Slider

വറീതിന്റ എളിയ ആഗ്രഹം(കുഞ്ഞു കഥ)

1
വറീതിന്റ എളിയ ആഗ്രഹം(കുഞ്ഞു കഥ)
================================
മതിവരാത്ത ഉറക്കമെന്ന വില്ലൻ, പീളകെട്ടിച്ച് തളച്ചിട്ട കൺപോളകളെ, കൈവള്ള കൊണ്ട് തിരുമ്മി മോചിപ്പിച്ചു കൊണ്ട് അയാൾ മുറ്റത്തേക്ക് ഇറങ്ങി... മെറ്റൽ വിരിച്ച മുറ്റത്തു കൂടി ദിനപത്രത്തെ ലാക്കാക്കി നീങ്ങുമ്പോൾ മെറ്റലിന്റെ കൂർത്ത അഗ്രങ്ങൾ കാലിൽ തറച്ച് പ്രതിരോധം തീർക്കുന്നുണ്ടായിരുന്നു.. എന്തോ, ഈ ദേശാഭിമാനി വായിക്കുന്നത് ഈ പിന്തിരിപ്പൻ മെറ്റൽകൂട്ടങ്ങൾക്ക് താൽപര്യക്കുറവ് ഉള്ളത് പോലെ...
മുറ്റത്തിന് അരികിലുളള കൃത്രിമക്കുളത്തിലെ മീനുകളോട് സുപ്രഭാതം പറയാൻ ചെന്നപ്പോൾ, അതിനുള്ളിലെ ആമ്പലിന്റെ ഇലകളിൽ മൂരാച്ചികളായ ഒച്ചു കുഞ്ഞുങ്ങൾ കയറി വിലസുന്നത് അയാൾ കണ്ടു.. പുതുതായി തളിരിട്ട ഇലകളെ പതിയെ പതിയെ അകത്താക്കലാണ് അവറ്റകളുടെ ലക്ഷ്യം.. കയ്യിൽ കിട്ടിയ ഒച്ചുകളെ എടുത്ത് പുറത്തിട്ടപ്പോൾ വെളിയിൽ കാത്ത് നിന്ന കുനിയനുറുമ്പുകൾ ആനന്ദ പുളകിതരായി അവയ്ക്കു മേലേ അരിക്കാൻ തുടങ്ങി..
മുൻവശത്തെ റോഡിലൂടെ പതിവില്ലാതെ ബൈക്കുകളും കാറുകളും താഴേക്ക് പോകുന്നുണ്ടല്ലോ? 'വല്ല കാലക്കേടും സംഭവിച്ചോ ആവോ ' എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ബേബിച്ചായൻ ധൃതിയിൽ പോകുന്നതയാൾ കണ്ടു.. മൂപ്പരുടെ നടത്തത്തിന് ബ്രേക്ക് ഇടിയിച്ചു കൊണ്ടയാൾ കാര്യം തിരക്കി.. "നീ അറിഞ്ഞാല്ലേടാ ഉവ്വേ.. നമ്മടെ ആനക്കാട്ടിലെ വറീത് മരിച്ചു.. ഇന്ന് പുലർച്ചെ.. അറ്റാക്കായിരുന്നെന്ന് പറയണകേട്ടു.. ഞാനൊന്ന് അവിടെ കേറീട്ട് ജോലിക്ക് പോകാന്ന് കരുതിയാ ... നീ വരുന്നേൽ പോരേ..ഞാനവിടെ കാണും.." ഇതും പറഞ്ഞ് ബേബിച്ചായൻ റോഡിലെ ഇളകിയ മെറ്റലുകളെ, തന്റെ തേഞ്ഞു തീരാറായ റബർ ചെരിപ്പ് കൊണ്ട് അരികിലേക്ക് തട്ടിമാറ്റി പരേതന്റെ വീട്ടിലേക്ക് വച്ചുപിടിച്ചു.
ഇതൊന്നും വകവക്കാതെ പറമ്പിനകത്തെ ആഞ്ഞിലിമരത്തിലെ കാക്ക തന്റെ കുഞ്ഞുങ്ങൾക്ക് തീറ്റ തേടിക്കൊണ്ട് അയാൾക്ക് മുകളിലൂടെ പറന്നു പോയി. അയാളും വറീതിനെ കാണാനായി വേഗം ഒരുങ്ങിയിറങ്ങി.. പോകും മുൻപേ മുഖപുസ്തകത്തിലൂടെ ഒന്ന് കണ്ണോടിച്ചു.. " ഓഹ്... ഇന്നും ഒരു മാറ്റവുമില്ലല്ലോ... ഇന്നിപ്പോ പിണറായി ചിരിക്കാത്തതല്ല പ്രശ്നം.. ഒരു കണക്കിന് മൂപ്പർ ഒന്നു ചിരിച്ചു തുടങ്ങിയതാണ്.. പക്ഷേ ഇതിപ്പോ ഏതോ ഒരു ആരാധകൻ പയ്യന്റെ സെൽഫിക്ക് മുഖം കൊടുക്കാത്തത് ട്രോളൻമാരേയും മനുഷ്യ സ്നേഹികളേയും എന്തിനധികം മനുഷ്യാവകാശ പ്രവർത്തകരെ വരെയും വേദനിപ്പിച്ചിരിക്കുന്നു... എന്നാലും ഈ സെൽഫിക്ക് ഇത്ര പ്രാധാന്യമുണ്ടോ ഈശ്വരാ... എന്നോർത്തയാൾ മൊബൈൽ സൈലന്റിൽ ഇട്ട് വറീത് മാപ്പിളയെ കാണാൻ പുറപ്പെട്ടു.
പുത്തൻ പണക്കാരുടെ ഇടയിലെ പൊങ്ങച്ചക്കാരനായിരുന്നു വറീത് മാപ്പിള, ഭാര്യ മറിയാമ്മ മരിച്ചതോടെ ഏകാന്തവാസമായിരുന്നു.. ഏക സന്തതി മേരിയെ മഞ്ഞ് വീഴ്ച കാണാൻ ഭർത്താവുമൊന്നിച്ച് കാനഡയിൽ വിട്ടതാണ്.. പിന്നെ മടങ്ങി വന്നിട്ടില്ല.. അവിടെ താമസമാക്കാൻ വേണ്ടി മാത്രം, അമ്മയാകാൻ താൽപര്യമില്ലാഞ്ഞിട്ട് കൂടി മേരി ഒരു അമ്മയായി.. പിന്നീട് തന്റെ മോളേയും കൊച്ചുമോനേയും വറീത് മൊബൈൽ സ്ക്രീനിൽ മാത്രമേ കണ്ടിട്ടുള്ളൂ.. ഇത്തിരി അസൂയയും കുശുമ്പും വച്ചു പുലർത്തുന്ന അയൽക്കാർ കുശലാന്വേഷണരൂപേണ മേരിയുടെ വരവിനെ കുറിച്ച് ചോദിക്കും.. ചോറ് തന്നെ കഴിക്കുന്നത് കൊണ്ടാകാം കുത്തിനോവിക്കണതാണ് എന്ന് മനസിലാക്കുന്ന മാപ്പിള, ദാണ്ടേ ഇങ്ങനെ മറുപടിയും കൊടുക്കും.."എന്തിനാടാ ഉവ്വേ അവര് ഇങ്ങട് ഈ വയസനെ കാണാൻ വരണത്.. വേണ്ടാത്ത കാശ് ചെലവാക്കാനോ.. പിന്നെ ഇപ്പോ ആളെക്കണ്ട് അല്ലേ സംസാരിക്കണത്.. എന്നാടാ ഉവ്വേ ..അതിന് മേരി പറയണ പേരുണ്ടല്ലാ.. ആഹ്....എച്ച് ഡി ക്ലാരിറ്റി.. പിന്നെ കാണാൻ തോന്നുമ്പോ വാട്ട്സ്ആപ്പിൽ ചുമ്മാ ഒരു മെസേജ് അങ്ങ് കാച്ചും.. ഓഹ്.. പിന്നെ തുരു തുരാ സെൽഫി അല്ലേ.. ഈ സെൽഫി കണ്ടു പിടിച്ചത് എന്നായാലും കാര്യായി എന്നാ എന്റെ ഒരു ഇത്..." ഇത് കേൾക്കുന്നതും കുറച്ചു നാളത്തേക്ക് ആരും മോളെക്കുറിച്ച് ചോദിക്കുകയുമില്ല, മോള് കാനഡയിൽ നിന്നൊട്ട് വന്നുമില്ല.
പാവം വറീത് മാപ്പിള ... അയാൾ വറീതിന്റെ ഓർമ്മകൾ അങ്ങേരുടെ വീടിന്റെ ടൈലുവിരിച്ച മുറ്റത്തു നിന്ന് അയവിറക്കി.. റബർ മരത്തിന്റെ ചിരട്ടയിൽ വീഴുന്ന അവസാന തുള്ളി പാലിനായി കാത്തു നിന്ന് അതിൽ നിന്ന് ഷീറ്റ് അടിച്ചും, പറമ്പിലെ കുരുമുളകു കൂലിക്ക് ആളെ നിർത്താതെ സ്വയം കയറി പറിച്ചും, തോട്ടിയിൽ അരിവാളു വച്ചുകെട്ടി പറിക്കുന്നതും, രാത്രിയിൽ വവ്വാൽ കടിച്ചിടുന്നതുമായ അടയ്ക്കകൾ കൂട്ടിവച്ചും കഷ്ട്ടപ്പെട്ട് പിശുക്കി ജീവിച്ചിരുന്ന മനുഷ്യൻ.. സ്ഥലത്തിന് വില കൂടിയപ്പോൾ കുറച്ച് സ്ഥലം മുറിച്ച് വിറ്റ് കാശുകാരുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചു.. മോളെ നല്ല നിലയിൽ കാനഡിൽ ജോലിയുള്ള പയ്യനെക്കൊണ്ട് കെട്ടിച്ചു നാട്ടിൽ നിന്നും പറഞ്ഞ് വിട്ടു.. ഉള്ളിലെ സങ്കടം അടയ്ക്ക കൂട്ടി വക്കുന്നതു പോലെ മനസിൽ സ്വരുക്കൂട്ടിയതിനാലാകണം കാലക്രമേണ ബ്ലഡ് പ്രഷർ കൂടി.. കഴിക്കുന്ന ബീഫിന്റെ നെയ്യുടെ പ്രാക്കും, പാവം ഹൃദയത്തിന് ഓവർലോഡും കൂടി വന്നപ്പോൾ ഒന്നാമത്തെ അറ്റാക്ക് മുന്നറിയിപ്പായി എത്തി.. വറീത് അതിനെ മരുന്ന് കൊണ്ട് നേരിട്ടപ്പോൾ, കാനഡയിലുള്ള മകളുടെ വാട്ട്സ്അപ്പിലൂടെ "ടേക്ക് കെയർ ഡാഡി " എന്ന മെസേജിന്റെ എണ്ണം കൂടി..അതും പോരാഞ്ഞിട്ട് അപ്പന്റയും അമ്മ മറിയാമ്മയുടേയും കൂടെയുള്ള ചെറുപ്പത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ സ്കാൻ ചെയ്ത് മേരി പ്രൊഫൈൽ ചിത്രമാക്കി ഇട്ടു.. തീർന്നില്ല.. താഴെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു... "മിസ്സിംഗ് എലോട്ട് മൈ ലവിംഗ് ഡാഡി "... ഇതിൽ കൂടുതൽ ഒരു എൻ.ആർ.ഐ മകൾ എങ്ങനെയാ അപ്പനെ സ്നേഹിക്കണത്.. കുറ്റം പറയാൻ ഒക്കില്ലല്ലോ... എന്നയാൾ ചിന്തിച്ചു.
അപ്പോഴാണ് മുറ്റത്തു പൊങ്ങിയ സുന്ദരൻ പന്തൽ അയാൾ ശ്രദ്ധിച്ചത്.. കല്യാണത്തിന് പടം പിടിക്കണ ഫോട്ടോഗ്രാഫർമാർ ലൈറ്റും പൊക്കി ചുറ്റുപാടും നടന്ന് സങ്കടങ്ങൾ ഒപ്പുന്നു.. അപ്പന്റെ ഓർമ്മ ദിവസം വരുമ്പോൾ ഫോട്ടോക്ക് മുൻപിൽ പൂക്കൾ വച്ച്, വീഡിയോ പ്രദർശനം നടത്തി സങ്കടം പങ്കിടാൻ അങ്ങേരുടെ മോള്, മേരി തരപ്പെടുത്തിയ പ്രത്യേക സെറ്റപ്പുകളാണ് ഇതൊക്കെ എന്ന് അടുത്തു നിന്ന ബേബിച്ചായൻ അടക്കം പറഞ്ഞു.. ലൈറ്റും ക്യാമറാമാനും അടുത്ത് വന്നപ്പോൾ സ്വന്തം അപ്പൻ മരിച്ചതിലും കൂടുതൽ വികാരാധീനനായ മുഖഭാവത്തോടെ ബേബിച്ചായനും കൂടെ അയാളും ക്യാമറയെ നേരിട്ടു.. പാവം വറീത് ഫ്രീസറിൽ മോള് മേരിയെയും കാത്ത് തണുത്ത് കിടന്നു.
അധിക ദിവസം താമസിച്ചില്ല. മൂന്നിന്റെ അന്ന് മേരിയും പരിവാരങ്ങളും സങ്കടത്തിന്റെ കടൽ ഒഴുക്കി അപ്പന്റെ ഫ്രീസറിന് മുമ്പിൽ എത്തി.. കോട്ടും സൂട്ടുമിട്ട് ചെറുപുഞ്ചിരിയോടെ കിടന്ന വറീതിനെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലേക്ക് യാത്രയാക്കാൻ പെട്ടിയിൽ വച്ചു.. അവസാന മുത്തം നൽകിയ മേരിക്കരികിൽ നിന്നു കൊണ്ട് പെട്ടി അടക്കും മുൻപേ മരുമകൻ അത് ചെയ്തു.. അതെ.. ഒടുക്കത്തെ സെൽഫി... അപ്പോൾ തന്നെ മകൾ മേരിയുടേയും മരുമകന്റെയും വാട്ട്സ് അപ് ഡി.പി.അപ്ഡേഷൻ വന്നതയാൾ കണ്ടു.. അപ്പന്റെ ശവപ്പെട്ടിക്കരികിലുള്ള മകളുടെ സെൽഫി ചിത്രം.. സ്റ്റാറ്റസിൽ ഇങ്ങനെയും കുറിച്ചിരുന്നു.. "ഫീലിംഗ് സാഡ് " ..
ഇതൊക്കെ കണ്ടു കിടന്ന വറീതു മാപ്പിളയുടെ ആത്മാവ് ഒരു പക്ഷേ ഒന്നു മാത്രമേ ആഗ്രഹിച്ചു കാണൂ എന്നയാൾക്ക് തോന്നി.. അതായത് ,മുകളിൽ ചെല്ലുമ്പോൾ ഇനി കർത്താവ് കൂടി സെൽഫി എടുക്കാതിരുന്നാൽ മതിയായിരുന്നു എന്ന എളിയ ആഗ്രഹം.. വറീതിന്റെ ശവപ്പെട്ടി ആംബുലൻസിലേക്ക് കയറ്റുമ്പോൾ മുറ്റത്ത് ഓരം പറ്റി നിന്ന കുരുമുളക് കൊടി, ഒന്നു രണ്ടു പഴുത്ത തിരികൾ പൊഴിച്ചു കൊണ്ട് സങ്കടം പ്രകടിപ്പിച്ചത് കണ്ടു.. അത് മാത്രമാണയാൾ ആ മരണവീട്ടിൽ കണ്ട കാപട്യമില്ലാത്ത സങ്കടം..
### ഷെഫീർ ###
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo