Slider

എന്റെ അനിയത്തികുട്ടി

0
എന്റെ അനിയത്തികുട്ടി
അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞുവാവ വളരുന്നു. ഞാനെന്ന നാല് വയസുകാരി ഏറ്റവും സന്തോഷിച്ച ദിവസങ്ങളാണവ.. കൂടെ കളിക്കാൻ, കൂട്ട് കൂടാൻ ... ഒരാളും കൂടി വരുന്നു.. ആ നാല്‌ വയസുകാരി കാത്തിരുന്ന പോലെ ഒരു കാഞ്ചനയും കാത്തിരുന്നിട്ടുണ്ടാവില്ല.... അമ്മയുടെ വയറ് വലുതാവുംതോറും എന്റെ പ്രതീക്ഷയും കൂടി കൂടി വന്നു. സ്വതവേ നടുവേദനക്കാരിയായ അമ്മയുടെ ശാരീരിക വൈഷമ്യങ്ങൾ ഏറിവന്നപ്പോൾ അച്ഛൻ പറഞ്ഞു, " നിനക്ക് വയ്യെങ്കിൽ വേണ്ട.. നമുക്കി കുഞ്ഞിനെ വേണ്ടാന്ന് വയ്ക്കാം.. " നെഞ്ചിടിപ്പോടെയാണ് എന്നിലെ ചേച്ചി ആ വാർത്ത കേട്ടത്. പക്ഷെ, അമ്മ പറഞ്ഞു, "സാരല്യ.. നമ്മുടെ മോൾക്കൊരു കൂട്ട് വേണ്ടേ.. "
അമ്മയുടെ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അല്പം ദൂരെയായിരുന്ന നഴ്സറിയിൽ നിന്ന് വീടിനടുത്തുള്ള സ്കൂളിലേക്ക് പെട്ടെന്നൊരു മാറ്റം കിട്ടി എനിക്ക്.. അന്നും ഇന്നും അമ്മയ്‌ക്കൊപ്പം കിടന്നാൽ നല്ല സുഖമായുറങ്ങുന്ന ഞാൻ അന്ന് രാത്രി ഉണർന്നത്, അമ്മയുടെ വലിയ വയറിൽ ചാരി വച്ചിരുന്ന എന്റെ കാലുകൾ ആരോ മാറ്റിയതറിഞ്ഞാണ്. അപ്പോൾ ആരൊക്കെയോ ആ മുറിയിൽ ഉണ്ടായിരുന്നു... താഴത്തെ വീട്ടിലെ അമ്മ, അമ്മയുടെ അമ്മ... അങ്ങനെ ആരൊക്കെയോ... അവരെന്തോ അടക്കം പറയുന്നുണ്ടായിരുന്നു. മുറിയിലെ അരണ്ട വെളിച്ചത്തിൽ അമ്മ പറഞ്ഞു " മോളുറങ്ങിക്കോ " അമ്മയുടെ തലോടലേറ്റപ്പോൾ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു. പിറ്റേന്ന് നേരം പുലർന്ന ഉണരുമ്പോൾ ഞാൻ അച്ഛമ്മയ്ക് അരികിൽ ആണ്. " അമ്മയെവിടെ.. " എന്റെ ആകാംഷയോടെയുള്ള ചോദ്യത്തിന് അച്ഛമ്മ സ്നേഹത്തോടെ മറുപടി പറഞ്ഞു , " അമ്മ കുഞ്ഞുവാവയെ കൊണ്ടു വരാൻ ആശുപത്രിയിൽ പോയിരിക്കുവാ... "
അമ്മയെ കാണാൻ അച്ഛമ്മയ്ക്കും ചിറ്റപ്പനുമൊപ്പം ആശുപത്രിയിൽ പോയ ദിവസം ജീവിതത്തിലെ മനോഹരമായ ദിവസത്തിലൊന്നാണ്... അവിടെ ചെന്ന ഞാൻ കണ്ടു.. വെളുത്ത തുടുത്ത കവിളുകളും റോസാപ്പൂ നിറമുള്ള ചുണ്ടുകളുമുള്ള ഒരു കുഞ്ഞു മാലാഖയെ...
" ഇങ്ങടുത്ത വാ.. അനിയത്തികുട്ടിയെ കാണണ്ടേ.. " അമ്മ ക്ഷണിച്ചു.
അനിയത്തി... എനിക്കും ഒരു അനിയത്തികുട്ടി... പതിയെ ഞാനാ കവിളിൽ തൊട്ടു... അവൾ ചുണ്ടനക്കി.. ഞാനവളുടെ കാലിലും കൈയിലുമൊക്കെ തൊട്ട് നോക്കി.. അവളുടെ വലതു കൈക്കുള്ളിൽ അകപ്പെട്ട എന്റെ കൈ വിരൽ അവൾ മുറുകെ പിടിച്ചു.. വലിച്ചെടുക്കാൻ ശ്രെമിച്ചപ്പോൾ പിന്നെയും അവൾ പിടി മുറുക്കി... എനിക്കത് അദ്ഭുതമായിരുന്നു.
ആ കൈ ഇപ്പോഴുമവൾ മുറുകെ പിടിച്ചിരിക്കുകയാണ്, പിടി വിടാതെ...
പിറ്റേ ദിവസവും സ്കൂളിൽ പോവാതെ, കുഞ്ഞുവാവയെ കാണാൻ പോവണമെന്ന് പറഞ്ഞ് കരഞ്ഞതിനു, ചിറ്റപ്പന്റെ വക നല്ല തല്ല് കിട്ടി എനിക്കന്ന്... കുഞ്ഞുവാവയെയും കൊണ്ട് അമ്മ വീട്ടിൽ വന്നപ്പോൾ, കാണാൻ വന്ന ആരൊക്കെയോ കളിയായി പറഞ്ഞു, " ഞങ്ങൾ കുഞ്ഞുവാവയെ കൊണ്ടുപോവാട്ടോ " " വേണ്ട.. കുഞ്ഞുവാവ എന്റെയാ... " ഞാനവളെ അമർത്തി പിടിച്ചു.
അന്ന് അമ്മ ചേച്ചിയായ എന്റെ ഉത്തരവാദിത്വങ്ങൾ പറഞ്ഞു തന്നു. കുഞ്ഞുവാവയെ കളിപ്പിക്കുന്ന ചുമതല, അവളെ അംഗൻവാടിയിൽ വിടുന്നത്, പഠിപ്പിക്കുന്നത്... അങ്ങനെ അങ്ങനെ.. ഇന്ത്യൻ പ്രസിഡന്റ് പദവി കിട്ടിയ സന്തോഷമായിരുന്നു എനിക്കന്ന്.
പതിയെ പതിയെ എന്നിൽ ചെറുതായി അസൂയ ഉടലെടുത്തു തുടങ്ങി... അമ്മ കുഞ്ഞുവാവയുടെ കാര്യങ്ങളിൽ ശ്രെദ്ധ കൂടുതൽ കൊടുക്കാൻ തുടങ്ങിയപ്പോൾ.... ഓഫീസിലേക്കിറങ്ങുന്ന അച്ഛന്റെ ഉമ്മകൾ പകുത്തു തുടങ്ങിയപ്പോൾ... ആ കുശുമ്പിൽ നിന്ന് അവളെ ശാരീരികമായി വേദനിപ്പിക്കുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തി. പീച്ചിയിട്ടോ, അടിച്ചിട്ടോ.. ഞാൻ ഓടും.. പാവം.. ഇരുന്ന് കരയുന്നതല്ലാതെ അവളെന്നെ തിരിച്ചെന്തെങ്കിലും ചെയ്തതായി എന്റെ ഓര്മകളിലേ ഇല്ല...
വളരുംതോറും ഞങ്ങൾ നല്ല സുഹൃത്തുക്കളായി...... അറിവായി തുടങ്ങിയപ്പോൾ, കളിയായി പലപ്പോഴും അവൾ പറഞ്ഞിട്ടുണ്ട്... " എന്നെ കളയാൻ അച്ഛൻ അന്ന് പറഞ്ഞതല്ലേ.. " അപ്പോഴൊക്കെ ഞാൻ ഓർക്കാറുണ്ട്, അന്ന് അച്ഛനെ അമ്മ അനുസരിച്ചിരുന്നെങ്കിൽ എനിക്കൊരു അനിയത്തിയെ, ഒരു സുഹൃത്തിനെ, ഒരു ടീച്ചറിനെ, ഒരു മോട്ടിവേറ്ററിനെ, ഒരു ഇൻസ്പിറേറ്ററിനെ യൊക്കെ പിന്നീട് നഷ്ടമായേനെ...
അവളുടെ ചേച്ചിയായി ജനിക്കാൻ സാധിച്ചതാണ് എനിക്ക് കിട്ടിയ ഏറ്റവും വല്യ പുണ്യമെന്ന് ഞാൻ കരുതുന്നു....
ഇരുപത്തിയാറ് വർഷങ്ങൾക്കിപ്പുറം ആ കുഞ്ഞുവാവ ഇന്നൊരു ടീച്ചറാണ്.... പേരറിയാത്ത ഒരുപാട് കുട്ടികളുടെയും പിന്നെ എന്റെയും....
ജ്യോതി ലക്ഷ്മി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo