Slider

ശ്രീ

1


ആയിരം ദീപപ്രഭയിൽക്കുളിച്ചൊരു
കൽമണ്ഡപത്തിന്റെ മുന്നിലായി
ഏതോ ഒരജ്ഞാത ശില്പി രചിച്ചതാം
മോഹനരൂപമായ് കോമളാംഗി!
മൂർത്തമാമുത്തമ സ്ത്രീയഴകാണിവൾ
അംഗലാവണ്യത്തിൽ, ദാരുശില്പം
എത്രയൊളിക്കിലുമേത്പുരുഷനും
പീയൂഷമാണവൾ കണ്ണുകൾക്ക് !
താലത്തിലർച്ച ചെയ്യേണ്ട പുഷ്പങ്ങൾ
ചാരു ചന്ദ്രാനന ശോഭയേറ്റീടവേ
താരകമൊന്ന് നിലത്തിറങ്ങീയെന്ന്
ആരുമേയൊന്ന് നിനച്ചു പോകും
പട്ടുടയാടയിൽ പട്ടു പൂമേനിയോ
പത്തരമാറ്റുള്ള തങ്ക വർണ്ണം
വെണ്ണ തോല്ക്കുന്നുടൽ ഒന്നുലഞ്ഞാലതിൻ
വർണ്ണനയേത് കവിക്ക് സാദ്ധ്യം?
ഏതോ ഒരജ്ഞാത ശക്തിയാൽ മന്ദാര
പൂവൊന്ന് പാറിയാക്കാർകൂന്തലിൽ
ജന്മസാഫല്യമായ് വന്നിരുന്നെന്നപോൽ
സുന്ദരമല്ലേയാ കേശ ഭാരം?
പുണ്യവതിയവൾ പോകുന്ന പാതയിൽ
മുള്ളുകളൊന്നുമേ കാണാതിരിക്കട്ടെ
പുഷ്പദലങ്ങളാം പാദങ്ങളെങ്ങാനും
തട്ടിയൊരല്പവും നോവാതിരിക്കട്ടെ;
അത്രമേൽ സൗന്ദര്യധാമമിവൾക്കായ്
ചിത്തത്തിലാരുമേ പ്രാർത്ഥന ചെയ്തുപോം
അന്തികത്തെത്തിയവൾ തൊഴുതീടവേ
ദേവന്ന് ചൈതന്യമേറിടുന്നൂ..,
സന്ധ്യാംബരത്തിന്റെ സിന്ദൂരശോഭയിൽ
ഭക്തിജ്വലിക്കുന്ന നെയ്ത്തിരി വെട്ടത്തിൽ
സപ്തസ്വരങ്ങളാ കളകണ്ഠം വിട്ടെത്തി
ഭക്തിതന്നാഘോഷ നിർവൃതിയേകിടും
ആര് രചിച്ചിടും ഭാവഗീതങ്ങളീ
ഗ്രാമ്യമാം സൗന്ദര്യവശ്യതയുൾക്കൊണ്ട്
കാവ്യമൊരല്പവും കാമമില്ലാത്തതാം
ശ്രീ വിളങ്ങീടുന്ന വാക്കുകളാൽ?
അജിത്.എൻ.കെ.- ആനാരി 29.09.2016
1
( Hide )
  1. വായനക്കാരിൽ സന്തോഷം ജനിപ്പിയ്ക്കുന്ന വരികളാണ്.
    ചിലയിടങ്ങളിൽ ഗദ്യത്തിലേയ്ക്കും,
    ചിലയിടങ്ങളിൽ ഗദ്യത്തിൽ നിന്നു തിരിച്ചും വ്യതിചലിയ്ക്കുന്നതായി കാണുന്നുണ്ട്.

    താലത്തിലർച്ച...
    അർച്ച എന്ന പദം ഉണ്ടോ, എന്തോ നോക്കിയില്ല.
    അർച്ചന എന്നാവാം ഉദ്ദേശിച്ചതെന്നു മനസ്സിലാക്കുന്നു.
    നന്ദി, വളരെ സന്തോഷം.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo