Slider

മുപ്പത് മണിക്കൂർ: Part 2 - ( അവസാന ഭാഗം).

0

ഓപ്പറേഷൻ തിയേറ്ററിൽ ഒരു പത്തു പേരെങ്കിലും ഉണ്ടാകും. എന്നെ അവർ സ്ട്രെക്ചറിൽ നിന്ന് ടേബിളിലേക്ക് മാറ്റിക്കിടത്തി.ഞാൻ അവിടെ ഒന്നാകെ നോക്കിയെങ്കിലും ഡോക്ടർമാരെ ആരെയും കണ്ടില്ല.
' മുന്നിലെ ഗ്ളാസുകളിലൂടെ പുറത്തെ മനോഹരമായ കുന്നിൻ ചരുവും പച്ചപ്പും കാണാൻ കഴിയുന്നുണ്ട്. പിന്നെ ആ രംഗമെല്ലാം മറച്ച് കൊണ്ട് നഴ്‌സുമാർ എന്നെ വളഞ്ഞു നിന്നു.
അനസ്തേഷ്യ ഡോക്ടർ എത്തിയിരിക്കുന്നു.ഇതിനിടയിൽ അവീടെയുള്ള പ്രായം ചെന്ന നഴ്സിന്റെ ചോദ്യങ്ങൾ.....
പറഞ്ഞ് പതം വന്ന മറുപടികൾ.....
ചിലപ്പോൾ മൗനങ്ങളായും നിശ്വാസങ്ങളായും മാറും.
പുരുഷന്മാരായ നഴ്സുമാർ എന്നെ വലതുഭാഗത്തേക്ക് തിരിച്ചു കിടത്തി.മുട്ടുകാൽ മടക്കി നടുവൊടിച്ചു. നട്ടെല്ലിന്റെ ഭാഗം നനവുള്ള പഞ്ഞി കൊണ്ട് തലോടുന്നു.രണ്ട് മൂന്ന് പേർ എന്നെ ബലമായി പിടിച്ചിരിക്കുന്നു. പിന്നിൽ സൂചിയുടെ ആദ്യ സ്പർശം ഞാനറിഞ്ഞു. പിന്നെ നട്ടെല്ലിന്റെ ഉള്ളിലേക്ക് സൂചി തറച്ചു കയറി. സൂചിത്തല പ്പു കൊണ്ട് അവിടെ എന്തോ പരതുന്നു.. അസഹ്യമായ വേദന.. പിന്നെ നട്ടെല്ലിന്റെ ഉള്ളിലൂടെ ഒരു തണുപ്പുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നത് ഞാനറിഞ്ഞു.
" കഴിഞ്ഞോ?
ഡോക്ടർ സൂചി വലിച്ചെടുത്തിരിക്കുന്നു.
" കഴിഞ്ഞു - ഡോക്ടറുടെ മറുപടി.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നഴ്സുമാർ എന്റെ നാല് ഭാഗത്തേക്കുമായി ചിതറി. എന്നെ മലർത്തിക്കിടത്തി. നെഞ്ചിൽ വയറുകൾ ഘടിപ്പിക്കുന്നു. കൈകൾ രണ്ടും ബന്ധിക്കുന്നു. പെട്ടെന്ന് എന്റെ മുന്നിൽ ഒരു കടും പച്ച നിറത്തിലുള്ള മറ രൂപപ്പെട്ടു... കണ്ണുകൾ റിബ്ബൺ കൊണ്ട് കൂട്ടിക്കെട്ടി. മൂക്കിനു മുകളിൽ മാസ്ക്സ്ഥാപിക്കപ്പെട്ടു.ഇപ്പോൾ എനിക്കൊന്നും കാണാൻ കഴിയില്ല..
കാലുകൾ ആ കെ പുളിപ്പ് കേറിയിരിക്കുന്നു.വാരിയെല്ല് വരെ ഭയങ്കരമായ അസ്വസ്ഥത..
"എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ? തല ഭാഗത്തിരിക്കുന്ന നഴ്സിന്റെ താണ് ചോദ്യം. " ഇല്ല" ഞാൻ പറഞ്ഞു.
പിന്നിലെ മെഷീനിൽ നിന്ന് ബീപ്പ് ബീപ്പ് ശബ്ദങ്ങൾ ഉയരുന്നു. തിയേറ്ററിന്റെ ഏതോ മൂലയിൽ നിന്ന് കൊല്ലന്റെ ആലയിലേതുപോലെ ഇരുമ്പിനടിക്കുന്ന ശബ്ദം കേൾക്കുന്നു.
"എന്തായി" അൽപം അകലെ നിന്നാണ്. ഡോക്ടറുടെ ശബ്ദം പോലെ തോന്നി.
" നോർമൽ"
ഇവിടെ നിന്നാരോ പറയുന്നു.
" മാടപ്രാവെ വാ"
ഓപ്പറേഷൻ തിയേറ്ററിൽ പാട്ടോ?. ഞാൻ ഒന്നുകൂടി കാതോർത്തു. അതെ, തലക്ക് പിന്നിൽ നിന്ന് തന്നെയാണ്. റേഡിയോ ഓൺ ചെയ്തിരിക്കുന്നു. പാട്ടുകേൾക്കാൻ, ആസ്വദിക്കാൻ കഴിയുന്ന അവസ്ഥയിലാണോ ഇവിടത്തെ ജീവനക്കാർ?.
...........................................................
ഇപ്പോൾ മനോഹരമായ ഒപ്പനപ്പാട്ട് കേൾക്കുന്നുണ്ട്. അണിയിച്ചൊരുക്കിയ പന്തൽ പ്രഭാപൂരിതമാക്കിയിരിക്കുന്നു. ഒപ്പന കളിക്കുവാനായി മൊഞ്ചത്തിമാരായ തോഴികൾ അണിഞ്ഞൊരുങ്ങി വന്നിരിക്കുന്നു. വർണ വസ്ത്രങ്ങളണിഞ്ഞ് മൊഞ്ചുള്ള കൈകളിൽ കരിവളയും മൈലാഞ്ചിയുമിട്ട് അവർ മണവാട്ടിയെ കാത്തിരിക്കുകയാണ്.പുതുവസ്ത്രങ്ങളണിഞ്ഞ് പുതുമാപ്പിളയായ് ഞാനും അവർക്കരികിലേക്ക് ചെന്നു. പക്ഷെ ആരും കാര്യമായി എന്നെ മൈന്റ് ചെയ്യുന്നില്ല. ഓരോരുത്തരും അവരവരുടെ സന്തോഷങ്ങളിൽ മുഴുകിയിരിക്കുകയാണ്.
"ചേലിൽ മൈലാഞ്ചിയിട്ട്,
ചേലഞ്ചും സുറുമയുമിട്ട്
ചേലുള്ള പെണ്ണെ നിന്റെ
മാരൻ അണഞ്ഞിടുന്നു.
ഒപ്പനപ്പാട്ടിന്റെ താളത്തിനൊത്ത് തോഴിമാർ കളിക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ പുതു പെണ്ണ് ഇതുവരെ എത്തിയില്ല. എന്തേ അവൾ വരാത്തത്? അവളുടെ സാമീപ്യം ആഗ്രഹിച്ച ഞാൻ വിഷണ്ണനാവുകയാണോ.? എന്തു പറ്റി അവൾക്ക്?. എന്റെ ഹൃദയമിടിപ്പ് കൂടുന്നതായി ഞാൻ അറിഞ്ഞു.ആ പന്തലിൽ ആൾക്കൂട്ടത്തിനിടയിൽ ഞാൻ ഒറ്റപ്പെടുകയാണ്.
" എന്തേ എന്തു പറ്റി " നഴ്സുമാരുടെ ശബ്ദം കേട്ടാണ് സ്വപ്നത്തിൽ നിന്ന് ഉണർന്നത്.
" ഒന്നുമില്ല" ഞാൻ മറുപടി പറഞ്ഞു.
ഹൊ! സ്വപ്നമായിരുന്നോ? ഇത്ര സുന്ദരമായ സ്വപ്നം കാണാൻ എന്റെ മനസ് ശാന്തമാണോ?
സ്വപ്നത്തിലെ വിവാഹത്തിന്റെ വ്യാഖ്യാനം മരണമാണെന്ന് താൻ എവിടെയോ വായിച്ചിട്ടുണ്ട്. തന്റെ മരണം അടുത്തുവോ?
പിന്നിലെ ബീപ് ബീപ് ശബ്ദത്തിന് അൽപം മാറ്റം വന്നതായി ഞാൻ അറിഞ്ഞു. അൽപം വേഗത കൂടിയിരിക്കുന്നു. പിന്നിലെ നഴ്സുമാർ പതുക്കെ എന്തൊക്കെ സംസാരിക്കുന്നുണ്ട്.
"എന്തു പറ്റിയതാ ഇക്കാ നിങ്ങൾക്ക്? വീണ്ടും നഴ്സിന്റെ കിളിനാദം കാതുകളിൽ മുഴങ്ങുകയാണ്.
പറഞ്ഞ് പതം വന്ന മറുപടികൾ.ചിലപ്പോൾ മൗനങ്ങളായും നിശ്വാസങ്ങളായും മാറും.
മുന്നിലെ കുന്നിൻ ചെരുവിലെ മനോഹരമായ പച്ചപ്പ് തെളിഞ്ഞു കാണുന്നുണ്ട്. ആൾപ്പെരുമാറ്റമില്ലാത്ത കുന്നിൽ പച്ച വിരിച്ചു നിൽക്കുകയാണ് പുൽമേടകൾ. വലിയ വലിയ മരങ്ങളൊന്നും തന്നെയില്ല. ഒരു ആട്ടിൻ കൂട്ടത്തെ നോക്കുന്നുണ്ട് ഒരു സ്ത്രീ. ഒരു ഉറവയിൽ നിന്ന് വെള്ളം കുടിക്കാൻ ശ്രമിക്കുകയാണവർ. എങ്ങനെ ആ കുന്നിൻ മുകളിൽ ഒറ്റക്ക് ആ സ്ത്രീ എത്തപ്പെട്ടു. പിന്നീട്‌ മനോഹരമായ ആകുന്നിൻ ചരുവിലെ പച്ചപ്പും പുൽമേടകളും ആസ്വദിച്ചങ്ങനെ നടക്കുന്നു.
"ഉറങ്ങിയോ? വീണ്ടും നഴ്സിന്റെ കിളിനാദം.
"ഇല്ല" എന്റെ മറുപടി.
ശരീരത്തിലെ ചൂട് പോയി തണുപ്പായിരിക്കുന്നു. എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നതിനെ പറ്റി ഒരു വിവരവുമില്ല.ഞാൻ ഉറങ്ങാതിരിക്കാൻ നഴ്സുമാർ എന്തൊക്കെയോ പറയുന്നുണ്ട്.
വീണ്ടും ആകുന്നിൻ ചരുവിലെ പച്ചപ്പിലേക്ക് തന്നെ എന്റെ ശ്രദ്ധയെ കൊണ്ടുപോയി. ഇപ്പോൾ അവിടെ ആ കുന്നിൻ ചരുവിൽ പച്ചപ്പ് ഒന്നും തന്നെ കാണാനില്ല.കുന്നിൻ ചരുവിൽ തീ പിടുത്തമുണ്ടായിരിക്കുന്നു.
മനോഹരമായ കുന്നിൻ ചരുവ് ചാരം മാത്രമായി മാറിയിരിക്കുന്നു. ആ ചാരത്തിലൂടെ ഒരു ബാലൻ ഒരു പന്ത്രണ്ട് വയസ്സ് കാരൻ നടക്കുന്നു. അവനെന്തോ തിരയുന്നു. അവന്റെ കൈയിലുള്ള വടി കൊണ്ട് ചാരമെല്ലാം ഇളക്കി നോക്കുന്നുണ്ട്. അവൻ എന്തോ വിളിച്ചു പറയുന്നുമുണ്ട്. ഞാനൊന്ന് കൂടി കാതോർത്ത് നോക്കി.അതെ അവൻ ഉമ്മാ.. ഉമ്മാ.. എന്നാണ് വിളിക്കുന്നത്. അപ്പോൾ അവിടെ ആട് മേച്ചിരുന്ന സ്ത്രീ അവന്റെ ഉമ്മയായിരുന്നോ.. ആ തീയിൽ ആ ഉമ്മ വെന്തുപോയോ.?
"ലൈറ്റിട്... സാറിന് ലൈറ്റിട്ട് കൊടുക്ക്"
നഴ്സ് വിളിച്ചു പറയുന്നു. അരക്കെട്ട് കീറാനുള്ള പരിപാടിയാണ്. അവിടെ വേദന അൽപം അറിയുന്നുണ്ട്. പ്രഷർ നോക്കുന്ന കൈയിന്റെ സന്ധികളിൽ ഒക്കെ ശക്തമായ വേദന. ഭയങ്കര തണുപ്പ്. തണുത്ത് കൈകൾ രണ്ടും വിറയ്ക്കുന്നു.
തണുത്തു വിറക്കുന്ന എന്റെ ശരീരം പരമാവധി പുതപ്പിച്ചു തന്നിരിക്കുന്നു നഴ്സുമാർ. അവർ ഞാൻ ഉറങ്ങാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നു. കാലുകളിൽ കമ്പിയും സ്ക്രൂവും അടിച്ചു കയറ്റുന്നതിനനുസരിച്ച് ടേബിൽ ഇളകുന്നുണ്ട്-
" എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നോ?
നഴ്സുമാരുടേതാണ് ചോദ്യം.
:കൈ നന്നായി കടയുന്നുണ്ട്. തണുക്കുന്നുമുണ്ട് " ഞാൻ പറഞ്ഞു.
" അത് തണുപ്പിന്റെയാണ്. തീരാറായിരിക്കുന്നു."നഴ്സിന്റെ മറുപടി.
..............................................
ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നു. എന്നെ സ് ട്രക്ചറിലേക്ക് മാറ്റിക്കിടത്തി.അഴിഞ്ഞുകിടന്ന വസ്ത്രങ്ങൾ പൂർവ്വസ്തിഥിയിലാക്കി. എന്റെ മുകളിലുണ്ടായിരുന്ന പുതപ്പ് മാറ്റിയപ്പോൾ ഞാൻ പൂർണ്ണ നഗ്നനായിരുന്നു.
എന്നെ ബന്ധുക്കളെ കാണിച്ചു വീണ്ടും ഐസിയുവിലേക്ക് മാറ്റി. സമയം അഞ്ച് മണിയായിരിക്കുന്നു.ഓപ്പറേഷനു എടുത്ത സമയം അഞ്ച് മണിക്കൂർ.
കാലിയായ ഒരു ബെഡ്ഡിലേക്ക് എന്നെ മാറ്റിക്കിടത്തി.
ഹാവൂ! കടുത്ത തണുപ്പിൽ നിന്നും ഒരു ചെറിയ മോചനം കിട്ടിയ പോലെയായി. ഇടതു ഭാഗത്ത് കിടക്കുന്ന ആൾ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെടുന്നു. മൂത്രത്തിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ട്. നഴ്സുമാർ അവരുടെ നടപടിക്രമങ്ങളൊക്കെപൂർത്തിയാക്കി എന്നെ നന്നായി പുതപ്പിച്ചു കിടത്തി. തൊട്ടടുത്ത് കിടക്കുന്ന ആളുടെ പുതപ്പും വിരിപ്പും മാറ്റിയെടുക്കുന്നുണ്ട് സിസ്റ്റർമാർ. അയാൾക്ക് മൂത്രം പോയിരിക്കുന്നു.
........................
"മോനേ...... മോനേ.....
ഒരു സ്ത്രീയുടെ ഏങ്ങിക്കരച്ചിൽ കേൾക്കുന്നതായി എനിക്ക് തോന്നി. ഞാൻ കണ്ണ് തുറന്നു നോക്കി. ഇല്ല... ഇപ്പോൾ കേൾക്കാനില്ല.എനിക്ക് തോന്നിയതായിരിക്കും.
തൊട്ടടുത്തുള്ളവരെ നോക്കി. എന്റെ വലതുഭാഗത്ത് കർട്ടൺ കൊണ്ട് മറച്ചിരിക്കുന്നു. ഇടത് ഭാഗത്ത് ഉണ്ടായിരുന്ന ആളെ കാണാനില്ല. അവിടെ കാലിയാണ്.
ഞാൻ ഉണർന്നത് അറിഞ്ഞിട്ടാവണം നഴ്സ് എന്റെ അടുത്തേക്ക് വന്നു.
ഞാൻ അവരോട് സമയം ചോദിച്ചു. ഏഴര ആയിരിക്കുന്നു. മുത്രമൊഴിക്കാൻ മുട്ടുന്നുണ്ട്. ആവശ്യം നഴ്സിനോട് പറഞ്ഞപ്പോൾ "നിർബന്ധമാണോ" എന്ന മറുചോദ്യം.ഒരു മണിക്കൂറെങ്കിലും കഴിയേണ്ടിവരും.
"പിന്നെ എന്തു ചെയ്യും" എന്റെ ചോദ്യം.'' പിന്നെ പൈപ്പിടേണ്ടി വരും "അങ്ങിനെയെങ്കിലും അങ്ങിനെ..ഇതൊന്ന് ഒഴിവായിക്കിട്ടിയാൽ മതിയായിരുന്നു.
വീണ്ടും ഞാൻ ഉറങ്ങിപ്പോയിരുന്നു. "മോനേ... എന്നുള്ള ഏങ്ങിക്കരച്ചിൽ എന്റെ കാതിൽ അലയടിക്കുന്നതായി എനിക്കു തോന്നി.ഐ സി യു വി ലെ കടുത്ത തണുപ്പ് എനിക്ക് ഇപ്പോൾ അനുഭവിക്കാൻ കഴിയുന്നില്ല. ശരീരം ഒന്നാകെ നീറ്റൽ അനുവപ്പെടാൻ തുടങ്ങി.
മുന്നിലെ ടേബിളിൽ കട്ടൻ ചായയും ബ്രഡും ഇരിക്കുന്നു - എനിക്കുള്ളതാണ്.
ശരിരംകീറി മുറിച്ചിടത്തെല്ലാം ശക്തമായ വേദന അനുഭവപ്പെടാൻ തുടങ്ങുന്നു. അസഹ്യമായ വേദനയായിരിക്കും. നഴ്സ് അടുത്തു തന്നെ ഉണ്ട്.തൊട്ടടുത്ത് കിടക്കുന്ന സ്ത്രീയെ പരിചരിക്കുകയാണ്.
"ചായ കുടിക്കണ്ടെ" എന്നോടാണ് നഴ്സിന്റെ ചോദ്യം.
നേരത്തെ കേട്ട സത്രീയുടെ ഏങ്ങിക്കരച്ചിൽ ഇപ്പോഴും കാതിൽ അലയടിക്കുകയാണ്.ഓപ്പറേഷനു തൊട്ടുമുമ്പു കണ്ട ആ സത്രീയായിരിക്കും അത്. ആരോടെങ്കിലും ഒന്ന് ചോദിച്ചു നോക്കാം.
തൊട്ടടുത്തുണ്ടായിരുന്ന നഴ്സിനോടാണ് ഞാനത് ചോദിച്ചത്.
" ഉച്ചക്ക് ഓപ്പറേഷന് വന്നിരുന്ന ഒരു സ്ത്രീ മകനെ വിളിച്ച് കരഞ്ഞിരുന്നു - ആ സ്ത്രീയുടെ കാര്യം എന്തായി?.
എന്റെ ചോദ്യം കേട്ട് മറുപടി പറഞ്ഞത് തൊട്ടടുത്ത് കിടന്നിരുന്ന ആ സ്ത്രീയായിരുന്നു.
" അത് പോയല്ലൊ.. അതിന്റെ തലയില് മൊഴ വന്നപ്പൊ അതങ്ങനെ കൊണ്ട് നടന്നു.സഹിക്കാൻ പറ്റാതായപ്പോളാണ് ഇവിടെ വന്നത്."
"എന്നിട്ട്?
"അത് മരിച്ചൂന്ന്.. പാവം ബന്ധുന്നും സ്വന്തന്നും പറയാൻ ഒരു പന്ത്രണ്ട് വയസുള്ള മകനേ ഒള്ളു.
ആ കുട്ടി ഇതറിഞ്ഞപ്പൊ ബോധംകെട്ടുവീണുന്നൊക്കെ കേക്കണെ"
വലിയൊരു ഷോക്കോട് കൂടിയാണ് ഞാൻ ആ വാർത്ത കേട്ടത്. സ്തബ്ധനായിപ്പോയി ഞാൻ. പിന്നെയൊന്നും ചോദിക്കാൻ കഴിഞ്ഞില്ല. തൊണ്ട വരണ്ടുപോയിരിക്കുന്നു. പന്ത്രണ്ട് വയസ്സുള്ള കുട്ടി ആരുമില്ലാതെ അവസാനത്തെ തണിയും നഷ്ടപ്പെട്ട് അനാഥ ബാലനായിരിക്കുന്നു. തന്റെ മക്കളെ പോലെ ആർത്തുല്ലസിച്ചു കളിക്കേണ്ട കുട്ടി അനാഥത്വത്തിന്റെ അഗാഥ തലങ്ങളിൽ ആഴ്ത്തപ്പെട്ടിരിക്കുന്നു.
ആ സ്ത്രീയുടേയും കുട്ടിയുടെയും രംഗങ്ങൾ മാത്രമാണ് മനസിൽ. താൻ ഓപ്പറേഷൻ സമയത്ത് കണ്ടതൊക്കെ യാഥാർത്ഥ്യമായിരുന്നു. ഇപ്പോൾ തെരുവിലൂടെ ഐസ്പെട്ടിയും ഏറ്റി നടക്കുന്ന ഒരു കുട്ടി. ഓർക്കാൻ കൂടി കഴിയുന്നില്ല.
രണ്ട് നഴ്സുമാർ വന്നു എന്റെ കട്ടിലിന്റെ തല ഭാഗം ഉയർത്താൻ തുടങ്ങി. എന്നെ എണീൽ പിച്ചു ഇരുത്താനുള്ള പരിപാടിയാണ് .ചായ കുടിക്കാൻ. സമയം രാത്രി ഒമ്പതര ആയിരിക്കുന്നു. തനിക്ക് ഐ സി യു വിൽ നിന്നും റൂമിലേക്ക് പോകാനുള്ള സമയമായിത്തുടങ്ങി.
...............
ഹോസ്പിറ്റലിന്റെ വിജനമായ ഇടനാഴിയിലൂടെ സ്ട്രെക്ചർ നീങ്ങിക്കൊണ്ടിരുന്നു. ആ ഇടനാഴിയിൽ ഉമ്മാ..... എന്നു വിളിച്ചു കൊണ്ട് ഒരു പന്ത്രണ്ട് വയസ്സുകാരൻ ഓടി നടക്കുന്നുണ്ടോ.? ഒരിക്കലും തിരിച്ചു കിട്ടാത്ത ആ മഹാ സൃഷ്ടിപ്പിന്റെ കാലടിപ്പാടുകൾ തേടി?.സാന്ദ്രതയേറിയ ഈ ഭൂമിയിൽ വിജനമായ തന്റെ വഴികൾ കല്ലും മുള്ളും നിറഞ്ഞ കൂരിരുൾ വീഴ്ത്തിയ ഇടുങ്ങിയ വർത്തമാനത്തിലൂടെ ഒരു കൈ സഹായിക്കാൻ, ഒരു വെട്ടം തെളിച്ചു തരാൻ ഈ മുടിയിലൊന്ന് തലോടാൻ ആരോരുമില്ലാതെ.. ആരോരുമില്ലാതെ.....
(ഈ കഥ ഇവിടെ അവസാനിക്കുകയാണ്. ഇതിലെ ഞാൻ എന്ന കഥാപാത്രം ഒരു പന്ത്രണ്ട് കാരനിലേക്ക് വഴിമാറുകയാണ് - അനാഥനായ ഒരു ബാലൻ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരുന്ന പ്രതിസന്ധികളും വരച്ചുകാട്ടി മറ്റൊരു കഥയുമായി ഉടൻ വരുന്നതാണ് - )
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo