
പുതുവര്ഷമായിട്ടു കാലത്തേ പള്ളീല് പോയി വന്നു, മരുമകള് ഉണ്ടാക്കിയവെള്ളേപ്പോം താറാവ് കറീം കഴിച്ചേച്ചു അന്നക്കുട്ടി പതിവ് പോലെ ഉമ്മറത്തെ തിണ്ണേലിരുന്നു .. മുണ്ടു മടക്കി മുട്ടേലോട്ട് കേറ്റി വെച്ചു.
ഒന്ന് നോക്കിയാൽ പള്ളി വീടിനോടടുത്ത് തന്നെ .. എന്നാലും രണ്ടടി വെച്ചാൽ, കൈകാൽ കടച്ചിൽ കൊണ്ട് വല്ലാത്ത വലച്ചില് . കാലേൽ മൊത്തം കൊട്ടൻചുക്കാദി തൈലം പുരട്ടി തിണ്ണേല്, വഴീലോട്ടും നോക്കി ഒറ്റയിരുപ്പാണ് . അല്ലേൽ തന്നെ മരുമകള് വന്നേപ്പിന്നെ അന്നക്കുട്ടി അടുക്കളേല് കേറാറില്ല . വയ്യ, അതന്നെ .. അവള് വെച്ച് തരുന്നതും കഴിച്ചു കൊന്തേം ചൊല്ലി അങ്ങിനിരിക്കും.
ഉസ്കൂളിൽ പോണ പിള്ളേര് മുറ്റത്തു നിക്കണ ചെത്തിയോ ചെമ്പരത്തിയോ പറിക്കാൻ നോക്കിയാ അന്നക്കുട്ടി അലറും –
“ എടാ, കുരുത്തം കെട്ടവന്മാരെ .. നട്ടു നനച്ചുവളത്തുന്നോർക്കറിയാം അതിന്റെ ദെണ്ണം..”
തൈലം പുരട്ടി അങ്ങിനെ ഇരിക്കുമ്പം അന്നകുട്ടിയുടെ തൊണ്ടേലോട്ടു താറാവ് കറി തികട്ടി വന്നു.. അവർ മുറ്റത്തേക്ക് നീട്ടി തുപ്പി.. അല്ലേൽ തന്നെ ആ സൂസി എന്തോന്നാ കറീല് കാട്ടി കൂട്ടിയെ?. മസാലയുടെ കുത്തു കൊണ്ട് തൊണ്ടേന്നു ഇറക്കാൻ മേലായിരുന്നു..
അവളുടെ കെട്ടിയോൻ അടുത്തിരുന്ന് “അടിപൊളി സൂസമ്മേ “എന്ന് പറഞ്ഞു പിന്നേം പിന്നേം കറി എടുത്തിടുന്നതു കണ്ടപ്പം അന്നക്കുട്ടി ചോദിക്കാൻ തുടങ്ങീതാ-..
“ ഇതാണോടാ കറി .. നീ നല്ലതൊന്നും തിന്നിട്ടില്ലേ.. ?”
പിന്നെ വിചാരിച്ചു, എന്നതിനാ നല്ലൊരു ദിവസമായിട്ടു അവളുടെ മോന്ത കാണുന്നത്..
അല്ലേലും ചില പെങ്കോന്തന്മാർ അങ്ങിന .കെട്ട്യോള് വന്നാൽ അവള് വെച്ച് വിളമ്പിയത് മതി. അത്ര നാൾ വെച്ചൂട്ടിയ അമ്മ പൊറത്തു ..
തൂ…… അന്നക്കുട്ടി പിന്നേം നീട്ടി തുപ്പി.
ഒരുകണക്കിന് അവളെ കുറ്റം പറഞ്ഞിട്ട് എന്നാ കാര്യം .. ഇപ്പോഴത്തെ താറാവിനെ കാശിനു കൊള്ളാമോ.. താറാവ് നന്നാവണം.. അല്ലേൽ കറി ആരുവെച്ചാലും ഇങ്ങനൊക്കെ തന്നെ..
പണ്ടൊക്കെ വീട്ടിൽ വളർത്തണ താറാവിനെയല്ലെ കറിവെക്കണത് ? .. പിടിച്ചാൽ പോങ്ങൂല. അത്ര കനം !
വീട്ടിലെ ആണുങ്ങള് അതിനെ കൊന്നു പപ്പും പൂടയും പറിച്ചു കഷ്ണിച്ചു കൈയിലോട്ടു തരും..പിന്നെ ജോലി മുഴുവൻ പെണുങ്ങക്കു.. അതിനെ കഴുകി വൃത്തിയാക്കി ചട്ടീലിട്ടു ,രണ്ടാം പാലിൽ ഇച്ചിരി ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , ഉള്ളി , മസാല ഈ കൂട്ടെല്ലാം കൂടെ ചേർത്ത് വേവിക്കും. ഇപ്പോൾ പരിഷ്കാരികൾ ഇറച്ചിയാണേലും ചോറാണെലും കുക്കറിൽ ഇട്ടടിയല്ലേ .. കണ്ണ് തെറ്റിയാ എല്ലും ഇറച്ചിയും വേറെ വേറെയായി, താറാവ് കൊളമാകും.. ആർക്കും ഒന്നിനും നേരൊല്ലാത്ത കാലം.
താറാവിന്റെ വേവ് നോക്കണതും വീട്ടിലെ ആണുങ്ങളു്.... താറാവ് വേവുന്നവരെ അടുപ്പൂതി ഊതി പൊകയടിച്ചു കണ്ണിന്നും മൂക്കീന്നും വെള്ളം വരും.
” എന്നാ പങ്കപ്പാടാ എന്റെ കർത്താവെ !” ചിലപ്പോൾ അറിയാതെ പറഞ്ഞും പോവും.
വെന്ത താറാവിനെ അടുപ്പെന്നിറക്കി വെച്ച്, വേറൊരു ചട്ടീല് സവോള മൊരിക്കും . അതങ്ങു ചോക്കുമ്പം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി പച്ചമുളക് എല്ലാമിട്ടുകൊടുക്കും.. മല്ലി പൊടി ,മുളക് പൊടി, കുരുമുളക് പൊടി, പിന്നെ മസാല പൊടി.. എല്ലാം കൂടെ പച്ച മണം മാറണ വരെ വഴറ്റും .
പൊടികളൊക്കെ വീട്ടിതന്നെ പൊടിക്കണത് കൊണ്ട് എന്നാ മണമാ മൂക്കിലോട്ടു അടിച്ചു കേറുന്നത്..വെന്ത താറാവിനെ അതിലോട്ടു കുടഞ്ഞിട്ടു പാകത്തിന് ചാറു വരണ വരെ കുറുക്കും പിന്നെ ഒന്നാം പാലൊഴിച്ചു തിള വരണ മുന്നേ കറി വേപ്പിലയിട്ടു ഇറക്കും.. ഒന്നാം പാലെന്നു പറയുമ്പം നല്ല കുറു കുറെ ..
അത് കഴിഞ്ഞാ ആ പരിസരത്തെങ്ങാനും നിക്കാൻ പറ്റോ?. തേങ്ങാ പാലിന്റേം മസാലേടേം വെളിച്ചണ്ണെടേം മണം മൂക്കിലോട്ടു കേറി ഓരോരുത്തർ അടുപ്പിനടുത്തോട്ടു വരവ് തുടങ്ങും.. താറാവിന്റെ രുചി അറിയാൻ. പിഞ്ഞാണത്തിലിത്തിരി ചാറും കഷണോം ഇട്ടു കൊടുക്കുമ്പം വിരല് നക്കി തൊടച്ചു “ഉം പഷ്ട് “ എന്നവര് പറയുമ്പം, ദേ ..നേരത്തെ പറഞ്ഞ ആ പങ്കപ്പാട് ചങ്കെന്നു മാറി കിട്ടും.
ആങ്… അങ്ങനേം ഒരു കാലം.. അന്നക്കുട്ടി നെടുവീർപ്പിട്ടു.ഇന്നലെ ഒരുത്തി ഇവിടെ താറാവ് കറി വെച്ചിട്ടു മൂക്കുമറിഞ്ഞില്ല.. ഇന്ന് നാക്കുമൊട്ടറിഞ്ഞില്ല.. ഇനി നാളെ വയറ് അറിയുമോ ആവോ.
ഓരോന്നാലോചിച്ചിരുന്നപ്പോഴാ ഗേറ്റ് തുറക്കുന്ന സ്വരം.. മൂക്കേലെ കണ്ണാടി ഇറക്കി വെച്ച് അന്നക്കുട്ടി ഗേറ്റിലോട്ടു നോക്കി.. ഓ !ശൃങ്കാര കോത വരുന്നുണ്ട്.. ഇവള് എന്നതിനാ രാവിലെ തന്നെ കെട്ടി എഴുന്നെള്ളി ഇങ്ങോട്ടു ? അതും നല്ല ഒന്നാം തരം പുതുവര്ഷമായിട്ടു.. ഇക്കൊല്ലം ഇനിയെന്നായൊക്കെ പുകിലാണോ കർത്താവീശോയെ ..
അവളുടെ ഒരു കോന്തൻ മോൻ ദുബായ് പോയതിന്റെ അഹങ്കാരോം ഈയിടെ അവളുടെ മോന്തേല്ണ്ടു .
കേറി വന്നത് അയൽവാസി മറിയ . ഒരു ഹിന്ദുനേ കെട്ടി പോയവളാണ്. അവളോട് അന്നക്കുട്ടി മിണ്ടുന്നതു ചുരുക്കം. അന്നകുട്ടിയെ ഉമ്മറത്ത് കണ്ടതും അവള് ഒരു ചിരി .
“ എന്നാ അമ്മച്ചി കാല് നൊമ്പരത്തിനു കൊറവില്ലേ ?”
അവളുടെ കുശലം.. അന്നക്കുട്ടി പ്ലാവേൽ കിടക്കണ ,മുഴുത്ത ചക്കയുടെ വലിപ്പത്തില് മോന്ത കേറ്റി പിടിച്ചു.. അവലക്ഷണം കെട്ടോളു!
ഉത്തരം കിട്ടാഞ്ഞപ്പം അവളകത്തേക്കു പോയി..
അവളുടെ പോക്ക് നോക്കിയിരുന്ന അന്നക്കുട്ടി ദേഷ്യം കൊണ്ട് തൈല കുപ്പി അപ്പാടെ മുട്ടേല് കമത്തി .....മറിയയോടുള്ള ദേഷ്യം മുഴുവൻ മുട്ടുകാലിൽ തീർത്തപ്പം അന്നക്കുട്ടിക്ക് കൈ കഴച്ചു..
മറിയ യാത്ര പറഞ്ഞു പോവുമ്പം പിന്നേം ചിരിച്ചു. അത് കണ്ടപ്പം അന്നക്കുട്ടി തല വെട്ടിച്ചു നിർത്തിവെച്ച കാല് തിരുമ്മൽ വീണ്ടും തുടർന്നു..
“ എടീസൂസ്യേ ..””അന്നക്കുട്ടി നീട്ടി വിളിച്ചു. താറാവ് കറി വീണ്ടും തൊണ്ടേലോട്ടു തികട്ടി
“ആ പെമ്പറന്നോര് എന്നതിനാടീ ഒന്നാം തീയതി കുടുംബത്തി കേറി വന്നത്.. ഇനി എന്നായൊക്കെ നടക്കുമോ ? അവളുടെ കൂട്ട് വേണ്ടെന്നു നിന്നോട് എത്ര പ്രാവശ്യം പറഞ്ഞതാടി.. നല്ല ദിവസായിട്ട് എന്നെ കൊണ്ട് പറയിക്കണ്ട”
“ അമ്മച്ചിയെ വീട്ടിൽ കേറി വരുന്നവരോട് വേണ്ടാന്ന് എങ്ങിനെ പറയും ? അത് അയലോക്കം .. “ന്യായം പറഞ്ഞു സൂസി അകത്തോട്ടു കേറി..
“ അല്ലെങ്കിൽ തന്നെ വായുന്റെ അസുഖം കൊണ്ട് ഇരിക്കപ്പൊറുതില്ല. ഇനി ഈ കുരുത്തം കെട്ടവൾ കേറി വന്നത് കാരണം ഈ കൊല്ലം എന്നാ പുകിലാണോ കർത്താവെ..”
അന്നക്കുട്ടി നെഞ്ചത്തു കൈ വെച്ച് മോളിലോട്ടു നോക്കി..
അന്നക്കുട്ടി നെഞ്ചത്തു കൈ വെച്ച് മോളിലോട്ടു നോക്കി..
അകത്തേക്ക് പോയ സൂസി ഒരു പൊതിയുമായി തിരിച്ചു വന്നു..
“ ഇതു നോക്കിയേ അമ്മച്ചി .മറിയ ചേച്ചി കൊണ്ടുവന്നതാണ്. അവരുടെ മകൻ ദുബൈയിന്നു ആദ്യത്തെ വരവല്ലേ .. അമ്മച്ചിക്കൊരു വെള്ള സാരി.. തയ്യൽക്കാരൻ കുട്ടപ്പന്റെ കൈയിൽ കൊടുത്തു മുറിച്ചരികു തയ്ച്ചൽ മൂന്ന് കവണിക്കു കിട്ടും”
കവണിന്നു കേട്ടതും അന്നക്കുട്ടി അത് തട്ടിപ്പറിച്ചു. ഇപ്പോൾ ഇതൊന്നും കിട്ടാനില്ല.. അല്ല ആരായിപ്പം കവണി ചുറ്റുന്നത്? എല്ലാം പരിഷ്കാരികളല്ലേ?
കൈ രണ്ടും ഉടുമുണ്ടെൽ തൊടച്ചു അന്നക്കുട്ടി പൊതി തുറന്നു .. ദുബൈക്കാരന്റെ സെന്റിന്റെ മണം മൂക്കേലോട്ടു..
“ കർത്താവെ എന്നാ ശേല് .. പിടിച്ചിട്ടു നല്ല സ്പോൺജില് പിടിക്കുന്ന പോലെ. ഒന്ന് തൊട്ടേ സൂസി.. ഓ അല്ലേൽ വേണ്ട, നിന്റെ കൈയേലേ അഴുക്കു അതിലാവണ്ടേ ..വെള്ളയാ”
അന്നക്കുട്ടി പൊതി അവള് തൊടാതിരിക്കാൻ മാറ്റി പിടിച്ചത് കണ്ടു സൂസി ചിരിച്ചു
“ അല്ലേലും.. മറിയ കുരുത്തം ഉള്ളോളാ. ഒരു വീട്ടിൽ ഒന്നാം തീതി വെറും കൈയ്യോടെ ചെല്ലാ പാടില്ലെന്ന് അവക്കറിയാം. എന്നാലും അവള് കേറി പോയപ്പോൾ കൈയ്ലൊന്നും ഞാൻ കണ്ടില്ലല്ലോ. അവളിത് കക്ഷത്തി ഇറുക്കി പിടിച്ചോ.. ആ അവളെ കുറ്റം പറയാൻ പറ്റൂല്ല. കണ്ണും കാതുമൊന്നും നേരെ ചൊവ്വേയല്ല“
ചിരി പൊട്ടി വന്നപ്പോൾ സൂസി വായ് പൊത്തി അകത്തേക്ക് കേറി
അന്നക്കുട്ടി കൈ തൊടച്ചു സാരി വീണ്ടും മൂക്കേലടുപ്പിച്ചു..
“ എന്നാ ദുബൈയ്ക്കാരുടെ സെന്റ് മണം.. ശൊ എന്നാലും നല്ല ദിവസായിട്ട് ഞാനവളോട് ഒന്നും മിണ്ടില്ലല്ലോ...”
“ എടീ സൂസി " അകത്തേക്ക് നോക്കി അന്നക്കുട്ടി നീട്ടി വിളിച്ചു.
" നീ ഇച്ചിരി താറാവ് കറീം അഞ്ചാറ് അപ്പോം ഇങ്ങു പൊതിഞ്ഞെടുത്തേ .. കൂട്ടത്തിൽ നിന്റെ വീട്ടിനു പെരുന്നാളിന് കൊണ്ട് വന്ന പലഹാരോം .. ഞാൻ മറിയേടെ ചെക്കന് കൊടുത്തിട്ടു വരാം . അങ്ങ് ദുബായില് ഇതു വല്ലോം കിട്ടോ ?പുതുവര്ഷമല്ലേ..ഇതൊക്കെയല്ലേ സന്തോഷം ? അടുത്ത കൊല്ലം ആരൊക്കെ ഉണ്ടോ എന്തോ.. ദൈവം തമ്പുരാന് മാത്രമറിയാം..”
അന്നക്കുട്ടി മുണ്ട് താഴ്ത്തി,കൈകുത്തി ഉമ്മറത്തൂന്നു എണ്ണീറ്റു - "കർത്താവീശോമിശിഹായേ, നല്ലൊരു വർഷായീട്ട് എല്ലാരേം കാത്തോണേ.ഈയുള്ളോളേം ." ** Sanee Marie John
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക