Slider

മായ്ക്കപ്പെട്ട് പോകുന്നവർ

2
Image may contain: 1 person, eating, sitting and child

ഉച്ചവെയിലിന് ചൂടേറി വരുന്നു.പഞ്ചാരമണലിന്റെ പൊള്ളൽ തട്ടുന്ന കാലുകൾ ആയാസത്തോടെ നിരക്കി വെച്ച് അവരാ വലിയ ഗേറ്റിനു മുന്നിൽ നിന്നു.പരിചയക്കേടിന്റെ വിവശത നരച്ച കണ്ണുകളുടെ തളർച്ച കൂട്ടി.ആരെയോ തേടിനടന്ന കണ്ണുകൾ ഗേറ്റിനു ചുവടെ തല ചൊറിഞ്ഞുകൊണ്ടിരുന്ന സെക്യൂരിറ്റിയിലെത്തി അൽപ്പമൊരാശ്വാസത്തോടെ നിന്നു.
'ഉം...എന്താ...?' മുഖത്തു നോക്കാതെയുള്ള ചോദ്യത്തിന്റെ ഗൗരവത്തിൽ അവരൊന്നു ചൂളി.
'ന്റെ...ന്റെ മോനെ കാണാനാ'
'മോനോ...യേതു മോൻ?'
'ന്റെ മോൻ...അശ്റപ്പ്.ഓനീട്യാ പഠിക്ക്ന്ന്.
'എന്റെ ഉമ്മാ...പത്തുപതിനായിരം കുട്ട്യോളു പഠിക്കുന്ന കോളേജാ ഇത്.ഇവിടെ വന്നു മോന്റെ പേരു പറഞ്ഞാ എങ്ങനെ അറിയാനാ?ഒരു കാര്യം ചെയ്യ് അവിടെ എൻക്വയറിയിൽ ഒരു മാഡം ഇരിപ്പുണ്ട് .അവിടെ ചെന്നു ചോദിക്ക്'
മുഖത്തെ സ്ഥായിയായ നിർവികാരത സ്വരത്തിലും നിറച്ച് അയാൾ അവർക്കാ ജനൽ ചൂണ്ടിക്കാട്ടി.
ഉമ്മ കാലുകൾ പിന്നെയും പറിച്ചു നീക്കി ആ ജനൽ ലക്ഷ്യമാക്കി നടന്നു.വിയർപ്പിറ്റുന്ന നെറ്റിയിലേക്ക് പിഞ്ഞിത്തുടങ്ങിയ തട്ടം ഒന്നു കൂടി വലിച്ചിട്ടു.
പ്രത്യേകിച്ചു തിരക്കുകളില്ലാത്ത ഒരു ദിവസത്തിന്റെ ആലസ്യം കുടഞ്ഞെറിഞ്ഞ് ഊണു കഴിക്കാനായി എഴുന്നേൽക്കുകയായിരുന്നു ശാരദ.അപ്പോഴാണ് ജനലിനു പുറത്ത് ആളനക്കം.ചുളിഞ്ഞു തൊലി തൂങ്ങിയ കൈത്തലം തളർച്ചയോടെ ജനലിലേക്കമരുന്നതു നോക്കിക്കൊണ്ട് അവൾ പുറത്തേക്ക് ചോദ്യമെറിഞ്ഞു.
'യെസ്...വാട്ട് ക്യാൻ ഐ ഡു ഫോർ യൂ?'
'ഞാള് അശ്റപ്പിനെ കാണാൻ ബന്ന്യാ മോളെ.കൊറെ ദൂസായി ഓന്റെ എയ്ത്തൊന്നും ബര്ന്നില്ല.ഒന്ന് ബന്ന്വോക്കാൻ പറയാൻ ഞമ്മക്കാരാ...അതാ കയ്യല്ലാഞ്ഞിറ്റും ഞമ്മളന്നെ ബന്നെ...'
കേട്ടു പരിചയമില്ലാത്ത നാട്ടുഭാഷ ഇഴ പിരിക്കുന്നതിനിടയിൽ ശാരദ അവരെ നോക്കി മൃദുവായ് ഒന്നു ചിരിച്ചു.
'ഉമ്മ ആരെ കാണാനാ വന്നതെന്നാ പറഞ്ഞത്?'
'ന്റെ മോൻ അശ്റപ്പ്.ഞ്ഞി ഓനെയൊന്ന് ബിളിക്ക്.
'അഷ്റഫ്...ഇവിടുത്തെ സ്റ്റുഡന്റാണോ?'
'അതേന്ന്.കയിഞ്ഞ മയക്കല്ലേ ഓനെ ഈടെ ചേർത്തീന്.എന്ത്ന്നോ ബല്ല്യ പഠിത്തം പഠിക്കണോന്നും പറഞ്ഞിറ്റ്.ഞമ്മളന്നേരേ പറഞ്ഞ്യാ ആടത്തെ പഠിപ്പെല്ലം മതീന്ന്.അന്നേരം ഓനിക്ക് വാശി.ഉപ്പേം ഉമ്മേമില്ലാത്ത കുട്ട്യല്ലേ ...ഞമ്മള് ഒന്നും ബേണ്ടാന്നു പറേലില്ല'
'ഓ...അപ്പോ രണ്ടാം വർഷവിദ്യാർത്ഥിയാണ്.ഏതു സബ്ജക്റ്റ് ആണെന്നറിയോ ഉമ്മാ?'
'ഇല്ലാന്റെ മോളെ...ഞമ്മക്കിതൊന്നും പറഞ്ഞാ തിരിയൂല്ല.എഞ്ചിനീറാകാന്നാറ്റാ ഓൻ പറഞ്ഞ്'
അവരുടെ സ്വരത്തിലെ വേവലാതി തിരിച്ചറിഞ്ഞ ശാരദ സ്വരത്തിൽ ആവോളം സൗമ്യത കലർത്തി
'ഉമ്മ വിഷമിക്കണ്ട.ഞാനീ രജിസ്റ്റർ ഒന്നു നോക്കട്ടെ'
ജനൽക്കാഴ്ച്ചയുടെ പരിധിക്കുമപ്പുറത്തേക്ക് വേപഥു പൂണ്ട നോട്ടം നീട്ടി അവർ പുറത്തു കാത്തു നിന്നു.തേട്ടി വന്ന ഏങ്ങലിലേക്ക് വിറയ്ക്കുന്ന വിരലു കൊണ്ട് തട്ടം ചുരുട്ടികയറ്റി.എന്തോ അജ്ഞാതമായ ഭയം തെളിച്ചം മങ്ങിയ കണ്ണുകളിൽ പ്രതിഫലിച്ചു.
'ഉമ്മയുടെ മകൻ അഷ്റഫ് പുത്തൻപുരയ്ക്കൽ ആണോ? '
തടിച്ച രജിസ്റ്ററിലേക്ക് കണ്ണമർത്തിയ ശാരദയുടെ ചോദ്യം അവരെ ചിന്തകളിൽ നിന്നുണർത്തി.
പെട്ടെന്ന് ഓടിയെത്തിയ പ്രതീക്ഷയിൽ അവരുടെ കണ്ണുകൾക്കു ജീവൻ വെച്ചു.
'അതന്നെ മോളെ അതന്നെ.ഒന്നോനെ ബിളിക്ക്വോ?'
'പക്ഷേ...അഷ്റഫ്...ഈ കുട്ടി രണ്ടു മാസമായി കോളജിലേക്ക് വന്നിട്ടില്ലല്ലോ...'
അവരുടെ കണ്ണുകളിൽ നടുക്കം മിന്നലുകൾ തീർത്തു.അറിയാതെ നെഞ്ചിലേക്കമർന്ന കൈത്തലത്തിൽ പ്രാണന്റെ പിടച്ചിൽ തടഞ്ഞ് ഒരാശ്രയത്തിനെന്ന പോലെ അവർ ശാരദയെ നോക്കി.
'ന്താ...ന്താ പറഞ്ഞ്?ഈടയും ഇല്ലാന്നാ?പിന്നെ ഏടപ്പോയി ന്റെ കുട്ടി?'
അവരുടെ കണ്ണുകൾ പെയ്തു തുടങ്ങി.
ശാരദയും സന്ദർഭത്തിന്റെ ഗൗരവത്തെ കുറിച്ച് ബോധവതിയായിരുന്നു.
'ഉമ്മ കരയാതിരിക്കൂ.നമുക്ക് അന്വേഷിക്കാം.എന്റെ കൂടെ വരൂ'
പ്രിൻസിപ്പലിന്റെ മുറിയിലേക്ക് കയറുമ്പോഴേക്ക് അവരുടെ കാലുകൾ വേച്ചു തുടങ്ങിയിരുന്നു.വീണുപോകാതിരിക്കാൻ എന്ന പോലെ അവർ ശാരദയുടെ കൈകളിൽ മുറുക്കെ പിടിച്ചു.
ശീതീകരിച്ച മുറിയുടെ വാതിലിൽ ശാരദ മൃദുവായ് തട്ടി.
'യെസ് കമിൻ'
'മാഡം നമ്മുടെ സെക്കന്റ് ഇയർ ഇലക്ട്രോണിക്സിലെ അഷ്റഫ് പി കഴിഞ്ഞ രണ്ടു മാസമായി കോളജിൽ വന്നിട്ടില്ല'
'വോസിന്റ് ഹി ഡിസ്മിസ്ഡ് ബൈ നൗ?"
തീർത്തും നിസംഗമായ ഗൗരവത്തോടെയുള്ള മറുപടി.
ശാരദയുടെ കൈകളിലെ പിടുത്തം ഒന്നു കൂടി മുറുകി
'നോ മാം...ഐ ആം എഫ്രൈഡ് ദാറ്റ് വി ഫെയിൽഡ് ടു നോട്ടീസ് ഹിസ് ആബ്സൻസ്'
'വാട്ട് യു മീൻ?'
കൂർത്ത നോട്ടമേറ്റ പരുങ്ങലോടെ ശാരദ വിക്കി.
'യെസ് മാം...ഇത് ആ കുട്ടിയുടെ ഗ്രാന്റ് മദറാണ്.ഇന്ന് ഇവർ അന്വേഷിച്ചു വന്നപ്പോഴാണ് കുട്ടിയുടെ ആബ്സൻസ് നോട്ട് ചെയ്യുന്നത്'.
'ഓ മൈ ഗോഡ്!'
'ന്റെ റബ്ബേ! ന്റെ കുട്ടിക്കെന്താ പറ്റ്യെ ടീച്ചറേ...'
ഉമ്മയുടെ വിങ്ങിപ്പൊട്ടിയുള്ള ചോദ്യം രണ്ടു പേരുടെയും ശ്രദ്ധ തിരിച്ചു.
'പറ ടീച്ചറെ ,ഞമ്മള മോനെവിടെ?ഞമ്മക്കോനേയുള്ളു.ഓന കണക്കാക്കീറ്റാ ഞാള് കയ്യ്ന്നതന്നെ..'
അവർ ഏങ്ങലടിച്ചു കരയാൻ തുടങ്ങി.
പ്രിൻസിപ്പലിന്റെ മുഖത്തെ ഗൗരവത്തിന് ഒന്നുകൂടി കനം വെച്ചു.
'നിങ്ങൾ ബഹളമുണ്ടാക്കാതിരിക്കു.എന്നു മുതലാണ് കുട്ടിയെ കാണാതായത്?
'ഞമ്മക്കറിഞ്ഞൂട...ആഴ്ച്ചക്കായ്ച്ചക്ക് ബിളിക്ക്ന്നതാ.എടക്കെടക്ക് എയ്ത്തും ബരും.കൊറെയായിറ്റ് എയ്ത്തൂല്ല...ബിളിയൂല്ല.കൊറെ പഠിക്കാന്ള്ളോണ്ടേരിക്കൂന്നാ ബിചാരിച്ചെ'
'ശരി,ഞങ്ങളൊന്ന് അന്വേഷിക്കട്ടെ.തത്കാലം നിങ്ങൾ പോയ്ക്കോളൂ'
'പോവാനോ!അശ്റപ്പിന കാണാണ്ട് ഞമ്മളു പോവൂല്ല.ഞമ്മള അങ്ങനെ പറഞ്ഞേക്കാന്ന് ആരും ബിശാരിക്കണ്ട!'
പറച്ചിലിനും കരച്ചിലിനുമിടയിൽ അവരാ തണുത്ത തറയിലേക്കിരുന്നു
ശാരദ പതിയെ അവരെ താങ്ങിയെഴുന്നേൽപ്പിച്ചു.
'ഉമ്മ വരൂ...മാഡം അന്വേഷിക്കാമെന്നു പറഞ്ഞല്ലോ'
ശാരദയുടെ താങ്ങിൽ പുറത്തേക്കിറങ്ങുമ്പോൾ പുറകിൽ പ്രിൻസിപ്പൽ അടിയന്തിരയോഗം അനൗൺസ് ചെയ്യുന്നത് അവർ കേട്ടു.
ആ വിവരം ക്യാമ്പസ് കേട്ടത് ഞെട്ടലോടെയായിരുന്നു.ഇന്നലെ വരെ തങ്ങൾക്കൊപ്പം നടന്ന ഒരാൾ അപ്രത്യക്ഷനായിരിക്കുന്നു.
എവിടെ പോയി എന്ന് ആർക്കുമറിയാത്ത വിധം , തെളിവുകളൊന്നുമവശേഷിപ്പിക്കാതെ അവൻ മാഞ്ഞുപോയിരിക്കുന്നു.
അഷ്റഫ് എവിടെ എന്ന ചോദ്യം എങ്ങും മുഴങ്ങിതുടങ്ങി.
കോളജ് അഷ്റഫിന്റെ ചിത്രങ്ങളുള്ള പോസ്റ്ററും ബാനറും കൊണ്ടു നിറഞ്ഞു.
സംയുക്ത സമര സമിതിയുടെ അനിശ്ചിത കാലസമരപ്പന്തലിലേക്ക് ഉമ്മയും ആനയിക്കപ്പെട്ടു.
തൊണ്ട പൊട്ടി വിളിക്കപ്പെട്ട മുദ്രാവാക്യങ്ങൾക്കിടയിൽ എന്തു ചെയ്യണമെന്നറിയാതെ അവർ കൂനിക്കൂടിയിരുന്നു.കണ്ണീരുണങ്ങാത്ത കൺപോളകൾ വിടർത്തി കൊച്ചുമകന്റെ പുഞ്ചിരി തൂകുന്ന ചിത്രത്തിലേക്കവർ ആർത്തിയോടെ നോക്കി.
പോലീസിന്റെ സാന്നിധ്യം സമരക്കാരുടെ ആവേശം ഇരട്ടിയാക്കി.
പെട്ടെന്ന് എവിടെ നിന്നോ പാഞ്ഞെത്തിയ ഒരു
കൽച്ചീള് ഉമ്മയുടെ നെറ്റിയിൽ വന്നു പതിച്ചു.
'അള്ളോ...'
ഹൃദയഭേദകമായ നിലവിളിയെ മുക്കിക്കളഞ്ഞുകൊണ്ട് ലാത്തിച്ചാർജ്ജിനുള്ള ആക്രോശം മുഴങ്ങി.
ആ കുരുതിക്കളത്തിനു നടുവിൽ നില കിട്ടാതെ ഉമ്മവായുവിൽ തുഴഞ്ഞു.ബോധാബോധങ്ങളുടെ അതിരുകളിലെവിടെയോ വായിലേക്കൊഴുകുന്നത് ചോരയാണെന്നു പോലുമറിയാതെ അവരതു നുണയാൻ തുടങ്ങി.
ആളുകളെ തള്ളി മാറ്റി അവർക്കരികിലേക്ക് ഓടിയെത്തിയ ശാരദയുടെ കൈയിലേക്ക് ചോരയൊലിക്കുന്ന നെറ്റിയുമായ് അവർ ബോധമറ്റു വീണു.
നാളുകൾ കുറേ കടന്നുപോയി.
ആരവങ്ങളൊടുങ്ങിയ, ആവേശമവസാനിച്ച ശാന്തമായ കലാലയത്തിലൂടെ
ഒരു വട്ടം കൂടി ഉമ്മ നടന്നു.
അനുവാദത്തിനു കാത്തുനിൽക്കാതെ നേരെ പ്രിൻസിപ്പലിന്റെ മുന്നിലെത്തി.
'ടീച്ചറെ ന്റെ അശ്റപ്പ്...!'
അപ്രതീക്ഷിതമായ ആ ആഗമനമുണ്ടാക്കിയ പരിഭ്രമം സമർത്ഥമായി മറച്ച് അവർ മുന്നിലെ കസേര ചൂണ്ടിക്കാട്ടി.
'ഇരിക്കൂ'
ഉമ്മ പതിയെ ആ കസേരയിലേക്കിരുന്നു.
അൽപ്പനേരം അവർക്കിടയിൽ മൗനം കനം പിടിച്ചു നിന്നു.ആ മൗനമുണ്ടാക്കിയ ശ്വാസംമുട്ടലിനെ ഒരു മുരടനക്കം കൊണ്ടു ഭേദിച്ച് പ്രിൻസിപ്പൽ പറഞ്ഞു തുടങ്ങി
'നോക്കൂ...നിങ്ങളെ പോലെ തന്നെ ഞങ്ങളും നിസ്സഹായതയിലാണ്.അഷ്റഫ് ഞങ്ങളുടെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു.
പോലീസ് അന്വേഷണം നടക്കുകയാണല്ലോ.അഷ്റഫിനെ തിരിച്ചു കിട്ടും എന്നു തന്നെ നമുക്ക് പ്രത്യാശിക്കാം'
ആ വൃദ്ധയുടെ മുഖം അലയൊടുങ്ങിയതു പോലെ ശാന്തമായിരുന്നു.
'പോലീസ്കാരട്ത്ത് ഞമ്മള് പോയീര്ന്ന്.ഓരിക്ക് ഒന്നും അറിഞ്ഞിട്ടില്ലാന്ന് പറഞ്ഞ്.പഠിക്കാൻ വിട്ടതല്ലേ ഞമ്മളോനെ....പഠിച്ച് ബല്യ എഞ്ചിനീറായിറ്റ് ബരാൻ....എന്താ ന്റെ കുട്ടിക്ക് പറ്റീത് ന്നെങ്കിലും അറിഞ്ഞിനെങ്കില്....'
അവരുടെ കണ്ണുകൾ പിന്നെയും പിന്നെയും നിറഞ്ഞു കൊണ്ടിരുന്നു.
അതു തുടക്കാൻ മെനക്കെടാതെ അവർ പതിയെ എഴുന്നേറ്റു.
'പോട്ടെ മോളെ...'
വിറയ്ക്കുന്ന ചുവടുകളോടെ മുറ്റം കടക്കുമ്പോൾ എവിടെ നിന്നോ പറന്നു വന്ന ഒരു കടലാസു കഷ്ണം അവരുടെ കാലിൽ തൊട്ടു.
പുഞ്ചിരി തൂകുന്ന കൊച്ചുമകന്റെ ചിത്രം മാറോടു ചേർത്ത് അവർ നെഞ്ചു പൊട്ടിക്കരഞ്ഞു.
'ന്റെ അശ്റപ്പേ.....!'
ഹൃദയം തകർന്ന ആ കരച്ചിൽ കലാലയത്തിന്റെ ചുവരുകളിൽ തട്ടി പ്രതിദ്ധ്വനിച്ചു.
കുട്ടികൾ ഓരോരുത്തരായി അവർക്കു ചുറ്റും കൂടി.നിശ്ശബ്ദമായ,നിശ്ചേഷ്ടമായ സമൂഹത്തിന്റെ ഒരു പ്രതിരൂപം അവർക്കു ചുറ്റും രൂപം കൊണ്ടു.
ഉമ്മ പതിയെ മുഖമുയർത്തി ഓരോ മുഖത്തേക്കും മാറിമാറി നോക്കി.
'ന്റെ കുട്ടി മരിച്ചോന്നെങ്കിലും ഒന്നറിഞ്ഞെങ്കില്....ഓന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്ക്വെങ്കിലും ചെയ്യാൻ....ഏട്യാ മക്കളെ ഇന്റെ മോൻ മാത്രം മാഞ്ഞുപോയത്?
എന്താ ന്റെ കുട്ടിക്ക് പറ്റീത്?
ആരാ ഓനെ ഇങ്ങനെ മായ്ച്ച് കളഞ്ഞത്?'
ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചുറ്റും മാറ്റൊലി കൊണ്ടപ്പോൾ കുട്ടികൾ നിസഹായതയോടെ പരസ്പരം നോക്കി.
പിന്നെ പതിയെ പിന്തിരിഞ്ഞു നടന്നു തുടങ്ങി.
വിശാലമായ കലാലയാങ്കണത്തിൽ ആ വൃദ്ധ മാത്രം ബാക്കിയായി.
പേരക്കുട്ടിയുടെ ചിത്രം നെഞ്ചിലടുക്കി ഉള്ളു പോലെ പൊള്ളുന്ന മണ്ണിലേക്ക് അവർ കമിഴ്ന്നു വീണു.അവർക്കു ചുറ്റും കാറ്റ് വീശിക്കൊണ്ടിരുന്നു.
പാതിയഴിഞ്ഞ് മരത്തിൽ തൂങ്ങിനിന്നിരുന്ന ഒരു ബാനർ കാറ്റിൽ പറന്ന് അവരെ വന്നു മൂടി.മരവിച്ചു തുടങ്ങിയ ആ ശരീരത്തിനു ചൂടേകാനെന്ന പോലെ അഷ്റഫ് അവരെ പൊതിഞ്ഞു.ചിത്രത്തിൽ അപ്പോഴും അവൻ പുഞ്ചിരിച്ചു കൊണ്ടിരുന്നു.

By Divija
2
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo