നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജന്മനൊമ്പരങ്ങൾ...ഭാഗം-5

ജന്മനൊമ്പരങ്ങൾ...ഭാഗം-5
................................................
സുവർണയുടെ അലമുറ കേട്ട് ഓടിയെത്തിയ വിശ്വനാഥൻ ആ കാഴ്ച കണ്ട് ഞെട്ടി..
കല്ല്യാണി ശ്വാസം കിട്ടാതെ വേദനകൊണ്ട് പുളയുന്നു..കൈകാലുകൾ ഇട്ടടിക്കുന്നു...കണ്ണുകൾ മുകളിലേക്ക് തുറിച്ചു..
'ഈശ്വരാ ഇവളെന്തേ ഓക്സിജൻ മാസ്ക്ക് ധരിക്കാതിരുന്നത്'
"എന്താ മോളെ ഇത്.. നീയെന്തേ മാസ്ക്ക് എടുത്തു വെക്കാതിരുന്നത്..നിനക്ക് എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാനല്ലേ..ദേ..ഈ ബെല്ലിൻ്റെ സ്വിച്ച് വച്ചത്"
ശ്വാസം കിട്ടാതെ കല്ല്യാണി കിതച്ചു..പിന്നീട് കുറെ സമയം നിർത്താതെ ചുമച്ചു..സുവർണ അവളുടെ പുറത്ത് തടവിക്കൊണ്ടിരുന്നു.. കരയാതിരിക്കാൻ അവൾക്കായില്ല
വിശ്വനാഥൻ കണ്ണുകൊണ്ട് അവളെ താക്കീത് ചെയ്തു..
വിശ്വനാഥൻ സുവർണയോട് ദേഷ്യപ്പെട്ടു.
"നിന്നോട് ഞാൻ പറഞ്ഞതല്ലേ സുവർണേ..മോളുടെ അടുത്ത് എപ്പോഴും കാണണമെന്ന്..നീ കണ്ടില്ലേ മോള് ശ്വാസം കിട്ടാതെ പിടയുന്നത്...നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല... നാളെ തന്നെ ഞാനൊരു ഹോംനേഴ്സിനെ വെക്കാൻ വേണ്ടി പോകുകയാ"
"അച്ഛാ" കല്ല്യാണിയുടെ പതിഞ്ഞ ശബ്ദം ആ ചുമയ്ക്കിടയിലും പുറത്തേക്ക് വന്നു
"എന്താ മോളൂ" വിശ്വനാഥൻ അവളുടെ തലമുടിയിൽ പതുക്കെ തലോടി
"എന്നെ...എന്നെയൊന്ന് കൊന്നു തര്വോ..ഈ വേദന സഹിക്കാൻ പറ്റണില്ല"
"മോളെ...നീയെന്തിനാ ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കുന്നേ..മോളുടെ ബുദ്ധിമുട്ടൊക്കെ അച്ഛനറിയാം..അച്ഛൻ നാളെ തന്നെ ഒരു നല്ല ഹോംനേഴ്സിനെ ഏർപ്പടാക്കാം.."
"വേണ്ടച്ഛാ....എന്നെ ഹോംനേഴ്സ് നോക്കണ്ട...എനിക്കെൻ്റെ സുണുവുണ്ട്..പിന്നെ അച്ഛനുമുണ്ടല്ലോ"
"അമ്മേ"
കല്ല്യാണിയുടെ അമ്മേന്നുള്ള വിളി കേട്ട് സുവർണ ഞെട്ടിപോയി...
'പത്ത് പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അവളാദ്യമായി അമ്മേ എന്ന് വിളിച്ചിരിക്കുന്നു...ഇങ്ങനെയൊരു വിളി കേൾക്കാൻ താൻ എത്രമാത്രം കൊതിച്ചിരുന്നു.. ഓർമ്മവച്ച നാളുമുതൽ അവള് 'സുണു'ന്നല്ലാതെ തന്നെ വിളിച്ചിട്ടില്ല..ആദ്യമൊക്കെ അതിൻ്റെ പരിഭവം തനിക്കുണ്ടായിരുന്നു താനും..
സുവർണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..അവൾക്ക് ഒന്നും മിണ്ടാൻ പറ്റിയില്ല
"അമ്മേ"
കല്ല്യാണി സുവർണയുടെ മുഖത്തേക്ക് നോക്കി
"അച്ഛാ..ഈ സുണുവിൻ്റെ കുശുമ്പ് കണ്ടോ..അമ്മേന്ന് വിളിക്കുമ്പോൾ ഒന്ന് മിണ്ടുന്നു പോലുമില്ല"
വേദനയ്ക്കിടയിലും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു.. അവളുടെ മുഖത്ത് വന്ന ഭാവവ്യത്യാസം വിശ്വനാഥന് മനസ്സിലായി
"അമ്മ പറഞ്ഞിട്ടില്ലേ...ഞാൻ എന്നെങ്കിലും എൻ്റെ സുണൂനെ അമ്മേന്ന് വിളിക്കുമ്പോൾ ഞാൻ കരയുമെന്ന്.. ഇപ്പോൾ എനിക്ക് കരച്ചില് വരുന്നില്ലല്ലോ അമ്മേ"
"എൻ്റെ പൊന്നുമോളെ"
പൊട്ടിക്കരഞ്ഞു കൊണ്ടു സുവർണ കല്ല്യാണിയെ മാറോടടുകി പിടിച്ചു...അതുകണ്ട് വിശ്വനാഥൻ്റെ കണ്ണുകളും അറിയാതെ നിറഞ്ഞുപോയി..മകൾ താൻ കരയുന്നത് കാണാതിരിക്കാൻ അയാൾ വെളിയിലേക്ക് നോക്കി നിന്നു..
'ഈശ്വരാ...തൻ്റെ മോൾ ഇനിയെത്ര നാൾ? അറിയില്ല.'
അയാൾ കണ്ണുകൾ തുടച്ച് കല്ല്യാണിയുടെ അടുത്തേക്ക് നടന്നു..അയാളുടെയുള്ളിൽ ഒരു കടലിരമ്പുകയാണ്...ഇനിയെന്ത് എന്ന ചോദ്യം അയാൾ പലകുറി അയാളോട് തന്നെ ചോദിച്ചു..
** **
"മാഷേ..എനിക്ക് മോളുടെ കരച്ചിൽ കാണാനുള്ള ശക്തിയില്ല..ചില സമയങ്ങളിൽ നെഞ്ച് പൊട്ടിപോകുന്നു..ഈശ്വരൻ എന്തിനാ മാഷേ ഇങ്ങനെ നമ്മളെ പരീക്ഷിക്കുന്നത്"
"നമ്മുടെ ചിന്നു...ഈ കിടപ്പു തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം കഴിഞ്ഞു.. നിൻ്റെ വീട്ടുകാരോടൊ എൻ്റെ വീട്ടുകാരോടൊ ഞാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.. അത് മനപൂർവമാ...എൻ്റെ മോളെ കിടപ്പു കാണാൻ ഒരാളും ഇങ്ങോട്ട് വരേണ്ട...ഒരാളും അവളെ നോക്കി സഹതപിക്കുന്നത് എനിക്കിഷ്ടമില്ല..അല്ലെങ്കിലും ആര് വരാനാണ്..മാതാപിതാക്കൾ മരിക്കുന്നത് വരെയുള്ളു എല്ലാ ബന്ധങ്ങളും.. ആകെയുള്ള ഒരനിയത്തിയ്ക്ക് തറവാടും പറമ്പും എഴുതി കൊടുത്ത് പോരുമ്പോൾ അവൾ ഇത്രമാത്രം ഈ ഏട്ടനെ മറക്കുമെന്ന് കരുതിയില്ല..പിന്നെ എൻ്റെ ഭാഗത്തും തെറ്റുണ്ട്..ഞാനും അവളെ വിളിക്കാറില്ലല്ലോ...പിന്നെ നിൻ്റെ കാര്യം.. ഒരറ്റ മകളാ..നിൻ്റെ പിടിവാശിക്ക് മുമ്പിൽ ഞാനുമായുള്ള കല്ല്യാണം നടത്തി തന്നു..നിൻ്റെ അച്ഛനുമമ്മയും മരിച്ചതോടെ നിൻ്റെ വീട്ടുകാർ വല്ലപ്പോഴും വരുന്ന വിരുന്നുക്കാരായി..തിരിച്ച് ഞങ്ങളും..ഒരു കണക്കിന് ആരും ഇല്ലാത്തതാടോ നല്ലത്"
"നാളെ അവൾക്കെന്തെങ്കിലും പറ്റി കഴിഞ്ഞാൽ നമ്മളുത്തരം പറയേണ്ട മാഷേ"
"ഇല്ല..അതിന് ഞാൻ വഴിവെക്കില്ല..എൻ്റെ മോളുടെ പുറകെ നമ്മളും പോകും"
"അച്ഛാ....അമ്മേ"
കല്ല്യാണിയുടെ അലറികരച്ചിൽ കേട്ടാണ് രണ്ടുപേരും അവളുടെ മുറിയിലേക്ക് ഓടിയെത്തിയത്
വേദന കൊണ്ട് പുളയുന്ന കല്ല്യാണിയെ കണ്ട് വിശ്വനാഥൻ പൊട്ടികരഞ്ഞു..അവളെ മടിയിൽ കിടത്തി അയാൾ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി..
"അച്ഛാ...എൻ്റെ അച്ഛനിനി കരയരുത്"
ആ വേദനക്കിടയിലും അവൾ അയാളുടെ കണ്ണീർ തുടച്ചു കളഞ്ഞു
"എന്നെ...എന്നെയങ്ങ് കൊന്നു കളഞ്ഞേക്കു അച്ഛാ"
"എൻ്റെ പൊന്നുമോളെ"
വിശ്വനാഥൻ്റെയും സുവർണയുടെയും കരച്ചിലുകൾ ആ മുറിയെ പ്രകമ്പനം കൊള്ളിച്ചു...
വിശ്വനാഥൻ എന്തോ തീരുമാനിച്ചുറച്ച പോലെ എഴുന്നേറ്റു...
അയാൾ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി പോയി...തിരിച്ചു വരുമ്പോൾ അയാളുടെ കൈയിൽ ഒരു സദ്യയ്ക്കുള്ള സാധനങ്ങളുണ്ടായിരുന്നു...
"സുവർണേ...നീ നല്ലൊരു സദ്യയൊരുക്കണം..എൻ്റെ മോൾക്കിഷ്ടമുള്ള പാൽപ്പായസം തന്നെ ഉണ്ടാക്കിക്കോ..ഇന്നു തന്നെയുണ്ടാക്കണം..അവളെ ഈ കൈകൊണ്ട് എനിക്ക് ഇന്ന് ഊട്ടണം...നാളെ നമ്മളൊരു യാത്ര പോകുകയാ..നമ്മുടെ ചിന്നൂനെയും കൂട്ടി..ആരോടും പറയാതെ നമ്മൾ മൂന്ന് പേരും മാത്രമുള്ളൊരു യാത്ര.."
സുവർണ ഒന്നും മനസ്സിലാക്കാതെ അയാളെ നോക്കി..അപ്പോൾ അയാൾക്കൊരു ഭ്രാന്തൻ്റെ ചേഷ്ടകളായിരുന്നു...
"ഞാനത് തീരുമാനിച്ചു സുവർണ...മോളൊടൊപ്പം നമ്മളും പോകുന്നു..അവളുടെ വേദന കാണാൻ എനിക്ക് വയ്യടോ"
അയാളുടെ വാക്കുകൾ ഉറച്ചതായിരുന്നു..വിശ്വനാഥൻ്റെ കൈയിലുള്ള സാധനം വാങ്ങി അവൾ തുറന്നു നോക്കി..അപ്പോൾ അവളുടെ മുഖത്തൊരു ചെറു പുഞ്ചിരി വിടർന്നു.. അവളതിൻ്റെ മൂടി തുറന്ന് കല്ല്യാണിക്ക് ഏറ്റവും ഇഷ്ടപ്പെട്ട,അവൾക്ക് വേണ്ടി ഉണ്ടാക്കിയ പാൽപ്പായസത്തിലേക്ക് ഒഴിച്ചു..അപ്പോൾ അവളുടെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീർ ആ പായസത്തിലേക്ക് ഇറ്റു വീണു..
വിശ്വനാഥനും സുവർണയും കല്ല്യാണിക്ക് ചോറുരുളകൾ വായിലേക്ക് വച്ചു കൊടുത്തു.അവളത് പ്രയാസപ്പെട്ട് ചവച്ചിറക്കുന്നത് വേദനയോടെ ഇരുവരും നോക്കി നിന്നു.. സുവർണ പാൽപ്പായസം ഒരു ഗ്ലാസിലേക്ക് ഒഴിച്ചു..സ്പൂണുപയോഗിച്ച് അല്പാല്പമായി അവളുടെ വായിലേക്ക് ഇരുവരും ആ വിഷം ചേർത്ത പായസം നല്കി..
വിശ്വനാഥൻ കരയാതിരിക്കാൻ നന്നേ പണിപ്പെട്ടു...സുവർണയുടെ കണ്ണിൽ നിന്നും കണ്ണീർ ധാരധാരയായി ഒഴുകുന്നുണ്ടെങ്കിലും ശബ്ദം പുറത്തേക്ക് വരുന്നില്ല...
പെട്ടെന്നാണത് സംഭവിച്ചത്.. ഇനി കല്ല്യാണി മനപൂർവമാണോ അതോ അറിയാതെയാണോ...അവളുടെ കാൽ തട്ടി പായസപാത്രം താഴേക്ക് മറിഞ്ഞു.. ആ വെപ്രാളത്തിൽ സുവർണയുടെ കൈയിലുണ്ടായിരുന്ന ഗ്ലാസും താഴേ വീണു..
എന്തു ചെയ്യണമെന്നറിയാതെ വിശ്വനാഥനും സുവർണയും നിന്നു പകച്ചു..കല്ല്യാണി മരണ വെപ്രാളത്താൽ കിടന്നു പുളഞ്ഞു..അവളുടെ വായിൽ നിന്ന് നുരയും പതയും വന്നു...അവളുടെ പിടച്ചിൽ നിന്നു...തല ഒരുവശത്തേക്ക് ചരിഞ്ഞു
"മോളെ..ചിന്നു.."
വിശ്വനാഥൻ അവളുടെ കവിളിൽ പതുക്കെ അടിച്ചു
"മോളെ എഴുന്നേല്ക്ക് അച്ഛനാ വിളിക്കണേ...എൻ്റെ ഈശ്വരന്മാരെ ഞാനെന്താണീ ചെയ്തത്... നിന്നെ ഒറ്റയ്ക്ക് വിടാൻ പറ്റാത്തത് കൊണ്ടല്ലേ ഞങ്ങളും നിൻ്റെ കൂടെ വരാൻ നോക്കിയത്...എന്നിട്ട്...എന്നിട്ട് നീ ഒറ്റയ്ക്ക് പോയലോടീ....എഴുന്നേല്ക്ക് മോളേ"
അയാൾ ഭ്രാന്തനെ പോലെ പിച്ചും പേയും പറയാൻ തുടങ്ങി..അയാൾ സുവർണയെ നോക്കി..ഒന്നും മിണ്ടാതെ ഒന്നു കരയുക പോലും ചെയ്യാതെ സുവർണ അവളുടെ മുഖത്ത് നോക്കി ഇരിക്കുന്നു..
"സുവർണേ"
അവൾ എന്തോ കണ്ട് പേടിച്ചപ്പോലെ അയാളെ തട്ടിമാറ്റി പുറത്തേക്ക് ഓടി..കട്ടിലപടിയിൽ തടഞ്ഞ് അവൾ താഴേ വീണു....അവിടെ കിടന്നവൾ അലമുറയിട്ടു കരഞ്ഞു
വിശ്വനാഥൻ പൊട്ടികരഞ്ഞു...
എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അയാൾ ഫോണെടുത്തു...
**** **** ****
"അതേ...ബഹുമാന്യ കോടതി...ഞങ്ങളാണ് ഞങ്ങളുടെ പൊന്നു മോളെ വിഷം കൊടുത്ത് കൊന്നത്...ഇതേ ഞങ്ങളുടെ ഈ കൈകൾ കൊണ്ട്...ഞങ്ങൾക്കുള്ള ശിക്ഷ വിധിക്കാൻ,ഞങ്ങളെ ഞങ്ങളുടെ പൊന്നുമോളുടെ അടുത്തേയ്ക്ക് അയക്കാൻ അങ്ങേയ്ക്ക് ദയവുണ്ടാകണം"
കോടതി നിശബ്ദമായി... അപ്പോൾ ചിലർ അവരുടെ കർചീഫ് കൊണ്ട് കണ്ണുനീർ തുടയ്ക്കുകയായിരുന്നു..
"വിധി ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് പ്രസ്താവിക്കുന്നതായിരിക്കും"
കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു
കോടതി നടപടികൾ വീണ്ടും ആരംഭിച്ചു.. എല്ലാവരും അക്ഷമരായി വിധി എന്താണെന്ന് അറിയാൻ കാത്തിരുന്നു..
"പ്രതികൾ കരുതി കൂട്ടിയുള്ള കൊലപാതകമാണ് നടത്തിയതെന്ന് സംശയലേശ്യമനെ കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു..അത് പ്രതികൾ തന്നെ സമ്മതിച്ചതുമാണ്...അതുകൊണ്ട് തന്നെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു..എന്നിരുന്നാലും പ്രതികളുടെ അന്നേരത്തെ മാനസികാവസ്ഥയും മനോനിലയും കോടതി മാനുഷികമായ പരിഗണിക്കേണ്ടതുണ്ട്..രോഗാവസ്ഥയിൽ മരണവുമായി മല്ലിട്ട് കിടക്കുന്ന രോഗിയാണെങ്കിൽ പോലും ഇന്ത്യൻ പീനൽകോഡ് അനുസരിച്ച് ദയാവധം അനുവദനീയമായ കാര്യമല്ല...ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രസിഡന്റ് ഓഫ് ഇന്ത്യയുടെ അനുമതി വാങ്ങി ദയാവധം നടപ്പാക്കാറുണ്ടെങ്കിലും ഇന്ത്യൻ ജുഡീഷ്യറി അതിനെ പ്രോൽസാഹിപ്പിക്കാറുമില്ല..അതുകൊണ്ട് തന്നെ പ്രതികൾ ശിക്ഷക്ക് അർഹരാണ്"
ജഡ്ജി ശിക്ഷാവിധി വായിക്കുന്നതിൽ നിന്നും തലയുയർത്തി എല്ലാവരേയും ഒന്ന് നോക്കി
"ഒന്നാം പ്രതിയും കൊല്ലപ്പെട്ട കല്ല്യാണിയുടെ പിതാവുമായ വിശ്വനാഥനെ കോടതി ആറു വർഷത്തേ കഠിന തടവിനും ഒരു വർഷം സാദാ തടവിനും ശിക്ഷിക്കുന്നു..രണ്ടു തടവും കൂടി ഒന്നിച്ചനുഭവിച്ചാൽ മതിയാകും...
രണ്ടാം പ്രതിയും കൊല്ലപ്പെട്ട കല്ല്യാണിയുടെ മാതാവുമായ സുവർണയെ അവരൊരു സ്ത്രീ എന്ന നിലയിലും അവരുടെ ഇപ്പോഴത്തെ മാനസികാവസ്ഥ പരിഗണിച്ചും ശിക്ഷയിൽ ഇളവു വരുത്തുന്നു..ആറുവർഷം വെറും തടവിന് ഈ കോടതി ഉത്തരവിടുന്നു..അവരുടെ മാനസികാരോഗ്യത്തിന് ഉതകുന്ന കാര്യങ്ങൾ കോടതി ഇടപ്പെട്ട് ഉറപ്പു വരുത്തുന്നതായിരിക്കും"
കോടതി വിധി കേട്ട് എസ്. ഐ മനോജും കൂടെയുള്ള പോലീസുക്കാരും സന്തോഷിച്ചെങ്കിലും വിശ്വനാഥൻ്റെ മനസ്സ് നിർവികാരമായിരുന്നു..സുവർണയുടെ മുഖത്തേ ഭാവമെന്തെന്ന് തിരിച്ചറിയാൻ പറ്റിയില്ല
***** ***** *****
ആറു വർഷങ്ങൾക്ക് ശേഷം ഇന്നാണ് വിശ്വനാഥനേയും സുവർണയേയും റിലീസ് ചെയ്യുന്ന ദിവസം..മനോജ് റിലീസ് നടപടികൾക്കായി ജയിൽ സൂപ്രണ്ടിനെ സമീപിച്ചിരിക്കുകയാണ്
"തൻ്റെ മാഷായിരുന്നു അല്ലെടോ"
"അതേ...ഞാൻ എന്തെങ്കിലും ആയി തീർന്നിട്ടുണ്ടെങ്കിൽ അതിന് കാരണം മാഷാണ്"
"തനിക്ക് പ്രമോഷനായെന്ന് കേട്ടു..എവിടെയാണ് സിഐ ആയുള്ള ആദ്യ പോസ്റ്റ്"
"കൊട്ടാരക്കര... പോകുന്നതിന് മുമ്പ് മാഷേയും ടീച്ചറിനെയും കാണണം..പറ്റുമെങ്കിൽ അവരെ വീട്ടിലേക്ക് കൊണ്ടു പോകണം അതിനാ ഞാൻ തന്നെ വന്നത്"
"ഉം..നടക്കട്ടെ...പുതിയ കൊട്ടാരക്കര സി.ഐക്ക് എൻ്റെ എല്ലാവിധ ആശംസകളും"
താങ്ക്യൂ...സാർ"
സുവർണയേ ചേർത്തു പിടിച്ചു വിശ്വനാഥൻ നടന്നു വരുന്നത് കണ്ടപ്പോൾ മനോജിന് മനസ്സ് പിടഞ്ഞു
മാഷിനും ടീച്ചർക്കും ഒരുപാട് വയസ്സായത് പോലെ,കൺതടങ്ങളിൽ കറുപ്പ് വ്യാപിച്ച് മുടിയൊക്കെ നരച്ച് ഒരു പ്രാകൃത കോലം..ടീച്ചറുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല...
"മാഷേ...പോകാം"
"എവിടേക്ക്.. ഞങ്ങളിനിയാ വീട്ടിലേക്കില്ല...എൻ്റെ മോളില്ലാത്ത വീട്ടിലേക്ക്,അവളുടെ കളിയും ചിരിയും ഇല്ലാത്ത വീട്ടിലേക്ക് ഞങ്ങളില്ലടോ...ഞങ്ങൾക്ക് വയ്യ"
"മാഷേയും ടീച്ചറെയും എൻ്റെ വീട്ടിലേക്ക് കൊണ്ടു പോകാനാണ് ഞാൻ വന്നത്..എനിക്ക് നഷ്ടപ്പെട്ടുപോയ അച്ഛനുമമ്മയുമായി എൻ്റെ കുട്ടികൾക്ക് മുത്തശ്ശനും മുത്തശ്ശിയുമായി മാഷും ടീച്ചറും അവിടെ വേണം"
വിശ്വനാഥൻ മനോജിൻ്റെ കൈയിൽ പിടുത്തമിട്ടു..
"ഈ സ്നേഹത്തിന് പകരം തരാൻ ഞങ്ങടെ കൈയിൽ ഒന്നുമില്ല കുട്ടി..തൻ്റെ നല്ല മനസ്സിന് നന്ദി..ഞങ്ങൾ ഒരിക്കൽ തന്നെ തേടി വരും അന്ന് ഞങ്ങൾക്കായി നീ വാതിൽ തുറന്നു തന്നാൽ മതി"
"മാഷും ടീച്ചറും ഇപ്പോഴെങ്ങോട്ടാ? എവിടെയാണെങ്കിലും ഞാൻ കൊണ്ടു വിടാം"
മനോജിൻ്റെ സ്വരത്തിൽ നിരാശ കലർന്നിരുന്നു..
"എനിക്കും ഇവൾക്കും ഒരുപാട് പറയാനുണ്ട്..രണ്ടുപേരും ഒരേ സ്ഥലത്തായിരുന്നെങ്കിലും പരസ്പരം കാണാനോ സംസാരിക്കാനോ പറ്റിയിരുന്നില്ല...ആ പരിഭവങ്ങൾ ഒന്ന് തീർക്കട്ടെ"
പള്ളിക്കുന്ന് ബസ്സ്സ്റ്റോപ്പിൽ നിന്നും കണ്ണൂർ സിറ്റിയിലേക്കുള്ള ബസ്സിലേക്ക് വിശ്വനാഥനും സുവർണയും കയറി പോകുന്നത് വരെ മനോജ് നോക്കി നിന്നു..അയാൾ നിരാശയോടെ തൻ്റെ വാഹനത്തിലേക്ക് കയറി
** **
പയ്യാമ്പലം കടപ്പുറം വിശ്വനാഥൻ്റെ മടിയിൽ തലവെച്ചു കിടയ്ക്കുയാണ് സുവർണ
"എന്ത് കോലമാടോ തൻ്റെ...ഞാനും താനും ഒരേ സ്ഥലത്തായിരുന്നെങ്കിലും ഒന്നു കാണാനും മിണ്ടാനും പറ്റിയോ..നിനക്ക് പരോളിന് അവസരമുണ്ടായിട്ടും നീയെന്തേ പോകാതിരുന്നത്...ആരെ കാണാനാണ് അല്ലേ...മനോജ് ഇടയ്ക്കിടെ എന്നെ കാണാൻ വന്നിരുന്നു.. അവൻ നിന്നെ കാണാറുണ്ടെന്ന് പറഞ്ഞിരുന്നു.. പക്ഷെ നീയൊന്നും സംസാരിക്കാറില്ലെന്ന് അവൻ പറഞ്ഞു...എന്നെ നിന്നെ കാണിക്കാൻ കൊണ്ടു പോകാമെന്ന് പറഞ്ഞിരുന്നു... പിന്നെ ഞാൻ വേണ്ടാന്ന് പറഞ്ഞിരുന്നു..."
സുവർണ ഒന്നും മിണ്ടാത്തത് കണ്ട് വിശ്വനാഥൻ ദേഷ്യപ്പെട്ടു..
"ദേ..ഞാൻ മാത്രം ഇങ്ങനെ പറഞ്ഞാൽ മതിയോ... നിനക്കുമില്ലേ ഒരുപാട് വിശേഷങ്ങൾ പറയാൻ..നീയെന്തെങ്കിലും മിണ്ടിയിട്ട് ആറരവർഷമായില്ലേ...ഇനിയെങ്കിലും നീയൊന്ന് മിണ്ട്...നീയും കൂടി മിണ്ടിയില്ലെങ്കിൽ ഞാൻ ചങ്കു പൊട്ടി ചാവും"
"മാഷേ"...
സുവർണയുടെ ഇടറിയ ശബ്ദം.. അയാളവളെ കെട്ടിപ്പിടിച്ചു..ആറരവർഷത്തിന് ശേഷം സുവർണ സംസാരിച്ചിരിക്കുന്നു..
പതിഞ്ഞ ശബ്ദത്തിൽ അവൾ സംസാരിച്ചു തുടങ്ങി
"നമുക്ക് ഇവിടം വിടാം മാഷേ...ആരും അന്വേഷിക്കാത്ത,ആരെയും തിരിച്ചറിയാത്ത സ്ഥലത്തേക്ക്,ആരോടും കടപ്പാടില്ലാതെ..ഇനി നമ്മളെ ആരും കാണരുത്.. വിശ്വനാഥൻ മാഷും സുവർണ ടീച്ചറും ഇവിടുള്ളവർക്ക് ഇനി വെറുമൊരു ഓർമ്മ മാത്രമായി നമുക്ക് പോകാം മാഷേ"
"പോകാം...നമുക്ക് പോകാം.."
വിശ്വനാഥൻ സുവർണയുടെ കൈ പിടിച്ചു...അവളെ തൻ്റെ വലതുകൈ കൊണ്ടു ചേർത്തു പിടിച്ചു.. തിരമാലകളെ നോക്കി അവർ പതുക്കെ നടന്നു...തിരമാലകൾ അവരുടെ കാലുകളെ നനയിച്ചു..അപ്പോൾ ഒരിളം കാറ്റ് അവരെ തഴുകി കടന്നുപോയി..ആ കാറ്റിന് കല്ല്യാണിയുടെ വാസനസോപ്പിൻ്റെ ഗന്ധമുണ്ടായിരുന്നോ...
നേരം സന്ധ്യയോടടുത്തു..അപ്പോൾ ആകാശത്ത് പുതുതായി പ്രത്യക്ഷപ്പെട്ട ആ വെളുത്ത നക്ഷത്രം അവരെ നോക്കി കണ്ണിറുക്കി..
(അവസാനിച്ചു)
ബിജു പെരുംചെല്ലൂർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot