നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

** വിശ്വാസം അതല്ലേ എല്ലാം*

Image may contain: Muhammad Ali Ch, smiling, closeup
................................
"നിങ്ങളുടെ ഇൻഷൂറൻസ് തുക പാസായിട്ടില്ല, അഞ്ച് മണിക്ക് നമ്മൾ ക്ലോസ് ചെയ്യേണ്ടതാണ് , ഇപ്പൊ സമയം അഞ്ചര ആകാറായി, ഇനി കാഷ് അടച്ചാൽ ഇന്ന് തന്നെ ഡിസ്ചാർജ്ജ് ചെയ്തു തരാം, ആറുമണിവരെ ഞങ്ങൾ കാത്തിരിക്കാൻ തയ്യാറാണ്, അപ്പോഴേക്കും കാഷ് അടക്കാൻ പറ്റില്ലെങ്കിൽ നാളെ പണം കൊണ്ടുവന്നതിന് ശേഷം ഡിസ്ചാർജ് ചെയ്യാം ഒക്കെ? "
ബില്ലിംഗ് സെക്ഷനിലെ കണ്ണട ധരിച്ച കന്നഡക്കാരനായ താടിക്കാരൻ തന്റെ കണ്ണട, ചൂണ്ടുവിരൽ കൊണ്ട് മൂക്കിന്റെ പാലത്തിന്റെ മുകൾ ഭാഗത്ത് നിന്നും താഴോട്ടേക്ക് ഒരു പോയന്റ് താഴ്ത്തി അതിനുള്ളിലൂടെ മീനുവിന്റെ മുഖത്ത് നോക്കിക്കൊണ്ട് പറഞ്ഞു.
ഇക്കഴിഞ്ഞയാഴ്ച, കണ്ണൂരിൽ താൻ നടത്തുന്ന ചെറിയ മെഡിക്കൽ ക്ലിനിക്കിലേക്ക് കയറാൻ തുടങ്ങവേ ഡോക്ടർ ജനാർദ്ദനൻ നായർ വീണു കൈക്കുഴ പൊട്ടിയത്, എല്ല് ചികിത്സാ വിദഗ്ദ്ധനെ കണ്ടു ചികിത്സ തേടാൻ,
അത്ര പരിചയമില്ലാത്ത മംഗലാപുരം നഗരത്തിലെ പ്രശസ്തനായ ഓർത്തോപീഡിഷ്യൻ കൃഷ്ണ ഷെട്ടിയുടെ ആശുപത്രിയിൽ തന്റെ ഭർത്താവിനെയും കൊണ്ട് അറുപതികാരിയായ മാധവിയമ്മ, മകൾ മീനുവിനെയും കൂട്ടി എത്തിയത്.
ഇന്ന് വൈകിട്ട് ഡിസ്ചാർജ്ജ് ചെയ്യാമെന്ന് പറഞ്ഞതാണ്. ചെറിയൊരു സർജറി ആകുമെന്നായിരുന്നു കണക്ക് കൂട്ടൽ. ബില്ല് വന്നപ്പോൾ തിയേറ്റർ ചാർജ്ജ്, നാൽപ്പതിനായിരം രൂപ ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ !!
കയ്യിൽ അത്യാവശ്യ ചെലവുകളിലേക്കായി കരുതിയിരുന്ന പതിനായിരം രൂപയും ഡോക്ടർ ജനാർദ്ദനൻ നായരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും അന്നേ ദിവസം പരമാവധി പിൻവലിക്കാൻ സാധിക്കുന്ന തുകയായ അന്പതിനായിരവും ചേർത്താൽ ബില്ലടക്കാൻ പിന്നെയും വേണം നാൽപ്പതിനായിരം രൂപ!
പിറ്റേ ദിവസം ബാങ്ക് അക്കൗണ്ടിൽ നിന്നും തുക പിൻവലിക്കാം, പക്ഷെ, ഒരു രാത്രി കൂടി ആശുപത്രിയിൽ കഴിയുമ്പോൾ പിറ്റേ ദിവസം, റൂം വാടക ഉൾപ്പെടെ ബിൽ തുക വർദ്ധിക്കും !കൂടാതെ,
ഒരു മണിക്കൂർ പോലും അവിടെ തങ്ങാൻ സാധിക്കാത്തത്ര ബോറടിയും തുടങ്ങിയിരിക്കുന്നു !!
വിദേശത്ത് നിന്നും നാട്ടിൽ അവധിക്കെത്തിയ നീനുവിന്റെ കയ്യിൽ നാല്പത്തിനായിരത്തിൽ അൽപ്പം കൂടുതൽ രൂപ കിട്ടുന്ന വിദേശ കറന്സിയുണ്ട്, അത് അവിടെയടുത്തുള്ള ഏതെങ്കിലും പണമിടപാട് സ്ഥാപനത്തിൽ കൊടുത്ത് രൂപ സംഘടിപ്പിക്കാൻ മാധവിയമ്മയും നീനുവും സന്ധ്യയോടടുത്ത നേരം ആശുപത്രിയിൽ നിന്നും പുറത്തിറങ്ങി അന്വേഷണം ആരംഭിച്ചു.
വഴിയിൽ, ഹോട്ടൽ നടത്തുന്ന മലയാളിയെന്നു കണ്ടാൽ തോന്നാത്ത അയാളോട് നീനു ചോദിച്ചു "ഇവിടെ അടുത്ത് ഏതെങ്കിലും മണി എക്സ്ചേഞ്ച് ഉണ്ടോ? "
"കുറച്ചപ്പുറം കങ്കനാടി റോഡിലേക്ക് തിരിയുന്നിടത്ത് ഒരെണ്ണമുണ്ട്, പക്ഷെ ഈ സമയം അത് ഒരു പക്ഷെ പൂട്ടിയിട്ടുണ്ടാകും, എങ്കിൽ ഇനി നാളെയെ തുറക്കൂ "
പുഞ്ചിരിയോടെ, കേൾക്കാൻ അത്ര സുഖമല്ലാത്ത ശബ്ദത്തിൽ നല്ല മലയാളത്തിൽ അയാൾ മറുപടി പറഞ്ഞു.
" എന്റെ കയ്യിൽ ഖത്തറി റിയാൽ ഉണ്ട്, അൻപതിനായിരം രൂപക്ക് കണക്കായുള്ളത്, അത് നിങ്ങൾക്ക് തരാം, രൂപ തന്ന് സഹായിക്കാമോ? " നീനു അയാളോട് ചോദിച്ചു
"അയ്യോ, എനിക്ക് റിയാലൊന്നും വേണ്ട, ആട്ടെ, നിങ്ങൾക്കിപ്പോ എന്താ ഇത്ര അത്യാവശ്യം? "
"അതിവിടെ ആശുപത്രിയിൽ ബില്ലടച്ച് ഇവളുടെ അച്ഛനെ ഡിസ്ചാർജ്ജ് വാങ്ങി രാത്രിയിലെ ട്രെയിനിൽ നാട്ടിലേക്ക് പോകാനാണ്, കൈയ്യിലുള്ള പൈസ തികയുന്നില്ല, അത് കൊണ്ടാ "
മാധവിയമ്മ അൽപ്പം നിരാശയോടെ ഒരു സഹായാഭ്യാർത്ഥനയുടെ സ്വരത്തിൽ അയാളോട് പറഞ്ഞു.
"ങ്ഹാ, ഇക്കാലത്തെ ആശുപത്രി ബില്ലൊക്കെ ഇങ്ങനെ തന്നെ, നിങ്ങളുടെ നാടെവിടെയാ "
" ഞങ്ങൾ കണ്ണൂരാ " നീനു പറഞ്ഞു.
"എന്നാ നിങ്ങൾ പോയി നോക്ക് ചെലപ്പോ അത് തൊറന്നിട്ടുണ്ടാകും" കാസറഗോടൻ ശൈലിയിൽ കന്നഡ ചുവയിൽ, അക്ഷരങ്ങൾ അൽപ്പം അകത്തോട്ടു വലിച്ചു പെട്ടെന്ന് പുറത്തേക്കിട്ടു കൊണ്ട് ആ 'തൊപ്പിക്കാരൻ' പറഞ്ഞു.
അയാൾ പറഞ്ഞ സ്ഥാപനം ലക്ഷ്യമാക്കി അവർ നടന്നു, പക്ഷെ അയാൾ സംശയിച്ചത് പോലെ തന്നെ അത് പൂട്ടിയിരുന്നു ! ഇനി പിറ്റേന്ന് രാവിലെ ഒൻപത് മണിക്കേ തുറക്കൂവെന്ന് പ്രവൃത്തിസമയ ബോർഡിൽ വായിച്ചു !
അവിടെ കണ്ട ചിലരോടുകൂടി, വേറെ സ്ഥാപനങ്ങൾ അവിടെ അടുത്തുണ്ടോ എന്നന്വേഷിച്ചെങ്കിലും ഒന്നും കണ്ടുപിടിക്കാൻ സാധിച്ചില്ല.
"ഇനി നാളെയെ ഡിസ്ചാർജ്ജ് നടക്കൂ, ഇന്നു കൂടി ഇവിടെ തങ്ങേണ്ടി വരുമല്ലോ" എന്ന് നിരാശയോടെ ഓർത്തു കൊണ്ട് തിരികെ ആശുപത്രിയിലേക്ക് വരവേ, നേരത്തെ ഹോട്ടലിൽ വെച്ച് സംസാരിച്ച അയാൾ തന്റെ
ഹോട്ടലിന് പുറത്ത് നിൽക്കുന്നു. മാധവിയമ്മയെയും നീനുവിനെയും കണ്ട അയാൾ അവരെ അടുത്തേക്ക് വിളിച്ചു കൊണ്ട് ചോദിച്ചു,
"എന്തായി? കാശ് കിട്ടിയോ? "
"ഇല്ല" രണ്ടുപേരും തലയാട്ടി..
"ബില്ലടക്കാൻ എത്രയാ വേണ്ടെ "
"നാൽപ്പതിനായിരം വേണം "
"ഓഹോ, നിങ്ങളിവിടെ നിൽക്ക്, ഞാൻ, നിങ്ങൾ ഈ വഴി തന്നെ തിരിച്ചു വരണേ എന്നാഗ്രഹിച്ചുകൊണ്ട് നിങ്ങളെ കാത്തു നിൽക്കുകയായിരുന്നു.. "
അതും പറഞ്ഞു അയാൾ ഹോട്ടലിനകത്തേക്ക് പോയി ഒരു കെട്ട് നോട്ടുമായി തിരികെ വന്നു.
അവരുടെ മുന്നിൽ വെച്ച് നാൽപ്പതിനായിരം തികച്ചെണ്ണി നീനുവിന്റെ നേരെ നീട്ടി !!
ഒരു നിമിഷം സ്തംഭിച്ചു പോയ നീനു തന്റെ കയ്യിലുള്ള ഖത്തറി റിയാൽ അയാൾക്ക് നേരെ നീട്ടി..
അയാൾ പറഞ്ഞു..
"അതവിടെ വെക്ക് പെങ്ങളെ, നിങ്ങളീ അമ്മേം മോളും ഈ സമയത്ത് ഇങ്ങനെ പണത്തിനു വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടിട്ട്, അത് കണ്ടില്ലാന്നു നടിക്കാൻ എനിക്ക് പറ്റൂല, ഒരു തട്ടുകട കൊണ്ട് കച്ചോടം തൊടങ്ങിയോനാ ഞാൻ.. ഇപ്പൊ ഈ ഒരു സ്ഥാപനമായി, അത് വലുതായി വന്നത് ഞാൻ കേമനായൊണ്ടല്ല, പടച്ചോൻ കനിഞ്ഞൊണ്ടാ,
ചില സമയം നമ്മുടെ കൈയിലുള്ള പണം കൊണ്ട് ഒന്നും നേടാൻ കഴിഞ്ഞെന്ന് വരില്ല, ചെലപ്പോ പണത്തിനു പകരം മറ്റൊന്നും മതിയായീന്നും വരില്ല, നിങ്ങൾക്കിപ്പോ വേണ്ടത് പണമാണ്, നിങ്ങളിത് കൊണ്ടുപോയി ബില്ലടച്ച് രാത്രി തന്നെ നാട്ടിലേക്ക് പൊയ്ക്കോ, എട്ടര മണിക്ക് വണ്ടി ഉണ്ടല്ലോ "
മാധവിയമ്മയുടെയും നീനുവിന്റെയും കണ്ണു നിറഞ്ഞു പോയി ! സന്തോഷാശ്രുക്കൾ പൊഴിയുന്ന കണ്ണുകളോടെ മാധവിയമ്മ ചോദിച്ചു,
"ഒരു പരിചയവുമില്ലാത്ത ഞങ്ങൾക്ക് ഇത്രയും പണം ഇങ്ങനെ!!....ഞങ്ങൾ എങ്ങനാ ഇത് തിരിച്ചെത്തിക്കേണ്ടത് ? "
അവർ പറഞ്ഞു തീരും മുൻപേ അയാൾ പറഞ്ഞു.
"എന്റെ ബാങ്ക് അക്കൗണ്ട് നമ്പർ ഇതാ, നിങ്ങൾക്ക് സാധിക്കുന്ന സമയത്ത് പണം ഇതിലിട്ടാ മതി.. ഇനി നിങ്ങളിത് തിരിച്ചു തന്നില്ലെങ്കിലും ഒരു കുഴപ്പവുമില്ല "..
"നിങ്ങളുടെ പേര് "?
"പേര് ദാ ആ അക്കൗണ്ടിലുണ്ടല്ലോ, ഹഹഹ "നാസിറുദ്ദീൻ " ഇത്രയും പണം അയാൾ നൽകി സഹായിക്കുന്നുണ്ടെന്നുള്ള ഒരു ഭാവഭേദവുമില്ലാതെ അയാൾ ചിരിച്ചു ! പിന്നെ പറഞ്ഞു,
" നിങ്ങൾ ബേജാറാകേണ്ട, ധൈര്യമായി പോകൂ.. ബാക്കി പടച്ചോൻ നോക്കിക്കോളും, ഡോക്ടറെയും കൂട്ടി വേഗം പോകാൻ നോക്ക്.
"നിങ്ങളുടെ മൊബൈൽ നമ്പർ? "
ഇരുകൂട്ടരും ടെലഫോൺ നമ്പറുകൾ കൈമാറി..
പണവുമായി മാധവിയമ്മയും നീനുവും ആശുപത്രിയിലെത്തി ഡോക്ടർ ജനാർദ്ദനൻ നായരെ ഡിസ്ചാർജ്ജ് ചെയ്തു, നാട്ടിലേക്ക് വണ്ടി കയറി.
ട്രെയിനിൽ വെച്ച് നീനു ചിന്തിച്ചു..
"ഡബിൾ ഡക്കർ ബസ്സിന്റെ മാതൃക തോന്നിക്കുന്ന, നിസ്‌ക്കാരത്തൊപ്പിയും മീശ വടിച്ചു , മൈലാഞ്ചിയിട്ട താടിയുമുള്ള , മുണ്ടും, ജുബ്ബയും ധരിച്ച യാതൊരു പരിചയവുമില്ലാത്ത നാസിറുദ്ദീൻ സങ്കോചമേതുമില്ലാതെ നാൽപ്പതിനായിരം രൂപ എടുത്ത് തന്നു..
"നിങ്ങളെ എനിക്ക് വ്ശ്വാസമാ " എന്ന് ഞങ്ങളോട് അയാൾ പറഞ്ഞു..
അടുത്ത സ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ, സ്റ്റേഷനിലെ ടെലിവിഷൻ സ്‌ക്രീനിൽ നീനു ആ പരസ്യ വാചകം തെളിഞ്ഞത് ശ്രദ്ധിച്ചു...
"വിശ്വാസം അതല്ലേ എല്ലാം ".
"അതെ, വിശ്വസിച്ചവരെ വഞ്ചിക്കാനും പാടില്ല, നാളെ തന്നെ അയാളുടെ കാശ് അക്കൗണ്ടിലിട്ടു കൊടുക്കണം, അങ്ങനെ നാസറുദ്ദീന്റെ , നമ്മുടെ, വിശ്വാസം കാക്കണം "
തന്റെ ചിന്തകൾ ശരിയെന്നു സമ്മതിക്കും പോലെ തീവണ്ടിയുടെ ഹോൺ മുഴങ്ങി ! വണ്ടി കണ്ണൂർ ലക്ഷ്യമാക്കി പാഞ്ഞു..
ഈ സമയം ഭർത്താവിനോട് കഴിഞ്ഞ സംഭവങ്ങളെല്ലാം വിവരിക്കുകയായിരുന്നു മാധവിയമ്മ !!
- മുഹമ്മദ്‌ അലി മാങ്കടവ്
05/07/2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot