Slider

അല്ലെങ്കിലും

0
Image may contain: 1 person, smiling, closeup

അപരിചിതമായ നാട്.
വിജനത എത്ര ദൂരത്തോളം പരന്നുകിടക്കുന്നു എന്നറിയാത്ത മണൽഭൂമി.
നിശബ്ദവും, വെളിച്ചത്തിന്റെ സൂചനകൾ പോലുമില്ലാത്തതുമായ രാത്രി. അങ്ങനെ
ഒറ്റപ്പെടലുകളുടെ പലതരം ചുറ്റുകൾക്ക് നടുവിൽ
മൂന്ന് മനുഷ്യരും ഒരു നായയും കിടന്നുറങ്ങുന്നു. ഒരച്ഛനും അയാളുടെ എട്ടും പതിനൊന്നും പ്രായമുള്ള മകളും മകനും.
കാറ്റടിക്കാതിരിക്കാൻ അച്ഛനും
മഴ വീഴാതിരിക്കാൻ മകളും പ്രാർത്ഥനയോടെ ഇരുട്ടിലേക്ക് കണ്ണുതുറന്ന് കിടക്കുന്നു.
മകൻ ശാന്തിയോടുറങ്ങുന്നു.
മക്കളിരുവരുടെയും കാലുകളിൽ കെട്ടിയൊരു കയറയാൾ സ്വന്തം കാലോടും കെട്ടിയിട്ടുണ്ട്.
പകൽ നാലാമതൊരാളെ വല്ലാതെ പ്രതീക്ഷിക്കുമ്പോഴും രാത്രി അങ്ങനെയൊരു കടന്നുവരവിനെ ഭയക്കുന്ന വിശേഷം.
എത്ര വിചിത്രമായാണ് ഇരുട്ട് മനുഷ്യനിൽ ഭയം നിറയ്ക്കുന്നത്.
ഒന്നുകൊണ്ടും കെട്ടിയിട്ടില്ലെങ്കിലും ഇവരിൽപ്പെടുന്നുവെന്ന് സ്വയം കരുതിയാവാം നായയും അവരോടൊത്തുറങ്ങുകയും ഉണരുകയും ചെയ്യുന്നു.
ആകാശത്തൊരു വാൽനക്ഷത്രത്തെ കണ്ട പെൺകുട്ടി അനിയനെ തട്ടിയുണർത്താൻ ഒരുങ്ങി, വളരെ പെട്ടന്ന് പിൻവാങ്ങി, നക്ഷത്രത്തെ സ്വയം കണ്ടുതീർത്തു.
മഞ്ഞുവീഴുന്നുണ്ട്.
ശ്രദ്ധിച്ചാൽ ഓരോ തുള്ളികളും
നേർത്ത ചിലമ്പൊച്ചയോടെ
മണലിൽ ചെറുസുഷിരങ്ങളാകുന്നു.
തൂവാലകൊണ്ട് മൂവരും മുഖം മറച്ചുറങ്ങുന്നു.
പകലുകൾ സഞ്ചാരത്തിന്റേതാവും.
മുൻപിലച്ഛനും പിറകിലാ കുഞ്ഞുങ്ങളും പിന്നെയാ നായയും.
ഏറെ പിറകിലായവരുടെ കാലടികൾ മായ്ച്ചും, ചുറ്റിനും മണലിന്റെ മുനമ്പുകളെ മാറ്റിവരച്ചും
ഇടയ്ക്കിടെയൊരു കാറ്റും.
ഒട്ടകപ്പുറത്തെ ഉറുമ്പുകളെപ്പോലെ കയറിയിറങ്ങിയവർ നാടുകടക്കുന്നു.
ഒരു യാത്രാ സംഘത്തിൽനിന്ന് കൈവീശി വേർപെട്ട് നടന്നുതുടങ്ങിയപ്പോഴാണ് ഞാനിവരോട് ചേർന്നത്.
എവിടെത്തുടങ്ങിയെന്നും എങ്ങോട്ട് തുടരുന്നെന്നുമറിയാൻ മൂന്ന് നാളായി ഞാനിവരെ മണലിലൂടെ നടത്തുന്നു. തമ്മിലൊരക്ഷരം മിണ്ടിയാൽ പേരെങ്കിലും അറിയാമായിരുന്നു. അല്ലെങ്കിലും, മൂന്നുപേരുള്ള ലോകത്ത് തമ്മിലറിയാൻ പേരൊരു അധികപ്പറ്റാണ്.
ഇവർക്കുവേണ്ടി ഓരങ്ങളിൽ,
മണലുവകഞ്ഞ് ഞാൻ മരങ്ങൾ കൊണ്ടുവച്ചു.
ഒരു മരുഭൂമിയിലുമില്ലാത്ത താമരക്കുളം കൊണ്ടുവച്ചു.
കരുണ തോന്നി മണൽപ്പാമ്പുകളെയും ദ്രവിച്ച ഞണ്ടുകളെയും അകറ്റി നിർത്തി.
എല്ലാം മതിയെന്ന് തോന്നി പിൻതിരിയുമ്പോൾ,
രാത്രിയിൽ കാറ്റടിപ്പിക്കാതെയും
മഴ പെയ്യിക്കാതെയുമിരിക്കാമെന്നും ഉറങ്ങിക്കോളൂവെന്നും അവരെ അറിയിക്കാൻ ശ്രമിച്ചു. അവരതറിയാതിരുന്നതിനാൽ ഉറങ്ങാതെതന്നെയിരുന്നു.
അല്ലെങ്കിലും മരുഭൂമിയും വെയിലും വിജനതയുമൊരുക്കിയവന്റെ സൗജന്യം
അവരെങ്ങനെ സ്വീകരിക്കും.
ഇത് ഇവിടെവെച്ച് നിർത്തട്ടെ.
മുഴുവനാവാതെ തീരുന്നതിനെയെല്ലാം പകുതിക്കുവെച്ചെന്ന് പറഞ്ഞാണല്ലോ ശീലം.
അല്ലെങ്കിലും അവസാനമുള്ള കഥകളെല്ലാം കഥകളിൽ മാത്രമല്ലേ.

By: Sarath Te Ama
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo