Slider

നഷ്ടബാല്യം

0


അടുക്കളയിലെ പണികളൊക്കെ ഒതുക്കി തീർത്തു ഓടി വന്നു ക്ലോക്കിൽ നോക്കിയപ്പോ മണി 8 കഴിഞ്ഞു. " എന്റീശ്വരാ, ഇന്നു എഡിറ്ററുടെ വായിലിരിക്കുന്ന മുഴുവൻ കേട്ടത് തന്നെ". ഓടിപ്പോയി കുളിമുറിയിൽ കയറി കുളിച്ചെന്നു വരുത്തി, ഒരുങ്ങി ഇറങ്ങുമ്പോൾ 8.20 ആയി. എത്ര ഓടിയാലും ഇന്ന് 'ഗീത' കിട്ടുമെന്ന് തോന്നുന്നില്ല.എന്നാലും ഒന്നു ശ്രമിച്ചേക്കാം.
ബാഗുമെടുത്തു ഇറങ്ങാൻ തുടങ്ങുമ്പോ അച്ചു എണീറ്റു ചിണുങ്ങിക്കൊണ്ട് വരുന്നു. അവനെ വാരിയെടുത്തു രണ്ടുമ്മ കൊടുത്തു, ഒരു വാഗ്ദാനവും നടത്തി." മോനു വൈകിട്ട് ഡയറി മിൽക്ക് കൊണ്ടുത്തരാലോ, പക്ഷെ കരയാതെ അമ്മമ്മയുടെ പൊന്നുമോനായി ഇവിടെ ഇരിക്കണം കേട്ടോ ". ഡയറി മിൽക്ക് എന്ന് കേട്ടപ്പോ തന്നെ അവന്റെ കരച്ചിലു നിന്നു. അമ്മയുടെ കയ്യിൽ അവനെ കൊടുത്ത് ഒരോട്ടമായിരുന്നു. ഇന്നും 'ഗീത' കിട്ടില്ലേൽ ഇന്നത്തെ ശമ്പളം കട്ട് ചെയ്യുമെന്നോർത്തപ്പോൾ പി ടി ഉഷയെ തോല്പിക്കുന്ന ഓട്ടമായിരുന്നു.
എന്റെ തലവെട്ടം കണ്ടതുകൊണ്ട് മണിച്ചേട്ടൻ(കിളി) ബസ് വിടാനുള്ള ബെല്ലടിച്ചില്ല. പുറകിലൂടെ ചാടി കേറുമ്പോളും എന്നുമുള്ള പുഞ്ചിരി കൊടുക്കാൻ ഞാൻ മറന്നില്ല." എന്റെ ലക്ഷ്മീ, നിന്റെ ഈ ഓട്ടം നിർത്താറായില്ലേ.ഒരല്പം നേരത്തെ ഇറങ്ങിക്കൂടെ ?".മണി ചേട്ടന്റെ ചോദ്യം എന്നെ ചൊടിപ്പിച്ചെങ്കിലും മറുപടി പുഞ്ചിരിയിൽ ഒതുക്കി. പറയാനറിയാഞ്ഞിട്ടല്ല. മുഷിപ്പിച്ചാൽ ഇതു പോലെ നിർത്തി തന്നൂന്ന് വരില്ല.സ്കൂൾ കുട്ടികളുടെ തിരക്കായിരുന്നു. സീറ്റു കിട്ടിലാന്ന് കരുതി മുന്പിലേക്ക് നടന്നപ്പോൾ ലേഡീസ് സീറ്റിൽ രണ്ടു കോളേജ് കുമാരന്മാർ ഞെളിഞ്ഞിരിക്കുന്നു. എന്നിലെ ഫെമിനിസ്റ്റ് ഉണർന്നു, അവരെ എണീപ്പിച്ചു അവിടെ ഇരുന്നപ്പോൾ എന്തോ മനസിന് വല്ലാത്ത സുഖം. അല്ല എന്ന് വ്യാഴാഴ്ച്ച അല്ലെ, നാളത്തേക്ക് ഒരു ഫീച്ചർ ചെയ്യണമെന്നു പറഞ്ഞതല്ലേ? ഇതു വരെ ഒരു തീം കിട്ടിയിലാ. എന്തെഴുതും എന്നോർത്തുകൊണ്ട് ഞാൻ അലസമായി പുറത്തേയ്ക്ക് നോക്കി. ഒരു അഞ്ചു വയസു പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞു അവനെക്കാൾ വലിപ്പമുള്ള ബാഗും ചുമലിലിട്ടു ബസ് കാത്തു നിൽക്കുന്നു.അവന്റെ ഗെറ്റപ്പ് കണ്ടാലറിയാം ഏതോ cbsc സ്കൂളിലാണ് പഠിക്കുന്നതെന്നു.
കാഴ്ച്ചയിൽ നിന്ന് അവൻ മറഞ്ഞിടട്ടും അവന്റെ ദൈന്യ ഭാവം എന്റെ മനസ്സിൽ തങ്ങി നിന്നു. പെട്ടെന്ന് എനിക്കൊരു ബോധോദയം ഉണ്ടായി. 'നഷ്ടബാല്യം', ഇത് വച്ച് ഫീച്ചർ എഴുതാം. നല്ല കാലിക പ്രസക്തി ഉള്ള വിഷയവുമാണ്. ഞാനിതു വച്ച് തകർക്കും. യുറേക്കാ എന്ന് പറഞ്ഞു വിളിച്ചു കൂവണം എന്നുണ്ടായിരുന്നു. പിന്നെ ബസാണെന്ന ബോധം വന്നപ്പോ അതടക്കി വച്ചു. വെറുതെ എന്തിനാ 'വട്ടത്തി' എന്ന വട്ടപ്പേരു ചാർത്തി കിട്ടുന്നത്.
ഞാൻ സീറ്റിൽ ഞെളിഞ്ഞിരുന്ന് ആലോചിച്ചു. ആദ്യം എന്റെ ബാല്യകാലത്തെ കുറിച്ചെഴുതാം.ബാല്യം എന്ന വാക്കോർത്തപ്പോഴേ മനസ്സിൽ മധുര സ്മരണകളുടെ വേലിയേറ്റം ആയിരുന്നു. ഞാനൊക്കെ കുഞ്ഞു നാളിൽ എത്ര തിമിർത്താഘോഷിച്ചിട്ടുണ്ട് . എന്തൊക്കെ കളികളായിരുന്നു. 'അമ്മയും കുട്ടിയും,ഒളിച്ചും പൊത്തും, കുളം കര, കുട്ടിം കോലും '.......ഹോ സ്കൂൾ ബാഗിനെ ഇത്രയധികം ഭാരമില്ലായിരുന്നു. ഓർമ്മകൾ ആർത്തിരമ്പി വന്നപ്പോ അറിയാതെ ഞാൻ എന്റെ സ്കൂൾ മുറ്റത്തേക്ക് പോയി .
"പൂ പറിക്കാൻ പോരുമോ പോരുമോ ആതിരാവിലെ...
ആരെ നിങ്ങാൾക്കാവശ്യം ആവശ്യം ആതിരാവിലെ....
ലച്ചൂനെ ഞങ്ങൾക്കാവശ്യം ആവശ്യം ആതിരാവിലെ ...
ആന ചങ്ങല ഇട്ടു വലിച്ചാലും ഞങ്ങടെ പെണ്ണിനെ കിട്ടൂലാ ...
കുതിര ചങ്ങല ഇട്ടു വച്ചാലും ഞങ്ങടെ പെണ്ണിനെ കിട്ടൂലാ ...
എന്നാലൊന്നു കാണട്ടെ ...
അതും പാടി രണ്ടു ഭാഗത്തുനിന്നും എന്റെ കൈയ്കളിൽ പിടിച്ചു വലിക്കാൻ തുടങ്ങി.നേരത്തെ വരച്ച വര കടന്നാൽ എതിർഭാഗത്തിനൊപ്പം ചേരണം ഇല്ലേൽ എന്റെ കൂട്ടുകാരുടെ കൂടെ എനിക്ക് തുടരാം .എന്തു രസമായിരുന്നു ആ കളികൾ.കുഞ്ഞായിരിക്കുമ്പോൾ വലുതാകാനും വലുതാകുമ്പോൾ കുഞ്ഞായിരിക്കാനും തോന്നും എന്നു പറഞ്ഞത് വെറുതെ അല്ലെന്ന് എനിക്ക് മനസിലായി.
ഇപ്പോഴത്തെ കുട്ടികളെ ഓർത്തു ഞാൻ നെടുവീർപ്പിട്ടു. അവർക്കില്ലല്ലോ ഓർക്കാൻ ഇതുപോലൊരു ബാല്യം, രാവിലെ എണീറ്റ് ട്യൂഷനു പോകണം. അത് കഴിഞ്ഞു സ്കൂളിലേക്ക് ,വൈകിട്ട് വന്നാൽ വീണ്ടും ട്യൂഷൻ.ഇവർക്കെവിടാ കളിക്കാൻ സമയം. ഇവരു കുട്ടികളോ അതോ റോബോട്ടോ. എങ്ങനെ മക്കളെ വളർത്തുന്ന രക്ഷിതാക്കളെ പറഞ്ഞാ മതിയല്ലോ എന്ന് ഞാൻ ഓർത്തു. 2 വയസു കഴിയുമ്പോഴേ തുടങ്ങും പ്ലേയ് സ്കൂൾ , എൽകെജി , യുകെജി,ട്യൂഷൻ. പാവം കുട്ടികൾ. ഇതൊക്കെ വച്ചൊന്നു എഴുതി തകർക്കണം .
ഫോണിന്റെ റിങ് ടോൺ എന്നെ ചിന്തകളിൽ നിന്നും വർത്തമാനകാലത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു.നന്ദേട്ടൻ ആണല്ലോ.ഫോണെടുത്തു.
"എന്താ നന്ദേട്ടാ ഈ സമയത്ത്, ഇന്നു ഓഫാണോ ?"
"അതെ ലച്ചു, ഓഫാണ് . അപ്പൊ നിന്നെ വിളിക്കാന്ന് വച്ചു. ഓഫിസിലെത്താറായോ ?"
"ഇല്ല എത്താറാകുന്നെ ഉള്ളൂ !"
"അച്ചൂന് നാളേക്ക് മൂന്നു വയസ്സു പൂർത്തിയാകുവല്ലേ? പിറന്നാൾ പരിപാടി വല്ലതും ഉണ്ടോ?"
"അയ്യോ ഏട്ടാ ഞാനതു മറന്നിരിക്കുയായിരുന്നല്ലോ, ഓഫിസിലാകെ പ്രെഷറാണ്. ഏട്ടനില്ലലോ അതോണ്ട് കാര്യമായാ ആഘോഷം ഒന്നും ഇല്ല. അവനു കേക്ക് വാങ്ങിക്കണം. പിന്നെ ഡ്രെസ്സും."
"ഞാനില്ലാന്ന് വച്ച് കുറയ്‌ക്കൊന്നും വേണ്ടാ. നിന്റെ ഇഷ്ടം പോലെ ചെയതോളു. അവനെ എന്നാ അംഗൻവാടി ചേർക്കുന്നെ ?"
ഞാനൊന്നു ഞെട്ടി .
"നന്ദേട്ടനെന്താ ഈ പറയുന്നേ.നല്ല ഏതെങ്കിലും cbsc സ്കൂളിൽ എൽകെജി ലോ പ്ലേ സ്കൂളിലോ ചേർക്കാം. നമ്മുടെ സ്റ്റാറ്റസ് നോക്കണ്ടേ, ഒപ്പം അച്ചൂന്റെ ഭാവിയും. അവൻ വലുതാകുമ്പോ നമ്മളെ കുറ്റം പറയരുതല്ലോ?".
എന്റെ മറുപടി കേട്ടിട്ടാണെന്ന് തോന്നുന്നു. നന്ദേട്ടൻ അൽപനേരം ഒന്നും മിണ്ടീല.പിന്നീട് പറഞ്ഞു. "എനിക്ക് എന്റെ മകനെ റോബോട്ട് ആകണ്ടാ. നല്ല ഒരു മനുഷ്യനാക്കിയാമതി. നീ എൻ്റെ ലച്ചു തന്നാണോ. ജേർണലിസം പഠിക്കുന്നകാലത്തു നീ ഒരുപാട് പ്രസംഗിച്ചോണ്ട് നടന്നതല്ലേ, അതൊക്കെ നീ മറന്നോ. സ്വന്തം മകന്റെ കാര്യം വന്നപ്പോ ഏതൊരു സാധാരണ അമ്മയെ പോലെ നീയും സ്വാർത്ഥയായി. നിന്റെ എത്തിക്സ് ഒക്കെ മരിച്ചു മണ്ണോടുചേർന്നോ?" ഞാൻ കണ്ടതും സ്നേഹിച്ചതുമായ എന്റെ ലച്ചു എവിടെ? നീ തന്നെ ഒന്നിരുത്തി ചിന്തിക്കൂ. നമ്മുടെ മകനു നമ്മൾക്ക് ലഭിച്ച പോലൊരു ബാല്യം വേണം. അല്ലാതെ അറവുമാടിനെ പോലെ അവനെ ഇട്ടുകൊടുക്കാൻ ഞാൻ സമ്മതിക്കില്ലാ."
അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു.ഞാനാകെ അടികിട്ടിയപോലയായി. അപ്പോഴാ സ്റ്റോപ്പ് എത്തിത് കണ്ടത്, ചാടി എഴുന്നേറ്റു . എടുത്തു പിടിച്ച പൈസ കണ്ടക്‌ടർക്ക് കൊടുത്തു ഞാൻ ഇറങ്ങി.നന്ദേട്ടന്റെ വാക്കുകൾ മനസ്സിൽ ഒരു കൊടുങ്കാറ്റാണ് ഉണ്ടാക്കിയത്. ഞാൻ ഞാനല്ലാതായതെങ്ങനെ? നഷ്ടബാല്യത്തിനെ കുറിച്ചു ഫീച്ചർ എഴുതുന്ന ഞാൻ മകന്റെ ബാല്യം ഇല്ലാതാക്കാൻ നോക്കുന്നു . എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നി. ഇല്ല ഞാനെന്റെ മകന്റെ ബാല്യം നശിപ്പിക്കില്ല. എല്ലാവർക്കും മാതൃകയായ അമ്മയായ്, നന്ദേട്ടന്റെ പഴയ ലച്ചു ആയി എനിക്ക് മാറണം. മണ്ണോടു ചേർന്ന എന്റെ എത്തിക്സ് തഴച്ചു പൊങ്ങണം. ഞാൻ ഫോണെടുത്തു നന്ദേട്ടനു വാട്സപ്പ് ചെയ്തു. ..നന്ദേട്ടന്റെ ലച്ചു പുനർജനിച്ചു. നമ്മുടെ മകന്റെ ബാല്യം ഞാനൊരിക്കലും ഇല്ലാതാക്കില്ല.
മെസ്സേജ് അയച്ചു ഓഫിസിലേക്ക് നടന്നപ്പോ എന്തോ കൈമോശം വന്നത് തിരിച്ചു കിട്ടിയതുപോലെ. അത് വരെ ഇല്ലാത്ത ഒരാത്മവിശ്വാസത്തോടെ ഞാൻ ഓഫിസിന്റെ പടികൾ കയറി. ....

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo