Slider

....ഞാനും അവളും....

0
....ഞാനും അവളും.....
അവൾ എന്നോട് പറഞ്ഞു :
"നിങ്ങൾ മുന്നിൽ നടക്കൂ...ഞാൻ പിറകിൽ ഒരു നിഴലായി ഉണ്ടാവും"
ഞാൻ എന്റെ കാലുകൾ നീട്ടി വലിച്ചു നടന്നു.
അല്പം കഴിഞ്ഞു കാലടി ശബ്ദം കേൾക്കാതായപ്പോൾ ഞാൻ തിരിഞ്ഞു നോക്കി..വളരെ പിറകിൽ അവൾ കിതച്ചുകൊണ്ട് വരികയാണ്.
ഞാൻ അവൾക്കായി കാത്തു നിന്നു. എന്നിട്ട് പറഞ്ഞു:
"നീ മുന്നിൽ നടക്കൂ...ഞാൻ നിനക്ക് കാവലായി പിറകിൽ ഉണ്ട്"
അവളുടെ സന്തോഷം മുഖത്ത് ഞാൻ കണ്ടു.
അപ്പോഴേക്കും ചെറിയൊരു മഴ ചാറി. മഴത്തുള്ളികൾ മിഴിയിലേക്ക് കോരിക്കുടഞ്ഞവൾ തുള്ളിച്ചാടി മുന്നോട്ട് നീങ്ങി. പേരറിയാത്ത പല പല മരങ്ങളിൽ നിന്നുള്ള കിളികളുടെ പാട്ടിന്റെ കൂടെ അവൾ പാടി.
മുന്നോട്ട് നീങ്ങവേ, പ്രതീക്ഷിക്കാതെ മഞ്ഞ് പെയ്യാൻ തുടങ്ങി. ഇരുൾ കനത്തു. കാട്ടിൽ നിന്നും ചീവീടുകളുടെ ആർത്തനാദവും ചിന്നം വിളികളും അടുത്തടുത്തു വന്നു.
അവൾ പിറകിലേക്ക് ഓടിവന്നു എന്റെ കൈകൾ ബലമായി കൂട്ടിപ്പിടിച്ചു.
ഞാൻ പറഞ്ഞു:
"ഇനി നമുക്ക് ഒരുമിച്ചു നടന്നു നോക്കാം...തോളോട് തോൾ ചേർത്ത്....കൈവിരലുകൾ കൈവിരലുകളിൽ കോർത്ത്.. ഒരേ ശ്വാസത്തിൽ, ഒരേ വേഗത്തിൽ, ഒരേ താളത്തിൽ..."
അവൾ തലയാട്ടി സമ്മതിച്ചു.
അപ്പോൾ, ആ ഇരുട്ടിലും അവളുടെ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു. എന്റെ കൈവിരലുടെ ദൃഢത അവൾ എന്നോട് പങ്കു വെച്ചു. മഴയുടെ മിഴിനീർ എന്റെയും അവളുടെയും മുഖത്തു ഒരുപോലെ ചാലുകൾ തീർത്തു....മഞ്ഞിന്റെ കുളിർ ഞങ്ങളിരുവരുടെയും ദേഹത്തെ ഒരുപോലെ ചുട്ടു പൊള്ളിച്ചു... അവളുടെ കാഴ്ചകളും എന്റെ സ്വപനങ്ങളും ഒന്നായി മാറി.......
ഇരുൾ നീങ്ങി പ്രഭാതം വിരിഞ്ഞു. അവളുടെ മുഖത്തുദിച്ച സൂര്യൻ എന്നെ പ്രഭ കൊണ്ട് മൂടി.
കടവിൽ ഞങ്ങൾക്കായി കടത്തു വള്ളം കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഒരു വെളിച്ചവും ഇരുളും താണ്ടിയ ഞങ്ങൾ മറ്റൊരു യാത്രക്ക് തയ്യാറാവുകയായിരുന്നു. കൈകൾ പിൻവലിച്ചു വള്ളത്തിലേക്ക് കയറാൻ ശ്രമിച്ചപ്പോഴൊക്കെയും അത് തെന്നി ദൂരെ മാറിപ്പോയി. ഒടുവിൽ ഞാൻ പറഞ്ഞു:
"വീണ്ടും നമുക്ക് കൈ വിരലുകൾ കോർത്ത് ഒരേ സമയം വള്ളത്തിലേക്ക് ചാടാം" അവൾ സമ്മതിച്ചു.
വള്ളം അനുസരണയോടെ ഞങ്ങൾക്ക് ആതിഥ്യം നൽകി... ഞാൻ കൈ കൊണ്ടും അവൾ കണ്ണുകൊണ്ടും വള്ളം തുഴഞ്ഞു. എങ്കിലും ഞങ്ങളുടെ ഹൃദയം ഒന്നിച്ചായിരുന്നു മിടിച്ചിരുന്നത്.
ഞങ്ങൾ ലക്‌ഷ്യം വെച്ചിരുന്ന കര ഞങ്ങളെത്തേടി ഇങ്ങോട്ട് വരാൻ തുടങ്ങി !
അവൾ മെല്ലെ എന്റെ കവിളിൽ കവിൾ ചേർത്ത് കാതിൽ മന്ത്രിച്ചു:
"ഇതാണ് ജീവിതം"
------------
ഹാരിസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo