
മരണമെത്തുന്ന നേരത്ത് നീയെന്റെയരികിൽ ഇത്തിരി നേരമിരിക്കണേ.. "
നീലി നീയാ നശിച്ച പാട്ടൊന്ന് നിർത്തുമോ?? എപ്പോ നോക്കിയാലും മരണം മരണം മരണം!!! വേറൊന്നിനെ കുറിച്ചും നിനക്ക് പറയാനില്ലേ? റെയ്ൻ ലാപ്ടോപ്പിൽ നിന്ന് തലയെടുത്തവളെ നോക്കി. അവൾ ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി ചിരിച്ച് നിൽക്കുന്നു.
റെയ്ൻ, കം ഹിയർ. ദാ അവിടെയൊരു നാരകത്തൈ പൂവിടുന്നു. അടുത്തുള്ള ആരുടെയോ പ്രേമമാണ് നാരകത്തിൽ പൂവായി വിരിയുന്നതെന്ന് മുത്തശ്ശി പറഞ്ഞിട്ടുണ്ട്. ആണോ റെയ്ൻ??
ആണെന്ന് തോന്നുന്നു പെണ്ണെ, അവളുടെ തോളിൽ താടിവെച്ച് റെയ്ൻ പറഞ്ഞു.
ആരുടെ പ്രേമമായിരിക്കും റെയ്ൻ ഇപ്പോൾ വിരിയുന്നത്??
നമ്മുടെയാവും, നമ്മളല്ലാതെയാരാ ഇവിടിപ്പോ പ്രേമിക്കാനുള്ളത് നീലിപ്പെണ്ണേ!!
വൈ ഡു യു ലവ് മി?? വാട്ട് മേഡ് യു ലവ് മി, റെയ്ൻ??
നിന്റെ പേര്!! ആദ്യം കേട്ടപ്പോൾ കൗതുകം, പിന്നെ ഓർത്തപ്പോൾ വിസ്മയം, പിന്നെയുമറിഞ്ഞപ്പോൾ അത്ഭുതം.. അതായിരുന്നു നിന്റെ പേര്..
നീലി, ആ പേരിൽ പോയ കാലത്തിന്റെ വസന്തമുണ്ടായിരുന്നു, ചേറിന്റെ വാസനയുണ്ടായിരുന്നു. കൂടുതൽ അറിയണം എന്ന് മനസ് പറഞ്ഞു, നീലി എന്ന പേരിനെ റെയ്ൻ എന്ന നസ്രാണി പയ്യൻ പിന്തുടർന്നു.
ഒടുവിൽ ആ ഇടനാഴിയുടെ കൈവരികൾ അവസാനിക്കുന്നിടത്ത് നീ തിരിഞ്ഞു നിന്ന് കൈനീട്ടി, ഞാൻ നീലി എന്ന് പറഞ്ഞപ്പോൾ നിന്റെ കൺപീലികൾ ഇത് പോലെ വിറക്കുന്നുണ്ടായിരുന്നു.
സംഗീതത്തെ പ്രണയിച്ച നീലി റെയ്ൻ എന്ന എന്ന പ്രണയിക്കാൻ തുടങ്ങുകയായിരുന്നു.
ആ പാട്ടൊന്ന് പാടിക്കെ മോളെ, കേൾക്കട്ടെ,
നീലിയാ നാരകത്തെ നോക്കി " പവിഴം പോൽ പവിഴാധരം പോൽ ".... മൂളിത്തുടങ്ങി.
ഹഹഹ നീലിപ്പെണ്ണേ എനിക്കറിയാമായിരുന്നു നീയിത് തന്നെ മൂളുമെന്ന്, ആരോ നിനക്കീ പാട്ടിൽ കൈവിഷം തന്നെന്ന് തോന്നുന്നു..
അല്ല റെയ്ൻ നിനക്കീ പാട്ട് ഒരുപാടിഷ്ടമല്ലേ സോളമനെയും സോഫിയയെയും നിനക്കൊരുപാടിഷ്ടമല്ലേ, അവരുടെ പ്രണയ കാലത്തും ആ മുന്തിരിത്തോപ്പിൽ ഒരു നാരകം പൂത്തുകാണും അല്ലെ??
പുറത്ത് മഴ ചാറുന്നുണ്ട് റെയ്ൻ, നമുക്ക് ആ മഴയിൽ ഇറങ്ങി പെയ്താലോ? മുറിയിലാകെ പുതുമണ്ണിന്റെ മണം വന്ന് കയറി. എന്ത് രസമല്ലേ റെയ്ൻ ഈ മണം. ഭൂമി പൂക്കുന്ന മണമാണോ ഇത്??
എന്റെ പെണ്ണെ നിന്റെ സംശയങ്ങളും കൗതുകങ്ങളും എന്നവസാനിക്കും..
" മരണമെത്തുന്ന നേരത്ത് നീയെന്റെയരികിൽ ഇത്തിരി നേരമിരിക്കണേ.. " മറുപടിയെന്നോണം അവൾ മൂളി.
നീലി മരണത്തെ നീയെന്തിനിത്ര ഇഷ്ടപ്പെടുന്നു?? നിന്നിലുള്ള ചേറ് മണത്തിന് ഇടക്കൊക്കെ മരണത്തിന്റെ മണവുമുണ്ട്!!
വാ റെയ്ൻ നമുക്ക് മഴ നനയാം, പുതുവെള്ളത്തിൽ ചെരിപ്പിടാതെയോടാം, കം മൈ ലവ്..
ഈ പെണ്ണിന്റെയൊരു കാര്യം, എന്നാ വാ
തുറന്ന് കിടന്ന മുൻവാതിലിലൂടെ കാറ്റ് കയറി വരുന്നുണ്ട്, നേർത്ത വെള്ള കർട്ടനുകളെ തഴുകി അത് അടുക്കള വാതിലിലൂടെ പുറത്തേക്ക് പോയി..
വരാന്തയുടെ അരികിൽ നിന്ന് റെയ്ൻ കൈനീട്ടി ഓടിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ തൊട്ടു, നീലി നല്ല തണുപ്പാണ് വെള്ളത്തിന് പനി ഉറപ്പാണ്.
സാരമില്ല റെയ്ൻ, പനി വന്നാൽ നാളെ നീ ഓഫീസിൽ പോകാതെ ഇവിടിരിക്കുമല്ലോ, നിന്റെ പനിമണത്തിന് പോലും വല്ലാത്തൊരു സുഗന്ധമാണ്.
നീലി മുറ്റത്തേക്കോടി, നീലി.. പതുക്കെ പോ വീഴും, ഞാനും വരാം നിൽക്ക്, റെയ്ൻ ഇറങ്ങി നീലിയുടെ പിന്നാലെ. അവളാ തെക്കേത്തൊടിയിലെ മൂവാണ്ടൻ മാവിന് പിന്നിലൊളിച്ചു. പുറകെ റെയ്ൻ അവിടെ ചെന്നു.
അവിടെയാണ് സ്വപ്‌നങ്ങൾ താമസിക്കുന്നത്, അപ്പുറത്ത് നിന്ന് ശങ്കരി, തേൻവരിക്ക പ്ലാവാണ്, കുഞ്ഞിലേ ഞാനിട്ട പേരാണ് ശങ്കരി, അവളും നോക്കി ചിരിക്കുന്നുണ്ട്. മഴയിൽ കളിക്കുന്ന രണ്ടു പേരെ നീയിത് വരെ കണ്ടിട്ടില്ലെയെൻറെ ശങ്കരി.
തൊഴുത്തിൽ കുഞ്ഞി അമ്മയുടെ അരികിലേക്ക് ചേർന്ന് നിന്നു .. എന്താ കുഞ്ഞി നിനക്ക് മഴ പേടിയാണോ?? നീയും വാ മഴ നനയാൻ.. അവൾ ചെവിയാട്ടി അമ്മയുടെ അകിടിലേക്ക് തിരിഞ്ഞു.
വെള്ള ചാമ്പ നിറയെയുണ്ടായിരുന്ന പൂവുകൾ
കൊഴിഞ്ഞു പോയി എന്ന് നീലി പരിഭവം പറഞ്ഞു, എന്നിട്ടവൾ കൈനീട്ടി വട്ടം കറങ്ങി.
കൊഴിഞ്ഞു പോയി എന്ന് നീലി പരിഭവം പറഞ്ഞു, എന്നിട്ടവൾ കൈനീട്ടി വട്ടം കറങ്ങി.
നീലി നിനക്ക് തലകറങ്ങും, താഴെ വീണാൽ
ഞാൻ തിരിഞ്ഞു നോക്കില്ല കേട്ടോ.
ഞാൻ തിരിഞ്ഞു നോക്കില്ല കേട്ടോ.
ആ പിന്നേ ഞാൻ വീണാൽ റെയ്ൻ അല്ലാതെയാരാ എടുക്കാൻ വരുന്നത്. ഇടിവാളിന്റെ ശബ്ദത്തിൽ അവളുടെ ചിരി മുങ്ങിപ്പോയിരുന്നു.
മോനെ റെയ്ൻ നീയെന്താ ഒറ്റയ്ക്ക് മഴ കൊള്ളുന്നത്? പനി പിടിച്ച് കിടക്കുന്ന ചെറുക്കന് പ്രാന്താണോ ഈ മഴയത്ത് ഇറങ്ങി നിൽക്കാൻ. പെട്ടന്നായിരുന്നു അമ്മയുടെ ചോദ്യം...
അമ്മെ, നീലി... അവളാണ് എന്നെയിങ്ങോട്ട്..
ഒലിച്ചിറങ്ങിയ വെള്ളം റെയ്ൻ മുഖത്ത് നിന്ന് തുടച്ചു. മുഖത്ത് ജാള്യം...
ഒലിച്ചിറങ്ങിയ വെള്ളം റെയ്ൻ മുഖത്ത് നിന്ന് തുടച്ചു. മുഖത്ത് ജാള്യം...
തല തോർത്തുമ്പോൾ അകത്ത് ഫോൺ നിലവിളിച്ചു.. അമ്മയകത്തേക്ക് പോയി ഫോണെടുത്തു
എടാ അവളാ, നിന്റെ നീലി
മോളെ ഈ ചെറുക്കനെ നിലക്ക് നിർത്താൻ നിനക്കെ കഴിയൂ. പനി പിടിച്ചു കിടക്കുന്നവൻ പോയി മഴ നനഞ്ഞിരിക്കുന്നു.. നീ വിളിച്ചിട്ടാ അവൻ മഴ കൊള്ളാൻ പോയതെന്ന് ന്യായവും..
ഫോണെടുക്കാൻ എണീറ്റ റെയ്ൻ അങ്ങകലെ ആ നാരകമാകെ പൂത്തുലഞ്ഞു നിൽക്കുന്നത് കണ്ടു..
നീലി നീ അന്ന് പറഞ്ഞത് പോലെ നാരകമാകെ പൂത്തുലഞ്ഞു നിൽക്കുന്നു. മഴ പെയ്യുമ്പോൾ പൂവുകൾ ചിരിക്കുന്നു നീലിപ്പെണ്ണേ...
ഇവിടിപ്പോ അടുത്താരാ പ്രേമിക്കുന്നത് നീലി??
ഞാനും നീയും റെയ്ൻ... ഞാനും നീയും മാത്രം മൈ ലവ്... നീലിയുടെ കൺപീലികൾ അന്ന് ഇടനാഴിയിൽ വെച്ച് വിറച്ചത് പോലെ വിറക്കുന്നത് മനസ്സിൽ തെളിഞ്ഞു..
തൊടിയിലാകെ ചേറുമണം പരന്നു...
ഫിബിൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക