നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ ഏട്ടൻ.....


ഇന്നെന്റെ കല്ല്യാണമായിരുന്നു ,അതിനോടൊപ്പം എന്റെ ഏട്ടന്റെ,മരണവുംനടന്നു.മണിക്കൂറുകൾക്ക് മുൻപ് അലങ്കരിച്ചൊരുക്കിയ വിവാഹപന്തലിലേക്ക് എന്നെ കൈ പിടിച്ചാനയിച്ച എന്റെ ഏട്ടൻ ഇപ്പോ അതേ പന്തലിൽ വെള്ള പുതച്ചൊരു ജീവനറ്റ ശരീരമായി കിടക്കുന്നു..
അച്ഛനെ കണ്ട ഓർമ്മയില്ലെനിക്ക്... എന്നേക്കാൾ പത്ത് വയസ്സിന് മൂത്ത ഏട്ടനായിരുന്നു എനിക്കെന്നും എന്റെ അച്ഛന്റെ സ്ഥാനത്ത്..ഒരുമിച്ച് പഠിച്ച ഹരിയെ എനിക്ക് ഇഷ്ടമാണെന്ന് ഏട്ടനോട് പറയുമ്പോൾ എതിർക്കുമെന്നാണാദ്യം കരുതിയത്.നിനക്കും
അവനും ഒരു ജോലിയായിട്ട് നമുക്കീ വിവാഹം നടത്താം മോളേ എന്ന് പറയുമ്പോൾ ഞാൻ ജീവനോടെ കണ്ടിട്ടില്ലാത്ത എന്റെ അച്ഛന്റെ മുഖമാണ് എനിക്കോർമ്മ വന്നത്..
ആശിച്ചതെല്ലാം എനിക്കെന്റേട്ടൻ സാധിച്ചു തരുമ്പോ അമ്മയെപ്പോഴും പറയും.
"വേണു നീ ഒറ്റയൊരുത്തനാ ഇവളെ ഇങ്ങനെ വഷളാക്കുന്നത്.അന്യ വീട്ടിൽ ചെന്ന് കേറണ്ട പെണ്ണാണ് അവളെന്ന് നിനക്കോർമ്മ വേണംട്ടോ." ..ഏട്ടനപ്പോഴും ഒരു കണ്ണിറുക്കി എന്നെക്കാട്ടി ഒരു കള്ളച്ചിരി ചിരിക്കും..
എന്നി്ട്ട് അമ്മയോട് പറയും" ഞാനവൾക്ക് ഒരു ഏട്ടൻ മാത്രമല്ലല്ലോ അമ്മേ അച്ഛനും കൂടിയല്ലേ"
പിന്നെ അമ്മ ഒന്നും പറയില്ല.കണ്ണ് നിറഞ്ഞത് ഞങ്ങൾ രണ്ടാളും കാണാതിരിക്കാനായി വേഗം അവിടുന്നങ്ങ് മാറും..
ഏട്ടൻ വിവാഹം ചെയ്തു കൊണ്ടു വന്ന മീരേട്ടത്തിയും ഏട്ടനെപ്പോലെ തന്നെ എന്നെ ജീവനായിരുന്നു..എന്തിനും ഏതിനും എനിക്കൊപ്പം നിൽക്കുന്ന അമ്മയെപ്പോൽ എന്നെ സ്നേഹിക്കുന്ന എന്റെ മീരേട്ടത്തി..
അവർക്കുണ്ടായ ഞങ്ങടെ കുഞ്ഞു വാവ
നന്ദൂട്ടൻ..പിച്ചവെച്ചു നടക്കാൻ തുടങ്ങിയ നന്ദൂട്ടന് ഞാൻ മതി എപ്പഴും അടുത്ത്..ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ പിന്നെ അവനാകെ ഒരു ബഹളമാ... ജോലി കഴിഞ്ഞ് തിരികെ വന്ന് കേറിയാ പിന്നെ കൈയ്യീന്നിറങ്ങില്ല..കുറുമ്പൻ നന്ദൂട്ടൻ.ശരിക്കും സ്വർഗ്ഗ തുല്യമാരുന്നു എന്റെ വീട്.
ഏട്ടൻ പറഞ്ഞ പോലെ തന്നെ ഹരിക്കും എനിക്കും ഒരു ഹോസ്പിറ്റലിൽ തന്നെ ജോലി ആയപ്പോൾ ഹരിയുടെ വീട്ടുകാർ വിവാഹ ആലോചനയുമായി വന്നു.എല്ലാവർക്കും സമ്മതമായിരുന്നു വിവാഹത്തിന്..ജാതകപ്പൊരുത്തവും മനപ്പൊരുത്തവും വേണ്ടുവോളമുണ്ടായിരുന്നു
ഞങ്ങൾ തമ്മിൽ.വിവാഹ ഒരുക്കൾക്ക് ഏട്ടനൊപ്പം ഏട്ടത്തിയുടെ വീട്ടുകാരും മുൻപന്തിയിൽ തന്നെ നിന്നു...
സർവ്വാഭരണവിഭൂഷിതയായി മംഗല്യപ്പട്ടുടുത്ത എന്നെ വിവാഹപ്പന്തലിൽ വെച്ച് അച്ഛന്റെ സ്ഥാനത്ത് നിന്നു കൊണ്ട് ഏട്ടൻ ഹരിയുടെ കൈകളിലേക്ക് എന്റെ കൈ ചേർത്ത് വെക്കുമ്പോൾ ആ മിഴികൾ സന്തോഷത്താൽ നിറയുന്നത് ഞാൻ കണ്ടു. ഒരു അച്ഛന് മകളോടുള്ള വാത്സല്യവും സ്നേഹവുമാണെനിക്കപ്പോൾ എന്റെ ഏട്ടന്റെ മുഖത്ത് കാണാൻ കഴിഞ്ഞത്..
വിവാഹശേഷം എനിക്കും ഹരിക്കും ഒപ്പമിരുന്ന് ഏട്ടനും ഏട്ടത്തിയും സദ്യ കഴിക്കണമെന്നുള്ള
എന്റെ ആഗ്രഹം ഏട്ടനും സമ്മതമായിരുന്നു.
എന്റെ വായിലേക്ക് ഒരുരുള ചോറ് ഏട്ടൻ വാരി തന്നപ്പോഴാണത് സംഭവിച്ചത്..
തൊട്ടടുത്തിരുന്ന് ഊണ് കഴിച്ച ഒരാൾക്ക് സദ്യയ്ക്ക് സാമ്പാർ വിളമ്പിയില്ലെന്നും പറഞ്ഞ്
ചോറുമായി വിളമ്പാൻ വന്ന പയ്യനെ അയാൾ
ഒറ്റ അടി . പെട്ടെന്നുണ്ടായ ആ അടിയുടെ ആഘാതത്തിൽ ആ പയ്യൻ ചോറുമായി ദൂരേക്ക് തെറിച്ച് വീണു.
എതിർ വശത്തിരുന്ന് ഊണ് കഴിച്ചവരുടെ എല്ലാം
ദേഹത്തേക്ക് ആ ചോറ് തെറിച്ചു.അവരെല്ലാം
ചാടിയെഴുന്നേറ്റതും പിന്നീടങ്ങോട്ട് വഴക്കും ബഹളവുമായി മാറി സദ്യാലയം.ആരൊക്കെയോ അയാളെ പിടിച്ച്
സദ്യാലയത്തിന് പുറകിലെ പാചകപ്പുരയിലേക്ക് കൊണ്ടു പോയി.ആ കൂട്ടത്തിൽ ഏട്ടനും അവർക്കൊപ്പം അവിടേക്ക് ചെന്നു.കാര്യം ചോദിച്ച് ദേഷ്യപ്പെട്ട ഏട്ടനെ മദ്യലഹരിയിലായിരുന്ന അയാൾ മുന്നോട്ട് പിടിച്ചൊരു തള്ള് തള്ളി..
തള്ളലിന്റെ ശക്തിയിൽ എന്റെ ഏട്ടൻ ചെന്ന് വീണത് തേങ്ങ പൊതിക്കാനായി മണ്ണിൽ കുത്തി നിർത്തിയ കമ്പിപാരയുടെ പുറത്തേക്ക് ആയിരുന്നു.ഒരു നിമിഷം എന്റെ ഏട്ടൻ ഒന്ന് ആർത്ത് നിലവിളിച്ചു..ഓടിയടുത്തെത്തിയ എന്റെ
കൈയ്യിൽ പിടിച്ച് മോളേ എന്നൊന്ന് വിളിച്ചതും
ആ പ്രാണൻ ശരീരം വിട്ടകന്നതും ഒരുമിച്ചായിരുന്നു..എന്റെബോധം മറയുന്നതിന്
മുൻപായി ഞാൻ കണ്ടു ശരീരം കുഴഞ്ഞ് വീഴുന്ന
എന്റെ അമ്മയേയും ഏട്ടത്തിയേയും..നന്ദൂട്ടൻ അപ്പോഴും ഒന്നുമറിയാതെ ഏട്ടത്തിയുടെ കൈകളിലിരുന്നു ചിരിക്കുവാരുന്നു..
ഞാനിന്ന് സുമംഗലിയായ ദിവസം എന്റെ ഏട്ടത്തി
വിധവയാക്കപ്പെട്ടിരിക്കുന്നു..എന്റെ നന്ദൂട്ടൻ
അച്ഛനില്ലാത്തവനായി മാറിയിരിക്കുന്നു..
എന്റെ അമ്മയ്ക്ക് മകനില്ലാതായി...എനിക്കോ..
എനിക്ക് എന്റെ അച്ഛനും ചേട്ടനും ഒരുമിച്ചില്ലാതായിരിക്കുന്നു.. അല്പം മുൻപ് എനിക്ക് വായിലേക്ക് ഒരുരുള ചോറ് വെച്ച തന്ന എന്റെ ഏട്ടന്റെ വായിലേക്ക് അവസാനമായി
ഞാൻ അരിയും പൂവും.ഇടുമ്പോൾ ഈ ഭൂമി കീഴ്മേൽ മറിയുന്നതായെനിക്ക് തോന്നി...
മോളേന്ന് വിളിച്ചെന്റെ ശാഠ്യങ്ങൾക്ക് കൂട്ട് നിന്ന എന്റെ ഏട്ടൻ കത്തി തീർന്നൊരു പിടി ചാരമായി
മാറുന്നത് കാണാൻ എനിക്ക് വയ്യ. കരഞ്ഞ് തളർന്നിരിക്കുന്ന ഏട്ടത്തിക്കരികിലേക്ക് ഞാൻ ചെന്നതും നന്ദൂട്ടൻ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു.
ആ കുഞ്ഞു മിഴികളിൽ ഞാൻ കരയുന്നതെന്തിനാണെന്ന ചോദ്യഭാവം കാൺകെ
എന്റെ ഏട്ടന്റെ മുഖം ഓർമ്മ വന്നു...
അതേ ഇനി അവനാണെനിക്കെല്ലാം...ഈ ജന്മം എനിക്കെന്റെ ഏട്ടൻ തന്ന സ്നേഹം എനിക്കെന്റെ നന്ദൂട്ടന് അതിലിരട്ടിയായി നല്കണം...മതി വരുവോളം കൊതി തീരുവോളം സ്നേഹിക്കണം
എനിക്കെന്റെ ഏട്ടന്റെ ജീവന്റെ തുടിപ്പായ നന്ദൂട്ടനെ...
***********************************************
ഒരു പെണ്ണിന്റെ വിവാഹം നാലാളറിഞ്ഞ് നടത്തുന്ന മാതാപിതാക്കൾ ..ഒട്ടേറെ പ്രശ്നങ്ങൾക്ക് നടുവിലായിരിക്കും ആ ഒരു ദിനം..
അവർ ആ ഒരു ദിവസം നമുക്കായി തരുന്ന ആ
അന്നം അവരുടെ നല്ല മനസ്സാണെന്ന് കരുതുക..സദ്യയിൽ പപ്പടം വിളമ്പിയില്ല പരിപ്പിന്
ഉപ്പ് കുറഞ്ഞു പോയി എന്നൊക്കെ പറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കുന്നവർ ഒന്നോർക്കുക
നിങ്ങൾക്ക് തരുന്ന ആ ഒരു പിടി ചോറ് അനാഥാലയത്തിലോ അഗതി മന്ദിരത്തിലോ നല്കിയാൽ ഇതിനേക്കാൾ പുണ്യം കിട്ടുമെന്ന്...
അന്നത്തിന്റെ പേരിൽ അക്രമം കാട്ടുന്നവനോട്
ഇഹലോകത്തിലും പരലോകത്തിലും ഈശ്വരൻ ക്ഷമിക്കില്ല..
By ...RemyaRajesh....

1 comment:

  1. പൊട്ടെഴുത്ത്...വികാരജീവികളുടെ പൊട്ടത്തരങ്ങള്‍ വാക്കുകകളാകുന്നു.. റോബോട്ടല്ലെന്നു തെളിയിക്കാന്‍ മനസ്സിലാകുന്ന ക്യാപ്ച കൊടുക്കൂ സുഹൃത്തേ.. പിന്നെ തെറ്റു ചൂണ്ടിക്കാണിക്കുന്ന അഭിപ്രായങ്ങളും കാണിക്കണം. സ്തുതിപാഠകരെ മാത്രം കാണിച്ചാല്‍ പോരാ..

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot