Slider

കോട്ടക്കൽ സെന്റ് തെരെസാസ് കോളേജിലേക്ക് ഒരു ബ്ലും... ഭാഗം 3

1
കോട്ടക്കൽ സെന്റ് തെരെസാസ് കോളേജിലേക്ക് ഒരു ബ്ലും...
ഭാഗം 3
ജോസേട്ടൻ ...ഒരു ജാതി ഗഡിയാ.!
**********************
'വൈസ് പ്രിൻസിപ്പൽ' എന്ന അപര നാമത്തിൽ അറിയപ്പെട്ടു കൊണ്ടിരുന്ന നമ്മടെയൊരു ഗഡിയാണ് കോട്ടക്കൽ കോളേജിലെ പ്യൂൺ ജോസേട്ടൻ. വെളുത്ത് പൊക്കംകുറഞ്ഞ് ആരോഗ്യ ദൃഢഗാത്രനായ ഒരു മദ്ധ്യ വയസ്ക്കൻ.കാക ദൃഷ്ട്ടിയാണ് ആളുടെ മുഖമുദ്ര.
കോളേജിലെ ഓരോ പ്രണയമൊട്ടുകളും പൊട്ടി വിടരുന്നത് കുമാരീ കുമാരന്മാരുടെ ഹൃദയത്തിലാണെങ്കിലും...അതിന്റെ ആദ്യ മണം പരന്നൊഴുകിയെത്തുന്നത് നമ്മുടെയീ ഗഡിയുടെ മൂക്കിലേക്കാണ്.
ഓരോ കുട്ടികളുടെയും
ടീച്ചേഴ്സിന്റെയും ദൈന്യം ദിന കാര്യങ്ങൾ പ്രിൻസിപ്പലിന്റെ കാതുകളിലേക്ക് ഓതിയോതി കൊടുക്കുന്ന ഒരു നാരദ മഹർഷിയായിരുന്നു അദ്ദേഹം.
കോട്ടക്കൽ കോളേജിന്റെ നെടും തൂണായാണ് അദ്ദേഹം വർത്തിച്ചിരുന്നത്. അദ്ദേഹമറിയാതെ ഒരില അവിടെ അനങ്ങില്ല, കായ അവിടെ കായ്ക്കില്ല, പൂവ് അവിടെ വിരിയില്ല..എന്തിന് ഒരു പുല്ല് പോലും മുളക്കുന്നത് 'ജോസേട്ടാ...
ഞാൻ ഒന്ന് മുളച്ചോട്ടെ?' എന്നു ചോദിച്ച്... അനുവാദം കിട്ടിയെങ്കിൽ മാത്രം!!.
കോളേജിന്റെ ചരിത്രത്തിൽ ഒരിക്കലും മായ്ച്ചു കളയാൻ പറ്റാത്ത ഒരു ഏടാണ് അവിടുത്തെ മൂത്ര പുരയിലെ "ഗുണ്ട് വെപ്പ്"!!
പ്രിൻസിപ്പൽ എടുക്കുന്ന ഓരോ തീരുമാനത്തെയും പ്രതിഷേധിക്കാൻ വേണ്ടിയുള്ള അവിടുത്തെ സ്റ്റുഡൻസിന്റെ ഒരു പരമ്പരാഗത ശൈലി!. ഇന്റർവെല്ലിന് മൂത്രം ഒഴിക്കാനെന്ന വ്യാജേന മൂത്ര പുരയിൽ പ്രവേശിച്ച്‌ അതിനുള്ളിൽ ഭദ്രമായി ഗുണ്ട് വെച്ച് അതിന്റെ തൊട്ടടുത്ത് ചന്ദനത്തിരി കത്തിച്ചു വെച്ച് ഓടി വന്ന് ക്ലാസ്സിൽ ഇരിക്കുക. ഇന്റർവെൽ കഴിഞ്ഞു എന്ന് സൂചിപ്പിക്കുന്ന ബെല്ലടിക്കുമ്പോൾ തന്നെ ആ ഗുണ്ട് കൃത്യമായി പൊട്ടി തെറിക്കും!! എത്ര മനോഹരമായ ആചാരം അല്ലെ!!?
ഈ കലാപരിപാടിക്ക് ശേഷം ജോസേട്ടന്റെ ഒരു വരവുണ്ട്. മൂത്രപുരയിൽ പോയവരുടെ കൃത്യമായ ലിസ്റ്റ് എടുത്ത് അതിൽ ഒഴിച്ചവരെത്ര ഒഴിക്കാത്തവരെത്ര ഒളിച്ചു നിന്നവരെത്ര എന്ന വിശദമായ കണക്കെടുത്ത്, ചന്ദനതിരി കത്തിച്ചു വച്ചവന്റെ കയ്യിലെ മണം മാറും മുൻപേ അവനെ ക്ലാസ്സിൽ വന്നു പൊക്കി കയ്യാമം വെച്ച് പ്രിൻസിപ്പാളിന്റെ റൂമിലേക്ക് ആനയിക്കുന്ന മനോഹരമായ ആ ദൃശ്യം !! ഹോ..!! മനസ്സിൽ നിന്നും മായുന്നതേയില്ല...
ഒരിക്കൽ ഈ മഹാൻ എന്നെയും കയ്യാമം വെച്ച് പ്രിൻസിപ്പൽ റൂമിലേക്ക് ആനയിച്ചിട്ടുണ്ട്.അന്ന്
എനിക്കെതിരെ നാല് ആരോപണങ്ങളാണ് ആ കാൾ ഷീറ്റിൽ ചാർജ് ചെയ്‌തിരുന്നത്‌.
1.ഈ കുട്ടി എന്നും നേരം വൈകി ക്ലാസ്സിൽ വരുന്നു.
2. കോളേജിലെ സകലമാന ആൺ പിള്ളേരോടും വർത്തമാനം പറയുന്നു.
3. മേരി ചേച്ചിയുടെ കാന്റീനിൽ നിന്നും അമിതമായി സാധനങ്ങൾ വാങ്ങിതിന്ന് ദുർചിലവ് നടത്തുന്നു.
4.ലൈബ്രറിയിൽ ചെന്ന് ബഹളം വെച്ച് ചിരിക്കുന്നു.
അതിൽ...
"പ്രണാമം പ്രണാമം മഹാ ജ്ഞാനസാരാ... എന്ന പ്രാർത്ഥന കഴിയുമ്പോഴേക്കും ഞാനും പ്രമിതയും നിഷയും ക്ലാസ്സിൽ എത്തുന്നുണ്ട് അച്ചോ..." എന്നയെന്റെ ഉത്തരം കൊണ്ട് അച്ചൻ തൃപ്തിപ്പെട്ടു. ഒന്നല്ലെങ്കിൽ ക്ലാസ്സിൽ വരുന്നെങ്കിലും ഉണ്ടല്ലോ!!
"സകലമാന ആണുങ്ങളോട് മാത്രം അല്ല സകലമാന പെണ്ണുങ്ങളോടും ഞാൻ വർത്തമാനം പറയാറുണ്ട് അച്ചോ..." എന്ന ഉത്തരത്തിൽ അച്ചൻ അത്ഭുതപ്പെട്ടു.
അച്ചന് ഇതുവരെ അങ്ങനെയൊന്ന് കഴിഞ്ഞട്ടില്ലയത്രെ!!.
അടുത്ത ആരോപണം. കാന്റീൻ .!!.
"അത്‌...അതു പിന്നെ മേരിച്ചേച്ചി ഇത്ര നന്നായി ബോണ്ട ഉണ്ടാക്കിയാൽ ആരാ മേടിച്ചു തിന്നാതിരിക്കാ!!??
നല്ല മഞ്ഞ കളറിൽ മാവുരുട്ടി അതിന്റെ യുള്ളിൽ നിറയെ ഉരുളൻകിഴങ്ങും സവാളയും വേവിച്ച് മസാലകൂട്ടൊക്കെ വെച്ച് ചൂടോടെ വായിലോട്ടു വെക്കുമ്പോൾ ഉള്ള ഒരു രസം...ഹോ!!" അതു പറഞ്ഞു കേട്ടതും അച്ചന്റെ വായിൽ കൊതിവന്ന് വെള്ളം നിറഞ്ഞ കാരണം അച്ചൻ ഒന്നും പറഞ്ഞില്ല...
"പിന്നെ ലൈബ്രറിയിൽ പോകുമ്പോൾ മാത്രം അല്ലെ അവിടുത്തെ റോസിലി ചേച്ചിയോട് നാല് വർത്തമാനം പറയാൻ പറ്റൊള്ളു!!..പാവം.... അതിനോട് രണ്ടു തമാശ പറയുന്നത് ഇത്ര വലിയ പാപമാണോ അച്ചാ.!!?".. എന്നു ചോദിച്ചതും അച്ചൻ ആ കാൾ ഷീറ്റ് കണ്ടം തുണ്ടം കീറി കളഞ്ഞു.
പക്ഷെ ജോസേട്ടനെ തെറിപ്പിക്കാനുള്ള ഒരു തുറുപ്പു ചീട്ടിനായി ഞാൻ കാത്തിരുന്നു....ആ കോളേജിലെ പല പല പ്രമുഖരും കാത്തിരുന്ന പോലെ!!
അങ്ങനെയിരിക്കെ ആർട്സ് കോമ്പറ്റീഷൻ ഇങ്ങടുത്തു.ഫസ്റ്റ് ഇയർ ഞങ്ങൾ (എന്നു പറഞ്ഞാൽ ഞാൻ പ്രമിത,ജെൻസി ശ്രീജ, ജിഷ,ബീന, തുടങ്ങിയവർ) ഡാന്സിനും.. ആന്റണി പാട്ടിനുമൊക്കെ സമ്മാനം നേടി അത്യാവശ്യം നല്ല നിലയിൽ പോയിന്റ് കരസ്ഥമാക്കിയവരാണ്.ഇക്കൊല്ലവും വാശിയോടെ പ്രാക്ടീസ് ആരംഭിച്ചു. പ്രാക്ടീസിനായി ടേപ്പ് റിക്കോര്ഡർ സ്ഥിരമായി മാളയിൽ നിന്നും സൈക്കിളിൽ തള്ളി കൊണ്ട് വരാറുള്ളത് നമ്മടെ ജിസ്സും ഭായി ബിജുവും ഗോഡ്സനും ആണ്.അതു കൊണ്ട് തന്നെ അത് തിരികെ കൊണ്ടു പോകുവാൻ വേണ്ടി ഞങ്ങളുടെ പ്രാക്ടീസ് കഴിയുന്നത് വരെ അവർ അവിടെ ചുറ്റി പറ്റി നിൽക്കും.
ജോസേട്ടന് ആൺകുട്ടികളും പെൺകുട്ടികളും 'പടക്കവും തീയുമാണ്'. അത്‌ പൊട്ടിത്തെറിക്കാതിരിക്കാനായി ആളുടെ കാക ദൃഷ്ട്ടി എല്ലാ ക്ലാസുകളിലും ഓരോ മിനിറ്റിലും വന്ന് പതിക്കും. ജോസേട്ടന്റെ അമിതമായ കണ്ണേറ് മൂലം പുള്ളി ഞങ്ങളുടെ കണ്ണിൽ കരടായി മാറാൻ അധികം താമസം ഉണ്ടായില്ല.
അങ്ങനെ ആർട്‌സ് ഡേ വന്നെത്തി. പല പരിപാടികളിലും ഞങ്ങൾക്ക്‌ സമ്മാനമൊക്കെ കിട്ടി. അതിനിടയിൽ ഒരു ടാബ്‌ളോ കളിച്ചിരുന്നു. മദർ തെരേസയുടെ ഒരു രംഗമായിരുന്നു അവതരിപ്പിച്ചിരുന്നത്.അതിൽ മദർ തെരേസ ആയി അഭിനയിച്ചത് പ്രമിതയായിരുന്നു.വയോവൃദ്ധയായി തോന്നിക്കാൻ വേണ്ടി അവളെ ഞങ്ങൾ കളിമണ്ണിൽ മുക്കിയെടുത്തു.അത് കഴിഞ്ഞിട്ടായിരുന്നു ഞങ്ങളുടെ ഗ്രൂപ്പ് ഡാൻസ്.ഞങ്ങൾ എല്ലാം റെഡി ആയി നിൽക്കുകയാണ്.ഇവളെ കുളിപ്പിച്ചിട്ടു വേണം ഗ്രൂപ്പ് ഡാന്സിന്റെ ഡ്രെസ്സ് ഇടിപ്പിക്കാൻ.
ഓഡിറ്റോറിയത്തിന്റെ തൊട്ട് അടുത്തായി പുതിയ ബാത് റൂമുകൾ പണിതിട്ടുണ്ട് .
അവിടേക്ക് ഞങ്ങൾ അവളെയും കൊണ്ട് ഓടി.അതിന്റെ ഗേറ്റ് ആണെങ്കിൽ അടച്ചിട്ടിരിക്കുന്നു!!
ഞങ്ങൾ വേഗം താക്കോൽകാരനായ ജോസേട്ടന്റെ അടുത്ത് ചെന്ന് വിവരം പറഞ്ഞു.
അപ്പൊ കക്ഷി പറയാ...
"അതൊന്നും തുറന്നു തരാൻ പറ്റില്ല...നിങ്ങൾ അവിടെ അപ്പടി ചെളിയാക്കും .വേണമെങ്കിൽ അപ്പുറത്തെ മൂത്ര പുരയിൽ പോയി കഴുക്‌"!!.
അപ്പുറത്തെ മൂത്ര പുരയിൽ ഓടി എത്തുമ്പോഷേക്കും ഗ്രൂപ്പ് ഡാന്സിന്റെ റിസൾട്ട് വരെ വന്നു കഴിയും.. അതുമല്ല അതിനു മുകളിൽ നീലാകാശം മാത്രമേ ഉള്ളു.അങ്ങോട്ടു പോകുവാൻ ഞങ്ങളുടെ നാണം ഞങ്ങളെ അനുവദിച്ചില്ല.
ഞങ്ങൾ വേഗം പോയി പ്രിൻസിപ്പലിനെ കണ്ടു കാര്യം പറഞ്ഞു.
"ജോസേ...അത് തുറന്ന് കൊടുക്ക്" എന്ന വാചകം കേട്ട വഴി ഞങ്ങൾ വീണ്ടും ബാത്റൂമിന്റെ പടിക്കൽ പോയി നിന്നു.
നേരം അങ്ങനെ പോകുകയാണ്. നിൽപ്പ് അങ്ങനെ തുടരുകയാണ്.
മോക്ഷം കാത്തു കിടക്കുന്ന അഹല്യയെ പോലെ പ്രമിത ചെളിമണ്ണിൽ പൂണ്ടു പൂണ്ടു കിടക്കുകയാണ്.കണ്ണിലും വായേലും വരെ ചെളി കേറിയിരിക്കുന്നത് കാരണം കുറച്ചു മുക്കലും മുരളലും മാത്രം അവളിൽ നിന്നും കേൾക്കാം.
അവൾ വാ തുറന്നു നാല് വിളിക്കുന്നതിന്‌ മുൻപേ ഒന്നു കൂടി പോയി ജോസേട്ടനെ കണ്ടു. ഉം..ഹും..ഞങ്ങളെ കണ്ട ഭാവം പോലുമില്ല..ദുഷ്ടൻ!!!.
അപ്പോഴാണ് കൂട്ടത്തിൽ ഉണ്ടായ ഷീബ ഒരു കാര്യം കണ്ടു പിടിച്ചത്... ഗെയ്റ്റ് മാത്രമേ പൂട്ടിയിട്ടുള്ളൂ... അതിനുള്ളിലെ
ബാത് റൂം ഒന്നും പൂട്ടിയിട്ടില്ല!. ആ നിമിഷം ആ കണ്ടുപിടുത്ത ത്തെക്കാൾ എത്രയോ ചെറുതാണ് ഒരു ആപ്പിൾ തലയിൽ വീണപ്പോൾ ന്യൂട്ടൻ എന്താണ്ടും കുന്ത്രാണ്ടം കണ്ടു പിടിച്ചതെന്നോർത്ത് ആശ്വസിച്ചു.
"പിടിച്ചേടി മഞ്ജു " എന്നു പറയാലാ... ഞാൻ നോക്കുമ്പോൾ ഷീബയും മഞ്ജുവും കൂടി പ്രമിതയെ പൊക്കി ഗെയിറ്റിനകത്തേക്കിട്ടു.ആ സന്തോഷത്തിനിടക്കുണ്ടായ അട്ടഹാസവും ബഹളവും കേട്ട് നമ്മടെ ജോസേട്ടൻ ഓടി വന്നു. ഇതിനെല്ലാം മൂക സാക്ഷി യായി പ്രിൻസിപ്പലച്ചനും!!
അനുസരണക്കേടിന് അച്ചന്റെ മുൻപിൽ തോൽവികളേറ്റു വാങ്ങികൊണ്ട്, എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് ,ആ ഗെയ്റ്റ് മലർക്കെ തുറന്നിട്ടുകൊണ്ട് ,എന്നേം തുറുപ്പിച്ചൊന്നു നോക്കികൊണ്ട്, കക്ഷി ചവിട്ടി കുലുക്കി നടന്നു പോയി.
അതിൽ പിന്നെ എന്നെ കണ്ടാൽ മാനത്തൊരു താരകം കണ്ട പോലെ... മേപ്പോട്ടും നോക്കിയേ നടക്കു.
കുറച്ചു ദിവസങ്ങൾക്കു ശേഷം എന്തോ കാര്യത്തിന് സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ ജോസേട്ടൻ ഏതോ പിള്ളേരെ കൊണ്ട് അവരുടെ പള്ളിയിലെ ക്രിസ്തുമസ് കൂപ്പൺ എടുപ്പിക്കുന്ന കണ്ടു.
ഞാൻ ഒരു രസത്തിന് ചോദിച്ചു..
"എന്തോന്നാ ജോസേട്ടാ സമ്മാനം "
"ഫ്രിഡ്ജ്" വല്യ ഭാവ വ്യത്യാസം ഒന്നുമില്ലാതെ കക്ഷി പറഞ്ഞു.
"എന്നാ രണ്ടു കൂപ്പൺ എനിക്കും എടുത്തോ"
ഞാൻ നീട്ടിയ പത്തു രൂപയുടെ നോട്ടു വാങ്ങുമ്പോൾ ജോസേട്ടന്റെ കണ്ണിൽ നിന്നും എന്നൊടുണ്ടായിരുന്ന നീരസത്തിന്റെ രണ്ടു തുള്ളികൾ എവിടേക്കോ മാഞ്ഞു പോകുന്നത് ഞാൻ ചിരിച്ചു കൊണ്ട് നോക്കി നിന്നു.
പിന്നീട് മൂന്നു നാല് വർഷങ്ങൾക്കു ശേഷം ആ കോളേജിലേക്ക് കെട്ടിയവന്റെ അനിയന്റെ രക്ഷാധികരിയായി ഒപ്പിടാൻ ചെന്നപ്പോൾ വീണ്ടും ഞാൻ ജോസേട്ടനെ കണ്ടു.
കണ്ണിൽ പൂത്തിരി നിറച്ച് ഓടി വന്ന് എന്നോട് പറഞ്ഞു...
"ടീച്ചറായെന്നു പറഞ്ഞു കേട്ടുവല്ലോ. നന്നായി.!!"
എന്നിട്ട് എന്നേം കൊണ്ട് സ്റ്റാഫ് റൂം ആകെ ഓടി നടന്നു പറഞ്ഞു..
"ദേ നോക്കിയേ..നമ്മടെ ലിപി സേവ്യറ് വന്നിട്ടുണ്ട്.ഇപ്പോൾ ടീച്ചറാ!!"
കെട്ടിച്ചു വിട്ട പെൺമക്കൾ വീട്ടിൽ വന്നു കയറുമ്പോൾ നമ്മുടെ അമ്മമാർ അയൽവക്കക്കാരോട് സന്തോഷത്തോടെ, സ്നേഹത്തോടെ, അഭിമാനത്തോടെ പറയില്ലേ...ദേ ന്റെ മോള് വന്നൂട്ടൊ"ന്ന്!!
അതെ...അത് പോലെ.!!.

Lipi
1
( Hide )
  1. പഴയകാലത്തെ ഒരു നൊസ്റ്റാൾജി ഫീൽ ചെയ്യുന്നുണ്ട് .......

    നന്ദിയുണ്ട് വീണ്ടും ഓർമിപ്പിച്ചതിനു

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo