Slider

എരിയുന്ന ആത്മാക്കൾ! (കഥ )

0
എരിയുന്ന ആത്മാക്കൾ! (കഥ )
കൂരിരുട്ട് നിറഞ്ഞ, ഇടുങ്ങിയ ഗുഹാമുഖത്തിന്റെ നീണ്ടയിടനാഴിയിൽ വെച്ചാണവർ കണ്ടുമുട്ടിയത്. അപ്പോഴവരുടെ ആത്മാവുകൾ കാറ്റത്തുലയുന്ന തീനാളം പോലെ ആടിയുലയുകയായിരുന്നു.
**
റാഹേലെന്ന എഴുപത്തിയഞ്ച് വയസുകാരി…
ബോധത്തിനും അബോധത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുകയാണവർ . എന്നിട്ടും ചില കാഴ്ചകൾ അവർക്കു കാണാൻ സാധിച്ചു. അവയിൽ പലതും കഴിഞ്ഞ വർഷങ്ങളിൽ അനുഭവിച്ച പലതിന്റെയും ആവർത്തനങ്ങളായിരുന്നു .
ഇനിയൊരിക്കലുമിതൊന്നും കണ്ടേണ്ടി വരില്ലെന്ന സത്യമവരിൽ സന്തോഷമുളവാക്കി. അടഞ്ഞ കണ്ണുകൾക്കിടയിലൂടെ അതൊരു ചെറു നനവായ് പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു.
ഇപ്പോഴവർ എറണാകുളത്തെ വലിയ ഫ്ലാറ്റിലെ വിശാലമായ കിടപ്പുമുറിയിലാണ് . പച്ച ബെഡ് ഷീറ്റ് വൃത്തിയായി വിരിച്ചിട്ടിരിക്കുന്ന കട്ടിലിൽ ഉണങ്ങിയ ചുള്ളിക്കമ്പു പോലെയവർ കിടന്നു. തുറന്നു കിടക്കുന്ന ജനലിലൂടെ അരിച്ചെത്തുന്ന ഇളം വെയിലിന്റെ നനുത്ത വെട്ടത്തിലേക്കു റാഹേൽ മെല്ലെ കണ്ണ് തുറന്നു.
കിടപ്പുമുറിയിലെ വലത്തേ മൂലയിൽ വെച്ചിരിക്കുന്ന അരയന്നങ്ങളുടെ കൊത്തു പണികളുള്ള ഡ്രസിങ് ടേബിളിന്റെ കണ്ണാടിക്കു മുന്നിൽ നിന്ന് മുഖത്തെന്തൊക്കെയോ വാരി തേക്കുകയാണ് റാഹേലിന്റെ രണ്ടാമത്തെ മകൾ റാണി. റാഹേലിന്റെ അഭിപ്രായത്തിൽ റാണിക്ക് അവളുടെ അപ്പന്റെ നിറമാണ് കിട്ടിയിരിക്കുന്നത്. അപ്പൻ മരിക്കുന്നതുവരെ അയാൾക്കവൾ പ്രിയപ്പെട്ടവളായിരുന്നു.ജനലിലൂടെ മുറിയിലേക്ക് കടന്നു വരുന്ന ഇളം വെയിലിൽ അവളുടുത്തിരി
ക്കുന്ന ചുവന്ന പട്ടു സാരി പള പള മിന്നുന്നു.
കട്ടിലിനടുത്തിരുന്ന ശാന്ത, റാഹേലിന്റെ ഉണങ്ങി വരണ്ട ചുണ്ടിലേക്കു രണ്ടു തുള്ളി വെള്ളം ഇറ്റിച്ചു. കഴിഞ്ഞ രണ്ടു കൊല്ലം സ്വന്തം അമ്മയെ പോലെ റാഹേലിനെ പരിചരിക്കുന്നവളാണ് ശാന്തയെന്ന ഹോം നേഴ്സ്. ബോധത്തിനും അബോധത്തിനുമിടയിലുള്ള യാത്രയിൽ ,വെള്ള സാരിയുടുത്തിരിക്കുന്ന ശാന്ത റാഹേലിന്റെ കണ്ണിലൊരു മാലാഖയെ പോലെ തോന്നിച്ചു.മാലാഖയെ തൊടാനവർ കൈകൾ നീട്ടി. മാലാഖ അവരുടെ കൈ മാറോടു ചേർത്ത് പിടിച്ചു , പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു – “അമ്മച്ചി”
ആരോ ഉറക്കെ സംസാരിക്കുന്ന സ്വരം കേട്ട് റാഹേൽ അങ്ങോട്ട് നോക്കി. റാണിയുടെ തൊട്ടടുത്ത് തന്നെ നിൽപ്പുണ്ട് ഏറ്റവും ഇളയവൾ റേച്ചൽ . അവളായിരുന്നു റാഹേലിന്റെ പുന്നാര മോൾ. റേച്ചൽ ആരോടോ ഫോണിൽ സംസാരിക്കുന്നു. അമേരിക്കയിലുള്ള തന്റെ മൂത്ത മകൻ തോമസാണ് അപ്പുറത്തെന്ന് റാഹേലിന്റെ ബോധമനസു മനസിലാക്കി.
റാഹേൽ കനം വെച്ച് തുടങ്ങിയ കൺപോളകൾ മെല്ലെയടച്ചു.പത്തു കൊല്ലം തള്ളയെ തിരിഞ്ഞു നോക്കാത്തവനാണ്. റേച്ചലിന്റെ സംസാരത്തിൽ നിന്നും അവനുടനെ വരുമെന്നവർക്കു മനസിലായി. ആദ്യത്തെ കുട്ടി ഉണ്ടായപ്പോൾഅവനുംഭാര്യയും നാട്ടിൽ വന്നു പോയതാണ്. പിന്നീട് അവർക്കുണ്ടായ ഇരട്ട കുട്ടികൾക്ക് എട്ടു വയസായി. അവരെയൊന്ന് കാണണമെന്ന് റാഹേലിനു വലിയ മോഹമായിരുന്നു. ഇനിയെത്ര ദിവസം അവനെ കാത്തു മോർച്ചറിയിൽ കിടക്കേണ്ടിവരും? റാഹേൽ നെടുവീർപ്പിട്ടു.
ഇളയവൾ ഫോൺ ബാഗിൽ വെച്ചതിനു ശേഷം അലമാരയിലെ സ്വർണാഭരണങ്ങൾ തിരയുന്നത് വീണ്ടും കണ്ണ് തുറന്നപ്പോൾ റാഹേൽ കണ്ടു. ശാന്തിക്കു കൊടുക്കണമെന്ന് പറഞ്ഞേൽപ്പിച്ച, അഞ്ചു പവന്റെ വലിയ മാല അവൾ കൈയിലെടുക്കുന്നു. അതിന്റെ ഭംഗിയും കനവും നോക്കിയതിനു ശേഷം ആ മഹാപാപി അതെടുത്തു സ്വന്തം കഴുത്തിലിടുന്നു .
“ചത്താലും എന്റെ ആത്മാവിന് ഇവറ്റകൾ സ്വൈര്യം തരില്ല. കുരുത്തം കെട്ട വർഗം”- റാഹേൽ വീണ്ടും കണ്ണടച്ചു . അടഞ്ഞ കണ്ണുകളിലൂടെയങ്ങ് ദൂരെ കത്തുന്ന വെളിച്ചം റാഹേൽ കണ്ടു. തന്റെയുള്ളിൽ നിന്നും ഒരു വെള്ളരി പ്രാവ് കുറുകി കുറുകി ചിറകടിച്ചു പോവുന്നതായി അവർക്കു തോന്നി.
“ ഈശോ മറിയം ഔസേപ്പേ.. എന്റെ ..ആത്മാവിനു കൂട്ടായിരിക്കണേ..”
വെള്ളരിപ്രാവ് വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്കും വീണ്ടും വെളിച്ചത്തിലേക്കും മാറി മാറി യാത്രയാരംഭിച്ചു…
**
ടോണിയെന്ന മുപ്പത്തെട്ടുകാരൻ...
ബോധത്തിനും അബോധത്തിനുമിടയിലെ നൂൽപ്പാലത്തിൽ സഞ്ചരിക്കുകയാണയാൾ .
ടോണിയുടെ ശരീരത്തിൽ കെട്ടിപിടിച്ചു അലമുറയിട്ടു കരയുന്ന ഭാര്യ സീന.. അവളുടെ തൊട്ടടുത്ത് അഞ്ചും എട്ടും വയസുള്ള രണ്ടു കുട്ടികൾ.
ടോണിയും സീനയും വളരെ ആഗ്രഹിച്ചുണ്ടാക്കിയ കൊച്ചു വീടിന്റെ നീല ചായമടിച്ച കിടപ്പു മുറിയിലാണ് അയാളിപ്പോൾ കിടക്കുന്നത്. കട്ടിലിനോട് ചേർന്ന് തുറന്നു കിടക്കുന്ന നീല വിരിയിട്ട ജനാല ! അബോധ മനസിന്റെ ആഴങ്ങളിലെവിടെയോ അയാൾക്ക് ദൃശ്യമാണ്, ജനലിനപ്പുറത്തു അയാൾ നട്ടു നനച്ചു വളർത്തിയ നാട്ടു മാവു, ആദ്യമായി പൂവിട്ടു നിൽക്കുന്നത്.
ടോണിയും സീനയും അദ്ധ്യാപകരാണ്. അഞ്ചു വര്ഷം മുന്നേയാണ് ഇടിത്തീ പോലെ ടോണിക്ക്
ക്യാൻസറാണെന്ന വാർത്ത അവരറിയുന്നതു. കൈയിലുള്ളതും കടം മേടിച്ചുമിതുവരെ അയാളുടെ ചികിത്സ നടത്തി. ഇനിയാകെ ബാക്കിയുള്ളയീ വീട് പണയപ്പെടുത്താൻ സീന തുടങ്ങുകയായിരുന്നു .
അപ്പോഴാണ്….
കണ്ണ് തുറന്നു പ്രിയപ്പെട്ടവരെ കാണാൻ അയാൾ കൊതിച്ചു. മയക്കത്തിന്റെ അഗാധമായ
ഗർത്തത്തിലേക്ക് കൂപ്പു കുത്തുമ്പോൾ, തന്റെയുള്ളിൽ നിന്നുമൊരു വെള്ളരിപ്രാവ് പറന്നു പോവുന്നതായി അയാൾക്ക് തോന്നി.. ഇടക്ക് നിന്നും, തിരിഞ്ഞു നോക്കിയും അതവിടെ കുറെ നേരം ചുറ്റി നിന്നു .ഒടുവിൽ, വെളിച്ചത്തിലേക്കും പിന്നെയിരുട്ടിലേക്കും മെല്ലെ പറന്നു തുടങ്ങി…
***
കൂരിരുട്ട് നിറഞ്ഞ ഗുഹാമുഖത്തിന്റെ ഇടനാഴിയിൽ വെച്ചാണ് ആ രണ്ടാത്മാക്കൾ കണ്ടുമുട്ടിയത്..
“മരിക്കാൻ നേരം നിനക്ക് വല്ലോം പ്രാർത്ഥിച്ചു കൂടെ ?നല്ല മരണം കിട്ടാൻ നോക്ക് കൊച്ചനേ .” റാഹേലാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. “
എന്നാലും കൊച്ചനേ, നിന്നെ കർത്താവ് ഇത്ര വേഗം വിളിച്ചല്ലോ ..?”
“എന്നെ കർത്താവ് വിളിച്ചതല്ല അമ്മച്ചി. ഞാനിങ്ങു നിർത്തി പോന്നതാണ്.” ടോണി മറുപടി പറഞ്ഞു
“എന്റെ കർത്താവെ! ഞാനിതെന്തോന്നാ കേൾക്കുന്നേ?” റാഹേലിന്റെ ശബ്ദം ഉച്ചത്തിലായി.
“എനിക്ക് ക്യാൻസറായിരുന്നമ്മച്ചി.. എല്ലാം വിറ്റു പെറുക്കി കുറെ ചികിൽസിച്ചു. ഒടുവിൽ..ഞാനും സീനയും കഷ്ടപ്പെട്ട് ആഗ്രഹിച്ചുണ്ടാക്കിയ വീട്, ചികിത്സക്കായി അവൾ വിൽക്കാനൊരുങ്ങിയപ്പോൾ ... ഡോക്ടർ തന്ന സ്ലീപ്പിങ് പിൽസ് കഴിച്ചാണ് .. “
അയാളൊന്നു നിർത്തി .. പിന്നെ വേദനയോടെ തുടർന്നു. “അറിഞ്ഞാൽ, അവളെന്നോട് പൊറുക്കില്ല”
“. എന്നാലും കർത്താവ് തന്ന ജീവനെയെടുക്കാൻ ആരാടാ നിനക്ക് അധികാരം തന്നത്.. ? “
റാഹേൽ ദേഷ്യത്തോടെ തുടർന്നു..
“നോക്കിയേ കഴിഞ്ഞ അമ്പതു കൊല്ലമായി എന്റെ കെട്ട്യോൻ ചത്തിട്ടു. അതിയാനുണ്ടാക്കിയതെല്ലാം വിറ്റു പെറുക്കി മക്കൾ വീതം വെച്ചെടുത്തു. എന്നെയൊരു ഫ്ലാറ്റിൽ താമസിപ്പിച്ചു. നോക്കാൻ മാറി മാറി ജോലിക്കാരും. പത്രത്തിൽ ചിലതെല്ലാം വായിക്കുമ്പം സത്യം പറഞ്ഞാൽ ചില നേരം തോന്നും ഏതേലുമൊരുത്തി എന്നെയങ്ങ് കഴുത്തു ഞെരിച്ചു കൊന്നായിരുന്നെങ്കിലെന്നു .. അത്രക്ക് ദെണ്ണം തോന്നിയിട്ടുണ്ട് ചില നേരം. എന്നിട്ടും പിടിച്ചു നിന്നതു തെമ്മാടി കുഴിയിൽ കിടക്കണമല്ലോന്നോർത്താ …”
ടോണിയുടെ മ്ലാനമായ മുഖം കണ്ടവർക്കു വിഷമം തോന്നി..
“ഞാൻ പ്രാർത്ഥിക്കാമെടാ .. ഒരുകണക്കിന് നീ ചെയ്തത് നല്ല കാര്യം തന്നെ. അല്ലേൽ ആ പെണ്ണും പറക്ക മുറ്റാത്ത കുഞ്ഞുങ്ങളും എങ്ങോട്ടു പോവാൻ? ആ.. കർത്താവ് കാരുണ്യവാനാണ്.. നിന്നെ കൈ വിടൂല്ല..”
അപ്പോഴാണ് ദൂരെ അവരാ കാഴ്ച കണ്ടത്…
കറുത്ത ഉടുപ്പിട്ട , കൈയിൽ ചെങ്കോല് പിടിച്ച ആജാനുബാഹുവായ കാവൽക്കാരൻ ഗുഹയുടെ വാതിൽക്കലേക്കു പ്രവേശിക്കാൻ പോവുന്ന രണ്ടാത്മാക്കളെ തടഞ്ഞു നിർത്തുന്നു - മീശ മുളക്കാത്ത ഒരു പയ്യനും ഏകദേശം നാൽപതു വയസുള്ള മെലിഞ്ഞ മധ്യവയസ്കനും ആയിരുന്നവർ.
“വാ നമുക്കങ്ങോട്ടു പോയി നോക്കാം”- റാഹേലും ടോണിയും ഗുഹയുടെ വാതിൽക്കലേക്കു തിരിച്ചു.
**
നഗരത്തിലെ പ്രധാന ആശുപത്രിയിലെ ഐ സി യുവിലായിരുന്നു രാജുവെന്ന പതിനേഴുകാരൻ.. ബോധത്തിനും അബോധത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ അവൻ സഞ്ചരിച്ചുകൊണ്ടിരുന്നു ..
ബോധം വരുമ്പോഴെല്ലാം അവൻ പതിഞ്ഞ ശബ്ദത്തിൽ അടുത്ത് നിൽക്കുന്ന വെള്ളയുടുപ്പിട്ട സിസ്റ്റേഴ്സിനോട് ചോദിച്ചു-
“അയാൾക്കെങ്ങിനെയുണ്ട് ?”
“ഒന്നും പറയാറായിട്ടില്ല “മറുപടി കേട്ട് രാജു നിരാശയോടെ കണ്ണടച്ചു
ഡാഡി കാണാതെ രാവിലെ കാറുമായി ഡ്രൈവിന് പോയതാണവൻ. വഴിയരികിൽ ഒരു നായ വട്ടം ചാടിയപ്പോൾ കാറിന്റെ നിയന്ത്രണം വിട്ടു .എതിരെ വന്ന ബൈക്കിലും പിന്നെ മതിലിലും ഇടിച്ചാണത് നിന്നതു.
ബൈക്ക് യാത്രക്കാരൻ തൊട്ടടുത്ത കിടക്കയിൽ അത്യാസന്ന നിലയിൽ കിടപ്പുണ്ട്. ബോധം വീഴുമ്പോൾ ചോരയിൽ കുളിച്ചു റോഡിൽ കിടന്ന അയാളെ കെട്ടിപിടിച്ചു കരയുന്ന സ്ത്രീയുടെയും കുഞ്ഞിന്റെയും മങ്ങിയ ചിത്രമവൻ കണ്ടു . അയാൾ മരിച്ചാലവർ അനാഥരായി തീർന്നേക്കാം.
നെഞ്ചിൽ കുറ്റബോധത്തിന്റെ കനലുമായ് അവൻ കണ്ണടച്ച് ആത്മാർത്ഥമായി പ്രാർത്ഥിച്ചു- “ദൈവമേ, അയാളെ സുഖപ്പെടുത്തണമേ..”
അവന്റെ നെഞ്ചിലൊരു വെള്ളരിപ്രാവ് കുറുകി തുടങ്ങി. അത് ദൂരെയുള്ള വെളിച്ചത്തിലേക്കു ചിറകടിച്ചു പോവാൻ ധൃതി കൂട്ടി.
***
“നിങ്ങളിൽ ഒരാൾക്ക് മാത്രമേയിവിടെയിപ്പോൾ പ്രവേശനമുള്ളൂ.. “കാവൽക്കാരൻ അയാളുടെ ഗാംഭീര്യം കലർന്ന ശബ്ദത്തിൽ ആജ്ഞാപിച്ചു.
റാഹേലും ടോണിയും നോക്കി നിൽക്കെ, പ്രായം കുറഞ്ഞ പയ്യൻ , കൂടെ നിന്ന മനുഷ്യനെ തള്ളി നീക്കി ഗുഹയിലേക്ക് അതിവേഗം പ്രവേശിച്ചു.
**
ദേഹം ദേഹിയെ വിട്ടു പിരിയുന്ന നിമിഷത്തിന്റെ എരിച്ചിലും പിടച്ചിലുമായി, കൂരിരുട്ട് നിറഞ്ഞ, ഇടുങ്ങിയ ഗുഹാമുഖത്തിന്റെ നീണ്ടയിടനാഴിയിൽ വെച്ചാണ് ആ മൂന്നു ആത്മാക്കൾ കണ്ടുമുട്ടിയത്.. അപ്പോഴവർ കാറ്റിൽ ഉലയുന്ന തീ നാളം പോലെ ആടിയുലയുകയായിരുന്നു .
മടുപ്പിന്റെയും നിരാശയുടെയും വേദനയുടെയും കുറ്റബോധത്തിന്റെയും ലോകത്തു നിന്നും വിടപറഞ്ഞു പുതിയൊരു ലോകത്തേക്ക് അവർ യാത്രയായി..
റാഹേലും ടോണിയും രാജുവും…. പുത്തൻ പ്രതീക്ഷകളുടെ കനലുകളും പേറി..
** Sanee John.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo