Slider

കാവൽക്കാരൻ

0

കാവൽക്കാരൻ
താഴ്‌വാരം നിറയെ പൂക്കളായിരുന്നു ! വെളുത്ത ലില്ലി പൂക്കൾ!. മണ്ണിന്റെ തണുപ്പ് ശരീരത്തിലേക്കു പടർന്നു കയറിയപ്പോൾ ചെറുതായൊന്നു വിറച്ചു. കൈകൾ വയറിനു മുകളിലൂടെ പിണച്ചുകെട്ടി മുന്നോട്ടു നടക്കുന്തോറും വയറിനുള്ളിൽ അനക്കം വച്ചു തുടങ്ങി. നിമിഷ നേരങ്ങൾക്കകം വയറു വീർത്തുന്തി! ചെറുജീവൻ കൈ കാലുകളിട്ടടിക്കുന്നു .ഉടലിലൂടെ ഒഴുകിയിറങ്ങിയ നിണം ലില്ലിപ്പൂക്കളെ അനാവരണം ചെയ്തൊഴുകവേ, താഴ്‌വാരം ചുവക്കുന്നു, ചുവന്ന ലില്ലിപ്പൂക്കൾ, ചുവന്ന താഴ്‌വര !
ഞെട്ടിയുണർന്നതിനു ശേഷം പലവട്ടം ആനി തന്റെ വയറിൻമേൽ കൈത്തലമമർത്തി പരിശോധിച്ചു എന്തേലും അനക്കം? ഒന്നുമില്ല! തോന്നലാണ് വെറും തോന്നൽ ! ഓട്ടുപാത്രത്തിൽ വച്ചിരുന്ന വെള്ളം അൽപ്പാൽപ്പായി ഇറക്കി, ആനി ജനലൽപ്പം തുറന്നു വച്ചു! നേരം പുലർന്നു തുടങ്ങിയിരിക്കുന്നു ,അൽപ്പമകലെ അൽപ്പം വിരിഞ്ഞു തുടങ്ങിയ താമരയെ കണ്ടു പുച്ഛം നിറത്തൊരു ചിരി വിടർന്നു ആനിയിൽ "ചെളിക്കുണ്ടിലെ താമര ! അല്ല സൗന്ദര്യം! ഹ! എന്തൊരു വിരോധാഭാസം "
കൂട്ടത്തിൽ "നിറം മങ്ങാത്ത " ചുരിദാർ തിരഞ്ഞ് എടുത്തണിയുമ്പോഴും ഇന്നു പോകണ്ട യാത്രയെക്കുറിച്ചു മാത്രം ചിന്തിച്ചു ആനി.
"സൂക്ഷിക്കാനല്ല നശിപ്പിക്കാനാണ് നിനക്കിതു തരുന്നത്‌ "
ഡയറി ഭദ്രമായി വാനിറ്റി ബാഗിൽ നിക്ഷേപിക്കുമ്പോൾ , ''മരിച്ച് മണ്ണിനോടു ചേർന്നൊരു ക്ഷയം പിടിച്ചൊരു വാക്ക് " ആനി റൂമിൽ തന്നെ വച്ചു പൂട്ടി പുറത്തിറങ്ങി!
മര ഗോവണി കയറി ഹാളിലേക്കു പ്രവേശിച്ചപ്പോൾ ആനി അൽപ്പം ശ്രദ്ധിച്ചാണ് നടന്നത് .കഴിഞ്ഞ പ്രാവശ്യത്തെ കൂടിക്കാഴ്ചയിൽ അയാളുടെ പരുഷമായ വാക്കുകൾ ആനിയിൽ അത്രയധികം അലോസരമുണ്ടാക്കിയിരുന്നു! ഓക്കു മരത്തിന്റെ പലകകൾ പാകിയ ഫ്ലോറിലൂടെ അധികം ശബ്ദമുണ്ടാക്കാതെ നടന്ന് ''കിറുക്കന്റെ " അടുത്തെത്തിയപ്പോൾ മൂക്കിപ്പൊടി വലിച്ചു കേറ്റുകയായിരുന്ന അയാൾ ഇരിക്കാൻ ആഗ്യം കാട്ടി!
മിസ്റ്റർ വിൽഫ്രഡ്! നമ്മൾ എല്ലാം സംസാരിച്ചിരുന്നതാണ്. പോകാൻ ഉള്ള വണ്ടി ഏർപ്പാടാക്കിത്തരാം എന്ന് നിങ്ങളെനിക്കന്നു വാക്കു തന്നിരുന്നു! അനി മുഖവുര ഒഴുവാക്കി.
"നീയും ആ കിളവനെ പോലെ സംസാരിക്കുന്നു "
മരക്കസേരയിൽ പുറകോട്ടു ചാഞ്ഞിരുന്നു അയാൾ മൂക്കു തുടച്ചു !
"അവിടെ പോയിരിക്കാം നിനക്കുള്ള സമയമാകുമ്പോൾ വിളിക്കും" വിൽഫ്രഡ് കൈ ചൂണ്ടിയ ഹാളിൽ ചെന്നിരിക്കുമ്പോൾ, വാക്കുകൾ ഭിത്തികളിൽ തട്ടി പ്രതിഫലിച്ചു!
"ആത്മാക്കളുമായി സംവദിക്കാൻ നിൽക്കരുത്! നാശത്തിന്റെ പാതകടക്കാൻ നിനക്കുള്ള ശകടം വരുന്നവരെയും !
''വിൽഫ്രഡ് അയാൾ ശരിക്കുമൊരു കിറുക്കൻ തന്നെ "
പഴകിച്ച ഹാൾ .തടിയുടെ ഉളുമ്പു മണം .അങ്ങിങ്ങായി തൂക്കിയിട്ടിരിക്കുന്ന, ചെറിയ കൊത്തുപണികൾ നിറഞ്ഞ ഫ്രയിമുകളോടു കൂടിയ ചിത്രങ്ങൾ പഴയ രാജവാഴ്ചയെ അനുസ്മരിപ്പിക്കുന്നു! ഒരു ചിത്രത്തിൽ കണ്ണുകൾ ഉടക്കി. ഉയർത്തിപ്പിടിച്ചിരിക്കുന്ന വാൾ അധികം വ്യക്തമാകാത്ത മുഖം പക്ഷേ എവിടെയോ കണ്ടിട്ടുള്ള പോലെ പക്ഷേ എവിടെ? ചിന്തകൾ കാടുകയറട്ടെ!
"നിങ്ങൾക്കുള്ള വണ്ടി വന്നിട്ടുണ്ട് '' ആനി ഒന്നു ഞെട്ടി.
"വരുന്നു " ബദ്ധപ്പെട്ടു പറഞ്ഞൊപ്പിച്ച് ആനി പുറത്തിറങ്ങി!
ഇതാണോ തന്റെ യജമാനൻ എനിക്കായി ഒരുക്കിയ വാഹനം? ആടിയുലഞ്ഞു മുന്നോട്ടു പോകുന്ന കുതിരവണ്ടിയിൽ ഇരിക്കുന്ന ആനി രോഷം മറച്ചു വച്ചില്ല! കുതിരവണ്ടിക്കാരന്റെ മുഖം വ്യക്തമല്ല! പക്ഷേ ,വലിച്ചിട്ടിരിക്കുന്ന പടുതക്കിടയിലൂടെ ബലിഷ്ട്ടമായ ശരീരം കാണുന്നുണ്ട്‌. മറുപടി കിട്ടാതായപ്പോൾ ആനി പുറത്തേക്കു കണ്ണയച്ചു! വിജനമായ വനപ്രദേശത്തിലൂടെ കുതിരകൾ നിർത്താതെ ഓടിക്കൊണ്ടിരുന്നു!
കുതിരവണ്ടി വനപ്രദേശം താണ്ടി ഒരു താഴ്‌വാരത്തിലേക്ക് പ്രവേശിച്ചു. ചുവന്ന താഴ്‌വര, താഴ്‌വാരമാകെ ചുവന്ന പൂക്കൾ, ആനി വിയർത്തു ,വയറിൽ ഒന്നു തടവി നോക്കി .ഇല്ല അനക്കമില്ല. ഇതു യാഥാർഥ്യം! ചെറിയ ആശ്വാസം. പടുത താഴ്ത്തി ശ്വാസം വലിച്ചു വിട്ടു !
മനോഹരമായ താഴ്‌വാരം അല്ലേ ? മൗനത്തിനു വിരാമം. കുതിരവണ്ടിക്കാരൻ ശബ്ദിച്ചു.
"ചുവന്ന പൂക്കൾ " , അസ്വസ്ഥതയോടെ ആനി തല കുടഞ്ഞു!
"താഴ്‌വാരത്തിന്റെ രഹസ്യം ചുരണ്ടി കൊടുത്താൽ എത്ര കിട്ടും " ? എത്ര ഓഫർ ചെയ്തു കോർപ്പറേറ്റ് കമ്പനി !
ആനി നടുങ്ങി ! "ജാഗ്രത " മനസ്സു മന്ത്രിച്ചു!
തനിക്കെങ്ങനെ അറിയാം? ആനി ജാഗരൂഗയായി! ഡയറിയടങ്ങിയ ബാഗ് ഒന്നുകൂടി അമർത്തിപ്പിടിച്ചു!
"വിൽഫ്രഡ് വെറും കിറുക്കനാണെന്ന് കരുതിയോ?..
നിന്റെ കുലത്തിൽ പെട്ട ഒരാൾ വന്നിരുന്നിവിടെ നൂറ്റാണ്ടുകൾക്കു മുമ്പ്! " പിശാചിന്റെ സന്തതി " പക്ഷേ അന്നിവിടം വെളുത്ത പൂക്കളായിരുന്നു!
വണ്ടിക്കു വേഗത കൂടുന്നത് ആനിക്കു മനസ്സിലായി! തൽക്കാലം വാക്കുകൾക്ക് ചെവി കൊടുത്തേ മതിയാകു! അയാൾ വാക്കുകൾ കൊണ്ടൊരു ചിത്രം വരയ്ക്കുകയായിരുന്നു!
ചെറിയ നാട് ,വലിയ മനസ്സുള്ള മനുഷ്യർ !
വിതക്കുന്നതും കൊയ്യുന്നതും ഭക്ഷിക്കുന്നതും പങ്കിട്ട് ഒരുമിച്ച്! ശാന്തത ! ഉറുമ്പുകൾ പോലും ഭയക്കാതെ സ്വതന്ത്രരായി വിഹരിക്കുന്നിടം, ആടയാഭരണങ്ങളോ , പട്ടുപുടവകളോ ,സാമ്പത്തിക ഇടപാടുകളോ മനുഷ്യജീവിതത്തെ സ്വാധീനിക്കാത്ത ! പല്ലവന്റെ കൊച്ചു രാജ്യം! വിലമതിക്കാനാകാത്ത പല വസ്തുക്കളും തെരുവോരങ്ങളിൽ ഉപേക്ഷിച്ച മട്ടിൽ കാണപ്പെട്ടു!
ഒരിക്കൽ രാജ്യത്ത് ആദ്യമായി ഒരതിഥി എത്തി! "സർവ്വാഭരണ വിഭൂഷിതനായ ഒരാൾ "!
'' എങ്ങനെ എത്തിയെന്ന " പല്ലവന്റെ ചോദ്യത്തിന്, തലയുയർത്തി നിൽക്കുന്ന പല്ലവന്റെ കുലദൈവത്തെ കാട്ടി അവ്യക്തമായി എന്തൊക്കെയോ പറഞ്ഞു അയാൾ "
ദിവസങ്ങൾ നീണ്ടു നിന്ന സംഭാഷണങ്ങൾ, നാടുകാണൽ, അത്താഴ വിരുന്ന്! ഇടയ്ക്കിടക്ക് പാളിപ്പോകുന്ന പല്ലവന്റെ മനസ്സ്! അതിഥിയുടെ ഗൂഢസ്മിതം! വെളുത്ത പൂക്കൾ വാടിത്തുടങ്ങിയിരിക്കുന്നു!
"ഞാൻ പറഞ്ഞതിനോട് അങ്ങു യോജിക്കുന്നുവോ? അതിഥിക്ക് മുഖം കൊടുക്കാനാവുന്നില്ല, പരിക്ഷീണിതനാണ് പല്ലവൻ!
"രാജ്യം നന്നാവട്ടെ ,സമ്പൽ സമൃദ്ധി വിളയാടട്ടെ, വരുന്ന കൊടും താപത്തിൽ നിന്ന് രാജ്യം രക്ഷപ്രാപിക്കട്ടെ! കുലദൈവം അതാണ് സൂചിപ്പിക്കുന്നത് " ഇര എറിഞ്ഞു കഴിഞ്ഞു !
അതിഥിയുടെ കണ്ണുകൾ ചുരുങ്ങി ചെറുതായി !
" നരബലി അതും പൂർണ്ണ ഗർഭിണി " കഴിയില്ല രാജ്യം ചേരിതിരിയും, കുലം മുടിയും ! പല്ലവന്റെ കണ്ണുകൾ ഉദ്യാനത്തിൽ ഉലാത്തുകയായിരുന്ന രാഞ്ജിയുടെ നിറവയറിലായിരുന്നു!
"അങ്ങൊരു രാജാവാണ് എന്തിനു ഭയക്കുന്നു" ഉത്തരവു കിട്ടിയാൽ കൊണ്ടു വരില്ലേ ഒരുപാടു പേരെ അംഗയുടെ അംഗരക്ഷകർ. പല്ലവന്റെ മനസ്സിലേക്ക് വിഷം പുരട്ടിയ അമ്പുകൾ എയ്തിറക്കി ലഹരി പകർന്നു അതിഥി!
ലഹരി ഉള്ളിലേക്കിറങ്ങും തോറും പല്ലവന്റെ മനസ്സു ബലപ്പെട്ടു . തീരുമാനങ്ങൾക്ക് കാഠിന്യമേറി!
നരബലി !രാജകൽപ്പന ! ദിവസം തീരുമാനിക്കപ്പെട്ടു!
ബലിക്കു നിശ്ചയിക്കപ്പെട്ട പൂർണ്ണ ഗർഭിണിയായ യുവതി ഉടലുമുഴുവനും മൂടപ്പെടുന്ന പട്ടുവസ്ത്രത്താൽ മൂടപ്പെട്ടു ആനയിക്കപ്പെട്ടു! പുറത്തു ജനങ്ങൾ ആർത്തു വിളിച്ചു ! യുവതിയുടെ ഭർത്താവും മക്കളും ഗോപുരവാതിലിൽ തലതല്ലി ! മണ്ണിലാദ്യമായി രക്തമൊഴുകി! പട്ടുവസ്ത്രത്തിൽ മൂടപ്പെട്ടിരുന്ന യുവതിയുടെ ശരീരം ബലിക്കല്ലിൽ കിടത്തി! "അതിഥി " കുലദൈവത്തിനു മുമ്പിൽ അലറി വിളിച്ചു! കുങ്കുമത്തട്ടിൽ ആഞ്ഞടിച്ചു!
അതിഥി കൊടുത്ത വാൾ ഏറ്റുവാങ്ങുമ്പോൾ പല്ലവന്റെ കൈ വിറച്ചു ,നാവു വരണ്ടു! അതിഥിയുടെ ആക്രോശം! പെരുമ്പറ ശബ്ദം !വാളുയർന്നു താണു ! തലഛേദിക്കും മുമ്പേ പല്ലവൻ അതു കണ്ടിരുന്നു, നിറവയറിൽ ,പട്ടിനകത്ത് തനിക്ക് നേരെ നീണ്ട കൈയ്യുകൾ!
ഉടലും തലയും രണ്ടായി! ബലിക്കല്ലിൽ നിന്ന് ഉടലുമായി ബന്ധം വേർപെട്ട തല താഴെ പല്ലവന്റെ കാൽക്കീഴിൽ കിടന്നു !
"നമ്മുടെ പ്രജകളെ നമ്മൾ ആണു പ്രഭോ കാത്തുരക്ഷിക്കേണ്ടത്. നരബലി അനിവാര്യമെങ്കിൽ എന്റെ ജീവൻ ഞാൻ നൽകുന്നു ! പിടിച്ചുകെട്ടി കൊണ്ടുവന്ന യുവതിയേ പോകാനനുവദിക്കുക!
രാഞ്ജിയുടെ ചിരി മാഞ്ഞിരുന്നില്ല! പല്ലവന്റെ കാൽക്കീഴിൽ കിടന്ന് അതു വീണ്ടും ചിരിച്ചു !പല്ലവൻ താഴേക്കൂർന്നു! രാഞ്ജിയുടെ അന്തപുരത്തിലെ ബന്ധനം ഭേദിച്ച് ബലിക്കു നിശ്ചയിച്ചിരുന്ന ഗർഭിണി പുറത്തു വന്നു! ദിഗന്തം പൊട്ടുമാറുച്ചത്തിൽ കരയുന്ന പല്ലവനെ ഉച്ചത്തിൽ ശപിച്ചു!
പ്രജകളെ സംരക്ഷിക്കുന്നവൻ ആകണം രാജാവ്, നരകത്തിന്റെ സന്തതിയായ ഈ മൂഢന്റെ വാക്ക് കേട്ട് നീ നശിപ്പിച്ചത് നിന്റെ രാജ്യത്തേയാണ് പല്ലവാ! കാലം നിനക്കു മാപ്പു തരില്ല! നശിക്കും നീ.
ചിതയൊരുങ്ങി! താഴ്‌വാരത്തിലെ പൂക്കളാകമാനം വാടിക്കൊഴിഞ്ഞിരുന്നു! അസ്തമയമായിട്ടും സൂര്യൻ അൽപ്പം കൂടി മടിച്ചു നിന്നു ! അതിഥിയുടെ ശരീരം കുറുക്കൻമാർ കടിച്ചിഴച്ച് വനത്തിനുള്ളിൽ മറഞ്ഞിരിന്നു! ചിതയ്ക്കു തീ കൊളുത്തിയ പല്ലവൻ ! അസ്തമിക്കാറായ സൂര്യനെ നോക്കി ആർത്തട്ടഹസിച്ചു!
"മൂഢനാണു ഞാൻ! പ്രജാപതി അല്ലാത്ത രാജാവ്. ഇന്നു മുതൽ പല്ലവൻ കാവൽക്കാരനാവുകയാണ് രാജ്യത്തിന്റെ കാവൽക്കാരൻ. അഗ്നി എന്നെ വിഴുങ്ങട്ടെ ! തീ വിഴുങ്ങിയ ശരീരം ഭസ്മധൂളികളായി, പാറിപ്പറക്കട്ടെ !ചെന്നു പതിക്കുന്നിടം ചുവന്നു പൂക്കളാകട്ടെ ! അതു താണ്ടി വരാൻ പല്ലവൻ ആരെയും അനുവദിക്കില്ല! ചിതയിലേക്കു നടക്കുമ്പോഴും പല്ലവന്റെ സ്വരം ഇടറിയില്ല!
പല്ലവനെ കടന്നു ഇനി ഒരതിഥിയും കടക്കില്ല ഈ രാജ്യത്ത് ! ചിത കത്തിയമർന്നവരേക്കും അന്തരീക്ഷത്തിൽ മറ്റൊലി കൊണ്ടു വാക്കുകൾ!
"ഇപ്പോൾ നീയും ഒരതിഥിയാണ് "പല്ലവന്റെ അതിഥി!
ആനി ഞെട്ടിയുണർന്നു .കുതിരക്കാരൻ ചിരിക്കുന്നു! അല്ല അട്ടഹസിക്കുന്നു! ആനിക്കു ചെവി പൊട്ടുന്നതു പോലെ തോന്നി! ഇരുകയ്യും വച്ചു ചെവി പൊത്തി! അലറിക്കരയണം എന്നുണ്ട് കഴിയുന്നില്ല ! കുതിരവണ്ടിക്ക് വേഗത കൂടിയിരിക്കുന്നു! ആഞ്ഞുവീശുന്ന കാറ്റിൽ വണ്ടിയെ ചുറ്റിയിരുന്ന പടുത കാറ്റിൽ പാറിപ്പറന്നു! ചെങ്കുത്തായ ഇറക്കത്തിലൂടെയാണ് ഇപ്പോൾ പോകുന്നത് ! കൈയ്യിലിരുന്ന ബാഗ് തുറന്നിരുന്ന സ്ഥലത്തുകൂടി പുറത്തേക്കു പറന്നു പോകുന്നത് നോക്കിയിരിക്കാനേ ആനിക്കായുള്ളൂ. ഇപ്പോൾ അയാളൊന്നു തിരിഞ്ഞു ,ആനിക്ക് ഇപ്പോൾ ആ മുഖം കാണാൻ കഴിയുന്നുണ്ട്! ശ്വാസം വിലങ്ങി! ചിത്രത്തിൽ കണ്ട ആൾ ! ഉയർത്തിപ്പിടിച്ച വാൾ! വണ്ടിയിൽ തെരുപ്പിടിച്ച് കണ്ണുകൾ അടച്ചു! അഗാധമായ കൊക്കയിലേക്ക് താൻ പതിക്കുകയാണെന്ന് ആനിക്കു മനസ്സിലായി! മരണം!
"ആനി...... മുത്തച്ഛൻ വിളിക്കുന്നു ! രഹസ്യം തേടിപ്പോയവരാരും തിരികെ വന്നിട്ടില്ല നിന്റെ അച്ഛനും.. നശിപ്പിച്ചേരെ..സർവ്വനാശമാണതിൽ. പുറത്തേക്കുന്തിയ കണ്ണുകൾ അപ്പോഴും ആനിയുടെ കയ്യിലുള്ള ഡയറിയിൽ ആയിരുന്നു ! പിന്നെയൊന്നും പറഞ്ഞില്ല കണ്ണുകൾ തിരുമ്മിയടച്ചു ആനി !
"എഡ്വേർഡ് കിളവൻ, നിന്റെ മുത്തച്ഛൻ ! അയാളേക്കാളും പ്രാന്താണോ നിനക്ക്! വിൽഫ്രഡിന്റെ ശബ്ദം . അയാളെങ്ങനെ കൊക്കയിലെത്തി! ആനി കണ്ണു തുറന്നു! താൻ വിൽഫ്രഡിന്റെ മരം കൊണ്ടുണ്ടാക്കിയ വീടിനു മുമ്പിലാണെന്നുള്ളത് വിശ്വസിക്കാൻ ബുദ്ധിമുട്ടി ആനി ! ബാഗ് ? ഡയറി?
ഉണ്ട്! ബാഗുണ്ട് കല്ലിൽ! പക്ഷേ ഡയറി !കൈയ്യിട്ടു നോക്കി അതു പോയിരിക്കുന്നു!
"ഇന്നലെ വണ്ടി ആവശ്യപ്പെട്ടിട്ടു ഇന്ന് ആണോ വരുന്നത് ഇന്നലെ വന്നു കാത്തു കിടന്ന വണ്ടിക്കാരന് കാശ് ആ കിളവൻ വന്നു കൊടുക്കുമോ?
മൂക്കിപ്പൊടി ആഞ്ഞു വലിച്ച് വിൽഫ്രഡ് എന്തക്കെയോ പിറുപിറുത്തു!
അനി അയാളെ നോക്കി മനോഹരമായി ഒന്നു പുഞ്ചിരിച്ചു !പിന്നെ തിരികെ നടന്നു! തന്റെ നരച്ച ചുരിദാറുകളോട് വല്ലാത്തൊരിഷ്ട്ടം തോന്നിത്തുടങ്ങിയിരിക്കുന്നു!
"കിറുക്കൽ "വിൽഫ്രഡ് അപ്പോഴും എന്തൊക്കെയൊ പിറുപിറുക്കുന്നുണ്ടായിരുന്നു!
ശുഭം
സുജിത്ത് സുരേന്ദ്രൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo