Slider

'ചിന്തകളുടെ മോർച്ചറി'-(ചെറുകഥ)

0
'ചിന്തകളുടെ മോർച്ചറി'-(ചെറുകഥ)
Suraj Rajesh Chelat
വിജനമായ റോട്ടിൽ, രണ്ടു കൈകൾ നിറയെ താങ്ങാവുന്നതിലും അധികം സാധനങ്ങളുമേന്തി, ഒരോട്ടൊ വരുന്നതും കാത്ത്‌ ആ വീട്ടമ്മ നിന്നു. സൂപ്പർമാർക്കറ്റിനു മുന്നിൽ നിന്നും ഓട്ടോ കിട്ടുമായിരുന്നു, പക്ഷേ അമ്മയ്‌ക്കുള്ള മരുന്ന് വാങ്ങാൻ വേണ്ടിയാണു രണ്ടു ബ്ലോക്ക്‌ ഇപ്പുറമുള്ള മെഡിക്കൽ ഷോപ്പിലേക്കു നടന്നത്‌. വന്നു നോക്കിയപ്പോഴോ, കട അടച്ചിരിക്കുന്നു!
റോഡ്‌ നനഞ്ഞിരിക്കുന്നതു കൊണ്ട്‌ സാധനങ്ങൾ നിലത്തു വെക്കാൻ പറ്റില്ല. ഒരു സ്ട്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചം മാത്രമേ ഉള്ളൂ കൂട്ടായിട്ട്‌. കൊതുകുകൾ കുറേയൊക്കെ ആ കുറവു പരിഹരിക്കുന്നുണ്ട്‌; കഴുത്ത്‌ തോളിലുരച്ച്‌ ഒന്നു ചോറിഞ്ഞ ശേഷം, കുറഞ്ഞ ഭാരമുള്ള കയ്യിൽ ഫോണെടുത്ത്‌ വീട്ടിലേക്കു ഡയൽ ചെയ്തു.
"ഹലോ...നീയവനൊന്നു കൊടുത്തേ‌...കുട്ടാ, നിന്റെ ജെംബോൾ കിട്ടീല്ലാ. പകരം കിൻഡർ ജോയ്‌ വാങ്ങീണ്ട്‌ ട്ടോ...നീലയല്ലാ, പിങ്കാന്നാ തോന്നണേ...അമ്മയ്‌ക്കറിയില്ലല്ലോ ഡാ! നാളെ രാവിലെന്നെ റിലയൻസ്‌ പോയി വാങ്ങിത്തരാ ട്ടോ...മോൻ ചേച്ചിക്ക്‌ ഫോൺ കൊടുത്തേ...ഡീ നിങ്ങളു കഴിച്ചോ? ഫ്രിഡ്ജിലെ മേലത്തെ പലകേലു ചപ്പാത്തീം കറീം ഇരിക്കിണ്ട്‌...ചൂടാക്കി കഴിച്ചോ ട്ടോ...എന്നെ കാക്കണ്ട...
മുന്നിലൂടെ ചീറിപ്പാഞ്ഞു പോകുന്ന ഒരോട്ടോയ്‌ക്ക്‌ കൈകാണിച്ച്‌ "ഓട്ടോ!" എന്നലറിയെങ്കിലും ഫലം കണ്ടില്ല.
ഞാൻ കുറച്ചു വൈകും ട്ടോ...ഇവിടെ ഓട്ടോ ഒന്നും കിട്ടാനില്ലേ!...അവനു പാൽ കൊടുക്കാൻ മറക്കണ്ട ട്ടോ, ഫ്രിഡ്ജിലെ താഴത്തെ തട്ടിൽ ഇരിപ്പുണ്ട്‌- ആ മറ്റേ ഞെണങ്ങിയ കഴുത്തുള്ള പാത്രംല്ല്യേ, അതിലു...ഒരു കാര്യം കൂടി പറഞ്ഞിട്ടു വെക്കാം, വന്നാ ഉടനെ രണ്ടാളേം ഉപ്പുഴിഞ്ഞ്‌ ഇടാൻ ഓർമ്മിപ്പിക്കണേ! ഇന്നാ ലീലാന്റിയെ കണ്ടിരുന്നു-മോൻ എന്ത്‌ ഉയരാ വെച്ചേക്കണേ, മോളെ കാണാൻ എന്തൊരു ഭംഗിയാന്നൊക്കെ പറഞ്ഞു...അവർ പറഞ്ഞാലേ, അതു പിന്നെ തീർന്നൂന്നാ!!! പിന്നെ, അച്ഛൻ വിളിച്ചില്ലല്ലോ ല്ലേ? വിളിക്കാണെങ്കിൽ ഞാൻ എത്താൻ വൈകും പേടിക്കണ്ടാന്നു പറഞ്ഞോ ട്ടോ...ശരീന്നാ...വെക്കാണേ...ആഹ്‌ ഉമ്മ"
ഇനി ഇവിടെ നിന്നാൽ ഓട്ടോ കിട്ടുമെന്നു തോന്നുന്നില്ല. മെയ്ൻ റോട്ടിലേക്കു നടക്ക്യാ തന്നെ വഴി. ഈശ്വരാ, ഈ സാധങ്ങളും ഏന്തി വേണമല്ലൊ നടക്കാൻ എന്നോർക്കുമ്പോഴാ!!!
ഒരു പത്തു വർഷം മുമ്പ്‌ ഇതേ അവസ്ഥയിൽ പെട്ടിരുന്നെങ്കിൽ എനിക്കു പേടി തോന്നുമായിരുന്നോ? ചിലപ്പൊ തോന്നുമായിരിക്കണം അല്ലേ! അഥവാ തോന്നിയുട്ടുണ്ടാവും, തീർച്ചയായും. ഇപ്പോഴൊക്കെ മനസ്സിൽ അവസാനം വരുന്ന വാക്കാ പേടി. അതോണ്ടാ പേടിയോടൊക്കെ ഇപ്പൊ ഒരു പുച്ഛം തോന്നണേ!
ഒരിക്കൽ ഇങ്ങനെ ആലോചിച്ചു നടന്നു നല്ല പണി കിട്ടീട്ടുണ്ട്‌. ജംങ്ങ്ഷൻ എത്തിയപ്പോ ഒരു കാർ ഇടിക്കാൻ പോയി. ഒരു തവണ ഓട്ടോ പിടിക്കാൻ നടന്ന നടപ്പിൽ വീടു വരെ എത്തീത്‌ ഓർമേണ്ട്‌. ബുദ്ധീം ബോധോക്കെ ഒലിച്ചു പോയോന്ന് ചിലപ്പൊ തോന്നും. നൂറു കൂട്ടം കാര്യങ്ങളു തലയിൽ കിടന്നു കറങ്ങണത്‌ പറഞ്ഞാ വല്ലോർക്കും മനസ്സിലാവോ. സജുവും കുട്ടികളും ദേഷ്യം വരുമ്പൊ ചിലപ്പൊ-"നിനക്കൊരു സൈക്കാട്രിസ്റ്റിനെ കാണേണ്ട കാലായിണ്ട്‌ ട്ടോ!" എന്നു പറഞ്ഞ്‌ കളിയാക്കും. എന്റെ 'പ്രാന്തൊക്കെ' നിലത്തിറക്കി വെക്കാൻ ഞാനൊരുക്കമാ. ഏറ്റെടുക്കുവോ പറയുന്നോർ! ഞാൻ റെഡി.
ആൾക്കാർടെ നോട്ടം ചിലപ്പോഴൊക്കെ ചൊടിപ്പിക്കാറുണ്ട്‌. പ്രത്യേകിച്ച്‌ രാത്രിയായാൽ നോക്കുന്ന ഓഡിയൻസിന്റെ ലെവൽ കുറയുകയും, തുറിച്ചു നോട്ടത്തിന്റെ ദൈർഘ്യം നന്നായി കൂടുകയും ചെയ്യും. ഒരിക്കൽ ഒരു 'ഡിഫോൾട്ടഡ്‌' ചുരിധാർ എക്സ്ട്രാ പണി തന്നിട്ടുമുണ്ട്‌. സരിതയ്‌ക്കു പാകല്ലാന്നു പറഞ്ഞ്‌ എനിക്ക്‌ തന്നതാ. അതിടുമ്പോൾ എന്റെ വയറു നന്നായി എടുത്തു കാട്ടുകയും ചെയ്യും. രാത്രി അതുമിട്ട്‌ നടന്നു വരുമ്പോൾ ഒരിക്കൽ, ഒരു ഞെരമ്പുരോഗി ഒന്നു 'കമന്റി'. പറയാൻ കൊള്ളാത്ത കാര്യം. അപ്പൊ, "അതു നിന്റെ വീട്ടിലുള്ള പെണ്ണുങ്ങളോട്‌ പോയി ചോദിക്കടാ പട്ടീ!" എന്നു ചുട്ട മറുപടീം കൊടുത്തു. അന്നു പേടി തീരെ തോന്നിയില്ല. മനസ്സു പറഞ്ഞ പോലെ ചെയ്തൂന്ന് മാത്രം. അവനെ പിന്നാ പരിസരത്താരും കണ്ടിട്ടില്ല. പക്ഷേ ഒരു കാര്യത്തിൽ എനിക്കു കുറ്റബോധമുണ്ട്‌. മനുഷ്യനേക്കാൾ അന്തസ്സും സ്നേഹവുമുള്ള ഒരു ജീവിയുടെ പേരെടുത്ത്‌ ഈ ആഭാസനെ വിളിച്ചതിൽ‌, ആ വർഗ്ഗത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്തിയതിൽ!
നടത്തം എവിടെ വരെ ആയി ആവോ. വീടെത്തീട്ടില്ലാ എന്തായാലും. മെയ്ൻ റോഡെത്തി. ഇനി ഓട്ടോ കിട്ടാൻ വൈകുമായിരിക്കില്ല. കൈയ്യൊക്കെ അല്ലെങ്കിലേ കഴച്ചു തുടങ്ങി. ചില ഓട്ടോകാർക്ക്‌ മനസ്സലിവേ ഇല്ല. കണ്ടിട്ടും നിർത്താതെ പോവും; എന്നാ നിർത്തീട്ട്‌ "പോവില്ലാ ട്ടോ" എന്നു പറയാനുള്ള മിനിമം മര്യാദ കാണിച്ചൂടെ. അതു ചെയ്യില്ല. നമ്മൾ എന്നും ഒരു 'വാലിന്റെ' അറ്റത്തു ഓടുവാണല്ലോ-ഇവർടേം വാലിന്മേൽ തൂങ്ങി പിടിച്ചിരിക്കണം എന്നാ പറയുന്നേ. ഒന്നില്ലെങ്കിൽ അന്തസ്സായി നടക്കാ, അല്ലെങ്കിൽ നടത്തം ബഹിഷ്കരിക്കാ. വയ്യായ ഉള്ളോണ്ട്‌ രണ്ടും പറ്റ്ണില്ലാ എന്നു മാത്രം.
സജു ഒരു നൂറ്റമ്പതു സൂര്യൻ ഉദിക്കുമ്പോൾ മാത്രം വീട്ടിലെത്തുന്ന ആളാണു. പക്ഷേ വന്നു കഴിഞ്ഞാൽ പിന്നെ, ഇത്ര കാലം നമ്മൾ ഒറ്റയ്‌ക്കു ഉഴുതു മറിച്ചിട്ടതൊക്കെ ആധികാരികമായി തള്ളിക്കളയും. കാശെടുത്ത്‌ ദ്ന്താ അധിക ചെലവു ചെയ്യണേ, എന്താ അങ്ങനെ ചെയ്തേ, എന്താ അവരെ ബഹുമാനിക്കാഞ്ഞെ, എന്താ ചോറു വെളുത്തിരിക്കണേ? എന്നൊക്കെയുള്ളത്‌ സ്ഥിരം ചോദ്യങ്ങളാണു. ഇതൊക്കെ പറയുമെങ്കിലും സജുവിനു എന്നെ ഏറെ ഇഷ്ടമാണെന്നും, ഇഷ്ടമുള്ളതിനെയൊക്കെ കൈയടക്കി വെക്കുന്ന സ്വഭാവം പണ്ടേ ഉള്ളതാണെന്നും ഓർക്കുമ്പോൾ ഒരു സുരക്ഷിതത്വം തോന്നും‌. അല്ലെങ്കിലും സ്നേഹാധിക്യത്തിന്റെ സ്പന്ദനങ്ങൾ
അല്ലറ ചില്ലറ അസ്വാരസ്യങ്ങളിലൂടെയാണല്ലൊ തിരിച്ചറിയാൻ സാധിക്കുക.
അതാലോചിച്ചപ്പോഴാ, നാളെ എടിമെന്നു കാശെടുക്കണം. കുട്ട്യോൾടെ ഫീസ്‌ മറ്റന്നാൾ തൊട്ടു കൊടുത്തു തുടങ്ങാംന്നല്ലെ പറഞ്ഞെ. ചെയ്യാൻ ഉള്ളതൊക്കെ ആദ്യേ ചെയ്തു തീർക്കണംന്ന് മസ്റ്റാ എനിക്ക്‌! സജൂനോട്‌ ബാങ്കിൽ കാശിടാൻ പറയണം.
പേടിയെക്കുറിച്ച്‌ പറഞ്ഞല്ലേ തുടങ്ങിയെ! ആ 'അവസാന വാക്കിലേക്കു' തന്നെ വരാം. പണ്ടൊക്കെ പേടി തോന്നാറുള്ളത്‌ എന്തൊക്കെയോ നഷ്ടപ്പെടാനുണ്ടെന്ന് തോന്നുമ്പോഴാണു. നമ്മൾ ആർക്കു വേണ്ടിയാണോ ജീവിക്കുന്നത്‌, അവരുടെ ചിന്തകൾ വിട്ടു പോകാത്തിടത്തോളം കാലം അവർ എപ്പോഴും കൂടെയുള്ള പോലെയാണു. കാലം പോയ പോക്കിൽ ഒന്നു മനസ്സിലായി. നമുക്ക്‌ നഷ്ടപ്പെടാനുള്ളതിനേക്കാളും, അവർക്കാണു പോകുക. അവർക്ക്‌ ഒന്നും നഷ്ടം വരരുതെന്ന ഒരു വാശിയിന്മേലാണു ഈ വണ്ടി ഓടുന്നത്‌. 'നന്ദികൾ' കൊണ്ടൊന്നുമല്ല!
ബോധം ഒരിക്കൽ കൂടി മിന്നിയപ്പോൾ, വീടിന്റെ മുന്നിലെത്തി ഓട്ടോയ്‌ക്കു കാശു കൊടുക്കുന്ന എന്നെയാണു കണ്ടത്‌. ഒരു ശീലമെന്നോണം രാത്രി ഓട്ടങ്ങൾക്കു കൊടുക്കാറുള്ള മാൻഡേറ്ററി ബോണസായ "എക്സ്റ്റ്രാ ഇരുപത്‌" ഒക്കെ എടുത്ത്‌ കൊടുക്കുന്നതു കാണാനുണ്ട്‌‌.
നിത്യം അബോധാവസ്ഥയിൽ ഓടുന്ന ഈ 'ആംബുലൻസ്‌' വണ്ടി (വണ്ടി എന്നുദ്ദേശിച്ചത്‌‌ 'സോൾ' എന്നു പൂർവ്വികർ നുണ പറഞ്ഞു പ്രചരിപ്പിച്ച, എന്റെ ചിന്തകളുടെ മോർച്ചറിയായ അകമ്പൊരുളിനെയാണു) സത്യമായിട്ടും ഓടുന്ന ഒന്നാണോ, അതോ മിഥ്യയാണോ! ആലോചിച്ചു തീരുന്നതിനു മുന്നേക്കും ഞാൻ രാവിലത്തെ ചായയിടുകയാണേ!!!

Suraj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo