Slider

ജനിമൃതി .... ഭാഗം-2

0
ജനിമൃതി .... ഭാഗം-2
*********
ഒൻപത് മണി ആകുമ്പോഴേക്കും ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. ഉള്ളിലേക്ക് കാർ കൊണ്ടു പോകാമെന്ന് വിനു പറഞ്ഞിട്ടും താഴെ റോഡിൽ കാർ നിർത്തി വിനുവിനെ പറഞ്ഞയച്ചു ഞങ്ങൾ നടന്നു.
റോഡിന്റെ രണ്ട് ഭാഗത്തും നിറയെ മരങ്ങൾ ആണ്. കുറച്ചു മുന്നോട്ട് നടന്നപ്പോഴേക്കും ഒരു ഭാഗത്ത് വലിയ മതിൽ കാണാൻ തുടങ്ങി. അതിനരികിലൂടെ നടക്കുമ്പോൾ വല്ലാത്തൊരു മാനസികാവസ്ഥ. ചുറ്റിലും മൂകത ആയിരുന്നു. പുൽത്തകിടികളും ഒക്കെ ഭംഗിയാക്കി സെറ്റ് ചെയ്തു നിർത്തിയിരിക്കുന്നു. കാഴ്ചകളിൽ മനസ്സുറയ്ക്കുന്നില്ല. കാണാൻ ഇരിക്കുന്ന കാഴ്ച എന്താകും എന്ന ഉൾഭയത്തിൽ ആണ് ഇപ്പൊ മനസ്സ്.
കയറി ചെല്ലുന്നത് നേരെ റീസെപ്ഷന്റെ മുന്നിലേക്കാണ്. വിനു അവിടെ കാത്തു നിലക്ക്ന്നുണ്ടായിരുന്നു.
എന്റെ മുഖത്തെ ചോദ്യഭാവം മനസ്സിലാക്കിയിട്ടാവാം സെക്കന്റ് ഫ്ലോറിൽ ആണ് റൂം എന്നു പറഞ്ഞു അവൻ ലിഫ്റ്റിന് നേർക്ക് നടന്നു.
"വിനു, വേണ്ട മോനെ ഞങ്ങൾ സ്റ്റെപ് വഴി വന്നേക്കാം. മോൻ ലിഫ്റ്റിൽ പൊയ്ക്കോ. അവനെ തടഞ്ഞു കൊണ്ട് അത് പറയുമ്പോൾ ലതികയ്ക്ക് അവിടവുമായി ഒന്ന് പരിചിതമാക്കുക എന്ന ഉദ്ദേശമായിരുന്നു മനസ്സിൽ.
പതിയെ പടികൾ കയറി ആദ്യത്തെ നിലയിൽ എത്തിയപ്പോൾ കാഴ്ചകൾ അത്ര സുഖമുള്ളതായിരുന്നില്ല. ഒന്ന് രണ്ട് അമ്മമാരെ കണ്ടു. നോവ് തിന്നു കരഞ്ഞു തളർന്ന കുഞ്ഞുങ്ങളെ ഉറക്കാൻ പാടുപെട്ടുകൊണ്ടു. വാടിയ പൂമൊട്ടു പോലെ അമ്മമാരുടെ ചുമലിൽ, തളർന്ന് ഉറങ്ങാൻ ശ്രമിച്ചിട്ടും തോറ്റു പോയി കിടക്കുന്ന കുഞ്ഞുങ്ങൾ. ഞങ്ങളെ കണ്ടപ്പോൾ അമ്മമാർ ഒരു ചെറു ചിരി നൽകി. അതിലും നോവിന്റെ നിഴൽ പടർന്നിരുന്നു.
"ജീവിതം ഇത്രയേ ഉള്ളൂ, അല്ലേ ലതികേ..??
എന്റെ ആ ചോദ്യത്തിന് കൈയിൽ അമർത്തി ഒരു പിടുത്തമായിരുന്നു മറുപടി.
പതിയെ വീണ്ടും നടന്നു അടുത്ത നിലയിലേക്ക്. നീളൻ ഇടനാഴി മൂകമായി കിടക്കുന്നു. റിസപ്ഷന്റെ ഭാഗത്തുണ്ടായ ബഹളങ്ങൾ ഒന്നും ഇവിടെക്കില്ല.
വിനു പറഞ്ഞ റൂം നമ്പർ ഏത് ഭാഗത്താണ് എന്നു മനസിലായില്ല. കുറേ അവിടെ തന്നെ നിന്നു, പിന്നെ അവിടെ കണ്ട ഒരു സ്ത്രീയോട് റൂം നമ്പർ പറഞ്ഞപ്പോൾ കൈചൂണ്ടി കാണിച്ച വഴി മുന്നോട്ട് നടന്നപ്പോൾ അവളുടെ മുറി കണ്ടു.
വാതിലീനടുത്തേക്ക് എത്തും തോറും ഹൃദയമിടിപ്പേറി, എന്ത് എങ്ങനെ, അമ്മയും മകളും എങ്ങനെ പ്രതികരിക്കും എന്തൊക്കെയോ ചിന്തകൾ എന്നെ ഉന്തിതള്ളി വാതിലിനു നേരെ എത്തിച്ചു എന്നു പറയുന്നതാവും ശരി.
ഒരു വിറയലോടെ പാതി ചാരിയ ആ വാതിൽ തുറന്നു.ഉള്ളിലേക്ക് നോക്കിയപ്പോൾ മുറിക്കുള്ളിൽ ആരും ഉണ്ടായില്ല.
"ഇല്ല വേണുവെട്ടാ, അവൾ വരില്ല. ഞാൻ ഉണ്ടെന്ന് അറിഞ്ഞിട്ട് പോയതാവും, അത്രയ്ക്ക് വെറുക്കുന്നുണ്ടാവും അവൾ എന്നെ. ലതിക പറഞ്ഞു കൊണ്ടേ ഇരുന്നു.
"നീ ഒന്നു മിണ്ടാതിരിക്ക്, വിനു വരട്ടെ എന്നിട്ട് ചോദിക്കാം"
ലിഫ്റ്റിൽ വന്ന ഇവൻ ഇതേവിടെപ്പോയി, ചിന്ത മുഴുമിപ്പിക്കും മുന്നേ വിനു പിന്നിൽ എത്തി.
"ഞാൻ ഡോക്ടറെ കണ്ട് അങ്കിൾ എത്തിയത് പറയാൻ പോയതായിരുന്നു. റൂമിലേക്ക് ഇരുന്നോളൂ അവൾ ഇപ്പോ വരും. "
ലതികയേയും കൂട്ടി റൂമിലെ കസേരയിലേക്ക് പോയി ഇരുന്നു.
വാതിലിനടുത്തു ആളനക്കം തോന്നിയിട്ടാണ് മുറിയിലെ സൗകര്യങ്ങളിൽ നിന്നും നോട്ടം വാതിലിനടുത്തേക്ക് മാറിയത്.
കണ്ണുകളെ വിശ്വസിക്കാൻ ആയില്ല, തനിക്ക് മുറിയിലേക്ക് വഴി കാണിച്ചു തന്നവൾ, അത് തന്റെ മോളോ?? ഈശ്വരാ ഇതെന്ത് കോലം. സഹിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ. വെളുത്തു തുടുത്തു ഇരുന്നവൾ കറുത്തിരിക്കുന്നു.പാതി മറച്ചുള്ള തലയിലെ കെട്ടിലൂടെ കാണാം തലയിൽ കുറ്റിമുടികൾ. മുട്ടറ്റം മുടിയുമായി നടന്ന പെണ്ണ്. ക്ഷീണിച്ച കണ്ണുകൾ. വയ്യല്ലോ ഇതൊന്നും കണ്ടു നിൽക്കാൻ. തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന അവളോട് ഞാൻ എന്താ പറയേണ്ടത്. ആ ചിരി മാത്രം ഒരു മാറ്റവുമില്ലാതെ ഉണ്ട്. ആ ചിരിയിൽ ആയിരുന്നു പാറു എന്നും അച്ഛനെ തോൽപ്പിച്ചത്.കുഞ്ഞു ശിക്ഷകളിൽ നിന്നും രക്ഷപെട്ടതൊക്കെ അടിക്കാൻ ഓങ്ങുന്ന തന്റെ നേർക്ക് ആ കുഞ്ഞു കണ്ണിറുക്കിയുള്ള ചിരി തന്നിട്ടായിരുന്നു. ആ ചിരി കണ്ടാൽ അടിക്കാനോ വഴക്ക് പറയാനോ തോന്നില്ലായിരുന്നു.
"എന്താ അച്ഛാ, അച്ഛൻ ഇങ്ങനെ നോക്കുന്നേ. അച്ഛന് നേരത്തെ എന്നെ മനസിലായില്ല എന്നു എനിക്ക് തോന്നി,അപ്പൊ ഒന്നു പറ്റിക്കാമെന്ന് വിചാരിച്ചു. അച്ഛന് വിഷമമായോ?"
"ഏയ് ഇല്ലടാ, നീ ഇവിടെ ഇരിക്ക്. അവളെ ചേർത്തിരുത്തി അടുത്തേക്ക്. കരുവാളിച്ചു കിടക്കുന്ന അവളുടെ കൈത്തലം ചേർത്തു പിടിച്ചപ്പോൾ ആദ്യമായി അവളുടെ കുഞ്ഞു കൈകൾ ചേർത്തു പിടിച്ചതോർത്തു പോയി. ഇളം ചുവപ്പാർന്ന കൈകളിൽ ചേർത്തുമ്മ വെച്ചത്. കൗതുകത്തോടെ അവളെ കൈയിൽ എടുത്തു കൊഞ്ചിച്ചത്. കണ്ണീർ അടക്കാൻ ആയില്ല.
"എന്താ അച്ഛാ ഇതു.അയ്യേ, നാളെ പോവാനിരിക്കുന്ന ഞാൻ പോലും കരയുന്നില്ല നോക്കിയേ."ചിരിച്ചു കൊണ്ട് അവൾ തന്റെ ചുമൽ പിടിച്ചു. അപ്പോഴാണ് ലതികയെ ഓർത്തത്. കട്ടിലിനടുത്തു പാറുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൾ. പാറുവിനെ നോക്കിയപ്പോൾ അവൾ മനപ്പൂർവ്വം ആ ഭാഗത്തേക്ക് നോക്കാത്തതാണ് എന്നു മനസിലായി. ഒരു മൗനം ഉരുണ്ട് കൂടുന്നത് അറിയാൻ ആവുന്നുണ്ട്.
"മോളെ, 'അമ്മ..." പതുക്കെ പറഞ്ഞു.
അപ്പോൾ മാത്രമായിരുന്നു പാറു ലതികയുടെ മുഖത്തേക്ക് നോക്കിയത്.
"'അമ്മ ഇരിക്ക്, അടുത്തുള്ള കസേര ചൂണ്ടി അവൾ.
"മോളെ, ഞാൻ... നിനക്ക്..." ലതിക വാക്കുകൾക്കായി പരതുന്ന പോലെ തോന്നി.
"ആ വിളിയൊക്കെ കേൾക്കാൻ കൊതിച്ച കാലമൊക്കെ പോയി അമ്മേ. ഇപ്പൊ അതിലും വലിയ വിളിക്കുള്ള കാത്തിരിപ്പിലാണ് ഞാൻ." വേവുന്ന മനസ്സോടെയാണ് അവൾ പറഞ്ഞതും ഞാൻ അതു കേട്ടതും."
തുടരും...
 സിനി ശ്രീജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo