കഥ
ഇടറുന്ന വഴികൾ
" ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഭഗവതിക്കാവിലെ മൂത്തകോമരത്തിനു നേരിടേണ്ടിവരുന്ന ദുരന്താനുഭവങ്ങൾ.''
" നിറഞ്ഞ ഭക്തിയും.. കുശാഗ്രബുദ്ധിയും അതായിരുന്നു മൂത്തകോമരം.''
അപ്പുക്കുട്ടൻമാഷ്ടെ വിവരണം അതു കഥയായാലും കവിതയായാലും കേട്ടിരിക്കാൻ കൊതിയാവും. താളാത്മകമായി കാവ്യഭാഷയിൽ പറയുന്നതൊക്കെ നമ്മുടെ കൺമുന്നിൽ നടക്കുന്നതായി തോന്നും.
"ഉണരുണരൂ മലരുകളെ..." എന്ന മലയാള പാഠത്തിലെ കവിത അഞ്ചാംക്ലാസ്സിലോ മറ്റോ ഈണത്തിൽ മാഷ് ചൊല്ലുമ്പോൾ നിശ്ശബ്ദരായി കേട്ടിരിക്കാറുള്ള അതേ കൗതുകത്തിലായിരുന്നു ഞാനും ഹരിനാരായണനും.
"ചെമന്നപട്ടുചുറ്റി കാൽച്ചിലമ്പിന്റെയും അരയിലണിഞ്ഞ ഓഞ്ഞാണത്തിന്റെയും കിലുകിലാരവത്തോടെ, വാല്ല്യക്കാരേന്തിയ കുത്തുവിളക്കിലെ തീനാളം ദേഹത്തോടുചേർത്തുപിടിച്ചു് ഭഗവതിയാവേശിച്ചുറഞ്ഞാടി പള്ളിവാൾ നെഞ്ചിലേക്കാഞ്ഞുവീശുന്ന മൂത്തകോമരത്തിന്റെ മുഖത്തെ രൗദ്രഭാവം കാഴ്ചക്കാരുടെയുള്ളിൽ തീകോരിയിടും.''
മാഷ് തുടർന്നു...
"ആവേശിച്ചതുറയൂരിക്കഴിഞ്ഞാൽ... നെറ്റിപ്പട്ടവും കാൽച്ചിലമ്പുമഴിച്ചാൽ... നോക്കിലും വാക്കിലും ധാർഷ്ട്യം വമിക്കുമെങ്കിലും ദേശക്കാർക്കെന്നും ഭയംകലർന്ന ബഹുമാനമായിരുന്നു അദ്ദേഹത്തോടു...
ദേശക്കാർക്ക് ഒരിക്കലും മറക്കാൻ കഴിയാത്തൊരു ദിവസമായിരുന്നു അന്ന്. പതിനാറു വർഷങ്ങൾക്കുമുമ്പു്... അവസാനമായി കാവിലെഉൽസവം കൊടിയിറങ്ങിയതിന്റെ ഏഴാംനാൾ!''
ചാവടിയിലെ ചാരുകസേരയിലേക്കു ഒന്നുകൂടി ചാഞ്ഞിരുന്ന് ഒന്നുനിറുത്തി അപ്പുക്കുട്ടൻമാഷ് കണ്ണുകളടച്ചു.
ഹരി മേശമേൽകൈയ്യൂന്നി ഡയറിയിൽ എന്തോ കുറിച്ചെടുക്കുന്നുണ്ടായിരുന്നു.
"ഉത്തരമലബാറിലെ കാവുകളെയും അവിടങ്ങളിലെ ആചാരങ്ങളെയും സംബന്ധിച്ചു ഒരു പുസ്തകമെഴുതാനുള്ള തയ്യാറെടുപ്പിലാണു ഞാൻ. എത്ര തിരക്കുണ്ടേലും അല്പസമയം ബാലചന്ദ്രൻ എനിക്കുവേണ്ടി നീക്കിവെക്കണം"
പഴയചങ്ങാതിയും സാഹിത്യകാരനുമായ ഹരിനാരായണൻ നഗരത്തിലെ കോഫി ഹൗസിൽവച്ചു യാദൃച്ഛികമായി കണ്ടപ്പോൾ ആവശ്യപ്പെട്ടിരുന്നു. എന്റെ ദേശത്തെ ഭഗവതിക്കാവും ചരിത്രത്തിലിടം പിടിക്കുമല്ലോയെന്നു ചിന്തിച്ചപ്പോൾ മറുത്തൊന്നും പറയാൻതോന്നിയില്ല.
പക്ഷേ.... എങ്ങനെ?
നീണ്ടകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചുവന്ന എനിക്കു ഭഗവതിക്കാവിനെക്കുറിച്ചെന്തറിയാം..?
ഗണേശനാണു പറഞ്ഞതു പ്രൈമറി ക്ലാസ്സുകളിലെ ഞങ്ങളുടെ അദ്ധ്യാപകനും ദേശത്തെ നിറസാന്നിദ്ധ്യവുമായ അപ്പുക്കുട്ടൻമാഷിനെക്കാണാൻ. പ്രയാധിക്യം ശരീരത്തെ ബാധിച്ചുവെങ്കിലും ഓർമ്മകൾക്ക് തെല്ലും ക്ഷതംവന്നില്ലെന്നു വാക്കുകളിൽ തെളിയുന്നുണ്ടു്.
"അന്നെന്താണു സംഭവിച്ചതു... മാഷേ?''
സാഹിത്യതൽപ്പരനായ മാഷുടെ കാവ്യഭംഗിയാർന്ന വിവരണം ഹരിക്കു നന്നേബോധിച്ചു.
സാഹിത്യതൽപ്പരനായ മാഷുടെ കാവ്യഭംഗിയാർന്ന വിവരണം ഹരിക്കു നന്നേബോധിച്ചു.
മരുമകൾ കൊണ്ടുവച്ച ഉലുവയിട്ടു തിളപ്പിച്ച വെള്ളം ഒരുകവിളിറക്കി മാഷ് തുടർന്നു.
''മനസ്സിൽ നിന്നൂർന്നുപോകാത്ത, ഉൽസവക്കാഴ്ചകളിലെ മായാത്ത ഓർമ്മകളിലഭിരമിച്ചും തമ്മിൽപ്പറഞ്ഞും ദേശക്കാരിൽ ചിലർ പീടികക്കോലായിൽ നേരംപോക്കുന്നൊരു മദ്ധ്യാഹ്നം...
ഇപ്പോഴുള്ള കാര്യക്കാർക്കോ അവരുടെ പൂർവ്വികന്മാർക്കോ തിട്ടപ്പെടുത്താൻ കഴിയാത്തത്രയേറെ പഴക്കമുണ്ടായിരുന്നു ഭഗവതിക്കാവിലെ തിരുമുറ്റത്തിനുതാഴെ ആകാശംമുട്ടെയുയർന്നു നിൽക്കുന്ന തണൽമരത്തിന്.....
അയൽഗ്രാമത്തിലെ ഊട്ടുൽസവത്തിനു ചെല്ലുമ്പോഴോ...അല്ലെങ്കിൽ ടൗണിൽ തുണിത്തരങ്ങളോ പലവ്യഞ്ജനങ്ങളോ വാങ്ങാൻ പോകുമ്പോഴോ...മഹാമേരു കണക്കെ വളർന്നുനിൽക്കുന്ന അതിന്റെ മേലറ്റത്തുള്ള ശിഖരാഗ്രങ്ങളിൽ മുകിലിറങ്ങുന്നദൃശ്യം കാട്ടിക്കൊടുത്താണു ദേശത്തെയും ഭഗവതിക്കാവിനെയും ഞങ്ങൾ അടയാളപ്പെടുത്തിയത്....
എതിർവാക്ക് ചൊല്ലാനാരുംമുതിരാത്ത മൂത്തകോമരം,പഴയങ്ങാടിയിൽനിന്നു വരുത്തിയ ഹൈദ്രോസിന്റെപണിക്കാരുടെ മൂർച്ചയേറിയമഴുവിനാൽ കൈകാലുകൾ ഛേദിക്കപ്പെട്ട്, ഒരുനിലവിളിയിൽ കുതിർന്ന അലർച്ചയോടെ നിലംപൊത്തിയതിനുശേഷമത്രേ മാലോകരറിഞ്ഞത്.''
അപ്പുക്കുട്ടൻമാഷിന്റെ വാക്കുകൾ ഓർമ്മകളുടെ ഭൂതകാലത്തിലേക്കു എന്നെ പിൻനടത്തി.
കാവിലെ ഉൽസവം തുടങ്ങിയാൽ പലവിധ വർണ്ണങ്ങളുള്ള ബലൂണുകൾ തൂങ്ങിയാടുന്ന ഉൽസവച്ചന്തകൾക്കു മുന്നിൽ കൊതിയോടെ നോക്കിനിന്നിരുന്ന എന്റെയും മറ്റനേകം ബാല്യങ്ങൾക്കും ആ തണൽമരത്തിന്റെ കുളിർമയുടെ നോവുകളുണ്ടാവുമെന്നു ഞാനോർത്തു.
പുറന്തോടുഭേദിച്ചു പുറത്തുവരാൻ വെമ്പുന്ന കുരുന്നുകളുടെ കബന്ധങ്ങൾ കണ്ണിമചിമ്മാതെ നോക്കി, തൊട്ടരികിലെ മരക്കൊമ്പുകളിലേക്കു പറന്നും... പിന്നെ ചെരിഞ്ഞുംമറഞ്ഞും നോക്കി ദീനംവിലപിച്ചും ആവാസഭൂമിയിൽനിന്നു കുടിയിറക്കപ്പെട്ട പ്രാവിൻകൂട്ടങ്ങൾ അഭയംതേടി അകലങ്ങളിലേക്കു ചിറകടിച്ചകലുന്ന നിസ്സഹായത എന്റെ കൺമുന്നിൽ തെളിഞ്ഞു.
"കൃത്യം ആ സമയത്തു തന്നെയാണു... രസകരമായ ഒരു സംഭവമുണ്ടായതു. മുഷിഞ്ഞ വസ്ത്രംധരിച്ച് തോളിലൊരു മാറാപ്പുമായി എവിടെനിന്നോ ഒരു വൃദ്ധൻ അവിടേക്കെത്തിച്ചേർന്നതും ശ്രീകോവിലിനുനേരേ വിരൽചൂണ്ടി നരച്ച താടിരോമങ്ങൾക്കിടയിലെ വിറയാർന്ന ചുണ്ടുകളാൽ മൂത്തകോമരത്തിന്റെ നേർക്കു ശാപവാക്കുകളുതിർത്തതും."
മാഷുടെശബ്ദം എന്നെ വീണ്ടും വർത്തമാനത്തിലേക്കെത്തിച്ചു.
"നിലംപറ്റെ വീണ മരത്തോടൊപ്പം മണ്ണിൽ പുതഞ്ഞുവീഴുന്ന വൃദ്ധനെയും കാണേണ്ടിവരുമോയെന്നു സന്ദേഹിച്ച ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് എന്തുകൊണ്ടോ ഹൈദ്രോസ് നീട്ടിയ നോട്ടുകെട്ടുകളുമായി മൂത്തകോമരം ശാന്തനായി തിരിച്ചുപോവുകയായിരുന്നു."
''ആരായിരുന്നു അയാൾ..?''ഹരിയുടെ ചോദ്യം.
" അറിയില്ല... അതിനു മുമ്പൊന്നും അങ്ങനെയൊരാളെ ദേശത്തുള്ളവരാരും കണ്ടില്ലെന്നാണറിഞ്ഞതു... മാത്രമല്ല
വന്നതുപോലെയെപ്പോഴോ അയാൾ അപ്രത്യക്ഷനായി. അതിൽപ്പിന്നെ കാവിൽ ഉൽസവം കൊടിയേറിയിട്ടില്ല. കോമരത്തെക്കണ്ടാൽ മിണ്ടാട്ടമില്ലാതെ നാട്ടുകൂട്ടം മുഖംതിരിച്ചു നടന്നു.''
വന്നതുപോലെയെപ്പോഴോ അയാൾ അപ്രത്യക്ഷനായി. അതിൽപ്പിന്നെ കാവിൽ ഉൽസവം കൊടിയേറിയിട്ടില്ല. കോമരത്തെക്കണ്ടാൽ മിണ്ടാട്ടമില്ലാതെ നാട്ടുകൂട്ടം മുഖംതിരിച്ചു നടന്നു.''
"തലതിരിഞ്ഞ പുത്രന്മാരാരെങ്കിലും കവർന്നെടുക്കുമോയെന്ന ആധിയിൽ പണം ഭദ്രമായി അലമാരയിൽ പൂട്ടിവെച്ച് അയാൾ ഉറങ്ങാൻകിടന്നതും ഇരുളിൽ ജനലയുടെ ചില്ലുഗ്ലാസ്സിനു വെളിയിലെ ആളനക്കം പകലറുതിയിൽ കണ്ട വൃദ്ധനാവുമെന്നു കരുതി "കള്ളൻ ... കള്ളൻ'' എന്ന് വിളിച്ചുകൂവിയതും പിറ്റേന്നു പുലർച്ചെ നടുമുറ്റത്തെ പൊടിമണ്ണിൽ ബോധരഹിതനായി കാണപ്പെട്ടതും അദ്ദേഹത്തെ വല്ലാതെ ഉലച്ചിരുന്നുവെന്നു ആളുകൾ അടക്കം പറഞ്ഞിരുന്നു.''
''അത്ഭുതമായിരിക്കുന്നു!" ഹരിയും ഞാനും ഒറ്റശ്വാസത്തിൽ പറഞ്ഞു പോയി.
"തീർന്നില്ല... കഥ തുടങ്ങിയതേയുള്ളൂ." മാഷ് തുടർന്നു.
"സന്ധ്യയ്ക്കു തന്റെ വീടിനുമുന്നിൽ വിദൂരതയിലേക്കു നോക്കിനിൽക്കുന്ന ഏതോ യാചകനെക്കണ്ട ഹൈദ്രോസ് ക്ഷേത്രനടയിൽവച്ചു കണ്ടതു ഇയാളെയാണല്ലോയെന്നു സംശയിച്ചു...
അന്നുരാത്രി തളർന്നുവീണ ഹൈദ്രോസ് പിന്നീടൊരിക്കലും മിണ്ടാനോ നടക്കാനോ വയ്യാതെ കിടപ്പിലായെന്നറിഞ്ഞ ദേശക്കാർ ''ദേവീകോപ'' മെന്നു തമ്മിൽത്തമ്മിൽ കുശുകുശുത്തു...
ഇതിനിടെ മൂത്തകോമരത്തിന്റെ പുത്രന്മാർ മൂവരും ഭീഷണിപ്പെടുത്തിയും കരഞ്ഞുപിഴിഞ്ഞും തങ്ങളുടെ വിഹിതം തട്ടിയെടുത്തിരുന്നു...
ഒരു നട്ടുച്ചനേരത്ത് വീടിനുമുന്നിൽ ദാഹിച്ചുവന്നൊരു വൃദ്ധനു മരുമകൾ വെള്ളംനൽകുമ്പോഴായിരുന്നു മൂത്തയാളുടെ വിഷംതീണ്ടി ചേതനയറ്റദേഹം കൊണ്ടുവന്നതു.
ഇളയപുത്രൻ കൊലക്കേസിൽ ജയിലിലടക്കപ്പെടാനിടയാക്കിയ ചൂതാട്ടത്തിനിടയിലെ തർക്കംനടന്നിടത്ത് ഒരുവൃദ്ധന്റെ സാന്നിദ്ധ്യമുണ്ടായിരുന്നത്രേ..''
''ദേവവിഹിതം കവർന്നവർക്കുള്ള ശിക്ഷനല്കാൻ ഭിക്ഷാംദേഹികളുടെ വേഷത്തിൽ ഭഗവതിയയച്ച ഭൂതഗണങ്ങളിൽപ്പെട്ടതാണെന്നു ദേശക്കാർ പാടിനടന്നു...
ഗ്രാമത്തിൽ അടുത്തകാലത്തായി പ്രവൃത്തിയാരംഭിച്ച കരിങ്കൽക്വാറിയിൽ കണക്കപ്പണിയെടുക്കുന്ന രണ്ടാമൻ കാൽവഴുതി പാറമടയിലേക്കു വീണതറിഞ്ഞനാൾ...അദ്ദേഹത്തിന്റെ സർവ്വധൈര്യവും ചോർന്നു...''
''ഒരു ദിവസം ഇവിടെവന്നു എന്നോടു ' കുറേ ആവലാതി പറയുകയുണ്ടായി. തന്നെ എല്ലാവരുംചേർന്നു ഒറ്റപ്പെടുത്തി... ജീവിതായുസ്സു മുഴുവൻ ദേവിക്കുവേണ്ടി അർപ്പിച്ചതല്ലേ.? ചെയ്തുപോയതെറ്റിൽ മനസ്താപമുണ്ടെന്നും പ്രായശ്ചിത്തം ചെയ്യാമെന്നും കരഞ്ഞുപറഞ്ഞു. ഉരുക്കു പോലുള്ള ആ മനുഷ്യന്റെ തകർന്നടിഞ്ഞ രൂപം സത്യത്തിൽ എന്നിൽ സഹതാപമുളവാക്കി.''
''ഉപാസനാമൂർത്തിയുടെ ശാപമാണു ഇതിനെല്ലാം കാരണമെന്നയാൾക്കു തോന്നിക്കാണും. ജയിലിലടക്കപ്പെട്ടയാൾ പുറത്തിറങ്ങാൻ സാദ്ധ്യതയില്ല. അഥവാ വന്നാൽത്തന്നെ ചിലപ്പോൾ അയാളുടെ മരണശേഷമായിരിക്കാം. ഇക്കണക്കിനു ഏതുനിമിഷവും അതു സംഭവിക്കാമെന്നു അയാൾ ഭയന്നിരുന്നു. തന്റെ ചിതക്കു തീകൊളുത്താൻ, പിതൃക്രിയ ചെയ്യാൻ ഒരാളെങ്കിലും വേണമെന്നു കരുതിക്കാണും.'' മാഷ് പറഞ്ഞു.
'' ഇതിലെന്തു പ്രായശ്ചിത്തമാണു മാഷേ ചെയ്യാൻ പറ്റുക?''ഹരി മൗനം ഭഞ്ജിച്ചു.
''അതിപ്പോ.. " അപ്പുക്കുട്ടൻ മാഷ് അകലേക്കു കണ്ണയച്ചു ആലോചിച്ചു നിന്നു.
"രണ്ടു നിർദ്ദേശങ്ങളിൽ ഒന്നു ഭഗവതിക്കാവിലെ മുടങ്ങിയ ഉൽസവം സ്വന്തംചെലവിൽ നടത്തുകയെന്നതും മറ്റൊന്നു മകൻ ജീവിതത്തിലേക്കു തിരിച്ചു വന്നാൽ തന്റെ കാലശേഷം ആചാരപ്പെടുത്തുമെന്നുമായിരുന്നു.''
"ആളനക്കം നഷ്ടമായ തിരുമുറ്റത്തു ശ്രീകോവിലിനു മുന്നിലെ തിരുനടയിൽ ദേശക്കാരെ സാക്ഷി നിറുത്തി ചെയ്തുപോയ അപരാധങ്ങൾ പൊറുക്കാൻ നാട്ടുകൂട്ടത്തോടു മാപ്പ് ചോദിച്ചു. അതോടൊപ്പം പ്രായശ്ചിത്തം ചെയ്യാമെന്നു സത്യംചെയ്തു.''
"അന്നാദ്യമായി അയാളുടെ മുഖത്തു ആശ്വാസത്തിന്റെ തിളക്കം ഞാൻ കണ്ടു.''
മാഷ് പറഞ്ഞവസാനിപ്പിച്ചു. സമയം സന്ധ്യയാകാറായിരിക്കുന്നു.
" പതിവിലേറെ സംസാരിച്ചു. ഇനി അൽപ്പം കിടക്കണം." അപ്പുക്കുട്ടൻമാഷ് എഴുന്നേറ്റു.
"പക്ഷേ....'' ഹരി എന്തോ ചോദിക്കാൻ തുടങ്ങിയപ്പോൾ മാഷ് വിലക്കി.
ഒരുമാത്ര വാതിൽക്കലെത്തി തിരിഞ്ഞു നിന്നു ചോദിച്ചു.
" വൃദ്ധയാചകനെന്ന പ്രഹേളികയല്ലേ?''
അതെയെന്നർത്ഥത്തിൽ ഹരി തലയാട്ടി.
'' കർമ്മവും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസമെന്താണു? പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്നതു കർമ്മം. ഇദ്ദേഹം എപ്പോഴോ തന്റെ അപ്രമാദിത്തത്തിലഹങ്കരിച്ചു് സ്വാർത്ഥതയാൽ പ്രവൃത്തിയിലേക്കു വഴുതി. ഒരേസമയം ഭയത്തിന്റെയും സ്വാർത്ഥതയുടെയും തടവറയിലകപ്പെട്ടു. നോക്കൂ..ഇവിടെ വൃദ്ധയാചകനെ കണ്ടവരാരൊക്കെയാണു?''
മാഷ് തിരിച്ചു ചോദിച്ചു.
''എങ്കിലും...പകൽക്കാഴ്ച കള്ളം പറയില്ലല്ലോ? " ഹരിയുടെ സംശയം തീരുന്നില്ല.
" അതോ..അയാളൊരു പാവം പരദേശി.. നമ്മുടെ കാഴ്ചപ്പാടിന്റെ കുഴപ്പമാണു !'' മാഷ് തിരിച്ചു നടന്നു.
പഴകിപ്പൊളിയാറായ വീടിന്റെ തെക്കേമൂലയിൽ കോമരത്തെ അടക്കം ചെയ്ത ഭണ്ഡാരത്തറക്കു മുകളിലെ കത്തിച്ചുവച്ച തിരിനാളത്തിനു മുന്നിൽ ഞാനും ഹരിയും ഒരുനിമിഷം നിശ്ശബ്ദരായി നിന്നു.
സന്ധ്യാദീപം തൊഴുത് തിരികെ... കരിയിലകൾ കലമ്പൽകൂട്ടുന്ന കാവിന്റെ പടിയിറങ്ങുമ്പോൾ ഹരിനാരായണൻ മൗനത്തിലായിരുന്നു. മുറിച്ചുമാറ്റിയ തണൽ മരത്തിൽനിന്നുമുളച്ച പുതുനാമ്പുകൾ ഒത്തമരമായി വളർന്നിരിക്കുന്നുവെന്ന അറിവ് എന്റെയുള്ളിൽ മകരക്കുളിരായി കിനിഞ്ഞിറങ്ങി.
Balakrishnan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക