Slider

കൃഷി

0
ഞാനൊന്നു പെണ്ണു കെട്ടിക്കാണണമെന്ന ആഗ്രഹം അമ്മ ഇന്നും പറഞ്ഞു..
പതിവു പോലെ "നോക്കാം " എന്ന സ്ഥിരം വാചകം ഇന്നും പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി..
പെങ്ങളും അളിയനും വീട്ടിലേക്ക് വരുമ്പോളെല്ലാം ഇതേ കാര്യം എന്നോട് അവതരിപ്പിക്കും..
മിക്കവാറും ഊണ് കഴിക്കുമ്പോഴായിരിക്കും ഈ ഒരു കാര്യം മുന്നിലേക്ക് എടുത്ത് ഇടുന്നത് അന്നേരം എന്റെ മനസ്സങ്ങ് പാടം കയറി പോവും..
വന്നു വന്ന് അമ്മയോട് കറിക്ക് ഉപ്പ് കൂടിയെന്നോ ' ചോറു വേവേറിയെന്നോ പറയാൻ പറ്റാതെയായി
എല്ലാറ്റിനും അമ്മ ഒറ്റ വാക്കിൽ ഉത്തരം തരും '' നീ ഒരുത്തിയെ ഇങ്ങോട്ട് കെട്ടി കൊണ്ട് വന്നോ" എന്ന്..
അതു കാരണം കുറ്റമൊന്നും ഞാൻ ഇപ്പോൾ തിരയാൻ നിൽക്കാറില്ല..
എന്റെ കൂട്ടുകാരൊക്കെ കെട്ടി കുട്ടികൾ രണ്ടായ വിവരം അമ്മ വീട്ടിലിരിക്കും നേരത്ത് എന്നും കൊണ്ട് വന്നു നിരത്തും..
ഞാൻ അതൊക്കെ കേട്ട് ചിരിയോടെ അമ്മയെ നോക്കുമ്പോൾ അമ്മ ദേഷ്യം വന്ന് കനത്ത മുഖത്തോടെ അടുക്കളയിലേക്ക് പോവാറാണ് പതിവ്..
അന്നു രാത്രി അമ്മക്ക് തീരെ വയ്യാതെയായി
ഞാൻ അമ്മയേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോവുമ്പോൾ എന്റെ വലതു കൈ മുറുകെ പിടിച്ചു കൊണ്ട് അമ്മ പറഞ്ഞു "എനിക്കൊന്നുമില്ല നിന്റെ പെണ്ണിനെ കണ്ടിട്ടേ ഞാൻ കണ്ണടക്കൂ "എന്ന്
എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി അമ്മയുടെ ആഗ്രഹത്തിനെ ഞാൻ കണ്ടില്ലെന്ന് നടിച്ച ഒരു വിങ്ങൽ എന്റെ ഉള്ളിലൊരു വേദനയായി മാറി..
രണ്ടു ദിവസം കഴിഞ്ഞ് അമ്മയെ കൂട്ടി വീട്ടിലെത്തിയപ്പോൾ വീട് ശരിക്കും ഉറങ്ങിയ പോലെയായി തോന്നി..
പിന്നെ വൈകിച്ചില്ല ആഗ്രഹങ്ങളിലേക്കുള്ള കാൽവെപ്പായിരുന്നു..
പെണ്ണു കാണാൻ പോയപ്പോഴും എന്റെ ആശങ്കകൾ കാരണം ഞാൻ പെണ്ണിനോട് ചോദിച്ചില്ല ഏതു വരെ പഠിച്ചു എന്ന്..
ചിലപ്പോൾ അവൾ ആ ചോദ്യം തിരിച്ചിങ്ങോട്ടും ചോദിച്ചാലോ എന്ന് പേടിച്ചാണ്..
കുടുംബമഹിമയും ചുറ്റുപാടും ഞാൻ നോക്കിയില്ല തിരിച്ച് അവരും എന്റെ കുടുംബ മഹിമയും ചുറ്റുപാടും നോക്കിയാലോ എന്ന് കരുതിയാണ്..
കാരണം നമുക്ക് പാരമ്പര്യമായി കിട്ടിയതിൽ ബാങ്ക് ബാലന്‍സൊന്നും ഇല്ല..
കിട്ടിയതോ കുറച്ചു കടവും ഒരു കൊച്ചു വീടും സ്ഥലവും ഇറയത്ത് തൂക്കിയിട്ടിരിക്കണ കൈക്കോട്ടും അച്ഛന്റെ ഇത്തിരി ഉപദേശവും..
കുറേ ഉപദേശം തന്നച്ഛൻ പോയ പിന്നെ കൃഷിപ്പണി തന്നെയാണ് ചെയ്തത്..
പാരമ്പര്യമായി കിട്ടിയതിൽ ഇത് തന്നെയായിരുന്നു വലുത് എന്ന് ഞാനെപ്പോഴും കരുതാറുണ്ട് അതിൽ അച്ഛന്റെ വിയർപ്പുണ്ട് എന്നെനിക്കു തോന്നാറുണ്ട്..
ഇത്തിരി കഷ്ടപ്പാടൊക്കെ ഉണ്ടേലും വീട്ടിലിരിക്കുമ്പോൾ മനസ്സിനൊരു സുഖമുണ്ട്..
തെക്കും വടക്കും നോക്കി നടക്കേണ്ട ആ കൈക്കോട്ടെടുത്ത് ഇറങ്ങിയാൽ ആരുടെ മുന്നിലും നിവർന്ന് നിന്ന് ജീവിക്കാം എന്ന അച്ഛന്റെ ഇടക്കിടെയുള്ള വാക്കുകൾ കൂടി ഓർക്കുമ്പോൾ മനസ്സിനൊരു ധൈര്യം കിട്ടിയിരുന്നു..
കുഞ്ഞിലെ അച്ഛന്റെ കൂടെ കപ്പ പറിക്കാനും വളം കൊണ്ടിടാനും വിത്തിടാനുമൊക്കെ കൂടിയത് കൊണ്ട് കൃഷിയോട് എനിക്കും സ്നേഹം കൂടി ഒടുക്കം ഞാനും ആ വഴി തന്നെ സഞ്ചരിച്ചു..
അതിനാൽ പെണ്ണു വീട്ടുകാർ എന്താണ് ജോലി എന്ന് ചോദിക്കുമ്പോൾ കൃഷിപ്പണി എന്ന് പറയാൻ ഒരു മടിയുമുണ്ടായിരുന്നില്ല..
എന്നാലും വന്നു കയറുന്ന പെണ്ണിന് ഇതൊക്കെ ഇഷ്ടപെടുമോ എന്നൊരു ചിന്ത എന്നിൽ ഉണ്ടായിരുന്നു..
വിയർപ്പിന്റെ മണവും ഏത് നേരവും വീട്ടിലും പാടത്തും അതുമിതൊക്കെ ചെയ്തിരിക്കുന്നതും അവൾക്കിഷ്ടാവുമോ ?
എന്റെ ചിന്തകൾ പുഞ്ചപ്പാടത്ത് കൃഷി ഇറക്കിയത് പോലെയായി..
ആരുടേ പുണ്യം കൊണ്ടെന്നറിയില്ല കൂട്ടിനു വരാൻ സമ്മതം മൂളിയവൾ ഇതൊന്നും നോക്കിയില്ല..
ഇടക്ക് ഒന്നു കണ്ടു മുട്ടിയപ്പോൾ ഞാൻ ഇഷ്ടത്തിൻ കാരണമൊന്നു തിരക്കി
അപ്പോഴാണവൾ മനസ്സ് തുറന്നു പറഞ്ഞത്..
കൃഷിക്കാരനാവുമ്പോൾ എന്നും എപ്പോഴും ഇവിടെ എവിടെയെങ്കിലും നിങ്ങളെ കാണുമല്ലോ എന്ന് അതൊരു സന്തോഷമാണെന്ന്.!
കളിയും ചിരിയും പറഞ്ഞു നിങ്ങളോടൊപ്പം കൃഷിപ്പണിയിൽ സഹായിയായി ചേരാമല്ലോ എന്ന്..!
ഒന്നു വിളിച്ചാൽ വിളി കേൾക്കുന്ന ദൂരത്തിൽ നിങ്ങളുണ്ടാവുമല്ലോ അതൊരു ധൈര്യമല്ലേ എന്ന്..!
കൂടെ എപ്പോഴും ഉണ്ടാകുന്ന സന്തോഷത്തിനോളം വേറെ ഒന്നും ഇല്ലല്ലോ എന്ന്..!
കാത്തിരിപ്പിൻ വിങ്ങലില്ലാതെ എന്നും കണ്ടിരിക്കാമല്ലോ എന്ന്..!
അവളുടെ അരികിൽ എപ്പോഴും ഉണ്ടാകുമല്ലോ അതു തന്നെ ജന്മ സാഫല്യമല്ലേ എന്ന്..
അവളുടെ കൈ ചേര്‍ത്ത് അമ്മയുടെ കാൽക്കൽ തൊടുമ്പോൾ അമ്മയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞിരുന്നു..
അമ്മയുടെ കണ്ണുകളിൽ ഞാൻ കണ്ടിരുന്നു അമ്മ ഇനി അങ്ങോട്ട് എനിക്കൊരു തുണയെ ഏൽപ്പിക്കുകയാണെന്ന്..
എന്തു കൃഷി ഏത് വിത്ത് എന്നറിയാതെ കടന്നു വന്നവളാ. ഇന്ന് അടുക്കള തോട്ടം ഒന്നവളുടെ മിടുക്കിലാണ്..
ഇന്നവൾ പറയുന്നു
മണ്ണിനെ സ്നേഹിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ എന്ന്..
ദൈവത്തിന്റെ മുമ്പിൽ കൈ കൂപ്പുമ്പോൾ എന്റെ മനസ്സ് സന്തോഷത്താൽ നിറഞ്ഞിരുന്നു..
എ കെ സി അലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo