Slider

ശിശിരം വിടർത്തിയ കാട്ടുപൂക്കൾ

1
Image may contain: 2 people, people smiling

ശരത്കാലം ശിശിരത്തിനു വഴിമാറികൊണ്ടിരിക്കുന്ന ഒരു തണുത്ത പ്രഭാതത്തിൽ വിജനമായ ആ വഴികളിലൂടെ അവൾ അലക്ഷ്യമായി നടന്നു. ഇലകൾ പൊഴിച്ച് വിറങ്ങലിച്ചു നിൽക്കുന്ന മരങ്ങളും, എങ്ങും കുമിഞ്ഞു കൂടിയ കരിഞ്ഞ ഇലകളും പറഞ്ഞറിയിക്കാനാവാത്ത വിഷാദം അവളിൽ നിറച്ചു. അവളുടെ ആകാശം കാർമേഘം നിറഞ്ഞതായിരുന്നു . ആ വിജനവീഥികൾ അവളുടെ ഏകാന്തതയെ പതിന്മടങ്ങു വർദ്ധിപ്പിച്ചു.
അങ്ങ് ദൂരെ മരങ്ങൾക്കിടയിലൂടെ കണ്ട മഞ്ഞക്കെട്ടിടം അവളിൽ നൊമ്പരമുണർത്തി . വർണ്ണശബളമായിരുന്ന തൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്ന ഒരിടം. അങ്ങോട്ട് പോയാലോ? അവൾ ഒരു നിമിഷം ആലോചിച്ചു. പക്ഷെ ഉടൻ തീരുമാനം മാറ്റി. അക്ഷരങ്ങൾ മരിച്ച തനിക്കെന്തിന് പുസ്തകങ്ങൾ? അക്ഷരങ്ങൾ മനസ്സാണ്, ഭാവനയാണ്, സ്വപ്നങ്ങളാണ്. യാഥാർഥ്യത്തിൻ്റെ കയ്പ്പും ഭാവനയുടെ മധുരവും കലർന്ന തൻ്റെ അക്ഷരങ്ങൾ ഒരു പാട് പേർ ഇഷ്ടപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എവിടെയാണ് എല്ലാം തകിടം മറിഞ്ഞത്? എല്ലാം തകർന്നടിഞ്ഞത്? തന്നെ തോൽപ്പിച്ചവർക്കു സന്തോഷിക്കാനും നീരൂറ്റികുടിച്ചു ദാഹം തീർത്തവർക്കു നിലത്തിട്ടു ചവിട്ടാനുമായി ഇനിയീ ജന്മം വേണ്ട എന്നവൾ തീരുമാനിച്ചു. ആ തീരുമാനം എത്രയും വേഗം നടപ്പിലാക്കാനായി കാലുകൾ നീട്ടി വച്ച് നടന്നു.
പുറകിൽ ആരോ ചിരിക്കുന്ന ശബ്ദം...അവൾ തിരിഞ്ഞു നോക്കി. നോക്കെത്താ ദൂരത്തോളം കൊഴിഞ്ഞു കിടക്കുന്ന കരിയിലകളല്ലാതെ ആരെയും അവൾ കണ്ടില്ല. നടപ്പു തുടർന്നപ്പോൾ ചിരി ഉച്ചത്തിലായി. അവൾ ചുറ്റും നോക്കി. ശബ്ദം കേൾക്കുന്നത് കാൽച്ചുവട്ടിൽ നിന്നാണ്. ചവിട്ടി കടന്നു പോന്ന കരിയിലകൾ ഇളം കാറ്റിൽ മെല്ലെ ഉയർന്നു പൊങ്ങി നിർത്താതെ ചിരിക്കുകയാണ്. അവൾക്കു അത്ഭുതവും ദേഷ്യവും ഒരുമിച്ചു വന്നു.
" ഓഹോ! നിങ്ങളും എന്നെ കളിയാക്കുകയാണോ?" അവൾ ദേഷ്യത്തോടെ ചോദിച്ചു.
"അല്ല! ഞങ്ങൾ നിൻ്റെ പാദസ്പർശമേറ്റപ്പോൾ ഇക്കിളിപ്പെട്ടതു കൊണ്ട് ചിരിച്ചതാണ്" അവർ ചിരി നിർത്താൻ പാടുപെട്ടുകൊണ്ടു പറഞ്ഞു.
"നിങ്ങൾ കള്ളം പറയുകയാണ്. ആർക്കും വേണ്ടാതെ നിലത്തു കിടന്നു ചവിട്ടപ്പെടുന്ന നിങ്ങൾ ഓരോ നിമിഷവും ആസ്വദിക്കുന്നുവെന്നോ? പച്ചക്കള്ളം."
"ഞങ്ങളെന്തിന് നിന്നോട് കള്ളം പറയണം. ഞങ്ങൾ ഈ സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്. ഇന്നലെ വരെ മരത്തിനോട് ബന്ധിക്കപ്പെട്ടിരുന്ന ഞങ്ങൾ ഇപ്പോൾ എത്ര സ്വതത്രരാണെന്നു നോക്കൂ...ഇങ്ങനെ പറന്നു പറന്നു നടക്കാം. കാറ്റിൻ്റെ കൂടെ എവിടെ വേണമെങ്കിലും പോകാം."
"ഇന്നലെ വരെ എല്ലാമായിരുന്ന നിങ്ങളെ സ്വാർത്ഥതാല്പര്യത്തിനു വേണ്ടി ഉപേക്ഷിച്ചു കളഞ്ഞ മരത്തിനോട് നിങ്ങൾക്ക് ഒട്ടും ദേഷ്യം തോന്നുന്നില്ലെന്നോ? അവിശ്വസനീയം! നിങ്ങളില്ലായിരുന്നെങ്കിൽ മരം പട്ടിണി കിടന്ന് ഉണങ്ങി പോയേനെ. എന്നിട്ടിപ്പോൾ മഞ്ഞുകാലം വന്നപ്പോൾ അധികപ്പറ്റായതുകൊണ്ട് കൊഴിച്ച് കളഞ്ഞിരിക്കുന്നു. എന്തു ക്രൂരതയാണത്?"
"നിങ്ങൾ മനുഷ്യർക്കിടയിലാണ് പരാതിയും പരിഭവങ്ങളുമെല്ലാം. ഞങ്ങൾ നിഷ്കാമ കർമ്മം ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ ഓരോ നിമിഷവും ആസ്വദിക്കാനും സന്തോഷിക്കാനും ഞങ്ങൾക്ക് കഴിയുന്നു."
"അത് ശരിയാണ്. പക്ഷേ സൃഷ്ടിയുടെ മകുടം എന്ന് വിശേഷിക്കപ്പെടുന്ന ഞങ്ങൾക്ക് ഒരിക്കലും അതിനാവുന്നില്ല."
"നിങ്ങൾ ചെയ്യുന്നതിനെല്ലാം കണക്കു വയ്ക്കുന്നു. തിരിച്ചു പ്രതീക്ഷിച്ചു കിട്ടാതെ വരുമ്പോൾ നിരാശയിലാഴുന്നു. ആ നിരാശ ഇന്നിൻ്റെ എല്ലാ സന്തോഷങ്ങളെയും എടുത്തു കളയുന്നു. തിരിച്ചു കിട്ടുമെന്നോർക്കാതെ നന്മ ചെയ്യുക. അത് സന്തോഷം നൽകും. ആ സന്തോഷം എന്നും നിലനിൽക്കും." അവർ വീണ്ടും ചിരിച്ചു.
"പക്ഷേ മരം ഉപേക്ഷിച്ചു കളഞ്ഞതോടെ അസ്തിത്വമില്ലാതായിത്തീർന്ന നിങ്ങൾ ഏതാനും ദിവസങ്ങൾക്കകം അഴുകി മണ്ണോട് ചേരുമെന്ന് നിങ്ങൾക്കറിയാമെന്നു ഞാൻ കരുതുന്നു. അങ്ങനെ തന്നെ ഞങ്ങളുടെ കാര്യവും. ഒന്നിനും ഒരു ഉറപ്പുമില്ല. ഇന്നോ നാളെയോ എന്നറിയാത്ത അവസ്ഥ. ആ ക്രൂരമായ സത്യം മുൻപിൽ നിൽക്കുമ്പോൾ എങ്ങനെ സന്തോഷിക്കും?"
"അഴുകി മണ്ണോടു ചേരുക എന്നത് എല്ലാ സൃഷ്ടികളുടെയും മാറ്റാനാവാത്ത അവസാനമാണ്. പക്ഷെ മണ്ണോടു ചേരുന്നതോടെ ഒന്നും അവസാനിക്കുന്നില്ല. ഏതെങ്കിലും വേരുകളിലൂടെ വലിച്ചെടുക്കപ്പെട്ട് ഞങ്ങൾ വീണ്ടും പുനർജ്ജനിക്കും.
"ആഹാ ! അതൊരു പുതിയ അറിവാണല്ലോ ?"
" നിനക്കറിയാത്ത മറ്റൊരു സത്യവുമുണ്ട് . നിൻ്റെ പാദസ്പർശമേറ്റപ്പോൾ ഞങ്ങൾ ചിരിച്ചത് ഇക്കിളിപൂണ്ടത് കൊണ്ട് മാത്രമല്ല. വലിയ സന്തോഷം കൊണ്ട് കൂടിയാണ്. കാരണം മനുഷ്യസ്പർശമേറ്റ ഇലകൾക്ക് മാത്രമേ ഉള്ളിൽ ജീവനൊളിപ്പിച്ച പൂക്കളായി പുനർജ്ജനിക്കാനാവൂ. അവ കായ്കളായും കനികളായും വിത്തുകളായും മാറി തലമുറയെ നിലനിർത്തുന്നു."
"എന്ത് ? ആർക്കും വേണ്ടാത്ത എൻ്റെ പാദസ്പർശങ്ങൾ നിങ്ങൾക്ക് പുത്തൻ പ്രതീക്ഷകളാണെന്നോ? അതെന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു."
"അല്ലെങ്കിൽ തന്നെ ആരുടെയോ ദാനമായ ജീവിതം വേണ്ടെന്നു വയ്ക്കാൻ നിനക്കെന്തധികാരം? ഒളിച്ചോടുകയല്ല, ജീവിതം വെല്ലുവിളിയായി ഏറ്റെടുക്കുകയാണ് വേണ്ടത്. നിന്നെ ആവശ്യമുള്ള ആരെങ്കിലും ഈ ഭൂമിയുടെ ഏതെങ്കിലും ഒരു കോണിൽ കാത്തിരിപ്പുണ്ടാവും. അവരെ നിരാശപ്പെടുത്തരുത്. "
" രോഗം തളർത്തിയ ശരീരവും അനുഭവങ്ങൾ തളർത്തിയ മനസ്സുമുള്ള എന്നെ ഇനി എന്തിനു കൊള്ളാം? " അവൾ നെടുവീർപ്പിട്ടു .
"ഒന്നും ശാശ്വതമല്ല. ഈ ദിവസവും കടന്നുപോകും. ഈ ശിശിരവും വസന്തത്തിന് വഴിമാറും. ഈ മരച്ചില്ലകളൊക്കെ വീണ്ടും തളിർക്കും. പൂക്കളും കായ്കളും നിറയും. ചില്ലകളിലിരുന്നു പക്ഷികൾ പാടും. ഈ വഴികളിലൂടെ കുട്ടികൾ ഓടിക്കളിക്കും."
"ഞാൻ വീണ്ടും തൂലിക എടുക്കും. നിങ്ങളുടെ ഈ കഥ ഞാനെഴുതും. അത് നിരാശയിലാഴ്ന്ന ചിലർക്കെങ്കിലും പ്രചോദനമേകും. നിങ്ങൾ പൂക്കളായി പുനർജ്ജനിക്കുമ്പോൾ ഈ വഴികളിലൂടെ ഞാനിനിയും വരും. അന്നെൻ്റെ ഹൃദയത്തിൽ നിങ്ങളിപ്പോൾ കൊളുത്തിയ ചൈതന്യം ആളിക്കത്തുന്നുണ്ടാവും. അതെൻ്റെ ചുണ്ടിൽ ചിരിയായി തെളിയും. അതു ഞാൻ ചിരിക്കാൻ മറന്നവർക്കു പകർന്നു കൊടുക്കും. ഒടുവിൽ മണ്ണിലലിയുമ്പോൾ ഞാനും ഒരു പൂവായി പുനർജ്ജനിക്കും. കായും കനിയും വിത്തുമാകും. അങ്ങനെ ഒരിക്കലും അവസാനിക്കാതെ ....."
ലിൻസി വർക്കി
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo