Slider

അഥര്‍വ്വം -ഭാഗം 3

0
അഥര്‍വ്വം -ഭാഗം 3
കുരുത്തോലകള്‍ കൊണ്ട് അലങ്കരിച്ച പന്തങ്ങള്‍ക്കും വിളക്കുകള്‍ക്കും സമീപം മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ നിണം നിറച്ച ഉരുളികള്‍ ഉണ്ടാക്കിയ ശേഷം അതിന് നടുവിലായി അയാള്‍ ഗുരുതിപന്തം വെച്ചു .ഗുരുതിപന്തത്തെ തെങ്ങിന്‍ പൂക്കുലകള്‍ കൊണ്ടും മാലകള്‍കൊണ്ടും അലങ്കരിച്ച് അതിനോരത്തായി കുമ്പളങ്ങകള്‍ വെച്ചു.മന്ത്രം ചൊല്ലി പക്ഷിയുടെ എല്ലുകൊണ്ട് ഗുരുതി നടത്തിയ ശേഷം ഇയ്യം തകടില്‍ അയാള്‍ എന്തോ എഴുതി ഒരു മണ്‍കുടത്തിലെയ്ക്ക് ഇട്ടു .അതിന് മുകളിലായി ഒരു കവറില്‍ ഉണ്ടായിരുന്ന മണ്ണെടുത്ത് ആ കുടത്തിലെയ്ക്ക് ഇട്ടശേഷം ചുവന്ന തുണികൊണ്ട് ആ കുടം മൂടി അയാള്‍ നടന്നു കൂമന്‍ പാറയിലേക്ക്.ഇരുട്ടില്‍നിന്ന് പ്രത്യക്ഷപ്പെട്ട ഒരു കറുത്ത പൂച്ച അയാളെ അനുഗമിച്ചുകൊണ്ട് അയാളുടെ പിന്നിലായി നടന്നു
----------------------------
അവളെ അനുഗമിച്ചുകൊണ്ട് ശ്യാം ഈ നടത്തം തുടങ്ങിയിട്ട് കുറച്ചായി .ഇരുട്ട് നിറഞ്ഞ ആ റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ നടക്കാന്‍ അല്പം വിരസത അവനുണ്ടെങ്കിലും അവളുടെ സൗന്ദര്യത്തില്‍ മയങ്ങിയ അവന്‍ മറിച്ചൊന്നും പറയാതെ അവളോടൊപ്പം നടക്കുകയായിരുന്നു
“ഇനിയും ഒരുപാട് ദൂരമുണ്ടോ ദുര്‍ഗ്ഗാ ? “ക്ഷീണം മറച്ചുകൊണ്ട്‌ ശ്യാം ദുര്‍ഗ്ഗയോട് ചോദിച്ചു
“എന്താ ശ്യാം ക്ഷീണിച്ചോ ? “ വശ്യമായി ചിരിച്ചുകൊണ്ട് അവന്‍റെ കവിളിലൂടെ അവളുടെ വിരലുകള്‍ ഓടിച്ചുകൊണ്ട് അവള്‍ ചോദിച്ചു .
“ഈ പാതിരാത്രിയ്ക്ക് തന്നെ അവിടെയ്ക്ക് പോകാന്‍ മാത്രം എന്താണ് കൂമന്‍ പാറയില്‍ ഉള്ളത് ? “
“ശ്യാമിന് ഭയമുണ്ടോ ? “
“നീ യക്ഷിയോ അപ്സരസ്സോ ദുര്‍ഗ്ഗാ ..നിന്‍റെ മുഖത്തേയ്ക്ക് നോക്കുമ്പോള്‍ എനിയ്ക്ക് എന്തോ ...ഒന്നും പറ്റില്ലെന്ന് പറയാന്‍ കഴിയുന്നില്ല ..നിന്‍റെ മൂക്കുത്തിയില്‍ ഒരുമ്മ വെച്ചോട്ടെ ദുര്‍ഗ്ഗാ ? “ അവന്‍ അവളെ ചുംബിക്കാനെന്ന പോലെ അവന്‍റെ മുഖം അവളുടെ അടുത്തേയ്ക്ക് കൊണ്ടുപോയി പക്ഷെ അവള്‍ ഒഴിഞ്ഞുമാറി .അവന്‍ അവളുടെ മുല്ലപ്പൂ മുടിയിഴകള്‍ കൈയ്യിലെടുത്തു അതിന്‍റെ ഗന്ധം ആസ്വദിച്ചുകൊണ്ട്‌ പറഞ്ഞു
“ഈ മുല്ലപ്പൂവിന്‍റെ വാസന ഉണ്ടല്ലോ ദുര്‍ഗ്ഗാ ..ഇതാണോ നിന്നിലേക്ക്‌ എന്നെ അടുപ്പിക്കുന്നത് ? അതോ നിന്‍റെ ശരീരത്തിന്‍റെ വാസനയോ ? അതോ ഇനി നിന്‍റെ വെണ്ണ ക്കല്‍ ശില്പം പോലെ പണിതെടുത്ത നിന്‍റെ ഉടലിന്‍റെ സൗന്ദര്യമോ ? ഇല്ലെങ്കില്‍ ഈ ഇന്ദ്രനീല കണ്ണുകളോ അതുമല്ലെങ്കില്‍ വശ്യത തോന്നിക്കുന്ന നിന്‍റെ ചുണ്ടുകളിലെ ചിരിയോ ? “ മുന്നോട്ട് നടക്കാന്‍ നിന്ന അവളുടെ ധാവണി തുമ്പില്‍ പിടിച്ചുകൊണ്ട് അവന്‍ ചോദിച്ചു
“ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കാന്‍ എളുപ്പമല്ല ശ്യാം അഥവാ ലഭിച്ചാലും അത് മനസ്സിലാക്കാനും എളുപ്പമല്ല ..പക്ഷെ ശ്യാമിന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കും “ ശ്യാമിന്റെ കൈകള്‍ ധാവണിയില്‍ നിന്ന് വിടുവിച്ചുകൊണ്ട് അവള്‍ പറഞ്ഞു
“എപ്പോ ? “
“ഉടനെ” അവള്‍ അത്രയും പറഞ്ഞു മുന്നോട്ട് നടന്നു ശ്യാം അവളുടെ പിറകിലുമായി നടന്നു .കുറച്ച് ദൂരം അവര്‍ നടന്നുകാണും അവരുടെ മുന്നില്‍ ചെറിയൊരു പുഴ പ്രത്യക്ഷമായി.മുട്ടോളം മാത്രം വെള്ളമുള്ള പുഴയായിരുന്നു അത്
“ഈ പുഴയുടെ അപ്പുറത്താണ് കൂമന്‍ പാറ “ അവള്‍ ശ്യാമിനോട് പറഞ്ഞു
“എന്താണ് കൂമന്‍ പാറയിലുള്ളത് ദുര്‍ഗ്ഗാ ..എന്താ എന്നെ ഇവിടെയ്ക്ക് കൊണ്ടുവരുവാന്‍ കാരണം ? “
“ശ്യാം മുന്‍പ് കൂമന്‍ പാറ കണ്ടിട്ടില്ലേ ? “ അവള്‍ എന്തോ അര്‍ത്ഥംവെച്ചു അവനോട് ചോദിച്ചു
“ഒരു തവണ കണ്ടിട്ടുണ്ട് ..ഒരുവട്ടം അവിടെ പോയിട്ടുണ്ട് “ അവന്‍ എന്തോ ചിന്തിച്ചപ്പോലെ മറുപടി പറഞ്ഞു
“കാലില്‍ നിന്ന് ഷൂ അഴിക്കൂ ..ഈ പുഴ നമ്മള്‍ കടക്കാന്‍ പോവുകയാണ് “
ഷൂ അഴിച്ച് പുഴകടക്കാന്‍ മടിച്ചു നിന്ന അവനോട് അവള്‍ ചോദിച്ചു
“ശ്യാം ഭയമുണ്ടോ ?“ അവന്‍ മറുപടി കൊടുക്കാത്തത് കൊണ്ട് അവന് നേരെ അവളുടെ കൈകള്‍ നീട്ടി
“ഭയമാണെങ്കില്‍ എന്‍റെ കൈകളില്‍ പിടിയ്ക്കൂ “
ശ്യാം അവളുടെ കൈകളില്‍ അല്പം മടിച്ചാണെങ്കിലും പിടിച്ചു .അവര്‍ പതിയെ ആ പുഴയ്ക്ക് അപ്പുറത്തേയ്ക്ക് നടന്നു.പുഴ കടന്നതിന് ശേഷം അവള്‍ അവന്‍റെ കണ്ണുകള്‍ അവള്‍ കൈകള്‍കൊണ്ട് പൊത്തി പിടിച്ചു
“ശ്യാമിന് ഞാനൊരു അത്ഭുതം കാണിക്കാന്‍ പോവുകയാണ് ..ശ്യാം കണ്ണുകള്‍ തുറക്കരുത് “
“ഇല്ല തുറക്കില്ല “ അവള്‍ അവന്‍റെ കണ്ണുകളില്‍ നിന്ന് പതിയെ കൈകള്‍ എടുത്തു .ശ്യാം അപ്പോഴും കണ്ണുകള്‍ അടച്ചുപിടിച്ചിരിക്കുകയായിരുന്നു
“മുന്നിലേക്ക് നടക്കൂ “ അവള്‍ അവനോട് അല്പം ആജ്ഞ കലര്‍ത്തിയ ശബ്ദത്തില്‍ പറഞ്ഞു .അവനും അവളെ അനുസരിക്കും പോലെ നടന്നു
“മതിയോ ? “ കണ്ണുകള്‍ അടച്ചുകൊണ്ട്‌ അവന്‍ അവളോട്‌ ചോദിച്ചു
“ആയിട്ടില്ല കുറച്ചൂടെ മുന്നോട്ട് നടക്കൂ “ അവന്‍റെ അടുത്തായി അരിപൊടി കൊണ്ട് വരച്ച ഒരു വൃത്തത്തിലെയ്ക്ക് നോക്കി അവള്‍ പറഞ്ഞു ,അവന്‍ വീണ്ടും പതിയെ മുന്നിലോട്ട് സ്റെപ്പുകള്‍ വെച്ചു
“മതിയോ ..എത്തിയോ ..കണ്ണ് തുറക്കാമോ ?”
“കുറച്ചൂടെ മുന്നിലേക്ക് നടക്കൂ ശ്യാം “ വൃത്തത്തിലെയ്ക്ക് നോക്കി അവള്‍ പറഞ്ഞു
“ശരി “ അവന്‍ അടുത്ത സ്റെപ്പ് വെച്ചത് അരിപൊടി കൊണ്ട് വരച്ച ആ വൃത്തത്തിലെയ്ക്ക് ആയിരുന്നു .ശ്യാമിന്റെ കാലുകള്‍ ആ വൃത്തത്തിന്റെ അകത്തേയ്ക്ക് പ്രവേശിച്ചതും അവളുടെ മുഖം പ്രതികാരം കൊണ്ട് ചുവന്നിരുന്നു
----------------------------------
അജയന്‍റെ മരണം സ്വാഭാവിക മരണമെന്ന് നിഗമനത്തില്‍ എത്തി അതിനുള്ള റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയായിരുന്നു ജീവന്‍ .അപ്പോഴാണ് മാധവന്‍റെ കോള്‍ ജീവനേ തേടി വരുന്നത്
“യെസ് പറയൂ മാധവന്‍ “
“സാര്‍ റബ്ബര്‍ എസ്റ്റേറ്റിന്റെ അടുത്തു ഒരു കാറില്‍ ഒരാള്‍ മരിച്ചുകിടക്കുന്നു..പിന്നെ സാര്‍ “ മാധവന്‍ ഒന്ന് നിറുത്തി
“എന്താണ് മാധവന്‍ ..ബാക്കിക്കൂടെ പറയൂ “
“പിന്നെ സാര്‍ അജയന്‍റെ മരണത്തില്‍ സംഭവിച്ച പോലെ ചില സിമിലാരിറ്റി കാണുന്നുണ്ട് “
“എന്ത് ?എന്ത് സിമിലാരിറ്റി മാധവന്‍ ? “
“സാറോന്നു ഇവിടെയ്ക്ക് വരുമോ ? ബോയ്സ് ഹോസ്റ്റലിലേക്കുള്ള വഴി നേരെ വന്നാല്‍ മതി “
“ശരി ഞാന്‍ പുറപ്പെടുകയാണ് “ റിപ്പോര്‍ട്ട്‌ മുഴുവനാക്കാതെ ജീവന്‍ മാധവന്‍ പറഞ്ഞ സ്ഥലത്തേയ്ക്ക് പുറപ്പെട്ടു.സ്റ്റേഷനില്‍നിന്ന് പതിനഞ്ച് മിനിറ്റ് യാത്ര ചെയ്യാനുള്ള ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ
“എവിടെ മാധവന്‍ ? “ ജീപ്പില്‍ നിന്ന് ഇറങ്ങിയ ശേഷം മാധവനോട് ജീവന്‍ ചോദിച്ചു .
“വരൂ സാര്‍ “ മാധവന്‍ ജീവനേ റോഡിന് ഓരത്തായി പാര്‍ക്ക്‌ ചെയ്ത ഒരു കാറിന്‍റെ അടുത്തേയ്ക്ക് കൊണ്ടുപോയി .ഡ്രൈവര്‍ സീറ്റില്‍ മരിച്ചുകിടക്കുന്നു ഒരാള്‍
“ആളെ ഐഡന്റിറ്റിഫൈ ചെയ്തോ ? “
“യെസ് സാര്‍ ..ഡ്രൈവിംഗ് ലൈസെന്‍സ് നോക്കി പേര് മനസ്സിലാക്കി ..ശ്യാം എന്നാണ് പേര് “
“അജയന്‍റെ മരണവുമായി സാമ്യം ഉണ്ടെന്ന് പറയാന്‍ എന്താണ് കാരണം ? “
“അയാളുടെ കാലുകളിലേക്ക് നോക്കൂ “ മരിച്ചുകിടക്കുന്ന ശ്യാമിന്റെ കാലുകള്‍ കാണിച്ചുകൊണ്ട് മാധവന്‍ പറഞ്ഞു .അജയന്‍റെ കാലുകള്‍ പോലെ ഉപ്പൂറ്റി മുതല്‍ കാലിന്റെ മുട്ടുകള്‍ വരെ ചുവന്ന നിറത്തിലായിരുന്നു ശ്യാമിന്റെ കാലുകളും അജയന്‍റെ കാലുകളിലെ പോലെ ഞെരമ്പുകള്‍ മുഴച്ചു വികൃതമായിരുന്നു ശ്യാമിന്റെ കാലുകളും
“സാറിന് തോന്നുന്നുണ്ടോ ഇതൊരു സ്വാഭാവിക മരണമാണെന്ന് ? “ മാധവന്‍ ജീവനോട്‌ ചോദിച്ചു
“ഇല്ല മാധവന്‍ സാര്‍ ഇത് കൊലപാതകം തന്നെയാണ് ..ഒരേ പാറ്റേണിലുള്ള രണ്ട് കൊലപാതകങ്ങള്‍ ..നമുക്ക് മനസ്സിലാകാത്ത എന്തോ ഈ കേസില്‍ ഉണ്ട് മാധവന്‍ “ ജീവന്‍ ശ്യാമിന്റെ കാലുകളില്‍ നോക്കികൊണ്ട്‌ പറഞ്ഞു
“മാധവന്‍ സാര്‍ അയാളുടെ കാലുകളില്‍ ചെരിപ്പില്ലല്ലോ ? “ ജീവന്‍ ശ്യാമിന്റെ കാല്‍പാദങ്ങളിലെ മണ്ണ് കൈകൊണ്ട് തോണ്ടികൊണ്ട് ചോദിച്ചു
“വെള്ളത്തിന്‍റെ നനവുള്ള മണ്ണ് മാധവന്‍ ..ഡോഗ് സ്‌ക്വാഡിനെ കൊണ്ടുവന്ന് ഒന്ന് ഓടിപ്പിക്കണം മാധവന്‍ സാര്‍ ..ഈ റബ്ബര്‍ കാട്ടില്‍ നമ്മള്‍ തിരയുന്ന ചോദ്യത്തിന് ഉത്തരം ഉണ്ടെന്ന് എന്‍റെ മനസ്സ് പറയുന്നു “
“സ്‌ക്വാഡ് റെഡിയാണ് സാര്‍ “ മാധവന്‍ ഡോഗ് സ്‌ക്വാഡ് സ്പെഷലിസ്റ്റിനോട് എന്തോ ആംഗ്യം കാണിച്ചു.അവര്‍ ഡോഗിനെകൊണ്ട് ശ്യാമിന്റെ ശരീരത്തിന് അടുത്തേക്ക് കൊണ്ടുവന്ന ശേഷം റബ്ബര്‍ കാടു നോക്കി കുരച്ച അതിന്‍റെ പിന്നിലായി നടന്നു കൂടെ മാധവനും ജീവനും.നായ അവരെയും കൊണ്ട് ഒരുപാട് ദൂരം ആ റബ്ബര്‍ കാട്ടിലൂടെ മുന്നോട്ട് പോയി .മുന്നിലൊരു പുഴ എത്തിയപ്പോള്‍ നായ അവിടെ നിന്നു അത് പുഴയ്ക്ക് അപ്പുറം നോക്കി കുരയ്ക്കാന്‍ തുടങ്ങി .ജീവനും മാധവനും മുഖത്തോട് മുഖം നോക്കി നിന്നു
“പുഴയ്ക്ക് അപ്പുറം കടക്കണമല്ലോ മാധവന്‍ “മാധവനെ നോക്കി കൊണ്ട് ജീവന്‍ പറഞ്ഞു .ജീവനും മാധവനും മറ്റു പോലീസുകാരും ആ പുഴ പതിയെ കടക്കാന്‍ തുടങ്ങി.പുഴ കടന്നു കുറച്ച് മുന്നോട്ട് നടന്നുകാണും ഉപേക്ഷിച്ച രീതിയില്‍ ഒരു ഷൂ ജീവന്‍റെ കണ്ണില്‍പെട്ടു
“മാധവന്‍ സാര്‍ കണ്ടോ ..ഇത് ശ്യാമിന്റെ ആവാനാണ് വഴി “ അവര്‍ വീണ്ടും മുന്നോട്ട് നടന്നു
“എന്താണ് അത് ? “ അരിപൊടികൊണ്ട് വരച്ച ഒരു വൃത്തവും അതിന്‍റെ വശങ്ങളിലായി കിടന്നിരുന്ന പൂക്കളും കണ്ടപ്പോള്‍ ഒരു ആശ്ചര്യത്തോടെ ജീവന്‍ ചോദിച്ചു .മാധവനും ആ വൃത്തത്തിന്റെ വശങ്ങളില്‍ കിടന്നിരുന്ന പൂക്കള്‍ കൈയ്യിലെടുത്ത് നോക്കി കൊണ്ട് എന്താണെന്ന് മനസ്സിലാവാതെ ജീവനേ നോക്കി .ജീവന്‍ വൃത്തം വരച്ച ആ പൊടി കുറച്ച് കൈകളില്‍ എടുത്ത് വിരലുകൊണ്ട് തൊട്ടുനോക്കി
“അരിപൊടി ആണെന്ന് തോന്നുന്നു മാധവന്‍ സാര്‍ “
“സാര്‍ ഈ പൂക്കളും അരിപൊടിയും വൃത്തവും എല്ലാം കാണുമ്പോള്‍ ..” മാധവന്‍ മുഴുവനാക്കാതെ എന്തോ ആലോചിച്ച പോലെ പറഞ്ഞു
“സാര്‍ നമുക്ക് എവിടെയോന്നു കുഴിച്ചാലോ ? “
“അതെന്തിനാ മാധവന്‍ ? “
“കാര്യമുണ്ട് സാര്‍ “ മാധവന്‍ കൂടെയുണ്ടായിരുന്ന പോലീസുകാരോട് അരിപൊടി കൊണ്ട് വരച്ച വൃത്തത്തിന്റെ ഉള്ളില്‍ കുഴിക്കാന്‍ പറഞ്ഞു.അവര്‍ മാധവന്‍ പറഞ്ഞപോലെ ആ ഭാഗത്ത് കുഴിക്കാന്‍ തുടങ്ങി.കുഴിക്കുന്നതിന് ഇടയില്‍ കുഴിക്കകത്ത് ചുവന്ന തുണിയുടെ ഭാഗം കണ്ടപ്പോള്‍ അതിന്‍റെ വശങ്ങളിലെ മണ്ണ് മാറ്റി അതെടുക്കാന്‍ ആവശ്യപ്പെട്ടു .തുണിയുടെ വശങ്ങളിലെ മണ്ണ് മാറ്റിയപ്പോള്‍ അതിന്‍റെ താഴെയായി ഒരു മണ്‍കുടം അവര്‍ക്ക് കാണാന്‍ സാധിച്ചു .പോലീസുകാര്‍ ആ മണ്ണില്‍ നിന്ന് ആ കുടം പുറത്തേയ്ക്ക് എടുത്തു .ജീവന്‍ ആ കുടത്തിന്‍റെ മുകളിലെ ചുവന്ന തുണി അഴിക്കാന്‍ ഒരുങ്ങിയതും മാധവന്‍ ജീവനേ തടഞ്ഞു
“സാര്‍ വേണ്ട ..നമ്മുടെ യുക്തിയ്ക്ക് അപ്പുറം എന്തൊക്കെയോ ഈ കേസില്‍ ഉണ്ട് ..കുടം നമ്മളായിട്ട് തുറക്കണ്ട “മാധവന്‍ അല്പം ഭയത്തോടെ ജീവനോട്‌ പറഞ്ഞു
“ബ്ലാക്ക്‌ മാജിക്ക് ആണോ മാധവന്‍ സാര്‍ ഉദേശിച്ചേ ? “
“ചില ആഭിചാര കര്‍മ്മങ്ങള്‍ക്ക് ഇതുപോലെയുള്ള മണ്‍കുടവും ചുവന്ന തുണിയും ഉപയോഗിക്കുന്നതായി കേട്ടറിവ് ഉണ്ട് സാര്‍ ..പോരാത്തതിന് അരിപോടികൊണ്ട് വരച്ച ഈ വൃത്തവും പൂക്കളും.. “
“മം ..മാധവന്‍ വിശദമായി ശ്യാമിനെ പറ്റി അന്വേഷിക്കണം ..ശ്യാമും അജയനുമായി എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന് അന്വേഷിക്കണം ..അതുപോലെ ഇന്നലെ മുഴുവന്‍ ശ്യാം എവിടെയാണെന്നും അന്വേഷിച്ച് കണ്ടുപിടിക്കണം ...ഇതുപോലെയുള്ള മരണങ്ങള്‍ തുടരുവാന്‍ സാധ്യത ഇനിയുമുണ്ട് മാധവന്‍ സാര്‍ ..എങ്ങനെയെങ്കിലും നമുക്ക് സത്യം കണ്ടെത്തിയേ മതിയാവൂ ..ആര് ?എന്തിന് ? എങ്ങനെ ? “
--------------------------------
മേശപ്പുറത്ത് വെച്ചിരിക്കുന്ന മണ്‍കുടത്തിലേയ്ക്ക് നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി ജീവനും മാധവനും .ജീവന് അത് തുറന്നുനോക്കിയാല്‍ കൊള്ളാമെന്നുണ്ട് പക്ഷെ മാധവന്‍റെ എതിര്‍പ്പ് എന്തുകൊണ്ടോ ജീവന്‍ മുഖവിലയ്ക്ക് എടുക്കുകയായിരുന്നു
“മാധവന്‍ സാര്‍ നമുക്ക് ഇത് എന്താ ചെയ്യാന്‍ പറ്റുക ? തുറന്നു നോക്കിയാലോ ? “
“വേണ്ട സാര്‍ ..താന്ത്രികമായി അറിവുള്ള ഒരാള്‍ വേണം ഇത് തുറക്കാന്‍ “
“മാധവന് ഭയമുണ്ടോ ? “
“ഉണ്ട് സാര്‍ ..ഒടിയനെ പിടിച്ചതായി ഓര്‍ക്കുന്നില്ലേ സാര്‍ ..ആ മഴയത്ത് പോത്തിന്‍റെ രൂപം മാറി അയാള്‍ മനുഷ്യന്‍ രൂപത്തിലേക്ക് മാറുന്നത് സാറും കണ്ടതല്ലേ ..അതുപോലെ എന്തോ ഒന്ന്‍ ഈ കേസില്‍ ഉണ്ടെന്ന് എന്‍റെ മനസ്സ് പറയുന്നു സാര്‍ “
“മം ..തന്ത്രികമായ അറിവുള്ള ഒരാള്‍ ? “ ജീവന്‍ ഒരുനിമിഷം ചിന്തിച്ചു
“ഒരാളുണ്ട് മാധവന്‍ സാര്‍ ..മാധവന്‍ മറന്നുകാണില്ല എന്ന് തോന്നുന്നു “
“ആരാണ് സാര്‍ ? “
“ഫാദര്‍ ഡേവിഡ് “
“ങേ അയാളോ ..ആ കിറുക്കന്‍ ഫാദറോ ? അയാളുടെ ശിഷ്യനെ ഏതോ പെണ്‍കുട്ടികള്‍ വഞ്ചിച്ചെന്ന് പറഞ്ഞു ആ നാലു പെണ്‍കുട്ടികളെ കൊലചെയ്ത ഫാദര്‍ ഡേവിഡോ ?..അയാള്‍ അതിന് ഇപ്പൊ ജയിലില്‍ അല്ലേ ? “
“അതെ അയാള്‍ തന്നെ ..അല്ലെങ്കിലും മാധവന്‍ സാറിന് അയാളെ മറക്കാന്‍ ആവില്ലലോ “ ജീവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു
“ഓര്‍മിപ്പിക്കല്ലേ സാര്‍ ..പക്ഷെ അയാള്‍ക്ക് താന്ത്രിക വിദ്യകളെ പറ്റി അറിവുണ്ടാകുമോ അയാളൊരു സെമിനാരിയിലെ അദ്ധ്യാപകന്‍ മാത്രമല്ലേ “
“അയാളുടെ കഴിവുകള്‍ നമ്മള്‍ അന്ന് കണ്ടതല്ലേ മാധവന്‍ ..അയാളെ വളഞ്ഞ അത്രയും പോലീസുകാരെ ഹിപ്നോട്ടിസം ചെയ്തല്ലേ അയാള്‍ അന്ന് ആ വീടിന് അകത്തേയ്ക്ക് കയറിയതും കൊലനടത്തിയതും ..എനിക്ക് തോന്നുന്നു ഈ കേസില്‍ അയാള്‍ക്ക് നമ്മളെ സഹായിക്കാന്‍ ആകുമെന്ന് ..ഞാന്‍ ഇന്നു തന്നെ അയാളെ കാണുവാന്‍ പോകുന്നുണ്ട് “
(തുടരും)

Lijin
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo