Slider

പത്മിനി ഓപ്പോൾ ഒരു കണ്ണീരോർമ്മ

0
Image may contain: 1 person, sitting and indoor

ആരെങ്കിലും പുഴ അതിരിടുന്ന പാടം കണ്ടിട്ടുണ്ടോ?............... വരമ്പുകളിൽ നിന്നും പുഴയിലേക്ക് ചാഞ്ഞ് വളർന്ന്,ഇളനീർ കുലകൾ തിങ്ങുന്ന തെങ്ങും, തെങ്ങിൽ ധ്യാനത്തിലിരിക്കുന്ന പൊന്മാനും, താഴെ വെള്ളത്തിലിളകുന്ന പരൽമീൻ കൂട്ടവും, നിശബ്ദതക്ക് മേൽ കൂകി പറക്കുന്ന കുയിലും ,ഒറ്റക്കാലിൽ തപസ്സിരിക്കുന്ന കൊറ്റികളുമുള്ള പാടം......കാറ്റിൽ, ഞൊറിയിട്ട പച്ചപുടവ പോലെ അലകൾ ഇളക്കുന്ന പാടം...........ചിലപ്പോൾ നിറഞ്ഞ് നിൽക്കുന്ന സ്വർണ്ണ കതിർകുലയാൽ തല കുമ്പിട്ട് നാണം കുണുങ്ങിയും, ചിലപ്പോൾ കൊയ്ത്ത് കഴിഞ്ഞ് വരണ്ടു പിണങ്ങിയും..........പടർന്ന് കിടക്കുന്ന പാടം.
പുഴ തൊട്ടൊഴുകുന്ന മനോഹര ഗ്രാമമായ എന്റെ നാട്ടിൽ അങ്ങനെ ഒരു പാടമുണ്ടായിരുന്നു.എന്റെ ബാല്യ കൗമാരങ്ങൾ പിന്നിട്ടത് ആ പാടത്തിന്റെ അതിർവരമ്പുകളിലൂടെ ഓടിയും കിതച്ചുമൊക്കെ ആയിരുന്നു.
വേനലിൽ കൊയ്ത്ത് കഴിയുമ്പോൾ ഞങ്ങൾക്ക് കളിയിടങ്ങളൊരുക്കിയും ,വർഷത്തിൽ ഈ രിഴ തോർത്താൽ കോരിയെടുക്കാൻ കൈ വഴികളിൽ നിറയെ പരൽ മീനുകളെ നിറച്ചും, പുഴയിൽ കുളിച്ച് തിമിർക്കാൻ നടവരമ്പുകൾ തീർത്തും 'അവളങ്ങനെ ' നാട്ടുകാരായ ഞങ്ങളോരോരുത്തരുടേയും ജീവിതത്തിന്റെ ഭാഗമായി മാറി.
ആറ്, അതിരിട്ട് കണ്ണെത്താ ദൂരം പടർന്ന് നിൽക്കുന്ന ആ പാടത്തെ ഞങ്ങൾ നാട്ടുകാർ 'കണ്ണാറ്റിൻകര 'പാടമെന്ന് വിളിച്ചു.
ഈ കണ്ണാറ്റിൻകര പാടം മുഴുവൻ ഒരു കാലത്ത് 'കിഴക്കേകര 'തറവാട്ട് കാരുടെ വകയിരുന്നു.കുറെയൊക്കെ കൈമോശം വന്നു പോയെങ്കിലും, ഭൂരിഭാഗവും ഇപ്പോഴും അവരുടേത് തന്നെ.
നാലു കെട്ടും, നടുമുറ്റവും, വലിയ പത്തായപ്പുരയും, എരുത്തിലും, എരുത്തിലിൽ നിറയെ പശുക്കളുമൊക്കെയുള്ള ഒരു വലിയ വീടായിരുന്നു കിഴക്കേകര തറവാട് . ആ വീട് സ്ഥിതി ചെയ്തിരുന്നത് കണ്ണാറ്റിൻകര പാടത്തിന്റെ കിഴക്കേ ഓരം ചേർന്നായിരുന്നു.തറവാടിന്റെ ഇപ്പോഴത്തെ അവകാശി രാഘവേട്ടനാണ് .ആ വീട്ടിൽ അയാൾ ഭാര്യ പത്മിനിയോടും ,അമ്മ സരസ്വതിയോടുമൊപ്പം കഴിഞ്ഞ് വന്നു.
വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും ഒരു കുഞ്ഞ് ജനിക്കാത്തത് രാഘവൻ പത്മിനി ദമ്പതികൾക്ക് ഒരു തീരാ ദുഖമായിരുന്നു. എങ്കിലും രാഘവന് പത്മിനിയെ തന്റെ ജീവനേക്കാൾ പ്രിയമായിരുന്നു.
കാഴ്ചയിൽ അതീവ സുന്ദരിയും ,കുലീന വ്യക്തിത്വത്തിനുടമയുമായ പത്മിനിയേച്ചിയെ ഞങ്ങൾ കുട്ടികൾ ഓപ്പോളേന്ന് വിളിച്ചു.പാടത്ത് കളിച്ച് തളരുമ്പോൾ ഞങ്ങൾ ഓപ്പോളുടെ അടുക്കൽ നിന്നും ഇഞ്ചിയും, ഉള്ളിയും, വേപ്പിലയും ചതച്ചിട്ട - ഉപ്പുചേർത്ത സംഭാരം, വാങ്ങി മതി വരുവോളം കുടിച്ചു .
കരയുള്ള വെളുത്തമുണ്ടും നേര്യതും, നേര്യതിന്റെ കരക്ക് ചേർന്ന ബ്ലൗസും ധരിച്ച പത്മിനി ഓപ്പോളുടെ കണ്ണുകളിൽ എപ്പോഴും ഒരു വിഷാദ ഭാവം തളം കെട്ടി നിന്നിരുന്നു. വലിയ നെറ്റിയിൽ പതിവ് ചന്ദന കുറിക്ക് മേലെ നീളത്തിൽ ഒരു സിന്ദൂരപ്പൊട്ടും, ഇരു വശത്തേക്ക് വകഞ്ഞ് ചീകിയ നീളൻ മുടിയും, ആ മുടിയിൽ സദാ തങ്ങി നിൽക്കുന്ന തുളസിക്കതിരും ,ആ വിഷാദ ഭാവത്തിന് ഒരു പ്രത്യേക ചന്തം പകർന്നു.
ഓപ്പോൾക്ക് എന്നോട്, മറ്റ് കുട്ടികളോടുള്ള തിനേക്കാൾ അല്പം ഇഷ്ടക്കൂടുതലുണ്ടായിരുന്നു.അമ്മയോടുള്ള അടുപ്പം കൊണ്ടാണോ എന്നറിയില്ല ,അവർ സരസ്വതിഅമ്മ കാണാതെ , നെയ്യപ്പവും ,അവലോസുണ്ടയും നേര്യതിന്റെ കോന്തലിൽ മറച്ച് ,എനിക്ക് കൊണ്ട് വന്ന് തരാറുണ്ടായിരുന്നു. ഞാനത് കഴിച്ച് തീരും വരെ കാത്ത് നിൽക്കുകയും, "ഉണ്ണീട്ടന്റ ഉണ്ണി വയർ നിറഞ്ഞോ "എന്ന് എന്റെ നിറുകിൽ തലോടി കളിയായി ചോദിക്കുകയും ചെയ്തിരുന്നു.
സന്ധ്യക്ക് തറവാട്ടിലെ മൂർത്തികൾക്ക് വിളക്ക് വെക്കാൻ സർപ്പകാവിൽ പോകാനും ,ദേവന് മാല ചാർത്താൻ കൂവള പൂ പറിക്കാനും ഞാനും ഓപ്പോളോടൊപ്പം നടന്നു.
തെളിഞ്ഞും ,കറുത്തും കാലം അങ്ങനെ മുന്നോട്ട് നീങ്ങവെ കിഴക്കേകര തറവാട്ടിൽ ചില അനർത്ഥങ്ങൾ നടന്നു .ഒരിക്കൽ വിളഞ്ഞ് കിടന്ന പാടത്ത് തീ പടർന്ന് കുറെ വിളവ് നശിച്ചു. പിന്നൊരിക്കൽ എരുത്തിലിലെ രണ്ട് ,മൂന്ന് പശുക്കൾ ചത്ത് വീണു.
നടക്കുന്നതെല്ലാം അപശകുനങ്ങളാണെന്നും അതിന് പരിഹാരം കാണാൻ പൂജാവിധികൾ ആവശ്യമാണെന്നുമുള്ള സരസു അമ്മയുടെ നിർബന്ധപ്രകാരം , രാഘവേട്ടൻ ,കാര്യസ്ഥൻ രാമൻ നായരെ കൊണ്ട് അയാളുടെ പരിചയത്തിലുള്ള ഒരു ജോത്സ്യനെ വരുത്തിച്ച് പ്രശ്നം വപ്പിച്ചു.
പ്രശ്നവശാൽ രാഘവേട്ടന് കുട്ടികളില്ലാത്തതും, തറവാട്ടിൽ അനർത്ഥങ്ങൾ നടക്കുന്നതും പത്മിനി ഓപ്പോളിന്റെ ജാതക ദോഷം കൊണ്ടാണെന്ന് ജോത്സ്യൻ പ്രവചിച്ചു. പരിഹാരമായി മറ്റൊരു വിവാഹം കഴിച്ച് തറവാട് "കുറ്റി അറ്റ് പോകാതെ '' കാക്കണമെന്നും അയാൾ കൂട്ടിച്ചേർത്തു.
ഈ സംഭവത്തോട് കൂടി പത്മിനി കടുത്ത വിഷാദത്തിലായി.എന്നാൽ തന്റെ ജീവന്റെ ജീവനായ ഭാര്യയെ വേദനിപ്പിക്കാനോ അവളെ പിരിയാനോ രാഘവൻ ഒരിക്കലും തയ്യാറായിരുന്നില്ല.എങ്കിലും സരസ്വതി അമ്മ മകനെ മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിച്ച് കൊണ്ടേ ഇരുന്നു.
ഒരിക്കൽ സരസ്വതി അമ്മയുടെ 'കുത്ത് വാക്ക് 'സഹിക്കവയ്യാതായപ്പോൾ ,ഓപ്പോൾ എന്റെ അമ്മയോട് ,അവർ രാഘവേട്ടനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാൻ ഒരുങ്ങിയ കഥ പറഞ്ഞു. "നീ പോയാൽ ഞാനീ വീട്ടിൽ ജലപാനമില്ലാതെ, മരണം വരെ കിടക്കും "എന്ന രാഘവേട്ടന്റെ ഭീഷണിക്ക് മുൻപിൽ ,അവസാനം ഓപ്പോൾക്ക് തോറ്റ് പിൻവാങ്ങേണ്ടതായ് - വന്ന കാര്യം പറഞ്ഞത് കേട്ട് ,അമ്മയെ പോലെ എന്റെയും കണ്ണുകൾ ഈറനണിഞ്ഞു.
ആയിടക്ക് ഒരു രാത്രി പത്മിനി ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ മിടുക്കനായ ഒരാൺകുട്ടി തറവാട്ട് മുറ്റത്ത് നിന്നും "അച്ഛാ " എന്ന് വിളിച്ച് കൊണ്ട് രാഘവേട്ടന്റെ അടുക്കലേക്ക് ഓടി വരുന്നു.പക്ഷെ മുന്നോട്ട് വീഴാൻ പോയ ആ പൈതലിനെ വാരിയെടുത്ത അവന്റെ അമ്മക്ക് സ്വപ്നത്തിൽ തന്റെ മുഖമേ ആയിരുന്നില്ലെന്ന് പത്മിനി തിരിച്ചറിഞ്ഞു.
പിറ്റേന്ന് പതിവിലും നേരത്തെ ഉണർന്ന പത്മിനി ഈ കാര്യങ്ങളെല്ലാം ഒരു ഡയറിയിലെഴുതി ,രാഘവേട്ടൻ മറ്റൊരു വിവാഹം കഴിക്കണമെന്ന് കൂടി കൂട്ടി ചേർത്ത്, അയാളെ ഉണർത്താതെ, ആ കാൽ തൊട്ട് വന്ദിച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങി.
അരണ്ട വെളിച്ചത്തിൽ പുലർ മഞ്ഞ് പൊതിഞ്ഞ പാടവരമ്പത്ത് കൂടി നടന്ന അവൾ കൈതമുള്ളുകൾക്കിടയിലൂടെ പുഴയിലെ 'ആനക്കയത്തിന്റെ ' അടിത്തട്ടിലേക്ക് ഊർന്ന് ഇറങ്ങി.
പത്മിനിയെ കാണാതെ പരിഭ്രാന്തനായ രാഘവൻ അവളെ തിരക്കി ആ നാടൊട്ടുക്കും അലഞ്ഞു. എന്നാൽ എല്ലാവരുടെയും പ്രാർത്ഥനകൾക്ക് മീതെ, മൂന്നാം നാൾ, മരിച്ച് മരവിച്ച എന്റെ ഓപ്പോളുടെ ശരീരം,കയത്തിൽ നിന്നും കുറച്ചകലെ മാറി പൂവാകകൾ നിറഞ്ഞ ഭാഗത്ത് പൊന്തി വന്നു.
നിറകണ്ണുകൾക്കിടയിലൂടെ ഞാൻ ഓപ്പോളെ ഒന്നേ നോക്കിയുള്ളൂ ,വള്ളിപടർപ്പുകളിൽ തങ്ങി നിന്ന ഓപ്പോളുടെ ശരീരത്തിലും ,നീണ്ട മുടിയിഴകളിലും , നിറയെ ഇളം ചുവപ്പ് നിറത്തിലുള്ള വാകപ്പൂക്കൾ പറ്റിപിടിച്ചിരുന്നു.
ഓപ്പോളുടെ മരണം കിഴക്കെകര തറവാടിനെ പോലെ നാട്ടുകാരെയും ബാധിച്ചു .പിന്നീടാരും ഭയന്നിട്ട് ആ കയത്തിന്റെ അടുക്കലേക്ക് പോയില്ല.
പത്മിനി മരിച്ച വിഷമത്തിൽ ഭ്രാന്തനെ പോലെ ആയിതീർന്ന രാഘവൻ മുറിക്ക് പുറത്തിറങ്ങാതെ കഴിച്ച് കൂട്ടി. മകനെ പുതു ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ ശ്രമിച്ച് ,പരാജയപ്പെട്ട
അമ്മ സരസ്വതി ,തന്റെ മകന്റെ ദുരവസ്ഥയിൽ മനം നൊന്ത്, അസുഖ ബാധിതയായി ഏറെ താമസിയാതെ മരണപ്പെട്ടു.
പാടത്തിന് തീപിടിച്ചതും ,പശുക്കൾ ചത്തതും, ജ്യോത്സ്യനെ വരുത്തിയതും സരസ്വതി അമ്മയും, കാര്യസ്ഥൻ രാമൻ നായരും ചേർന്ന് പത്മിനിയെ ഒഴിവാക്കാൻ ഗൂഢാലോചന നടത്തിയതിന്റെ ഫലമായിരുന്നു.
ആ 'പാപഭാരം 'സഹിക്കവയ്യാതായപ്പോൾ രാമൻ നായർ കാശിക്ക് പോയി . പിന്നീടയാൾ ഒരിക്കലും നാട്ടിലേക്ക് തിരിച്ചു വന്നില്ല.
തന്റെ സ്വത്തുവകകളുടെ അവകാശം സഹോദരി പുത്രന്റെ പേർക്കെഴുതിയ രാഘവേട്ടൻ, കണ്ണാറ്റിൻ കര പാടത്ത് വിളയുന്ന നെല്ല് എല്ലാ കൊല്ലവും അനാഥാലയത്തിലെ കുഞ്ഞുങ്ങൾക്ക് നൽകണമെന്ന്കൂടി ഭാഗ പത്രത്തിൽ കൂട്ടി ചേർത്ത് .വിഷം കഴിച്ച് ഒറ്റപ്പെടലിന്റെ ലോകത്ത് നിന്നും എന്നെന്നേക്കുമായി മുക്തി നേടി.
കാലമേറെ കഴിഞ്ഞിട്ടും നാട്ടുകാരെല്ലാവരും ഓപ്പോള് മരിച്ച ആനക്കയത്തിനരികെ പോകാൻ ഭയന്നപ്പോൾ, ഞാൻ പലപ്പോഴും ആരും കാണാതെ ആ പൂവാക ചോട്ടിലെത്തി 'ഉണ്ണീ ട്ടാ 'എന്ന എന്റെ ഓപ്പോളിന്റെ വിളിക്കായി വെറുതെ കാതോർക്കാറുണ്ടായിരുന്നു.............

By Arun V Sajeev
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo