Slider

മൃതി

0
മൃതി
--------
" മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൽ മനസ്സിൽ "
പകുതി പാടിത്തീർത്ത പാട്ടിന്റെയിടയിൽ അരുവിയുടെ ഒഴുക്ക് പോലെ " രാത്രികളിൽ നിലാവ് വിഴുങ്ങിത്തീർക്കുന്ന കാർമേഘങ്ങൾ, നനഞ്ഞ പ്രഭാതങ്ങൾ, വരണ്ട സായാഹ്നങ്ങൾ ഇവ മാത്രമാണെന്റെ ജീവൻ പകുത്തെടുക്കുന്നത്, എനിക്കും നിനക്കുമിടയിൽ അനന്തമായ അകലം!!!! " എന്ന വരികൾ കയറി വന്നത് കനിയെ അസ്വസ്ഥമാക്കിയിരുന്നു.
അങ്ങനെ ഒരു വരി ആ പാട്ടിൽ ഇല്ലെന്നുറപ്പായിരുന്നു!! തിരിച്ചും മറിച്ചും കേട്ടിട്ടും പിന്നീടാ വരികൾ കേട്ടില്ല. ഇനി തോന്നൽ മാത്രമാണോ?? .. അല്ല.. അത് ആ പാട്ടിന്റെ ഇടയിൽ നിന്നും കേട്ടത് തന്നെയാണ്..
അനന്തമായകലം സൃഷ്ടിച്ച് ആ വരികൾ എവിടൊക്കെയോ കൊരുത്തു വലിക്കുന്നു. അദൃശ്യമായ സാമീപ്യം പോലെ ആരോ അടുത്തിരുന്ന് കാതിൽ ബന്ധമില്ലാത്ത വരികൾ പറയുന്നത് പോലെ.
" മോളെ കനി ", അമ്മയാണ് വിളിക്കുന്നത്
ദാ വരുന്നമ്മെ!!
മോളെ ഈ കൈയൊന്ന് തിരുമിത്താ!! വല്ലാത്ത വേദന, കൊട്ടംചുക്കാദി തൈലത്തിന്റെ പാതി തീർന്നൊരു കുപ്പിയുമുണ്ട് കൈയിൽ, അത് വാങ്ങി അമ്മയുടെ കൈയെടുത്ത് തോളിൽ വെച്ച് ഉഴിയുന്നതിനിടയിൽ കനി ആ വരികൾ മൂളിക്കൊണ്ടിരുന്നു.
എനിക്കും നിനക്കുമിടയിൽ അനന്തമായ അകലം!!
ആർക്കിടയിലാടി കൊച്ചെ അകലം?? അമ്മയുടെ മുഖത്ത് ഗൂഢമായൊരു ചിരി!!
ഒന്ന് പോ അമ്മേ, അമ്മയറിയാതെ എനിക്കാരോടകലം? ആരോടടുപ്പം?
ങാ, ഇല്ലെങ്കിൽ കൊള്ളാം!! അമ്മയെഴുന്നേറ്റ് പോയി
ഭ്രാന്തമായ ആവേശത്തോടെ ചിന്തകൾ കയറി വരുന്നു.
ആ വരികൾ നീ കേട്ടിട്ടുണ്ട് കനി, ആ വരികൾ നിനക്കറിയാം, പോയ കാലത്തിലെവിടെയോ ആ വരികൾ നിന്നിൽ നീ അറിയാതെ ഇറങ്ങി ചെന്നിട്ടുണ്ട്, അവൾ അവളോടായി പറഞ്ഞു.
മേശവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കൈയ്യിൽ കിടന്നിരുന്ന കരിവളകൾ കൂടുതൽ ഇരുണ്ടത് പോലെ, ചിന്തകളുടെ സ്വയംഭോഗം സൃഷ്ടിച്ച അവസാനത്തെ വിയർപ്പുകണവും കാറ്റിൽ അലിഞ്ഞില്ലാതെയായി, അവളും ഉറക്കവും ബന്ധമില്ലാത്ത കുറെ സ്വപ്നങ്ങളും മാത്രം ബാക്കി.
" പ്രിയപ്പെട്ട കനി, ഞാനാണ് നീ, നീയാണ് ഞാൻ, നീ തിരയുന്ന ഞാൻ നീയാണ് "...
ഞെട്ടിയെഴുന്നേറ്റ കനി ആരെയും കണ്ടില്ല, അതൊരു സ്വപ്നമായിരുന്നെന്ന് മനസിലാക്കി വന്നപ്പോളേക്കും മഴയോടൊപ്പം " ഹൃദയവും മനസും രണ്ടാണെന്നോ? " എന്ന ചോദ്യം ആ മുറിയിൽ നിറഞ്ഞിരുന്നു.
ഉള്ളിൽ തോന്നിയ ഭയം പുറത്ത് കാണിക്കാതെ മനസിനെ കാർന്നു തിന്നുന്ന, ഉറക്കത്തെ ഇല്ലാതാക്കുന്ന ചിന്തകളുടെ പുറകെ കനി നടന്നു തുടങ്ങിയിരുന്നു. എങ്ങോട്ടാണ് ആ പോക്കെന്ന് ഒരു പിടിയുമില്ലാതെ.
" ആരോ എന്നെ പിന്തുടരുന്നു, അയാൾക്കും എനിക്കുമിടയിലുള്ള അകലത്തിന് അനന്തതയോളം ദൂരം " എന്നൊരു കുറിപ്പ് ഡയറിയുടെ ഒരു മൂലക്ക് അവൾ എഴുതി വെച്ചിരുന്നു. ഇരുട്ടിനെ പുൽകിയത് പോലെ കറണ്ടും പോയി.
ഇരുട്ട് നിറഞ്ഞിരുന്ന വരാന്തയിൽ ഇറങ്ങിയിരുന്ന കനി വിരിഞ്ഞു വരുന്ന നിശാഗന്ധിയുടെ വാസനയിൽ അലിഞ്ഞു ചേർന്നു. ആ പൂവിതളിനും എന്തൊക്കെയോ പറയാനുണ്ട്!!
" കനി, എന്നെ നോക്ക് ഇന്ന് വിരിഞ്ഞു ചിരിച്ച് നിൽക്കുന്നു, നേരം വെളുക്കുമ്പോൾ കരിഞ്ഞു പോകും, എനിക്ക് കൂട്ടായി നിലാവും മേഘങ്ങളും, മരണവും മാത്രം ". മരണം ഒരുതരത്തിൽ പറഞ്ഞാലൊരു രക്ഷപ്പെടലാണ്, പ്രണയമില്ലാത്ത, വിരഹമില്ലാത്ത ലോകത്തേക്കുള്ള രക്ഷപ്പെടൽ.
പൂവേ, മരണം നിനക്കെന്താണോ അത് പോലെയാണ് ജീവിതമെനിക്കും. മരണത്തിൽ നീ സന്തോഷിക്കുന്നത് പോലെ ഞാൻ ജീവനിൽ സന്തോഷിക്കുന്നു. മരിക്കാൻ നിനക്ക് ഭയമുണ്ടാവില്ല, ജീവിക്കാനെനിക്കും. നിനക്ക് കൂട്ട് നിലാവും മേഘങ്ങളുമാണെങ്കിൽ എനിക്ക് കൂട്ട് ഇന്നലെയുടെ സ്വപ്നങ്ങളാണ്.
കൂടുതലൊന്നും പറയാതെ കനി അകത്തേക്ക് കയറിപ്പോയി, നിലാവിനെ മറച്ച് വലിയൊരു ഇരുണ്ട മേഘം ആകാശത്തേരേറി വന്നു.
അകത്തെ മുറിയിൽ അമ്മയുറങ്ങുന്നുണ്ട്, കനി അമ്മയുടെ ഓരം ചേർന്ന് കിടന്നു.
" എന്താ മോളെ അമ്മയോടൊരു സ്നേഹക്കൂടുതൽ?? ". ഒന്നുമില്ലമ്മേ ഉറക്കം വന്നില്ല, അമ്മേടെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു കിടന്നാൽ ഒരു സുഖമാണ്. അമ്മ അവളുടെ നെറ്റിയിൽ വെറുതെ വിരലോടിച്ചു.
" അമ്മേ, മരണം എന്താണ് ? "
" മിണ്ടാതെ പോകുന്നുണ്ടോ നീ!! പാതിരാത്രിയാണ് അവളുടെ സംശയം" മരണത്തെക്കുറിച്ച് കേൾക്കുന്നത് തന്നെ അമ്മക്ക് പേടിയാണ്!! അമ്മയെന്തിനാ മരണത്തെ ഇത്ര പേടിക്കുന്നത്, എന്തായാലും ഒരു ദിവസം മരിക്കണ്ടേ??
പെട്ടന്നായിരുന്നു കറന്റ് വന്നതും, മുകളിലെ നിലയിൽ നിന്ന് " രാത്രികളിൽ നിലാവ് വിഴുങ്ങിത്തീർക്കുന്ന കാർമേഘങ്ങൾ, നനഞ്ഞ പ്രഭാതങ്ങൾ, വരണ്ട സായാഹ്നങ്ങൾ ഇവ മാത്രമാണെന്റെ ജീവൻ പകുത്തെടുക്കുന്നത്, എനിക്കും നിനക്കുമിടയിൽ അനന്തമായ അകലം!!!! " വീണ്ടും മുഴങ്ങിയതും!!
ഒരൊറ്റ ഓട്ടത്തിന് കനി മുറിയിലെത്തി, അലങ്കോലമായി കിടക്കുന്ന മുറി,ഷെൽഫിൽ ഉണ്ടായിരുന്ന സകല പുസ്തകങ്ങളും വാരി വലിച്ചിട്ടിരിക്കുന്നു!! ആ പാട്ട് മാത്രം കേൾക്കുന്നില്ല!!
ആരാണ് ഈ മുറിയിങ്ങനെയാക്കിയത്?? ആ പാട്ട് ഏതാണ്?? എന്തിനാണാ വരികളെന്നെ പിന്തുടരുന്നത്??
അമ്മേ.. അമ്മേ... ഒന്നിങ്ങോട്ടു വായോ..
" എന്താ മോളെ? എന്ത് പറ്റി? "
രാത്രിയുടെ മൂന്നാം യാമം തുടങ്ങുന്നതേയുള്ളൂ, ഉറക്കത്തിൽ നിന്നെണീറ്റ് വന്ന അമ്മ കണ്ടത് വാരിവലിച്ചിട്ട മുറിയിൽ നിലത്ത് വീണ് കിടക്കുന്ന പുസ്തകങ്ങളുടെയിടയിൽ വല്ലാത്തൊരു ഭയത്തോടിരിക്കുന്ന കനിയെയാണ്!!
" ആരാ മോളെ ഈ മുറിയിങ്ങനെയാക്കിയത്? "
അറിയില്ലമ്മേ, പക്ഷെ ആരോ ഈ മുറിയിൽ കയറിയിട്ടുണ്ട്. ഞാനമ്മയുടെ അടുത്ത് കിടന്ന സമയം കൊണ്ട് ആരോ ഈ മുറിയിൽ വന്നിട്ടുണ്ട്. ആരാണത് എന്നെനിക്കറിയണം!!
" നീ വാ മോളെ, അമ്മയുടെ അടുത്ത് കിടക്കാം, രാവിലെ അച്ചുവേട്ടനോട് വരാൻ പറയാം, നമുക്ക് അന്വേഷിക്കാം " അമ്മയുടെ മറുപടിയിൽ അത്ര വിശ്വാസമില്ലാത്തത് പോലെ കനിയുടെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു. അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുമ്പോളും ഹൃദയതാളം അത്യുച്ചത്തിൽ മിടിച്ചു കൊണ്ടിരുന്നു.
കുറെ നേരം കഴിഞ്ഞവൾ ഉറങ്ങിയപ്പോളും അമ്മ ഉറങ്ങാതെ കാവലിരുന്നു.
രാവിലെ അച്ചുവേട്ടൻ വന്ന് വീടും പറമ്പുമൊക്കെ ചുറ്റി നടന്ന് നോക്കി. " ഓപ്പോളേ, ഇവിടെ കൊഴപ്പൊന്നുമില്ലാന്നേ, ഇന്നലെ കാറ്റടിച്ചപ്പോൾ മുറിയിലെ പുസ്തകങ്ങളൊക്കെ വീണതാവും " എന്ന് പറഞ്ഞപ്പോളാണ് അമ്മക്ക് ആശ്വാസമായത്.
കുട്ടിയെവിടെ ഓപ്പോളെ??
ഇന്നലെ അവൾ ശരിക്ക് പേടിച്ചൂന്ന് തോന്നുന്നു, ചെറിയൊരു ചൂടുണ്ട്, അകത്ത് കിടക്കുന്നുണ്ട്. ഞാൻ വിളിക്കാം!!
" സാരല്ല്യ, ഞാൻ പോവാണ്. പാടത്ത് പണിക്കാരുണ്ട് അത്രടം വരെയൊന്ന് പോകണം "
നേരമിത്തിരി കഴിഞ്ഞിരിക്കുന്നു, അകത്ത് മുറിയിൽ ചെന്ന അമ്മ കനിയെ കണ്ടില്ല, അന്വേഷിച്ചു ചെന്നപ്പോൾ കീറിപ്പറിഞ്ഞ പുസ്തകങ്ങളുടെയിടയിൽ ഏതോ ഒരു പുസ്തകവും പിടിച്ച് ഇരിക്കുന്നുണ്ട്.
" മോളെ, നീയെന്തിനാ ഇവിടെ വന്നത്? അച്ചുവേട്ടൻ വന്നിട്ട് പോയി, ഇവിടെയാരും വന്നിട്ടുണ്ടാവില്ല എന്നാ പറഞ്ഞത്. "
അല്ലമ്മേ, ഇവിടെയാരോ വന്നിട്ടുണ്ട്, അത് പറയുമ്പോൾ വല്ലാത്തൊരു ഭാവം അവളുടെ മുഖത്തുണ്ട്, നിമിഷത്തിന്റെ ചെറിയൊരംശത്തിൽ ചിത്തഭ്രമത്തിന്റെ നിഴലാട്ടം ആ കണ്ണുകളിൽ മിന്നി മാഞ്ഞു.
ഉള്ളിൽ തോന്നിയ പേടി പുറത്ത് കാണിക്കാതെ അമ്മയെന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു. പക്ഷെ നീറിപ്പുകയുന്ന ചിന്തകളെ മനസിന്റെ ആഴങ്ങളിൽ കോരിയിട്ട് കനിയിലെ വിഷാദരോഗി തലപൊക്കിയിരുന്നു, ആർക്കും പിടികൊടുക്കാതെ അവളെങ്ങനെ വഴുതിമാറി നടന്നു.
നിറച്ചാർത്തണിഞ്ഞ സന്ധ്യയുടെ ആരവം പോലെ, തിരയൊടുങ്ങാത്ത ആഴി പോലെ പ്രക്ഷുബ്ധമായ മനസുമായി കനി നാല് ചുവരുകൾക്കുള്ളിൽ സ്വയം തളച്ചിരുന്നു. ചിരിക്കുമ്പോൾ പോലും വിഷാദം കണ്ണിലൊളിപ്പിച്ച കനി ബോധത്തെയും ഉപബോധത്തെയും ഒരേസമയം ആവാഹിച്ചത് പോലെ.
" ഞാൻ നീയാണ്, നീ ഞാനാണ് " എന്നിടക്ക് പറയുമ്പോൾ ആരോടോ ഉള്ള തന്മയീഭാവം പകർന്നാട്ടം നടത്തിയിരുന്നു. ദിവസങ്ങൾ വേഗത്തിൽ പോകുന്നുണ്ട്.
സന്തോഷമാണോ ദുഃഖമാണോ എന്ന് വേർതിരിച്ചെടുക്കാനാവാത്ത വികാരം ഗൂഢമായി കണ്ണിലൊളിപ്പിച്ച ഒരു ദിവസം കനി അമ്മയോട് വീണ്ടും മരണത്തെക്കുറിച്ച് ചോദിച്ചു. അമ്മയുടെ കൈയിൽ നിന്ന് ഒരടിയും വാങ്ങി നെറ്റിയിൽ ഒരുമ്മയും കൊടുത്ത് അമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ്
" അമ്മേ, എനിക്കൊരു കാൾ വരും, അമ്മയെണീക്കണ്ട, ഞാനെടുത്തോളാം " എന്ന് പറഞ്ഞുറങ്ങാൻ കിടന്നു.
രാത്രിയുടെ ഏതോ സമയത്ത് ഉറക്കം വിട്ടെണീറ്റ അമ്മ കനിയെ അവിടെങ്ങും കണ്ടില്ല. ആധിപിടിച്ച മനസുമായി മുകൾ നിലയിൽ ചെന്ന അമ്മ കണ്ടത് സാരിയിൽ തൂങ്ങിക്കിടക്കുന്ന കനിയെയായിരുന്നു.
ചിതറിക്കിടക്കുന്ന പുസ്തകങ്ങൾക്കിടയിൽ ഒരു പുസ്തകം മാത്രം തുറന്നു കിടന്നിരുന്നു. അതിൽ ഒരു വാചകവുമുണ്ടായിരുന്നു.
" വരാന്തയിലെ ചാരുകസേരയിൽ നിന്ന് പ്രിയപ്പെട്ടൊരാൾ നടന്നകന്നപ്പോളുണ്ടായ ശൂന്യത വളർന്നിന്നൊരു തമോഗർത്തമായിരിക്കുന്നു... തിരികെ വരില്ല എന്നറിയുന്നത് കൊണ്ടാവാം രണ്ടധരങ്ങൾക്കിടയിലുള്ള അകലത്തിന് അനന്തതയുടെ ദൂരമുണ്ടായത്. എനിക്കും നിനക്കുമിടയിലെ അകലം തേടി വരുന്നു, ഞാൻ നീയാണ് ".
നെഞ്ച് പൊട്ടുന്ന വേദനയിൽ അമ്മയാ പുസ്തകം കൈയിലെടുത്തു, അതിന്റെ ചട്ടയിൽ " നന്ദിതയുടെ കവിതകൾ " എഴുതിയിരുന്നു. അവസാനത്തെ പേജിൽ നിഗൂഢമായ കയ്യക്ഷരത്തോടെ " ബൈപോളാർ " എന്നുമെഴുതിയിരുന്നു.. വിഷാദപർവ്വം നീന്തിക്കയറിയ ഏതോ ബോധനിമിഷത്തിൽ എഴുതിവെച്ചത് പോലെ....
ചാറി പെയ്ത മഴയിൽ അവിടേക്ക് കയറി വന്ന കാറ്റിന്റെ ചൂളം വിളിയിൽ " ഇപ്പോൾ ഞാൻ മനസിലാക്കുകയാണ് നിന്നെ മറക്കുകയെന്നാൽ മൃതിയാണെന്ന്. ഞാൻ..... നീ മാത്രമാണെന്ന്.... " എന്ന വരികൾ നിറഞ്ഞിരുന്നു, പെട്ടന്നായിരുന്നു താഴത്തെ നിലയിൽ നിന്ന് ഫോൺ ചിലച്ചത്!!!!..
ഫിബിൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo