Slider

കാന്താരി

0
സ്ഥിരമായി ഞാൻ ഓടിക്കുന്ന ബസിൽ കയറുന്ന ഒരു കുട്ടി കാന്താരി, രാവിലെ ബസ്‌ എടുത്താൽ അവളാകും ആദ്യ യാത്രക്കാരി, കുട്ടികൾക്ക്‌ സീറ്റ് കൊടുക്കാൻ കഴിയില്ലെന്ന് പറയുന്ന കണ്ടക്ടറിനോട്‌ അവൾ ചൂടാകുമ്പോൾ ആ... പോട്ടെ ഇന്നത്തെക്കും കൂടി കൊടുത്തെക്ക്‌ എന്ന് പറഞ്ഞ്‌ പ്രോബ്ലം സോൾവാക്കുന്നത് ഞാനായിരുന്നു, അത്‌ കൊണ്ട്‌ തന്നെ അവൾ വന്നിരിക്കുന്നത് എന്റെ എതിർ വശത്തെ സീറ്റിലായിരിക്കും.
സ്ഥിരയാത്രക്കാരി ആയതുകൊണ്ട്‌ ഞാനുമായി നല്ല അടുപ്പമായിരുന്നു അവൾ, ആറാം ക്ലാസിൽ പഠിക്കുകയാണെന്നും പേരു റിയ എന്നാണെന്നും , ചേച്ചി സാറ ഡിഗ്രിക്കാണു പഠിക്കുന്നതെന്നും അറിഞ്ഞത്‌ ആ യാത്രക്കിടയിൽ വെച്ച്‌ തന്നെയായിരുന്നു.. പഠിക്കാൻ മിടുക്കിയായത്‌ കൊണ്ടാണു ലക്ഷങ്ങൾ ഡോണെഷൻ കൊടുത്ത്‌ വാങ്ങുന്ന ആ സീറ്റ്‌ പള്ളിയിലച്ചൻ വഴി ഫ്രീയായി കിട്ടിയത്‌,
നിനക്ക്‌ സ്കൂൾ ബസ്സിൽ പൊയ്ക്കൂടേ ? അതാകുമ്പോൾ നിന്റെ കൂട്ടുകാരുമായി അടിച്ച്‌ പൊളിച്ച്‌ പോവാമല്ലോ ? എന്ന ചോദ്യത്തിനു , ഒരു കള്ള ചിരിയും കണ്ണിറുക്കലും ആയിരുന്നു അവളുടെ മറുപടി.
അടുപ്പിച്ചുള്ള രണ്ട്‌ ദിവസം അവളെ കാണതായപ്പോൾ ഞങ്ങൾക്കെല്ലാം വിഷമമായി, മൂന്നാം ദിവസം അവൾ ബാഗും തൂക്കി റോഡിലുടെ നടക്കുന്നത്‌ കണ്ടാണു ഞാൻ ബസ്‌ നിർത്തിയത്‌, ഞങ്ങളെ കണ്ടപ്പോൾ ഒന്ന് ചെറുതായി ചിരിച്ചിട്ട്‌ പോക്കോളാൻ കൈ കാണിച്ചെങ്കിലും ബസ്‌ നിർത്തിയിട്ട്‌
ഇറങ്ങി എന്ത്‌ പറ്റി, എന്താ നീ ബസിൽ കയറാത്തതെന്ന ചോദ്യത്തിനു അവളുടെ കണ്ണു നിറയുന്നത്‌ ഞാൻ കണ്ടു..
ഒന്നും പറയാതെ അവളുടെ ബാഗ്‌ വാങ്ങി , അവളെ കയ്യിൽ പിടിച്ചു ബസിൽ കയറ്റിയപ്പോൾ യാത്രക്കാർ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു, പെങ്ങൾകുട്ടിയാ രാവിലെ വഴക്കിട്ട്‌ ഇറങ്ങിയതാണെന്ന് പറഞ്ഞിട്ട്‌ എന്റെ അടുത്ത്‌ നിർത്തി, വണ്ടി മുന്നോട്ട്‌ എടുക്കുന്നിതിനടയിൽ ഞാൻ ചോദിച്ചു
എന്താ റിയാ? എന്താ മോൾക്ക് പറ്റിയെ?
അത്‌ അമ്മയുടെ കയ്യിൽ ബസ്‌ കാശില്ലായിരുന്നു, അതാ രണ്ടു ദിവസം വരാഞ്ഞത്‌, ഇന്നും കൂടി ചെന്നില്ലെങ്കിൽ ക്ലാസിൽ ചെല്ലാണ്ടാന്ന് മിസ്സ്‌ പറഞ്ഞുന്ന് കൂട്ടുകാരി പറഞ്ഞത്‌ കൊണ്ടാ, നടന്ന് പോകാൻ വേണ്ടി നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയത്‌.
അപ്പോൾ മോളുടെ പപ്പ പൈസ തരില്ലേ എന്ന ചോദ്യത്തിനു , പപ്പ മരിച്ച്‌ പോയി എന്ന് അവൾ പറഞ്ഞപ്പോഴെക്കും എന്റെ കണ്ണും നിറഞ്ഞിരുന്നു, റിയ കുട്ടി ഇനി ബസ്‌ കാഷ്‌ തരണ്ട, പഠിച്ചു വലിയ ആളാകുമ്പോൾ ഞാൻ വീട്ടിൽ വന്ന് വാങ്ങികൊള്ളാമെന്ന് പറഞ്ഞത്‌ തലകുലുക്കി അവൾ കേട്ടു...
അന്ന് ബസ്‌ നിർത്തി ഈ കാര്യങ്ങൾ കൂട്ടുകാരുമായി ചർച്ച ചെയ്തിട്ട്‌ , അന്ന് കിട്ടിയ ശമ്പളം മൂന്ന് പേരും എടുത്ത്‌ അവളുടെ വീട്ടിലെക്ക്‌ ആവശ്യമായ സാധനങ്ങളും വാങ്ങി വീട്‌ തിരക്കി എത്തിയ,ഞങ്ങളെ കണ്ട അവൾക്കു ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. അഭിമാനിയായ അവളുടെ അമ്മ ഒരുപാട്‌ തവണ നിരസിച്ചെങ്കിലും ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി സാധങ്ങൾ സ്വീകരിച്ചു. , വീട്ട്‌ വിശേഷങ്ങൾ പറയുന്നതിനിടയിലാണു കടുപ്പം കുറഞ്ഞ മൂന്ന് ഗ്ലാസ്‌ കട്ടൻ ചായയുമായി അവളുടെ ചേച്ചി ഞങ്ങളുടെ മുന്നിലെക്ക്‌ വന്നത്‌..
വലിയ തറവാട്ടുകാർ ആയിരുന്നെന്നും, കൂട്ട്‌ ബിസിനസിലെ പങ്കാളി ചതിച്ച വിഷമത്തിൽ വീടും , വാഹനവും വിറ്റെങ്കിലും കടം തീർക്കാൻ കഴിയാതെ വന്നപ്പോഴാണു പുള്ളിക്കാരൻ.... എന്ന് ആ അമ്മ പറഞ്ഞു നിർത്തി. എന്റെ ശ്രദ്ദ അവളുടെ ചേച്ചിയിലായിരുന്നു, നിഷ്ക്കളങ്കമായി ചിരിക്കുന്ന അവളുടെ മുഖം അവിടെ നിന്നും ഇറങ്ങുമ്പോഴും മനസ്സിൽ നിന്ന് മാഞ്ഞില്ല.
പിറ്റേന്ന് വണ്ടിയിൽ കയറിയ അവൾ ആദ്യമായി എന്നെ ഇച്ചായാ എന്ന് വിളിച്ചു, സംസാരം കാടു കയറുന്നതിന്റെ ഇടക്കാണു ഈ ബസ്‌ ഡ്രൈവർക്ക്‌ നിന്റെ ചേച്ചിയെ കെട്ടിച്ച്‌ തരുമ്മോ കാന്താരീ എന്ന് ചോദിച്ചത്‌, പറഞ്ഞത്‌ തെറ്റായി പോയെന്ന് ചിന്തിച്ചത്‌ അവളുടെ മൗനം കണ്ടപ്പോഴായിരുന്നു, ഒന്നും മിണ്ടാതെ സ്റ്റോപ്പിൽ അവൾ ഇറങ്ങിയപ്പോൾ ചോദിക്കെണ്ടിയിരുന്നില്ലെ എന്ന് പോലും ചിന്തിച്ച്‌ പോയി..
പിറ്റെന്ന് അവൾ എനിക്ക്‌ നേരെ നീട്ടിയ കടലാസിൽ , തന്ന സഹായങ്ങൾക്ക്‌ ഒരുപാട്‌ നന്ദിയുണ്ട്‌, എല്ലാവരുടെയും കണ്ണു പോലെ ആവശ്യ സാധീകരണത്തിനു വേണ്ടി മാത്രമാണെങ്കിൽ വേണ്ട. നഷ്ടപ്പെടാൻ ഇനി മാനം കൂടി മാത്രമെയുള്ളു എന്ന അവളുടെ ചേച്ചിയുടെ വാക്കുകൾക്ക്‌ പകരം നൽകിയത്‌ അപ്പച്ചനെയും , അമ്മച്ചിയെയും കൂട്ടി അവിടെ പോയി പെണ്ണു ചോദിച്ചായിരുന്നു.
വാക്കുകൾക്കപ്പുറം മനസ്സുകൾ കൊണ്ട്‌ അത്‌ ഉറപ്പിച്ചിട്ട്‌ അവിടെ നിന്ന് ഇറങ്ങുമ്പോൾ എന്റെ കാന്താരിയുടെ കണ്ണിൽ മാത്രം ഒരു നനവ്‌ ഞാൻ കണ്ടു... ഇച്ചായാ എന്റെ കൂട്ടുകാരോട്‌ എനിക്ക്‌ പറയാല്ലോല്ലെ പാർവ്വതി ബസ്സിലെ ഡ്രൈവർ എന്റെ ബ്രദറാണെന്നുള്ള ചോദ്യത്തിനു ചേർത്ത്‌ നിർത്തി നെറുകയിൽ ഒരുമ്മ് കൊടുത്തിട്ട്‌ കരയുന്ന കാന്താരിയെയല്ല സീറ്റിനു വേണ്ടി വഴക്കിടുന്ന എന്റെ പഴയ കാന്താരിയെയാണു എനിക്ക്‌ വേണ്ടതെന്ന് പറഞ്ഞപ്പോഴെക്കും നിറഞ്ഞ്‌ തുളുമ്പിയിരുന്നു ആ കുഞ്ഞി കണ്ണുകൾ..

Shanavas
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo