Slider

ഒരു ബസ് യാത്ര

0


നാളെ ഒന്ന് നേരത്തെ എണീറ്റൊണ്ടി, പോകാനുള്ള കാര്യം മറക്കണ്ട\"
തലേ ദിവസത്തെ ഉമ്മയുടെ ഇ വാക്കുകള് കാരണമാണ് ഇന്ന് പതിവിലും നേരത്തെ എണീറ്റത് . പല്ല് തേപ്പ് കുളി എന്നിങ്ങനെയുള്ള കലാപരിപാടികളൊക്കെ തീര്ത്തു അടുക്കളയിലേക്കു ചെന്നു. പതിവുപോലെ കൃത്യ സമയത്ത് തന്നെ അടുക്കളസാമ്രാജ്യം തുറന്നു ഉമ്മ തന്റെ പരിപാടികള് തുടങ്ങിയിട്ടുണ്ട് .
\" ഇത്ര നേരത്തെ തന്നെ എണീറ്റോ?\" എന്ന മുഖഭാവത്തോടെ ഉമ്മ എന്നെയൊന്നു നോക്കി . \"അതെ \" എന്ന തെല്ലഭിമാനതോടെയുള്ള ഒരു നോട്ടം ഞാനും.
\"ചായ ആയിക്കണെങ്കി തരീം \" എന്റെ എളിയ റിക്വസ്റ്റ് ! . വയ്കാതെ തന്നെ കിട്ടി , അസ്സലൊരു ചായ . ചായ കുടിച്ചു കൊയാലയിലേക്ക് പോയി നിലത്ത് കിടന്ന പത്രമെടുത്ത് നിവര്ത്തി . നല്ല മണമുണ്ട് ആ പുതിയ പേജുകള്ക്ക് പക്ഷെ അതിനുള്ളിലെ വാര്ത്തകള്ക്ക് ആ നല്ല മണം കണ്ടില്ല . പതിവുപോലെ തന്നെ , കൊല കവര്ച്ച പീഡനം അങ്ങനെ പോകുന്നു ..വായിക്കാന് നിന്നില്ല അതവിടെ ഒരു മൂലയില് വലിച്ചെറിഞ്ഞു .
ഞാന് മുറ്റത്തെക്കും നോക്കി ഇരുന്നു .വെയിലിന്റെ ചെറു കിരണങ്ങള് ഉണ്ടായിരുന്നു മുറ്റത്ത്. അന്തരീക്ഷമാകെ ചെറുകിളികളുടെ സംഗീതവും .
\" ഞ്ഞി കിനാവും കണ്ടു നിക്കണ്ട ബേഗം പോവാന് നോക്ക് \" ഉമ്മാന്റെ ഓര്ടറാണ് ഫ്രം അടുക്കള !! പിന്നെ താമസിച്ചില്ല ,റൂമില് വന്നു അലമാര വലിച്ചു തുറന്നു അലമാരയ്ക്കകത്തു \" എന്നെയെങ്ങാനും ഇ പഹയന് വലിച്ചു കെറ്റുമോ \" എന്നഭാവത്തോടെ എന്നെ നോക്കി കുറച്ചു പാന്റ്സും ഷര്ട്ടും .അവയില് ഒരു മോന്ജനെ എടുത്തു വലിച്ചു കയറ്റി . ഇനിയാണ് ശരിക്കുമുള്ള പ്രയത്നം ! കണ്ണാടിക്കു മുന്നില് പോയിനിന്നുള്ള പ്രകടനങ്ങള് ! മുടി ചീകി ചീകി ഒടുവില് കണ്ണാടിയും മുടിയും ഒരുമിച്ചു പറഞ്ഞു \" ഒന്ന് നിര്ത്തെടാ പുല്ലേ\" സോറി ,അതെനിക്ക് തോന്നിയതാണ് .. ചിലപ്പോ അവരങ്ങനെ പറഞ്ഞിട്ടുണ്ടാകും , അവര്ക്കെന്തു സൌന്ദര്യ ബോധം! ഒരുവിധം മോഞ്ജനായി എന്ന് എനിക്ക് തന്നെ തോന്നിയപ്പോ കണ്ണാടി വിട്ടു . ഉമ്മയോട് സലാം പറഞ്ഞു യാത്രയിറങ്ങി ..
കുണ്ടും കുഴിയും നിറഞ്ഞ, സോറി , കിണറുകളും അരുവികളും നിറഞ്ഞ റോഡിലൂടെ ചാടി ചാടി ഇ വിനീതന് നടന്നു . ഒരുവിധം കവലയിലെത്തി . \" ഇവനിതെങ്ങോട്ടാ രാവിലെതന്നെ അണിഞ്ഞൊരുങ്ങി പോകുന്നത് \" എന്ന മട്ടില് ചിലരൊക്കെ നോക്കുന്നുണ്ട്. എല്ലാര്ക്കും ഒരു 60,65 ഡിഗ്രി ചിരി പാസ്സാക്കി ഞാന് ബസ് സ്റ്റോപ്പില് നിന്നു. ഹ! എങ്ങോട്ടാണ് പോകുന്നതെന്ന് പറഞ്ഞില്ലാലോ , എന്റെ പ്രിയ മാതാവിന്റെ സ്വഗ്രഹതിലേക്ക് തന്നെ !
സമയം ഇഴഞ്ഞു നീങ്ങി .റോഡിന്റെ വിദൂരതയിലെക്കും പിന്നെ വാചിലെക്കും എന്റെ കണ്ണുകള് മാറി മാറി നോക്കി . അവസാനം അവന് വന്നു ! എനിക്കുള്ള ബസ്സ്! .. ഓരോ കുണ്ടും വണ്ടിക്കുള്ളതാണ് എന്ന മട്ടില് ഡ്രൈവര് എല്ലാ കുണ്ടിലും ബസ്സ് കയറ്റിയിറക്കി എന്റെ അടുത്ത കൊണ്ട് വന്നു നിര്ത്തി . ഞാന് ചാടിക്കയറി ..ആ കിളിക്ക് ഫയങ്ങര തിടുക്കം!! .. അങ്ങാടിയില് കണ്ടതിനേക്കാള് കൂടുതല് ആളുകളുണ്ട് ബസ്സില് ..അപ്പോഴാണ് എനിക്കൊരു കാര്യം തെളിഞ്ഞത് , ഇവരെല്ലാം എന്നേക്കാള് മുന്പേ എനീട്ടിട്ടുണ്ടാകണം .. ഹോ ഇവരെ സമ്മതിക്കണം ! രാവിലെ ഞാന് എണീക്കാന് പെടുന്ന പാട്!
ടിക്കറ്റെടുത്ത് ഒരു മൂലയില് പോയിരുന്നു ഞാന് . നിറം മങ്ങിയ പുറത്തെ കാഴ്ചകളും നിറം മങ്ങാത്ത ഓടയിലെ അഴുക്ക് വെള്ളത്തിന്റെ ഗന്ധവും എല്ലാം അറിഞ്ഞു ഞാനും, റോഡിന്റെ കുഴികളുടെ താളത്തിനനുസരിച്ച് ബസ്സും ദൈവത്തിന്റെ സ്വന്തം നാടിന്റെ നെറ്കയിലൂടെ നീങ്ങി .
അപ്പോഴാണ് എന്റെ സീറ്റിന്റെ ഒരു 3, 4 സീറ്റ് അപ്പുറമുള്ള ഒരാള് എഴുന്നേറ്റു കണ്ടക്ടറോഡു എന്തോ ചോദിക്കുന്നത് കണ്ടത് . കണ്ടക്ടര് അതിനു മറുപടി പറഞ്ഞോ എന്നറിയില്ല , അയാള് തിരക്കിട്ട ജോലിയില് ആയിരുന്നു . രണ്ടു മൂന്നു തവണ ഇത് ആവര്ത്തിച്ചു . പിന്നെ കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം അയാള് ചാടി എണീറ്റു..! സ്വന്തം പോസ്റ്റിലേക്ക് ഗോള് വീണ ടീമിന്റെ കോച്ചിനെ പോലെ അയാള് കൈ കൊണ്ടും മുഖം കൊണ്ടും എന്തൊക്കെയോ കോപ്രായങ്ങള് കാട്ടുന്നുണ്ട്.. കാര്യമെന്തന്നറിയാതെ ഞാന് അയാളെ തന്നെ നോക്കി .
\" കൊറേ ആയി ഞമ്മള് ശമിക്ക്നു .. തച്ചു അന്റെ മോന്തന്റെ ശയ്പ്പ് ഞമ്മള് മാറ്റും.. കേട്ടോടാ $%$#*()#@#@#$%%^^$##^ \"
കണ്ടക്ടറും വിട്ടില്ല , ഇതൊക്കെ കുറെ കണ്ടതാ എന്ന മട്ടില് അയാളും \" ഒന്ന് പോടാ $#*()#@#@#$%%^^$# \"
ഞാന് കിട്ടിയ കമ്പിയില് മുറുകെ പിടിച്ചിരുന്നു ! താങ്ങാന് എനിക്ക് ആമ്പിയര് ഇല്ല എന്നത് തന്നെ കാരണം! എന്റെ ഇ ശരീര പ്രകൃതി കാരണം ഞാന് ചിലപ്പോ തെറിച്ചു വീണേക്കാം! അത്രയ്ക്ക് കഠിനമായ ബോംബുകളാണ് പൊട്ടുന്നത് ! ബേജാറാവാന് വേറെ എവിടെയെങ്കിലും പോണോ!!
കാര്യമുള്ളത്തിനും ഇല്ലാതതിന്നും തമ്മില് തല്ലുന്ന മലയാളികളും, ആവശ്യമുള്ളിടതും ഇല്ലാത്തിടത്തും വെറുതെ കയറി അഭിപ്രായം പറയുന്ന മലയാളികളെയും ആ ബസ്സിനുള്ളില് ഞാന് കണ്ടു . വാക്പ്രയോഗങ്ങള്ക്ക് അടിവരയിട്ടുകൊണ്ട് കണ്ടക്ടര്അദ്ദേഹം അടി പിടിക്കു തുടക്കം കുറിച്ചു. ആകെ ജഹ പോഹ ! എനിക്കു ചിരി വന്നു പക്ഷെ ചിരിച്ചില്ല, അഥവാ കമ്പിയിലെ പിടിയെങ്ങാനും വിട്ടുപോയാലോ .. .. ഞാന് ആരാ മോന്!
എന്റെ അടുതിരിക്കുന്നവര് ഇ അടിയും പിടിയും കണ്ടു കാര്യമെന്തന്നറിയാതെ ഭയങ്കരര ചര്ച്ചയിലാണ് മുന്നിലിരിക്കുന്ന സ്ത്രീകളും അതെ .
അതുപിന്നെ ബസ്സിനുള്ളിലെ ഒരു ആഗോള പ്രശ്നമായിമാറി . ഇതിനിടയില് എനിക്ക് ഇറങ്ങാനുള്ള സ്ഥലമെത്തി ,അപ്പോഴും ഇ അടിപിടിയുടെ കാരണം എനിക്ക് മനസ്സിലായില്ലായിരുന്നു .
ഇത്രമാത്രം കൊലാഹനം ഉണ്ടാക്കാന് ഇവിടെ എന്ത് സംഭവിച്ചു ?
അറിയാനുള്ള ആഗ്രഹം അതിരുകടന്നപോ ഇറങ്ങുന്നതിനു മുന്പ് കുറച്ചു മുന്പോട്ടു പോയി ഒരാളുടെ ചെവിയില് ചോദിച്ചു ,
\" എന്താ ചേട്ടാ പ്രശ്നം\" അയാള് പറഞ്ഞു \" 50 പൈസ ബാക്കി കോ ടുക്കാത്തതിനാ അങ്ങേരു കലിപ്പുണ്ടാക്കിയത്...\" കലികാലം !
ബസ്സിറങ്ങി നടക്കുമ്പോ എന്റെ വട്ടു മനസ്സിന്റെ പോട്ടചിന്തയില് മിന്നിയത് ഒരു കാര്യമായിരുന്നു ,
ഇവിടെ കണ്ടത് ആര്ക്കും വിലയില്ലാത്ത , യാചകരുപോലും വാങ്ങിക്കില്ല എന്ന് നമ്മളൊക്കെ പറയുന്ന അവഹേളിക്കുന്ന 50 പൈസയ്ക്കുള്ള വിലയോ അതോ എന്തിനും ഏതിനും ശബ്ദം ഉയര്ത്തുന്ന , പ്രതികരിക്കുന്ന മലയാളി സ്വഭാവത്തെയോ ... ആ !!


BY:
Mukthar Rishad Thangal KN

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo