അന്തി മദ്രസയിലേക്ക്
ഓടിയിറങ്ങുമ്പോഴൊക്കെയും
ടോർച്ചെടുക്കാൻ
മറന്നുപോവും.
ഗൾഫിൽ നിന്ന്
ഉപ്പ അയച്ച
മഞ്ഞ ശരീരവും
കറുത്ത
ബട്ടണുമുള്ള
സാന്യോ ടോർച്ചിന്
എനിക്കായ്
വെളിച്ചം
വിതറാനായില്ല.
ഇടവഴിയിലേക്ക്
തിരിയും മുമ്പ്
റജീന
നിപ്പോയുടെ
മൂന്ന് കട്ടയിടുന്ന
വെള്ളിക്കാൽ ടോർച്ച്
നീട്ടിയടിച്ചു തരും.
ടോർച്ചിന്റെ
മങ്ങിയ വെളിച്ചപ്പൊട്ട്
എത്ര തിരഞ്ഞാലും
കാണാനാവില്ല.
എങ്കിലും........
പുറകിൽ
ഇരുട്ടിനുമപ്പുറം
ഒരാൾ
വെളിച്ചം വീശുന്നുവല്ലോ
എന്നൊരു
ആശ്വാസപ്പെടലിൽ
വീട്ടിലേക്കോടും.
മദ്രസക്കിടയിൽ
ഇശാവാങ്ക് വിളിക്കാൻ
മൊല്ലാക്ക
പള്ളിയിൽ പോകുന്നേരം
അഞ്ചും പത്തും
പൈസ പങ്കു ചേർത്ത്
മരക്കാർകാക്കാന്റെ
വീട്ടിൽ നിന്ന്
കൽക്കം വാങ്ങും
ആങ്കുട്ടികൾ.
ഉപ്പുചേർത്ത
പച്ചക്കുരുമുളകിനും
ചീനിക്കക്കും
ചാമ്പക്കക്കും
കൽക്കം കൊണ്ട്
ബാർട്ടർ വിനിമയം
തീർക്കും പെങ്കുട്ടികൾ.
ലീഡർ ആയി
പോയതുകൊണ്ടുമാത്രം
മൊല്ലാക്കയുടെ
അഭാവത്തിൽ
മുണ്ടുന്നവരുടെ
പേരെഴുതണം.
ആ നാമാവലിയിൽ
പേരു വരാതിരിക്കാൻ
പെൻസിലും
റബ്ബറും
റീഫില്ലും
കൈക്കൂലിയും
കാണിക്കയുമാകും.
എട്ടാം ക്ലാസിൽ നിന്ന്
പണവും പണ്ടവും
വാങ്ങാത്ത
അറബി കെട്ടിക്കൊണ്ടു
പോകുന്നതിനും
തലേയാഴ്ച
റജീന
കാണിക്ക വെച്ചത്
ഒരു മയിൽപ്പീലി ...
\"മാനം കാണാതെ
വെച്ചേക്കണം പെറ്റുകൂട്ടുമെന്നും\".
അറബി കൊണ്ടോയതിന്റെ
പിറ്റേമാസം
അവളുടെ വീട് പുല്ലുമാറ്റി
ഓടുമേഞ്ഞു.
മൂന്നരയാണ്ടറുതിക്കുശേഷം
ബസ്സ്റ്റോപ്പിൽ നിന്ന്
പൊട്ടിയ പല്ലിന്റെ
കറുത്ത
പൊട്ടുമായി വെളുക്കെ
ചിരിച്ചു അവൾ.
പുറകിൽ തൂങ്ങുന്ന
മൂന്നുകിടാങ്ങൾ.
മുസായഫിന്റെ
യാസീനേടിൽ
അന്ന് വെച്ചെന്റെ
മയിൽപീലി പോലെ
പിന്നെ
ഇവളും മാനം
കണ്ടിട്ടുണ്ടാവില്ല,
പെറ്റുകൂട്ടുന്നങ്ങനെ...
മാനത്തുദിക്കുന്ന
നിലാവിന്റെ
ഇത്തിരി വെട്ടം
പോലുമില്ലാത്ത
ആ അന്ധകാരത്തിൽ
മൂന്ന് കട്ടയുടെ
വെള്ളിക്കാൽ ടോർച്ച്
അവൾക്കാരെങ്കിലും
നീട്ടിയടിച്ചു
കൊടുത്തിരുന്നോ എന്തോ?
By : Shafeeq izzudheen
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക