Read It on Nallezhuth Android App
തൃശ്ശൂർ നഗരത്തിന്റെ ഹൃദയ ഭാഗത്തായി നില കൊള്ളുന്ന ത്രീസ്റ്റാർ ഹോട്ടലിന്റെ വി ഐ പി റൂമിൽ നിന്നും ഒഴുകി വരുന്ന വ്യക്തവും അവ്യക്തവുമായ ഗാനാലാപനങ്ങൾ.... സംസാരങ്ങൾ...
സമയം രാത്രി പത്തുമണിയോടടുത്തു.
നീരജ് ഘോഷ് പതുക്കെ ഇടറുന്ന കാലടികളോടെ ആ റൂമിന്റെ വാതിൽ തുറന്നു പുറത്ത് കടന്നു.
റൂമിനകത്തുനിന്നും ഉള്ള ആരവങ്ങൾക്കിടയിൽ അയാൾ പറഞ്ഞു...
'ഓകെ ഗയ്സ്.... ഐ ആം ലീവിങ്..
സീ... യൂ.....'
സീ... യൂ.....'
'അകത്തു നിന്നും ആരൊക്കെയോ തിരിച്ചും പറയുന്നത് കേൾക്കാമായിരുന്നു...
നീരജ് ഘോഷ് ആ സിറ്റിയിലെ വളരെ ഫെയ്മസ് ആയ ഒരു ജ്വല്ലറിയിൽ സെയിത്സ് മാനേജരും ആ സ്ഥാപനത്തിന്റെ എം ഡി യുടെ ഏക മകനും കൂടിയാണ്.. പ്രായം 30 കഴിഞ്ഞു...
വെളുത്തു അല്പം തടിച്ച ശരീരവും നിരാശ ലവലേശം പോലും ഇല്ലാത്ത കട്ട താടിയും മീശയുമായ സുമുഖനും ആ സ്ഥാപനത്തിൽ വരുന്ന യുവതികളുടെ മനം അറിയാതെ കവർന്നെടുക്കുന്ന പെരുമാറ്റ രീതികളുമുള്ള യുവാവാണ്....
എന്തേ ഇതുവരെ വിവാഹം കഴിച്ചില്ല എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം നീരജ് പറയുന്നത് ഇങ്ങനെയാണ്....
'എന്തോരം അടിപൊളി പീസോളാ ഡെയ്ലി ഈ ഷോപ്പിൽ വരണത് എന്നറിയോ... ഏതെങ്കിലും ഒരെണ്ണത്തിനെ ചാലാക്കി ലൈനടിച്ച് കെട്ടാന്ന് കരുതമ്പഴക്കും പിറ്റേസം കാണാ അതിനേക്കാൾ സൂപ്പർ മറ്റൊന്ന്... അപ്പപിന്നെ എങ്ങനെ ഒരെണ്ണത്തിനെ കെട്ടണത്...? മനസ്സങ്ക്ട് പിടിച്ചാ കിട്ട്ണില്ല... ഇമ്മക്ക് ഇങ്ങനെ കണ്ട് വെള്ളറക്കി അങ്ങനെ ജീവിക്കാം... അതാ ഒരിത്.... ഇനിപ്പ എന്നെങ്കിലും വേണം നിർബന്ധം തോന്നിയാ ഈ തൃശൂരില് മണി മണി പോലത്തെ പെമ്പിള്ളര് പിന്നേം ഇല്ലെ ഇഷ്ടംപോലെ.... '
ഇത് നമ്മുടെ ബ്രോക്കർ പൊന്നപ്പനോട് പറഞ്ഞ വാക്കാണ് കേട്ടോ...
നമുക്ക് നീരജിനോടൊപ്പം പോകാം...
ഹോട്ടലിന് പുറത്ത് പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിട്ടുള്ള തന്റെ ബ്ലാക്ക് ഇന്നോവയുടെ അരികിലേക്കായി അയാൾ മാക്സിമം ആടാതെ നടന്നടുക്കാനുള്ള ശ്രമത്തിലാണ്....
സെക്യൂരിറ്റികാരൻ വിൻസെന്റ് ചേട്ടൻ അദ്ദേഹത്തിന്റെ കൂടെ തന്നെയുണ്ട്...
"വേണ്ട വേണ്ട.... ചേട്ടൻ എന്നെ പിടിക്കൊന്നും വേണ്ട... ഞാൻ അത്ര ഓവറൊന്നും അല്ല... ഒരഞ്ചെണ്ണം.... അത് നമ്മടെ ഗടികള് നിർബന്ധിച്ചിട്ടാ..'
''ഉം....'
'മ്മടെ ചങ്ക് ബ്രോസ് പറഞ്ഞാ വേണ്ടാന്ന് എങ്ങനെ പറയും..? ചേട്ടൻ പറ.... പറ്റോ...?'
'ആ... അത് ശരിയാ.....'
'ആ... ദദാണ്....'
കാറിന്റെ റിമോട്ട് ഓൺ ചെയ്തു നീരജ് ഒരുവിധം ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു...
കാറിന്റെ ലെഫ്റ്റ് സൈഡിലെ സീറ്റിൽ അലസമായി ഇട്ടിരുന്ന തന്റെ പേർസ് തുറന്ന് അതിൽ നിന്നും ഒരു അഞ്ഞൂറിന്റെ നോട്ടെടുത്ത് വിൻസെന്റ് ചേട്ടന് നൽകിക്കൊണ്ട് നീരജ് പറഞ്ഞു...
'ഇത് ചേട്ടന് എന്റെ വക... ഈ ന്യൂ ഇയർ അടിച്ചു പൊളിക്ക്...'
'വളരെ സന്തോഷത്തോടെ ഭവ്യതയോടെ അയാളതുവാങ്ങി തൊഴുതു നിന്നു...
കാർ സ്റ്റാർട്ടാക്കി അയാൾ തന്റെ ഫ്ലാറ്റിലേക്ക് യാത്ര തിരിച്ചു...
രാത്രി ആയതിനാൽ നിരത്തിൽ ഓടുന്ന വാഹനങ്ങൾ പൊതുവേ കുറവാണ്...
എന്നാൽ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് അല്പം കൂടതലുമാണ്.....
റോഡിൽ പലയിടത്തും പുതു വത്സരത്തെ വരവേൽക്കാൻ തോരണങ്ങളും പല വർണ്ണങ്ങളിലുള്ള മാല ബൾബുകളും നിരന്നു കിടക്കുന്നത് കാണാം. .
ആ രാത്രിയുടെ മനോഹാരിത മുഴുവൻ ആസ്വദിക്കാൻ അയാളുടെ കണ്ണുകൾ അശക്തമായിരുന്നു.
കണ്ണുകൾ അടഞ്ഞു പോകാതിരിക്കാൻ അയാൾ വേഗം തന്നെ പാട്ട് പ്ലേ ചെയ്തു...
അമലയും കഴിഞ്ഞു തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജും കഴിഞ്ഞു രണ്ടു കിലോമീറ്റർ കൂടി സഞ്ചരിച്ചു വേണം അയാളുടെ ഫ്ലാറ്റിലെത്താൻ.
ജോലിയുടെ സ്വഭാവവും ഒരു ബാച്ച്ലർ ജീവിതം എൻജോയ് ചെയ്യുക എന്ന ലക്ഷ്യവും ഉള്ളതുകൊണ്ടാണ് മണിമാളികയിലെ താമസം വേണ്ട എന്ന് തീരുമാനിച്ച് ഈ ഫ്ലാറ്റിലേക്ക് താമസം മാറിയത്...
ഏക മകനായതിനാൽ അച്ഛനും അമ്മയും ഒന്നിനും എതിര് നിന്നില്ല....
മകന്റെ സന്തോഷം മാത്രമായിരുന്നു അവരുടെ സന്തോഷം....
നഗരത്തിലെ തിരക്കിൽ നിന്ന് മാറി ആളൊഴിഞ്ഞ റോഡിലൂടെ സഞ്ചരിച്ച് കാർ എഞ്ചിനീയറിംഗ് കോളേജിന് സമീപം എത്താറായപ്പോൾ പെട്ടെന്ന് ആരോ അയാളുടെ കാറിനരികിലേക്ക് ഓടി വരുന്നതുപോലെ അയാൾക്ക് തോന്നി...
കാർ നല്ല സ്പീഡിൽ ആയിരുന്നതിനാൽ അത് ആരാണെന്ന് അയാൾക്ക് കാണുവാനായില്ല...
അല്പം കൂടി കാർ മുന്നോട്ട് പോയി..
അതിനിടയിൽ അയാൾ തിരിഞ്ഞു നോക്കിയപ്പോൾ അത് ഒരു സ്ത്രീ രൂപമാണ് എന്ന് മനസ്സിലായി...
അയാൾ കാർ ബ്രേക്കിൽ അമർത്തി ചവിട്ടി ഗിയർ ചെയ്ഞ്ചു ചെയ്തു അവിടെ ഒരു വശത്തായി കാർ നിർത്തി. ..
ആരായിരിക്കും ഈ രാത്രി നേരത്ത്...?
ഏതെങ്കിലും അലമ്പ് കേസ് ആയിരിക്കുമോ...?
ആ.... ചിലപ്പോൾ ആയിരിക്കാം.. നാളത്തെ ആഘോഷത്തിന് ഇറക്കുമതി ചെയ്തതാവാം.....
ആ... ആരെങ്കിലും ആവട്ടെ...
അയാൾ വീണ്ടും കാർ സ്റ്റാർട്ടാക്കി മുന്നോട്ട് എടുക്കുന്നതിനിടെ മിററിലൂടെ ദൂരെയായി കണ്ടു.. ആ സ്ത്രീ കാറിനടുത്തേക്കായി ഓടി വരുന്നത്..
ഒരു നിമിഷം അയാൾ മറിച്ചു ചിന്തിച്ചു.
ഒരുപക്ഷേ എന്തെങ്കിലും ആപത്തിൽ പെട്ടിട്ടാണെങ്കിലോ...?
ഒരു സ്ത്രീ അല്ലേ...
നാളെ ഒരു പത്ര വാർത്ത....
അയാൾ കാർ റിവേർസ് ഗീറിലിട്ട് അവരുടെ അരികിലേക്ക് തിരിച്ചു.
ഒരു സാരി ധരിച്ച സ്ത്രീ രൂപം...
അയാൾ കാർ നിർത്തി...
സൈഡ് ഗ്ലാസ് ഓപ്പൺ ചെയ്തു...
ആ സ്ത്രീയുടെ കണ്ണും മൂക്കും മാത്രമേ പുറമേ കാണാൻ കഴിയൂ...
ബാക്കി ഒരു സാരികൊണ്ട് മൂടി പൊതിഞ്ഞിരിക്കുകയാണ്...ശിരസ്സ് ഉൾപ്പെടെ...
ആ സ്ത്രീ കാറിനടുത്തേക്കായി വന്നു ദയനീയമായ മുഖ ഭാവത്തോടെ എന്നാൽ പരിഭ്രാന്തിയോടെ അയാളോട് ചോദിച്ചു.
'സാർ.... ദയവായി എനിക്ക് ഒരു ലിഫ്റ്റ് തരുമോ....'
തൊഴുകൈകളോടെ അല്പം ഭീതിയോടെ ചുറ്റിലും കണ്ണോടിച്ച് നിൽക്കുന്ന ആ സ്ത്രീയോട് നോ എന്ന് പറയാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല...
എതിരെ നിന്നും വരുന്ന മറ്റൊരു വാഹനത്തിന്റെ ഹെഡ് ലൈറ്റിൽ നിന്നും വന്ന പ്രകാശത്തിൽ നിന്നും ആ സ്ത്രീയുടെ മുഖം അല്പം കൂടി അയാൾക്ക് വ്യക്തമായി..
ഒരു ചെറുപ്പം പെൺകുട്ടിയാണ്... കൂടിയാൽ ഇരുപത് വയസ്സിൽ താഴെ....
വിടർന്ന കറുത്ത വലിയ കണ്ണുകൾ കൺ പീലിയാൽ കൂടുതൽ അഴകുള്ളതായി തോന്നി... അല്പം നീണ്ട മൂക്ക്...
നെറ്റിയിൽ സ്ഥിരമായി കളഭക്കുറി തൊടുന്നതുപോലെ ഒരു ചെറിയ പാടും കാണാമായിരുന്നു...
അയാൾ കാറിന്റെ ബാക്ക് ഡോർ തുറന്നു കൊടുത്തുകൊണ്ടു പറഞ്ഞു...
'വാ.... കേറിക്കോ....'
അയാൾ പറഞ്ഞത് മുഴുവൻ കേൾക്കുന്നതിനുള്ള സാവകാശം പോലും ഇല്ലാതെ അവൾ കാറിലേക്ക് കയറി...
'നിനക്ക് എവിടെ പോകാനാണ്....?'
'എനിക്ക്.... എനിക്ക്.....'
അവൾ വാക്കുകൾ മുഴുവിക്കാനാവാതെ തപ്പിത്തടഞ്ഞു....
'ഉം..... എന്താ നിന്റെ പേര്...?'
'ഒരു നിമിഷം ആലോചിച്ച് അവൾ പറഞ്ഞു..
'ഞാൻ. ..രമ....'
'എന്താ... നിന്റെ ശബ്ദം വല്ലാതിരിക്കുന്നത്...?'
അവൾ ഒന്നും മിണ്ടിയില്ല..
'നീ ഈ രാത്രി ഇവിടെ എങ്ങനെ എത്തി....
അപ്പോഴും ഭയത്തിലായിരുന്ന അവൾ പറഞ്ഞു...
'സർ... ദയവായി എന്നോട് ഇപ്പോൾ ഒന്നും ചോദിക്കരുത്... എല്ലാം ഞാൻ പറയാം...'
'ഉം.....'
അല്പ നേരത്തെ മൗനത്തിനിടയിൽ താൻ പുതച്ചിരുന്ന സാരി തലപ്പുകൊണ്ട് അവളുടെ കണ്ണുകൾ തുടക്കുന്നത് അയാൾ കണ്ടു...
ആരായിരിക്കും അവൾ....?
എന്തിനാണ് അവൾ കരയുന്നത്.....?
ഈ രാത്രിനേരത്ത് എങ്ങനെ ഇവിടെ എത്തി...?
മദ്യത്തിന്റെ ലഹരി വിട്ടു മാറിയില്ലെങ്കിലും അയാൾ ചിന്തിച്ചു....
(കുറെ നാളായി മനസ്സിലുള്ള ഒരാശയം നിങ്ങളുടെ മുന്നിൽ സമർപ്പിക്കാനുള്ള ഒരു ശ്രമമാണ്... അഭിപ്രായം പറയണം കേട്ടോ... ബാക്കി നാളെ....)
***മണികണ്ഠൻ അണക്കത്തിൽ***

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക