Slider

തിയറി ഓഫ് മര്‍ഡര്‍:തിരുവെഴുത്തുകളുടെ രാത്രി

1

തിയറി ഓഫ് മര്‍ഡര്‍:തിരുവെഴുത്തുകളുടെ രാത്രി
**********************************************
ഇതൊരു ചുവന്ന വൈകുന്നേരമാണ്.ഹോളിമാഗി ചര്‍ച്ചിനു മുന്‍പിലെ പെരുന്നാള്‍ പ്രദക്ഷിണത്തിനു അണിനിരന്നിരിക്കുന്ന ചുവന്ന മുത്തുക്കുടകള്‍.പ്രദക്ഷിണവരവ് നോക്കി ദൂരെയാകാശത്ത് തൂങ്ങിനില്‍ക്കുന്ന ചുവന്ന മേഘശകലങ്ങള്‍.പ്രദക്ഷിണം പോകുവാനായി മൂവാറ്റുപുഴ -കോട്ടയം റോഡിന്റെ ഓരത്ത് ചേര്‍ത്ത് നിര്‍ത്തിയ കെ.എസ്.ആര്‍.റ്റി.സി ബസ്സില്‍ ഇരുന്നു മൂന്നു രാജാക്കളുടെ പള്ളിയിലേക്ക് നോക്കി കുരിശുവരച്ചു.
“രാജാക്കന്‍മാരെ എനിക്ക് വേണ്ടി പ്രാര്‍ഥിച്ചാലും.”
ജയിലിലെ അഞ്ചുവര്‍ഷങ്ങള്‍ എന്നെ ആകെ മാറ്റിയിരിക്കുന്നു..ഇപ്പോള്‍ എന്റെ ആശ്രയം ബൈബിളാണ്.കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഞാന്‍ ബൈബിള്‍ എത്രവട്ടം വായിച്ചു.?എത്രവട്ടം പഠിച്ചു.?അറിയില്ല.ഒന്നറിയാം.എല്ലാത്തിനും ഉത്തരം സത്യവേദപുസ്തകത്തിലുണ്ട്.ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം മനസ്സില്‍ ഉരുവിട്ടു.
“കര്‍ത്താവാണ് എന്റെ ഇടയന്‍.മരണത്തിന്റെ നിഴല്‍വീണ താഴ്വരയിലൂടെയാണ് നടക്കുന്നതെങ്കിലും ഞാന്‍ ഭയപ്പെടുകയില്ല.”
വണ്ടി മുന്‍പോട്ട് എടുത്തതും ഒരാള്‍ ഓടിവരുന്നത്‌ കണ്ടു.വണ്ടിയുടെ വേഗം കുറഞ്ഞെങ്കിലും അയാള്‍ വണ്ടിക്കരികില്‍ എത്തിയില്ല.അയാള്‍ കുഴഞ്ഞുവീണിരിക്കുന്നു.
പെരുന്നാള്‍ സന്ധ്യയുടെ ചുവന്നവെട്ടത്തില്‍ ആ മനുഷ്യന്‍ വീണുകിടന്നു.ഒരു ആള്‍ക്കൂട്ടത്തിന്റെ വൃത്തം അയാള്‍ക്ക് ചുറ്റും രൂപപ്പെട്ടിരിക്കുന്നു.
“ശ്വാസമില്ല.”ആരോ പറയുന്നു.
വണ്ടിയില്‍ നിന്നിറങ്ങി അയാളുടെ അടുത്തെത്താന്‍ ഒരുനിമിഷം പോലും വേണ്ടിവന്നില്ല.ജയിലില്‍ കഴിഞ്ഞാലും ഒരു ഡോക്ടര്‍ ,എപ്പോഴും ഡോക്ടര്‍ തന്നെയാണ്.മലര്‍ത്തിക്കിടത്തി,ശിരസ്സ്‌ നേരേവച്ച് ,നെഞ്ചിന്റെ മധ്യബിന്ദുവില്‍ കൈയ്യമര്‍ത്തി ,സി.പി.ആര്‍ കൊടുക്കാന്‍ തുടങ്ങി.കൈ വിറയ്ക്കുന്നുണ്ടായിരുന്നു .പഠിച്ചതെല്ലാം താന്‍ ജയിലില്‍വച്ച് മറന്നോ ?
“ഭയപ്പെടേണ്ട ഞാന്‍ നിന്നോട് കൂടിയുണ്ട്.ഞാന്‍ നിന്നെ ശക്തിപ്പെടുത്തുന്ന ദൈവമാണ്.”ഉള്ളിലിരുന്നു അവന്‍ പറയുന്നു.
ചുറ്റും കൂടി നില്‍ക്കുന്നവര്‍ അത് മൊബൈലില്‍ പകര്‍ത്തുകയാണ്.ഒരു ആംബുലന്‍സ് വിളിക്കാന്‍ പറഞ്ഞ തന്റെ ശബ്ദം അവരുടെ ബഹളത്തില്‍ മുങ്ങുകയാണ്.
പൊടുന്നനെ അയാള്‍ ചലിച്ചു.ദേഹം വിറച്ചു കൊണ്ട് അയാള്‍ കണ്ണ്തുറന്നു.അയാളുടെ ഹൃദയം മിടിച്ചു തുടങ്ങിയിരിക്കുന്നു.മുഷിഞ്ഞ മുണ്ടും ഷര്‍ട്ടുമണിഞ ആ മദ്ധ്യവയസ്കക്കനെ മെല്ലെ എഴുന്നേല്‍പ്പിച്ചിരുത്തി.
“നിങ്ങള്‍ ആശുപത്രിയില്‍ പോകണം.” എന്റെ ശബ്ദം അയാള്‍ കേട്ടില്ലയെന്നു തോന്നി.
“ബസ് പുറപെടുകയായി.എനിക്കതില്‍ കയറണം.” അയാള്‍ ബസ്സിനു നേര്‍ക്ക് കൈചൂണ്ടി.
എന്റെയും മറ്റുള്ളവരുടെയും എതിര്‍പ്പ് വകവയ്ക്കാതെ അയാള്‍ ബസ്സില്‍ കയറി.ഞാന്‍ അയാളുടെ അരികില്‍ ഇരുന്നു.
എന്റെ ചോദ്യങ്ങള്‍ക്ക് അയാള്‍ മറുപടി നല്കിയില്ല.പത്തനംതിട്ടക്കുള്ള ടിക്കറ്റ് കാശ് കൊടുത്തു അയാള്‍ സീറ്റിലേക്ക് ചാരിക്കിടന്നു.ഈ യാത്രയില്‍ ,അയാള്‍ എന്റെയരികിലിരുന്നു മരിക്കുമോ?അയാളുടെ മെലിഞ്ഞ നെഞ്ചിന്‍കൂടിന്റെ മിടിപ്പ് ഞാന്‍ അറിഞ്ഞു.
അയാള്‍ ഓടിമറയുന്ന രാത്രിയുടെ വഴിയരികിലെ ഇരുള്‍ക്കൂനകളിലേക്ക് നോക്കിയിരിക്കുക്കയാണ്.
ഞാന്‍ ബൈബിള്‍ തുറന്നു വായിക്കുന്നത് കണ്ടു അയാള്‍ തല തിരിച്ചു എന്നെ നോക്കി.അയാളുടെ കണ്ണുകളില്‍ പുച്ഛമാണ്.
“നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ ?”
“അതെ.” ഞാന്‍ ഒരു ജയില്‍പുള്ളി കൂടിയായിരുന്നു എന്ന് അയാളോട് എങ്ങനെ പറയും ?
“ഡോക്ടര്‍ ,ഓരോ മനുഷ്യനും ഓരോ നിമിഷവും അബോധമനസ്സില്‍ ആലോചിക്കുന്ന കാര്യം എന്താണ് എന്ന് അറിയാമോ ?” അയാള്‍ ചോദിച്ചു.
“എന്താണ്?”
“ആത്മഹത്യ ചെയ്യാതിരിക്കാന്‍ ഉള്ള കാരണമാണു ഓരോ മനുഷ്യനും എപ്പോഴും അന്വേഷിക്കുന്നത്.ഓരോ നിമിഷവും വ്യര്‍ത്ഥമായ ജീവിതം തുടരുവാന്‍ ഉള്ള കാരണമാണ് അവന്‍ ആലോചിക്കുന്നത്.”
“ജീവിതം വ്യര്‍ത്ഥമാണ് എന്നാര് പറഞ്ഞു.?”
ഇരുട്ടില്‍ അയാള്‍ ചിരിക്കുന്നത് ഞാന്‍ കണ്ടു.
“സഭാപ്രസംഗകന്‍ തുറക്കൂ ,അതിലെ ഒന്നാമാത്തെ അദ്ധ്യായം വായിക്കൂ ?” അയാള്‍ പറഞ്ഞു.
ഞാന്‍ അത് തുറന്നു വായിച്ചു.
“മിഥ്യകളില്‍ മിഥ്യ ! സകലതും മിഥ്യ മനുഷ്യന്റെ അധ്വാനത്തിന് എന്ത് ഫലം?തലമുറകള്‍ വരുന്നു. പോകുന്നു.ഉണ്ടായത് തന്നെ വീണ്ടുമുണ്ടാകുന്നു.ചെയ്തത് തന്നെ വീണ്ടും ചെയ്യുന്നു.സൂര്യന് കീഴെ പുതിയതായി ഒന്നുമില്ല.”
ദു:ഖിതരായ കറുത്ത മാലാഖമാരെപ്പോലെ ഇരുട്ടില്‍ കുനിഞ്ഞുനില്‍ക്കുന്ന മരകൂട്ടങ്ങള്‍ പിന്നിലാക്കി ബസ് പാഞ്ഞു.
“പക്ഷേ നിങ്ങള്‍ ദൈവത്തിന്റെ സ്നേഹം മറക്കുന്നു.നൂറാടുകളില്‍ ഒന്നിനെ നഷ്ടപ്പെട്ടാലും കാണാതായ ആടിനെ തിരയുന്നതാണ് ദൈവസ്നേഹം.”ഞാന്‍ അയാളെ ഓര്‍മ്മിപ്പിച്ചു.
അയാള്‍ ഒന്നും മിണ്ടിയില്ല.
“നിങ്ങള്‍ എങ്ങോട്ട് പോവുകയാണ് ?നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് ?” ഞാന്‍ ചോദിച്ചു.
“ഞാനും ഒരിടയനായിരുന്നു.ആടിനെ നഷ്ടപ്പെട്ട ഇടയന്‍.പക്ഷെ എന്റെ തിരച്ചിലിന് ദൈവം എന്നെ സഹായിച്ചില്ല.”
അയാള്‍ പറഞ്ഞുതുടങ്ങി.
>>>>>>>>>>>>>>>>>>>>>>
അയാളുടെ പേര് ലോപ്പസ് എന്നായിരുന്നു.മോനിപ്പള്ളിക്കടുത്തായിരുന്നു അയാള്‍ താമസിച്ചുകൊണ്ടിരുന്നത്.ഭാര്യ ഗ്രേസിയും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകന്‍ സാവിയോയും.അവരുടേത് ഒരു സന്തുഷ്ടകുടുംബമായിരുന്നു.
സാവിയോ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു.മാതാപിതാക്കളെ ഏറെ സ്നേഹവും ബഹുമാനവുമുള്ള മകന്‍.ഗ്രെസിക്ക് മകന്‍ ജീവനായിരുന്നെങ്കിലും ലോപ്പസ് കര്‍ക്കശക്കാരനായിരുന്നു.ഗ്രേസി പഠിപ്പിക്കുന്ന സ്കൂളിലായിരുന്നു സാവിയോയും പഠിച്ചത്.ഒന്നേ ഉള്ളുവെങ്കില്‍ ഉരലിലിട്ടു തല്ലി വളര്‍ത്തണം എന്നായിരുന്നു അയാള്‍ വിശ്വസിച്ചിരുന്നത്.അധികം ലാളിച്ചാല്‍ അവന്‍ വഷളായി പോകും എന്ന് സണ്‍ഡേസ്ക്കൂള്‍ അധ്യാപകനായ അയാള്‍ വിചാരിച്ചു.എങ്കിലും ഉള്ളില്‍ അയാള്‍ക്ക് മകനോട് കടലിനേക്കാള്‍ വലിയ സ്നേഹമുണ്ടായിരുന്നു.
രണ്ടു വര്‍ഷം മുന്‍പായിരുന്നു അത്. പത്താംക്ലാസിലെ പരീക്ഷ തീര്‍ന്നതിന്റെ പിറ്റേന്ന് രാവിലെ സാവിയോ അപ്പന്റെ അരികില്‍ വന്നു.
“അപ്പാ,എനിക്കൊരു കാര്യം പറയണം.”
റബ്ബര്‍പാലിന്റെ ഡി.ആര്‍.സി അളക്കുവാന്‍ തോട്ടത്തിലെ വീപ്പയില്‍ നിന്ന് പാല്‍ സാമ്പിള്‍ എടുക്കുന്ന തിരക്കിനിടയില്‍ മകന്‍ വന്നത് കൊണ്ട് അയാള്‍ക്ക് ദേഷ്യം വന്നു.
“നിനക്കിപ്പോ തന്നെ പറയണോ.വല്ലതും പഠിച്ചു സ്വന്തം കാലില്‍ നില്ക്കാന്‍ നോക്ക്.എന്നിട്ട് മതി അപ്പനോട് കാര്യം പറയാന്‍ വരുന്നത്.”
വേനല്‍ അവധിക്ക് കൂട്ടുകാരുടെ കൂടെ മൂന്നാര്‍ കറങ്ങാന്‍ പോകണം എന്ന് അവനു ആഗ്രഹമുള്ള വിവരം കുറച്ചു ദിവസം മുന്‍പ് ഗ്രേസി അയാളോട് പറഞ്ഞിരുന്നു.മകന്‍ അക്കാര്യം പറഞ്ഞു കാശ് ചോദിയ്ക്കാന്‍ വന്നതാവും എന്നാണ് അയാള്‍ വിചാരിച്ചത്.
അപ്പന്റെ ദേഷ്യം കണ്ടു കുറച്ചു പരുങ്ങിയ ശേഷം അവന്‍ സ്വന്തം മുറിയിലേക്ക് പോയി.റബ്ബര്‍പാലുമായി അയാളും ടൌണിലേക്ക് പോയി.
ലോപ്പസ് വൈകുന്നേരമായപ്പോള്‍ തിരികെ വന്നു.റബ്ബര്‍പാല്‍ വിറ്റ കാശുമായാണ്‌ അയാള്‍ വന്നത്.പത്താം ക്ലാസ് പരീക്ഷക്ക് അവന്‍ ഉറക്കമിളച്ചു കഷ്ടപ്പെട്ടു പഠിച്ചതാണ്.അത് കൊണ്ട് അവന്‍ മൂന്നാര്‍ കറങ്ങാന്‍ പോകുന്നെങ്കില്‍ പോയിക്കോട്ടെ എന്നയാള്‍ കരുതി.പക്ഷെ സാവിയോ അപ്പോള്‍ വീട്ടില്‍ ഇല്ലായിരുന്നു.അമ്മയുടെ കയ്യില്‍ നിന്ന് പണവും വാങ്ങി അവന്‍ കോട്ടയത്തു റിലീസ് ചെയ്ത പുതിയ സിനിമയുടെ മാറ്റിനി കാണാന്‍ പോയിരുന്നു.
സന്ധ്യ മയങ്ങിയിട്ടും സാവിയോ സിനിമ കഴിഞ്ഞു തിരികെ വന്നില്ല.
അവന്‍ പിന്നെ ഒരിക്കലും വന്നില്ല.
>>>>>>>>>>>>>>>>>>>>>>
ദൂരെ അവ്യക്തമായ വരകള്‍ പോലെ കിടക്കുന്ന മലനിരകളിലേക്ക് നിറഞ്ഞ കണ്ണുകളോടെ നോക്കിയിരിക്കുന്ന ലോപ്പസ്.മനസ്സില്‍ നൂറ്റിയിരുപത്തിയൊന്നാം സങ്കീര്‍ത്തനമുയര്‍ന്നു.
“പര്‍വതങ്ങളിലേക്ക് ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു.എനിക്ക് സഹായം എവിടെ നിന്ന് വരും ?”
ഞാന്‍ അയാളുടെ കൈ ചേര്‍ത്തുപിടിച്ചു.വഴിയരികിലെ മാതാവിന്റെ മടിയില്‍ കിടത്തിയിരിക്കുന്ന യേശുവിന്റെ വലിയ പിയാത്തെ ശില്‍പ്പത്തിനു സമീപത്തു കൂടെ വണ്ടി കടന്നുപോകുമ്പോള്‍ ഞാന്‍ സാവിയോയുടെ അമ്മയെ ഓര്‍ത്തു .ഒരേ ഒരു മകനെ നഷ്ടപെട്ട അവര്‍ ഇത് എങ്ങനെ സഹിച്ചിട്ടുണ്ടാകും.ഗ്രേസി ?
“പിന്നെ എന്ത് സംഭവിച്ചു.?”
“പോലീസില്‍ പരാതിപ്പെട്ടു.അവര്‍ കുറെ അന്വേഷിച്ചു.പത്രങ്ങളില്‍ പരസ്യം കൊടുത്തു.പക്ഷെ ഒരു തുമ്പും കിട്ടിയില്ല.അവനെ കാണാതെ ഗ്രേസി തളര്‍ന്നു വീണു.അവനെത്തിരഞ്ഞു ഞാന്‍ ഒരുപാടിടങ്ങളില്‍ അലഞ്ഞു.കണ്ടില്ല.വിഷാദം തിങ്ങി എന്റെ ഹൃദയം തകരാറിലായി.അവന്‍ അന്ന് എന്തിനായിരിക്കും എന്റെ അടുത്തു വന്നത് ?അവന്‍ എന്നോട് എന്താണ് പറയാന്‍ ആഗ്രഹിച്ചിരുന്നത് ?അവനോടു ദേഷ്യപ്പെട്ട ആ നിമിഷത്തെ ഞാന്‍ ശപിച്ചു.വിഷാദം തിങ്ങി എന്റെ ഹൃദയം തകരാറിലായി.ഗ്രേസിയുടെ മുഖം കാണാന്‍ എനിക്ക് വയ്യായിരുന്നു.അവന്റെ പ്രായത്തിലുള്ള കുട്ടികളുടെ അജ്ഞാതജഡങ്ങള്‍ തിരിച്ചറിയുവാന്‍ പോകുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ട്.മോര്‍ച്ചറിയിലെ തണുപ്പില്‍ ജഡത്തിന്റെ മുഖത്തെ വെളുത്ത തുണി നീക്കുമ്പോള്‍ അത് അവന്‍ ആകരുതേ എന്നുള്ള ജീവന്‍ വിട്ടുള്ള എന്റെ പ്രാര്‍ത്ഥന. മന്ത്രവാദികളുടെ അടുത്തും സിദ്ധന്‍മാരുടെ അടുത്തും പോയി.പക്ഷേ എന്റെ മകനെ മാത്രം കിട്ടിയില്ല.അങ്ങനെ എന്റെ മാനസികനില തെറ്റി.ഒരുദിവസം ഒരു ലാടവൈദ്യന്‍ വീട്ടില്‍ വന്നു.ഞാന്‍ അയാളോടും എന്റെ മകന്റെ കാര്യം പറഞു.വളരെ നിസ്സാരമായി മുറ്റത്ത്‌ കിടന്ന ഒരു കല്ലെടുത്ത്‌ അയാള്‍ പറമ്പിലേക്ക് എറിഞ്ഞു.
“ആ കല്ല്‌ വീണിടത്ത് നിങ്ങളുടെ മകന്‍ കിടപ്പുണ്ട്.” അയാള്‍ പറഞ്ഞു.
“എനിക്ക് വന്ന ദേഷ്യം നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.റബ്ബര്‍ വെട്ടുന്ന കത്തിയെടുത്തു ഞാന്‍ അയാളെ കുത്തി.കഷ്ടിച്ചാണ്‌ അയാളുടെ ജീവന്‍ രക്ഷപെട്ടത്.മാനസികനില തെറ്റിയതിനാല്‍ എന്നെ ഭ്രാന്താശുപത്രിയിലാക്കി.ഒന്നരവര്‍ഷമായി ഞാന്‍ അവിടെയാണ്.ഞാന്‍ ഇപ്പോള്‍ അവിടെനിന്ന് രക്ഷപെട്ട് വരികയാണ്.എനിക്ക് ഇനി ഒരു കാര്യം ചെയ്യണം.ഒരു സ്ഥലത്തു കൂടിയേ എനിക്ക് അവനെ അന്വേഷിക്കാനുള്ളു.അവിടംകൂടി അന്വേഷിക്കണം.”
“എവിടെയാണത്?” ഞാന്‍ ചോദിച്ചു.
അപ്പോള്‍ ബസ് കൂത്താട്ടുകുളത്തു എത്തിയിരുന്നു.ഒരു സ്ത്രീയും പുരുഷനും ബസ്സിലേക്ക് കയറി.അവര്‍ ബസ്സിന്റെ മുന്‍ഭാഗത്ത്‌ പോയിരിക്കുന്നത് ഞാന്‍ കണ്ടു.ബസ് നീങ്ങിത്തുടങ്ങിയപ്പോള്‍ വിന്‍ഡോ ഷട്ടര്‍ താഴ്ത്തി സ്ത്രീ പുരുഷന്റെ മടിയിലേക്ക് തല ചായ്ച്ചു.
പെട്ടെന്ന് ലോപ്പസ് എന്റെ തോളിലേക്ക് ചരിഞ്ഞു.അയാളുടെ കണ്ണുകള്‍ പുറകോട്ടു മറിയാന്‍ തുടങ്ങുന്നതു ഞാന്‍ കണ്ടു.കാര്‍ഡിയാക്ക് അറസ്റ്റ്.
“ആ കല്ല്‌ ,വീണത്‌..വീണത്‌ ..വീടിന്റെ പുറകില്‍ നില്‍ക്കുന്ന ഇല്ലിക്കൂട്ടത്തിന്റെ അരികിലാണ്.” അയാളുടെ ശബ്ദം വിക്കുന്നു.
അയാളുടെ കണ്ണ് പുറകോട്ടു പൂര്‍ണ്ണമായും മറിഞ്ഞു.എന്തെങ്കിലും ചെയ്യുവാന്‍ കഴിയുന്നതിനുമുന്പ് എന്റെ നെഞ്ചിലേക്ക് ചാഞ്ഞുവീണു അയാള്‍ മരിച്ചു.
ആ നിമിഷം പക്ഷേ ഞാന്‍ ശാന്തനായിരുന്നു.കാരണം അവിടുത്തെ വചനങ്ങള്‍ എനിക്ക് ശക്തി തരുന്നു.
ലോപ്പസ് ,നിങ്ങള്‍ നന്നായി പൊരുതി.ഓട്ടം പൂര്‍ത്തിയാക്കിയിരിക്കുന്നു.വിശ്വാസം കാത്തു.നിങ്ങള്‍ക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു.നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ് അന്തിമവിധി ദിവസം അത് നിങ്ങള്‍ക്ക് സമ്മാനിക്കും.
അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ ലോപ്പസിന്റെ വീട്ടിലേക്ക് പോകാം.പക്ഷെ അതിനു മുന്‍പേ കര്‍ത്താവ് അയാളെ വിളിച്ചിരിക്കുന്നു.
അവിടെ ഇനി ഇറങ്ങേണ്ടത് താനാണ്.അവസാനനിമിഷം ലോപ്പസ് പറഞ്ഞത് വ്യക്തമാണ്.ഒരേ ഒരു ഇടം കൂടിയേ അയാള്‍ക്ക് മകനെ തിരയേണ്ടതായി ഉണ്ടായിരുന്നുള്ളൂ.അത് ആ ലാടവൈദ്യന്‍ എറിഞ്ഞ കല്ല്‌ വീണ സ്ഥലമാണ്‌.അയാളുടെ വീടിനു പുറകിലെ ഇല്ലിക്കൂട്ടത്തിനു അരികില്‍.
ഞാന്‍ ലോപ്പസിനെ സീറ്റിലേക്ക് ചാരിയിരുത്തി .ഇപ്പോള്‍ അയാള്‍ ഉറങ്ങുന്നതായെ തോന്നു.
അടുത്ത സ്റ്റോപ്പായപ്പോള്‍ ഞാന്‍ ഇറങ്ങി.ഒപ്പം കൂത്താട്ടുകുളത്ത് നിന്ന് കയറിയ ആ സ്ത്രീയും പുരുഷനും ഇറങ്ങുന്നത് കണ്ടു .അവര്‍ ഒരു ഓട്ടോയില്‍ കയറി പോയി.കവലയില്‍ നിന്ന് ഒരു കട്ടന്‍ കാപ്പി കുടിച്ചതിനു ശേഷം ഞാനും ഒരു ഓട്ടോക്കാരന്റെ അടുത്ത് ചെന്ന് ലോപ്പസിന്റെ വീട്ടിലേക്ക് കൊണ്ട് പോകാമോ എന്ന് ചോദിച്ചു.അയാള്‍ക്ക് ആ വീട് അറിയാമായിരുന്നു.
“ഒരഞ്ചു മിനിറ്റായതെ ഉള്ളു ലോപ്പസിന്റെ കെട്ടിയോള്‍ ഗ്രേസി കവലയില്‍നിന്ന് ഓട്ടോയില്‍ പോയത്.”ഓട്ടോക്കാരന്‍ പറഞ്ഞു.
ആ സ്ത്രീയുടെയും പുരുഷന്റെയും കാര്യമാണ് അയാള്‍ പറയുന്നത്.ആ സ്ത്രീ ഗ്രേസിയാണ്.
“മറ്റെയാള്‍ ആരാ ..ആങ്ങളയാണോ ?” ഞാന്‍ ചോദിച്ചു.
“ഹഹ ആങ്ങളയോ...അത് അവളുടെ കൂടെ സ്കൂളില്‍ പഠിപ്പിക്കുന്ന മാഷല്ലേ...”അയാള്‍ പറയുന്നു.അയാളുടെ സ്വരത്തില്‍ ഒരു പുച്ഛം.
“അപ്പോള്‍ അവര്‍ തമ്മില്‍..”
“ഹഹ പെണ്ണുങ്ങള്‍ അല്ലെ സാറേ..ഇപ്പോഴത്തെ കാലമെല്ലേ..ഇത് വല്ലതും വലിയ കാര്യമാണോ ?” അയാള്‍ വീണ്ടും ചിരിക്കുന്നു.
.ലോപ്പസിന്റെ വീട്ടിലേക്കുള്ള വഴിയില്‍ ഓട്ടോ നിര്‍ത്തിയിറങ്ങി.അല്‍പ്പം ഉള്ളിലായി റബ്ബര്‍തോട്ടത്തിന്റെ നടുക്ക് ലോപ്പസിന്റെ വീട്.ഇരുട്ടില്‍ ഞാന്‍ ആ വീട്ടിലേക്ക് നോക്കി കുറച്ചുനേരം നിന്നു.പിന്നെ അങ്ങോട്ട്‌ നടന്നു.
ലോപ്പസിന്റെ വീട്ടില്‍ വെളിച്ചമുണ്ടായിരുന്നു.ബെല്ലടിച്ചപ്പോള്‍ അഴിഞ്ഞുലഞ്ഞ മുടിയുമായി വെളുത്തു തടിച്ച ആ സ്ത്രീ വാതില്‍ തുറന്നു.നൈറ്റിയണിഞ്ഞ മാദകരൂപം.
ഗ്രേസി.
“ലോപ്പസിന്റെ ഭാര്യ ഗ്രേസി അല്ലെ ?” ഞാന്‍ ചോദിച്ചു.
ഇത് മകന്‍ നഷ്ടപ്പെട്ട അമ്മയല്ല.മനസ്സില്‍ ഒരു പിയാത്തോ ശില്‍പം ഉടഞ്ഞുവീഴുന്നു.
“അതെ.ആരാ ?” അവരുടെ സ്വരത്തില്‍ ഈര്‍ഷ്യയുണ്ട്.
അകത്തെ മുറിയില്‍ നിന്ന് ബസ്സില്‍ വച്ച് കണ്ട ചെറുപ്പക്കാരന്‍ ഇറങ്ങിവന്നു.
അവര്‍ പറയാതെ തന്നെ ഞാന്‍ സ്വീകരണമുറിയിലെ സോഫയില്‍ ഇരുന്നു.ഭിത്തിയില്‍ നിഷ്കളങ്കനായ ഒരു പതിനാലുകാരന്റെ വെളുത്തമുഖം ഫ്രെയിം ചെയ്തിരിക്കുന്നു.
സാവിയോ.
“ഞാന്‍ ലോപ്പസിന്റെ സുഹൃത്താണ്.എനിക്ക്..നിങ്ങളുടെ പറമ്പ് ഒന്ന് പരിശോധിക്കണം.”
“എവിടെ ..എന്തിനു ...നിങ്ങള്‍ ആരാണ്..” അവരുടെ സ്വരം പതറുന്നു.
“ഈ വീടിനു പുറകിലെ ഇല്ലിയുടെ അരികില്‍ കുഴിച്ചു നോക്കണം .നിങ്ങളുടെ കാണാതായ മകന്‍ അവിടെയുണ്ടോ എന്ന് പരിശോധിക്കാന്‍.””ഞാന്‍ പറഞ്ഞു.
“നിങ്ങള്‍ ആരാണ് ..നിങ്ങള്‍ക്ക് എങ്ങനെ അറിയാം?...” ആ ചെറുപ്പക്കാരന്റെ ശബ്ദം ഉയര്‍ന്നു.
അബദ്ധം പറ്റിയത് പോലെ ഗ്രേസി അയാളെ നോക്കി.പിന്നെ അവള്‍ എന്നെ നോക്കി.അവളുടെ കണ്ണുകള്‍ ചുവക്കുന്നത് ഞാന്‍ കണ്ടു.മുഖം വലിഞ്ഞു മുറുകുന്നു.അവള്‍ അകത്തുപോയി പെട്ടെന്ന് തിരിച്ചുവന്നു.അവളുടെ കയ്യില്‍ ഒരു കൈത്തോക്കുണ്ടായിരുന്നു.
“നിങ്ങള്‍ കാലന്റെ മാലാഖയായിരിക്കും.എല്ലാമറിഞ്ഞിട്ടു തന്നെയാണ് നിങ്ങളുടെ വരവ് എന്ന് എനിക്കറിയാം.എങ്കിലും എന്റെ നാവില്‍ നിന്ന് തന്നെ ഒരിക്കല്‍കൂടി നിങ്ങള്‍ എല്ലാമറിഞ്ഞോ.കാരണം നിങ്ങള്‍ ഇനി ഇവിടെ നിന്ന് ജീവനോടെ മടങ്ങുകയില്ല.”
അവള്‍ കൈത്തോക്ക് എന്റെ നെഞ്ചിലേക്ക് ചൂണ്ടി മുരണ്ടു.ആ ചെറുപ്പക്കാര്‍നും അവളുടെ ഭാവമാറ്റം കണ്ടു ഒരുനിമിഷം നിശ്ചലനായത് പോലെ.
“ഈ നില്‍ക്കുന്നത് എന്റെ കാമുകനാണ്.ഒരേ സ്കൂളില്‍ ഒരുമിച്ചു പഠിപ്പിക്കുന്ന ഞങ്ങള്‍ വര്‍ഷങ്ങളായി സ്നേഹത്തിലായിരുന്നു.ആരുമറിയാതെ എല്ലാം രഹസ്യമായി മുന്‍പോട്ടു പോകുന്നതിനിടയില്‍ ആ നശിച്ച ചെറുക്കന്‍ ഒരുദിവസം ഞങ്ങളെ ഒരുമിച്ചു കണ്ടു.അവനു നേരത്തെ സംശയമുണ്ടായിരുന്നു.ഇപ്രാവശ്യം അവന്‍ അത് അപ്പനോട് പറയും എന്നുറപ്പായപ്പോള്‍ ഞാന്‍ അവനെ വെട്ടിക്കൊന്നു.ഒരു വാഴ വെട്ടിയരിയുന്നത്‌ പോലെ .പിന്നെ വീടിനു പുറകിലെ ഇല്ലിയുടെ ചുവട്ടില്‍ കുഴിച്ചിട്ടു.”
പൈശാചികമായ സ്വരത്തില്‍ അവളതു പറയുമ്പോള്‍ ഞാന്‍ ശാന്തനായി കേട്ട് കൊണ്ടിരുന്നു.പക്ഷെ എന്റെ കണ്ണുകള്‍ ഭിത്തിയിലെ നിഷ്കളങ്കനായ ആ ബാലന്റെ മുഖത്തായിരുന്നു.ഞാന്‍ ബൈബിള്‍ തുറന്നു വായിച്ചു.
“‘പ്രവാചകന്‍മാരുടെ പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണകാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല.”
ഒരുനിമിഷം അവളുടെ കണ്ണുകള്‍ ഭിത്തിയിലെ മകന്റെ ചിത്രത്തിലേക്ക് പോയത് ഞാന്‍ കണ്ടു.
“ഗ്രേസി ,സാവിയോ നിന്നെ പതിനാല് വര്‍ഷം അമ്മ എന്ന് വിളിച്ചത് വെറുതെയായി.” ഞാന്‍ പറഞ്ഞു.
അവളുടെ കൈവിറച്ചു.എനിക്ക് ആ ഒരു നിമിഷം മതിയായിരുന്നു.
ഒരു മിന്നല്‍ പോലെ ഞാന്‍ അവളുടെ കയ്യില്‍ നിന്ന് ആ തോക്ക് തട്ടിയകറ്റി.അതിപ്പോള്‍ എന്റെ കയ്യിലാണ്.
സ്വന്തം കുഞ്ഞിനെ കൊന്ന ആ സ്ത്രീയും അവളുടെ ജാരനും രണ്ടു പ്രതിമകളെ പോലെ കടലാസു പോലെ പേടിച്ചു വെളുത്ത മുഖവുമായി എന്റെ മുന്നില്‍ നില്‍ക്കുന്നു.ഞാന്‍ ബൈബിള്‍ മടക്കിമാറ്റി വച്ചു.
“ബൈബിളിലെ ഒരുപാട് വചനങ്ങള്‍ എനിക്കിഷ്ടമാണ്.പക്ഷെ ഏറ്റവും ഇഷ്ടമുള്ള വചനം ഞാന്‍ നിങ്ങളോട് പങ്കുവയ്ക്കാം..അതൊരു പക്ഷേ ഞാന്‍ ഒരു ക്രിമിനല്‍ ആയതു കൊണ്ടാവാം.”
ഞാന്‍ തോക്ക് അവരുടെ നേരെ ചൂണ്ടി .പിന്നെ പറഞ്ഞു
.
“ജറെമിയാ പ്രവാചകന്റെ പുസ്തകം അന്‍പത്തിയൊന്നാം അദ്ധ്യായം.സൈന്യങ്ങളുടെ രാജാവായ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.വേശ്യയായ ബാബിലോണ്‍ ആകാശംവരെ ഉയര്‍ന്നാലും ഉന്നതങ്ങളില്‍ കോട്ട കെട്ടിയാലും ഞാന്‍ അവളുടെ മേല്‍ സംഹാരകനെ അയക്കും.അവളുടെ ശക്തിദുര്‍ഗങ്ങള്‍ നിലംപതിക്കും.കവാടങ്ങള്‍ അഗ്നിക്കിരയാക്കും.എന്തെന്നാല്‍ കര്‍ത്താവ്‌ പ്രതികാരത്തിന്റെ ദൈവമാണ്.അവിടുന്ന് പകരംവീട്ടും.”
രണ്ടു ശവങ്ങള്‍ നിലത്തു വീഴുന്നത് വരെ ഞാന്‍ നിറയൊഴിച്ചു.പിന്നെ കുരിശു വരച്ചു ബൈബിളും തോക്കും ബാഗിനുള്ളില്‍ വച്ചു.ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടി സാവിയോയുടെ ചിത്രത്തിലേക്ക് നോക്കി.
ഞാന്‍ ഇവിടെനിന്ന് മടങ്ങുകയാണ്.തിരുവെഴുത്തുകള്‍ നിറവേറപ്പെടുന്ന ന്യായവിധികളുടെ രാത്രികള്‍ ഇവിടെ തുടങ്ങുകയാണ്.
(അവസാനിച്ചു)

Anish

(ഇത് തിയര്‍ ഓഫ് മര്‍ഡര്‍ സീരിസില്‍പ്പെട്ട മൂന്നാമത്തെ കഥയാണ്‌.മറ്റു രണ്ടു കഥകളും ഗ്രൂപ്പില്‍ ഉണ്ട് )
1.തിയറി ഓഫ് മര്‍ഡര്‍-https://www.facebook.com/groups/nallezhuth/permalink/1441672009248615/
2.തിയറി ഓഫ് മര്‍ഡര്‍-ചുവപ്പും വെളുപ്പുംhttps://www.facebook.com/groups/nallezhuth/permalink/1500271330055349/

1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo