ടക്കൽ കോളേജിൽ ഫോർത്ത് ഗ്രൂപ്പിന് ചേർത്തു.
കോളേജിലേക്ക് നേരിട്ടു ബസ്സ് ഇല്ലാത്തതു കൊണ്ടും ബസ്സിന്‌ പോയാൽ തന്നെ വലിയപറമ്പിൽ ഇറങ്ങി പിന്നെയും നടക്കണം എന്നുള്ളത് കൊണ്ടും.ഞാൻ നമ്മുടെ സ്വന്തം നടരാജക്ക് പോയി.
കണ്ട മുൾ വേലിയിലും എടുവഴിയിലും നടു റോഡിലുമൊക്കെ വീണ് കഷ്ട്ടപെട്ടു പഠിച്ചെടുത്ത സൈക്കിൾ വിദ്യ കൈവശം ഉണ്ടെങ്കിലും "ഇറക്കവും കേറ്റവും മാത്രം മുഖ മുദ്രയായ കോളേജ് റോഡിലൂടെ സൈക്കിളിൽ നീ പോയാൽ...കണ്ട പാടത്തും കുളത്തിലും നിന്നെ അന്വേഷിച്ചു ഞാൻ നടക്കേണ്ടി വരും!! "എന്ന അപ്പന്റെ കൈ മലർത്തലിൽ ആ സൈക്കിൾ സ്വപ്നം പറന്ന് പറന്ന് അങ്ങാട് പോയി.....
അങ്ങനെ മജന്ത ടോപ്പും മിഡിയും അരയിൽ ഒരു സ്വർണ്ണ ബെൽറ്റും കെട്ടി മ്യാച്ച്‌ കമ്മലും മാലയുമൊക്കെയിട്ട് മജന്ത ഹാൻഡ് ബാഗും തൂക്കി കറുത്ത ഷൂസിനുള്ളിൽ കാലുകൾ ഒളിപ്പിച്ച്‌ ഞാൻ കോളേജ് ലക്ഷ്യമാക്കി നടന്നു.
വലിയ പറമ്പു വരെ ഞാൻ എന്നോട് തന്നെ വർത്തമാനം പറഞ്ഞോണ്ടിരുന്നു .അതു കഴിഞ്ഞപ്പോൾ കോളേജിലേക്കുള്ള ചില ചേട്ടന്മാരെയും ചേച്ചിമാരെയുമൊക്കെ കണ്ടു തുടങ്ങി. പക്ഷെ പരിചയമുള്ള ആരെയുമതിൽ കാണാത്തത് കൊണ്ട് ഞാൻ എന്നെത്തന്നെ വീണ്ടും കൂട്ടു പിടിച്ചു.
"പൂവാലന്മാർ പിറകെ കൂടും.. ആരെയും അടുപ്പിക്കാൻ നിക്കണ്ട !!" എന്ന ചേച്ചിമാരുടെ ഉപദേശം ഒരക്ഷരപിശകും കൂടാതെ എൻറെ കാതുകളിൽ വന്നലച്ച കാരണം ഞാൻ ആരോടും വല്യ വർത്തമാനത്തിന് ഒന്നും പോയില്ല.
ഇന്നത്തെ പോലെ ഉരലുപോലെയല്ല...വെറും ഒരു ഉലക്ക പോലെയായിരുന്നു അന്നെന്റെ ദേഹം!.സൺ ഷെയ്ഡ് പോലെ മുൻപിൽ വെട്ടിയിട്ട മുടിയും ...കുതിരവാല് പോലെ ചാടി കളിച്ചു കൊണ്ടിരിക്കുന്ന പിന്പിലത്തെ മുടിയും കാരണം എന്റെ ചെറിയ മുഖം മറ്റുള്ളവർക്ക് വളരെ കുറച്ചേ കാണാൻ സാധിക്കു.ആ തിരുമുഖം നിറയെ നിഷ്കളങ്കത വരുത്തി ആരെയും നോക്കാതെയുള്ള എന്റെ ചാടി ചാടിയുള്ള നടപ്പ് കണ്ടിട്ടായിരിക്കണം.."ഇതേതാ ഈ കുതിര !!" എന്നൊരശ്ശരീരി ഞാൻപുറകിൽ നിന്നും കേട്ടു .
ഗമയൊട്ടും കുറക്കാതെ ,ധൈര്യമൊട്ടും ചോരാതെ ഞാൻ കോട്ടക്കൽ കോളേജിലെക്കുള്ള കയറ്റം മന്ദം മന്ദം നടന്നു കയറി.ഇരു വശത്തും വാക മരങ്ങളും ചെടികളും വെച്ച് പിടിപ്പിച്ച മനോഹരമായ ക്യാംപസ് .അതിൽ ഇടതു വശത്തായി തലയുയർത്തി നിൽക്കുന്ന പള്ളി .കയറ്റം കയറി ചെന്നാലേ പള്ളിയെ നമുക്ക് പൂർണ്ണമായും കാണാൻ സാധിക്കു . നേരെയായിട്ടാണ് ഓഫീസ് .വലതുവശത്തായി ക്ലാസ്സ്‌ മുറികൾ.അവിടം നിറയെ കുട്ടികൾ കൂട്ടം കൂട്ടമായി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു .അവരുടെ സംസാരവും ഓളിയിടലും എന്റെ കാതുകളിൽ തിരമാലകൾ പോലെ വന്നടിക്കുന്നു.എനിക്ക് മുൻപിലും പുറകിലുമായി ഒത്തിരി പേർ നടക്കുന്നുണ്ട് . നടന്നു പോകുന്ന വഴികളിൽ ഉയർത്തി കെട്ടിയിരിക്കുന്ന സിമന്റ് ബെഞ്ചുകളിൽ ആരൊക്കെയോ ഇരിക്കുന്നുണ്ട് ആരുടെയൊക്കെയോ തലകൾ എന്റെ നേരെ പൊങ്ങുന്നത് ഇടം കണ്ണാൽ ഞാൻ സേവ് ചെയ്തു.
"ചേട്ടാ ..ഈ പ്രീഡിഗ്രി ഫസ്റ്റ് ഇയർ ക്ലാസ്സ്‌ ഏതാ ?" തൊട്ടു പിന്നിൽ വന്നു കൊണ്ടിരുന്ന കണ്ടിട്ട്- അയ്യോ പാവം... എന്ന് തോന്നുന്ന ഒരുത്തനോട് ഞാൻ ചോദിച്ചു.
"ദേ ..ദതാ"....പുള്ളിക്കാരൻ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് ഞാൻ എന്റെ റൂട്ട് തിരിച്ചു . അവിടെയെത്തും വരെ എന്റെ കാല്പാടുകളെ ആരൊക്കെയോ പിൻതുടരുന്നതായി തോന്നിയെങ്കിലും തിരിഞ്ഞു നോക്കാൻ ഞാൻ മെനക്കെട്ടില്ല.(ആദ്യത്തെ ദിവസം അല്ലെ ? എന്തിന് തനിസ്വഭാവം പുറത്തു കാണിക്കണം !!)
രണ്ടു നിലയുള്ള നീളൻ ബിൽഡിംഗ് .അതിന്റെ ഒത്ത നടുക്കായി മുകളിലേക്കുള്ള സ്‌റ്റെയർകേസ്‌ .താഴത്തു തന്നെ അങ്ങ് അറ്റത്തായിട്ടാണ് എന്റെ ക്ലാസ്സ്‌.വരാന്ത നിറയെ ചെക്കന്മാർ കൂട്ടം കൂടി നിന്ന് വരുന്നവരെയും പോകുന്നവരെയും നോക്കി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു.അവിടം വരെ ഒരു പോറൽ പോലും ഏൽക്കാതെ എത്തപ്പെട്ടതിന്റെ സന്തോഷത്തിൽ ഞാൻ ക്ലാസിലേക്ക് വലതു കാലെടുത്തു കുത്താൻ പോയതും പിറകിൽ നിന്ന് ഒരു ചോദ്യം
" ഡീ നീ ഈ കോളേജിലാ ?"
പുറകിൽ ഒരു ചപ്ര തലയൻ !.വട്ട മുഖവും അതിൽ നിറയെ ഉണ്ട കണ്ണും .അവന്റെ ശരീരവും ഒരു വട്ട ആകൃതിയിൽ ആയിരുന്നു . ഇവനെ ഞാൻ മുൻപ് പലപ്പോഴും കണ്ടിട്ടുണ്ട് .പള്ളിയിൽ നിന്നും സി എൽ സി യുടെ സെമിനാറുകൾക്കു പോകുമ്പോൾ ഇവൻ അവിടെ കിടന്നു വിളയാടുന്നത് കാണാറുണ്ട് .അത്ര നല്ല പുള്ളിയായി എനിക്ക് തോന്നിയിട്ടില്ല .പേര് ഓർമ്മയില്ല .കുഴൂർ എവിടെയോ ആണ് വീട്.അവന്റെ പുറകിൽ അവന്റെ തോളിൽ കയ്യൂനി മെട്രോ പോലെ വേറെ കുറെ എണ്ണവും നീണ്ട് കിടപ്പുണ്ട് .
"ഉം ..അതേ "
"നീ പേടിക്കണ്ടടി ഞാൻ ഒക്കെ ഇവിടെയുണ്ട് .ധൈര്യമായിട്ട് ക്ലാസ്സിൽ പൊക്കോ " അവൻ വല്യേട്ടൻ ചമഞ്ഞു പറഞ്ഞു .
"നീയൊക്കെ ഇവിടെയുള്ളതാ എന്റെ പേടി " എന്റെ നാക്കിൽ നിന്നും അറിയാതെ എന്റെ മനസ്സിലിരിപ്പ് ആ പരിസരം ആകെ മുഴങ്ങി കേട്ടു! .
ഞാൻ അത് പറഞ്ഞതും അവന്റെ തോളിൽ തൂങ്ങിയാടിയ ചെറുക്കൻമാർ ഒക്കെപ്പാടേ അവന്റെ തോളിൽ അടിച്ച്‌ ഒരു തുള്ളലും... പിന്നെയൊരു ആർപ്പു വിളിയും !! ആ വിളിയുടെ തള്ളലിൽ ഞാൻ ക്‌ളാസ്സിലേക്ക് വലതു കാലെടുത്തു കുത്തി.
പത്തു നൂറ്റമ്പതു പേരുള്ള ക്ലാസ്സ്‌ .അതിൽ കുറെ പേർ എന്റെ പഴയ സ്കൂളിൽ പഠിച്ചവർ കുറച്ചു പേർ കണ്ടു പരിചയം ഉള്ളവർ കുറെയെണ്ണം പുതിയവർ.എല്ലാവരും പരസ്പരം പരിചയപ്പെടാനുള്ള വെമ്പലിലാണ് .അതിനിടയിൽ ഒരു ടീച്ചർ വന്ന് അറ്റന്റൻസ്‌ എടുത്ത് ഞങ്ങളെയെല്ലാവരെയും പ്രാർത്ഥനക്കായി പള്ളിയിലേക്ക് വരിവരിയായി കൊണ്ട് പോയി.
പ്രിൻസിപ്പൽ ഫാദർ ആന്റണി താണിക്കലച്ചന്റെ ഉപദേശങ്ങൾക്ക് കാത് മാത്രം കൊടുത്ത് കണ്ണും മനസ്സും ചുറ്റുമുള്ളവരെ ചുറ്റിയുഴിഞ്ഞു കൊണ്ടിരുന്നു.ഒരു മണിക്കൂർ നേരത്തെ ഒരു കാര്യവുമില്ലാത്ത പ്രഭാഷണത്തിന് ശേഷം ഞങ്ങളെ വീണ്ടും ക്‌ളാസിലേക്കാനയിച്ചു.
ക്ലാസ്സിൽ എത്തിയ ഞാൻ എന്റെ ബാഗ് തുറന്നതും എന്തോ ഒരു പന്തിയില്ലായ്മ ..എന്താണത് !!.... ബാഗിനകത്തു വെച്ചിരുന്ന അമീർഖാന്റെ പടമുള്ള നോട്ട് ബുക്ക്, അപ്പൻ വാങ്ങി തന്ന കറുത്ത ഹീറോ പെൻ, പിന്നെ എന്റെ കാര്കൂന്തൽ ചീകാനായി ഞാൻ കൊണ്ട് നടക്കുന്ന ചുവന്ന ചീർപ്പ് ഇത്യാദി സാധനങ്ങൾ ഒന്നും തന്നെ ബാഗിൽ കാണാനില്ല!!.ബാഗിന്റെ പുറത്തു കോളേജിൽ നിന്നും തന്ന ഹാൻഡ് ബുക്ക് അലക്ഷ്യമായി ഇട്ടിരിക്കുന്നു. ഞാൻ അത് തുറന്നു നോക്കി .ഫസ്റ്റ് പേജിന്റെ മറു ചട്ടയിൽ " നിനക്ക് ഞാൻ വെചട്ടുണ്ട്" എന്ന ബ്ലാക്‌മെയിൽ !! അയ്യേ ...ഇതാരാടാ 'വെച്ചിട്ടുണ്ട്' എന്ന് പോലും നേരെ ചൊവ്വേ മലയാളം എഴുതാൻ അറിയാൻ പാടില്ലാത്ത ഒരു റൗഡി സേട്ടൻ !!
ബാഗിനകത്ത് ഒന്നു കൂടി ഞാൻ കയ്യിട്ടു തപ്പി. ഉച്ചക്ക് വിടുമെന്നറിഞ്ഞിട്ടും 'അമ്മ തന്നയച്ച ചോറും പൊതിക്ക് എന്തോ ഒരു ഭാവ മാറ്റം !! പതിയെ ഞാൻ അത് തുറന്നു. സാമ്പാറ് പോരാഞ്ഞിട്ട് മുട്ട വറുത്തത് കൂടി വേണമെന്ന വാശിക്ക് കൂട്ട് നിന്ന് 'അമ്മ വാഴയിലയിൽ പൊതിഞ്ഞു തന്ന ചോറിനു പകരം ഞാൻ കണ്ടത് കുറെ ' മണ്ണും ചരലും പച്ചിലകളും .!!' അതിലൊരു കുറിപ്പും -: " ഈ മരുന്ന് നിത്യവും മൂന്ന് നേരം സേവിക്കുക.... നിന്റെ നാക്ക് മാത്രം വളർന്നാൽ പോരല്ലോ..ചൂരൽ പോലെയിരിക്കുന്ന നിന്റെ ദേഹം കൂടി വളരട്ടെ !! "...എന്ന് നിന്റെ പുന്നാര വൈദ്യൻ , ഒപ്പ് , കുത്ത് !!
സൂർത്തുക്കളെ അന്ന് മുതൽ ഇന്ന് വരെ നിലക്കാതെ വളര്ന്നു കൊണ്ടിരിക്കുന്ന ഒരേ ഒരു സംഭവമാണ് എന്റെ നാക്ക് എന്ന് ഞാൻ പ്രത്യേകം പറയണ്ടല്ലോ അല്ലെ !

Lipi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo