Slider

കുറ്റബോധം

0

രാവിലെ അടുക്കളയിലെ തിരക്കിനിടയിലാണ് അമ്മ വിളിക്കുന്നത്. ഫോന്നെടുത്ത ഉടനെ അമ്മ "ടാ മക്കളെ അച്ച നിന്നലെ ഒന്നു പ്രഷറുകൂടിവയ്യാതായി. ഹോസ്പിറ്റലിൽ നിന്ന് ദാ ഇപ്പോ വന്നേഉള്ളൂ" ഇന്നുതന്നെ പോരാംന്നു പറഞ്ഞോണ്ടാ ആരേം വിളിക്കാതിരുന്നേ...
ദാ ഇവിടെ വന്നപ്പ തൊട്ട് ബഹളാ.... പിള്ളേരെ കാണണംന്നും പറഞ്ഞ്. നിങ്ങളെപ്പഴാ ഒന്നു വരുന്നേ..... അമ്മേ അമ്മ ഏട്ടനെ വിളിച്ചു പറയമ്മേ... ഞാൻ പറഞ്ഞാ ശരിയാവൂല്ല. അമ്മക്കറിയാല്ലോന്നു പറഞ്ഞു ഫോൺ വെച്ചു....
അല്ലേലും കുറെ നാളായിട്ട് ഒന്നും മിണ്ടാറില്ല. ജോലി തിരക്കല്ലെ... വീട്ടിലുള്ളവളോട് മിണ്ടാനും പറയാനുമൊന്നും സമയം കിട്ടാറില്ല. രാവിലെ 8 മണിക്ക് പോവാൻ 7 മണിക്കാണ് എണീക്കുന്നത്.
പിന്നെ ടോയ്ലറ്റിലും ബാത്ത്റൂമിലും ഒന്ന് കേറി എറങ്ങാനേ സമയം കാണൂ അതു കഴിഞ്ഞ് വരുമ്പോഴേക്കും റെഡിയാക്കി വെച്ച ഭക്ഷണം സമയമുണ്ടേൽ കഴിക്കും. ഇല്ലേൽ അങ്ങനെ ഇറങ്ങിപ്പോവും. അതിനെടക്കു നമ്മളോട് മിണ്ടാൻ പോയിട്ട് നോക്കാൻ പോലും സമയം കിട്ടാറില്ല.
മക്കൾ സ്കൂളിൽ പോയി കഴിഞ്ഞാൽ പിന്നൊരു മൂകതയാണ്.അതിൽ നിന്നു രക്ഷപ്പെടാനായി കുറെ ചെടികളും പച്ചക്കറികളുമൊക്കെ നട്ടുപിടിപ്പിച്ചു.അവരോട് പരിഭവങ്ങളെല്ലാം പറഞ്ഞ് തീർക്കും.
നാല് വർഷമായി വീട്ടിൽ നിന്ന് മാറി താമസിച്ചപ്പോൾ തുടങ്ങിയതാണ് ഈ ഏകാന്തത. വീട്ടിലായിരുന്നപ്പോൾ ജീവിതം ഒരു ആഘോഷമായിരുന്നു.അമ്മയും അച്ചനും അനിയനും ഭാര്യയുമെക്കെയായി എന്ത് രസമായിരുന്നു... നാട്ടുനടപ്പനുസരിച്ച് തറവാട് അനിയനാണെന്നത് കൊണ്ട് ജോലി സ്ഥലത്തിനടുത്ത് വീടു വാങ്ങുകയായിരുന്നു. അതോട് കൂടി താൻ തീർത്തും ഒറ്റപ്പെട്ടു....
ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് ഫോണിൽ മെസേജ് ട്യൂൺ കേട്ടത്. എടുത്ത് നോക്കിയപ്പോ ഏട്ടനാണ്. "ഉച്ചക്ക് ശേഷം വീട്ടിൽ പോവാണ്. അമ്മയൊന്ന് ചെല്ലാൻ പറഞ്ഞിട്ടുണ്ട് " ഇത്രമാത്രം.....
അതിന് അമ്മ എല്ലാരോടും കൂടല്ലെ ചെല്ലാൻ പറഞ്ഞത്. എന്നിട്ടിങ്ങേരെന്താ ഒറ്റക്കു പോണത്....
ആ എന്തെങ്കിലുമാവട്ടെ. ചോദിക്കാൻ ചെന്നിട്ടു കാര്യമൊന്നുമില്ല. ആദ്യമൊക്കെ കുറെ ചോദ്യം ചെയ്യലും പരാതി പറയലും കുറ്റപ്പെടുത്തലുമൊക്കെ ഉണ്ടായിരുന്നു.പിന്നെ പിന്നെ പറഞ്ഞു മടുത്ത് ഞാൻ എന്റെ മാത്രം ലോകത്തേക്ക് ഒതുങ്ങി കൂടുകയായിരുന്നു....
വൈകുന്നേരം മക്കൾ വന്നാൽ കുറേ നേരത്തേക്ക് പിന്നെ ഒരു തിരക്കാണ്. കുറെ നേരം അവരുടെ സ്കൂൾ വിശേഷങ്ങളും പഠിപ്പിക്കലുമൊക്കെയായി വിഷമങളെല്ലാം മറന്നു പോവും...
ഏട്ടൻ രാത്രിജോലി കഴിഞ്ഞ് വന്നാലും ഫോണിൽ കുത്തി ഇരിക്കാനേ നേരം കാണൂ... മക്കളോട് എന്തെങ്കിലുമൊക്കെ പറയുന്നത് കാണാം. മക്കളുറങ്ങി കഴിയുമ്പോൾ സ്വന്തം കാര്യസാധ്യത്തിനുള്ള സ്നേഹപ്രകടനങ്ങൾ കാണുമ്പോൾ പലപ്പോഴും അറപ്പാണ് തോന്നാറുള്ളത്....
ഇങ്ങനൊന്നുമായിരുന്നില്ല എട്ടൻ... എന്താണ് ഏട്ടനു സംഭവിച്ചത് എന്നു ഇപ്പോഴും എനിക്കറിയില്ല. രാത്രി വൈകും വരെ ഫോണിൽ കുത്തി ഇരുന്ന് ചിരിക്കുന്നത് കാണാം.. എന്നോടൊന്ന് ചിരിച്ചിട്ട് എത്ര കാലമായെന്ന് എനിക്കോർമ്മയില്ല.
പണ്ടൊക്കെ ജോലിക്കു പോയി കഴിഞ്ഞാലും നാലഞ്ചു തവണയെങ്കിലും വിളിക്കും.വൈകുന്നേരം വന്നാലും കുറെ വിശേഷങ്ങൾ പറയാനുണ്ടാവും... അച്ചനുമമ്മയും കുഞ്ഞുങ്ങളുടെ കൂടെ ടീവി കാണുമ്പോഴും അടുക്കളയിലൂടെ തന്റെ പിന്നാലെ നടന്ന് വിശേഷം പറഞ്ഞ് കൊണ്ടിരിക്കും.
ഇപ്പോ എന്തെങ്കിലും പറയുന്നത് ഫോണിലൂടെയാണ്.അതും ഒറ്റവാക്കിൽ തീർക്കും. അല്ലെങ്കിൽ ഒരു മെസേജയക്കും.
ഓഫീസിലെ രാവിലെ മുതൽ വൈകുന്നേരം വരെ കാണുന്നവരോട് വിശേഷങ്ങൾ പറഞ്ഞു തീരാത്തോണ്ടാവും വീട്ടിലെത്തിയാലും വാട്സാപ്പിലൂടെ ചാറ്റി കൊണ്ടിരിക്കും...
അവർക്കെന്താണാവോ ഇത്ര പറയാൻ...
ആദ്യമൊക്കെ അതിനും കുറെ പറഞ്ഞു നോക്കിയതാ.. പിന്നെ കാര്യമില്ലെന്ന് തോന്നിയത് കൊണ്ട് നിർത്തി... ഈ ടച്ച് ഫോൺ വന്നപ്പോ തൊട്ട് തൊടങ്ങീതാ ഈ അവസ്ഥ. അതിന് മുമ്പ് പഴയ ഫോണായിരുന്നപ്പോ ഈ പ്രശ്നമൊന്നും ഇല്ലായിരുന്നു...
അന്നത്തെ പഴയ ഫോണ് ഇപ്പോഴും ഒരു നിധിപോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതിലെ പഴയ മെസേ ജൊക്കെ വായിച്ചാൽ ഇപ്പോഴും ഒരു രോമാഞ്ചം തോന്നും....
വൈകുന്നേരം മക്കളു വന്നപ്പോ തുടങ്ങി അമ്മേ അച്ചച്ചനെ കാണാൻ പോണില്ലേന്ന് ചോദിച്ച് ബഹളം.രാവിലെ അച്ചമ്മ വിളിച്ചതു രണ്ടും കേട്ടതാണല്ലോ...
ഇന്ന് ബുധനാഴ്ചയായില്ലേ വ്യാഴവും വെള്ളിയും കൂടെ കഴിഞ്ഞാൽ ശനിയാഴ്ച സ്കൂളില്ലല്ലോ നമുക്ക് രാവിലെ പോകാമെന്ന് പറഞ്ഞ് മക്കളെ ഒരു വിധം സമാധാനിപ്പിച്ചു.
രാത്രി മക്കളുറങ്ങി കഴിഞ്ഞിട്ടും കാണാതായപ്പോ അവിടുന്നു പോന്നോന്നറി യാനായി അമ്മയെ ഒന്നു വിളിച്ചു നോക്കി...
ഫോണെടുത്തതും അമ്മ കരയാനും ചീത്ത പറയാനും തുടങ്ങി. അവനെ വിട്ടു കാര്യമന്വോഷിച്ചാ മതിയല്ലോലെ.?
പിള്ളാരേം കൊണ്ട് ഒന്നു വന്നിട്ടുപോയാലെന്താ എന്നാണ് അമ്മയുടെ ചോദ്യം..
അമ്മേ ഏട്ടൻ ഓഫീസിൽ നിന്ന് ഉച്ചക്ക് അവധി എടുത്ത് നേരെ അങ്ങ് വരുവായിരുന്നില്ലേ. എന്നോട് പോവാണെന്ന് മാത്രേ പറഞ്ഞുള്ളൂ എന്ന് പറഞ്ഞവസാനിപ്പിക്കുന്നേനു മുമ്പ് അമ്മ ഇടയിൽ കയറി ചോദിച്ചു.
ഞാൻ രാവിലെ നിന്നോട് പറഞ്ഞതല്ലെ മാളൂ... നിങ്ങളിപ്പോ തീരെ മിണ്ടാതെയും പറയാതെയുമായോ..? എന്താ നിങ്ങടെ പ്രശ്നം. നീ ഫോൺ വെച്ചോ.. അവനിറങ്ങാൻ നിക്കുവാ... ഞാനവനോടൊന്ന് ചോദിക്കട്ടേന്നും പറഞ്ഞ് അമ്മ ഫോൺ വെച്ചു.
ശരിയാണ് അമ്മക്ക് കുറെയായി സംശയമുണ്ട്. അമ്മ പറയുന്ന പല കാര്യങ്ങളും പരസ്പരം അറിയാറില്ല...
വരാൻ ഇനിയും കുറെ സമയമെടുക്കും.. അവിടുന്നെറങ്ങീട്ടില്ലല്ലോന്ന് വിചാരിച്ച് മക്കളുടെ കൂടെ പോയി കിടന്നു.... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ വീണ്ടും ഹാളിൽ വന്നിരുന്നു..
പഴയ ഫോണെടുത്ത് അതിലെ ഓർമ്മകളിലൂടെ കുറെ സഞ്ചരിച്ചു. എപ്പോഴോ അവിടിരുന്ന് മയങ്ങിപ്പോയി...
മുടിയിലൂടെ ആരോതഴുകുന്നതു പോലെ തോന്നിയാണ് ചാടി എണീറ്റത്.... ഏട്ടൻ...
ഞാൻ വാതിലടക്കാതെയാണോ കിടന്നെ എന്നാ ലോജിച്ചപ്പോഴേക്കും എന്താ മാളൂ വാതിലടക്കാതെയാണോ ഇരുന്നൊറങ്ങുന്നേ എന്ന് പറഞ്ഞെന്നേചേർത്ത് പിടിച്ചു...
എന്ത് പറ്റിയെന്നാലോചിച്ച് അകന്ന് മാറാൻ ശ്രമിച്ചപ്പോൾ ഒന്നൂടെ ചേർത്ത് പിടിച്ചു പറഞ്ഞു നാളെ കുട്ടികളെ സ്കൂളിൽ വിടണ്ടാട്ടോ..
നമുക്ക് രാവിലെ തന്നെ വീട്ടിൽ പോവാം...
വിശ്വസിക്കാനാവാത്ത അവളുടെ ആ മുഖഭാവം കണ്ടപ്പോൾ അയാൾക്ക് കുറ്റബോധം തോന്നി....
എന്തിനായിരുന്നു താനവളോട് അകൽച്ച കാണിച്ചത്????പലപ്പോഴും അവളുടെ ചോദ്യം ചെയ്യലുകളിൽ നിന്നും കുറ്റപ്പെടുത്തലിൽ നിന്നും രക്ഷപ്പെടാനാണ് മിണ്ടാതിരുന്ന് തുടങ്ങിയത്...
പിന്നെ അതൊരു ശീലമാക്കുകയായിരുന്നു...
ചോറുണ്ടാണോ വന്നെ എന്നവൾ ചോദിച്ചപ്പോഴാണ് വിശക്കുന്നുണ്ടെന്ന് അയാളുമോർത്തത്...
അമ്മ അവളോടൊപ്പം വീട്ടിൽ പോയി കഴിച്ചാ മതി എന്ന് പറഞ്ഞ് വിടുകയായിരുന്നു എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖമൊന്ന് തിളങ്ങിയതയാൾ കണ്ടു...
ചോറെടുക്കാനായി അവൾ അടുക്കളയിലേക്ക് പോയപ്പോൾ അച്ചന്റെ വാക്കുകൾ അയാളുടെ മനസ്സിൽ വീണ്ടും വീണ്ടുമുഴങ്ങികൊണ്ടിരുന്നു...
ഞാനും നിന്റമ്മയും 45 വർഷമായിട്ട് ഒരു ദിവസം പോലും പിണങ്ങി മിണ്ടാതിരുന്നിട്ടില്ല.. നിങ്ങളു തമ്മിൽ എന്താ പ്രശ്നമെന്നും ഞങ്ങക്കറീല്ല... എന്തായാലും നിന്നേം മക്കളേം ഉപേക്ഷിച്ചവൾ പോവില്ല...
നിനക്കവളെ നിന്റെ നല്ല പാതിയായിട്ടു കാണാൻ പറ്റില്ലെങ്കിൽ നീയവൾക്കു ശമ്പളം കൊടുക്കണം.. നിന്റെം മക്കൾടേം എല്ലാ കാര്യവും അവള് ചെയ്ത് തരുന്നില്ലേ???
ഇന്നത്തെ ദിവസം കുറിച്ചിട്ടോ നീ കൊടുക്കണ്ട എന്റെ മകനെയും പേരക്കുട്ടികളെയും ഒരു കുറവും വരുത്താതെ നോക്കുന്നേന് ഞാൻ ശമ്പളം കൊടുത്തോളാന്നു അച്ചൻ പറഞ്ഞപ്പോൾ ഒരു പുഴുവിനോളം ചെറുതായത് പോലെ തോന്നി....
ചോറെടുത്തു വെച്ചെന്ന് പറഞ്ഞ് അവൾ വിളിച്ചപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത്...
വിളമ്പുന്നതിനിടെ അവളുടെ ചോദ്യം ഏട്ടാ നാളെ കുട്ടികൾക്ക് അവധി എടുത്താ പിന്നെ വെള്ളിയാഴ്ചേം കൂടല്ലേ അന്നൂടെ അവധിയാക്കിയാ നമുക്ക് നാലു ദിവസം വീട്ടിൽ നിക്കാലോ.. എട്ടന് അവിടുന്ന് വന്ന് പോയാപോരേന്ന്....? ഞാൻ തലയുയർത്തി അവളെയൊന്ന് നോക്കി.
ശരിക്കും ചിരി വന്നു... എത്ര പെട്ടെന്നാ അവളു പഴേ മാളുവായത്...
നിമിഷ നേരം കൊണ്ട് വർഷങ്ങളായി താൻ കാണിച്ച അവഗണനയൊക്കെ അവൾ മറന്നിരിക്കുന്നു...
ഒരു പൊട്ടു വാങ്ങാനെന്ന് പറഞ്ഞ് കടയിൽ കേറിയാൽ അവിടുള്ളത് മുഴുവൻ വാങ്ങുന്ന പഴേ കുസൃതി ഇപ്പോഴവളുടെ മുഖത്ത് കാണാനുണ്ട്...
ഒന്നുചേർത്ത് പിടിച്ചാൽ തീരാവുന്ന ഈ പ്രശ്നത്തെയാണല്ലോ താൻ വർഷങ്ങളോളം കൊണ്ടു നടന്നതെന്നോർത്തപ്പോൾ കുറ്റബോധം കൊണ്ടയാൾ വിങ്ങിപ്പോയി....
RINNA JOJAN
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo