നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 4


വീട്ടിൽ നന്ദൻ തന്നെ കാത്തിരുന്ന് മുഷിയും എന്നറിയാവുന്നത് കൊണ്ട് ശ്യാമ ഓടിപ്പിടിച്ചാണ് വീട്ടിൽ വന്നത്.ഗേറ്റ് തുറന്നതും നന്ദനെ കുറിച്ചുള്ള പരാതിപ്പെട്ടി തുറക്കാൻ ശാരി ഉമ്മറത്ത് തന്നെയും  കാത്തിരിക്കുന്നുണ്ടാവുമെന്ന് അവൾ പ്രതീക്ഷിച്ചു.പക്ഷെ അവിടെ ശാരിയെ കണ്ടില്ല.പറമ്പിൽ ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ട് ശ്യാമ  വേഗം അങ്ങോട്ട് ചെന്നു.അവിടെ അപ്പുറത്തെ വീട്ടിലെ മായമ്മയും അവരുടെ മകൻ സന്ദീപും സന്ദീപിന്റെ കൂട്ടുകാരൻ ഷിബിനും നിൽപ്പുണ്ടായിരുന്നു..മായമ്മയുടെ കൈയിൽ വെള്ളം നിറച്ച ഒരു മഗ് ഉണ്ടായിരുന്നു.അവർ അതിൽ നിന്നും കുറച്ച് വെള്ളമെടുത്ത് ആരുടെയോ മുഖത്തേക്ക് തളിക്കുന്നുണ്ടായിരുന്നു.നിലത്ത് പരമുവിന്റെ മടിയിൽ വാടി  തളർന്ന് കിടക്കുന്ന നന്ദനെ കണ്ടതും ഹാൻഡ്ബാഗ് വലിച്ചെറിഞ്ഞ് ശ്യാമ അവരുടെ അടുത്തേക്കോടി!
"നന്ദാ..നന്ദാ..എന്താ പറ്റിയെ?കണ്ണ് തുറക്ക് നന്ദാ "ശ്യാമ കരഞ്ഞുകൊണ്ട് നന്ദനെ പരമുവിന്റെ മടിയിൽ നിന്നും വലിച്ചെഴുന്നേൽപ്പിക്കാൻ നോക്കി.നന്ദൻ കണ്ണുകൾ പാതി തുറന്ന് കിടക്കുകയായിരുന്നു.
ശ്യാമ അവന്റെ തല എടുത്ത് തന്റെ മടിയിലേക്ക് വെച്ചു.
"എന്താ മായമ്മേ എന്താ എന്റെ നന്ദന് പറ്റിയെ?"ശ്യാമ വെപ്രാളപ്പെട്ട് ചോദിച്ചു.
"നീ ഇങ്ങനെ കരഞ്ഞ് വിളിക്കാതെ മോളെ..ഇപ്പൊ അവന് കുഴപ്പമൊന്നുമില്ല..മരത്തിന്റെ മുകളിൽ കേറിയിട്ട് പേടിച്ച് പോയതാ ..."മായമ്മ  അവളെ സമാധാനിപ്പിച്ചു.
"മരത്തിന്റെ മുകളിലോ ?നന്ദനോ?മരത്തിന്റെ മുകളിലെന്നല്ല ഉയരക്കൂടുതൽ ഉള്ള ഒരു സ്ഥലത്തും നന്ദൻ കയറില്ല.എവിടെയെങ്കിലും പൊക്കത്തിൽ കെയറുന്നത് നന്ദന് പേടിയാണ്..അങ്ങനെ ഒരു മെഡിക്കൽ കണ്ടിഷൻ ഉണ്ട് നന്ദന്.."ശ്യാമ കരഞ്ഞുകൊണ്ട് പറഞ്ഞു.അവൾ നന്ദന്റെ തല തന്റെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞ് പിടിച്ചിരിക്കുകയായിരുന്നു.
"ഞാനും സന്ദീപും  വെളിയിൽ പോയിരിക്കുകയായിരുന്നു.തിരിച്ച് വന്നപ്പോ മതിലിന്റെ  ഇപ്പുറത്ത് മാങ്ങ കുറച്ച് വീണ് കിടക്കുന്നത് കണ്ടു.സന്ദീപ്  അതെടുക്കാൻ അങ്ങോട്ട് വന്നപ്പോ  മരത്തിന്റെ മുകളീന്ന് ഒരു ഞരക്കം കേട്ടു.മോൻ മതില് ചാടി മരത്തിന്റെ അടിയിൽ വന്ന് നോക്കിയപ്പോ ഈ കൊച്ചൻ ഇതിന്റെ മുകളിൽ ഇരിക്കുന്നത് കണ്ടു.വിളിച്ചിട്ട് അനക്കമൊന്നും ഉണ്ടായിരുന്നില്ല.സന്ദീപ്  പെട്ടെന്ന് തന്നെ അവന്റെ കൂട്ടുകാരൻ ഷിബിനെ വിളിച്ചു.ഷിബിന്റെ വീടിന്റെ അടുത്താ ഈ പരമൂന്റെ  വീട്.രണ്ട് പേരും അപ്പൊ തന്നെ ഇവിടെ  എത്തി.കയറ് കെട്ടിയാ പരമു നന്ദനെ താഴെ ഇറക്കിയത്.."മായമ്മ പറഞ്ഞതെല്ലാം ശ്യാമ അമ്പരപ്പോടെ കേട്ടുകൊണ്ടിരുന്നു.
"ഞാൻ നോക്കിയപ്പോ രണ്ട് കൊമ്പിന്റെ എടേല് ബോധം ഇല്ലാതെ കുരുങ്ങി കിടക്കുകയായിരുന്നു.."പരമു പറഞ്ഞു.
"ഞങ്ങള് കുറച്ച് കൂടി വൈകി വരാനാ ഇരുന്നത്.ഗ്യാസ് ഓഫ് ചെയ്യാൻ മറന്ന് പോയോ എന്ന് പേടിച്ച് ഒന്ന് നോക്കാനാ വീട്ടിലോട്ട് തിരികെ വന്നത്.ദൈവത്തിന്റെ കൃപ നല്ലോണം ഉണ്ടെന്ന് കൂട്ടിക്കോളൂ മോളെ.ഞങ്ങള് തിരികെ വന്നതും, നന്ദന്റെ കരച്ചില് കേട്ടതും ,വിളിച്ചപ്പോ ഓടി വരാൻ പരമു വീട്ടിൽ തന്നെ ഉണ്ടായിരുന്നതും ഒക്കെ മോള് അതുപോലെ ദൈവത്തെ  വിളിക്കുന്നത് കൊണ്ടാ.."മായമ്മ  പറഞ്ഞു.ശ്യാമ ഏങ്ങലടിച്ച് കരഞ്ഞുകൊണ്ടിരുന്നു.
"മോളിങ്ങനെ കരയാതെ..ടാ പിള്ളേരെ നിങ്ങൾ നന്ദനെ അകത്ത് കൊണ്ടുപോയി കിടത്തിക്കെ..ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോ ആ വെപ്രാളം ഒക്കെ അങ്ങ് പൊക്കോളും.."മായമ്മ പറഞ്ഞത് കേട്ട് സന്ദീപും ഷിബിനും നന്ദനെ പിടിച്ച് എഴുന്നേൽപ്പിച്ചു.പരമുവും അവരെ സഹായിച്ചു.
"ഞാൻ ശാരിയെ ഒരുപാട് വിളിച്ചു.ഉറക്കമാണെന്ന് തോന്നുന്നു.ഇവിടെ നടന്ന കോലാഹലമൊന്നും അറിഞ്ഞ മട്ടില്ല.ശാരിക്ക് ഇഷ്ടമാകുമോ എന്നറിയാത്തത് കൊണ്ട് ഞാൻ  അകത്തോട്ട് കെയറിയില്ല."മായമ്മ പറഞ്ഞു.ശ്യാമ ഒന്നും മിണ്ടിയില്ല.
ഒരു വീടിന്റെ മതിലിനപ്പുറവും ഇപ്പുറവും ആണ് ശ്യാമയും മായമ്മയും താമസിക്കുന്നത്.ശാരി ചിറ്റ ഒരു പ്രത്യേക സ്വഭാവമാണ്.കുറച്ച് നാളുകൾ ആയെ ഉള്ളു ശ്യാമയുടെ കൂടെ ഈ വീട്ടിൽ  താമസിക്കാൻ തുടങ്ങിയതെങ്കിലും ശാരി അയല്പക്കത്തുള്ളവരോട് അധികം അടുപ്പത്തിന് പോവുകയില്ല.ഇങ്ങോട്ട് ആരും വരുന്നത് അവർക്കോട്ട്    ഇഷ്ടവുമല്ല .അതുകൊണ്ട് അയൽക്കാർ അധികം ഇങ്ങോട്ട്  വരാറില്ലായിരുന്നു.
സന്ദീപും ഷിബിനും പരമുവും നന്ദനെ ശ്യാമ കാണിച്ചുകൊടുത്ത മുറിയിൽ  കിടത്തിയിട്ട് തിരികെ വന്നു.
"എല്ലാവരോടും എങ്ങനെയാ നന്ദി പറയേണ്ടതെന്ന് അറിയില്ല..നിങ്ങൾ കണ്ടില്ലായിരുന്നുവെങ്കിൽ എന്റെ നന്ദൻ.."ശ്യാമ വീണ്ടും കരയാൻ തുടങ്ങി.
"നന്ദി ഞങ്ങളോടല്ല മോളെ പറയേണ്ടത്..ദൈവത്തെ മനസ്സറിഞ്ഞ്  വിളിച്ചോളൂ.."മായമ്മ  അവളെ ആശ്വസിപ്പിച്ചു.
"എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചേക്കണേ  ചേച്ചി.."സന്ദീപ് അവളോട് പറഞ്ഞു.അവർ തിരിച്ച് വീട്ടിലേക്ക് നടന്നു.
പരമു പോവാൻ തുടങ്ങിയപ്പോൾ ശ്യാമ അവളുടെ ബാഗിൽ നിന്നും കുറച്ച് നോട്ടുകൾ എടുത്ത് പരമുവിന്  കൊടുത്തു.
"എന്റെ പൊന്നു മോളെ ഞാൻ ഇത് വാങ്ങത്തില്ല..മോളകത്തോട്ട് ചെന്നാട്ടെ.."പരമു സ്നേഹത്തോടെ അത് നിരസിച്ചു.അയാൾ പോയിക്കഴിഞ്ഞ് ശ്യാമ ഗേറ്റ് അടച്ച് അകത്തേക്ക് ചെന്നു.എല്ലാരും പോയി എന്ന് ഉറപ്പായപ്പോൾ ശാരി പതിയെ കട്ടിലിൽ നിന്നുമെഴുന്നേറ്റ് കോട്ടുവാ ഇട്ടുകൊണ്ട് ഉറക്കച്ചടവോടെ ഉമ്മറത്തേക്ക് വന്നു.
"ആഹ് ശ്യാമ വന്നോ?ഞാൻ അറിഞ്ഞതേ ഇല്ല.പണിയെല്ലാം കഴിഞ്ഞ് കിടന്നപ്പോ ഉറങ്ങിപ്പോയി.എന്തൊരു ക്ഷീണം ആയിരുന്നു."ശാരി മുടി കെട്ടിവെച്ചുകൊണ്ട് പറഞ്ഞു.ശ്യാമ അവരെ നോക്കി നിന്നതല്ലാതെ  ഒന്നും മിണ്ടിയില്ല.
"നന്ദൻ എഴുന്നേറ്റോ ആവൊ..അവന്റെ അനക്കം ഒന്നും കേൾക്കുന്നില്ലല്ലോ?"ശാരി ചുറ്റും നോക്കി പറഞ്ഞു.
"ആ അനക്കം എന്നെന്നേയ്ക്കുമായി   നിലയ്ക്കാൻ  വേണ്ടിയാണോ ചിറ്റ ഈ പണി കാണിച്ചത്?"ശ്യാമ അവരെ കത്തുന്ന കണ്ണുകളോടെ നോക്കി ചോദിച്ചു..ശാരി അത് കേട്ട് കണ്ണ് മിഴിച്ചു.
"ഞാൻ..ഞാൻ എന്ത് പണി കാണിച്ചു എന്നാ നീ പറയുന്നത്?"ശാരി ശ്യാമയുടെ മുഖത്ത് നോക്കാതെ ചോദിച്ചു.
"എന്റെ മുൻപിൽ നാടകം കളിയ്ക്കാൻ നോക്കണ്ട ചിറ്റേ..ചിറ്റ എന്തെങ്കിലും പറഞ്ഞ് പ്രകോപിപ്പിക്കാതെ നന്ദൻ ഒരിക്കലും സ്വമേധയാ മരത്തിൽ കെയറില്ല."ശ്യാമയുടെ സ്വരം കടുത്തു.
"ഉയ്യോ ഞാൻ എന്തോ പറഞ്ഞ് പ്രകോപിപ്പിച്ചുവെന്നാ നീ പറയുന്നത്?രണ്ട് മാങ്ങാ ഇട്ടുതരാമോ എന്ന് ചോദിച്ചു.അത് ഇത്ര വലിയ കുറ്റമാണെന്ന് ഞാൻ അറിഞ്ഞില്ല."ശാരി അടുക്കളയിലേക്ക് പോവാൻ തുടങ്ങി.അവർക്ക് എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപെട്ടാ  മതിയെന്നെ  ഉണ്ടായിരുന്നുള്ളു.
"അതിന് സുഖമില്ലാത്ത നന്ദനെ മാത്രേ കിട്ടിയുള്ളൂ ചിറ്റയ്ക്ക്?അത്രയ്ക്ക്  അത്യാവശ്യം ആയിരുന്നെങ്കിൽ ചിറ്റയ്ക്ക് പരമുവിനെ  വിളിക്കാമായിരുന്നല്ലോ.കഷ്ടമാണ് ചിറ്റേ.ഞാൻ വീട്ടിൽ ഇല്ലാത്ത സമയത്ത് നന്ദന് ഒരു സഹായത്തിന് വേണ്ടിയാണ് ചിറ്റയെ ഇവിടെ വിളിച്ച് വരുത്തിയത്.ഒരു കെയർ ടേക്കറെ  വെക്കാൻ കഴിവില്ലാഞ്ഞിട്ടല്ല.ചിറ്റയെ എനിക്ക് അത്രയ്ക്ക് വിശ്വാസം ആയത് കൊണ്ടാണ്.ചിറ്റ നന്ദനെ ഒരു മകനെ പോലെ സ്നേഹിക്കും എന്ന് കരുതിയിട്ടാണ് . നന്ദന്റെ അവസ്ഥ മനസ്സിലാക്കി വെച്ചിട്ടും ഇങ്ങനെ ഒക്കെ  കാണിക്കുന്നത് പാപമാണ്.ദൈവം പൊറുക്കില്ല ചിറ്റേ.." ശ്യാമ കരഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക് പോയി.
ശാരിക്ക് ഉള്ളിൽ എവിടെയോ ഒരു ചെറിയ കുറ്റ  ബോധം തോന്നി.ശ്യാമയുടെ അമ്മയുടെ അനിയത്തിയാണ് ശാരി.ശാരി കല്യാണം കഴിച്ചിട്ടില്ല.ശ്യാമയുടെ അച്ഛൻ ബോബെയിൽ  ഒരു ബാങ്കിലെ മാനേജർ ആയിരുന്നു.ശ്യാമയ്ക്ക് ഒരു ചേച്ചി കൂടി ഉണ്ടായിരുന്നു.മിഥില.ബോബെയിൽ തന്നെയുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയിരുന്നു മിഥില.ശ്യാമയെ പ്രസവിച്ചതോടെ അവളുടെ അമ്മ മരിച്ചു.അമ്മയില്ലാത്തതിന്റെ  കുറവറിയിക്കാതിരിക്കാനായി ശ്യാമയുടെ അച്ഛൻ കൈക്കുഞ്ഞായിരുന്ന ശ്യാമയെ  ശാരിയുടെ കൈകളിൽ ഏൽപ്പിച്ചു.മിഥില ബോബെയിൽ അവളുടെ അച്ഛന്റെ കൂടെയും ശ്യാമ നാട്ടിൽ ശാരിയുടെ കൂടെയും  നിന്നാണ് പഠിച്ചതും വളർന്നതും ഒക്കെ.ഒഴിവ്  കിട്ടുമ്പോഴൊക്കെ മിഥില അനിയത്തിയെ കാണാനായി നാട്ടിൽ വരുമായിരുന്നു.അവൾക്ക്  ശ്യാമയെ  ജീവനായിരുന്നു.അതുപോലെ തന്നെയായിരുന്നു ശാരിക്കും.സ്വന്തം മകളെ പോലെ ആണ് ശാരി ശ്യാമയെ സ്നേഹിക്കുന്നത്. പ്ലസ് ടു കഴിഞ്ഞപ്പോൾ ശ്യാമ മുംബൈയിൽ അവളുടെ അച്ഛന്റെയും ചേച്ചിയുടെയും  അടുത്തേക്ക് പോയി.പിന്നെ അവിടെ ആയിരുന്നു ശ്യാമയുടെ കോളേജ് പഠനം.ആരും പ്രതീക്ഷിക്കാത്ത ഒരു ദുരന്തമായിരുന്നു മിഥിലയുടെ മരണം.ആക്‌സിൻഡെന്റ് ആയിരുന്നു.അതിന്റെ ഷോക്കിൽ ശ്യാമയുടെ അച്ഛന് സ്ട്രോക്ക് വന്നു.കുറച്ച് നാൾ കിടപ്പിലായിരുന്നു.അത് കഴിഞ്ഞ് അദ്ദേഹവും ശ്യാമയെ വിട്ടുപോയി.ബോബെയിൽ തന്നെയുള്ള പരിചയത്തിൽ പെട്ട ഒരു കുടുംബം ആയിരുന്നു ശ്യാമയ്ക്ക് പിന്നീട് കൂട്ടായി ഉണ്ടായിരുന്നത്. പഠനം കഴിഞ്ഞ് അവൾ നാട്ടിലേക്ക് വന്നു.നാട്ടിൽ വന്ന്  ബാങ്ക് ടെസ്റ്റ് എഴുതി അസിസ്റ്റന്റ് മാനേജർ ആയി അവൾക്ക് സ്വന്തം നാട്ടിൽ തന്നെ പോസ്റ്റിങ്ങ് കിട്ടി.അത് കഴിഞ്ഞായിരുന്നു ബോബെയിൽ അവളുടെ കൂടെ പഠിച്ച  നന്ദനുമായുള്ള വിവാഹം. നന്ദൻ ജന്മനാ ഇങ്ങനെ ആണ് എന്നായിരുന്നു ശ്യാമ ശാരിയോട് പറഞ്ഞത്. നന്ദനെ നാട്ടിലേക്ക് കൊണ്ടുവന്ന് കൂടെ താമസിപ്പിക്കാനായിരുന്നു   ശ്യാമ  ബോംബെ  ഉപേക്ഷിച്ച്   നാട്ടിലേക്ക് വന്നത്  . തലയ്ക്ക് സുഖമില്ലാത്ത ഒരാളെ ശ്യാമ കല്യാണം കഴിക്കാൻ തീരുമാനിച്ചു എന്ന്  കേട്ടപ്പോൾ മുതൽ ശാരി ഒരുപാട് എതിർത്ത് നോക്കി.ശാരിയുടെ എതിർപ്പുകളോ ശാസനയോ ഭാവിയെ കുറിച്ചുള്ള ആശങ്കകളോ ഒന്നും ശ്യാമ ചെവി കൊണ്ടില്ല.അവളുടെ  തീരുമാനം ഉറച്ചതായിരുന്നു.ശാരിയുടെ എതിർപ്പുകൾ വക വെയ്ക്കാതെ ശ്യാമ ബോബെയിൽ പോയി നന്ദനുമായി രജിസ്റ്റർ മാര്യേജ് കഴിഞ്ഞ് തിരികെ വന്നു.അച്ഛൻ ശ്യാമയുടെ  പേരിൽ പണിത 'ശ്യാമ നിവാസിൽ' ശ്യാമയും നന്ദനും  പുതിയൊരു ജീവിതം  ആരംഭിച്ചു.ശ്യാമ ഓഫീസിൽ പോവുന്ന സമയം നന്ദന്റെ കാര്യങ്ങൾ നോക്കാനായി അവൾ ശാരിയെ വിളിച്ച് വരുത്തി.നന്ദനെ കാണുന്നത് തന്നെ ശാരിക്ക് ചതുർഥി ആണെങ്കിലും ശ്യാമയുടെ അഭ്യർത്ഥന പ്രകാരം അവർ അവരുടെ കൂടെ വന്ന് നിന്നു.നന്ദന് കാഴ്ച്ചയിൽ പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ല.പക്ഷെ രാത്രിയിൽ ഉറക്കത്തിൽ പേടിച്ച് കരയും..ആരോ തന്നെ കൊല്ലാൻ  വരുന്നുണ്ടെന്ന് പറഞ്ഞ്  അലറി വിളിക്കും.. ശ്യാമ തന്റെ ഭാര്യ ആണെന്ന് നന്ദന് അറിയാം പക്ഷെ വിവാഹം കഴിഞ്ഞ് ഒരേ മുറിയിൽ ഒരുമിച്ചാണ് കിടക്കുന്നതെങ്കിലും ഒരു ഭാര്യ ഭർതൃ ബന്ധം അവർ തമ്മിൽ ഉണ്ടായിട്ടില്ല.ബോബെയിൽ തന്നെയുള്ള ഒരു ഡോക്ടറിന്റെ ചികിത്സയിലാണ് നന്ദൻ.ശാരിക്ക് നന്ദനെ കണ്ണെടുത്താൽ കണ്ടുകൂടാ.സ്വന്തം മകളെ പോലെ കരുതി വളർത്തിയ ഒരു പെണ്ണിന്റെ ജീവിതം ശാരിയുടെ ഭാഷയിൽ ഒരു ഭ്രാന്തന് വേണ്ടി എറിഞ്ഞുടയ്ക്കാൻ ഉള്ളതായിരുന്നില്ല.അതുകൊണ്ട് തക്കം കിട്ടുമ്പോളൊക്കെ ശാരി നന്ദനെ കുത്തുവാക്കുകൾ പറയുകയും ഓരോ കുടുക്കിൽ ചാടിക്കുകയും ചെയ്തുകൊണ്ടിരുന്നു. ശ്യാമ മുറിയിൽ ചെല്ലുമ്പോൾ നന്ദൻ കൈകൾ  രണ്ടും നെഞ്ചിൽ ചുരുട്ടി വെച്ച് കാലുകൾ മടക്കി സൈഡ് തിരിഞ്ഞ് ഉറങ്ങുകയായിരുന്നു..മുഖം വിളറി ഇരിപ്പുണ്ട്. ശ്യാമ അവന്റെ അടുത്ത് കട്ടിലിൽ ഇരുന്നു.അവൾ കുറച്ച് നേരം അവനെ തന്നെ നോക്കി ഇരുന്നു.എന്നിട്ട് അവന്റെ മുടിയിൽ പതിയെ വിരലോടിച്ചു.നെറ്റിയിൽ ഉമ്മ കൊടുത്തു.
"എല്ലാം മറക്കാനായിരുന്നു അവിടെ നിന്നും നന്ദനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത്..പക്ഷെ.."ശ്യാമ പതിഞ്ഞ സ്വരത്തിൽ  പറഞ്ഞു.പിന്നെ അവന്റെ മുഖത്തോട് മുഖം മുട്ടിച്ച് ശബ്ദമില്ലാതെ കരഞ്ഞു.****
ദീപാരാധന കഴിഞ്ഞ് ശ്രീകോവിലിന് മുൻപിൽ കണ്ണുകളടച്ച് പ്രാർത്ഥിക്കുകയായിരുന്നു ശ്രീബാല.മഹാദേവൻ ആണ് അവിടുത്തെ മുഖ്യ പ്രതിഷ്ഠ.
"കര ചരണ കൃതം വാക് കായ ജാംകര്മ ജംവാ,ശ്രവണ നയന ജംവാ,മാനസംവാ അപരാധം ,വിഹിതം അവിഹിതം വാ സർവം ഏതത്ത് ഷമസ്വ ,ജയ ജയ കരുണാബ്‌ദെ ശ്രീ മഹാദേവ ശംഭോ.."ശ്രീബാല കണ്ണുകളടച്ച് മന്ത്രം ജപിച്ചു.
"എന്താ ഇതിനും മാത്രം പാപം ചെയ്തത്?"ആ ശബ്ദം കേട്ട് ശ്രീബാല കണ്ണുകൾ തുറന്നു.തൊട്ടപ്പുറത്ത് കണ്ണുകളടച്ച് കൈകൾ കൂപ്പി പ്രാർത്ഥിക്കുകയാണെന്ന വ്യാജേന ജിതേഷ് നിൽപ്പുണ്ടായിരുന്നു.
അവനെ കണ്ടതും അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി.ഇപ്പൊ തന്റെ മനസ്സിൽ ഈ ഒരു മുഖം മാത്രമേ ഉള്ളു എന്നവൾ ഓർത്തു.തന്റെ പ്രാർത്ഥനകളിൽ  പുതിയ ഒരു പേര് കൂടി വന്നിരിക്കുന്നു..
"ചോദിച്ചത് കേട്ടില്ലേ.ഈ മന്ത്രം ജപിച്ച് ഭഗവാനോട് മാപ്പപേക്ഷിക്കാൻ എന്താ ഇതിനും മാത്രം പാപം ചെയ്തതെന്ന്?" ജിതേഷ് കണ്ണുകൾ തുറന്ന് അവളെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു.
"അത്..അത്.."ശ്രീബാലയ്ക്ക് പെട്ടെന്ന് വാക്കുകൾ കിട്ടിയില്ല.
"ചുമ്മാ തമാശ ചോദിച്ചതാടോ..താൻ നർവസ്  ആവാതെ.."അവളുടെ  വെപ്രാളം കണ്ട് ജിതേഷ് പറഞ്ഞു.
"എന്താ ഇവിടുത്തെ അമ്പലത്തിൽ?"ശ്രീബാല ചോദിച്ചു.
"ഞങ്ങൾക്ക് വേണ്ടപ്പെട്ട രണ്ട് പെൺകുട്ടികൾ ദിവസവും ഈ അമ്പലത്തിൽ ദീപാരാധന തൊഴാൻ വരാറുണ്ടെന്ന്  അറിഞ്ഞു.അവരെ കാണാൻ വന്നതാ.."ജിതേഷ് അവളെ കുസൃതിയോടെ നോക്കി പറഞ്ഞു.
"എന്നിട്ട്  കണ്ടോ?"വേണിയെയും തന്നെയുമാണ് ഉദ്ദേശിച്ചതെന്ന് കാര്യം മനസ്സിലായെങ്കിലും ശ്രീബാല ഒന്നുമറിയാത്ത പോലെ ചോദിച്ചു.
"ഒരാളെ ഇപ്പൊ കണ്ടു."ജിതേഷ് അവളെ ചൂണ്ടി പറഞ്ഞു.നാണം കൊണ്ട് ശ്രീബാലയുടെ മുഖം ചുവന്നു.
"കണ്ണേട്ടൻ എവിടെ ?"വിഷയം മാറ്റാനായി അവൾ ചോദിച്ചു.
"എവിടെയായിരിക്കുമെന്ന് ഊഹിക്കാമല്ലോ.തന്റെ അനിയത്തിയുടെ കൂടെ വഴിപാടിന്റെ കൗണ്ടറിൽ നിൽപ്പുണ്ട്.."ജിതേഷ് പറഞ്ഞു.
അപ്പോഴാണ് വേണിയും കണ്ണനും എന്തോ സംസാരിച്ച് ചിരിച്ചുകൊണ്ട് അവിടേക്ക് നടന്ന് വന്നത്.ശ്രീബാല  അവരെ തന്നെ നോക്കി നിന്നു.രണ്ടുപേരും നല്ല ചേർച്ചയാണെന്ന് അവൾ ഓർത്തു..വേണിയുടെ കൈയിൽ വഴിപാടിന്റെ രസീദ് ഉണ്ടായിരുന്നു.
"കിട്ടിയോ?"ശ്രീബാല ചോദിച്ചു.
"കിട്ടി.."വേണി തന്റെ കൈയിലിരുന്ന രസീദ് ശ്രീബാലയുടെ കൈയിൽ കൊടുത്തു.അവൾ അത് വാങ്ങി തന്റെ പഴ്സിൽ ഇട്ടു.
"എന്താ ഇത്?"ജിതേഷ്  ചോദിച്ചു.
"ഉദ്ദിഷ്ട കാര്യ സിദ്ധിക്ക് വേണ്ടി ദേവിക്കുള്ള പായസത്തിന്റെ വഴിപാടാണ്.അച്ചട്ടാണ്.മനസ്സിൽ എന്താഗ്രഹിക്കുന്നോ അത് നടക്കും."വേണി പറഞ്ഞു.
"എന്താ രണ്ടാളും ആഗ്രഹിച്ചത്?" ജിതേഷ് ചോദിച്ചു.വേണിയും ശ്രീബാലയും പരസ്പരം നോക്കി.
"ഞാനും കുറെ ചോദിച്ചു ഈ വായാടിയോട്.അത് മാത്രം ഇവള് പറയുന്നില്ല."കണ്ണൻ  പറഞ്ഞു.വേണി അവനെ നോക്കി കൊഞ്ഞനം കുത്തി.
"സൽസ്വഭാവികളും സർവോപരി സർവ്വഗുണ സമ്പന്നരുമായ രണ്ട് സുന്നരക്കുട്ടപ്പന്മാര് വന്ന് പെണ്ണ് ചോദിച്ചിട്ടുണ്ട്.എങ്ങനെയെങ്കിലും അതൊന്ന് സെറ്റ് ആക്കി തരണേ എന്നായിരിക്കും അല്ലെ.."ജിതേഷ് ചോദിച്ചു.
"ഒരു മയത്തിലൊക്ക് തള്ള് ജിതേഷേട്ടാ.."വേണി അവനെ കളിയാക്കി.
അവിടെ നടന്ന് പോവുന്ന രണ്ട് മൂന്ന് സ്ത്രീകൾ അവരെ നാല് പേരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
"ആൾക്കാര് ശ്രദ്ധിക്കുന്നു.എന്നാ ഞങ്ങൾ നടക്കട്ടെ.."ശ്രീബാല ചോദിച്ചു.പെട്ടെന്ന് ജിതേഷിന്റെ മുഖം കറുത്തു.
"ശെരിയാ കല്യാണം ഉറപ്പിച്ചിട്ടൊന്നുമില്ലല്ലോ അല്ലെ..ഞങ്ങൾ കാരണം നിങ്ങൾക്ക് നാണക്കേടും ചീത്തപ്പേരും  വരണ്ട..വാ കണ്ണാ നമുക്ക് പോവാം.."ജിതേഷ് നീരസത്തോടെ പറഞ്ഞു.
ശ്രീബാലയുടെ മുഖം വല്ലാതായി.
"അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്..ഞങ്ങളുടെ ഹരിയേട്ടന്റെ  കാര്യം കൊണ്ട്  അല്ലെങ്കിലേ ഇവിടുത്തകാർക്ക് ഞങ്ങളോട് അടുക്കാൻ ഭയമാണ്..ഇങ്ങനെ സംസാരിച്ച് നിൽക്കുന്നത് കണ്ട് ഒന്നും രണ്ടും പറഞ്ഞുണ്ടാക്കണ്ട എന്ന് കരുതിയാ ഞാൻ.."ശ്രീബാലയുടെ കണ്ണുകൾ നിറഞ്ഞു.ജിതേഷ് ഒന്നും മിണ്ടാതെ മുൻപേ നടന്നു.
"ടേക്ക് ഇറ്റ് ഈസി..നിങ്ങള് പറഞ്ഞത് തന്നെയാണ് ശരി.അവൻ കുറച്ച് ഷോർട് ടെംപെർഡ് ആണ്.പെട്ടെന്ന് ദേഷ്യം വരും അതുപോലെ തന്നെ പെട്ടെന്ന് തണുക്കുകയും ചെയ്യും."കണ്ണൻ ശ്രീബാലയെ  സമാധാനിപ്പിച്ചു.സാരമില്ലെന്ന് വേണിയും അവളെ ആശ്വസിപ്പിച്ചു.എല്ലാവരും ഒരുമിച്ച് അമ്പലത്തിൽ നിന്നും വെളിയിലിറങ്ങി. കണ്ണനും വേണിയും എന്തൊക്കെയോ സംസാരിച്ച് നടന്നു.ജിതേഷ് ഗൗരവത്തോടെ ആരെയും ശ്രദ്ധിക്കാതെ മുൻപിൽ തന്നെ നടക്കുകയായിരുന്നു.ശ്രീബാല അവന്റെ തൊട്ട് പിറകിലായി  നടന്നു.
ശേഖരൻ  മാഷിന്റെ മക്കൾ ആണ് തങ്ങൾ എന്ന് എല്ലാവർക്കും  അറിയാം.സന്ധ്യക്ക് അമ്പലത്തിൽ അന്യ പുരുഷന്മാരോട് താനും വേണിയും സംസാരിച്ച് നിൽക്കുന്നത് കണ്ടാൽ നാട്ടുകാർക്ക് പറഞ്ഞുണ്ടാക്കാനും പുതിയ കഥകൾ പാടിനടക്കാനും പിന്നെ അത് മതി.അതുകൊണ്ടാണ് ജിതേഷിനോട്  അങ്ങനെ പറഞ്ഞതും.പക്ഷെ അവൻ അതിന്റെ പേരിൽ പിണങ്ങുമെന്ന്  അവൾ വിചാരിച്ചില്ല.
അമ്പലത്തിൽ നിന്നും ഇറങ്ങി കവല വഴി നടക്കണം  വീട്ടിലെത്താൻ.അവിടെ ആൽമരത്തിന് താഴെ കുറെ ചെറുപ്പക്കാർ ഇരിപ്പുണ്ടായിരുന്നു.അവരുടെ അടുത്തായി ബൈക്കിൽ ചാരി സ്ഥലത്തെ പ്രധാന വായിനോക്കി പ്രദീഷും നിൽപ്പുണ്ടായിരുന്നു.
വേണിയെയും ശ്രീബാലയെയും അവരുടെ കൂടെ വരുന്ന ജിതേഷിനെയും കണ്ണനെയും  കണ്ടതും അവർ പരസ്പരം എന്തൊക്കെയോ കുശുകുശുക്കാൻ തുടങ്ങി.
"എല്ലാ വായിനോക്കികളും അവിടെ തമ്പടിച്ചിട്ടുണ്ട്..വേഗം നടന്നോ കേട്ടോ.. "വേണി ശബ്ദം താഴ്ത്തി കണ്ണനോട് പറഞ്ഞു.
"എടാ പ്രദീഷേ ..നാട്ടിൽ എങ്ങും നല്ല ആൺപിള്ളേർ ഇല്ലാഞ്ഞിട്ടാണോടാ രാഘവൻ ബ്രോക്കർ അങ്ങ് നോർത്ത് ഇന്ത്യയിൽ നിന്ന് ചില പോങ്ങന്മാരെ ഇറക്കിയിരിക്കുന്നത്..?" ഒരു ചെറുപ്പക്കാരൻ പറയുന്നത് കേട്ട് കൂടെ ഇരുന്നവരും ചിരിക്കാൻ തുടങ്ങി.
"ആഹ് എന്തോ പറയാനാടാ..അനുഭവയോഗം നമ്മുക്കില്ലാതെ പോയി.."വീണ്ടും ചിരി കേട്ടു.
"ശേഖരൻ  മാഷിനെന്തായാലും കോളാ..മൂത്ത മോനാണെങ്കിൽ അസ്സലൊരു ഗുണ്ട..അവൻ ഒളിവിൽ പോയാലെന്താ താഴെ  ഉള്ള രണ്ട് പെണ്ണുങ്ങളെ  കൊണ്ട് ഇഷ്ടം പോലെ കാശ് വാരാം.."പ്രദീഷ്  അത് പറഞ്ഞതും അവിടുന്ന് കൂട്ടച്ചിരി ഉയർന്നു.
ജിതേഷ് പെട്ടെന്ന് നിന്നു. "വേണ്ട ജിതേഷേട്ടാ പറഞ്ഞിട്ട് പൊക്കോട്ടെ..നാക്കിന് ലക്കും ലഗാനും ഇല്ലാത്ത സാധങ്ങളാ.."വേണി അവനെ തടഞ്ഞു.കണ്ണൻ അവളെ ജിതേഷിനെ തടയേണ്ട എന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം  കാണിച്ചു. ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി ജിതേഷ് അവരുടെ അടുത്തേക്ക് നടന്നു!

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot