Slider

വര്‍ക്കിച്ചന്‍റ ... അന്ത്യവിധി

0
വര്‍ക്കിച്ചന്‍റ ... അന്ത്യവിധി
................................................
കര്‍ത്താവേ ഇത്രയും വലിയ ശവസംസ്കാരച്ചടങ്ങോ...?
ശവസംസ്കാരം തന്‍റെതാണങ്കിലും അതിന്‍റെ പേരില്‍ കാശെത്രയാ പൊടിച്ചുവാരിയത്...?
അതെങ്ങനെയാ ആരോടെങ്കിലുമൊന്നു പറഞ്ഞെല്‍പ്പിച്ചിട്ട് പോരുവാനുള്ള സാവകാശം കിട്ടിയോ...
അതുമില്ല
അന്നേരമല്ലേ എടാ വര്‍ക്കിച്ചാ നിന്‍റെ ഭൂമിയിലെ പൊറുതി മതിയാക്കി ഇങ്ങോട്ടേക്ക് പോരാന്‍ പറഞ്ഞുകൊണ്ട് മുകളീന്നു വിളിവന്നത്
കോടിശ്വരനും അതോടൊപ്പം പിശുക്കിന്‍റെ കാര്യത്തില്‍ അതിസമ്പന്നനുമായ വര്‍ക്കിച്ചന്‍ മുതലാളി ചുറ്റുമൊന്നു കണ്ണോടിച്ചു...
‘തന്‍റെ ശവസംസ്കാരത്തിനു ഇത്രയും ജനങ്ങളോ,...?

ഇവറ്റകളില്‍ പലരും സഹായവും ചോദിച്ചുകൊണ്ട് തന്‍റെ വീട്ടുമുറ്റത്ത്‌ വന്നിട്ടുള്ളവരാണ് ചില്ലിക്കാശ് കോടുത്തിട്ടില്ല
..
അതിന് ഈ വര്‍ക്കിച്ചന്‍ രണ്ടാമതു ജനിക്കണം..
.
സൂട്ടും കോട്ടുമിട്ടു താന്‍ നീണ്ടുനിവര്‍ന്നു പെട്ടിയില്‍ കിടക്കുന്നതും അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം പെട്ടിയടയ്ക്കുന്നതും കുഴിയിലേക്ക് ഇറക്കിവെക്കുന്നതും ഭാര്യയും മക്കളും തന്‍റെ വേര്‍പാടില്‍ വിലപിക്കുന്നതും ഒപ്പം തന്‍റെ പിശുക്കിന്‍റെ സമ്പന്നതയെപ്പറ്റി നാട്ടുകാരും, ബന്ധുമിത്രാദികളും ഒത്തുചേര്‍ന്ന്‍ അടക്കം പറയുന്നതും അയാള്‍ കാണുന്നുണ്ടായിരുന്നു
..
, തന്‍റെ കുറ്റം പറയുന്നവരുടെ മുഖമടച്ച് ഒരെണ്ണം കൊടുക്കുവാന്‍ കൈപൊങ്ങിയതാണ്
അപ്പോഴാണ് അറിയുന്നത് ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മില്‍ വന്‍മതിലിന്‍റെ അന്തരമുണ്ടന്ന്‍, ശരീരം മാത്രമാണ് ഭൂമിയില്‍ ഉപേക്ഷിച്ചു പോകുന്നത്, അങ്ങനെ പിശുക്കന്‍ വര്‍ക്കിച്ചന്‍റെ കാര്യത്തിലും ഒരു തീരുമാനമായെന്നു പറഞ്ഞുകൊണ്ട് സെമിത്തേരിയില്‍ നിന്നും ജനാവലികള്‍ ഒരോരുത്തരായി പിരിഞ്ഞുപോയി ...
പെട്ടന്നാണ് സൂപ്പര്‍ മോഡലിനെപ്പോലെ സുന്ദരനായ ഒരു വെള്ളവസ്ത്രധാരി പ്രത്യക്ഷപ്പെട്ടത്,
'നല്ല സുന്ദരന്‍ കൊച്ചന്‍'
മോനേതാ മനസ്സിലായില്ലല്ലോ...?
കാര്‍ന്നോരെ കൂട്ടിക്കൊണ്ടുപോകുവാന്‍ വന്ന ദൂതനാണ് ഞാന്‍...
വന്നുവന്നു ഭൂമിയിലെപ്പോലെ പ്രായത്തില്‍ മൂത്തവരെ ഇവിടെയും ആര്‍ക്കും വിലയില്ലാണ്ടായി വിളിച്ചത് കേട്ടില്ലേ കാര്‍ന്നോരെയെന്നു ദൂതനായിപ്പോയി അല്ലെങ്കില്‍ വര്‍ക്കിച്ചന്‍റെ തനിക്കൊണം കാണിച്ചേനെ...
ദൂതന്‍റെ പുറകെ വര്‍ക്കിച്ചന്‍ യാത്രയായി, യാത്ര നീളുന്തോറും എന്തൊക്കെയോ അസ്വസ്ഥതകള്‍ ദൂതന്‍ കൊച്ചനെ കൂടാതെ തനിക്കുചുറ്റും ആരെക്കെയോ ഉണ്ടന്നുള്ള തോന്നല്‍ അയാള്‍ പിറകിലേക്ക് തിരിഞ്ഞുനോക്കി കുറെ വൃത്തികേട്ട രൂപങ്ങള്‍ തന്നെ നോക്കി പല്ലിളിക്കുന്നതായി അയാള്‍ക്ക് തോന്നി
ഇവറ്റകളെന്തിനാ എന്നെനോക്കി പല്ലിളിക്കുന്നത്....?
പെട്ടന്നാണു അങ്ങകലെ വെള്ളമേഘത്തിലൂടെ ഒരാള്‍ ഒഴുകിയോഴുകി പോകുന്നത് വര്‍ക്കിച്ചന്‍ കണ്ടത്, ആ മനുഷ്യനുച്ചുറ്റും എന്നാ പ്രകാശമാ.
.
എടാ കൊച്ചനെ ഒന്നുനിന്നേ...?
ദൂതന്‍ തിരിഞ്ഞുനോക്കി
ഏതാ എന്നെനോക്കി പല്ലിളിക്കുന്ന ഈ അവസരവാദികള്‍...?
ആ മനുഷ്യനുചുറ്റുമെന്നാ ഇത്രവലിയ പ്രകാശം...?
എന്‍റെ കാര്‍ന്നോരെ
ആ മനുഷ്യന്‍ ഭൂമിയില്‍ ചെയ്ത സുകൃതങ്ങളാണ് അയാള്‍ക്കുച്ചുറ്റുമുള്ള ആ പ്രകാശവലയം,
മരണാനന്തരയാത്രയില്‍ ആത്മാക്കള്‍ക്ക് അകമ്പടിയായിപ്പോകുന്നത് അവരവര്‍ ചെയ്ത കര്‍മ്മങ്ങളാണ് എന്നാല്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള ‘’കറുത്ത നിഴലുകള്‍.....
..അതിന്‍റെ പൊരുള്‍ താനേ മനസ്സിലായിക്കൊള്ളും അവര്‍ പിന്നെയയും യാത്ര തുടര്‍ന്നു...
എന്നാലും എന്‍റെ ശവസംസ്കാരത്തിനു ഇത്രയും കാശ് പൊടിച്ചുവാരണമായിരുന്നോ....?
ഞാന്‍ എണ്ണി തിട്ടപ്പെടുത്തി അലമാരിയില്‍ വെച്ചുപൂട്ടിയ എന്‍റെ കാശ്...?
പെട്ടന്നു തനിക്കു ചുറ്റും ആക്രോശങ്ങളുയര്‍ന്നു ആ കറുത്ത രൂപങ്ങള്‍ കൂടുതല്‍ അടുത്തേക്ക്‌ വരുന്നതുപോലെയൊരു തോന്നല്‍ വര്‍ക്കിച്ചന്‍റെ ഉള്ളില്‍ വല്ലാത്ത ഭയം നിഴലിച്ചു.
തന്‍റെ പിശുക്കിന്‍റെ സമ്പന്നത കാരണം ഭാര്യ ശോശാമ്മ പറയാറുണ്ടായിരുന്ന വാക്കുകള്‍ പെട്ടന്നു മനസ്സിലേക്കോടിയെത്തി
എന്‍റെ പൊന്നു മനുഷ്യനേ സ്വര്‍ഗ്ഗവും, നരകവുമുണ്ടെന്നോര്‍മ്മവേണം....
‘ദേ ഞാന്‍ പറയാനുള്ളതു പറഞ്ഞു’
‘ബാക്കിയൊക്കെ നിങ്ങളുടെയിഷ്ടം’
‘ഇനി ആ എരണംകെട്ടവള്‍ പറഞ്ഞതെങ്ങാനും സത്യമാണോ?..’
‘ഇനിയിപ്പം താന്‍ നരകത്തിലെങ്ങാനുമായിരിക്കുമോ പോകുന്നത്...?’
‘അങ്ങനെയെങ്കില്‍ ദൈവം തമ്പുരാന് കുറച്ച് പണം കൈക്കൂലിയായി കൊടുക്കണം,’
‘മനുഷ്യരാണെങ്കിലും ദൈവങ്ങളാണെങ്കിലും പണം കിട്ടിയാല്‍ കയ്ക്കുമോ...?
ഹല്ല പിന്നെ
അന്നേരമാണ് അവളുടെയൊരു ഒടുക്കത്തെ സ്വര്‍ഗ്ഗവും, നരകവും..
. അപ്പോഴാണ് കോടിശ്വരനായ താന്‍ വെറും കൈയ്യോടെയാണ് പോന്നിരിക്കുന്നതെന്ന വസ്തുത മനസ്സിലേക്കോടിയെത്തിയത് പൂത്ത കാശ് വീട്ടിലിരിപ്പുണ്ട്, പറഞ്ഞിട്ടെന്താകാര്യം ഇക്കാലമത്രയും ഓരോരുത്തരെയും വെട്ടിച്ചും, പറ്റിച്ചും സമ്പാദിച്ചുകൂട്ടിയ പണം ആ എരണംകെട്ടവള്‍ ദാനധര്‍മ്മത്തിന്‍റെ പേരും പറഞ്ഞു ഓരോരുത്തര്‍ക്കായി കൊടുത്തുതീര്‍ക്കും...,
അതോര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ സഹിച്ചില്ല, കുറച്ച് കാശ് കൂടെ കൊണ്ടുപോരാമായിരുന്നു അതെങ്ങനയാ പെട്ടന്നായിരുന്നില്ലേ തന്‍റെ മരണം പലപ്രാവശ്യം എണ്ണിതിട്ടപ്പെടുത്തി അടുക്കിവെച്ചിരുന്ന നോട്ടുകെട്ടില്‍നിന്നു അവളുടെ ചത്തുപോയ ആങ്ങള അന്തോണിക്കുട്ടിയുടെ മകളുടെ നേഴ്സിംഗ് സ്കൂളിലെ ഫീസടക്കുവാന്‍ കൊടുത്തിരിക്കുന്നു അതിന്‍റെ പേരില്‍ അവളെ പുളിച്ച തെറി പറഞ്ഞിട്ടാണ് കിടക്കാന്‍ പോയത്...
നേരം വെളുത്തപ്പോള്‍ ഇതാ കിടക്കുന്നു വടിയായിട്ട്....
‘എങ്ങനെ നടന്ന മനുഷ്യനാ’
‘ദേ കിടക്കുന്നതു കണ്ടോ..’
.മനുഷ്യന്‍റെ കാര്യം ഇത്രക്കേയുള്ളൂ
‘ഇന്നു കാണുന്നവരേ നാളെ കാണത്തില്ല’
കുറച്ച് പണം കൈയില്‍ വന്നാല്‍ എല്ലാമായെന്നാ വിചാരം
അവളുടെ ആങ്ങള അന്തോണിക്കുട്ടി മരിച്ചപ്പോള്‍ എണ്ണിപ്പെറുക്കി കരയുന്ന കൂട്ടത്തില്‍ മൂക്ക് പിഴിഞ്ഞുകൊണ്ട് എന്നെനോക്കി ഒരു കുത്ത് കുത്തിയതാണങ്കിലും അതുതന്നെയാണ് സംഭവിച്ചതും...
‘ഈ യാത്ര തുടങ്ങിയിട്ട് നേരം കുറെയായല്ലോ’
എടാ കൊച്ചനെ ഇവിടെയെങ്ങാനും കുറച്ചുനേരം ഇരിക്കാന്‍ പറ്റുമോ...?
കാലും കൈയും വല്ലാതെ കൊഴയുന്നു
ആ കാണുന്ന ടണലിനടിയില്‍ ഇരിക്കാം അയാളെയും കൊണ്ട് ദൂതന്‍ വലിയൊരു ടണലിനകത്തേക്ക് പ്രവേശിച്ചു വര്‍ക്കിച്ചനെ അവിടെയിരുത്തിയിട്ട് ദൂതന്‍ നടന്നുനീങ്ങി ചുറ്റും കൂരാകൂരിരുട്ട് ജീവിച്ചിരുന്നപ്പോള്‍ ആരെയും ഭയക്കാത്ത അയാള്‍ക്ക് അന്നാദ്യമായി ഭയംതോന്നി, ആരുടെയൊക്കെയോ ദയനീയമായി കരച്ചില്‍, മാംസം കരിയുന്ന മണം, ഭുമിക്കടിയില്‍ നിന്നാണന്ന്‍ തോന്നുന്നു അയാള്‍ക്ക്‌ ആകെപ്പാടെയൊരു വെപ്രാളം, ദൈവത്തിന് കൈക്കുലി കൊടുക്കണമെന്നുവെച്ചാല്‍ നയാപൈസ കൈയിലില്ല, ദേഷ്യം മുഴുവന്‍ ഭാര്യ ശോശാമയോടായിരുന്ന്‍ കോടിക്കണക്കിനു പണം വീട്ടിലിരിക്കെ കുറച്ച് പണമെടുത്ത് അവള്‍ക്ക് തന്‍റെ പെട്ടിയില്‍ വെച്ചാല്‍ തലപോകുമായിരുന്നോ....?
.
തനിക്കുച്ചുറ്റും നല്ലതും ചീത്തയുമായ ധാരാളം ആത്മാക്കള്‍ എല്ലാവരും അവരവരുടെ ഊഴവും കാത്ത്നില്കുകയായിരുന്നു നീണ്ട കാത്തിരിപ്പിനുശേഷം മുകളില്‍ നിന്നും ക്രമമനുസരിച്ച്‌ വിളിക്കുവാന്‍ തുടങ്ങി അവസാനമാണ് വര്‍ക്കിച്ചന്‍റെ വിളിവന്നത്, അപ്പോള്‍ അതേ വെള്ളവസ്ത്രധാരി വീണ്ടുമെത്തി,
വര്‍ക്കിച്ചന്‍റെ ശരീരമാസകലം വിറയ്‌ക്കാന്‍ തുടങ്ങി, കുറച്ച് കാശ് കൈയിലുണ്ടായിരുന്നെങ്കില്‍ ഒരു ധൈര്യമായിരുന്നേനെ
ഹേയ് കാര്‍ന്നോരേ.....?
എന്തുപ്പറ്റി ഇങ്ങനെ വിറയ്ക്കാന്‍....?
ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ എന്തായിരുന്നു ഭാവം....!!
ദൂതന്‍ വര്‍ക്കിച്ചനെ ഒന്നു പാളിനോക്കി...
ദേ എനിക്ക് ഈ കൊച്ചന്‍റെ മട്ടും, ഭാവവും, ഒട്ടും പിടിക്കുന്നില്ല
അഹങ്കാരി
അയാള്‍ മനസ്സില്‍ പിറുപിറുത്തു
ഹും വാ
ദൂതന്‍ വര്‍ക്കിച്ചനെ ആനയിച്ചുകൊണ്ട് ദൈവത്തിന്‍റെ മുന്നിലെത്തി...
ഇതാരാ വര്‍ക്കി പൈലോയോ....?
ഇങ്ങടുത്തുവാ...?
ഞാന്‍ കാത്തിരിക്കുകയായിരുന്നു
കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കുന്ന ശബ്ദം വീഴാതെയിരിക്കുവാന്‍ ദൂതന്‍റെ കൈകളില്‍ അയാള്‍ ഇറുകെപ്പിടിച്ചു ദൈവത്തിന്‍റെ ആജ്ഞാപ്രകാരം പ്രധാനദൂതന്‍ ഒരു തടിച്ച പുസ്തകവുമായി അവിടെയെത്തി വര്‍ക്കിച്ചന്‍ എന്ന വര്‍ക്കി പൈലോയുടെ പേരെഴുതിയ പുസ്തക താളുകള്‍ ഉറക്കെ വായിച്ചു അയാള്‍ക്ക് വിശ്വസിക്കാനായില്ല താന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജന്മമെടുത്ത നിമിഷംമുതല്‍ അവസാനമായി ശോശാമ്മയോടു പറഞ്ഞ പുളിച്ച തെറിവരെ അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു..
ഇതൊക്കെ ദൈവം എങ്ങനെയറിഞ്ഞു....?
അത്ഭുതംകൊണ്ട് വര്‍ക്കിച്ചന്‍റെ കണ്ണുകള്‍ മിഴിഞ്ഞു
എന്‍റെ മനുഷ്യാ നിങ്ങള്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ക്ക് ദൃക്സാക്ഷിയായി നിങ്ങളുടെ കാവല്‍മാലാഖ ചുറ്റുമുണ്ടെന്നു ഓര്‍മ്മവേണം
ഇനി ശോശാമ്മ പറഞ്ഞതു ശരിയാണങ്കില്‍ എന്‍റെ കാവല്‍ മാലാഖയായി ഭൂമിയിലുണ്ടായിരുന്നത് ഈ കൊച്ചനായിരിന്നിരിക്കുമോ....?
എങ്കില്‍ ഒട്ടും സംശയമില്ല
അല്ലെങ്കിലും ആ കൊച്ചന്‍റെ കണ്ണുകളില്‍ ഒരു കള്ളലക്ഷണമുണ്ട് .അപ്പോഴേക്കും മറ്റൊരു ദൂതന്‍ വലിയൊരു ത്രാസ്സുമായി അവിടെയെത്തി ഓരോതട്ടിലും അയാള്‍ ചെയ്ത നന്മതിന്മകളുടെ കണക്കുകള്‍ വെച്ചു തൂക്കിനോക്കി, ഭൂമിയില്‍ ജീവിച്ച അറുപതു വര്‍ഷത്തെ കാലയളവിനിടയില്‍ അയാള്‍ ചെയ്ത ഒരേയൊരു പുണ്യപ്രവര്‍ത്തി...
അമ്പതു പൈസയുടെ ഒരു തുട്ട് ഒരു ഭിക്ഷക്കാരനു എറിഞ്ഞു കൊടുത്തതായിരുന്നു...
ഇതെപ്പോള്‍....?
അത്ഭുതംകൊണ്ട് വര്‍ക്കിച്ചന്‍റെ കണ്ണുകള്‍ പിന്നെയും മിഴിഞ്ഞു...
എങ്കിലും ചെയ്ത്കൂട്ടിയ ദ്രോഹങ്ങളുടെ തട്ട്‌ പിന്നെയും പിന്നെയും താഴ്ന്നുകൊണ്ടിരുന്നു
ദൈവം വര്‍ക്കിച്ചനെ നോക്കി മൊഴിഞ്ഞു നന്മയുടെ പ്രതീകമായ നിന്‍റെ ഭാര്യ ശോശാമ നിനക്ക് അനുരൂപയല്ലന്നറിഞ്ഞിട്ടും ഞാന്‍ നിനക്ക് ഭാര്യയായി നല്കി അവളിലൂടെയെങ്കിലും നീയൊരു പുതിയ മനുഷ്യനാകുമെന്നു വിചാരിച്ചു അവളുടെ നല്ല ഉപദേശങ്ങളോട് നീനക്കെന്നും പുച്ഛമായിരുന്നു,
പണം കുന്നുകൂട്ടുന്നതിലൂടെ ഭൂഗോളം മുഴുവന്‍ കൈപ്പിടിയിലൊതുക്കാമെന്ന് നീ വ്യാമോഹിച്ച് അപ്പോഴാണ്‌ വര്‍ക്കിച്ചന് കാര്യത്തിന്‍റെ കിടപ്പ് മനസ്സിലായത്, അയാള്‍ ദൈവത്തിന്‍റെ മുമ്പില്‍ കരുണക്കായി യാചിച്ചു, അതിന് മറുപടിയെന്നോണം ദൈവം പറഞ്ഞു ഭൂമിയില്‍ ധാരാളം അവസരങ്ങള്‍ ഞാന്‍ നിനക്കായി നല്കി, അല്പം കരുണക്കായി പലരും നിന്‍റെയടുക്കല്‍ വന്നിരുന്നു അവരെയെല്ലാം വെറുംകൈയോടെ ആട്ടിയോടിച്ചു
അവരെല്ലാം എന്‍റെ പ്രതിരൂപങ്ങളായിരുന്നുവെന്ന് നീ മനസിലാക്കിയില്ല!!
വിശക്കുന്നവന് ആഹാരം നല്‍കാത്തവന്‍ എങ്ങനെ സ്വര്‍ഗ്ഗരാജ്യത്തിനു അവകാശിയാകും....?
മുതലാളി ഒന്നു സഹായിക്കണേ എന്‍റെ ഭാര്യ പ്രസവവേദനകൊണ്ട് പുളയുകയാണ്,...കറവക്കാരന്‍ അണ്ണാച്ചിയുടെ മുഖം
മുതലാളി രണ്ടുദിവസമായി, എന്‍റെ കുഞ്ഞ് വല്ലതും കഴിച്ചിട്ട്,
വല്ലതും തരണേ..
വിശന്നുകരയുന്ന കുഞ്ഞിന്‍റെ വിശപ്പടക്കുവാന്‍വേണ്ടി തന്‍റെ മുന്നില്‍ കൈനീട്ടിയ ഒരമ്മയുടെ മുഖം...
, ഏമാനെ അടിയന്‍റെ കുടില്‍ വല്ലാതെ ചോര്‍ന്നൊലിക്കുന്നു..
അല്പം പണം തന്നു സഹായിക്കണം... അടിയന്‍ ജോലിചെയ്തു വീട്ടിക്കോളാം
സഹായത്തിനായി യാചിക്കുന്ന ചീരന്‍ പുലയന്‍റെ മുഖം
അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിസഹായരുടെ മുഖങ്ങള്‍ ഫ്ലാഷ്ബാക്കിലെന്നപോലെ മനസ്സില്‍ തെളിഞ്ഞു...
ഒപ്പം താന്‍ കേള്‍ക്കെ അവള്‍ ഉറക്കെ വായിക്കാറുള്ള
മത്തായിയുടെ സുവിശേഷം മുപ്പെത്തിയൊന്നാം അദ്ധ്യായത്തിലെ വാക്യങ്ങളും
അവന്‍റെ രാജ്യത്തുനിന്നും
എല്ലാ പാപഹേതുക്കളെയും തിന്മപ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചുകൂട്ടി ആഗ്നികുണ്ടത്തിലെറിയും...
അവിടെ വിലാപവും പല്ലുകടിയുമായിരിക്കും ഉണ്ടായിരിക്കുക.
പെട്ടന്നാണതു സംഭവിച്ചത് പ്രധാനദൂതന്‍ ഒരു സിഗ്നല്‍നല്‍കി അപ്പോള്‍ നരകവാതില്‍ മലര്‍ക്കെ തുറക്കപ്പെട്ടു അതില്‍നിന്നുയര്‍ന്ന കറുത്ത പുകപടലങ്ങള്‍ക്കുള്ളിനിന്നു ഭീകരരൂപികളായ കുറേ കറുത്ത രൂപങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റു അവര്‍ ആര്‍ത്തട്ടഹസിച്ചുക്കൊണ്ട് അയാളെ വലിച്ചിഴച്ചുകൊണ്ടുപോയി ഒരിക്കലും അവസാനിക്കാത്ത അഗ്നികുണ്ടത്തിനു അവകാശിയായി..
................................................................................................
സിബി നെടുംചിറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo