Slider

ഉമ്മുക്കുൽസുവും കിങ്ങിണിയാടും

0


ഉമ്മുവേ....ടീ ഉമ്മുക്കുല്സുവേ......
എന്നുള്ള ആമിനുമ്മയുടെ നീട്ടി വിളി കേട്ടാണ് ഉമ്മുക്കുൽസു അവളുടെ ഷാരൂഖ് ഖാനുമൊത്തുള്ള ദിവാസ്വപ്നത്തിൽ നിന്നും ഉണർന്നത്..
ഛെ... എന്തു നല്ലൊരു സ്വപ്നമാർന്നു..
'കുച്ച് കുച്ച് ഹോത്താ ഹേ' പാടി ആടിത്തിമിർക്കുവാർന്നു... ഈ ഉമ്മാക്ക് വിളിക്കാൻ കണ്ട നേരം...
എത്ര തവണ പറഞ്ഞാലും കേൾക്കില്ല ഉമ്മുക്കുൽസൂന്ന് വിളിക്കരുതെന്ന്.നല്ലൊരു പേരുണ്ട് സജ്‌നാ ന്ന്...അത് വിളിക്കൂല്ല...
ചാടിത്തുള്ളിക്കൊണ്ടാണ് കുൽസു ഉമ്മയുടെ അടുത്തേക്ക് ചെന്നത്..ഉമ്മയുടെ ആവശ്യം കേട്ട് അവൾ ഒന്നൂടെ വിറച്ചു തുള്ളി..
അപ്പുറത്തെ ഇന്ദിരേച്ചിയുടെ വീട്ടിൽ ചെന്ന് ഇരുമ്പൻ പുളി വാങ്ങി വരാൻ...അവിടെ അവളോളം പോന്ന ഒരു മുട്ടനാടുണ്ട് കണ്ണൻ.. കുൽസുവിന് ആടുകളെന്നാൽ പട്ടിയേക്കാളും പാമ്പിനെക്കളും വല്യ പേടിയാണ്..
അവളെ അറിയാവുന്നവർ പറയും ആട് കിടന്നിടത്ത് കുൽസുവിന്റെ പൊടി പോലും കാണില്ലെന്ന്....അഞ്ചു വയസ്സുള്ളപ്പോൾ ഇന്ദിരേച്ചിയുടെ തന്നെ ഒരു മുട്ടനാട് അവളെ ഓടിച്ചിട്ട് ഇടിച്ചു വീഴ്ത്തിയതാണ്. പേടിച്ചരണ്ട് അവൾ ബോധം കെട്ടു വീണു....അന്ന് തുടങ്ങിയ പേടിയാണ്..ഇന്ന് 17ആം വയസ്സിലും അവൾ ആടിന്റെ കൺവെട്ടത്ത് വരില്ല.. ആ എന്നവളോടാണ് ആടുള്ള വീട്ടിൽ പോകാൻ പറയുന്നത്..പിന്നെ കലി തുള്ളാതെന്ത് ചെയ്യും....
ആമിനക്കും അബൂബക്കറിനും ആകെയുള്ള ഒരു സന്തതിയാണ് സജ്‌ന എന്ന ഉമ്മുക്കുൽസു...പഠിത്തത്തിൽ വലിയ രാശി ഇല്ലാത്തത് കൊണ്ട് തന്നെ ഉമ്മുക്കുൽസു പതിനേഴാം വയസ്സിലാണ് എസ്.എസ്.എൽ.സി പാസ്സായത്.
പത്ത് കഴിഞ്ഞ അവളെ തയ്യലിനോ ടൈപ്പ്റൈറ്റിങ്ങിനോ കമ്പ്യൂട്ടർ കോഴ്സിനോ മറ്റോ വിടാൻ അബൂബക്കർ ഒരുപാട് ശ്രമിച്ചെങ്കിലും തനിക്കിനി ഒന്നും പടിക്കേണ്ട എന്ന് കുൽസു ഉപ്പയോട് തന്റെ അന്തിമ തീരുമാനം അറിയിച്ചു.
കുൽസുവിന് പൊതുവെ ഒന്നിലും താല്പര്യമില്ല.. ആകെ ഉള്ള ഇഷ്ടം
ഹിന്ദി ഫിലിം കാണുക മനോരമ മംഗളം തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലെ നോവലുകൾ വായിക്കുക എന്നിട്ട് ഒറ്റക്കിരുന്ന് ദിവാസ്വപ്നം കാണുക ഇതൊക്കെ ആയിരുന്നു..
അങ്ങനെ നാട്ട്നടപ്പനുസരിച്ച് പഠിത്തം നിർത്തിയാൽ പിന്നെ അടുത്തപടി കല്യാണം എന്ന മുറയ്ക്ക് അബൂബക്കർ ഉമ്മുകുൽസുവിന്റെ കല്യാണവും നടത്തി. വരൻ ഷാനവാസിന് മാർക്കറ്റിൽ സ്വന്തമായി പച്ചക്കറിക്കട ഉണ്ട്.
ഉമ്മ രണ്ട് വർഷം മുമ്പേ മരിച്ചു. വാപ്പയും ഒരു പെങ്ങളും മാത്രം. അമ്മായിഅമ്മ ഇല്ലാത്തത് കൊണ്ടും ആകെയുള്ള പെങ്ങളെ കല്യാണം കഴിച്ച് വിട്ടത് കൊണ്ടും പോരെടുക്കാൻ ആരുമില്ല എന്നതിനാൽ ആമിനുമ്മക്ക് ഈ ബന്ധം വിടാൻ തോന്നിയില്ല. ഒറ്റ പിടിയാലേ കല്യാണവും നടത്തുകയായിരുന്നു.
എല്ലാം കൊണ്ടും നല്ലൊരു ബന്ധം ആയിരുന്നെങ്കിലും ഉമ്മുക്കുൽസുവിനെ പ്രതീക്ഷിച്ച് വലിയൊരു സമ്മാനമായിരുന്നു ഷാനവാസിന്റെ വീട്ടു മുറ്റത്ത് കാത്തിരുന്നത്. ഒന്നല്ല രണ്ടല്ല പന്ത്രണ്ട് ആടുകൾ....
ഷാനവാസിന്റെ വാപ്പയുടെ നേരംപോക്കുകളായിരുന്നു ഈ ആടുകൾ. അവയെ പരിപാലിച്ചിരുന്നതും അങ്ങേരായിരുന്നു. ചെറുക്കനെയും കുടുംബത്തെയും പറ്റിയൊക്കെ അന്വേഷിച്ചറിഞ്ഞെങ്കിലും അടുക്കളപ്പുറത്തെ ആടുകളെപ്പറ്റി മാത്രം അബൂബക്കർ അറിഞ്ഞിരുന്നില്ല.
അതിന്റെ ഫലം വന്നു കേറിയ അന്ന് തന്നെ കുൽസുവിന് അനുഭവിക്കേണ്ടി വന്നു. വീടും പരിസരവും കാണാനായി പുതുമണവാട്ടിയേയും കൊണ്ട് പിന്നാമ്പുറത്തു വന്ന ബന്ധുക്കൾ കണ്ടത് ആടുകളെ കണ്ട മാത്രയിൽ പേടിച്ചലറിക്കൊണ്ട് അകത്തേക്ക് ഓടിപ്പോകുന്ന കുൽസു മണവാട്ടിയെയാണ്.
മുറിയിൽ കയറി വാതിലടച്ച അവൾ 'എനിക്കിപ്പത്തന്നെ എന്റെ വീട്ടിൽ പോണം ' എന്നു പറഞ്ഞ് നിലവിളിക്കാൻ തുടങ്ങി...കേട്ട് നിന്നവരും കണ്ട് നിന്നവരുമെല്ലാം ഇതെന്തു പെണ്ണപ്പാ എന്നു പറഞ്ഞ് മൂക്കത്ത് വിരൽ വച്ചു.
ഒടുവിൽ അബൂബക്കറിനെ വിളിച്ചു വരുത്തി ഒരുവിധം അവളെ പറഞ്ഞു സമാധാനിപ്പിച്ചു. ആടുകളെയെല്ലാം ദൂരെയുള്ള പറമ്പിൽ കൊണ്ടു പോയി കെട്ടിയിടാം എന്ന ഒരേയൊരു നിബന്ധനയിൽ അവൾ അവിടെ നിൽക്കാം എന്നു സമ്മതിച്ചു.
അങ്ങനെ ആടുകളെ ഒഴിച്ച് ബാക്കിയെല്ലാ കാര്യവും അവൾ ഭംഗിയായി നോക്കാൻ തുടങ്ങി.
ഇടക്കിടക്ക് അവൾ ആടുകളെ വിൽക്കാനായി ഷാനുവിനെ നിർബന്ധിച്ചു കൊണ്ടുമിരുന്നു.
ഷാനുവിന്റെ വാപ്പ ഷംസുവിന് ആടുകൾ സ്വന്തം മക്കളെ പോലായിരുന്നു. കൂട്ടത്തിൽ കിങ്ങിണി എന്ന കുഞ്ഞാടിനോടായിരുന്നു കൂടുതൽ ഇഷ്ടം. അവൾ മിക്കപോളും വാപ്പയുടെ മടിയിൽ വന്നു കിടക്കാറുമുണ്ടായിരുന്നു. ഒരിക്കൽ വാപ്പയെ കാണാഞ്ഞ് അടുക്കളയിലേക്ക് കയറിയ കിങ്ങിണി ചെന്ന് പെട്ടത് കുൽസുവിന്റെ മുമ്പിലായിരുന്നു.
കിങ്ങിണിയെക്കണ്ടതും കുൽസു നിലവിളിച്ചു കൊണ്ട് അടുക്കളയുടെ പാതകത്തിലേക്ക് ചാടിക്കയറി ഉച്ചത്തിൽ കരയാൻ തുടങ്ങി. അവളുടെ അലർച്ച കേട്ട് കിങ്ങിണി പേടിച്ച് ഓടി പുറത്തേക്ക് പോയി. അന്നും ആടുകളെ വിൽക്കാൻ പറഞ്ഞ് അവൾ വാശി പിടിച്ചു..പിന്നെപ്പിന്നെ കുൽസുവിന്റെ തലവെട്ടം കാണുമ്പോളേ കിങ്ങിണി പേടിച്ചോടാൻ തുടങ്ങും
ഷാനുവിനും കുൽസുവിനും ഇരട്ടക്കുട്ടികളെ നൽകി ദൈവം അനുഗ്രഹിച്ചു. ആദിലും ആദിബും... വളരുംതോറും മക്കളും ആടുകളുമായി ഇണങ്ങിയെങ്കിലും കുൽസു മാത്രം ഒട്ടും അനങ്ങിയില്ല. ഷംസുവും പേരക്കുട്ടികളും പലപ്പോഴും ആടുകളുമൊത്ത് കളിക്കുന്നത് അകത്തിരുന്ന് കുൽസു നോക്കിക്കാണാറുണ്ട്.
ഷംസുവിനെപ്പോലെ തന്നെ കുട്ടികളും കൂടുതൽ അടുത്തിരുന്നത് കിങ്ങിണിയോടായിരുന്നു.
ആടുകൾമക്കളെ ഉപദ്രവിക്കുമോയെന്ന പേടി കുൽസുവിനുണ്ടായിരുന്നു..പക്ഷെ അവയൊന്നും അവരെ ഉപദ്രവിച്ചിരുന്നില്ല.
ഇതിനിടയിൽ ഷംസു പ്രായാധിക്യത്താൽ തീരെ കിടപ്പിലായി. അതിൽ ഏറ്റവും കൂടുതൽ സങ്കടം കിങ്ങിണിക്കായിരുന്നു. അവൾ ഇടയ്ക്ക് കെട്ട് പൊട്ടിച്ചോടിവന്ന് ഷംസുവിന്റെ മുറിയിൽ ജനലരികിൽ വന്ന് കരഞ്ഞ് വിളിക്കും....ഷംസുവിന്റെ 'മോളേ കിങ്ങിണിയേ..ഞാനീടണ്ട്...പൊക്കോട്ടാ..' എന്ന മറുപടി കേൾക്കുമ്പോ അമർത്തി മൂളിക്കരഞ്ഞുകൊണ്ട് അവിടെ നിന്ന് പോകും.
ഷംസു കിടപ്പിലായതോടെ ആട് പരിപാലനം പൂർണ്ണമായും ഷാനവാസിന്റെ തലയിലായി. കച്ചവടവും ആടുകളും കൊണ്ട് ഷാനു കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. ഇതു തന്നെ പറ്റിയ അവസരമെന്ന നിലയിൽ കുൽസു തന്റെ പിൻബുദ്ധി പുറത്തെടുത്തു. 'ആടുകളെയൊക്കെ വിൽക്കുകയാണെങ്കിൽ ഒരു പച്ചക്കറിക്കട കൂടി വീടിനടുത്ത് തുടങ്ങാം...കുട്ടികളും വളർന്നു വരുന്നു..ഷാനുക്കാനെക്കൊണ്ട് ആടും കടയും ഒന്നിച്ച് കൊണ്ടോവാൻ പറ്റൂല്ലാന്ന്..'..
എന്തായാലും ആ തലയണമന്ത്രം ശരിക്കും ഏറ്റു. മനസ്സില്ലാമനസ്സോടെയാണേലും ഷംസുവും അതിന് സമ്മതം മൂളി. പിന്നെ ആടുകളെ നല്ല വിലയ്ക്ക് വിൽക്കാനുള്ള തത്രപ്പാടായിരുന്നു.
അങ്ങനെ നല്ല വിലയ്ക്ക് തന്നെ ആടുകളെല്ലാം കച്ചവടമായി. ആടുകളെയെല്ലാം ഷാനു വണ്ടിയിൽ കയറ്റിക്കൊണ്ടുപോകുന്നത് അകത്തിരുന്ന് സന്തോഷത്തോടെ നോക്കിക്കൊണ്ടിരുന്നു. ഷംസുവിന്റെയും മക്കളുടെയും മുഖത്ത് സങ്കടമായിരുന്നു.
തലയിൽ നിന്ന് വലിയൊരു ഭാരമൊഴിഞ്ഞെന്ന സന്തോഷത്തിൽ ഉമ്മുക്കുൽസു നീട്ടിയൊരു ശ്വാസം വിട്ടപ്പോഴാണ് 'മ്മേ..മ്മേ....'എന്ന നിലവിളി. വാപ്പയുടെ മുറിയുടെ ജനലിന്നരികിൽ വന്ന് കരയുന്ന കിങ്ങിണിയായിരുന്നു അത്.
മറ്റാടുകളെ കയറ്റിക്കൊണ്ടു പോകുന്ന നേരത്ത് ഓടി വന്ന് കിടന്നതായിരുന്നു കിങ്ങിണി. കരച്ചിൽ കേട്ടപ്പോളാണ് അവളെ ഷാനു കൊണ്ടു പോയില്ല എന്ന് കുൽസുവും അറിഞ്ഞത്. കിങ്ങിണിയുടെ നിലവിളി കേട്ട് ഷംസു കിടന്നിടത്ത് നിന്ന് വിളിച്ച് പറഞ്ഞു..
'മോളേ കുൽസൂ..അവളുടെ കരച്ചിൽ അത്ര പന്തിയല്ലാട്ടാ..പേറ്റുനോവാണെന്ന് തോന്ന്ണു..'
ഇതു കേട്ട കുൽസു വെപ്രാളപ്പെടാൻ തുടങ്ങി..പ്രസവിക്കാൻ പോകുന്നോ..റബ്ബേ..ആര് പേറെടുക്കാനാ....
അവൾ മിണ്ടാതെ വേഗം പോയി മുറിയടച്ചിരുന്നു..കിങ്ങിണിയുടെ നിലവിളി കൂടി കൊണ്ടേയിരുന്നു..കുട്ടികളും മുറിക്കു പുറത്ത് നിന്ന് കുൽസുവിനെ വിളിച്ചുകൊണ്ടേയിരുന്നു..
ഷംസുവിന്റേയും കുട്ടികളുടെയും കിങ്ങിണിയുടേയും ഒച്ചപ്പാട് കൊണ്ട് ആകെ ബഹളം തന്നെ.
'മോളേ അവളുടെ നാല് പേറിലും കുട്ട്യോള് ചത്തുപോയീ..ഒന്നുപോയീ നോക്ക് മോളേ..' ഷംസു അപേക്ഷയെന്നോണം കുൽസുവിനോട് പറഞ്ഞു..
ഗത്യന്തരമില്ലാതെ കുൽസു മുറിവിട്ട് പുറത്തേക്ക് വന്നു..കയ്യിലൊരു ചാക്കും കുറച്ച് തുണിക്കഷണങ്ങളുമായി അവൾ കിങ്ങിണിയുടെയടുത്തേക്ക് ചെന്നു....അവളെക്കണ്ടതും കിങ്ങിണി നീട്ടീക്കരയാൻ തുടങ്ങി.
അന്നാദ്യമായി കിങ്ങിണിയുടെ കണ്ണിലേക്ക് കുൽസു നോക്കി...ദയനീയമായിരുന്നു ആ നോട്ടം....ലേബർ റൂമിൽ താനനുഭവിച്ച വേദന ഒരു വേള അവളുടെ ഓർമ്മകളിലൂടെ മിന്നിമാഞ്ഞു..അടിവയറ്റിലൂടെ ഒരു പുകച്ചിൽ പോലെ തോന്നി അവൾക്ക്.
കുൽസു പതുക്കെ കിങ്ങിണിയുടെ അടുത്ത് ചെന്ന് ചാക്ക് വിരിച്ചു. വിറച്ച് വിറച്ച് കിങ്ങിണിയെ പതുക്കെ തലോടി. അവൾ ചെറുതായൊന്ന് മുരണ്ടു...കുൽസു ഭയന്ന് പിന്നോട്ട് മാറി..വീണ്ടും ചെന്ന് പതുക്കെ തലോടി പറഞ്ഞു ഒന്നൂല്ലാട്ടോ..
ഇത്തവണ അവൾ മിണ്ടിയില്ല..കുൽസു അവളെ ചാക്കിനടുത്തേക്ക് നീക്കിക്കിടത്തി. പതിയെ അവളുടെ വയറിൽ ഉഴിഞ്ഞുകൊണ്ടേയിരുന്നു. അത് ആശ്വാസമെന്നോണം കിങ്ങിണി തലനീട്ടി അവളെ മണത്തു. കുൽസുവിന്റെ കണ്ണ് നിറഞ്ഞു വന്നു.
പെട്ടെന്ന് കിങ്ങിണി അലമുറയിട്ട് കരയാൻ തുടങ്ങി...നിർത്താതെയുള്ള കരച്ചിൽ ആ വീടാകമാനം മുഴങ്ങിക്കേട്ടു....
വെള്ളയും കറുപ്പും ചെമ്പൻനിറവും കൂടിക്കലർന്ന മൂന്നാട്ടിൻ കുട്ടികൾ. കുൽസു അവരെയെല്ലാം തുടച്ചു വൃത്തിയാക്കി. വേച്ചുവേച്ച് നടന്നും വീണും അവ പാൽ കുടിക്കുന്നത് നോക്കി കുൽസുവും മക്കളും അവരുടെ അടുത്ത് തന്നെ ഇരുന്നു.
ഭയത്തിനെതിരെ പിൻതിരിഞ്ഞോടുമ്പോളല്ല അതിനെ നേരിടുമ്പോഴാണ് ആ ഭയം എത്ര ചെറുതാണെന്ന് മനസ്സിലാകുന്നതെന്ന വലിയ സത്യം കുൽസു മനസ്സിലാക്കിയതന്നാണ്....
കാലങ്ങൾക്കപ്പുറത്തെ കാഴ്ച എന്തെന്നാൽ ഇന്ന് ഷംസുവുമില്ല കിങ്ങിണിയുമില്ല....പക്ഷേ കുൽസുവിന് സ്വന്തമായി ഒരു ആട് ഫാം തന്നെ ഉണ്ട്. ഇന്നവളുടെ സകലതും ഈ ആടുകളാണ്. അല്ലെങ്കിലും ആട് ഒരു ഭീകരജീവിയൊന്നുമല്ലല്ലോ...
****************************************
ബിനിത
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo