നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വാസന (കഥ)


"ഈ വാസന എന്നു കേൾക്കുമ്പോൾ എന്താ നിങ്ങളുടെ മനസ്സിൽ വരാറ്? നിങ്ങൾ ഒന്ന് ഉത്തരം പറയൂട്ടോ.."
"ഇന്ന് വിരിഞ്ഞ ,ഇതളുകളിൽ മഞ്ഞിൻ കണം ഇറ്റുവീണ നല്ല ചെമ്പനീർ പൂവ്.''
"അല്ലെങ്കിൽ.......?"
"അല്ലെങ്കിൽ കൂമ്പി വിരിഞ്ഞു നിൽക്കണ ആമ്പൽപ്പൂവിൻ്റെ ഉള്ളിലായി തങ്ങി നിൽക്കണ സുഗന്ധം."
"പിന്നെയോ?"
"നല്ല മുല്ലപ്പൂ മണം."
"ഇനി വേറെ ഒന്ന് പറയൂ "
"നല്ല ചെമ്പകപ്പൂമണം"
"നിങ്ങൾതോറ്റു.ഞാനീ പറയണ വാസന ഇതൊന്നുമല്ല,
അതൊരു പെണ്ണാണ്."
"പെണ്ണോ?"
"അതേന്ന്, അൽപ്പം അയഞ്ഞു തുടങ്ങിയവെള്ളിപ്പാദസരം ഉമ്മ വയ്ക്കണ കാൽ പാദത്തിൽ ഇത്തിരിപ്പോന്ന കറുത്ത മറുകുള്ളവൾ."
"ആ വാസന, ഉള്ളിയും തുളസിയിലയുമിട്ടു മൂപ്പിച്ച കാച്ചെണ്ണയുടെ മണമല്ലേ?
വസ്ത്രത്തിന്,കൈതപൂവിൻ്റെ വാസന?"
"ഇതെന്താ, എം ടി കഥകളിലെ നായികയോ? അവളെപ്പറ്റിയല്ല ഞാൻ പറഞ്ഞത്.
ഞാൻ പറഞ്ഞ പെണ്ണ് അണിഞ്ഞിരിയ്ക്കുന്ന കോട്ടൺ സാരിയ്ക്ക് കംഫർട്ടിൻ്റെ സുഗന്ധം.''
"കംഫർട്ടിൻ്റെയോ?"
"അതേ, സാരിയിൽ മുക്കിയുണക്കിയ കംഫർട്ടിൻ്റെ തന്നെ !ഇപ്പോൾ ഏതു പെണ്ണിനെക്കുറിച്ചാണ് ഞാനീ പറയുന്നത് എന്ന് സംശയമായോ?
മറ്റാരുമല്ലെന്നേ.... വാസനയെക്കുറിച്ച്, എൻ്റെ ഭാര്യയെക്കുറിച്ച്."
"എന്ത്? ...'വാസന'യെന്ന് മനുഷ്യന്മാര്ക്ക് പേരിട്വോ?"
"ആ ..... ഇപ്പോൾ നിങ്ങള് ഞെട്ടിയല്ലേ.?
നിങ്ങളെപ്പോലെ ഞാനും ഞെട്ടി ആദ്യമായി വാസന എന്ന് പേര് കേട്ടപ്പോൾ. ആ ഞെട്ടല് കഴിഞ്ഞിട്ടിപ്പോൾ എട്ടുവർഷമായിക്കാണും.
ഞാനും അമ്മയും കൂടി ഞങ്ങളുടെ കൊച്ചു വീട്ടിൽ അധികം അല്ലലൊന്നുമില്ലാതെ, വലിയ മോഹങ്ങളും സ്വപ്നങ്ങളും കണക്കുകൂട്ടലുകളുമൊന്നുമില്ലാതെ സുഖമായി താമസിക്കുന്ന കാലം.
ഞാൻ എന്നു വച്ചാൽ ......
ഞാൻ സുരേഷ്.കവലയിലെ യൂണിയൻ തൊഴിലാളിയാണ്, ....കയറ്റിറക്കു തൊഴിലാളി .അസൂയക്കാർ ഞങ്ങളെ നോക്കുകൂലിക്കാർ എന്നൊക്കെ വിളിയ്ക്കും. റോഡുവക്കിലെ ഷെഡിൽ ഇരുന്ന് വെറുതെ വർത്തമാനം പറഞ്ഞു സമയം കളയുന്ന കൂട്ടരാണെന്ന്.അതൊക്കെ വെറുതെ. മാന്യമായി പണിയെടുത്തിട്ട് തന്നെയാണ് ജീവിയ്ക്കണത് .
അങ്ങനെയിരിക്കെ, എൻ്റെ അമ്മയ്ക്ക് തിടുക്കം, ഏക പുത്രനെ പെണ്ണുകെട്ടിയ്ക്കാൻ .എനിയ്ക്ക് വച്ചുവിളമ്പി , എൻ്റെ തുണിയലക്കിത്തന്ന് അമ്മ വശംകെട്ടു ,ഒരു പെണ്ണു വന്നു കയറിയിട്ടു വേണം വീട് വീടാകാനെന്ന്. ഇപ്പഴ് വീടിനെന്താ കുഴപ്പം എന്ന് ചോദിച്ചപ്പോൾ അമ്മ പറയാണ്, അത് നല്ല ഒരു പെണ്ണ് വന്ന് കയറുമ്പോൾ നീ അറിഞ്ഞോളൂന്ന്.
ആദ്യമൊക്കെ എതിർത്തു നോക്കിയെങ്കിലും നിർബ്ബന്ധം സഹിയ്ക്കവയ്യാതായപ്പോൾ ഞാനങ്ങ് സമ്മതം മൂളി .... കല്യാണ ആലോചനയ്ക്ക്. പിറ്റേന്നു മുതൽ ദല്ലാൾമാരുടെ തിരക്കായി വീട്ടിൽ.
അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ഞാൻ കാണാൻ കൊള്ളാവുന്ന, ദുഃശ്ശീലം ഒന്നുമില്ലാത്ത മിടുക്കൻ പയ്യനാണല്ലോ? വേറെ ബാധ്യതയും ഇല്ല.അവർ കൊണ്ടുവന്ന ആലോചനകൾ കണ്ടും കേട്ടും ഒന്നും ശരിയാകാതെ, വശം കെട്ടിരിയ്ക്കുന്ന കാലം. അതിനിടയ്ക്കൊരിക്കലാണ് അച്ഛൻ്റെ വകയിൽ ഒരു അനന്തരവൻ വീട്ടിൽ വന്നത്. ....ശ്രീധരേട്ടൻ!
"ശ്രീധരാ, നിൻ്റെ അറിവിൽ, നിങ്ങളുടെ പരിചയത്തിലെങ്ങാനും ഇവന് പറ്റിയ ഒരു പെൺകുട്ടിയുണ്ടോ? ഞങ്ങൾ അന്വേഷിച്ചു മടുത്തു. ഒന്നും ശരിയാവണില്ലെടാ " - അമ്മയുടെ പരിദേവനം.
മകനെ പെണ്ണുകെട്ടിക്കാൻ ശ്രമിച്ചിട്ടും ശരിയാകാത്ത കാര്യം അമ്മയുടെ സംസാരത്തിൽ നിന്നും ശ്രദ്ധയിൽ പെട്ട നേരത്താണ് പുള്ളി ....ശ്രീധരേട്ടൻ എന്നെ ശരിയ്ക്കും ഞെട്ടിച്ചത്.
" ഉണ്ടല്ലോ അമ്മായീ, നല്ല കതിരു പോലെ മെലിഞ്ഞ ഒരു പെൺകുട്ടി. നല്ല വകതിരിവ്. അത്യാവശ്യം സൗന്ദര്യവുമുണ്ട്. നല്ല മര്യാദക്കാരായ വീട്ടുകാർ.. പെൺകുട്ടിയുടെ പേര് വാസന..".
"വാസനയോ? മനുഷ്യർക്ക് അങ്ങനെയാരെങ്കിലും പേരിടുമോ? എനിയ്ക്ക് വേണ്ട ഈ ആലോചന." - ശ്രീധരേട്ടൻ്റെ വാക്കു കേട്ടതും ഞാൻ പറഞ്ഞു.
" വേണ്ടെന്നു പറഞ്ഞാൽ നിൻ്റെ നിർഭാഗ്യം എന്നേ ഞാൻ പറയൂ.എനിയ്ക്ക് നേരിട്ടറിയാം ആ കുട്ടിയെ. അഥവാ നീയവളെ കല്യാണം കഴിച്ചാൽ ഒടുവിൽ നീ തന്നെ വന്ന് എന്നോടു പറയും അവൾ നിൻ്റെ ഭാഗ്യമാണെന്ന് "
"ആ ഭാഗ്യം എനിക്കു വേണ്ടായേ. ഭാര്യയുടെ പേര് ചോദിക്കുന്നവരോട് വാസന എന്നു പറയാൻ എനിയ്ക്കു വയ്യാ... "
ഇങ്ങനെ ഞാൻ കട്ടായം പറഞ്ഞെന്നാലും, ഒടുവിൽ അതു തന്നെ നടന്നു. വാസന എൻ്റെ ഭാര്യയായി. ഓരോരുത്തരുടെയും തലയിൽ എഴുതി വച്ചിട്ടുണ്ടല്ലോ, പണ്ടത്തെ സിനിമാപ്പാട്ടിലെപ്പോലെ,
ഇന്നാള് ഇന്നാർക്കെന്ന്
എഴുതിവച്ചല്ലോ ദൈവം -എന്ന്
വാസനയെന്ന പേര് വിളിയ്ക്കാനൊരു വല്ലാത്ത മടി. അങ്ങനെ ഞാനവളെ പുതിയ പേര് വിളിച്ചു, ലക്ഷ്മി.
പക്ഷേ സത്യം പറയാലോ, ശരിക്കും ലക്ഷ്മി തന്നെയായി അവൾ. അവളുടെ ശ്രദ്ധ, മിടുക്ക് എല്ലാം കൊണ്ട് വീട്ടിൽ എന്നെല്ലാം മാറ്റം വന്നെന്നറിയ്യോ, ഫ്രിഡ്ജ്, ടി.വി. മിക്സി. സ്കൂട്ടർ എല്ലാം ഞങ്ങളുടെ വീടിൻ്റെ ഭാഗമായി.ഏറ്റവും വലിയ കാര്യം അവൾ അമ്മയോട് കാണിക്കുന്ന കരുതലും സ്നേഹവും തന്നെ. എനിക്ക് തോന്നും ചിലപ്പോഴൊക്കെ, അവൾക്ക് എന്നോടും മോളോടും ഉള്ള സ്നേഹത്തെക്കാളും കൂടുതൽ ഇഷ്ടം അമ്മയോടാണെന്ന്.
ഈ സാധനങ്ങൾ വാങ്ങിക്കൂട്ടിയതൊക്കെ എൻ്റെ ഒരാളുടെ വരുമാനം കൊണ്ടാണെന്നോർക്കണം, അൽപ്പം സഹായം അവളുടെ തയ്യൽപ്പണിയിൽ നിന്നുമുണ്ട് കേട്ടോ, പിന്നെ അത്യാവശ്യത്തിന് കോഴീം, മുട്ടേം, ഒരു പശുവും അതിൻ്റെ പാലും. എല്ലാം അവളുടെ മിടുക്ക് തന്നെ .ഇങ്ങനെയൊക്കെ മനസ്സിൽ ഉണ്ടെന്നാലും ഞാനതൊന്നും അവളോട് പറഞ്ഞിട്ടില്ല, ഇതു വരെ.
ഇപ്പോൾ കുറച്ചു ദിവസമായി പുതിയ ഒരു കാര്യവുമായാണ് അവളുടെ വരവ്.ഒരു എ.സി വാങ്ങണമത്രേ.!
നമുക്കതിൻ്റെ ആവശ്യമില്ല, അതിന് ചെലവാക്കാൻ ഒത്തിരി സമ്പാദ്യവുമില്ല എന്ന് പറഞ്ഞിട്ടും സമ്മതിക്കണ്ടേ,
"എന്തു പറഞ്ഞാലും എസി വേണം. ഇപ്പോൾ മിക്കവാറും എല്ലാ വീട്ടിലുമുണ്ട്. എൻ്റെ അയൽക്കൂട്ടത്തിലെ അംഗങ്ങളുടെ വീട്ടിൽ പോലും ."
"നിനക്കറിയോ ലക്ഷ്മീ, അതു വെറുതെ വാങ്ങി വച്ചാൽ പോര.
കറൻ്റ് വേണം കറൻ്റ്.
അതിൻ്റെ ബില്ല് എത്രയാകുമെന്നാ നിൻ്റെ വിചാരം?''
''അതിന് ഇരുപത്തിനാലു മണിക്കൂറും എ.സി ഓൺ ചെയ്യണ്ടാലോ?
വല്ലാതെ ചൂടു കൂടുമ്പോൾ ഇത്തിരി,
ഇത്തിരി നേരം മാത്രം "
"ഒന്നിൻ്റെ ലോൺകഴിയുമ്പോൾ മറ്റൊന്ന്, നീയിതെവിടെ നിന്നാണ് കൃത്യം സമയത്ത് ഓരോന്ന് കണ്ടു പിടിക്കണത് - ലക്ഷ്മീ? "
" എന്നു വച്ച് കുഴപ്പമൊന്നും പറ്റിയില്ലല്ലോ ഏട്ടാ, ഇതുവരെ. അത്യാവശ്യ സാധനങ്ങൾ ഒക്കെ വീട്ടിലെത്തി, നമ്മൾ അറിയാതെ. കാശ് കൂട്ടി വച്ചിട്ട് വാങ്ങാൻ പറ്റ്വോ നമുക്ക്? - അപ്പോൾ എ.സീ ടെ കാര്യം മറക്കല്ലെ ! ഓരോന്നും അതാതിൻ്റെ സമയത്തു ചെയ്യണം. അല്ലാതെ പിന്നീട്, അയ്യോ, ഞാൻ ഓർത്തില്ലല്ലോ, ചെയ്തില്ലല്ലോ എന്നും പറഞ്ഞ് വിഷമിച്ചിട്ടും കരഞ്ഞിട്ടും കാര്യമുണ്ടോ?"
ഇതിങ്ങനെ പലവട്ടം നിരുത്സാഹപ്പെടുത്തിയിട്ടും അവൾ വിട്ടു കളയില്ലാന്ന് ഉറപ്പായപ്പോൾ ഞാനിന്നലെ 'നന്തിലത്തിൽ'പ്പോയി ഒരു എ.സി. വാങ്ങി.ലോൺ ആണ് കേട്ടോ. പിന്നെ ഇപ്പോൾ ബിസിനസ്സ് കുറവായതുകൊണ്ട് ഒരു കസ്റ്റമറെ കിട്ടിയപ്പോൾ അവർക്കും സന്തോഷം. എനിയ്ക്ക് നല്ല സ്വീകരണമായിരുന്നു അവിടെ.
ഇനി അതൊന്ന് റൂമിൽ പിടിപ്പിക്കണം. നാളെ ഉച്ചയോടെ ആളെ വിടാമെന്ന് കമ്പനിക്കാർ പറഞ്ഞിട്ടുണ്ട്. എനിയ്ക്കു നാളെ ജോലിയുണ്ട്. അവർ ഇൻസ്റ്റാൾ ചെയ്യാൻ വരുമ്പോൾ എ.സി വയ്ക്കാനുള്ളസ്ഥലം കാണിച്ചു കൊടുത്താൽ മതിയല്ലോ, അത് ലക്ഷ്മി ചെയ്തോളും. .... ഞങ്ങളുടെ ബഡ്റൂമിൽ .
അങ്ങനെ ഇന്ന് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് നടക്കുമ്പോൾ, കൂട്ടുകാർ - സാബുവും സുനിലും ജോയിയും കൂടെക്കൂടി. അവർക്ക് എ.സി കാണണം. ഇത്തിരി നേരം ആ തണുപ്പത്ത് സുഖിച്ചങ്ങനെ പാട്ടും കേട്ട് ഇരിക്കണം ന്ന്. വന്നോട്ടെ, അവര്ടെ വീട്ടില് എ .സി.യില്ലാലോ? എൻ്റെ വീടാകുമ്പോൾ അവർക്ക് സ്വന്തം വീടുപോലെ പെരുമാറാനുമാകും. പാവങ്ങള്.
കുറച്ചേറെ നേരം മൊബൈൽ ഫോൺ റിംഗ് ചെയ്തിട്ടാണ് ലക്ഷ്മി ഫോൺ എടുത്തതു തന്നെ. അവള് മുറ്റത്ത് ചെടി നനയ്ക്കയായിരുന്നെന്ന്.
"പിന്നെ ലക്ഷ്മീ, ചായയ്ക്ക് മൂന്നാൾ കൂടുതലുണ്ടാകും. നീ അൽപ്പം കൂടുതൽ വെള്ളം വച്ചോളൂട്ടോ. വടക്കേ മുറ്റത്തിൻ്റെ ഇറമ്പിൽ നിൽക്കണ ഒരു മൂടു കപ്പ പറിച്ച് പുഴുങ്ങിക്കോളൂ. നിൻ്റെ സ്പഷ്യൽ ചമ്മന്തി ഇവമ്മാർക്കിഷ്ടമാണെന്ന് നിനക്കറിയാലോ? അപ്പോൾ ഫോൺ താഴെ വച്ചിട്ട്... വേഗം സ്പീഡാക്ക് എൻ്റെ ലക്ഷ്മിക്കുട്ടീ."
വീട്ടിലെത്തി, പുറത്തെ പൈപ്പിൽകയ്യും കാലും മുഖവും കഴുകി , കോളിംഗ് ബെൽ അടിയ്ക്കാനൊരുങ്ങുമ്പോൾ വീട്ടിൽ ആളനക്കമില്ല.ലക്ഷ്മി അടുക്കളയിലാകും. അമ്മയോ?
പക്ഷേ ശബ്ദം കേട്ട്‌ ലക്ഷ്മിവാതിൽ തുറന്നു.
ഞാൻ കസേര വലിച്ചിട്ട്പൂമുഖത്ത് ഇരിയ്ക്കാനൊരുങ്ങുമ്പോൾ കൂട്ടുകാരുടെ കോറസ്.
"ഇവിടെ ഇരിയ്ക്കാനല്ലല്ലോ ഞങ്ങൾ വന്നത്. എടാ, നീ നിൻ്റെ ബഡ്റൂമിലേയ്ക്ക് നടക്ക്. അവിടത്തെ എ.സിയുടെ തണുപ്പിലിരിക്കാനാണ് ഞങ്ങൾ വന്നത്. "
" അതിന് മുറിയിൽ അമ്മ ഉറങ്ങുകയാണല്ലോ ഏട്ടാ ".....ലക്ഷ്മിയാണ്
"അതിനെന്താ ലക്ഷ്മീ, ഞങ്ങൾ അമ്മയുടെ മുറിയിലല്ലല്ലോ പോകണത്, നമ്മുടെ റൂമിലേയ്ക്കല്ലേ, എ.സി. കാണാൻ."
"അങ്ങനെയാണെങ്കിൽ അങ്ങോട്ടു പോകേണ്ട . ഏട്ടൻ ഇങ്ങോട്ട്
നടന്നോളൂ, "
ചോദ്യമുയർന്ന മനസ്സിനെയടക്കി, അവളെ പിൻതുറന്ന് അമ്മയുടെ മുറിയുടെ വാതിൽ തുറക്കുമ്പോൾ അമ്മ പതിവില്ലാതെ,നല്ല ഉറക്കത്തിലാണ്... മുറിയിലെ എ .സി യുടെ തണുപ്പിൽ...... സുഖനിദ്രയിൽ. അമ്മയുടെ കരവലയത്തിലൊതുങ്ങി നെഞ്ചോട് ചേർന്ന് കീർത്തനയെന്ന അഞ്ചു വയസ്സുകാരി, ഞങ്ങളുടെ ഓമനപ്പുത്രി.
അമ്മയുടെ സന്തത സഹചാരിയായ രാമച്ചവിശറി, അരികിലെ സ്റ്റൂളിലുണ്ട്.
സത്യം പറയാലോ,
എൻ്റെ കൂട്ടുകാർ ഒപ്പമില്ലെങ്കിൽ ഞാനെൻ്റെ ലക്ഷമിക്കുട്ടിയെ ഈ നിമിഷം എൻ്റെ നെഞ്ചോടു ചേർത്ത് അടക്കിപ്പിടിച്ചേനെ.! എന്നിട്ട് നെറ്റിയിൽ ഒരുമ്മ,
എന്നെക്കാളും കടന്നു ചിന്തിച്ചതിന്,
എൻ്റെ അമ്മയെ ഏറെ സ്നേഹിച്ചതിന്. അതിരുകളില്ലാത്ത ഈ കരുതലിന്.
നാളെ ഞങ്ങളുടെ വിവാഹ വാർഷികമാണ്. ...... പത്താമത്തെ വിവാഹ വാർഷികം .
അത്യാവശ്യമായി ഒരു യാത്ര പോകണം. , അമ്മയുടെ ശ്രീധരനടുത്തേക്ക്, .......
എൻ്റെ ശ്രീധരേട്ടനെക്കാണാൻ !
ഇപ്പോൾ മനസ്സിൽ തോന്നിയതാണ്.
ഇപ്പോഴെങ്കിലും കണ്ടു പറഞ്ഞില്ലെങ്കിൽ കടം ബാക്കിയായാലോ........
അവിടെ പോകുന്നത് അന്ന് ശ്രീധരേട്ടൻ പറഞ്ഞ പോലെ, ഇവൾ എന്റെ ഭാഗ്യമാണെന്ന് പറയാൻ!
ഏട്ടനെ കാണുമ്പോൾ പറയണം,ഈ സ്നേഹസുഗന്ധത്തെ...... എൻ്റെ ലക്ഷ്മിയെ .......എനിയ്ക്ക് കൊണ്ടു വന്നു തന്നതിന്‌ ഹൃദയം നിറഞ്ഞ നന്ദി......
അല്ല;ലക്ഷ്മിയെ എന്നല്ല;
എൻ്റെ വാസനയെ.
എൻ്റെ സ്വന്തം വാസന !
........
........
.......
ഡോ.വീനസ് .

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot