
മാവിൻ്റെ തൈ നടുമ്പോൾ അവൾ അയാളോട് പറഞ്ഞിരുന്നു," ഞാൻ പോയാലും ഈ മാവ് ഇവിടെ പടർന്നു പന്തലിച്ചുനിൽക്കും, നിങ്ങൾക്കു കൂട്ടായി."
"നീയെവിടെ പോകാൻ. അടുത്ത കവലയിൽ പോയാൽപ്പോലും വഴിതെറ്റുന്ന ആളാണ്, ഒറ്റയ്ക്ക് പോവാൻ പോകുന്നത്. " , അയാൾ ഭാര്യയെ വാക്കുകൾകൊണ്ടു പ്രകോപിപ്പിക്കാൻ നോക്കി.
"നോക്കിക്കോ ഞാൻ പോകുംവരെയേയുള്ളൂ ഈ കളിയാക്കലൊക്കെ. പോയി കഴിയുമ്പോൾ അറിയാം.", അവൾ പിണക്കത്തോടെ അകത്തേക്ക് നടന്നു.
"പോയാലെന്താ, ഈ മാവില്ലേ കൂട്ടിന്.", അയാൾ വീണ്ടും അവളെ കളിയാക്കി.
മക്കളെല്ലാം പോയി തനിച്ചാകുമ്പോൾ ഇത്തരം പിണക്കങ്ങൾ ഒരു പതിവായിരുന്നു. മക്കൾ പ്രായമായാൽ, അവർ വിവാഹിതരായാൽ, അച്ഛമ്മമാർ അടങ്ങിയിരിക്കണമെന്നത്രെ ലോകനിയമം. പ്രായമായെങ്കിലും അവരുടെ പ്രണയത്തിന് ഒട്ടും പ്രായമായിട്ടുണ്ടായിരുന്നില്ല. എന്നിട്ടും എന്തിനാണ് അവളെ വേഗം മുകളിലേക്ക് വിളിച്ചത്. പ്രാർത്ഥിക്കുമ്പോൾ ദൈവത്തോട് അയാൾ സങ്കടത്തോടെ എന്നും ഈ ചോദ്യം ചോദിക്കാറുണ്ട്. ദൈവം ഉത്തരം പറയാത്തതുകൊണ്ടാവും, അയാൾ എന്നും ചോദിച്ചുകൊണ്ടിരുന്നത്.
തനിച്ചാവുമ്പോൾ അയാൾ പടർന്നു പന്തലിച്ച മാവിൻ്റെ താഴെ ചെന്നിരിക്കും. കാറ്റടിക്കുമ്പോൾ, ഇലകളുടെ മർമരങ്ങളിൽ അയാൾ അവളുടെ ശബ്ദം കേട്ടിരുന്നു. അയാളും എന്തൊക്കെയോ മറുപടി പറയാറുണ്ട്. ഇതു കണ്ടിരിക്കുന്ന മകൻ്റെ കുഞ്ഞ് മുത്തശ്ശനെ കളിയാക്കാറുണ്ട്. അപ്പോൾ അയാൾ പറയും, മുത്തശ്ശി അവൻ്റെ വിശേഷം ചോദിക്കയാണെന്ന്. അവന് സന്തോഷമാകും, ഒപ്പം സങ്കടവും. അവൻ ജനിക്കുംമുമ്പേ അയാളുടെ പ്രിയതമ ഈ ലോകം വിട്ടുപോയിരുന്നു. ദിവസങ്ങൾ പോകവേ, മുത്തശ്ശിയുടെ ശബ്ദം അവനും പരിചിതമായി.
"മാവിന് ഒരു വശത്തേക്ക് ഒരു ചായ്‌വുണ്ട്. വെട്ടിക്കളയാം. അതാ നല്ലത്.എപ്പോഴാണ് മറിഞ്ഞു വീഴുന്നതെന്നറിയില്ല." ഒരു ദിവസം മകൻ പറയുന്നതു കേട്ടു.
അയാളൊന്നു നടുങ്ങി. അവൾ എന്നും വരുന്നത് ആ മാവിലാണ്. അവളില്ലാതെ... അയാൾക്ക് ചിന്തിക്കാൻപോലും കഴിയാത്ത കാര്യം. കേട്ടു നിന്ന കുഞ്ഞ് വഴക്കുണ്ടാക്കി. അങ്ങനെ മാവിന് ആയുസ്സ് നീട്ടിക്കിട്ടി.
അന്ന് പതിവുള്ള ഉത്സാഹമില്ലാതെ, ക്ഷീണിതനായി അയാൾ നേരത്തെ കിടന്നു.
"ഇന്ന് നല്ലമഴയുണ്ട്, കാറ്റും. മാവിൻ്റെ ചില്ലകൾ വല്ലാതെയുലയുന്നുണ്ട്. വീഴാതിരുന്നാൽ മതിയായിരുന്നു. " മകൻ പറയുന്നത് അയാളും കേട്ടു. വീഴരുത് എന്ന് മകനും ആഗ്രഹിക്കുണ്ടെന്ന് അയാൾക്കും അറിയാം. മകന് അയാളോടെന്നും സ്നേഹമായിരുന്നു. അയാളുടെ ഒരു കാര്യത്തിനും അവൻ മുടക്കം വരുത്തിയിട്ടില്ല. മരുമകളും അങ്ങനെതന്നെ. കൊച്ചുമകൻ എന്നും ഉച്ചയ്ക്ക് മുത്തശ്ശൻ്റെ തോളിൽകിടന്നാണ് ഉറക്കം, മുത്തശ്ശിയുടെ താരാട്ടും കേട്ട്.
അയാൾക്ക് പതിവില്ലാത്ത ക്ഷീണം തോന്നി.
"നേരം വെളുക്കട്ടെ. ആശുപത്രിയിൽ കൊണ്ടുപോകാം. എത്ര പറഞ്ഞാലും അച്ഛൻ സമ്മതിക്കില്ല, ഇനിയിപ്പോൾ സമ്മതമൊന്നും നോക്കണ്ട. നല്ലൊരു ചെക്കപ്പ് നടത്താം." മകൻ അയാളുടെ കട്ടിലിൽ ഇരുന്ന്, മരുമകളോട് പറയുന്നത് അയാൾ പാതിമയക്കത്തിൽ അയാൾ കേട്ടു. സ്നേഹത്തിൻ്റെ കുളിരിൽ അയാൾ നന്നായൊന്നുറങ്ങി.
മഴ ശക്തമായി പെയ്തു. ചാഞ്ഞുനിന്ന മാവ് വലിയൊരു ശബ്ദത്തോടെ മണ്ണിനോട് വേർപെട്ട് നിലത്തുവീണു. മറിഞ്ഞുവീണ മാവ് വെട്ടിമുറിക്കുന്ന തിരക്കിലായിരുന്നു ചിലർ. പുലരിയിൽ അയാൾ ഉണർന്നിരുന്നില്ല. അയാൾക്ക് തണൽ വിരിച്ച മാവിനെ, അയാളുടെ ചിതയ്ക്കായി ഒരുക്കുന്ന തിരക്കിലായിരുന്നു അവർ. മാവ് ചാഞ്ഞിരുന്നത് അയാളുടെ മനസിലേക്കാണെന്ന്, അമ്മ മരിച്ചപ്പോഴെ അയാളുടെ മകൻ തിരിച്ചറിഞ്ഞിരുന്നു.
അച്ഛനും അമ്മയും ഒന്നിച്ചാണ് പോയതെന്ന് മകനു തോന്നി. അനാഥനായതിൻ്റെ വേദന മകനറിഞ്ഞു. തോളിൽ കരഞ്ഞു തളർന്നുറങ്ങുന്ന കുഞ്ഞിൻ്റെ മുടിയിൽ, മകൻ മെല്ലെ തലോടിയിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
-----------------------------------------------
--- സിരാജ് ശാരംഗപാണി
-----------------------------------------------
-----------------------------------------------
--- സിരാജ് ശാരംഗപാണി
-----------------------------------------------
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക