
നമ്മുടെ സ്നേഹം പുഴ വറ്റി മെലിഞ്ഞ നീർച്ചാലുപോലെ ശുഷ്കിച്ചു. ഞാനോർക്കുന്നു നമ്മുടെ ജീവിതം എത്ര ബഹളം നിറഞ്ഞതും പൊട്ടിച്ചിരിയും , കൊച്ചു പിണക്കവും ഇണക്കവും എല്ലാം കലർന്ന് എന്ത് സുന്ദരമാരുന്നു. നമ്മളൊന്നിച്ചുള്ള യാത്ര കഴിഞ്ഞു ഷീണിച്ചവശരായി തിരികെ വീട്ടിലെത്തി കഞ്ഞിയും ചമ്മന്തിയും അച്ചാറും കഴിച്ചു സംതൃപ്തിയോടെ കിടന്നുറങ്ങുന്നതും മറ്റും. അന്ന് ചെറിയ ചെറിയ ഇല്ലായ്മകളും ദാരിദ്യവും എല്ലാമുണ്ടായിരുന്നെങ്കിലും ജീവിതം സന്തോഷമാരുന്നു..
എന്നാലിന്ന് ഇല്ലായ്മകളും വല്ലായ്മകളും ഒന്നുമില്ല . പക്ഷേ എവിടെയോ ഇതെല്ലാം പോയ് മറഞ്ഞു. നമ്മളൊന്നിച്ചുകണ്ട സ്വപ്നങ്ങൾ, മോഹങ്ങൾ എല്ലാം മാഞ്ഞുപോയി. ഇന്ന് നമ്മുക്ക് സ്വപ്നങ്ങളില്ല മോഹങ്ങളും. സ്വപ്നം കാണാൻ നമ്മൾ മറന്നു. ഇല്ലായ്മകളിൽ ഞാൻ നിന്റെ എല്ലാമായിരുന്നു. നീ എന്റേതും.. സന്തോഷത്തോടെ കരവലയത്തിലൊതുക്കി സ്നേഹത്തോടെ നെറുകയിൽ ചുംബിക്കാൻ നീ മറന്നു. നിന്റെ മുടിയിഴയിൽ വിരൽ തിരുകി തഴുകാൻ ഞാനും മറന്നു.
ജീവിതം സന്തോഷവും സങ്കടവും കൂടിക്കലർന്ന്, കലുഷവും ചിലപ്പോൾ ശാന്തമായും ഒഴുകുന്ന പുഴപോലെയാണ്. കഴിഞ്ഞു പോയതെല്ലാം നിറം മങ്ങാത്ത ഓർമ്മ ചിത്രമായി മനസ്സിൽ സൂക്ഷിക്കുന്നു.
കാലം മാറിയപ്പോൾ നീ നിന്റെ മുഖം മദ്യത്തിലും , ഞാൻ എന്റെ മുഖം മുഖപുസ്തകത്തിലും ഒളിപ്പിച്ചു. അതാണല്ലോ ഇന്ന് എല്ലാവരുടെയും ജീവൻ. എങ്കിലും ഒരു പ്രാർത്ഥന മെലിഞ്ഞ സ്നേഹമാണെങ്കിലും വറ്റി വരണ്ടുണങ്ങല്ലേ.. എന്ന്..
(എല്ലാവരും അവനവരിലേയ്ക്ക് ചുരുങ്ങി പോയി. .. എല്ലാവർക്കും തിരക്കാണിപ്പോൾ കാലത്തിന്റെ മാറ്റമാവാം... )
By Jolly Varghese
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക